Wednesday, February 21, 2007

ഗുജറാത്തിലെയും ബംഗാളിലെയും മുസ്ലിം ജീവിതാവസ്ഥകള്‍ - സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില കാണാപ്പുറങ്ങള്‍

രാജ്യത്തെ മുസ്ലിങ്ങളുടെ സാമൂഹ്യ/സാമ്പത്തിക/വിദ്യാഭ്യാസപരമായ അവസ്ഥയേപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി അവതരിപ്പിച്ച റിപ്പോര്‍ട്ടിനെപ്പറ്റി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. മാദ്ധ്യമങ്ങളിലൊന്നും കാണാതിരുന്ന ഒരു ഭാഗം താഴെക്കൊടുത്തിരിക്കുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴില്‍ പ്രാതിനിധ്യം സംബന്ധിച്ചു പറയുന്ന ഭാഗത്തു നിന്നും.

Muslims are better represented in the States of Gujarat and Andhra Pradesh, where their representation exceeds their population share of 9.1 % and 9.2% respectively. Gujarat shows the highest representation of Muslins at about 16% followed by Andhra Pradesh with 12%. In Kerala the share of Muslims, though high at 10.8 %, it is much lower than their population share.

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ നിന്നു നേരിട്ടു പകര്‍ത്തിയതാണിത്‌. അക്ഷരത്തെറ്റു പോലും അതേപടി പകര്‍ത്തിയിട്ടുണ്ട്‌ (‘Muslins‘ instead of Muslims).

'സത്യമേവ ജയതേ' എന്നൊന്നും നിര്‍ബന്ധമില്ല. വല്ലപ്പോഴുമെങ്കിലും അല്‍പം സത്യവും കൂടി ജയതേ! അത്രേയുള്ളൂ.

