ഇതൊരു തുടര്‍ക്കാഴ്ചയാണ്. കാണാപ്പുറത്തെ ഈ കാഴ്ചയിലേക്ക് ആദ്യമായി മിഴി തുറക്കുന്ന സഹൃദയര്‍ ദയവായി ഇതിനു തൊട്ടുമുമ്പുള്ള പുറത്തേക്കു കൂടി ഒന്നു കണ്ണോടിച്ചിട്ടു വരിക.
ഈ പുതിയ ചിത്രത്തില്‍ എടുത്തു കാണിച്ചിരിക്കുന്നത് ഒരു വൃദ്ധനെ. കണ്ണുകളില്‍ ദയനീയ ഭാവം ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ പേര് 'സുന്ദരന്‍'.
(വെറും സുന്ദരനല്ല - സുന്ദരന്‍ നായര്‍. അത് എടുത്തു പറയേണ്ടതുണ്ട്. ഫാസിസ്റ്റുകളില്‍തന്നെ 'സവര്‍ണ്ണഫാസിസ്റ്റ്' എന്ന ഉപവിഭാഗം സൃഷ്ടിച്ച് നമുക്ക് കൂടുതല്‍ ആക്രമിക്കാവുന്ന വിഭാഗങ്ങളിലൊന്നില്‍ പെടുന്നു അദ്ദേഹവും)
2006 ആഗസ്ത് പതിമൂന്നാം തീയതിയിലെ പത്രത്തിലൂടെ നകുലന്‍ ഈ ചിത്രം കാണുമ്പോഴേയ്ക്കും ആ പാവം വൃദ്ധന്‍ മരിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഒരു വിങ്ങലായി ആ ചിത്രം മനസ്സിലലിഞ്ഞു. അന്നേദിവസം ഉച്ചയോടെ അടുത്തയാളും മരിച്ചുവെന്നാണ് പിറ്റേന്ന് അറിഞ്ഞത്. ഇക്കുറി മരിച്ചത് ചിത്രത്തില്‍ കാണുന്ന വൃദ്ധ.
ഒന്നു കൂടി സൂക്ഷിച്ചുനോക്കിയോ?
അതെ. നിങ്ങളുടെ സംശയം ശരി തന്നെ. ആ നില്‍ക്കുന്നത് നാം മുമ്പു പറഞ്ഞ അമ്മിണിയമ്മ തന്നെ.
സംഭവിച്ചത് ഇങ്ങനെയൊക്കെയാണ്. ഗുരുവായൂര്‍ അമ്പലനടയില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഭജനമിരുന്നവരായിരുന്നു മറ്റനേകം പേരെയും പോലെ അവര്‍ രണ്ടുപേരും. ഒരു ദിവസം രാവിലെയുണ്ട് പാലയൂര്‍ 'ഇമ്മാനുവേല്‍ ജീവകാരുണ്യ സമിതി'യുടെ ഒരു ആംബുലന്‍സ് അമ്പലനടയില്‍ വന്നു നില്‍ക്കുന്നു. ആ വണ്ടി മുമ്പു കണ്ടുപരിചയമുള്ള ചില വൃദ്ധര്‍ പെട്ടെന്ന് എഴുന്നേറ്റ് ദൂരെ മാറി നിന്നതായി പറയപ്പെടുന്നു. എന്താണു സംഭവമെന്നറിയാതെ നിന്ന മറ്റുള്ളവരെ, സുന്ദരന്‍ നായരേയും അമ്മിണിയമ്മയേയുമടക്കം, ആരൊക്കെയോ ചേര്‍ന്ന് പിടിച്ച് ആ വാനില്‍ കയറ്റി. അപ്രതീക്ഷിതമായിരുന്നതു കൊണ്ട് സ്വാഭാവികമായും അല്‍പം ബലപ്രയോഗമൊക്കെ വേണ്ടി വരികയും ചെയ്തു. വണ്ടിനിറഞ്ഞപ്പോള്‍ എല്ലാവരേയും ചേര്‍ത്ത് അമ്പലമുറ്റത്തുവച്ചുതന്നെ കുറച്ചു ഫോട്ടോയും എടുത്ത് 'എങ്ങോട്ടോ' കൊണ്ടുപോകാന്‍ ശ്രമിച്ചുവത്രേ.
