Tuesday, May 08, 2007

പ്രത്യയശാസ്ത്രാഭിമുഖ്യം പ്രതിക്കൂട്ടില്‍?

നരേന്ദ്രമോഡിയുടെ പ്രസംഗം ആയിരുന്നു ഇതിനു തൊട്ടു മുമ്പത്തെ പോസ്റ്റ്‌. അത്‌ പകര്‍ത്തിയപ്പോള്‍, ചിലതൊക്കെ ഒളിപ്പിക്കാനെന്നോണം ഞാന്‍ മനപൂര്‍വ്വം ചില കൃത്രിമങ്ങള്‍ കാട്ടി എന്ന്‌ പ്രമോദ്‌ എന്നൊരു യുവബ്ലോഗര്‍ ആരോപിച്ചതിനുള്ള മറുപടിയാണിത്‌.

>> പ്രമോദ്‌ :- കൂടുതല്‍ ആരവങ്ങള്‍ കിട്ടിയത്‌ ഏതു വാക്കുകള്‍ക്കാണെന്ന്‌ താങ്കള്‍ കേട്ടതേ ഇല്ല. നന്നായിരിക്കുന്നു നകുലേട്ടാ. നന്നായിരിക്കുന്നു. അങ്ങനെ തന്നെ വേണം. മര്‍മ്മപ്രധാനമായ കാര്യങ്ങള്‍ വിഴുങ്ങണം. അങ്ങനെ മാത്രമേ (ഹിന്ദു വര്‍ഗ്ഗീയതയുടെ) ചൂട്ട്‌ കെടാതെ പിടിക്കാന്‍ പറ്റൂ. <<

അനിയാ,
കുറേക്കൂടി ചെറുപ്പമായിരുന്നപ്പോഴത്തെ എന്റെ അപക്വചിന്തകള്‍ ഓര്‍ക്കാനിടയായതുകൊണ്ട്‌ അങ്ങനെ തന്നെ വിളിച്ച്‌ അഭിസംബോധന ചെയ്ത്‌ സ്നേഹപൂര്‍വ്വം ഉപദേശിക്കാനാണു തോന്നുന്നത്‌. അനിയന്റെ കമ്യൂണിസ്റ്റ്‌ ആഭിമുഖ്യം വ്യക്തമാണിവിടെ. അല്‍പം സമയമെടുത്ത്‌ ക്ഷമാപൂര്‍വ്വം ആലോചിക്കു നോക്കൂ - ഇത്തരം കമന്റുകള്‍ സ്വന്തം പ്രസ്ഥാനത്തെ എത്രമാത്രം അപകീര്‍ത്തിപ്പെടുത്തുകയില്ല എന്ന്‌.

അനിയന്‍ എന്റെ ആത്മാര്‍ത്ഥതയേയും സത്യസന്ധതയേയുമാണ്‌ ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്‌. പരിഭാഷകന്റെ ശബ്ദം അതേപടിയെന്നതുപോലെ, ചെറിയ മൂളലുകളും നിര്‍ത്തലും ശ്വാസവ്യതിയാനങ്ങളുമടക്കം ക്ഷമാപൂര്‍വ്വം പകര്‍ത്തിയെഴുതി വളരെ മര്യാദാപൂര്‍വ്വം ഞാന്‍ അവതരിപ്പിച്ചപ്പോള്‍ ആരോപിക്കുന്നു - ഞാന്‍ ഏതൊക്കെയോ കാതലായ ഭാഗം വിട്ടുകളഞ്ഞു എന്ന്‌! 15MB ഉള്ള ഒരു '.WAV' ഫയല്‍ അയച്ചുതരുവാനുള്ള മാര്‍ഗ്ഗമൊരുക്കിത്തരുകയാണെങ്കില്‍ ഞാന്‍ പ്രസംഗം അയച്ചു തരാം. കേട്ടുനോക്കിയിട്ട്‌ എവിടെയെങ്കിലും ഞാന്‍ പിഴവു വരുത്തിയിട്ടുണ്ടെങ്കില്‍ ലോകത്തോട്‌ അത്‌ വിളിച്ചു പറയുക. എന്റെ എഴുത്ത്‌ അന്നവസാനിപ്പിക്കാമെന്നു ഞാന്‍ വാക്കു തരുന്നു. കേള്‍ക്കാന്‍ പറ്റാതായ ഭാഗം മനസ്സിലായെങ്കില്‍ അതും പറഞ്ഞു തരിക. എനിക്കും അതറിയാന്‍ താല്‍പര്യമുണ്ട്‌. പരമാവധി അഞ്ചോ ആറോ വാക്കുകളേ മുറിഞ്ഞിട്ടുണ്ടാവൂ എങ്കിലും!

ഇത്‌ അന്ധമായ ഒരു വിശ്വാസത്തിന്റെ പ്രശ്നമാണ്‌. അനിയന്‍ വേദിക്കരികിലിരുന്ന്‌ ആ പ്രസംഗം കേട്ടിരുന്നുവെങ്കില്‍കൂടി വിശ്വസിക്കുമായിരുന്നില്ല എന്നു തോന്നുന്നു. മൈക്കു സെറ്റുകാര്‍ എന്തൊക്കെയോ കൃത്രിമം കാണിച്ചതുകൊണ്ട്‌ അവിടെ യഥാര്‍ത്ഥത്തില്‍ പറഞ്ഞതുപോലെയല്ല സ്പീക്കറിലൂടെ പുറത്തുവന്നത്‌ എന്നോ മറ്റോ ശാഠ്യം പിടിച്ചേനെ! ഇത്തരം ദു:ശ്ശാഠ്യങ്ങള്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കു വലിയ നാണക്കേടുണ്ടാക്കാറുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ തിമിരം - വരട്ടുവാദം മുതലായ പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്‌ ഇത്തരം കടുംപിടുത്തങ്ങളില്‍ നിന്നാണ്‌. അനിയന്‍ ഒരു പ്രസ്ഥാനസ്നേഹിയാണെങ്കില്‍, അതില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കുക.

ഏതോ രണ്ടു മൂന്നു വാചകങ്ങളിലായി അഞ്ചോ ആറോ വാക്കുകള്‍ നഷ്ടപ്പെട്ടുവെന്നു വച്ച്‌ ഈ പ്രസംഗത്തില്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അവിടെ, ആ ചുരുങ്ങിയ ഭാഗത്ത്‌ എന്തായിരിക്കും കടന്നു വന്നിട്ടുണ്ടാകുക? എന്താണ്‌ അനിയനവിടെ പ്രതീക്ഷിക്കുന്നത്‌? എന്താവും ഞാനവിടെ ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവുക? കഷ്ടം! എത്രയൊക്കെ തെളിവുകള്‍ അവതരിപ്പിച്ചാലും ശരി തങ്ങളുടെ ചില 'തോന്നലുക'ളില്‍ നിന്നും നിലപാടുകളില്‍ നിന്നും അണുവിട വ്യതിചലിച്ച്‌ ഒരു വിട്ടുവീഴ്ചയ്ക്ക്‌ ഒരുക്കമല്ല എന്ന പതിവു കടുംപിടുത്തം തന്നെയല്ലാതെ മറ്റൊന്നുമല്ല ഇതും.

>> പ്രമോദ്‌ :- തന്ന ലിങ്ക്‌ വായിച്ചു നോക്കി. മുഴുവന്‍ വായിക്കാന്‍ തോന്നിയില്ല. സങ്കല്‍പത്തില്‍ നിന്നും കുറെ ഉണ്ണിപ്പിള്ളകളെ പിടിച്ച്‌ താന്തോന്നിത്തം പറയിക്കുന്ന... <<

നാം ഉണ്ണിപ്പിള്ള'കളെ' പിടിക്കുകയല്ല - ഉണ്ണിപ്പിള്ളമാര്‍ നമ്മെ കടന്നു പിടിച്ച്‌ മനസ്സിനെ ഉലച്ചുകളയുന്ന ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്‌ അനിയാ.

ഉണ്ണിപ്പിള്ള ഒരു സാങ്കല്‍പിക കഥാപാത്രമാണ്‌. പക്ഷേ ഇന്നു കേരളത്തില്‍ അത്തരത്തില്‍ ആയിരക്കണക്കിന്‌ ഉണ്ണിപ്പിള്ളമാരുണ്ട്‌. ഇല്ലെന്നാണു വാദമെങ്കില്‍, അനിയന്‌ കണ്ണൂര്‍ ജില്ല വിട്ട്‌ അധികം സ്ഥലങ്ങളില്‍ ജനവികാരങ്ങളറിഞ്ഞ്‌ ഒരു സാധാരണക്കാരനായി ജീവിക്കാനവസരം ലഭിക്കാഞ്ഞതുകൊണ്ടാവും. ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സകല കാര്യങ്ങളും ഇവിടെ കേരളത്തില്‍, ഞങ്ങളുടെ കണ്മുന്നില്‍ ന്മടന്ന കാര്യങ്ങളുമാണ്‌.

"അതൊക്കെ താന്തോന്നിത്തമാണ്‌" എന്ന്‌ അനിയന്‍ ധാര്‍ഷ്ട്യത്തോടെ പറയുന്നത്‌ ഇടതുപക്ഷപ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താറുള്ള മറ്റൊരു ആരോപണത്തിനു ബലം വയ്പ്പിക്കുന്നേയുള്ളൂ. 'കമ്മ്യൂണിസ്റ്റുകാര്‍ പൊതുവേ വിമര്‍ശനങ്ങളോട്‌ കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്നവരാണ്‌' എന്നതാണത്‌. മുമ്പു പറഞ്ഞതുപോലെ, പ്രസ്ഥാനത്തെ സ്നേഹിക്കുന്നുവെങ്കില്‍, ഇത്തരം അപക്വ പ്രയോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുക.

>> പ്രമോദ്‌ :- ഒരു പാര്‍ട്ടി സെക്രട്ടറി അങ്ങനെ പറയുമെന്നു തോന്നുന്നില്ല. ഏതു പത്രത്തില്‍ എന്നു കൂടി പറ. <<

പ്രസംഗിച്ച ആള്‍ - പിണറായി വിജയന്‍
റിപ്പോര്‍ട്ടു വന്ന പത്രം - ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്‌
(മറ്റു പലതിലും വന്നിരിക്കണം. ഞാന്‍ വായിച്ചത്‌ അതിലാണ്‌)

പത്രലേഖകന്‍ വളച്ചൊടിച്ചതായിരിക്കുമോ എന്ന അനിയന്റെ സംശയം സ്വാഭാവികമാണ്‌. അതും ഞാന്‍ ആ പോസ്റ്റില്‍ ഒരു വാചകത്തിലൂടെ പറഞ്ഞിട്ടില്ലേ എന്നു നോക്കുക. കണ്ണുമടച്ച്‌ ഒരു വ്യക്തിഹത്യക്കോ മറ്റോ മുതിരുന്നതിനു പകരം സത്യസന്ധമായി, വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അത്‌ തന്റെ താല്‍പര്യങ്ങള്‍ക്കെതിരാണെന്നു തോന്നുന്നെങ്കില്‍, അതേ സത്യസന്ധതയോടെ അതിനെ നേരിടാനുള്ള കരുത്തും ഹൃദയവിശാലതയും ആര്‍ജ്ജിച്ചെടുക്കാന്‍ അനിയനു കഴിയട്ടെ.