* * * * * * * * * * * * * * * *

ഗുജറാത്തിനെ സംബന്ധിച്ച എന്തെങ്കിലുമാണു പറയുന്നതെങ്കില്‍, നമ്മുടെ മാദ്ധ്യമങ്ങള്‍ - പ്രത്യേകിച്ച്‌ ഇടതുപക്ഷ മാദ്ധ്യമങ്ങള്‍ - അമിതാവേശം കയറിയിട്ടെന്നപോലെ എഴുതുന്നതു പലപ്പോഴും സത്യം വളച്ചൊടിച്ചതോ അര്‍ദ്ധസത്യമോ ചിലപ്പോള്‍ അസത്യം തന്നെയോ ആണ്‌ എന്ന അനിഷേദ്ധ്യമായ ഒരു സത്യം നിലനില്‍ക്കുന്നുണ്ട്‌. 'രാഷ്ട്രീയത്തില്‍ ഇത്തരം ആക്രമണങ്ങളൊക്കെ സാധാരണമാണ്‌' എന്ന പൊതുബോധം സൃഷ്ടിച്ച നിസ്സംഗഭാവം പതുക്കെപ്പതുക്കെ ഒരു അപകടാവസ്ഥയിലേക്കു പരിണമിക്കുന്നു എന്ന തിരിച്ചറിവാണ്‌ ഈ പോസ്റ്റുകള്‍ പോലെയുള്ളവ എഴുതാന്‍ പ്രേരിപ്പിക്കുന്നത്‌. 'അധികമായാല്‍ അമൃതും വിഷം' എന്നത്‌ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ താഴ്ത്തിക്കെട്ടാനുള്ള ആരോപണങ്ങളെ സംബന്ധിച്ചും ബാധകമാണ്‌. ഈയിടെയായി ആരും എന്തു കുറ്റകൃത്യവും ചെയ്തിട്ട്‌ 'ഇതും ഗുജറാത്തിന്റെ പേരിലാണ്‌ - നിങ്ങള്‍ സഹിച്ചേ തീരു' എന്ന മട്ടിലുള്ള ന്യായീകരണങ്ങള്‍ ഉയര്‍ത്തുന്നതു കാണുമ്പോള്‍ ഏതു രാഷ്ട്രീയബോധത്തിന്റെ പേരിലായാലും ശരി - മിണ്ടാതിരിക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌ എന്നു തോന്നിപ്പോകുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌, ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിനിനു തീപിടിച്ച്‌ അറുപതോളം പേര്‍ വെന്തുമരിച്ചതിനേത്തുടര്‍ന്ന്‌ അവിടെയും ചില സമീപ നഗരങ്ങളിലും കലാപമുണ്ടായി എന്നത്‌ ദു:ഖകരമായ യാഥാര്‍ത്ഥ്യമാണ്‌. കൊല്ലപ്പെട്ടവരില്‍ എണ്‍പതു ശതമാനത്തോളവും മുസ്ലീങ്ങളായിരുന്നു (ആ കലാപത്തേക്കുറിച്ചുള്ള എന്റെ ചിന്തകള്‍ മറ്റൊരു പോസ്റ്റിലൂടെ അവതരിപ്പിക്കുന്നതാണ്‌. ഈ പോസ്റ്റ്‌ അതിനെ സംബന്ധിക്കുന്നതല്ല.). ആ കലാപത്തെ നിസ്സാരവല്‍ക്കരിച്ചതുകൊണ്ട്‌ ആര്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. പ്രതിഷേധങ്ങളും പ്രതിരോധ ചര്‍ച്ചകളും ഉയര്‍ന്നേ തീരൂ. എന്നാല്‍, പ്രതികരണങ്ങളുടെ ഇന്നത്തെരീതി കാണുമ്പോള്‍ ഒരുകാര്യം പറയാതെ വയ്യ. ഭാരതത്തെയാകമാനം വേദനിപ്പിച്ച, മറ്റനവധി കലാപങ്ങളില്‍ ഒന്നിനേക്കുറിച്ചും - ആറായിരത്തോളം സിഖുകാര്‍ (സിഖുകാര്‍ മാത്രം!)അരുംകൊല ചെയ്യപ്പെട്ട സിഖുവിരുദ്ധ കലാപത്തേക്കുറിച്ചുപോലും - ഒരക്ഷരം പോലും ഉരിയാടാനില്ലാത്തവര്‍ ഗുജറാത്തിനേക്കുറിച്ചുള്ള ഭര്‍ത്സനങ്ങള്‍ മാത്രം ഇപ്പോഴും ആഘോഷപൂര്‍വ്വം തുടരുന്നുവെങ്കില്‍, അതിനു പിന്നിലൊരു രാഷ്ട്രീയമുണ്ട്‌ എന്നു തിരിച്ചറിയാന്‍ ഒരുവന്‌ 'ഫാസിസ്റ്റ്‌ ചിന്താഗതി'യൊന്നുമുണ്ടായിരിക്കേണ്ടതില്ല. ഒരല്‍പമെങ്കിലും സാമാന്യബോധം ധാരാളം മതിയാവും. ഒരു സംഘടനയേയോ അല്ലെങ്കില്‍ രാഷ്ട്രീയ കക്ഷിയേയോ ഏകപക്ഷീയമായി കുറ്റപ്പെടുത്തി മുതലെടുക്കാന്‍ ശ്രമിക്കുക എന്നതില്‍ നിന്ന്‌, ഒരു സംസ്ഥാനത്തെ തന്നെ മൊത്തത്തില്‍ ഒറ്റപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്യുക എന്ന അപകടകരമായ നിലയിലേക്ക്‌ ആരോപണങ്ങള്‍ വളരുന്നുവെങ്കില്‍, അല്‍പമെങ്കിലും യാഥാര്‍ത്ഥ്യബോധം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്‌ നിശ്ശബ്ദരായിത്തുടരാനാവില്ല.

