Monday, January 08, 2007

നാട്ടുകാര്‍ക്ക്‌ പണിയുണ്ടാക്കലിസം

ഓരോ ദിവസത്തെയും പത്രവായന കഴിയുമ്പോള്‍ പലചോദ്യങ്ങളും മനസ്സില്‍ അവശേഷിക്കാറുണ്ട്‌. ഇന്നത്തെ ചോദ്യങ്ങളില്‍ ഒന്ന്‌ ഇതായിരുന്നു.

കെ.പി.എസ്‌.സി. യും കെ.പി.എ.സി.യും തമ്മിലുള്ള വ്യത്യാസമെന്ത്‌?

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനുമായി ബന്ധപ്പെട്ട്‌ കണ്ടു കൊണ്ടിരിക്കുന്ന നാടകങ്ങള്‍ അവസാനിക്കും വരെ ആ ചോദ്യം നിലനില്‍ക്കുമെന്നു തോന്നുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇതിനു മുന്‍പു കണ്ട മികച്ച നാടകങ്ങളിലൊന്ന്‌ നിയമനത്തിനു മുന്‍പുള്ള അഭിമുഖവുമായി ബന്ധപ്പെട്ടായിരുന്നു.

ഒരു വര്‍ഷത്തിനു മുന്‍പോ മറ്റോ, പല തസ്തികകള്‍ക്കും (അപ്രധാനമായവയ്ക്കു പോലും) എഴുത്തു പരീക്ഷയ്ക്കുശേഷം അഭിമുഖവും കൂടി കഴിഞ്ഞാലേ നിയമനം ഉറപ്പിക്കാനാവൂ എന്ന അവസ്ഥ കൊണ്ടുവരാന്‍ ശ്രമം നടക്കുകയും അത്‌ എതിര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇത്‌ നിര്‍ബന്ധമാക്കുന്നത്‌ സ്വന്തം ആള്‍ക്കാരെ കുത്തിനിറയ്ക്കാന്‍ ഉപകരിക്കില്ലേ, ഇതില്‍ അഴിമതിയും സ്വജനപക്ഷപാതവും നടക്കില്ല എന്ന്‌ എങ്ങനെ ഉറപ്പുവരുത്താനാവും എന്നൊക്കെ ചോദിച്ചപ്പോള്‍ മറുപടിയില്‍ ധാര്‍ഷ്ട്യം കലര്‍ന്നിരുന്നു. പ്രധാന രാഷ്ട്രീയ കക്ഷികള്‍ക്കു മിക്കതിനും തീരുമാനത്തിന്‌ എതിര്‍പ്പില്ല പിന്നെയെന്താ എന്നൊരു മട്ട്‌. അതുകൊണ്ടു നേട്ടമുണ്ടാവുമായിരുന്ന കക്ഷികളുടെ യൂണിയന്‍കാര്‍ ‘ഇടത്തും വലത്തും‘ നിന്നുകൊണ്ട്‌ മര്‍ദ്ദിച്ച്‌ സമരം ചെയ്തവരെ ഒതുക്കാനും ശ്രമം നടത്തി. അത്‌ കൂടുതല്‍ സമരങ്ങള്‍ക്കു വഴി വച്ചപ്പോഴാണ്‌ ഒതുങ്ങിയത്‌.

ഒടുവില്‍ തീരുമാനം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ വീണ്ടും ചോദ്യങ്ങളുയര്‍ന്നു.
ആരോപണങ്ങള്‍ ശരിയായിരുന്നെന്നല്ലേ ഇതു കാണിക്കുന്നത്‌?

മറുപടി ഡയലോഗ്‌ പച്ചയ്ക്ക്‌ - "ഇതിനെതിരെ സമരം നയിച്ച്‌ ബി.ജെ.പി. കൂടുതല്‍ മുതലെടുക്കുന്നത്‌ തടയിടേണ്ടതുണ്ട്‌"

(ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തമസ്കരിച്ചുകൊണ്ടും നിസ്സാരവല്‍ക്കരിച്ചുകൊണ്ടും പത്രങ്ങള്‍ മാതൃക കാട്ടുന്നുമുണ്ടായിരുന്നു.)

കൊള്ളാം പി.എസ്‌.സീ.. നിങ്ങള്‍ക്കപ്പോള്‍ വിഷയം ഇവിടെ അര്‍ഹിക്കുന്നവര്‍ക്കു പണിയുണ്ടാക്കിക്കൊടുക്കലല്ല. വെറും രാഷ്ട്രീയതാല്‍പര്യങ്ങളാണ്‌ നിങ്ങളെ ഭരിക്കുന്നത്‌ അല്ലേ?

നാടകം കലക്കി. ഇക്കണക്കിനാണെങ്കില്‍ നിങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്കു 'പണിയുണ്ടാക്കുക' തന്നെ ചെയ്യും.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

അടുത്ത നാടകം അരങ്ങേറിയത്‌ ഇന്നലെ (6 ജനുവരി 2007) ഉച്ചയ്ക്ക്‌.

വൈദ്യുതി വകുപ്പില്‍ മസ്ദൂര്‍ തസ്തികയിലേക്ക്‌ നടന്ന പൊതു പരീക്ഷ.

നൂറു ചോദ്യങ്ങളില്‍ അന്‍പതാമത്തേത്‌ ഇങ്ങനെ.
“കേരളത്തിലെ മീന്‍പിടുത്തകേന്ദ്രങ്ങളിലാണ് സാമുദായികലഹളകള്‍ കൂടുതലും ഉണ്ടാകുന്നത്‌. അതിനുള്ള കാരണം?“

ഉത്തരങ്ങളില്‍ ഒന്ന്‌ ഇങ്ങനെ.
"ആര്‍.എസ്സ്‌.എസ്സ്‌ പോലുള്ള സംഘടനകളുടെ കുത്സിതപ്രവര്‍ത്തനം."!

കയ്യടിച്ചുപോകുന്നു. സുന്ദരമായ നാടകം. നാണക്കേടേ നിന്റെ പേരോ പി.എസ്‌.സി.?

ഇത്‌ ഏതെങ്കിലുമൊരു പാര്‍ട്ടി പ്രസിദ്ധീകരണത്തിലെ വാചകമല്ല. വര്‍ഗ്ഗീയവിഷം വമിപ്പിക്കുന്ന പതിവു തെരഞ്ഞെടുപ്പു പോസ്റ്ററുകളിലൊന്നില്‍ കണ്ടതുമല്ല. പി. എസ്‌. സി. പരീക്ഷയ്ക്കു ചോദിച്ചത്‌.

വിപ്പ്ലവകാരി സുഹൃത്തുക്കളേ, നിങ്ങള്‍ സ്വന്തം മുഖത്താണ് താറടിച്ചിരിക്കുന്നത്‌.
തങ്ങളുടേതല്ലാത്ത പ്രസ്ഥാനങ്ങളെ താറടിക്കാനും അവര്‍ക്കെതിരെ കുപ്രചരണം അഴിച്ചുവിട്ട്‌ നേട്ടം കൊയ്യാനുമുള്ള വിലകുറഞ്ഞ അതേ തന്ത്രം തന്നെയല്ലേ ഇതും‌? ഇതൊക്കെ അവരുടെ പ്രസക്തിയും സ്വാധീനവും കൂട്ടാനാണോ കുറയ്ക്കാനാണോ ഉപകരിക്കുക എന്ന്‌ ആലോചിച്ചിട്ടുണ്ടോ? ഭരണത്തിലേറുമ്പോള്‍ എല്ലാ സംവിധാനങ്ങളും സ്വന്തം പ്രസ്ഥാനം വിപുലപ്പെടുത്താനും മറ്റുള്ളവരെ ഉന്മൂലനം ചെയ്യാനും ദുരുപയോഗം ചെയ്യുന്നവര്‍ എന്ന വിശേഷണത്തിന്റെ തൊപ്പി നിങ്ങളുടെ തലയില്‍ ഒന്നു കൂടി ഉറയ്ക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ? നിങ്ങള്‍ക്ക്‌ ആരോടാണു പ്രതിബദ്ധത? പാര്‍ട്ടിയോടോ അതോ ഇവിടുത്തെ ജനങ്ങളോടോ?