പൊതുവായ രണ്ടുമൂന്നു ഉപദേശം കൂടി തന്നുകൊള്ളട്ടെ. നേതാക്കളെ അന്ധമായി അനുകൂലിക്കുന്ന - അവര്‍ എന്തു ചെയ്താലും പറഞ്ഞാലും ശരിയെന്നു വിശ്വസിക്കുന്ന - അണികളെ സൃഷ്ടിച്ചെടുക്കുന്നത്‌ ഏതൊരു പ്രസ്ഥാനത്തേയും ആദ്യത്തെ കുറച്ചുകാലമേ സഹായിക്കു. കാലാന്തരത്തില്‍ അത്‌ മൂല്യച്യുതിയിലേക്കും അതുവഴി തകര്‍ച്ചയിലേക്കും നയിക്കും. നേതാക്കന്മാര്‍ ചോദ്യം ചെയ്യപ്പെടുകയേയില്ല എന്നു വന്നാല്‍ ഏതൊരു പ്രസ്ഥാനമാണ്‌ തളരാത്തത്‌? വ്യക്തിപരമായി നോക്കിയാലും, ആരെയെങ്കിലും അന്ധമായി വിശ്വസിക്കുന്നത്‌ നമുക്കു നല്ലതല്ല. അതു നമ്മെ അപകടങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കും.

മറ്റുള്ളവരും അങ്ങനെയായിരിക്കും എന്നു കരുതുന്നതും തെറ്റാണ്‌. അനിയന്‍ പിണറായിയേയും മറ്റും അന്ധമായി അനുകൂലിക്കുന്നുണ്ടാവുമെന്നതുപോലെ, ഞാന്‍ എന്തിനും ഏതിനും മോഡിയേയും കണ്ണുമടച്ച്‌ അനുകൂലിച്ചേക്കും എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ്‌ നിങ്ങളില്‍ പലരുടേയും കമന്റുകള്‍ വരുന്നത്‌. മോഡിക്കെതിരേയുള്ള ആരോപണങ്ങളുപയോഗിച്ചുകൊണ്ട്‌, ഞാന്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങളേയും വിമര്‍ശനങ്ങളേയും നേരിടാമെന്ന ചിന്ത! അബദ്ധമാണത്‌. മാനസികാടിമത്തങ്ങളില്‍ നിന്ന്‌ മോചനം നേടിയൊരാള്‍ക്ക്‌ അതൊക്കെ വലിയ തമാശകളായാണ്‌ അനുഭവപ്പെടുക. അതുകൊണ്ടാണ്‌ നിങ്ങളുടെ പലരുടെയും ഭര്‍ത്സനങ്ങളേറ്റ്‌ മാനസികമായി തെല്ലും തളരാതെ എനിക്കു നിങ്ങളോടു വിണ്ടും പുഞ്ചിരിച്ചു കൊണ്ടു സംസാരിക്കാനാവുന്നത്‌.

ഇക്കഴിഞ്ഞ ലക്കം 'ഭാഷാപോഷിണി'യില്‍ സക്കറിയയുടേതായ ഒരു ലേഖനമുണ്ട്‌. ഇടതുപക്ഷത്തിന്റെ അപചയം പല മികച്ച എഴുത്തുകാരെയും സംഘപരിവാര്‍ അനുകൂലികളാക്കി എന്നദ്ദേഹം അതില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അക്കിത്തം ഒരു അഭിമുഖത്തില്‍ താനൊരു ആര്‍. എസ്‌. എസ്‌. കാരനാണെന്നതില്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞതിലും അദ്ദേഹം വല്ലാതെ കുണ്ഠിതപ്പെട്ടു കാണുന്നു. എല്ലാവരുടെയും പൊന്നോമനയായ കുഞ്ഞുണ്ണിയേപ്പോലും പട്ടാപ്പകല്‍ പിടിച്ചെടുത്തു കളഞ്ഞു (!) എന്നുമുണ്ടായിരുന്നു പരാമര്‍ശം. പതിവനുസരിച്ച്‌ ഒ.വി.വിജയനേയും ആനന്ദിനേയുമൊന്നും സ്പര്‍ശിച്ചുകണ്ടില്ല. എന്തായാലും ഇവരെയൊന്നും കൂടാതെ അറിയപ്പെടാതെ കാണാപ്പുറത്തു കിടക്കുന്ന എത്ര എഴുത്തുകാര്‍ ഇത്തരം വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നുണ്ട്‌ എന്ന്‌ സക്കറിയയ്ക്ക്‌ അറിവുണ്ടാകുമെന്നു തോന്നുന്നില്ല.

എന്തുകൊണ്ടാണ്‌ താന്‍ കമ്മ്യൂണിസം ഉപേക്ഷിച്ചത്‌ എന്ന്‌ അക്കിത്തം ഈയിടെ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കിയത്‌ സക്കറിയയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അതേ വ്യാകുലതകള്‍ പങ്കുവയ്ക്കുന്ന ആരെങ്കിലുമോ ശ്രദ്ധിച്ചിരുന്നോ എന്തോ? ഇടതുപക്ഷം വിട്ടിട്ട്‌ പക്ഷരഹിതനായി നില്‍ക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും പക്ഷം സ്വീകരിക്കുകയോ ചെയ്യാതെ ഹിന്ദുത്വ ആദര്‍ശങ്ങളില്‍ ചെന്നു ചേരുന്നെങ്കില്‍ അത്‌ ഒന്നും കാണാതെയാവുമോ എന്നും സക്കറിയയും മറ്റും ആലോചിച്ചിട്ടുണ്ടാവുമോ എന്തോ? എന്തായാലും അനിയന്‌ ഇടതുപക്ഷപ്രസ്ഥാനങ്ങളോട്‌ എന്തെങ്കിലും സ്നേഹമുണ്ടെങ്കില്‍, തിരിച്ച്‌ നാട്ടിലെത്തിയതിനു ശേഷം, തുറന്ന മനസ്സോടെ ഇതിന്റെയെല്ലാം പിന്നില്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക.

വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാന്‍ വളരെയെളുപ്പമാണ്. എന്നാല്‍, ചിന്തിക്കുക - മനസ്സിലാക്കുക - ജനങ്ങള്‍ക്കിടയില്‍ അവരുടെ മനസ്സറിഞ്ഞ്‌ പ്രവര്‍ത്തിക്കുക - ഇതൊക്കെ നമ്മള്‍ കരുതുന്നതിലും അങ്ങേയറ്റം വെല്ലുവിളികള്‍ നിറഞ്ഞതാണ്.

വളരെക്കാലം മുമ്പ്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ജനമനസ്സുകള്‍ വായിക്കാന്‍ നന്നായി കഴിഞ്ഞിരുന്നു. ഇന്നാ കഴിവു നഷ്ടപ്പെട്ടിട്ടുണ്ട്‌. മോഡിയെ പൂര്‍ണ്ണമായി പരാജയപ്പെടുത്തണം എന്നാണെങ്കില്‍, ഇത്രയും ആരോപണങ്ങള്‍ക്കിടയിലും ആളുകള്‍ മുഴുവന്‍ എന്തുകൊണ്ട്‌ അദ്ദേഹത്തെ കണ്ണുമടച്ച്‌ എതിര്‍ക്കുന്നില്ല എന്ന്‌ ആദ്യം കണ്ടെത്തുവാന്‍ ശ്രമിക്കൂ. പ്രസംഗത്തിന്റെ പോസ്റ്റില്‍ കൊടുത്തിരുന്ന ചിത്രം കണ്ടിരുന്നില്ലേ? അവിടെ തടിച്ചു കൂടിയ ജനങ്ങളുടെ വളരെ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ അത്‌. ഏറ്റവും പിറകില്‍ നിന്നിരുന്നെങ്കില്‍, വിശാലമായ വേദി ഒരു വിദൂരക്കാഴ്ച മാത്രമായിരുന്നു. വടിയും കുത്തിപ്പിടിച്ചു വന്ന അമ്മൂമ്മമാരേയും കുഞ്ഞിനെ ഒക്കത്തേന്തിയ അമ്മമാരേയും ഞാനവിടെ കണ്ടു. അവരൊന്നും ന്യൂനപക്ഷങ്ങളേയോ ഭുരിപക്ഷങ്ങളേയോ തല്ലാനോ കൊല്ലാനോ ഒന്നും ലവലേശം താല്‍പര്യമുള്ളവരല്ല. എന്തു വികാരമാണ്‌ അവരെ ആ വേദിയിലേക്കു നയിച്ചതെന്നു കണ്ടെത്തുക. യാഥാര്‍ത്ഥ്യബോധത്തോടെ - കടും‌പിടുത്തങ്ങളും വാശിയുമില്ലാതെ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ശീലിക്കുക. മാദ്ധ്യമ സിന്‍ഡിക്കേറ്റ്‌ - ഫാസിസം - എംബഡഡ്‌ ജേര്‍ണലിസം - തുടങ്ങി നേതാക്കള്‍ പിടിച്ചു നില്‍ക്കാനായി കണ്ടെത്തുന്ന ചില വാക്കുകള്‍ കൊണ്ടുള്ള കളികളില്‍ മാത്രം പൂര്‍ണ്ണമായി വിശ്വാസമര്‍പ്പിക്കാതെ ജനമദ്ധ്യത്തിലേക്കിറങ്ങുക. ആരെയും വെറുക്കാതെ - മനുഷ്യസ്നേഹം എന്നത്‌ പറച്ചിലില്‍ മാത്രം ഒതുക്കാതെ പ്രവൃത്തിയിലേക്കു കൂടി കൊണ്ടു വന്ന്‌ - ആരെയും അകറ്റി നിര്‍ത്താതെ - എല്ലാവരുടേയും വേദനകളും പരിഭവങ്ങളും പരാതികളും ചോദിച്ചറിയുക. സാമ്രാജ്യത്വ വിരുദ്ധ - ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ വഴിയില്‍ തിരിച്ചറിവിന്റെ വെളിച്ചവും നീട്ടി ആ അറിവുകള്‍ നക്ഷത്രങ്ങളേപ്പോലെ തിളങ്ങി നിന്നേക്കും. പരിശ്രമങ്ങള്‍ക്കു തയ്യാറെങ്കില്‍, ആത്മാര്‍ത്ഥമായിത്തന്നെ എല്ലാ ആശംസകളും നേരുന്നു.

* * * * * * * *

വൈത്തോ :-
ശാഠ്യങ്ങളേക്കുറിച്ചാണ് ഈ പോസ്റ്റ്‌. സത്യത്തില്‍, ഇത്തരം പിടിവാശികളില്‍ തട്ടി തകര്‍ന്നുപോകുന്നതു കൊണ്ടാണ് മോഡിക്കെതിരായ പല ഇടതു തന്ത്രങ്ങളും പൂര്‍ണ്ണമായി ഫലപ്രദമാ‍വാതെ പോകുന്നത്‌. ‘കലാപം നിയന്ത്രിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ വരുത്തി‘ എന്ന ആരോപണത്തിന് തെളിവുകളുടെ പിന്‍ബലം നല്‍കി ശക്തിയുക്തം അവതരിപ്പിക്കുവാനായിരുന്നു എല്ലാവരും ശ്രമിക്കേണ്ടിയിരുന്നത്‌. എന്നാല്‍, പലരും കൂടുതല്‍ സമയം ചെലവഴിച്ചത്‌ കലാപത്തിനു വഴിവച്ച ഗോധ്ര ട്രെയിന്‍ തീവയ്പ്‌ മോഡിയുടെ പദ്ധതിയായിരുന്നു എന്നു ശഠിക്കാനായിരുന്നു! അതിലെ യുക്തി ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെ സമര്‍ത്ഥിക്കേണ്ടുന്നതിനു പകരം, ഇപ്പോഴും അങ്ങനെ ശഠിക്കുന്ന ചില ബ്ലോഗര്‍മാരുടെ നിലപാട്‌ ‘ഞങ്ങള്‍ ആരോപിക്കാറേയുള്ളൂ - തെളിയിക്കേണ്ടത്‌ അന്വേഷണ ഏജന്‍സികളാണ് ‘ എന്നാണ് !