'ഗുജറാത്തില്‍ മുസ്ലീങ്ങളെ പൊതുധാരയില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നു - അവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു - അവരെ വിദ്യാഭ്യാസ രംഗത്തുനിന്നും സര്‍ക്കാര്‍ ജോലികളില്‍ നിന്നും വര്‍ഷങ്ങളായി ഒഴിച്ചു നിര്‍ത്തുകയാണ്‌ ' എന്നൊക്കെ നിരന്തരം എഴുതിവിടുന്നത്‌ വായിച്ചു വായിച്ച്‌ നമ്മുടെയൊക്കെ മനസ്സില്‍ ഗുജറാത്തി മുസ്ലീങ്ങളേക്കുറിച്ച്‌ തെളിയുന്ന ചിത്രം അതിദയനീയവും ഭീകരവുമായിത്തീര്‍ന്നിട്ടുണ്ട്‌. "എന്നാലും അത്രയ്ക്കൊക്കെയുണ്ടോ?" എന്ന്‌ ആരും ചോദിച്ചുപോകുന്ന മട്ടില്‍ പ്രചാരണം വളരുമ്പോഴും, ചെറുത്തുനില്‍പ്പുകളെല്ലാം മാദ്ധ്യമശക്തിക്കു മുന്‍പില്‍പെട്ട്‌ വളരെ ദുര്‍ബലമാക്കപ്പെടുന്നുണ്ട്‌. ("ഫെഗ്മ' (FEderation of Gujarath Malayali Association) പോലെയുള്ള സംഘടനകള്‍ ഇടയ്ക്കിടെ നടത്തുന്ന ചില വെളിപ്പെടുത്തലുകളടക്കം.)

അതിതീവ്രമായ ഗുജറാത്ത്‌ വിരോധവും മുസ്ലിം അനുകൂല-പ്രീണന ഭാവങ്ങളും ഇടതുപക്ഷമാദ്ധ്യമങ്ങളില്‍ നിരന്തരം ദര്‍ശിക്കുന്നവര്‍ സ്വാഭാവികമായും ബംഗാളിലെ മുസ്ലീങ്ങളുടെ സ്ഥിതിയേക്കുറിച്ചും ആലോചിച്ചുപോകും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു വിലയിരുത്തല്‍ നടത്തിയാല്‍, രണ്ടുകാര്യങ്ങള്‍ വ്യക്തമാകും. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച്‌ ഗുജറാത്തില്‍ മുസ്ലീങ്ങളുടെ ജീവിതാവസ്ഥ വളരെ ഭേദമാണെന്നതാണ്‌ ഒന്ന്‌. ദശകങ്ങളായി ഇടതുഭരണത്തിന്‍ കീഴിലിരിക്കുന്നതും ജനസംഖ്യയുടെ കാല്‍ ഭാഗത്തോളം മുസ്ലീങ്ങള്‍ ഉള്ളതുമായ ബംഗാള്‍ ഭൂരിഭാഗം കാര്യങ്ങളിലും റേറ്റിങ്ങില്‍ വളരെ വളരെ പുറകിലും ചില കാര്യങ്ങളില്‍ ഏറ്റവും പുറകിലും ആണെന്നതാണ്‌ രണ്ടാമത്തേത്‌.

പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴില്‍ പ്രാതിനിധ്യം സംബന്ധിച്ചു പറയുന്ന ഭാഗത്തു കൊടുത്തിരിക്കുന്ന കണക്കുകളില്‍ നിന്നും ഗുജറാത്തും ബംഗാളും കേരളവുമൊക്കെ എവിടെ നില്‍ക്കുന്നു എന്നു കാണിക്കുന്ന ഒരു ചാര്‍ട്ട്‌ ഉണ്ടാക്കിയത്‌ താഴെക്കൊടുത്തിരിക്കുന്നു.
ഇതില്‍, ഗുജറാത്തിമുസ്ലീങ്ങളുടെ നേട്ടം അസൂയാവഹം തന്നെയാണെന്നു കാണാം. പലപ്പോഴും പ്രാതിനിധ്യശതമാനം ജനസംഖ്യാശതമാനത്തേക്കാളും മുകളിലാണ്‌ (ജനസംഖ്യാനുപാതിക പ്രാതിനിധ്യശതമാനം നൂറിനുമുകളില്‍!). ഗുജറാത്തില്‍ മുസ്ലിം ജനസംഖ്യ പത്തുശതമാനത്തിനടുത്തേയുള്ളൂ - ബംഗാളില്‍ അത്‌ 25-നു മുകളിലാണ്‌ - അതുകൊണ്ടാണ്‌ കണക്കില്‍ ഇത്ര വ്യത്യാസം എന്നു വാദിച്ചേക്കാവുന്നവരെ നിരാശപ്പെടുത്തുന്ന ഒരു കാര്യമുണ്ട്‌. ജനസംഖ്യാശതമാനം പരിഗണിക്കാതെ, തൊഴില്‍പ്രാതിനിധ്യശതമാനം മാത്രം പരിഗണിച്ച്‌ താരതമ്യം ചെയ്താല്‍ പോലും ഗുജറാത്ത്‌ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ മുമ്പിലാണ്‌!! വിശദവിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒരു സംഗ്രഹം കൊടുക്കാനോ, ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്ക്‌ യാതൊരു പ്രശ്നവുമില്ല എന്നു വരുത്തിത്തീര്‍ക്കാനോ ഒന്നുമുള്ള ഒരു ശ്രമമല്ല ഇത്‌. തൊഴില്‍പ്രാതിനിധ്യം കൊണ്ട്‌ എല്ലാമായി എന്നും പറഞ്ഞുവയ്ക്കുന്നില്ല. അന്ധമായ ഗുജറാത്ത്‌ വിരുദ്ധ ആരോപണങ്ങളിലെ കാപട്യം ചെറുതായൊന്നു ചൂണ്ടിക്കാണിക്കുക മാത്രമാണു ലക്ഷ്യം. അതുകൊണ്ടു തന്നെ, ഗുജറാത്ത്‌ ഏറ്റവും മുന്നില്‍ വന്നതും ബംഗാള്‍ വളരെയേറെ പിന്നിലായതുമായ കാര്യങ്ങളില്‍ ഒന്ന്‌ - അതും തൊഴില്‍പരമായ പ്രാതിനിധ്യത്തിന്റെ കാര്യം (ഇടതുകക്ഷികളെ സംബന്ധിച്ചിടത്തോളം പ്രാധാന്യം ഉണ്ടായിരിക്കേണ്ടത്‌) ആയതുകൊണ്ടും കൂടി - ഇവിടെ സൂചിപ്പിച്ചുവെന്നേയുള്ളൂ.


ഏതെങ്കിലുമൊരു രാഷ്ട്രീയനേതാവു വിചാരിച്ചാല്‍ ഒരു സമുദായത്തെ മൊത്തം ഉദ്ധരിക്കാനാവുമെന്നോ അല്ലെങ്കില്‍ ഒരു നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ കഴിയുമെന്നോ വിചാരിക്കാനുള്ള മൗഡ്യമൊന്നും എനിക്കില്ല. ബംഗാളിനെ താഴ്ത്തിക്കെട്ടിയിട്ടോ ഗുജറാത്തിനെ പൊക്കിപ്പിടിച്ചിട്ടോ എനിക്കൊന്നും നേടാനുമില്ല. പക്ഷേ കാപട്യങ്ങളും വഞ്ചനാപരമായ കൂസിസവും കണ്ടുകൊണ്ട്‌ പ്രതികരിക്കാതെയിരിക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌. അതുകൊണ്ട്‌ എഴുതിയെന്നേയുള്ളൂ. 'ഒരുപാടുകാലം ഒരുപാടുപേരെ ഒരുപോലെ കബളിപ്പിക്കാമെന്നു കരുതരുത്‌ - ചിന്താശേഷി നഷ്ടപ്പെടാത്തവരായി കുറച്ചു പേരെങ്കിലും അവശേഷിക്കുന്നുണ്ട്‌ - അവരില്‍ത്തന്നെ കുറച്ചുപേര്‍ക്ക്‌ പ്രതികരണശേഷിയും നഷ്ടപ്പെട്ടിട്ടില്ല - എന്നൊക്കെ ഒന്ന്‌ ഓര്‍മ്മിപ്പിക്കുക എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. ഉദ്ദേശശുദ്ധിക്ക്‌ അതിന്റെ വിലകിട്ടുമെന്നു കരുതുന്നു.