ഇത്രയുമായപ്പോഴേക്കും ആകെ ബഹളമായി. അമ്മിണിയമ്മയടക്കമുള്ളവര്‍ കരച്ചിലും തുടങ്ങി. പോലീസും നാട്ടുകാരും ഒക്കെ ഇടപെട്ടു. വണ്ടി തടഞ്ഞു. ആകെ അവശനായിപ്പോയ സുന്ദരന്‍ നായരെ ദേവസ്വം ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെ "നിരുപാധികം" വിട്ടയക്കുകയും ചെയ്തു.
സംഗതി വിവാദമായി. ഭക്തജനങ്ങളുടെ വക പ്രതിഷേധമാര്‍ച്ചും മറ്റും നടന്നു. ദേവസ്വത്തിന്റെ വക അന്വേഷണവും.
ഇമ്മാനുവേല്‍ ജീവകാരുണ്യ സമിതി ഡയറക്ടര്‍ ശ്രീ. ജേക്കബിന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി തന്റെ നിലപാട് വ്യക്തമാക്കേണ്ടതായി വന്നു. അദ്ദേഹം പറയുന്നത് തന്റേത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സ്ഥാപനമാണെന്നും നിരാലംബരും അഗതികളുമായ ഇരുനൂറോളം പേരെ തങ്ങള്‍ ഇതിനകം തന്നെ പല അനാഥമന്ദിരങ്ങളിലും ആശുപത്രികളിലുമൊക്കെയായി എത്തിച്ചിട്ടുണ്ടെന്നുമാണ്. ഇതിന്റെയെല്ലാം വിശദവിവരം അതാതു പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയിട്ടുമുണ്ടത്രെ. രോഗിയായ ഒരാള്‍ക്ക് ആതുരശുശ്രൂഷ ആവശ്യമാണെന്നറിയിച്ചുകൊണ്ടുള്ള ഒരു ഫോണ്‍ വിളിയേത്തുടര്‍ന്നാണ് താനും തന്റെ രണ്ടു പ്രവര്‍ത്തകരും കൂടി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തിയതെന്നും, ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റുള്ളവരേക്കൂടി പിടിച്ചു കയറ്റിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
വാദങ്ങളും പ്രതിവാദങ്ങളുമൊക്കെ മുറയ്ക്കു നടക്കുന്നതിനിടയില്‍ അങ്ങേയറ്റം ദു:ഖകരമായ രണ്ടു കാര്യങ്ങള്‍ സംഭവിച്ചു.
ഒന്ന് - പിടിയും വലിയുമെല്ലാം നടക്കുന്നതിനിടെ ആകെ ക്ഷീണിതനായ സുന്ദരന്‍ നായര്‍ക്ക് രോഗം മൂര്‍ച്ഛിക്കുകയും അദ്ദേഹം ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. (പിടിവലി നടന്നിരുന്നില്ലെങ്കിലും അദ്ദേഹം അന്നു തന്നെ മരിക്കുമായിരുന്നുവെന്നും, സത്യത്തില്‍ അതൊഴിവാക്കാനാണ് അദ്ദേഹത്തെ ബലമായി വാനില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍ നോക്കിയതെന്നും ഒരു മറുവാദത്തിന് ഇടമുണ്ട്.)
രണ്ട് - ആകെ അപമാനിതയാകുകയും സംഭവദിവസം വണ്ടിയിലിരുന്ന് മനം നൊന്ത് വിലപിക്കുകയും ചെയ്ത അമ്മിണിയമ്മ പിറ്റേദിവസം തീവണ്ടിക്കു മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. (ഇവിടെയും ചില മറുവാദങ്ങള്‍ക്ക് ഇടമുണ്ട്. അവര്‍ക്ക് കേള്‍വിക്കുറവുണ്ടായിരുന്നുവെന്നും, അത് ആത്മഹത്യയല്ല - മറിച്ച് ഒരു അപകടമരണമായിരുന്നുവെന്നും, ഗുരുവായൂരിലെ ബലപ്രയോഗവും നാണം കെടലും മറ്റും നടന്നതിനു ശേഷം ഉടനെ അങ്ങനെയൊരു അപകടം നടന്നത് തികച്ചും യാദൃച്ഛികമാണെന്നും (!!!) അങ്ങനെയങ്ങനെ.
ബാലിശമെന്നു തോന്നിപ്പോകുന്ന അത്തരം ചില വാദങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന പത്രവാര്‍ത്തകളിലൊന്ന് 'കാണാപ്പുറ'ത്തില്‍ കൊടുക്കാന്‍ ശ്രമിക്കാം.)
Tuesday, September 05, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment