Tuesday, August 07, 2007

ഗുജറാത്തിനെ കണ്ടു പഠിക്കൂ തോമസേ!

കേരളവാര്‍ത്തകള്‍ ഈയിടെയായി വായിക്കാന്‍ തന്നെ തോന്നാതായിട്ടുണ്ട്‌. കോടികളുടെ അഴിമതിക്കഥകള്‍, എടോ പോടോ വിളികള്‍, ദിവസേന ഗ്രൂപ്പു യുദ്ധത്തിന്റെ പുതിയ പുതിയ മുഖങ്ങള്‍ - മടുക്കാതിരിക്കുന്നതെങ്ങനെ?

ഇവയ്ക്കൊക്കെയിടയില്‍, അല്‍പം ആശ്വാസമേകി ഇന്നൊരു കുഞ്ഞു വാര്‍ത്ത കടന്നു വന്നു. ഇവിടെ ഒരു ഭരണകൂടമുണ്ട്‌ എന്ന്‌ ഓര്‍മ്മിപ്പിച്ച ഒരു വാര്‍ത്ത. വാളയാര്‍ ചെക്ക്‌പോസ്റ്റ്‌ അഴിമതിവിമുക്തമാക്കാന്‍ ഇന്നു മുതല്‍ ശ്രമം തുടങ്ങുന്നുവത്രേ
ഇത്‌ ദുസ്സാദ്ധ്യമായ ഒരു കാര്യമാണെന്നും ഇതു നടപ്പാക്കിയെടുക്കാന്‍ നിരവധി കടമ്പകളുണ്ടെന്നും, തനിക്ക്‌ ഇപ്പോള്‍ത്തന്നെ മാഫിയയുടെ അടുത്തു നിന്നും ഭീഷണിയുണ്ടെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

എന്തായാലും സംഗതി കൊള്ളാം. സ്വന്തം മുന്നണിയില്‍ നിന്നു തന്നെ ആരെങ്കിലും ഈ ഉദ്യമം അവസാനിപ്പിക്കുന്നതു വരെയെങ്കിലും, ധൈര്യപൂര്‍വ്വം മുന്നോട്ടു പോകുക, തോമസ്‌ ഐസക്‌. എല്ലാ ആശംസകളും.

താങ്കള്‍ക്ക്‌ ഒന്നു കൂടി ചെയ്യാവുന്നതാണ്‌. ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായി നിരവധി ഏജന്‍സികള്‍ അനവധി തവണ കണ്ടെത്തിയിട്ടുള്ളതായ ഗുജറാത്തിലേക്കൊന്നു ചെല്ലുക. അവിടെ ഇതൊക്കെ എങ്ങനെയാണ്‌ നടപ്പില്‍ വരുത്തിയിരിക്കുന്നതെന്ന്‌ കണ്ടു പഠിക്കുക. മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്‌ മറ്റു പലകാര്യങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും ഗുജറാത്ത്‌ പണ്ടേ തന്നെ മാതൃകയാണ്‌.

കേരളത്തിലെ അഴിമതികളെ സംബന്ധിച്ച്‌ പണ്ടു മനോരമയില്‍ വന്ന ഒരു പരമ്പരയിലെ ഒരു ഭാഗം താഴെക്കൊടുത്തിരിക്കുന്നു.

കുട്ടികളുടെ ഭാഷയില്‍പ്പറഞ്ഞാല്‍, വായിച്ചു നോക്കി, 'കൊതി വിടാം' എന്നല്ലാതെ എന്തു പ്രയോജനം? എന്നാണ്‌ കേരളത്തില്‍ ഇതുപോലൊക്കെ സ്വപ്നം കാണാനെങ്കിലും സാധിക്കുക? ഞങ്ങള്‍ക്കു വേണ്ടി ഒന്നു പോയി ഇതൊക്കെ കണ്ടിട്ടു വരികയെങ്കിലും ചെയ്യൂ തോമസ്‌!


അത്ഭുതാവഹവും അസൂയാവഹവുമായ ഇത്തരം പല ഭരണ നേട്ടങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഗുജറാത്ത്‌ ടീമിന്റെ അമരക്കാരനായ നരേന്ദ്രമോഡി ഇവിടം സന്ദര്‍ശിച്ചപ്പോള്‍ തന്റെ പാര്‍ട്ടിക്കാര്‍ കുറെ ബഹളം വച്ചതാണല്ലോ എന്നോര്‍ത്ത്‌ ലജ്ജിക്കേണ്ടതില്ല, തോമസ്‌.

ജാതി, മത, വര്‍ഗ്ഗീയ പരിഗണനകളില്ലാതെ സകലര്‍ക്കും ക്ഷേമകരമായ പല പദ്ധതികളും അവിടെ നടപ്പാക്കപ്പെടുന്നതും അതിനെല്ലാം സകല ജനവിഭാഗങ്ങളില്‍ നിന്നും പിന്തുണകിട്ടുന്നതും മറ്റും സംബന്ധിച്ച വാര്‍ത്തകള്‍ സമ്പൂര്‍ണ്ണമായി തമസ്കരിക്കപ്പെട്ട്‌, പകരം കല്ലു വച്ച നുണകളും വളച്ചൊടിച്ച വാര്‍ത്തകളും മാത്രം പ്രചരിക്കുന്ന ഒരു സംസ്ഥാനത്തു നിന്നാണല്ലോ താന്‍ വരുന്നത്‌ എന്നോര്‍ത്തും വിഷമിക്കേണ്ടതില്ല.

അവിടെ താങ്കളുടെ കോലമൊന്നും കത്തില്ല. മറിച്ച്‌ ആതിഥ്യമര്യാദയോടെയുള്ള സ്വീകരണം ലഭിക്കും.

"താന്‍ ജയിലില്‍ നിന്നു വരികയല്ലല്ലോ - തനിക്കെതിരെ ഇനിയും കേസുകളൊന്നും നിലവിലില്ലല്ലോ - തനിക്ക്‌ സ്വന്തമായി വോട്ടുബാങ്കുമില്ലല്ലോ - എന്നിട്ടും!" എന്നൊന്നുമോര്‍ത്ത്‌ അത്ഭുതപ്പെടേണ്ടതുമില്ല. സര്‍ക്കാര്‍ അതിഥിയായിരിക്കുന്നതിന്‌ ഇവിടെ കേരളത്തിലുള്ള മാനദണ്ഠങ്ങളല്ല അവിടെ ഗുജറാത്തില്‍.

ജനങ്ങളും താങ്കളെ സ്വീകരിക്കാതിരിക്കില്ല. അനാവശ്യ സമരങ്ങളും അക്രമങ്ങളും കൊണ്ട്‌ പല വ്യവസായങ്ങള്‍ക്കും 'ചുവപ്പുകൊടി കാണിക്കപ്പെട്ട' ഒരു സംസ്ഥാനത്തു നിന്ന്‌ ഉപജീവനത്തിനായി തൊഴില്‍തേടി ഇന്ത്യയിലെ ഏറ്റവുമധികം വ്യവസായവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമായ ഗുജറാത്തിലേക്കു പലായനം ചെയ്ത ലക്ഷക്കണക്കിനു മലയാളികളുണ്ട്‌. അവിടുത്തേതിന്റെ ഒരു ചെറിയ ശതമാനം വികസനമെങ്കിലും സ്വന്തം നാട്ടില്‍ നടന്നു കാണാനാഗ്രഹിക്കുന്ന അവരും താങ്കളെ സ്വാഗതം ചെയ്യാതിരിക്കില്ല.

ഒന്നു പോയിട്ടു വരണം തോമസ്‌!

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന്‌ പണ്ടു ഗുരുദേവന്‍ പറഞ്ഞതു പോലെ, ഗ്രൂപ്പേതായാലും വേണ്ടില്ല - ജനങ്ങളേക്കുറിച്ചൊരു ചെറിയ വിചാരമെങ്കിലും ഉണ്ടായിരുന്നാല്‍ മതി.