മസ്ദൂര്‍ തസ്തികയിലേക്കുള്ള പരീക്ഷയ്ക്കു തന്നെ ഇതു ചോദിച്ചതു കൊള്ളാം. ആ പേരു തന്നെ നിങ്ങള്‍ക്കലര്‍ജിയാണല്ലോ.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ കൊച്ചിന്‍പോര്‍ട്ട്‌ ട്രസ്റ്റില്‍ തൊഴിലാളി പ്രശ്നമുണ്ടായപ്പോള്‍ ഇടതിന്റെയും വലതിന്റെയും യൂണിയനുകള്‍ക്ക്‌ തൊഴിലാളി വിരുദ്ധനിലപാടെടുക്കേണ്ടി വന്നതും തുടര്‍ന്ന്‌ തൊഴിലാളികള്‍ ഭാരതീയ മസ്ദൂര്‍ സംഘ്‌ നയിച്ച സമരത്തില്‍ പങ്കെടുത്ത്‌ വിജയിപ്പിച്ചതുമൊക്കെ നിങ്ങളുടെ ഉറക്കം കെടുത്തിയതാണല്ലോ. ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ബി.എം.എസിന്റെ സ്വാധീനം ഇവിടെ കേരളത്തിലും വളരെ പ്രകടമാവുന്നു എന്നത്‌ നിങ്ങള്‍ക്കൊരിക്കലും കണ്ടുനില്‍ക്കാനാവില്ലല്ലോ. കൊച്ചിയില്‍ ഭാരതീയ തൊഴിലാളി പഠനകേന്ദ്രം ഉയരാന്‍ പോകുന്നുവെന്നതില്‍ നിങ്ങള്‍ അസ്വസ്ഥരാണല്ലോ.

നിങ്ങള്‍ ഒരു പക്ഷേ മസ്ദൂര്‍ എന്ന വാക്കിനെത്തന്നെ വെറുക്കുന്നുണ്ടാവണം.
അതുകൊണ്ടൊക്കെയാവണം പുതുവര്‍ഷസമ്മാനമായി നിങ്ങള്‍ ആലപ്പുഴയില്‍ ബി.എം.എസ്‌. പ്രവര്‍ത്തകരുടെ വീടാക്രമിച്ച്‌ ഒരു വൃദ്ധയെ ഹൃദയം പൊട്ടിച്ചു കൊന്നത്‌.

ഇന്നലെ ദാ വീണ്ടും മറ്റൊരിടത്ത്‌ - ചേര്‍ത്തലയില്‍ ബി.എം.എസുകാരെ വെട്ടിവീഴ്ത്താന്‍ നോക്കിയിരിക്കുന്നു. സ്ത്രീകള്‍ക്കും കൊച്ചുകുട്ടികള്‍ക്കുമെല്ലാം വെട്ടുകിട്ടിയിട്ടുണ്ട്‌. മിണ്ടാപ്രാണിയായ വളര്‍ത്തുനായയെപ്പോലും വെറുതെ വിട്ടില്ലല്ലോ.

കൊള്ളാം. വിപ്പ്ലവം തുടരട്ടെ. വെട്ടിവെട്ടി മുന്നേറുക. അടുത്ത മസ്ദൂര്‍ പരീക്ഷയ്ക്കു വേണമെങ്കില്‍ ചോദിക്കാനായി നിങ്ങള്‍ക്കൊരു ചോദ്യമിതാ.

നമ്മുടെ രാഷ്ട്രീയ എതിരാളിയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ നാം നിര്‍ദ്ദാക്ഷിണ്യം കൊന്നുകളയാന്‍ തീരുമാനിച്ചിരിക്കുന്ന അടുത്ത നേതാവിനെ കൊല്ലുമ്പോള്‍, എത്ര മാത്രം പൈശാചികമായിട്ടുവേണം അതു ചെയ്യാന്‍?

(a) യുവമോര്‍ച്ച നേതാവിനെ കൊന്നതു പോലെ തന്റെ ശിഷ്യരായ കൊച്ചുകുട്ടികളുടെ മുന്‍പിലിട്ടു തലയരിയാം.
(b) ബി.ജെ.പി. നേതാവ്‌ പന്ന്യന്നൂര്‍ ചന്ദ്രനെ കൊന്നതുപോലെ ഭാര്യയുടെയും കുട്ടിയുടെയും മുന്‍പിലിട്ടു കൊല്ലാം.
(c) പരുമലയില്‍ എ.ബി.വി.പി. വിദ്യാര്‍ഥികളെ കൊന്നതുപോലെ പുഴയില്‍ മുക്കിയും ശ്വാസം മുട്ടിച്ചും ചുടുകട്ട കൊണ്ട്‌ തലയ്ക്കെറിഞ്ഞും കൊല്ലാം.
(d) നേരിട്ടു കൊല്ലുന്നതിനു പകരം, ആലപ്പുഴയില്‍ ചെയ്തതുപോലെ വെട്ടിയരിഞ്ഞ്‌, അമ്മയെ അതു കാണിച്ചുകൊടുക്കുകയും ചവിട്ടുകയും ചെയ്ത്‌‌ ഹൃദയം പൊട്ടിച്ചുകൊല്ലാം.
(e) മുകളില്‍ പറഞ്ഞ ഏതു മാര്‍ഗ്ഗവും സ്വീകാര്യമാണ്. കൊല ഉറപ്പാക്കണമെന്നും അത്‌ പൈശാചികമായിരിക്കണമെന്നുമേ നിര്‍ബന്ധമുള്ളൂ.

അസഹിഷ്ണുതയുടെയും പകയുടെയുമെല്ലാം ഫലമായുണ്ടാകുന്ന ഈ ഭ്രാന്തന്‍ കൊലവിളിയ്ക്കും ഉന്മാദത്തിനും എന്തു പേരു വിളിക്കണമെന്നു മാത്രം ചോദിക്കരുത്‌.
ഫാസിസം? മാര്‍ക്സിസം? കണ്‍ഫ്യൂഷനിസം? കൂസിസം?
ചോദിക്കരുത്‌ - അതിന് ഉത്തരമില്ല.

12 comments:

കാണാപ്പുറം said...

"കേരളത്തിലെ മീന്‍പിടുത്തകേന്ദ്രങ്ങളിലാണ് സാമുദായികലഹളകള്‍ കൂടുതലും ഉണ്ടാകുന്നത്‌" എന്ന വാചകം ഒരിക്കല്‍ക്കൂടി വായിച്ചപ്പോള്‍ ഉണ്ടായ തോന്നലാണ്. അത്‌ ഒന്നു തിരിച്ചിട്ടാല്‍ സത്യമാകുമെന്നു തോന്നുന്നു.

“സാമുദായികലഹളകള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ മീന്‍‍പിടുത്ത കേന്ദ്രങ്ങളാണ്”. വളരെ ശരിയായ, ശക്തമായ വാചകം.

ഈ ‘മീന്‍‘ പിടുത്തക്കാര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളല്ലെന്ന വ്യുത്യാസമേയുള്ളൂ. വെള്ളം കലക്കി മീന്‍പിടിക്കാന്‍ നടക്കുന്ന മറ്റുചിലരാണ് അതിനു പിന്നില്‍. കൂടുതല്‍ മീന്‍ പിടിക്കുന്നയാള്‍ വിജയി എന്ന മട്ടില്‍ ഒരു മത്സരം തന്നെ ആകുമ്പോള്‍ വലവീശലിന്റെയും വെട്ടിപ്പിടുത്തത്തിന്റെയും വാശി കൂടുന്നു.

പണ്ട്‌ സ്കൂളില്‍ പഠിക്കാനുണ്ടായിരുന്ന ഒരു കഥയുണ്ട്‌. ‘കുട്ടന്‍’, ‘മുട്ടന്‍’ എന്ന രണ്ട്‌ ആട്ടിന്‍‌കുട്ടികളെ തമ്മില്‍ പറഞ്ഞു തെറ്റിച്ച്‌ അവരെ തമ്മില്‍ കൂട്ടിയിടിപ്പിച്ച്‌ രക്തം കുടിക്കാന്‍ നോക്കുന്ന ഒരു ചെന്നായയുടെ കഥ. ആ കഥ ഇപ്പോള്‍ ഓര്‍മ്മ വരുന്നതെന്താണാവോ?

കാണാപ്പുറം said...

പൊതു ഖജനാവില്‍ നിന്നും പണമെടുത്തുകൊണ്ട്‌ അന്വേഷണം വരാന്‍ പോകുന്നു. “പൂമൂട“ലിനേപ്പറ്റി! പൂമൂടല്‍ വല്ല ക്രിമിനല്‍ കുറ്റമോ മറ്റോ ആയിരിക്കണം!

ഒരു ക്ഷേത്രത്തില്‍ വഴിപാടു നടത്തിയത്‌ ആഭ്യന്തര മന്ത്രിക്ക്‌ അങ്ങേയറ്റം അപമാനകരമായിത്തോന്നുന്നുവെങ്കില്‍ അത്‌ അന്വേഷിക്കട്ടെ. പണം എവിടുന്നെടുത്താലും വിരോധമില്ല. മന്ത്രിയല്ലേ - കുറച്ച്‌ ഇളവുകളൊക്കെ ആവാം.