കലാപ സമയത്ത്‌ മോഡി “കയ്യും കെട്ടി ഇരുന്നതല്ലാതെ അനങ്ങിയിട്ടേയില്ല“ എന്നായിരുന്നു മറ്റൊരാരോപണം. എന്നാല്‍ കലാപത്തിനിടെ പോലീസ്‌ വെടിവയ്പുകളില്‍ മരിച്ചു വീണ കുറേ കലാപകാരികളേക്കുറിച്ചെങ്കിലും (സിഖ്‌ വിരുദ്ധ കലാപത്തില്‍ അങ്ങനെയൊന്ന്‌ ഉണ്ടാകാഞ്ഞതിനേക്കുറിച്ചും) തിരിച്ചു ചോദിക്കുമ്പോള്‍ ‍ശഠിക്കുന്നത്‌ ‘അത്‌ എന്തൊക്കെയോ ചെയ്തെന്നു വരുത്തിത്തീര്‍ക്കാന്‍ മോഡി ചില ഹിന്ദുക്കളെ ബലികൊടുക്കുകയായിരുന്നു’ എന്നാണ് ! ഇത്തരം ശാഠ്യങ്ങള്‍, ഏതൊരു വാദത്തിനായാലും ശരി, ശക്തിപകരുകയല്ല - അതിനെ ദുര്‍ബലപ്പെടുത്തുകയാണു ചെയ്യുന്നത്‌. ഉറപ്പുള്ള കാര്യങ്ങള്‍ അംഗീകരിക്കുക. അല്ലാത്തവയില്‍ ഒരു ചെറിയ സന്ദേഹമെങ്കിലും കരുതി വയ്ക്കുക എന്നതാണ് ശരിയായ സമീപനം.

18 comments:

കാണാപ്പുറം said...

നരേന്ദ്രമോഡിയുടെ പ്രസംഗം ആയിരുന്നു ഇതിനു തൊട്ടു മുമ്പത്തെ പോസ്റ്റ്‌. അത്‌ പകര്‍ത്തിയപ്പോള്‍, ചിലതൊക്കെ ഒളിപ്പിക്കാനെന്നോണം ഞാന്‍ മനപൂര്‍വ്വം ചില കൃത്രിമങ്ങള്‍ കാട്ടി എന്ന്‌ പ്രമോദ്‌ എന്നൊരു യുവബ്ലോഗര്‍ ആരോപിച്ചതിനുള്ള മറുപടിയാണിത്‌.

Pramod.KM said...

'കമ്മ്യൂണിസ്റ്റുകാര്‍ പൊതുവേ വിമര്‍ശനങ്ങളോട്‌ കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്നവരാണ്‌'എന്ന് താങ്കള്‍ പറയുന്നു.
‘വിമറ്ശനത്തെ സംഗീതം പോലെ ആസ്വദിക്കണമെന്ന്’ ആരാണ്‍ പറഞ്ഞതെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ?.
ഞാന്‍ മോഡിയുടെ പ്രസംഗം കേട്ടിട്ടില്ല എന്നത് നേര്‍.ഇനി അയാള്‍ ഇവിടെ പ്രസംഗിച്ചതില്‍ ചിലപ്പോള്‍ വിഷം കയറ്റിയില്ല എന്നും വരാം(വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും).ഒരു പ്രസംഗം നേരെ ചൊവ്വേ ചെയ്തു എന്നത് ചെയ്തു കൂട്ടിയ കൂട്ടക്കൊലയെ ന്യായീകരിക്കാന്‍ പറ്റുന്നതല്ല.ചിലപ്പോള്‍ മെയിന്‍ കാംഫില്‍
കുറ്റം പറയത്തക്ക യാതൊന്നും കണ്ടെന്നു വരില്ല.
വെറുതെ അല്ലല്ലോ ഒരു സംസ്ഥാ‍ന മുഖ്യമന്ത്രിക്ക് എംബസിയില്‍ കിടന്ന് വിസക്കുവേണ്ടി തപസ്സുചെയ്യേണ്ടി വന്നത്?

Pramod.KM said...

പിന്നെ നകുലേട്ടാ.
നന്ദി ഉപദേശങ്ങള്‍ക്ക്.തുടറ്ന്നും പ്രതീക്ക്ഷിക്കുന്നു.
താങ്കളുടെ നിറ്ദ്ദേശങ്ങള്‍ ഒരു നല്ല കമ്യൂണിസ്റ്റ്കാരനാവാന്‍ എന്നെ സഹായിക്കുമെങ്കില്‍ ഞാന്‍ കൃതാറ്ഥനായി.

കാണാപ്പുറം said...

>> pramod said:- ഒരു പ്രസംഗം നേരെ ചൊവ്വേ ചെയ്തു എന്നത് ചെയ്തു കൂട്ടിയ കൂട്ടക്കൊലയെ ന്യായീകരിക്കാന്‍ പറ്റുന്നതല്ല

ആരെങ്കിലും ന്യായീകരിച്ചേക്കുമോ എന്ന ആശങ്ക ആദ്യം അകറ്റൂ പ്രമോദ്‌. മോഡി നല്ലൊരു പ്രസംഗം ചെയ്തു. നമുക്ക്‌ കൂട്ടക്കൊലയെ ന്യായീകരിച്ചു കളയാം എന്നൊന്നും ഇവിടെ ആരും കരുതുന്നില്ല. മോഡീയേപ്പറ്റിയോ ഗുജറാത്തിനേപ്പറ്റിയോ എന്നല്ല ഇപ്പോള്‍ വന്നു വന്ന്‌ പൊതുവില്‍ ഹിന്ദുക്കള്‍ നേരിടുന്ന എന്തെങ്കിലും പൊതു പ്രശ്നത്തേപ്പറ്റി പോലും എന്തെങ്കിലും പറയാമെന്നു കരുതുന്നവരെ “ദാ വരുന്നു കാക്കി നിക്കറുകാരന്‍ - ഗുജറാത്ത്‌ കൂട്ടക്കൊലയ്ക്ക്‌ ന്യായികരണമൊരുക്കുന്നവനെന്ന മുദ്ര ചാര്‍ത്താം” എന്ന ഭീഷണിയിലൊതുക്കുന്ന ഒരു സ്ഥിതി വിശേഷം കുറച്ചു നാളായി ഉണ്ട്‌. ‘തൊടാന്‍ സമ്മതിക്കില്ല‘ എന്ന മട്ട്‌ വന്നാല്‍, മനം മടുത്ത്‌ എന്നെങ്കിലും ആരെങ്കിലും ആദ്യമായി ആ ഭീഷണിയെ കുടഞ്ഞെറിഞ്ഞു കളയും. ഇവിടെയും ആ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ശബ്ദമൊക്കെയേ കേള്‍ക്കാനുള്ളൂ. കൂട്ടക്കൊല നന്നായി - ഗംഭീരം - മോഡി മിടുക്കന്‍! എന്നൊക്കെ ആരെങ്കിലും പറയുമെന്നു കരുതി കാത്തിരിക്കുന്നതു തന്നെ വലിയ തെറ്റാണ്. “കൊലകളുടെ ‘ക്രെഡിറ്റ്‌‘ മുഴുവന്‍ മോഡിക്കു കിട്ടാനിടയാക്കിയത്‌ മാദ്ധ്യമങ്ങളാണ് - വാസ്തവത്തില്‍ അങ്ങേര്‍ കാര്യമായൊന്നും ചെയ്തിരുന്നില്ല“ എന്നു സങ്കടപ്പെട്ടത്‌ മോഡിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു.സത്യത്തില്‍, അത്തരമൊരു കമന്റ്‌ വരാനിടയാക്കിയ മാനസികാവസ്ഥകളെക്കുറിച്ചും കൂടിയൊക്കെയാണ് നാം ഇടയ്ക്കെങ്കിലും സംസാരിക്കേണ്ടത്‌. പിന്നീടെങ്ങാനുമാവാം.

ഈ പ്രസംഗം മുഴുവന്‍ ടൈപ്പു ചെയ്തു കയറ്റുക എന്നത്‌ നിസ്സാരമായ അദ്ധ്വാനമല്ലല്ലോ. അപ്പോള്‍ അതിനു തുനിയുന്നെങ്കില്‍ തക്കതായ കാരണം കാണും. അത്‌ ആ പോസ്റ്റിന്റെ തുടക്കത്തില്‍ത്തന്നെ കൊടുത്തിട്ടുണ്ട്‌. വിഷം കയറ്റിയില്ല എന്നു വിശ്വസിക്കാന്‍ പ്രയാസമുള്ള പ്രമോദിനേപ്പോലെയുള്ളവരാണ് വായിക്കുന്നത്‌ എന്നതുകൊണ്ടാണ് “മോഡീ പ്രസംഗത്തിലൂടെ വിദ്വേഷം ആളിക്കത്തിച്ചു’ എന്നൊക്കെ എഴുതാന്‍ ദേശാഭിമാനിക്കു ധൈര്യം കൊടുക്കുന്നത്‌. ദേശാഭിമാനിക്ക്‌ അങ്ങനെ കല്ലു വച്ച നുണ എഴുതാന്‍ അവകാശമുണ്ടെങ്കില്‍, എനിക്ക്‌ ‘സത്യമിതാണ്’ എന്നു വിളിച്ചു പറയാനും അവകാശമുണ്ട്‌. അല്ലാതെ ഇതൊന്നും ആരോടുമുള്ള വെല്ലുവിളിയൊന്നുമല്ല പ്രമോദ്‌.

Pramod.KM said...
This comment has been removed by the author.
Pramod.KM said...

