Tuesday, August 22, 2006

തസ്ലീമയോട്

ആദ്യമായി കേരളത്തിലെത്തിയ തസ്ലിമ നസ്രീന്‍ മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞ ചില ‍കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
(1) പുതിയ തലമുറ മതത്തോട്‌ കൂടുതല്‍ അടുക്കുന്നത്‌ സമൂഹത്തിനു ഭീഷണിയാണ്.
(2) സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും മാന്യതയും ലഭിക്കണമെങ്കില്‍ ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ്‌ നിലവില്‍ വരണം.
(3) പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വളരെ സുരക്ഷിതരാണ്.

മതി. തസ്ലിമാ. മതി. നകുലന് ഒന്നു മനസ്സിലായി. അപ്പോള്‍ നകുലന്‍ ഒരു ഫാസിസ്റ്റ്‌ ഒന്നുമല്ല. അടിയനു മനസ്സില്‍ തോന്നിയ കാര്യങ്ങളൊക്കെയാണു മഹതിയും പറയുന്നത്‌. ഇതൊക്കെ ഫാസിസം ആണെങ്കില്‍ മഹതിയേയും ഒരു ഫാസിസ്റ്റ് എന്നു വിളിക്കേണ്ടിവരും. ഇതു വരെ ആരും ബഹളം കൂട്ടിക്കണ്ടില്ല. അതോ ഇനി “ഭൂരിപക്ഷക്കാരന്‍“ ആരെങ്കിലും പറയുമ്പോള്‍ മാത്രമെ ഫാസിസം ആകുകയുള്ളോ എന്നറിയില്ല.

പക്ഷേ ഒന്നുണ്ട്‌ കേട്ടോ. ഭവതിക്ക്‌ ഇവിടെ അധികകാലം പിടിച്ചുനില്‍ക്കാം എന്നൊന്നും കരുതിയേക്കരുത്‌. വിസ ആറുമാസത്തേക്കു ചുരുക്കിയത്‌ വെറുതെയാണെന്നു കരുതരുതേ. വോട്ടുബാങ്കും പണപ്പെട്ടിയും കൈവിട്ടുള്ള യാതൊരു കളിക്കും തല്‍കാലം സര്‍ക്കാര്‍ തയ്യാറല്ല എന്നറിയുക. സത്യം പറഞ്ഞാല്‍, ഈ പുണ്യഭൂമിയില്‍ വച്ച്‌ ഭവതിയുടെ ജീവന്‍ നഷ്ടപ്പെടല്ലേ എന്നു മാത്രമേയുള്ളൂ നകുലന്‍റ്റെ പ്രാര്‍ത്ഥന.

ഭാരതഭൂമി എന്നും അഭയം ചോദിച്ചു വന്നവരെ ആദരിച്ചിരുത്തിയിട്ടല്ലേ ഉള്ളൂ.. ‘അതിഥി ദേവോ ഭവ’ എന്നല്ലേ നിങ്ങളുടെ പ്രമാണം എന്നൊന്നും ചോദിക്കരുത്. അതൊക്കെ ശരിതന്നെ. അതൊക്കെ ഞങ്ങളുടെ സംസ്കാരത്തിന്‍റ്റെ ഭാഗമാണ്. അത്‌ അന്ത കാലം. ഇത്‌ ഇന്ത കാലം. ഇപ്പോള്‍ നമ്മള്‍, ഒരല്പം അഭിമാനത്തോടെയൊക്കെ ആ സംസ്കാരത്തെക്കുറിച്ചു പറയുമ്പോള്‍, സ്വാഭാവികമായും അതിന്‍റെ പേരായ ‘ഹിന്ദുത്വം’ എന്നതിനേക്കുറിച്ചും പറയേണ്ടിവരും. വെറുതെ എന്തിനാ തസ്ലിമാ?
‘ഹിന്ദു‘ എന്നു പറയുന്നവനെ എറിയുന്നു. പിന്നെയല്ലേ ‘ഹിന്ദുത്വം‘?

അതിഥി ദേവോ ഭവ എന്നൊന്നും അറിയാതെ പോലും പറഞ്ഞുപോകല്ലേ. ഒരു പക്ഷേ നിങ്ങള്‍ക്ക്‌ അറിയാമായിരിക്കും ‘ദേവസങ്കല്പ’ത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്‌ എന്ന്‌. ഞങ്ങളുടെ ബഹുമാനവും ആദരവും അറിയിക്കാന്‍ ഞങ്ങള്‍ അതിഥിയെ മാത്രമല്ല, ഞങ്ങളുടെ ദേശത്തെയും ‘ദേവി’യായും ‘അമ്മ’യായും ഒക്കെ കണക്കാക്കിയെന്നിരിക്കും. എന്ന്‌ വച്ച്‌ അങ്ങനെ വിളിക്കപ്പെടുന്നവരെല്ലാം “ദൈവ”മാണ് എന്ന്‌ അര്‍ത്ഥമാക്കേണ്ടതില്ല എന്നും ‘ബഹുദൈവ’ധാരണകളില്‍ പെട്ട്‌ ഉഴലേണ്ടതില്ല എന്നും ഭവതിക്കും അറിയാമായിരിക്കും. പക്ഷേ എല്ലാവര്‍ക്കും അത് അറിയില്ല എന്നറിയുക. അറിയാന്‍ ശ്രമിക്കുന്നവരെ അതിനൊട്ടു സമ്മതിക്കാനും പോണില്ല. വന്ദേമാതരദിനം വരുന്നുണ്ട്‌. ദയവായി ഭവതി അന്നു പുറത്തിറങ്ങാതിരിക്കുക.

അതുപോലെ തന്നെ, മേല്‍ചൊന്ന ശ്ലോകത്തിന്‍റെ മറ്റുവരികളേക്കുറിച്ച്‌ ഒട്ടും അന്വേഷിക്കാതിരിക്കുക. ‘ആചാര്യ ദേവോ ഭവ’ എന്ന വരി പ്രത്യേകിച്ചും. ഇനി അഥവാ ആ വരിയേക്കുറിച്ച്‌ അറിയണമെന്ന്‌ അത്ര നിര്‍ബന്ധമാണെങ്കില്‍ തിരുവനന്തപുരം വരെ പോകുക. അവിടെ സംസ്കൃതകോളേജില്‍ ഉണ്ണിക്കൃഷ്നന്‍ എന്നപേരില്‍ ഒരു അദ്ധ്യാപകന്‍ ഉണ്ട്‌. ഇവിടുത്തെ സാംസ്കാരികപാര‍മ്പര്യം പേറുന്ന ‘രാഖി’ കയ്യില്‍ അണിഞ്ഞതിന്‍റെ പേരില്‍ ശിഷ്യന്മാരില്‍ നിന്ന്‌ ദേവതുല്യമായ പരിചരണം കിട്ടിയ ഒരു പാവം ഭാരതീയ ആചാര്യനാണദ്ദേഹം.

ഭാരതത്തെ ഒരു സ്ത്രീയായി സങ്കല്പിച്ചാല്‍ (‘അമ്മ’ എന്നു സങ്കല്പിച്ചു ബഹുമാനിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നില്ല, പക്ഷേ ദയവായി അധിക്ഷേപിക്കരുത്‌) തല ഭാഗം ഏതാണ്ടു കാശ്മീര്‍ ആയിട്ടുവരും. തലയില്ലാത്ത (കാശ്മീര്‍ ഇല്ലാത്ത) ഇന്ത്യയുടെ പടവുമായി ഒരുപാടു ചെറുപ്പക്കാര്‍ പിടിയിലാവുന്ന കാലമാണ്. അവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കാന്‍ തുനിയുന്നവരെ ‘ന്യൂനപക്ഷാവകാശം’ എന്ന വാക്കുപയോഗിച്ചു വിരട്ടുന്ന കാലമാണ്. പ്രിയപ്പെട്ട തസ്ലീമ... തലയില്ലാത്ത മറ്റൊരു മഹതിയുടെ ചിത്രമുള്ള പത്രം കണ്ടുകൊണ്ട്‌ ഉണരേണ്ട ഗതികേട്‌ ഞങ്ങള്‍ക്ക്‌ വരാതിരിക്കട്ടെ. സൂക്ഷിക്കുക. നിങ്ങള്‍ വളരെയേറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കൊടും തീവ്രവാദികളോടൊപ്പം ആയുധങ്ങളണിഞ്ഞനിലയില്‍ പോലീസ്‌ വെടിവയ്പ്പില്‍ കൊല്ലപ്പെടുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പോലും അലമുറയിടാന്‍ ആയിരങ്ങള്‍ ഉണ്ടായിരിക്കുകയും നിങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ഒരു പുരോഗമന-മതേതര-‘മനുഷ്യാവകാശവാദിയും’ ഇല്ലാതിരിക്കുകയും ചെയ്യുന്ന അപകടകരമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

1 comment:

Unknown said...

ദമനകാ, താങ്കളുടെ നിരീക്ഷണം ‘റൈറ്റാടോ‘(നായനാര്‍ ശൈലിയില്‍ തന്നെ :) )
പിന്നെ, ഓര്‍ത്തപ്പോള്‍ പറയുകയാണ്. പണ്ട്‌ പമ്പയാറ്റില്‍ മുക്കിയും കല്ലെറിഞ്ഞും കൊന്ന പിള്ളേരുടെ പേരില്‍ ടി.എം.ജേക്കബ്‌ നിയമസഭയില്‍ സബ്‍മിഷന്‍ ഉന്നയിച്ചപ്പോള്‍ സഖാവിന്‍റെ മറുപടി അല്പം കൂടി രസകരമായിരുന്നു. “അതിനു തനിക്കെന്താടോ ജേക്കബ്ബേ. അവര്‍ എ.ബി.വി.പി.ക്കാരല്ലേടോ” എന്ന്‌. അതായത്‌ അവന്മാര്‍ ചത്താലും അവന്മാരെ എങ്ങനെ കൊന്നാലും എന്താ കുഴപ്പം എന്ന മട്ട്‌. ഏത്‌? :)) ഹൊ. കോമഡിയുടെ കൊടുമുടിയായിരുന്നില്ലേ. ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരുന്നു അല്ലേ?

പിന്നെ, നകുലന്‍റെ ജാതിയെപറ്റി. ‘നകുലന്‍‘ എന്നു പറഞ്ഞാല്‍ തന്നെ ഒരു പ്രത്യേകകുലത്തോടും അന്ധമായ ആഭിമുഖ്യമില്ലാത്തവന്‍ എന്നര്‍ത്ഥം. പക്ഷേ പണ്ട്‌ നകുലനും കടുത്തജാതിബോധം ഉണ്ടായിരുന്നു. അടിമുടി ചുവന്ന്‌ ഇടതുകൈ കൊണ്ടുമാത്രം എഴുതി ഇടത്തോട്ടു മാത്രം ചെരിഞ്ഞിരുന്ന്‌..അതൊക്കെ ഒരു കാലം! ആരും പടിയടച്ചുമില്ല പിണ്ഡവും വച്ചില്ല. സ്വയം ഇറങ്ങിപ്പോന്നു. 1996 ജൂണിലാണ്‌. ഇപ്പോള്‍ 2006 ആഗസ്റ്റ്‌... ഒരു ദശാബ്ദവും പിന്നെ രണ്ടുമാസവും കഴിഞ്ഞിരിക്കുന്നു!