ചോദ്യം അതല്ല - മണ്ണിട്ടുമൂടലുകളേപ്പറ്റി ആരന്വേഷിക്കും? ഇന്നു ദാ ഒരാളെക്കൂടി മണ്ണിട്ടുമൂടിക്കളഞ്ഞിട്ടുണ്ട്‌. ബി.എം.എസ്‌ - ന്റെ കൊടകര സെക്രട്ടറി ഷൈജു എന്നൊരാളെ സി.ഐ.ടി.യു. ഗുണ്ടകള്‍ ചേര്‍ന്ന്‌ കൊന്നിരിക്കുന്നു - ഇന്നു രാവിലെ. ജോലി ചെയ്തു കൊണ്ടിരുന്ന ഫാക്ടറിക്കുള്ളിലിട്ടായിരുന്നു കൊല. വഴിപാടു പോലെ ഒരു ഹര്‍ത്താല്‍ നടക്കുന്നുണ്ട്‌ - ചാലക്കുടിയില്‍. അതുകൊണ്ട്‌ കൊല്ലപ്പെട്ടയാള്‍ക്ക്‌ ജീവന്‍ തിരിച്ചു കിട്ടുമായിരിക്കണം! രാഷ്ട്രീയ എതിരാളികളെ നിര്‍ദ്ദാക്ഷിണ്യം കൊന്നു തള്ളുന്ന മാര്‍ക്സിസ്റ്റുകാരുടെ പൈശാചിക സ്വഭാവത്തില്‍ അയവുണ്ടാകുമായിരിക്കും. ആവോ? കാത്തിരുന്നു കാണാം. എന്തായാലും അന്വേഷണമുണ്ടാവാന്‍ പോകുന്നില്ല. അതുറപ്പ്‌. ഉണ്ടായാല്‍ത്തന്നെ അത്‌ ഏതുവരെ പോകുമെന്നറിയാന്‍ നമുക്കധികം ബുദ്ധിയുടെ ആവശ്യമില്ല. ആരെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ത്തന്നെ, ഒടുവില്‍ ശിക്ഷയില്‍ ഇളവുകിട്ടുമ്പോള്‍ അവര്‍ക്കു കിട്ടാന്‍ പോകുന്ന രാജകീയ സ്വീകരണവും, മന്ത്രിമാര്‍ വരെ നേരിട്ടു ചെന്നു കൊടുക്കുന്ന ആശ്ലേഷവുമെല്ലാം ഓര്‍ത്ത്‌ ആവേശഭരിതരായി കൂടുതല്‍ അണികള്‍ ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുന്നുണ്ടാവും.

കാണാപ്പുറം said...

ഹിന്ദുവാണല്ലോ - മിണ്ടാനവകാശമില്ലല്ലോ എന്നു വിചാരിച്ചു മിണ്ടാതിരിക്കാം എന്നു വിചാരിച്ചാലും പി.എസ്‌.സി. സമ്മതിക്കില്ല. അതാ വരുന്നു അടുത്ത ചോദ്യപ്പേപ്പര്‍!
ഇക്കഴിഞ്ഞ ദിവസം - 2007 മാര്‍ച്ച് 3 - ല്‍ നടത്തിയ വില്ലേജ്‌ മാന്‍ പരീക്ഷ. ചോദ്യം നമ്പര്‍ 87.
ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ തൊട്ട നടി ആര്?
(1) അനുരാധ
(2) ജയ ഭാദുരി
(3) മീര ജാസ്മിന്‍
(4) ജയമാല
(വാക്കുകള്‍ അതേപടി കൃത്യമായിരിക്കണമെന്നില്ല. ആശയവും ഉത്തരങ്ങളും അതേപടി ശരിയാണ്)

പണ്ട്‌ ഒരു കാബറേ നര്‍ത്തകി അനുരാധ ഉണ്ടായിരുന്നു. അവരെത്തന്നെയാണോ ആദ്യം കൊടുത്ത ഉത്തരത്തില്‍ ഉദ്ദേശിച്ചത്‌ എന്നറിയില്ല. എന്തെങ്കിലുമാകട്ടെ. ഇതിലൊക്കെ വിഷമിച്ചിട്ട്‌ എന്തുകാര്യം, ഹൈന്ദവഫാസിസ്റ്റുകളേ? നിങ്ങളുടെ നാവുകള്‍ ചങ്ങലക്കിട്ടിരിക്കുകയാണെന്നറിഞ്ഞുകൂടേ?

നിങ്ങള്‍ക്കനുവാദമുള്ളത്‌ മുദ്രാവാക്യം വിളിക്കുമ്പോള്‍ കൂടെ വിളിക്കാന്‍ മാത്രമാണ്. വിളിക്കുക.
- ദൈവനിഷേധികളായ കമ്മ്യൂണിസ്റ്റുകാരുടെ ദേവസ്വം ഭരണം വിജയിക്കട്ടെ.
- പി.എസ്‌.സി. ഭരണവും വിജയിക്കട്ടെ.
- ഇന്ന്‌ കണ്ണൂരില്‍ ഒരു ബി.ജെ.പി. പ്രവര്‍ത്തകനെക്കൂടി മാര്‍ക്സിസ്റ്റുകാര്‍ വെട്ടിക്കൊന്നിട്ടുണ്ട്‌. വെട്ടിക്കൊല രാഷ്ട്രീയം വിജയിക്കട്ടെ!
- വെടിയുണ്ട രാഷ്ട്രീയം വളരട്ടെ.

എനിക്കൊന്നും കൂടുതല്‍ പറയാനില്ല. ഒരു വഴിപോക്കനാണേ -വിട്ടേക്കണേ..

അമ്മൂമ്മ said...

"വര്‍ഗ്ഗീയവിഷം വമിപ്പിക്കുന്ന പതിവു തെരഞ്ഞെടുപ്പു പോസ്റ്ററുകളിലൊന്നില്‍ കണ്ടതുമല്ല".

തെരെഞ്ഞെടുപ്പു പോസ്റ്ററുകളില്‍ എവിടെയാണ്‌ സാറേ വര്‍ഗീയ വിഷം? ഒരുദാഹരണം പറഞ്ഞാല്‍ നന്ദിയുണ്ടായിരിക്കും

കാണാപ്പുറം said...

'അമ്മൂമ്മ'യേപ്പോലുള്ള മുതിര്‍ന്നവര്‍ ഓരോന്നു ചോദിക്കുമ്പോഴാണ്‌ ചില തിരിച്ചറിവുകളുണ്ടാകുന്നത്‌. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ ഇളക്കിവിടുകയും എന്നിട്ട്‌ അവരുടെ ഒപ്പം നില്‍ക്കുന്നത്‌ തങ്ങളാണ്‌ എന്നു വരുത്തിത്തീര്‍ത്ത്‌ വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതിനെ വര്‍ഗ്ഗീയ വിഷത്തിന്റെ നിര്‍വചനത്തില്‍പ്പെടുത്താമോ എന്ന്‌ ഇപ്പോള്‍ സംശയം തോന്നിപ്പോകുന്നു.

പെടുത്താം എന്നാണെങ്കില്‍ - ഉദാഹരണങ്ങള്‍ ധാരാളമുണ്ട്‌.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍, 'മാറാട്‌ - വര്‍ഗ്ഗീയതയുടെ ബാക്കിപത്രം' എന്നും പറഞ്ഞ്‌ മുസ്ലിം സ്ത്രീകള്‍ വിലപിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ച്‌ അടിയില്‍ അരിവാള്‍ ചിഹ്നം വരച്ചു ചേര്‍ത്ത ആയിരക്കണക്കിനു പോസ്റ്ററുകള്‍.

തൃശ്ശൂരില്‍ കൊല്ലപ്പെട്ട മതപുരോഹിതന്റെ വലിയ ചിത്രവും അടിയില്‍ അരിവാള്‍ ചുറ്റികയുമായി കൃസ്ത്യന്‍ ഭൂരിപക്ഷപ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട വലിയ ഹോര്‍ഡിങ്ങുകള്‍.

നെയ്യാറ്റിന്‍കര ബിഷപ്‌ ഹൗസ്‌ ആക്രമണസംഭവത്തിനു ശേഷം, ലത്തീന്‍ കത്തോലിക്കരുടെ ഇടയില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച്‌ അച്ചടിച്ചതും പോലീസ്‌ പിടികൂടിയതുമായ, വര്‍ഗ്ഗീയവികാരം വളര്‍ത്തുന്നതും, 'അരിവാള്‍ നെല്‍ക്കതിരി'നു പരോക്ഷമായി വോട്ടഭ്യര്‍ത്ഥിക്കുന്നതുമായ പോസ്റ്ററുകള്‍.

'പീഢനത്തിനിരയാകുന്ന' മദനിയുടെ വലിയ ചിത്രവും അടിയില്‍ ഇടതു സ്ഥാനാര്‍ഥിയുടെ ചെറിയ ചിത്രവും വോട്ടഭ്യര്‍ത്ഥനയുമായി വിവിധ മണ്ഡലങ്ങളില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്ലക്സ്‌ ബോര്‍ഡുകള്‍.

അങ്ങനെയങ്ങനെ...

മതവികാരവും ജാതി വികാരവും ഇളക്കിവിട്ട്‌ തെരഞ്ഞെടുപ്പില്‍ അതു മുതലെടുക്കുക എന്ന പരിപാടി ഇടതുമുന്നണിക്കില്ല എന്നാണു പറയാന്‍ പോകുന്നതെങ്കില്‍, അമ്മൂമ്മേ - നിങ്ങളീ പ്രായം വരെ ജീവിച്ചത്‌ കേരളത്തിലല്ലായിരുന്നോ എന്നു സംശയിച്ചു പോകുന്നു.(ഇന്റര്‍നെറ്റ്‌ വോട്ടിംഗ്‌ സംവിധാനം നിലവില്‍ വരാത്തതു കൊണ്ട്‌ ഗള്‍ഫുനാടുകളില്‍ പോസ്റ്ററൊട്ടിച്ചു തുടങ്ങിയിട്ടുമില്ല)

നഗ്നമായ വര്‍ഗ്ഗീയപ്രീണനം കാണുമ്പോഴും 'പോട്ടെ - നിലനില്‍പ്പിനുവേണ്ടിയല്ലേ പാവങ്ങള്‍' എന്നോര്‍ത്ത്‌ ആരും എതിര്‍ത്തില്ല എന്നു വരും. പക്ഷേ അതിനുശേഷവും ഞങ്ങള്‍ 'ഡീസന്റാണ്‌' എന്ന മട്ടില്‍ നെഞ്ചു വിരിക്കാന്‍ ശ്രമിച്ചു പരിഹാസ്യരാകുന്നതു കാണുമ്പോള്‍ ചിലരെങ്കിലും ഒന്നു ചുമച്ചു എന്നു വരും. ചിലരുടെ രചനകളില്‍, ചില പോസ്റ്ററുകളേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വരുന്നതിനെ അത്തരം ഒരു ചുമയായിക്കണ്ട്‌ അവഗണിച്ചാല്‍ മതി, അമ്മൂമ്മേ.

അമ്മൂമ്മ said...

അതു ശരി, അപ്പോള്‍ മാറാട്ടെ വര്‍ഗീയതയെ എതിര്‍ക്കുന്നത്‌ പോലും വര്‍ഗീയവിഷം ആണ്‌, നന്ദിയുണ്ട്‌..ട്ടോ ഇത്രേം പുതിയൊരു വിവരം തന്നതിന്‌.

മദനിയുടെ ചിത്രം പതിച്ചാല്‍ എങ്ങനെയാ മാഷേ അത്‌ വര്‍ഗീയവിഷമാകുന്നത്‌? മദനിയുടെ ചിത്രമെന്താ ഹിന്ദുവിരുദ്ധമാണോ? കൃസ്ത്യന്‍ വിരുദ്ധമാണോ? 8 വര്‍ഷം വിചാരണയില്ലാതെ ജനാധിപത്യ ഇന്ത്യയില്‍ ഒരാള്‍ ജയിലില്‍ കഴിയുന്നതിനെ താങ്കള്‍ ന്യായീകരിക്കുന്നുണ്ടോ?

കോയമ്പത്തൂര്‍ കലാപം ദേശസ്നേഹപ്രവര്‍ത്തനവും തുടര്‍ന്നു നടന്ന ബോംബ്‌ സ്ഫോടനം ദേശവിരുദ്ധവുമാണല്ലോ തന്നെപ്പോലുള്ള പരിവാറുകാര്‍ക്ക്‌.

ഇയാള്‌ കണ്ടിരുന്നോ പോലീസ്‌ പിടിച്ചെടുത്ത നോട്ടീസിലെ വര്‍ഗീയ പരാമര്‍ശങ്ങള്‍?

മാറാടിനെ മറയാക്കി കേരളം കത്തിക്കാന്‍ സംഘ്‌ പരിവാര്‍ നടത്തിയ ശ്രമങ്ങള്‍ വര്‍ഗീയതയുടെ നിര്‍വ്വചനത്തില്‍ പെടുമോ? കൊല്ലപ്പെട്ട എട്ട്‌ ഹിന്ദുക്കളുടെ പടം പതിച്ച്‌ കേരളം മുഴുവന്‍ ഹിന്ദു ഐക്യവേദി പതിച്ച പോസ്റ്ററുകള്‍ വര്‍ഗീയമായിരുന്നോ സാറേ?

സംശയങ്ങളാണ്‌, സംഘ്‌ പരിവാരത്തെ ഹിന്ദു സമൂഹമായി അവതരിപ്പിക്കുകയും സംഘിനെതിരായ വിമര്‍ശങ്ങളെ ഹിന്ദുവിനെതിരായ വിമര്‍ശനമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ കാണുമ്പോള്‍ തോന്നിപ്പോകുന്നതാണ്‌

കാണാപ്പുറം said...

>> [അമ്മൂമ്മ]അപ്പോള്‍ മാറാട്ടെ വര്‍ഗീയതയെ എതിര്‍ക്കുന്നത്‌ പോലും വര്‍ഗീയവിഷം ആണ്‌?

[നകുലന്‍]ക്ഷമിക്കുക അമ്മൂമ്മേ. അത്‌ വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നതിന്റെ ഭാഗമായിരുന്നെന്ന്‌ അറിഞ്ഞില്ല. സത്യം.
ആ പോസ്റ്ററുകള്‍ പതിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങള്‍, അതിന്റെ ഉള്ളടക്കം, അതു പതിച്ച സമയം - ഇതു മൂന്നും ചേര്‍ത്തു വച്ച്‌ ആലോചിച്ചാല്‍ ആര്‍ക്കും പെട്ടെന്നു തോന്നുക അത്‌ മുസ്ലിം വികാരം ഇളക്കിവിട്ട്‌ വോട്ടുനേടാന്‍ ചെയ്തതാണെന്നാണ്. ഉദ്ദേശശുദ്ധി തിരിച്ചറിയാതിരുന്നതിനു മാപ്പ്‌ - ഒരിക്കല്‍ക്കൂടി.

മാറാട്ടെ വര്‍ഗ്ഗീയത മുതലെടുക്കാന്‍ ഇടതുകക്ഷികള്‍ ശ്രമിച്ചിട്ടില്ല - അവരതു ശമിപ്പിക്കാനും മതസൌഹാര്‍ദ്ദം വളര്‍ത്താനുമാണ് ശ്രമിച്ചിട്ടുള്ളത്‌ - എന്നു സമ്മതിച്ചു തരണമെങ്കില്‍, കണ്ടതും കേട്ടതുമായ പലതും (അന്വേഷണറിപ്പോര്‍ട്ടുകളടക്കം)മറന്നുപോകത്തക്ക വിധത്തില്‍ ഗുരുതരമായ മറവി ബാധിക്കേണ്ടി വരും.
തെരഞ്ഞെടുപ്പു വിജയം മധുരമുള്ളതാണ്. മതസൌഹാര്‍ദ്ദം കയ്പേറിയതും.

>> [അമ്മൂമ്മ] മദനിയുടെ ചിത്രം പതിച്ചാല്‍ എങ്ങനെയാ മാഷേ അത്‌ വര്‍ഗീയവിഷമാകുന്നത്‌?

[നകുലന്‍]ദാ കിടക്കുന്നു! അങ്ങനെയായി കാര്യങ്ങള്‍! എന്തുചെയ്യാം - മുകളില്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കേണ്ടി വരുന്നു.
“ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ ഇളക്കിവിടുകയും എന്നിട്ട്‌ അവരുടെ ഒപ്പം നില്‍ക്കുന്നത്‌ തങ്ങളാണ്‌ എന്നു വരുത്തിത്തീര്‍ത്ത്‌ വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതിനെ വര്‍ഗ്ഗീയ വിഷത്തിന്റെ നിര്‍വചനത്തില്‍പ്പെടുത്താമോ എന്ന്‌ ഇപ്പോള്‍ സംശയം തോന്നിപ്പോകുന്നു.
പെടുത്താം എന്നാണെങ്കില്‍ ........“

>> [അമ്മൂമ്മ] 8 വര്‍ഷം വിചാരണയില്ലാതെ ജനാധിപത്യ ഇന്ത്യയില്‍ ഒരാള്‍ ജയിലില്‍ കഴിയുന്നതിനെ താങ്കള്‍ ന്യായീകരിക്കുന്നുണ്ടോ?

[നകുലന്‍] ഇല്ല. ഒരിക്കലും ന്യായീകരിക്കുന്നില്ല. വിചാരണ നടക്കുന്നില്ലെങ്കില്‍ എത്രയും വേഗം അതാരംഭിച്ച്‌ അദ്ദേഹം നിരപരാധിയാണെന്നു തെളിഞ്ഞാല്‍ പുറത്തുവിടണം.

(നേരേമറിച്ച്‌ കുറ്റം തെളിയുകയാണെങ്കില്‍ ശിക്ഷിക്കണോ അതോ അപ്പോള്‍ ‘വിചാരണ ശരിയല്ല - വേണ്ടത്ര സമയം എടുത്തില്ല - സമയമനുവദിച്ചില്ല‘ എന്നൊക്കെ തുടര്‍ന്നും വാദിക്കാന്‍ അനുവദിക്കണോ എന്നതിനേക്കുറിച്ച്‌ എനിക്കഭിപ്രായമില്ല. അത്‌ പുരോഗമനവാദികള്‍ക്കു വിടുന്നു. അവര്‍ തീരുമാനിക്കട്ടെ. ഉത്തര്‍ പ്രദേശ്‌ തെരഞ്ഞെടുപ്പു കഴിഞ്ഞ്‌ - നമുക്കവരെ സമീപിക്കാം.)

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണ അന്തിമഘട്ടത്തിലാണെന്നും വിധിപ്രഖ്യാപനം അധികം വൈകാതെയുണ്ടാകുമെന്നുമുള്ള ഒരു തോന്നല്‍, സ്ഥിരമായി പല പത്രങ്ങള്‍ വായിക്കുന്നവരുടെ മനസ്സിലുണ്ട്‌. തെറ്റായിരിക്കാം. നടക്കാത്ത വിചാരണയേക്കുറിച്ച്‌ അച്ചടിച്ചു വരുന്ന വാര്‍ത്തകള്‍ക്കു പിന്നിലും ഒരു പക്ഷേ മാദ്ധ്യമസിന്‍ഡിക്കേറ്റുകള്‍ ഉണ്ടാവാം. അജ്ഞതയ്ക്കു ക്ഷമാപണം.

കേരളത്തിലെ എം.എല്‍.എ. മാര്‍ ഒരുമിച്ചു പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നത്‌ മദനിയെ ‘മോചിപ്പിക്കണം (നിരുപാധികമോ എന്തോ?)’ എന്നാണോ അതോ ‘നീതി നല്‍കി - നിരപരാധിയെങ്കില്‍ എത്രയും പെട്ടെന്നു മോചിപ്പിക്കണം എന്നാണോ? എനിക്കറിയില്ല അമ്മൂമ്മേ. സത്യമായും.

വിചാരണ നിഷേധിക്കപ്പെടുന്നെങ്കില്‍, മനുഷ്യാവകാ‍ശം നിഷേധിക്കപ്പെടുന്നെങ്കില്‍ ഒക്കെ അതിനു പിന്നില്‍ ‘ഗൂഢാലോചന’ ആരോപിക്കാം. പക്ഷേ തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെടുന്നെങ്കില്‍, എന്തോ എനിക്കു തോന്നുന്നത്‌ അതിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്നാണ്. നിഷ്പക്ഷമതികള്‍ക്കും അങ്ങനെ തന്നെ തോന്നും എന്നു ഞാന്‍ കരുതുന്നതില്‍ എന്നോടു ക്ഷമിക്കുക.

>> [അമ്മൂമ്മ] കോയമ്പത്തൂര്‍ കലാപം ദേശസ്നേഹപ്രവര്‍ത്തനവും തുടര്‍ന്നു നടന്ന ബോംബ്‌ സ്ഫോടനം ദേശവിരുദ്ധവുമാണല്ലോ ..

[നകുലന്‍] ഉള്ളിലിരുപ്പ്‌ അറിയാതെ വെളിപ്പെട്ടു പോയല്ലോ അമ്മൂമ്മേ. ‘ആറും അറുപതും ഒരുപോലെ’ എന്നും ‘പിള്ള മനസ്സില്‍ കള്ളമില്ല’ എന്നുമുള്ള ചൊല്ലുകള്‍ ഓര്‍‍ത്തുപോകുന്നു.

കോയമ്പത്തൂര്‍ സ്ഫോടനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട്‌ മദനിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ശരിയാണ് എന്നു സമ്മതിക്കുകയും പക്ഷേ അതിനു പ്രേരകമായത്‌ അതിനു മുമ്പു നടന്ന കലാപമാണ് - അതുകൊണ്ട്‌ അത്‌ ന്യായീകരിക്കത്തക്കതാണ് എന്നു പറയുകയും ചെയ്യുന്നതുപോലെ തോന്നുന്നു. മദനി നിരപരാധിയാണെങ്കില്‍ പിന്നെ അമ്മൂമ്മ സ്ഫോടനങ്ങള്‍ക്കു കാരണം കണ്ടെത്തുന്നതെന്തിനാണ്? യഥാര്‍ത്ഥ കുറ്റവാളിയെ(കളെ) കണ്ടെത്തി ശിക്ഷിക്കട്ടെ. എന്തു പറയുന്നു?

>> [അമ്മൂമ്മ] ....തന്നെപ്പോലുള്ള പരിവാറുകാര്‍ക്ക്‌.

[നകുലന്‍] ‘പരിവാറുകാര്‍‘ എന്നതിന്റെ നിര്‍വചനം പണ്ടൊരു ഇഷ്ട പഠനവിഷയമായിരുന്നു. എന്തായാലും ഞാനും അതില്‍‌പെടുന്നു എന്ന്‌ അറിയിച്ചു തന്നതിന് നന്ദി. പരിവാറിനെ ഭര്‍ത്സിക്കുകയും കൊടിയ വര്‍ഗ്ഗീയത ഉള്ളില്‍ വച്ചുകൊണ്ട്‌ സ്വയം മാന്യന്മാരെന്നു നടിക്കുകയും ചെയ്യുന്നവരുടെ മുമ്പില്‍ ചെന്ന്‌ ഞാന്‍ ചുമച്ചു കൊണ്ടേയിരിക്കും. അതിന്റെ പേരില്‍ പരിവാര്‍ അംഗത്വം പതിച്ചു കിട്ടുന്നെങ്കില്‍ പരാതിയില്ല. സന്തോഷമേയുള്ളൂ.

>> [അമ്മൂമ്മ] ഇയാള്‌ കണ്ടിരുന്നോ പോലീസ്‌ പിടിച്ചെടുത്ത നോട്ടീസിലെ വര്‍ഗീയ പരാമര്‍ശങ്ങള്‍?

[നകുലന്‍] സത്യമായും ഇല്ല. പത്രങ്ങള്‍ നുണകള്‍ എഴുതാറുണ്ട്‌ എന്ന്‌ വളരെ വ്യക്തമായി അറിയാവുന്നയാളാണ് ഞാന്‍. എന്നിട്ടുപോലും ആറേഴു പത്രങ്ങളില്‍ ഒരുപോലെ വാര്‍ത്ത കണ്ടപ്പോള്‍ വിശ്വസിച്ചുപോയി. പാടില്ലായിരുന്നു. ക്ഷമാപണം.

കൂട്ടത്തില്‍ - ഓര്‍ത്തപ്പോള്‍ എഴുതുകയാണ് - മദനി നടത്തിയിരുന്ന മാസികയില്‍ , ‘ജിഹാദ്‌‘ എന്ന പേരില്‍ ചിലയിടങ്ങളില്‍ നടന്ന ചില യുദ്ധങ്ങളെ ന്യായീകരിച്ചു കൊണ്ട്‌ വന്ന ലേഖനങ്ങള്‍ ഞാന്‍ കണ്ടതാണ്. ‘കോയമ്പത്തൂര്‍ സ്പോടനം നടത്തിയത്‌ നമ്മളാണ് - അതില്‍ അഭിമാനിക്കുകയാണു വേണ്ടത്‌ ‘ എന്നൊരു പരാമര്‍ശവും ആ മാസികയില്‍ത്തന്നെ കണ്ടതായാണ് എന്റെ ഓര്‍മ്മ. ഒമ്പതു വര്‍ഷം മുമ്പാണ്. ഓര്‍മ്മകള്‍ക്കു മങ്ങലേറ്റിട്ടുണ്ടെന്നതു വാസ്തവം. അതിനുശേഷം ഒന്നോ രണ്ടോ മാസങ്ങള്‍ക്കകം, കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം മുഖ:ചിത്രമായി പ്രസിദ്ധീകരിച്ച ആ മാസികയുടെ പ്രസാധകര്‍ അറസ്റ്റു ചെയ്യപ്പെട്ടു - പ്രസിദ്ധീകരണം നിര്‍ത്തി വച്ചു എന്ന ഓര്‍മ്മ ഇപ്പോളും തെളിഞ്ഞു തന്നെ നില്‍ക്കുന്നു. അത്‌ ഒരു സി.ഡി.യില്‍നിന്നും ലഭിച്ച ഭൂപടമാണ് - മനപ്പൂര്‍വ്വമല്ല അങ്ങനെ സംഭവിച്ചത്‌ എന്ന മട്ടില്‍ വന്ന ന്യായീകരണങ്ങളും അങ്ങനെ പലതും...
‘ഓടോ‘ ഭയത്താല്‍ ‍നിര്‍ത്തുന്നു.

>> [അമ്മൂമ്മ] മാറാടിനെ മറയാക്കി കേരളം കത്തിക്കാന്‍ സംഘ്‌ പരിവാര്‍ നടത്തിയ ശ്രമങ്ങള്‍ വര്‍ഗീയതയുടെ നിര്‍വ്വചനത്തില്‍ പെടുമോ?

[നകുലന്‍] എന്നുവച്ചാല്‍ കേരളം കത്തിക്കല്‍ ഒക്കെയാണ് അവരുടെ ലക്ഷ്യം - മാറാടുണ്ടായപ്പോള്‍ ‘ദാ പറ്റിയ അവസരം - ഇതൊരു മറയാക്കാം’ എന്നു കരുതി അതിനു ശ്രമിച്ചു എന്നാണോ? (ഞാന്‍ എഴുതാപ്പുറം വായിക്കുകയാണോ എന്തോ)

മാറാട്‌ എട്ട്‌ പേര്‍ കൊല്ലപ്പെട്ടപ്പോള്‍ (അവരില്‍ സംഘവുമായി യാതൊരു ബന്ധവുമില്ലാത്തവരും പെടുന്നു എന്നാണെന്റെ അറിവ്‌) സംഘപരിവാറിന് നിശ്ശബ്ദത പാലിക്കാമായിരുന്നില്ലേ എന്നു ചോദിച്ചാല്‍ ‘ആവാമായിരുന്നു’ എന്നു തന്നെയാണെന്റെ ഉത്തരം. മറ്റുള്ളവര്‍ക്കെല്ലാം ആവാമെങ്കില്‍ അവര്‍ക്കായിക്കൂടേ?

>> [അമ്മൂമ്മ] കൊല്ലപ്പെട്ട എട്ട്‌ ഹിന്ദുക്കളുടെ പടം പതിച്ച്‌ കേരളം മുഴുവന്‍ ഹിന്ദു ഐക്യവേദി പതിച്ച പോസ്റ്ററുകള്‍ വര്‍ഗീയമായിരുന്നോ സാറേ?

[നകുലന്‍] അതെ. യാതൊരു സംശയവുമില്ല എനിക്കതില്‍.

അതേ പോസ്റ്ററുകളില്‍, ഉള്ളടക്കത്തില്‍ യാതൊരു വ്യത്യാസവുമില്ലാതെ അടിയില്‍ ‘ഹിന്ദു ഐക്യവേദി’ എന്നതിനു പകരം അരിവാള്‍ചുറ്റിക വരച്ചു ചേര്‍ത്തിരുന്നെങ്കില്‍ മാത്രം ഒരു പക്ഷേ അത്‌ ‘വര്‍ഗ്ഗീയതയ്ക്കെതിരെ ‘ എന്നു വിചാരിച്ച്‌ നാം കണ്ണടച്ചേനെ. ഇല്ലെന്നുണ്ടോ?

ചെയ്യില്ല - സമ്മതിച്ചു - പക്ഷേ ചെയ്തിരുന്നെങ്കില്‍ - വെറുതെയൊന്നു സങ്കല്പിച്ചു നോക്കുക - ചെയ്തിരുന്നെങ്കില്‍ - നാം എതിര്‍ക്കുമായിരുന്നോ? നമ്മുടെ വായനയില്‍ - കാഴ്ചയില്‍ - കേള്‍വിയില്‍ - ചിന്തകളില്‍ എല്ലാം ഒരു കക്ഷിപരത - ഒരു പക്ഷപാതം - ഉണ്ട്‌ അമ്മൂമ്മേ. സത്യമല്ലേ എന്ന്‌ ആലോചിച്ചുനോക്കുക.

ആ ചിത്രങ്ങള്‍ക്ക്‌ വോട്ടാകര്‍ഷിക്കാന്‍ കഴിയാത്തതുകൊണ്ട്‌ ചിത്രം മാറ്റി - വര്‍ഗ്ഗീയതാവിരുദ്ധമെന്നു ദ്യോതിപ്പിക്കുന്ന ഒരു അടിക്കുറിപ്പും ചേര്‍ത്തതാണ് തെരഞ്ഞെടുപ്പു കാലത്ത്‌ കണ്ടത്‌ എന്നു കരുതുന്നവരെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാഴ്ചപ്പാടുകളിലെ വ്യത്യാസമാണ് കാരണമെന്നു സമ്മതിക്കുന്നു.

>> [അമ്മൂമ്മ] സംഘ്‌ പരിവാരത്തെ ഹിന്ദു സമൂഹമായി അവതരിപ്പിക്കുകയും സംഘിനെതിരായ വിമര്‍ശങ്ങളെ ഹിന്ദുവിനെതിരായ വിമര്‍ശനമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ കാണുമ്പോള്‍ തോന്നിപ്പോകുന്നതാണ്‌

[നകുലന്‍] അമ്മൂമ്മയുടെ വാക്കുകളില്‍ ഏറ്റവും ശ്രദ്ധയര്‍ഹിക്കുന്നതും വളരെ ചിന്തയ്ക്കു വക നല്‍കുന്നതുമായവയാണ് മുകളിലത്തേത്‌.

അതങ്ങനെ ആയിത്തീര്‍ന്നതാണ്. അല്ലെങ്കില്‍ ആക്കിത്തീര്‍ത്തതാണ് - അമ്മൂമ്മേ. പക്ഷേ സംഘമല്ല - അവരെ എതിര്‍ക്കുന്നവരാണ് അതിനുത്തരവാദികള്‍. പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റുകള്‍. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യുടെ - കാലം സൃഷ്ടിച്ച - ഒരു മറുപക്ഷം.

ഇവിടുത്തെ ഹിന്ദുക്കള്‍ക്കും കുറച്ചെങ്കിലും പ്രശ്നങ്ങളൊക്കെയുണ്ട്‌ - അവര്‍ക്കും ചില്ലറ ദു:ഖങ്ങളും പരാതികളുമൊക്കെയുണ്ട്‌ - അവരുടെ പ്രശ്നങ്ങളില്‍ നിന്നു മുഖം തിരിക്കുന്നവരാണ് അധികവും - അനുഭാവം പ്രകടിപ്പിക്കുന്നത്‌ മോശമായി കണക്കാക്കപ്പെടുന്നു - എന്നൊക്കെയുള്ള ഒരു സാഹചര്യം നിലവിലുള്ളപ്പോള്‍, പലപ്പോഴും കൂടെക്കരയാനും പ്രതിഷേധിക്കാനും (ചിലപ്പോള്‍ അല്പം അക്രമാസക്തമായിത്തന്നെ എന്നു വേണമെങ്കില്‍ അമ്മൂമ്മ കൂട്ടിച്ചേര്‍ത്തോളൂ) സംഘവുമായി ബന്ധമുള്ളവരെ മാത്രമേ കാണാറുള്ളൂ - എന്നു വരുമ്പോള്‍, അമ്മൂമ്മ പറയുന്നതുപോലെയുള്ള സമവാക്യങ്ങള്‍ അറിയാതെ രൂപികരിക്കപ്പെട്ടുപോകുന്നതാണ്. അതിനെ ചെറുക്കണമെന്നാണെങ്കില്‍, അതിന് എന്തു ചെയ്യണമെന്ന്‌ വളരെ ഗഹനമായി ആലോചിച്ച്‌ ഒരു കര്‍മ്മപദ്ധതി രൂപീകരിക്കേണ്ടതുണ്ട്‌.

പിന്നെ - സംഘപരിവാറിനെ വിമര്‍ശിക്കുന്നതിനേപ്പറ്റി. അവരേക്കുറിച്ചുള്ള ഒരു അഭിപ്രായം രൂപപ്പെടുത്തുവാനായി നാം അറിവുകള്‍ സമാഹരിക്കുമ്പോള്‍, ശ്രോതസ്സുകളില്‍ എത്രയൊക്കെ ശതമാനം ‘സ്വന്തമായി ഒരു പക്ഷമുള്ളവയാണ്’ എന്നു കൂടി ചിന്തിച്ചു നോക്കുന്നതു നന്നായിരിക്കും. സംഘവിരോധം പേറുന്നവ എത്ര ശതമാനം - അനുകൂലിക്കുന്നവ എത്ര ശതമാനം - നിഷ്‌പക്ഷമായവ എത്ര ശതമാനം - നാം നേരിട്ടു മനസ്സിലാക്കുന്നത്‌ എത്ര ശതമാനം - എന്നിങ്ങനെ.
ആയ കാലത്ത്‌ ഞാനും കുറച്ച്‌ മുദ്രാവാക്യം വിളിച്ചു നടന്നതാണ് - അവര്‍ക്കെതിരെ. അതുകൊണ്ട്‌ പറഞ്ഞെന്നേയുള്ളൂ.

-------
വൈത്തോ:- ഈ പോസ്റ്റ്‌ സംഘത്തേപ്പറ്റിയോ അവരെ എതിര്‍ക്കുന്നവരേപ്പറ്റിയോ ഉള്ളതല്ല. പി.എസ്.സി. കാണിക്കുന്ന കൊള്ളരുതായ്മകളേപ്പറ്റിയുള്ളതാണ്. അയ്യപ്പവിഗ്രഹത്തില്‍ തൊട്ട നടിയേപ്പറ്റിയും മറ്റുമുള്ള ചോദ്യങ്ങള്‍ എന്തുകൊണ്ടാണ് പി.എസ്.സി. പരീക്ഷാ ചോദ്യപ്പേപ്പറുകളില്‍ കടന്നു കൂടുന്നത്‌ - ചോദ്യകര്‍ത്താവിന്റെ "real motive" behind adding such questions എന്തായിരിക്കും എന്നൊക്കെയുള്ള ഒരു ചര്‍ച്ചയാണെങ്കില്‍ തരക്കേടില്ലായിരുന്നു. അമ്മൂമ്മയെ വിലക്കുകയല്ല. എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്‌. അതുകൊണ്ടല്ലേ അനോണിമുത്തശ്ശിമാര്‍ക്കും സ്വാഗതവുമായി കമന്റ്‌ ബോക്സ്‌ തുറന്നു തന്നെ വച്ചിരിക്കുന്നത്‌. അഭിപ്രായസ്വാതന്ത്ര്യം വിജയിക്കട്ടെ! കമ്മ്യൂണിസ്റ്റുകളുടെ മാത്രമല്ല - മറ്റുള്ളവരുടേയും!

കാണാപ്പുറം said...

വെറുതെയല്ല പിണറായി വിജയന്‍ വെടിയുണ്ടയും തോക്കുമെല്ലാം കൊണ്ടു നടക്കുന്നതെന്നു തോന്നുന്നു. സ്വയരക്ഷയ്ക്കാണ്. ഇന്നലെ ദാ അദ്ദേഹത്തിന്റെ ബന്ധുവെന്നു പറയപ്പെടുന്ന ഒരാളെ പിണറായിയില്‍ത്തന്നെയിട്ട്‌ വെട്ടി മൃതപ്രായനാക്കിയിരിക്കുന്നു. എന്തു ചെയ്യാം - ആളു ബി.ജെ.പി.ക്കാരനായിപ്പോയി. മാര്‍ക്സിസ്റ്റുകാരുടെ കൊലക്കത്തിയില്‍ നിന്ന്‌ ഒഴിഞ്ഞു മാറി നടക്കാന്‍ പഠിച്ചേ പറ്റൂ.

ഇടതു ഭരണം വന്നതിനുശേഷം ആഴ്ചയില്‍ കുറഞ്ഞത്‌ മൂന്നു ബി.ജെ.പി. പ്രവര്‍ത്തകരുടെ നേരെയെങ്കിലും വധശ്രമമുണ്ടാകുന്നുണ്ട്‌. (മാര്‍ക്സിസ്റ്റുകാരുടേ ഭാഗത്തു നിന്നാണു കൂടുതലും)രണ്ടുമൂന്നാഴ്ച കൂടുമ്പോള്‍ ഒന്നെന്ന നിലയില്‍ ശ്രമം വിജയിക്കുന്നുമുണ്ട്‌. മലപ്പുറത്ത്‌ ഒരാള്‍ മരിച്ചതിന്റെ ഹര്‍ത്താല്‍ ദാ മിനിഞ്ഞാന്ന്‌ കഴിഞ്ഞതേയുള്ളൂ. അതിനുമുമ്പ്‌ ഒന്നോ രണ്ടോ ആഴ്ച മുമ്പ്‌ അഡ്വക്കേറ്റ്‌ വത്സരാജ്‌ കുറുപ്പിനെ കൊന്നതിന്റെ ആഘോഷം കഴിഞ്ഞിട്ടില്ല. അതിനു മുമ്പ്‌ ചാലക്കുടി. അതിനു മുമ്പ്‌ തിരൂര്‌... ഇത്തരം കൊലകളിലൂടെ വോട്ടര്‍ പട്ടികയില്‍ കേവലം ഒരാളുടെ കുറവു മാത്രമേ വരുത്താ‍ന്‍ കഴിയുകയുള്ളൂവെന്നും ഒരായിരം പേര്‍ ഒരു പക്ഷേ പകരം വന്നേക്കും എന്നു തിരിച്ചറിഞ്ഞാല്‍ പോലും, ഒരു തരം ദൌര്‍ബല്യമായി മാറിയിരിക്കുന്ന ഈ ഹിംസ ഇവര്‍ നിര്‍ത്തുമെന്നു തോന്നുന്നില്ല. അതൊരു ശീലമായിപ്പോയതുപോലെയുണ്ട്‌.

മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെയോ അല്ലെങ്കില്‍ അതിന്റെ പ്രയോഗത്തിലെയോ എന്തു പാളിച്ച കൊണ്ടാണ് ഇതുണ്ടാകുന്നത്‌ - എന്താണ് ഇത്രമാത്രം കാപാലികത മനസ്സില്‍ നിറയ്ക്കുന്നത്‌ - കൊന്നു തള്ളാനുള്ള ഉന്മാദാവസ്ഥയിലേക്ക്‌ എത്തിക്കുന്നത്‌ എന്ന്‌ ഒരു പഠനം നടത്തേണ്ടിയിരിക്കുന്നു.

ചുവപ്പുകോട്ട എന്നൊക്കെ വിളിക്കപ്പെട്ടിരുന്ന തലശ്ശേരിയില്‍പ്പോലും ഇന്ന്‌ നഗരസഭാവാര്‍ഡുകള്‍ ബി.ജെ.പി. ഭരിക്കുന്നത്‌ കാണുമ്പോള്‍ ഒരുപക്ഷേ മനസ്സിലെ അസഹിഷ്ണുതയും വിദ്വേഷവും കൊലപാതകവാഞ്ഛനയും വര്‍ദ്ധിക്കുന്നുണ്ടാകാം. പക്ഷേ, ആയുധത്തിലൂടെയല്ലാതെ അന്തസ്സുള്ള ആശയസമരത്തിലൂടെ നേരിടാന്‍ തയ്യാറാകാതെ ഒരുതരം പൈശാചികതയോടെ വെട്ടുന്ന ഓരോ വെട്ടും തങ്ങളെ ജനമനസ്സുകളില്‍ നിന്ന്‌ കൂടുതല്‍ കൂടുതല്‍ അകറ്റുകയേയുള്ളൂ എന്ന്‌ മാര്‍ക്സിസ്റ്റുകള്‍ മനസ്സിലാക്കിയാല്‍ നന്ന്‌. നന്ദിഗ്രാമില്‍ സംഭവിച്ചത്‌ സ്വയരക്ഷയ്ക്കു വേണ്ടി ചെയ്തതാണെന്നു പറഞ്ഞു പരിഹാസ്യനായ പിണറായി സഖാവ്‌ ഒരു കാര്യം കൂടി പറഞ്ഞു തന്നാല്‍ നന്നായിരുന്നു. പാവപ്പെട്ട കര്‍ഷകനായാലും ശരി - രാഷ്ട്രീയപ്രവര്‍ത്തകനായാലും ശരി - മാര്‍ക്സിസ്റ്റുപാര്‍ട്ടിയ്ക്ക്‌ കണ്ണില്‍ പിടിക്കാത്ത ഒരാള്‍ക്കും ഇവിടെ ജീവിക്കാനവകാശമില്ല എന്നു പ്രഖ്യാപിച്ച്‌ അവരെ നിരന്തരം ആയുധങ്ങള്‍ കൊണ്ട്‌ വേട്ടയാടി - സ്വയരക്ഷയ്ക്കായി ആയുധമെടുത്താലേ മതിയാവൂ എന്നൊരവസ്ഥയിലേക്ക്‌ അവരെ കൊണ്ടു ചെന്നെത്തിക്കുന്ന ഈയൊരു കാപാലിക സംസ്കാരമുണ്ടല്ലോ - ഇതാണോ കമ്മ്യൂണിസ്റ്റുകാരില്‍ത്തന്നെ മാര്‍ക്സിസ്റ്റുകളെ വ്യത്യസ്ഥരാക്കുന്നത്‌? ഇതിനൊക്കെ പ്രത്യയശാസ്ത്രനിഘണ്ടുക്കളിലെ ഏതു താളുകളിലാണ് ഒരു ന്യായീകരണം ഞങ്ങള്‍ക്കു കാണിച്ചു തരാനാകുകു?

മുഹമ്മദ് തുണ്ടി said...

താങ്കളെന്തിന് മുഖം മൂടിയുമായി പ്രതൃക്ഷപ്പെുന്നു.സംഘപരിവാര് ലേബലിനോട് അലര്ജി കാണിക്കുന്നു.
തീവ്രവാദം മുസ്ലിമായാലും ഹിന്ദുവായാലും ഒന്നു തന്നെയല്ലേ...
എന്.ഡി.എഫും പരിവാറും ഒരു നാണയത്തിന്റെ രണ്ടു വശമാണ് നകുലാ...
പരിവാറിനെ എതിര്ക്കാത്തിടത്തോളം എ.ന്.എഫിനെയും എതിര്ക്കാന് അവകാശമില്ല സുഹൃത്തേ..

മുഹമ്മദ് തുണ്ടി said...

താങ്കളെന്തിന് മുഖം മൂടിയുമായി പ്രതൃക്ഷപ്പെുന്നു.സംഘപരിവാര് ലേബലിനോട് അലര്ജി കാണിക്കുന്നു.
തീവ്രവാദം മുസ്ലിമായാലും ഹിന്ദുവായാലും ഒന്നു തന്നെയല്ലേ...
എന്.ഡി.എഫും പരിവാറും ഒരു നാണയത്തിന്റെ രണ്ടു വശമാണ് നകുലാ...
പരിവാറിനെ എതിര്ക്കാത്തിടത്തോളം എ.ന്.എഫിനെയും എതിര്ക്കാന് അവകാശമില്ല സുഹൃത്തേ..

കാണാപ്പുറം said...

മുഹമ്മദ്‌ തുണ്ടീ, എന്‍. ഡി. എഫിനെയും ആര്‍. എസ്‌. എസിനെയും ഇരു വശങ്ങളിലുമായി തൂക്കി സംസാരിക്കുന്ന ഒരു പരിപാടി കുറച്ചുനാളുകളായി കാണാറുണ്ട്‌. എന്‍. ഡി. എഫിനു കിട്ടിയ വലിയൊരു അംഗീകാരമായി അവരതിനെ കാണുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്‌.

സംഘത്തേക്കുറിച്ചാണെങ്കില്‍ എനിക്കു കുറച്ചെങ്കിലും പഠിക്കാന്‍ സാധിച്ചിട്ടുണ്ട്‌. എന്നാല്‍ എന്‍.ഡി.എഫിനേക്കുറിച്ച്‌ അവരുടെ പത്രത്തില്‍ നിന്നും വെബ്‌‌സൈറ്റില്‍ നിന്നുമല്ലാതെ അറിയാന്‍ വഴികളില്ല. അവരുടെ പ്രവര്‍ത്തകരെ കണ്ടിട്ടുണ്ടെന്നല്ലാതെ മറ്റു പരിചയമില്ല. വേറെ വല്ലവരും - പ്രത്യേകിച്ച്‌ അവരെ എതിര്‍ക്കുന്നവര്‍ - പറയുന്നതു മാത്രം കേട്ടു വിശ്വസിച്ച്‌ എഴുതുന്ന പരിപാടി എന്റെ നിലപാടുകള്‍ക്കു കടകവിരുദ്ധമായതുകൊണ്ടാണ് അതിനു തുനിയാത്തത്‌.

പിന്നെ...രണ്ടുപേരെയും ഒരുപോലെ എതിര്‍ക്കണം - അല്ലാതിരിക്കുവാന്‍ അവകാശമില്ല എന്നൊക്കെ അങ്ങു പ്രഖ്യാപിച്ചു കളഞ്ഞാലോ? അപ്പോള്‍ മാര്‍ക്സിസ്റ്റുകാരുടെ കാര്യമോ? അവരുടെ കാപാലികതയേയും കൊള്ളരുതായ്മകളേയും എതിര്‍ക്കുവാനും അവകാശമില്ല എന്നു വരുമോ എന്തോ?

“ഹിന്ദുതീവ്രവാദം“ എന്നു താങ്കള്‍ വിവക്ഷിച്ച കാര്യത്തേപ്പറ്റി ഒരു പോസ്റ്റ്‌ മനസ്സിലുണ്ട്‌. അത്‌ വായിച്ചാല്‍ താങ്കളുടെ പല ധാരണകളിലും വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിച്ചേക്കാനിടയുണ്ട്‌. സമയം കിട്ടുന്നതു വരെ കാത്തിരിക്കേണ്ടി വരും.

വൈത്തോ:- പിന്നെ - മുഖം മൂടി എന്നു പറഞ്ഞത്‌ എന്താണുദ്ദേശിച്ചത്‌ എന്നു മനസ്സിലായില്ല. മുഖംമൂടിയണിഞ്ഞ്‌ എഴുതിക്കൊണ്ടിരുന്നവരേക്കൂടി ബ്ലോഗു തുടങ്ങാന്‍ പ്രേരിപ്പിക്കുക എന്നതിനു വേണ്ടിയാണ് കമന്റ്സിന്റെ സെറ്റിങ്സ് മാറ്റിയത്‌. പറയി പെറ്റ പന്തിരുകുലത്തേക്കുറിച്ചുള്ള അറിവുകളാണ് എന്നെ അതിനു സഹായിച്ചത്‌. വരരുചി എന്നൊരു ബ്രാഹ്മണനില്‍ പറയിക്കു പെറ്റ മക്കളേപ്പറ്റിയൊക്കെ ഉള്ള കഥ. അന്നത്തെക്കാലത്ത്‌ ടെക്‌‌നോളജിയൊക്കെ ഇത്ര വളര്‍ന്നിരുന്നെങ്കില്‍, പറയിയേപ്പറ്റിയുള്ള വിവരം ബ്രാഹ്മണന്‍ ആദ്യം തന്നെ മനസ്സിലാക്കിയേനെ.

ആ കഥ താങ്കള്‍ക്ക്‌ അറിയാമെന്നെനിക്കറിയാം. കഥ മാത്രമല്ല, അതു ഞാന്‍ എന്തു കൊണ്ടിവിടെ പറയുന്നുവെന്നും. നിങ്ങളെ എന്തുകൊണ്ടോ എനിക്കിഷ്ടമാണ്. എന്റെ ബ്ലോഗിലെ നിത്യ സാന്നിദ്ധ്യത്തിനു നന്ദി. ഞാന്‍ നീട്ടുന്ന കൈകള്‍ക്ക്‌ ഒരു സുഹൃദ്‌സ്പര്‍ശം തരാനാവുമെന്നും അത്‌ ആത്മാര്‍ത്ഥതയോടെയുള്ളതാണെന്നും അറിയുക. നന്ദി.

പുനര്‍ജനിച്ചവന്‍ said...

നകുലേട്ടാ എന്തായാലും ഈ ബ്ലോഗു ഈ മീന്‍ പിടുത്ത കാരന് ഇഷ്ട്ടപ്പെട്ടു :)- ഭാവുകങ്ങള്‍