"ഈ പ്രസംഗം മുഴുവന്‍ ടൈപ്പു ചെയ്തു കയറ്റുക എന്നത്‌ നിസ്സാരമായ അദ്ധ്വാനമല്ലല്ലോ. അപ്പോള്‍ അതിനു തുനിയുന്നെങ്കില്‍ തക്കതായ കാരണം കാണും."
ഇത് തന്നെ ആണ്‍ നകുലേട്ടാ ഞാന്‍ മുമ്പു പറഞ്ഞ രഹസ്യ അജണ്ടയുടെ ഗുട്ടന്‍സ്.താങ്കള്‍ ഒരു സംഘപരിവാരന്‍ ആണ്‍ എന്നോ R.S.S ആണ്‍ എന്നൊ പറഞ്ഞാണ്‍ ഈ സംഗതികള്‍ എഴുതിയിരുന്നതെങ്കില്‍ ഞാന്‍ അധികമൊന്നും സംസാരിക്കില്ലായിരുന്നു.പക്ഷെ താങ്കള്‍ ഒരു നിഷ്പക്ഷ മതിയാണ്‍ എന്നും പറഞ്ഞ് എഴുതിയത് കണ്ടപ്പോളാ‍ണ്‍ എനിക്ക് കലിപ്പായത്.താങ്കള്‍ക്ക് ലഭിച്ച തക്കതായ പ്രതിഫലത്തെ കുറിച്ചൊന്നും എനിക്കറിയേണ്ട കാര്യമില്ല.മാത്രമല്ല, അജിത്ത് ചേട്ടനും അനോമണിയും,ലാപുടയുമൊക്കെ ഉയറ്ത്തുന്ന വസ്തുനിഷ്ഠാപരമായ വിമറ്ശനങ്ങളെ കണ്ടില്ലെന്നു നടിക്കുകയും പലപ്പോഴും ‘ഞാന്‍ നിറ്ത്തി’ എന്ന് ദയനീയത കാട്ടുകയും,പലപ്പോഴും വികാര പരമായി ഇടപെടുന്ന എന്റെ കമന്റിലെ ലൂപ് ഹോളിലൂടെ ത്രിശൂലം കയറ്റുകയും ചെയ്യുന്ന താങ്കളുടെ ഉപദേശം കാണുമ്പോള്‍ സങ്കടം വരുന്നു.ലാല്‍ സലാം.

Ajith said...

ശ്രീ. നകുലന്‍,

"വൈത്തോ" എന്ന അടിക്കുറിപ്പിനു താഴെ താങ്കള്‍ എഴുതിവച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌:

1. നിങ്ങളുടെ വാദങ്ങളെ വിമര്‍ശിക്കുന്നവര്‍ എല്ലാം "ശാഠ്യ"ക്കാരും "പിടിവാശിക്കാരും" ആണ്‌ എന്നാണ്‌ നിങ്ങളുടെ നിരീക്ഷണം. കലാപം അടിച്ചമര്‍ത്തുന്നതില്‍ ഗുജറാത്ത്‌ ഗവര്‍മന്റ്‌ കാണിച്ച കുറ്റകരമായ അനാസ്ഥയുടെ തെളിവുകള്‍ നിരത്താതിരുന്നത്‌ അക്കാര്യം നിഷേധിക്കുന്നില്ല എന്ന് നിങ്ങള്‍ തന്നെ മറ്റൊരു അവസരത്തില്‍ അവകാശപ്പെട്ടതുകൊണ്ടാണ്‌ (കം ഓണ്‍! നിങ്ങള്‍ ഒരു "സ്വതന്ത്ര ചിന്താഗതിക്കാര"നാണെന്നാണ്‌ ഞാന്‍ വിചാരിച്ചത്‌!). അതിന്റെ തെളിവുകള്‍ക്ക്‌, ഉദാ. ഹ്യൂമന്‍ റൈറ്റ്സ്‌ വാച്ചിന്റെ "വി ഹാവ്‌ നോ ഓര്‍ഡേര്‍സ്‌ റ്റു സേവ്‌ യു: സ്റ്റേറ്റ്‌ പാര്‍ടിസിപ്പേഷന്‍ ആന്റ്‌ കോമ്പ്ലിസിറ്റി ഇന്‍ കമ്മ്യൂണല്‍ വയലന്‍സ്‌ ഇന്‍ ഗുജറാത്ത്‌" എന്ന റിപ്പോര്‍ട്ട്‌ കാണുക -- ലിങ്ക്‌ താഴെ കൊടുത്തിരിക്കുന്നു (ഇതിന്റെ പേജ്‌ 21 മുതല്‍ 34 വരെ വായിക്കാന്‍ നിങ്ങള്‍ക്ക്‌ സമയമില്ലെങ്കില്‍ അതിന്റെ ഒരു സംഗ്രഹം എഴുതി അയച്ചുതരാനും ഞാന്‍ തയ്യാര്‍!).

2. ഗോധ്രാ തീവെപ്പ്‌ ശ്രീ. മോഡിയുടെ പദ്ധതിയാണ്‌ എന്ന് നിങ്ങളുടെ സീരിയസ്‌ വിമര്‍ശകര്‍ ഒന്നും "ആരോപണങ്ങള്‍" ഉന്നയിച്ചിട്ടില്ല. മറിച്ച്‌, നിങ്ങള്‍ തന്നെയാണ്‌ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം ആണ്‌ തീവച്ചത്‌ എന്നതല്ലാത്ത ഏതൊരു അനുമാനവും "ശുദ്ധ അസംബന്ധ"മാണെന്ന് അവകാശപ്പെട്ടത്‌ (നിങ്ങള്‍ എഴുതിയത ഒന്നുകൂടി വായിച്ചു നോക്കൂ!). ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേവലം മനോരാജ്യസിദ്ധാന്തങ്ങളെ മാത്രം ആധാരമാക്കി ആവരുത്‌ എന്നാണ്‌ ഞങ്ങളില്‍ പലരും പറഞ്ഞത്‌.

3. ഗുജറാത്തിലെ പോലീസ്‌ വെടിവെപ്പില്‍ മരിച്ചതില്‍ ചെറിയ ഒരു ശതമാനം കലാപകാരികളും ഉണ്ടെന്നത്‌ ശരിയാണ്‌. 2002 മാര്‍ച്ച്‌ 1 നു ശേഷം ആണ്‌ ഇതു സംഭവിക്കുന്നത്‌ -- പലതരത്തിലുള്ള ദേശീയ, അന്തര്‍ദേശീയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് ഗുജറാത്തില്‍ "ഷൂട്ട്‌ അറ്റ്‌ സൈറ്റ്‌" പ്രഖ്യാപിച്ചതിനു ശേഷം. ഓര്‍ക്കുക; കലാപം ആരംഭിച്ചത്‌ ഫെബ്രുവരി 27 ന്‌.

വിമര്‍ശങ്ങള്‍ക്ക്‌ കൃത്യമായി മറുപടി പറയാതെ വിമര്‍ശകരുടെ "ശാഠ്യങ്ങളെ"ക്കുറിച്ചുള്ള താങ്കളുടെ നാടകീയമായ വിലാപങ്ങള്‍ തീര്‍ത്തും അപക്വവും ബാലിശവുമാണെന്നു പറയാതെ വയ്യ!

Suggested reading:

1. “We Have No Orders To Save You” State Participation and Complicity in Communal Violence in Gujarat (page 21-34) -- http://hrw.org/reports/2002/india/

2. "How has the Gujarat massacre affected minority and women: Survivors Speak" (page 18-27) -- http://cac.ektaonline.org/resources/reports/womensreport.htm

Ajith said...

പിന്നെ, "ന്യായീകരണവാദ"ത്തെപ്പറ്റിയുള്ള ചര്‍ച്ച മുഴുമിപ്പിക്കാതെ നിങ്ങള്‍ ഇവിടെ വേറെ ഒരു മുച്ചീട്ടുകളി തുടങ്ങിയത്‌ ഭംഗിയായില്ല! :)

ലാപുട said...

കാണാപ്പുറം,
പ്രമോദിന് താങ്കള്‍ സ്നേഹത്തിന്റെ ഭാഷയില്‍ കൊടുത്ത ഉപദേശങ്ങള്‍ വായിച്ചു. അതു വൈയക്തികമായ ഒരു ആശയവിനിമയമല്ല, വായനക്കാര്‍ക്ക് അഭിപ്രായത്തിനുള്ള സ്പേസ് ഉണ്ട് എന്ന ധാരണയിലാണ് ഈ കമന്റ് എഴുതുന്നത്.

ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ താങ്കള്‍ നേരിട്ട് കേട്ടിട്ടുള്ള നരേന്ദ്രമോഡിയുടെ ഒരേയൊരു
പ്രസംഗം അയാള്‍ തിരുവന്തപുരത്ത് ചെയ്ത, ഇവിടത്തെ പ്രതിപാദ്യ വിഷയമായ ഒന്നാണ്. മോഡിയുടെ അന്നത്തെ പ്രസംഗത്തിന്റെ മതനിരപേക്ഷ,പുരോഗമനോന്മുഖ,പാരിസ്ഥിതിക ജാഗ്രതകളെ കേട്ടതോടെ താങ്കള്‍ക്ക് മോഡി വിരുദ്ധ പ്രചാരണങ്ങളെ മുന്‍കാലപ്രാബല്യത്തോടെ ഖണ്ഡിക്കാനുള്ള പ്രതിബദ്ധത ഉണരുന്നു.

കഷ്ടം എന്നേ പറയാനുള്ളൂ സുഹൃത്തേ താങ്കള്‍ക്ക് വായനക്കാരെ പ്രതിയുള്ള ധാരണയെക്കുറിച്ച്. ഇതേ മോഡിയുടെ നൂറുകണക്കിന് പ്രസംഗങ്ങളെ ദൃശ്യമാധ്യമങ്ങളിലൂടെയും നേരിട്ടും കണ്ടിട്ടുള്ള ആളുകളോടാണ് അങ്ങേരുടെ ഒരു പ്രസംഗത്തിന്റെ തത്സമയ ക്കുറിപ്പുകളുമായി താങ്കള്‍ ന്യായീകരണ വാദങ്ങള്‍ ഉന്നയിക്കുന്നത്. വംശഹത്യക്ക് ശേഷം നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്താന്‍ പ്രസിഡണ്ട്
മുഷറഫിനെതിരെ എനിക്ക് വോട്ട് തരൂ എന്ന് വേദിയില്‍ ഉറഞ്ഞുകൊണ്ട് ആക്രോശിക്കുന്ന മോഡിയെ ഞാന്‍ ഒരു ഡോക്യുമെന്ററിയില്‍ കണ്ടിട്ടുണ്ട്. (ഡോക്യുമെന്ററിയുടെ പേരോര്‍മ്മയില്ല ക്ഷമിക്കുക. ഇതുപോലുള്ള
ദൃശ്യങ്ങള്‍ അക്കാലത്ത് ചാനലുകളിലും വന്നിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ ).

നടുറോട്ടില്‍ നട്ടുച്ചയ്ക്ക് എന്നെ കണ്ടുമുട്ടുന്ന ഒരാള്‍ ഞാന്‍ ഉറക്കമില്ലാത്ത ഒരു തരം ജീവിയാണെന്ന് നിഗമനം നടത്തുന്നതില്‍ എത്രമാത്രം യുക്തിരാഹിത്യമുണ്ടോ അത്രയും തന്നെ ബോറാണ് മോഡിയുടെ തിരുവനന്തപുരം പ്രസംഗത്തിന്റെ തെളിവില്‍ താങ്കള്‍ അയാളെ പുണ്യവാളനാക്കുന്നത്.

ഇനി മേല്‍പ്പറഞ്ഞതിനൊക്കെയുള്ള താങ്കളുടെ മറുപടി താങ്കള്‍ മോഡിയെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ല,മലയാള മാധ്യമങ്ങളുടെ അസത്യ പ്രചരണങ്ങളെ അന്വേഷണബുദ്ധ്യാ കണ്ടെത്തുക മാത്രമാണ് എന്നൊക്കെയാവും. അത്തരത്തില്‍ ഒരു പത്രപ്പിശകന്വേഷണം മാത്രമാണ് താങ്കളുടെ ഉദ്യമമെങ്കില്‍ ഈ പോസ്റ്റിന് കമ്യൂണിസ്റ്റ്,മോഡി എന്നിങ്ങനെയല്ലല്ലോ ലേബലുകള്‍ എഴുതേണ്ടിയിരുന്നത്. ബ്ലോഗുകളില്‍ താങ്കള്‍ എഴുതിയിടുന്ന ഓരോ വാക്കും സംഘപരിവാരത്തിന്റെയും തീവ്രഹിന്ദുത്വ ഭീകരതയുടെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് പൊതുസമ്മതിയുണ്ടാക്കാനുതകുന്ന തരത്തില്‍ വ്യാജയുക്തികളും മനോരാജ്യ സിദ്ധാന്തങ്ങളും
കൊണ്ട് നിറച്ചവയായ സ്ഥിതിക്ക് മോഡിക്കനുകൂലമായ മാധ്യമ സത്യസന്ധതയ്ക്ക് വേണ്ടിയുള്ള ഈ മുറവിളിക്ക് അതര്‍ഹിക്കുന്ന തരം അവഗണന മാത്രമേ കിട്ടാന്‍ തരമുള്ളൂ.

മോഡി നേരിടുന്ന മാദ്ധ്യമ ഭീകരതയെക്കുറിച്ചുള്ള താങ്കളുടെ വേവലാതി ആത്മാര്‍ത്ഥമാണെങ്കില്‍
എനിക്കൊന്നേ പറയാനുള്ളു.വര്‍ഗീയപ്രേരിതമായ കൊലപാതകങ്ങള്‍ക്കും ബലാല്‍ സംഘങ്ങള്‍ക്കും
മൌനാനുവാദം കൊടുത്ത ഒരാളിന്റെ പ്രസംഗങ്ങളുടെയും വാചാടോപങ്ങളുടെയും ന്യായത്തില്‍ അയാളുടെ മനുഷ്യവിരുദ്ധമുഖം വിസ്മൃതിയിലാവാതിരിക്കാനുള്ള ജനപക്ഷ ജാഗ്രതയായി അതിനെ കണ്ടാല്‍ മതി. ഇത്തരം
ജാഗ്രതകളും മൂല്യമുന്‍ഗണനകളും ഉണ്ടാവുന്നത് ചരിത്രബോധത്തില്‍ നിന്നും ജീവിതത്തില്‍ നിന്നുമാണ്. മനോരാജ്യ സിദ്ധാന്തങ്ങളില്‍ നിന്നല്ല തന്നെ. കമ്യൂണിസ്റ്റ് ‘അന്ധത’ അകറ്റുവാന്‍ താങ്കള്‍ പ്രമോദിന് ഉപദേശിച്ച് കൊടുക്കുന്ന തരം വ്യാജവെളിച്ചങ്ങളേക്കാള്‍ സാധുതയുമുണ്ടാകും അതിന്.

കാണാപ്പുറം said...

പ്രമോദ്‌ അനിയാ,
‘പ്രസംഗം പകര്‍ത്താന്‍ തുനിഞ്ഞതിനു തക്കതായ കാരണം കാ‍ണും’ എന്നു പറഞ്ഞതിനുശേഷം എന്റെ തൊട്ടടുത്ത വാചകം എന്താണ്? ‘അത്‌ ആ പോസ്റ്റിന്റെ തുടക്കത്തില്‍ത്തന്നെ കൊടുത്തിട്ടുണ്ട്‌‘ എന്ന്‌. അനിയന്‍ അത്‌ എടുത്തു ക്വോട്ടു ചെയ്തപ്പോള്‍ അവസാനഭാഗം അങ്ങു വിട്ടുകളഞ്ഞു. പറയാനുള്ളതു മുഴുവന്‍ ഒരൊറ്റ വാചകത്തില്‍ത്തന്നെ നീട്ടിപ്പറഞ്ഞില്ലെങ്കില്‍, ക്വോട്ടു ചെയ്യുന്നവര്‍ മുറിച്ചു മാറ്റും എന്നു വന്നാലോ?

പിന്നെ, രഹസ്യ അജണ്ടയേപ്പറ്റി വീണ്ടും പറയുന്നു. എന്താണുദ്ദേശിക്കുന്നത്‌ അനിയാ? എന്താണീ രഹസ്യം? സത്യത്തില്‍ വളരെ ആകാംക്ഷയുളവാക്കുന്നു അത്‌.

പച്ചക്കള്ളം എഴുതി അച്ചടിച്ച്‌ മനപ്പുര്‍വ്വം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി ലക്ഷക്കണക്കിനു കോപ്പികള്‍ വിതരണം ചെയ്യുന്ന ദേശാഭിമാനിയോ? പരസ്യമായി ചെയ്യുന്നതുകൊണ്ട്‌ അജണ്ട പ്രശ്നമില്ലെന്നില്ലല്ലോ?

അനിയന്‍ എന്താണു സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്‌? ഞാന്‍ സംഘപ്രവര്‍ത്തകനാണെന്നോ? അതോ നിഷ്പക്ഷമതിയാണെന്നോ? ഇതൊക്കെ വീണ്ടും ചൂണ്ടിക്കാണിക്കുന്നത്‌ ഞാന്‍ പല തവണ, പലരീതിയില്‍ നിങ്ങളെ പലരെയും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട കാര്യം തന്നെയാണ്. നിങ്ങള്‍ക്ക്‌ ഒന്നല്ലെങ്കില്‍ മറ്റൊരു ചട്ടക്കൂടിനുള്ളില്‍ എല്ലാവരും ഒതുങ്ങണമെന്നൊരു തോന്നല്‍ അറിയാതെ വന്നുപോകുന്നോ എന്നു ഞാന്‍ സംശയിച്ചുപോകുന്നു. ഒരുപക്ഷേ എന്റെ തോന്നലാവാം. എന്തായാലും എനിക്കു ബുദ്ധിമുട്ടാണ് അത്‌. എല്ലാവര്‍ക്കും ഏതെങ്കിലും ഒരു പക്ഷത്തോട്‌ അന്ധമായ മാനസികമായ അടിമത്തം വേണമെന്ന്‌ നമുക്കൊരു ശാഠ്യമെന്തിനാണ്? അതില്‍ നിന്നു കുതറി മാറി നിന്നു കൂടേ?

പിന്നെ, മാനസിക അടിമത്തമില്ല എന്നു പറഞ്ഞതാണോ ‘ഞാന്‍ നിഷ്‌പക്ഷമതിയാണ്’ എന്നു പറഞ്ഞതായി എഴുതിയിരിക്കുന്നത്‌? അടിമത്തമില്ല എന്നു പറഞ്ഞാല്‍ അനുഭാവവുമില്ലെന്നാണോ? ഏകമുഖ/ബഹുമുഖ ചിന്ത, 100%/99% തിയറി, അങ്ങനെ പലരീതിയില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ ഇതാണ്. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. പറഞ്ഞു വ്യക്തമാക്കാന്‍ എനിക്കു സാധിക്കാത്തതുമാവാം.

അനിയന്‍ ഈയിടെയാവും എന്റെ ബ്ലോഗും കമന്റുകളുമൊക്കെ വായിച്ചു തുടങ്ങിയത്‌. മുമ്പു മുതലേ വയിക്കാറുള്ള ചിലര്‍ക്കൊക്കെ എന്റെ പക്ഷ ചിന്തകള്‍ അറിയാം. പലതവണ, കമന്റുകളിലൂടെ, പോസ്റ്റുകളിലൂടെ അതു വ്യക്തമാക്കിയിട്ടുള്ളതാണ്.

ഞാന്‍ ഏതെങ്കിലുമൊരു സംഘപരിവാര്‍ സംഘടനയുടെ പ്രവര്‍ത്തകനോ ഏതെങ്കിലും തരത്തില്‍ അവരെ കണ്ണുമടച്ച്‌ അനുകൂലിക്കേണ്ടതിന്റെ എന്റെങ്കിലും ആവശ്യമുള്ളയാളോ അല്ല. പക്ഷേ എനിക്ക് അവരുടെ പല നിലപാടുകളോടും അനുഭാവമുണ്ട്‌. അടുത്തിടെയായി അത്‌ വര്‍ദ്ധിച്ചിട്ടുമുണ്ട്‌. ബ്ലോഗില്‍ പല സ്ഥലങ്ങളില്‍ അത്‌ പറഞ്ഞുവച്ചിട്ടുണ്ട്‌. മറുമൊഴിയില്‍ അധികം മുമ്പല്ലാതെ വന്ന ഒരു പോസ്റ്റു തുടങ്ങുന്നതു തന്നെ ‘ഒരു സംഘപരിവാര്‍ അനുഭാവി എന്ന നിലയില്‍” എന്നോട്‌ ‘വിചാരം’ ചോദിച്ച ചോദ്യങ്ങള്‍ക്കു മറുപടിയാണിത്‌‘ എന്നു പറഞ്ഞുകൊണ്ടാണ്. എന്റെ ‘മാദ്ധ്യമ സിന്‍ ഇന്‍ഡീക്കേറ്റ്‌‘ എന്ന ബ്ലോഗ്‌, ബി.ജെ.പി. പക്ഷത്തു നിന്നുള്ള ചില നിരീക്ഷണങ്ങള്‍ മാത്രമേ അവതരിപ്പിക്കുകയുള്ളൂ - എല്ലാം എഴുതുവാന്‍ സമയമുണ്ടാവില്ല - എന്ന്‌ ആദ്യ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. അങ്ങനെ പലയിടത്തായി പലതവണ കുറിച്ചിട്ടുണ്ട്‌. നിങ്ങളീല്‍ പലരും താമസിച്ചെത്തിയതുകൊണ്ടും സമയക്കുറവിന്റെ കാര്യം സൂചിപ്പിക്കുന്നവരായതു കൊണ്ടും അതൊന്നും ശ്രദ്ധയില്‍പ്പെടാതെ പോയതാവാം.

സംഘത്തേക്കുറിച്ചാണെങ്കില്‍, എനിക്ക്‌ സംഘാനുകൂല പ്രസിദ്ധീകരണങ്ങളില്‍ നിന്നും ചില സ്വയംസേവകരുമായുള്ള പരിചയത്തില്‍ നിന്നുമുള്ള വിവരങ്ങളാണുള്ളത്‌. അവരേക്കുറിച്ച്‌ പുറത്തുകേള്‍ക്കുന്നതു മുഴുവന്‍ സത്യമാണെങ്കില്‍, അവര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ വേരോട്ടമുണ്ടാവുമായിരുന്നില്ല എന്ന എന്റെ ഉറച്ച വിശ്വാസത്തില്‍ നിന്ന്‌ ഞാന്‍ മുമ്പൊരിക്കല്‍ ആരംഭിച്ച അന്വേഷണങ്ങളുടെ ഭാഗമായി പല വൈരുദ്ധ്യങ്ങളും ഞാന്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇടയ്ക്കൊക്കെ അവയില്‍ ചിലത്‌ എന്റെ രചനകളില്‍ കടന്നു വരികയും ചെയ്തേക്കാം. ഞാനൊരു സ്വയംസേവകനല്ല എന്ന്‌ ഇടയ്ക്ക്‌ പറയേണ്ടി വരുന്നത്‌ എന്റെ നിരീക്ഷണങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും അവ സംഘത്തിന്റെയോ മറ്റോ ഔദ്യോഗിക നിലപാടുകളാണെന്ന്‌ തെറ്റിദ്ധരിക്കരുതെന്നുമുള്ള അഭ്യര്‍ത്ഥനയുടെ ഭാഗമായാണ്.