* * * * * * * * * * * * * * * *


സച്ചാര്‍ റിപ്പോര്‍ട്ടിലെ ചില 'അറിയപ്പെടാത്ത രഹസ്യങ്ങള്‍' കൂടി താഴെ.


* Attention of the Committee was drawn to the issue of Muslim concentration assembly constituencies being declared as ‘reserved’ constituencies where only SC candidates can contest elections. By this move, it was argued that Muslims are being systematically denied political participation. While the Committee could not look into the issue of voter lists, an effort was made to ascertain the facts on the issue of reserved constituencies. Our analysis relating to the reserved constituencies for the SC candidates in three states of Uttar Pradesh, Bihar and West Bengal suggests that there is truth in the allegation above.


* The poor performance of Muslims is also observed in almost all the states, particularly in West Bengal and Uttar Pradesh. In these two states, the mean years of schooling (MYS) among Muslim children is the lowest among all socio religious categories.


* The MYS of Muslims is lowest in States like West Bengal, Uttar Pradesh, Assam, Uttaranchal and Delhi. On the other hand, Muslim children remain in schools for a longer period than SCs/STs in states like Kerala, Bihar, Jharkhand, Karnataka, Maharashtra, Andhra Pradesh and Gujarat.


* West Bengal and Assam stand out in this respect; where the poverty among Muslims is very high in rural areas.


* The state which shows somewhat lower gap between amount outstanding per account of Muslims and Other Minorities is Kerala; the differentials are very high in West Bengal and Uttar Pradesh.


* Educational facilities: More than 1000 Muslim-concentration villages in WestBengal and Bihar do not have any educational institutions.


* * * * * * * * * * * * * * * *


സച്ചാര്‍ കമ്മിറ്റി ഗുജറാത്തില്‍ നിന്ന്‌ വിവരങ്ങള്‍ സമാഹരിച്ചതിനേക്കുറിച്ചു വന്ന ചില പത്രവാര്‍ത്തകളില്‍ നിന്നുമായി ശേഖരിച്ച ചില നുറുങ്ങുകള്‍ താഴെ.


* ഗുജറാത്തില്‍ മുസ്ലീങ്ങളുടെ സാക്ഷരത 73.6% ആണ്‌. ഹിന്ദുക്കളുടേത്‌ 68.3% മാത്രം.


* പൊതുമേഖലാസ്ഥാപനങ്ങളിലല്ലാതെ നേരിട്ടുള്ള മറ്റു സര്‍ക്കാര്‍ ജോലികളില്‍ 7.3% മുസ്ലീങ്ങള്‍ക്കു ലഭിക്കുന്നു. (ജനസംഖ്യാ ശതമാനം 9.1)


* 4.5% ടീച്ചര്‍മാരും മുസ്ലിം സമൂഹത്തില്‍ നിന്ന്‌


* 40 മുസ്ലിം ഉപജാതികള്‍ക്ക്‌ സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നു


* 500 കോടി രൂപയുടെ പ്രോജക്ടാണ്‌ പട്ടം നിര്‍മ്മാണ വ്യവസായത്തിനായി രൂപപ്പെടുത്തിയിരിക്കുന്നത്‌. ദാരിദ്രരേഖയ്ക്കു താഴെക്കഴിയുന്ന മുസ്ലീങ്ങളില്‍ 90 ശതമാനവും ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരായതു കൊണ്ട്‌ പ്രോജക്റ്റിന്റെ പ്രധാന ഗുണഭോക്താക്കള്‍ അവരാണ്‌.


* പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള ‘ Kanya Kelavani Nidhi ' പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളും മുസ്ലിം പെണ്‍കുട്ടികളാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇതില്‍ ഏതൊക്കെ അന്തിമറിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്‌ - ഏതെങ്കിലും തമസ്ക്കരിക്കപ്പെട്ടുവോ - എന്നൊക്കെ അറിയാന്‍ മാത്രം സൂക്ഷ്മമായി റിപ്പോര്‍ട്ട്‌ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.


ഉയര്‍ന്ന സാക്ഷരതാ നിരക്കിനേക്കുറിച്ച്‌ കമ്മിറ്റിയിലെ ഒരു അംഗം ഇങ്ങനെ അഭിപ്രായപ്പെട്ടുവത്രേ. 'വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനേക്കുറിച്ച്‌ കണക്കുകളില്ല. ഇത്‌ മുസ്ലിം വിദ്യാര്‍ത്ഥികളില്‍ കൂടുതലാണെന്നതു പരിഗണിക്കുമ്പോള്‍, ആ വിവരവും കൂടി ശേഖരിക്കേണ്ടതായിരുന്നു'


സംസ്ഥാനത്തു നടക്കുന്ന സകലകാര്യങ്ങളിലും ജാതിയും മതവും തിരിച്ചുള്ള കണക്കുകള്‍ സൂക്ഷിക്കാന്‍ കഴിയാതിരുന്നതിലെ നിസ്സഹായത ഗുജറാത്ത്‌ ഗവണ്മെന്റ്‌ പ്രതിനിധികള്‍ വെളിപ്പെടുത്തിയത്രേ. അത്‌ ഒരു മതേതരഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഭൂഷണമാണോ അല്ലയോ - അത്‌ നരേന്ദ്രമോഡിക്കെതിരെ ഉപയോഗിക്കാവുന്ന മറ്റൊരായുധമാണോ - എന്നൊക്കെയുള്ളത്‌ ഒരു വലിയ ചര്‍ച്ചയ്ക്ക്‌ വഴിതുറന്നേക്കാവുന്നതാണ്‌. എനിക്ക്‌ ആ ചര്‍ച്ചകളില്‍ നിന്ന്‌ വിട്ടു നില്‍ക്കാനാണു താല്‍പര്യം.


* * * * * * * * * * * * * * * *


ഒരു കാര്യം കൂടി പരാമര്‍ശിച്ചു നിര്‍ത്താം. സച്ചാര്‍ കമ്മിറ്റിയുമായുള്ള അഭിമുഖത്തേപ്പറ്റി നരേന്ദ്ര മോഡി മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞുവെന്നു പറയപ്പെടുന്ന ഒന്ന്‌.


"They asked me - 'what do you do for Muslims?' I said 'I do nothing. Please write my words down carefully, I do nothing for Muslims or for Hindus. Whatever I do, I do for 50 million Gujaratis'."


'വരണ്ടു കിടന്ന സബര്‍മതിയിലേക്ക്‌ ഗുജറാത്തിലെ കര്‍ഷകര്‍ക്കു വേണ്ടി താന്‍ നര്‍മ്മദ നദിയെ എത്തിച്ചു. പക്ഷേ തനിക്ക്‌ ആശങ്കയുണ്ട്‌ - അവിടെയും കണക്കു പറയേണ്ടിവരുമോ - അതില്‍ എത്ര മാത്രം വെള്ളം ഹിന്ദുക്കള്‍ക്കും എത്ര മുസ്ലീങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്ന്‌ ' - ഇങ്ങനെയും കൂടി പറഞ്ഞുവത്രേ മോഡി!


മുമ്പേ തന്നെ പറഞ്ഞല്ലോ - എനിക്കതില്‍ അഭിപ്രായമൊന്നുമില്ല. മതേതരത്വം നിര്‍വചിക്കുന്നതും അതേക്കുറിച്ചു ചര്‍ച്ചകള്‍ നടത്തുന്നതും തീര്‍ച്ചയായും അല്‍പം ശ്രമകരം തന്നെയാണ്‌.


** ** ** ** ** ** ** ** ** ** **