സംഘത്തോടോ അവരോട്‌ ബന്ധമുള്ള മറ്റേതെങ്കിലും പ്രസ്ഥാനത്തോടോ അനുഭാവമുണ്ടായത്‌ എനിക്കൊരിക്കലും ഒരു കുറവായി തോന്നിയിട്ടില്ല. ഇന്നും എനിക്കതില്‍ അഭിമാനം തന്നെയാണ്. സംഘപരിവാര്‍ എന്നാല്‍ ഗുജറാത്ത്‌ - മോഡി - കലാപം എന്നു മാത്രം ഒരു ഇമേജ്‌ മനസ്സിലുടലെടുത്തുപോയവര്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവും എന്നതും ഒരു വസ്തുത തന്നെയാണ്. എന്തായാലും, അനുഭാവവും അടിമത്തവും രണ്ടും രണ്ടാണ് എന്ന അഭിപ്രായത്തില്‍ ഞാനുറച്ചു നില്‍ക്കുന്നു. എന്റെ ആ നിലപാടിനേക്കുറിച്ചുള്ള ഏതെങ്കിലും വരികളാവും നിഷ്പക്ഷതയും മറ്റും സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചതെന്നും.

ഞാന്‍ ആര്? ഞാനെന്തിനെഴുതുന്നു? എന്നൊരു പോസ്റ്റ്‌ വളരെക്കാലമായി തുടങ്ങിവച്ചിട്ട്‌. ഇത്തരം കമന്റുകള്‍ ഭാവിയില്‍ ഒഴിവാക്കാനായി അത്‌ എത്രയും പെട്ടെന്ന്‌ തീര്‍ത്ത്‌ ഇടണമെന്നു തോന്നുന്നു.

കാണാപ്പുറം said...

അജിത്തിന്,

ഗോധ്രാ തീവെപ്പ്‌ ശ്രീ. മോഡിയുടെ പദ്ധതിയാണ്‌ എന്ന് നിങ്ങളുടെ സീരിയസ്‌ വിമര്‍ശകര്‍ ഒന്നും "ആരോപണങ്ങള്‍" ഉന്നയിച്ചിട്ടില്ല. മറിച്ച്‌, നിങ്ങള്‍ തന്നെയാണ്‌ ......

നിങ്ങളില്‍ പലരും ഇടയ്ക്കു നിന്നു വായന ആരംഭിച്ചതുകൊണ്ട്‌ ചെറിയ ചില ആശയക്കുഴപ്പങ്ങളില്‍ പെട്ടിട്ടുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. ചില കാര്യങ്ങളില്‍ തുടര്‍ച്ച നഷ്ടപ്പെട്ടിട്ടുണ്ട്‌. ‘മറുമൊഴി’ എന്നത്‌ മറുപടികള്‍ക്കായുള്ള ബ്ലോഗാണ്. ‘വിചാരം’ എന്ന ബ്ലോഗര്‍ക്കുള്ള മറുപടിയാണ് നിങ്ങളവിടെ വായിക്കുന്നത്‌. അദ്ദേഹം എന്നോടു ചോദിച്ചിരുന്നു - “താങ്കള്‍ക്കു നെഞ്ചത്തു കൈവച്ചു പറയാനാവുമോ ട്രെയിന്‍ കത്തിച്ചതു മോഡിയല്ലെന്ന്‌?” എന്ന്‌. അതില്‍ നിന്നൊക്കെയാണ് എന്റെ ചില വരികള്‍ ഉണ്ടാകുന്നത്‌. അല്ലാതെ മനോരാജ്യത്തില്‍ നിന്നല്ല. അങ്ങനെ അത്രയ്ക്ക്‌ ഉറപ്പുള്ള രീതിയില്‍ നമുക്കെങ്ങനെ സംസാരി‍ക്കാനാവും എന്നതാണ് എന്റെ സംശയം. മറ്റാരെങ്കിലുമാവാം എന്നു നമ്മള്‍ക്ക്‌
ചെറിയൊരു സംശയമെങ്കിലും ഉണ്ടായിക്കൂടേ?

പിന്നെ, ഈ ബ്ലോഗില്‍ ശാഠ്യം എന്നു ഞാനുദ്ദേശിച്ചത്‌ എന്താണെന്നു വ്യക്തമല്ലേ? പ്രസംഗം മുഴുവനും എഴുതിയിട്ടും ഇല്ല - എന്തോ മറച്ചു വച്ചു എന്നു പറയുമ്പോള്‍, ഞാനാ വാക്കുപയോഗിച്ചതില്‍ തെറ്റുപറയാനാവുമോ?

(2) വിമര്‍ശങ്ങള്‍ക്ക്‌ കൃത്യമായി മറുപടി പറയാതെ വിമര്‍ശകരുടെ "ശാഠ്യങ്ങളെ"ക്കുറിച്ചുള്ള താങ്കളുടെ നാടകീയമായ വിലാപങ്ങള്‍ തീര്‍ത്തും അപക്വവും ബാലിശവുമാണെന്നു പറയാതെ വയ്യ!

ഞാന്‍ കൂടുതലെഴുതുന്നുവെന്നും ഓരോന്നിനും വിശദമായി മറുപടി പറയുന്നുവെന്നുമുള്ള അഭിപ്രായവും (അത്രയും വേണമെന്നില്ല എന്ന മട്ടില്‍)നിങ്ങള്‍ക്ക്‌ അവിടെത്തന്നെ വായിക്കാം. എല്ലാത്തിനും മറുപടിയെഴുതുക എന്നത് ബുദ്ധിമുട്ടു തന്നെയാണ്.

(3) പിന്നെ, "ന്യായീകരണവാദ"ത്തെപ്പറ്റിയുള്ള ചര്‍ച്ച മുഴുമിപ്പിക്കാതെ നിങ്ങള്‍ ഇവിടെ വേറെ ഒരു മുച്ചീട്ടുകളി തുടങ്ങിയത്‌ ഭംഗിയായില്ല :)

ഇങ്ങനെ അക്ഷമ കാട്ടിയതും. :)
പല ബ്ലോഗുകള്‍ എഴുതുന്നവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കൂ അജിത്‌. :)
അവിടെ, വാക്കു പറഞ്ഞിരുന്നതുപോലെ, എന്റെ ചോദ്യങ്ങള്‍ ക്രോഡീകരിച്ച്‌ ഒരു പോസ്റ്റ്‌ ന്നളെയോ മറ്റോ ഇടാം. സമയ പരിമിതി വല്ലാതെയുണ്ട്‌.

കാണാപ്പുറം said...

ലപുടയ്ക്ക്‌,

(1)
ബ്ലോഗുകളില്‍ താങ്കള്‍ എഴുതിയിടുന്ന ഓരോ വാക്കും സംഘപരിവാരത്തിന്റെയും തീവ്രഹിന്ദുത്വ ഭീകരതയുടെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് പൊതുസമ്മതിയുണ്ടാക്കാനുതകുന്ന തരത്തില്‍ വ്യാജയുക്തികളും മനോരാജ്യ സിദ്ധാന്തങ്ങളും കൊണ്ട് നിറച്ചവയായ സ്ഥിതിക്ക് ...

താങ്കള്‍ക്കെന്നോടു പറയാനുള്ളതെല്ലാം ഈ വരികളില്‍ അടങ്ങുന്നു, ലപുട. നന്ദി, അതു വെട്ടിത്തുറന്നു സമ്മതിച്ചതിന്.

ഒരു യുക്തി വ്യാജമാണോ അല്ലയോ എന്നത്‌ ആപേക്ഷികമല്ലെന്നുണ്ടോ?

ബി.ജെ.പി. അനുഭാവികള്‍ മിണ്ടിക്കൂടെന്ന ആ പഴയ സിദ്ധാന്തം തന്നെ. അല്ലേ?

തങ്ങള്‍ അവരേക്കുറിച്ച്‌ കടുത്ത നുണ എഴുതിവച്ചാല്‍പ്പോലും അനങ്ങിക്കൂടെന്ന്‌ അല്ലേ?

മാസത്തില്‍ ഓരോന്ന്‌ എന്ന കണക്കില്‍ കൊന്നു തള്ളിയാലും അനങ്ങിക്കൂടെന്ന്‌ അല്ലേ?

എന്റെ രചനകള്‍ അവഗണനയേ അര്‍ഹിക്കുന്നുള്ളൂ എന്നു പറഞ്ഞതിണേക്കുറിച്ച്‌ എനിക്ക്‌ പ്രത്യേകിച്ചൊരഭിപ്രായമില്ല.

(2)
... ബോറാണ് മോഡിയുടെ തിരുവനന്തപുരം പ്രസംഗത്തിന്റെ തെളിവില്‍ താങ്കള്‍ അയാളെ പുണ്യവാളനാക്കുന്നത്.

!
ഈ വാചകത്തെ ഞാന്‍ വീണ്ടും തിരുത്താനുദ്ദേശിക്കുന്നില്ല. താങ്കള്‍ക്ക്‌ ഇഷ്ടമുള്ളതു പോലെ വ്യാഖ്യാനിക്കാവുന്നതാണ്.

ലാപുട said...

കാണാപ്പുറത്തിന്,
1) ഞാന്‍ നിങ്ങളോട് മിണ്ടാതിരിക്കാന്‍ പറയുന്നു എന്നൊക്കെ കണ്ടെത്തിക്കളയുന്നതിനെ ഫലിതമായി മാത്രമേ എടുക്കാനാവുന്നുള്ളു. ഇത് നിങ്ങളുടെ ബ്ലോഗാണ് ഇവിടെ എന്തൊക്കെ പറയാം പറയാതിരിക്കാം എന്നതിന് എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യമുള്ളത് നിങ്ങള്‍ക്കുമാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

‘ബി.ജെ.പി അനുകൂലികള്‍ മിണ്ടാന്‍ പാടില്ല എന്ന പഴയ സിദ്ധാന്തം’- ഇങ്ങനെയൊരു സിദ്ധാന്തം ഉണ്ടായിരുന്നുവെന്നും അതു പഴകിക്കഴിഞ്ഞുവെന്നും ഒക്കെ എനിക്ക് പുതിയ അറിവുകള്‍ മാത്രം. ഇത്തരം ഒരു സിദ്ധാന്തത്തിന്റെ വക്താവായി ഞാന്‍ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടതിന് താങ്കള്‍ക്ക് തെളിവുകള്‍ ഉണ്ടോ? ഇല്ലല്ലോ? അപ്പോള്‍ ഇതുപോലെയുള്ള അടിസ്ഥാനരഹിതമായ ഭാവനാവിലാസങ്ങളെ മറുവാദങ്ങളുമായി
വരുന്നവരുടെ മേല്‍ ചാര്‍ത്തിവച്ച് ഒരു തരം പീഡിത പരിവേഷം സൃഷ്ടിച്ചെടുത്ത് അതിനെ
സത്യപ്പെടുത്തിയെടുക്കാന്‍ വാചകക്കസര്‍ത്ത് നടത്തുന്നതിനെയാണ് വ്യാജയുക്തി നിര്‍മ്മാണം എന്ന് വിളിക്കേണ്ടി വരുന്നത്.

“തങ്ങള്‍ അവരേക്കുറിച്ച്‌ കടുത്ത നുണ എഴുതിവച്ചാല്‍പ്പോലും അനങ്ങിക്കൂടെന്ന്‌ അല്ലേ?“- ഹ ഹ ഹ ദാ
കിടക്കുന്നു തകര്‍പ്പനൊരു തമാശ ഒന്നും കൂടെ... ഞാന്‍ എവിടെ നുണ എഴുതിവെച്ചെന്നാണ് ? മതമൌലിക വാദത്തിന് പൊതുസമ്മതിയുണ്ടാക്കാനോ അല്ലെങ്കില്‍ അതിനെയൊക്കെ നുണപറഞ്ഞെതിര്‍ക്കാനോ വേണ്ടി ഞാന്‍ ഒരുതരം മാധ്യമ സംരഭങ്ങളിലും(ബ്ലോഗുള്‍പ്പെടെ) പ്രവര്‍ത്തിക്കുന്നില്ല. ചുരുങ്ങിയത് കേരളത്തിലെ ഒരു പത്രത്തിന്റെയും ചാനലിന്റെയും മാനേജ്മെന്റിലോ എഡിറ്റോറിയലിലോ ഞാന്‍ അംഗമല്ല എന്നെങ്കിലും താങ്കള്‍ സമ്മതിക്കുമല്ലോ അല്ലേ?

അസത്യപരമായ ചില നിലപാടുകള്‍ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് അത് നിഷേധിക്കാനാവുമെന്ന് തോന്നുന്നില്ല. സത്യാന്വേഷി, സ്വതന്ത്രചിനതകന്‍, നിഷ്പക്ഷമതി എന്നൊക്കെ
പലവുരു സ്വയം പ്രഖ്യാപിച്ചിട്ടുള്ള നിങ്ങള്‍ ഈ പോസ്റ്റില്‍ തുറന്നു സമ്മതിച്ചിരിക്കുന്നു താങ്കള്‍ ഒരു
സംഘപരിവാര്‍ അനുഭാവിയാണെന്ന്. സത്യാന്വേഷി, സ്വതന്ത്രചിന്തകന്‍, നിഷ്പക്ഷമതി എന്നീ വിശേഷണങ്ങളെ അനുഭാവി എന്ന പദവുമായി യോജിപ്പിക്കാന്‍ ബോധപൂര്‍വ്വമായ കാപട്യത്തിന്റെ ഒരു ലിങ്ക്
കൂടിയേ തീരൂ സുഹൃത്തേ...[ ഒരു സംഘപരിവാര്‍ അനുഭാവിക്ക് അവരുടെ പരിപാടികളെക്കുറിച്ച് എന്താണ്
പറയാണുള്ളതെന്ന് കാണാനായിരുന്നെങ്കില്‍ സത്യമായും ഞാന്‍ താങ്കളുടെ കുറേ പോസ്റ്റുകള്‍ വായിച്ച് സമയം കളയില്ലായിരുന്നു...]

മാസത്തിലൊന്നുവെച്ച് താങ്കളുടെ സഹയാത്രികരെ കൊന്നു തള്ളിയാലും അനങ്ങിക്കൂടെന്ന് ഞാന്‍
ധ്വനിപ്പിക്കുന്നതായുള്ള താങ്കളുടെ പരാതിയെക്കുറിച്ച് ഞാന്‍ എന്തു പറയാനാണ് ? എങ്ങനെയാണ് ഇത്തരം ജുഗുപ്സാവഹമായ അതിവായനകളെ കൂസലില്ലാതെ എഴുതിവിടുന്നതെന്ന് കൌതുകപ്പെടുകയല്ലാതെ?

താങ്കളുടെ രചനകള്‍ അവഗണന മാത്രമേ അര്‍ഹിക്കുന്നുള്ളുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മോഡിയെ ന്യായീകരിക്കാത്തതെന്തേ എന്ന് മാധ്യമങ്ങളോടുള്ള താങ്കളുടെ മുറവിളി അവഗണിക്കപ്പെടാനേ തരമുള്ളൂ എന്നാണ് ഞാന്‍ പറഞ്ഞത്. അത് അവഗണിക്കപ്പെടേണ്ടതാവുന്നതിന്റെ കാരണങ്ങളും ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് താങ്കള്‍ക്ക് കാണാനാവും അവിടെ..

2) അശാസ്ത്രീയവും അപക്വവുമായ നിഗമനങ്ങളുടെ ബലത്തില്‍ നിലപാടുകളെ അവതരിപ്പിക്കുന്നതിലെ പരിഹാസ്യതയെ സൂചിപ്പിക്കാനാണ് നടുറോഡും നട്ടുച്ചയും ഞാനും ഉറക്കവും അടങ്ങുന്ന ആ സംഭവം പറഞ്ഞത്. അതിനെ വീണ്ടും വായിച്ചുനോക്കി വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ എന്നോട് ആഹ്വാനം ചെയ്യുന്നു. താങ്കള്‍ ഉദ്ദേശിക്കുന്ന അല്ലെങ്കില്‍ കൊതിയൊടെ കാത്തിരിക്കുന്ന തരം അടിച്ചമര്‍ത്തല്‍ ആരോപണങ്ങളുടെ സാധ്യത അതില്‍ താങ്കള്‍ക്ക് കാണാന്‍ സാധിക്കാത്തത് കൊണ്ട് തന്ത്രപരമായ
നിശ്ശബ്ദത അതില്‍ പുലര്‍ത്തുന്നുവെന്ന നിഗമനത്തില്‍ മാത്രമേ എനിക്ക് എത്താന്‍ സാധിക്കുന്നുള്ളു.

ഇത്രയും എഴുതിയത് താങ്കള്‍ എനിക്കു നേരെ ഉന്നയിച്ച വ്യക്തിപരമായ വൈകല്യാരോപണങ്ങളെക്കുറിച്ച്.
സംഘപരിവാറിന്റെ അനുഭാവിയെന്നും അതിനോട് നാള്‍ക്കുനാള്‍ ഏറി വരുന്ന ആദരസ്നേഹങ്ങളെപ്രതി
അഭിമാനം ഉള്ളവനെന്നുമൊക്കെ ഇവിടെയെവിടെയൊ നിങ്ങള്‍ സമ്മതിച്ച സ്ഥിതിക്ക് താങ്കളുടെ പോസ്റ്റുകളോടും കമന്റുകളോടും എനിക്ക് അധികം പ്രതികരണങ്ങളൊന്നുമില്ല. അവയുടെ വ്യാജ അക്കാദമിക് പരിവേഷത്തെ തിരിച്ചറിഞ്ഞ് അവഗണിക്കുന്നതില്‍‍ ഞാന്‍ അല്‍പ്പം അമാന്തം കാണിച്ചുവോ എന്ന ആത്മവിമര്‍ശനം മാത്രമേ
എനിക്കുള്ളൂ.

പിന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ പോസ്റ്റുകളില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് ആളുകള്‍ പ്രതികരിക്കുമ്പോള്‍ താങ്കള്‍ കാക്കി നിക്കറുകാരന്‍ എന്നൊക്കെ ആരോപിക്കുന്നതെന്ന കാര്യം. സംവാദവും അതില്‍നിന്ന് ഉണ്ടാകുന്ന ആശയരൂപീകരണവുമൊന്നും അല്ല താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ആളുകള്‍ക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുന്നത് തന്നെയാണ് അതിനുള്ള മൂലകാരണം. താങ്കളുടെ പോസ്റ്റുകളുടെയും
കമന്റുകളുടെയും പാറ്റേണ്‍ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന വിവേചന ബുദ്ധിയുള്ള ആളുകള്‍ക്ക് താഴെപ്പറയുന്ന കാര്യങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് തോന്നുന്നു.

1) വസ്തുനിഷ്ഠമായ തെളിവുകളോടെയും ആശയപരമായ വ്യക്തതയോടെയും താങ്കളുടെ വാദങ്ങള്‍ക്ക് എതിരായി വരുന്നവരുടെ വാക്കുകളെ അഭിമുഖീകരിക്കുന്നതില്‍ താങ്കള്‍ കാണിക്കുന്ന സംശയകരമായ വൈമനസ്യം.
( ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് അജിത്ത് തന്ന ലിങ്കുകളെ താങ്കള്‍ തമസ്കരിക്കുന്നു.
മതഭീകരതയെ ഒരു ജനായത്ത ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്നതിനെക്കുറിച്ച് അനോമണി നൈതികമായ സന്ദേഹങ്ങള്‍ ഉന്നയിച്ചതിനെയും ഗോധ്രസംഭവത്തെ പറ്റി താങ്കള്‍ മനോരാജ്യസിദ്ധാന്തങ്ങളുടെ
ആവശ്യകതയെ ആഹ്വാനം ചെയ്തതിനെ അദ്ദേഹം അടിസ്ഥാനരഹിതമെന്ന് തെളിയിച്ചതിനെയും നന്ദി,ക്ഷമ എന്നൊക്കെപ്പറഞ്ഞ് താങ്കള്‍ അടച്ചുവെക്കുന്നു. മാധ്യമങ്ങള്‍ക്കുണ്ടാകേണ്ടുന്ന ജനപക്ഷ ജാഗ്രത എന്ന ഞാന്‍
പറഞ്ഞ പോയിന്റിനെ അവഗണിക്കുന്നു. ഇതൊക്കെ പെട്ടെന്ന് മനസ്സില്‍ വന്ന ഉദാഹരണങ്ങള്‍ മാത്രം.ഇനിയും നിറയെ ഉണ്ട് താങ്കളുടെ പറച്ചിലുകളില്‍ ഇതുപോലത്തെ കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടുകള്‍ എന്ന്
താങ്കള്‍ക്ക് തന്നെ ബോധ്യമുണ്ടാവണം !!! )

2) ഇവിടെ വരുന്ന ഓരോ കമന്റുകളെയും താങ്കള്‍ സമീപിക്കുന്ന രീതിയെ രസാവഹം എന്നൊക്കെ
തിരിച്ചറിയുന്നത് പോലും ജനപക്ഷ രാഷ്ട്രീയപരിപ്രേക്ഷ്യത്തില്‍ കുറ്റകരമായായിരിക്കും. ഇവിടെ എഴുതപ്പെടുന്ന ഓരോ പ്രതികരണത്തിലും താങ്കള്‍ ആവേശപൂര്‍വ്വം തിരയുന്നത് വളച്ചൊടിച്ചോ ഇരുട്ട്കൊണ്ട് നോക്കിയോ അവയെ താങ്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ, മനുഷ്യാവകാശങ്ങള്‍ക്കെതിരായ അധികാര(?)
പ്രയോഗങ്ങളാക്കി അപനിര്‍മ്മിക്കാനുള്ള സാധ്യതകളെ മാത്രമാണ്. വസ്തുതാപരമായ, വിശകലനം അര്‍ഹിക്കുന്ന വാദമുഖങ്ങളെ അഭിമുഖീകരിക്കുന്നതില്‍ താങ്കള്‍ കണിശമായ അലംബാവം സ്ഥായിയായി
പുലര്‍ത്തിവരുന്നത് ഇതിനു തന്നെയാണ്.

കാണാപ്പുറം said...

ലപുട,
താങ്കളുടെ എല്ലാ കമന്റുകളില്‍ നിന്നും ഞാന്‍ പഠിക്കുന്ന പ്രധാന പാഠം ഇതാണ്. എന്റെ പക്ഷനിലപാടുകളേക്കുറിച്ചു കൂടി സൂചിപ്പിക്കുന്ന “ഞാനാര് - ഞാനെന്തിനെഴുതുന്നു?” എന്ന ആ പോസ്റ്റ്‌ - വളരെ പണ്ടേ തന്നെ എഴുതി പ്രസിദ്ധീകരിക്കാഞ്ഞത് വലിയ തെറ്റായി.

താങ്കളുടെ മുന്‍ കമന്റിലെ എല്ലാ കാര്യത്തിനും ഇപ്പോള്‍ മറുപടി പറയാനാവില്ല. ദയവായി ‘മൌനം അവലംബിച്ചു‘ എന്നൊന്നും പറയരുത്‌. ഓരോന്നിനും മറുപടി പറയുക എന്നത്‌ ശ്രമകരമാണ്. പരമാവധി ശ്രമിക്കാം.

താങ്കള്‍ നുണ പറഞ്ഞു എന്നു ഞാന്‍ പറഞ്ഞില്ല. നുണ പറഞ്ഞത്‌ ദേശാഭിമാനിയാണ്. താങ്കളതിനെയെല്ലാം ‘ഒരു ജനപക്ഷജാഗ്രതയായിക്കണ്ടാല്‍ മതി’ എന്ന്‌ ഉപദേശിച്ചെങ്കിലും, എന്തോ എനിക്കത്‌ അനുകൂലിക്കാനാവുന്നില്ല. കാരണം, മോഡി കാണിച്ച കൊള്ളരുതായ്മകള്‍ കൊണ്ട്‌ നുണ എഴുതുന്നതിനെ ന്യായീകരിക്കാമെന്നു ഞാന്‍ കരുതുന്നില്ല. കേരളത്തിലെ പ്രസംഗത്തേപ്പറ്റി ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാകുന്നത്‌ എന്റെ പക്ഷനിലപാടുകള്‍ അനുസരിച്ച്‌ എനിക്കിഷ്ടമല്ലാത്തതുകൊണ്ടും, രാഷ്ട്രീയ കോട്ട-നേട്ടങ്ങള്‍ക്കപ്പുറത്ത്‌ എല്ലാവരേയും ബാധിക്കുന്ന ചില ഇഫക്ടുകള്‍ അതിനുണ്ടാവാമെന്നതുകൊണ്ടുമാണ് എനിക്കതിനെ ഒരു ജനപക്ഷജാഗ്രത മാത്രമായി കാണാനാവാത്തത്‌. ആ തെറ്റു ചൂണ്ടിക്കാണിക്കുന്നതിലും അല്പം ജനപക്ഷമുണ്ടെന്നു തന്നെയാണു ഞാന്‍ ഇപ്പോഴും കരുതുന്നത്‌.

“ഇപ്പോള്‍ ദാ താ‍ങ്കള്‍ പറയുന്നു താങ്കളൊരു സംഘപരിവാര്‍ അനുഭാവിയാണെന്ന്‌!“ എന്നൊക്കെ എഴുതിയത്‌ എന്നെ അതിശയിപ്പിക്കുന്നു. ‘എന്റെ നിലപാടുകള്‍ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ടല്ലോ‘ എന്നു പറഞ്ഞാണ് ഞാന്‍ ആ കമന്റ് എഴുതിയതു തന്നെ. അതേ കമന്റു വായിച്ചിട്ടു പറയുകയാണ് “ദാ ഇപ്പോള്‍ പറയുന്നു“ എന്ന്‌. ഞാന്‍ സൂചിപ്പിച്ചല്ലോ - തുടര്‍ച്ച നഷ്ടപ്പെട്ടതിന്റെ പ്രശ്നമുണ്ട്‌. ‘നിഷ്പക്ഷ‘മെന്നു പറയാനിടയായത് ഒരു പക്ഷേ ഇതാവും എന്നൊക്കെയും പറഞ്ഞ്‌ ഞാന്‍ ചിലതു വിശദീകരിച്ചിരുന്നു. എന്നിട്ടും ദാ വീണ്ടും നിഷ്പക്ഷതയേക്കുറിച്ചു പറയുന്നു! സംഘപരിവാര്‍ അനുഭാവിയായ ഞാന്‍ ‘അവരെ കണ്ണുമടച്ച്‌ പിന്തുണയ്ക്കുകയാണ് ‘ എന്ന്‌ താങ്കള്‍ ആരോപിക്കുന്നില്ലെങ്കില്‍, എന്റെ സ്വതന്ത്രചിന്തകളേക്കുറിച്ചു ഞാന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. എന്റെ വാക്കുകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കപ്പെടുന്നില്ല എന്നതു ഞാന്‍ തിരിച്ചറിയുന്നൊരു പരിമിതിയാണ്.

നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ താങ്കള്‍ എന്റെ രചനകളൊന്നും വായിക്കുമായിരുന്നില്ലെന്നു പറഞ്ഞതില്‍ നിന്ന്‌, ഇനിയെന്തായാലും അതിനു തുനിയില്ല എന്നൊരര്‍ത്ഥം കൂടി ഞാന്‍ മനസ്സിലാക്കുന്നു. എനിക്കതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. ഒരു സംഘപരിവാര്‍ “അനുഭാവിക്ക്‌“ എന്താണു പറയാനുള്ളതു കേള്‍ക്കണമെന്നു താങ്കള്‍ക്കു താല്പര്യമില്ലെങ്കില്‍, അതിനു നിര്‍ബന്ധിക്കുന്നതു മോശമാണെന്നാണെന്റെ നിലപാട്‌.

മറുമൊഴിയിലെ എന്റെ മുന്‍പോസ്റ്റുകള്‍ മുഴുവന്‍ താങ്കള്‍ വായിച്ചിരുന്നെങ്കില്‍, അവയില്‍ ഞാന്‍ ഉന്നയിച്ച ചില സംശയങ്ങളേക്കുറിച്ച്‌ താങ്കള്‍ക്കുള്ള നിലപാടുകള്‍ എനിക്ക്‌ മെയിലായി അയക്കുകയെങ്കിലും ചെയ്തേനെ എന്നാണു ഞാന്‍ കരുതിയത്‌.

അജിത്‌ അയച്ച ലിങ്കുകളെ കുറിച്ച്‌ ഞാന്‍ മൌനം പാലിച്ചെന്നതിനേപ്പറ്റി. അവയൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ നമുക്കു ലഭ്യമായിരുന്ന വിവരങ്ങളല്ലെന്നുണ്ടോ? ഞാനവ കാണാതെ പോകുന്നു - അവയേക്കുറിച്ച്‌ ആകുലപ്പെടാതെ പോകുന്നു എന്നതാണോ താങ്കള്‍ സംശയിക്കുന്നത്‌? ശരി - ആ ലിങ്കുകള്‍ തന്ന കമന്റിനു ശേഷം ഞാന്‍ എന്തു ചെയ്യണമായിരുന്നുവെന്നാണ് താങ്കള്‍ പറഞ്ഞുവയ്ക്കുന്നത്‌? ഒന്നെങ്കില്‍ ഞാന്‍ ‘എന്നാലും ശരി - ഗുജറാത്ത്‌ കലാപത്തിലും മറ്റും മോഡിയുടേയും മറ്റും പെരുമാറ്റം കൊള്ളാമായിരുന്നു‘ എന്നും പറഞ്ഞ്‌ അവരെ പിന്തുണച്ചു സംസാരിക്കണമെന്നോ? അതോ അതില്‍ അവര്‍ കാണിച്ചതിനെ ശക്തമായി അപലപിച്ചിട്ടുമതി ഇനിയെന്തെങ്കിലും പറയാനെന്നോ? കലാപത്തേക്കുറിച്ചുള്ള എന്റെ നിലപാടുകള്‍ മുഴുവന്‍ കമന്റിനു മറുപടിയായി പറഞ്ഞതിനുശേഷമേ ‘ന്യായീകരണവാദ‘ത്തേപ്പറ്റിയുള്ള ചര്‍ച്ച തുടരാവൂ എന്നോ? ഞാന്‍ എന്തു ചെയ്യണമായിരുന്നുവെന്നാണ് പറഞ്ഞു വയ്ക്കുന്നത്‌?

‘ന്യായീകരണവാദത്തിലെ അപകടം’ എന്ന എന്റെ പോസ്റ്റിലെ നിലപാടുകളില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്. ഗുജറാത്തു കലാപകാലത്തെ കൊള്ളരുതായ്മകള്‍ വിവരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വച്ച്‌ അതിനു മറുപടി പറയുവാന്‍ ശ്രമിക്കുന്നത്‌ എത്രമാത്രം ശരിയാണെന്നെനിക്കറിയില്ല.

ഒരു കാര്യം മാത്രം പറയാം. ഗുജറാത്ത്‌ കലാപമെന്നല്ല, അത്തരം ഏതെങ്കിലുമൊരു സംഭവത്തേക്കുറിച്ച്‌ ദു:ഖവും അമര്‍ഷവും രോഷവും, ഇനിയൊരിക്കലുമതാവര്‍ത്തിക്കരുത്‌ എന്ന ഉറച്ച ആഗ്രഹവും ഉണ്ടായിരിക്കാനുള്ള അവകാശമൊന്നും എന്നെപ്പോലെയുള്ളവര്‍ ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ല. ആര്‍ക്കും!

ഓരോരുത്തരുടെയും “പക്ഷം“ ‘കണ്ടുപിടിച്ച്‌‘ അയാള്‍ ഇങ്ങനെയാവും - അല്ലെങ്കില്‍ ഇങ്ങനെ ചിന്തിച്ചേ മതിയാവൂ - ഇങ്ങനെയൊക്കെ ചിന്തിക്കാനേ അയാള്‍ക്കാവൂ എന്നൊക്കെ മുന്‍‌വിധികളോടെ ചിന്തിക്കുന്നത്‌ ശരിയല്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം.

‘നാമിരുവരും ഇരുവരുടേയും നിലപാടുകള്‍ ധാരാളം വിശദീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക്‌ ഇനിയിപ്പോള്‍ ഈ വിഷയത്തില്‍ എനിക്കു കൂടുതലെന്തെങ്കിലും പറയാനില്ല’ എന്ന്‌ എഴുതി നിര്‍ത്താമെന്നു കരുതിയതാണ്. മുമ്പ്‌ ആരോ കമന്റിട്ടതുപൊലെ, “നിര്‍ത്തി” എന്നു ദയനീയഭാവം കാണിച്ചു എന്നൊക്കെപ്പറഞ്ഞ്‌, മറ്റൊരു കമന്റു ക്ഷണിച്ചു വരുത്തേണ്ട എന്നു കരുതി വേണ്ടെന്നു വച്ചു. ഇനിയിപ്പോള്‍, എഴുതിപ്പോയതു കൊണ്ട്‌ അത്‌ മറ്റാരുടെയെങ്കിലും ഭാഗത്തുനിന്നും വന്നു കൂടായ്കയില്ല.

Ajith said...

ശ്രീ. നകുലന്‍,

1. ക്ഷമിക്കണം. "വിചാര"ത്തിന്റെ വാദങ്ങള്‍ ഞാന്‍ വായിച്ചിരുന്നില്ല. അവ ന്യായീകരിക്കേണ്ട കാര്യവും എനിക്കില്ല. പക്ഷെ, അല്‍പം മലയാളം അറിയുന്ന ഒരാള്‍ ഇതില്‍ കാണുന്ന അര്‍ത്ഥം "തീവെപ്പില്‍ ശ്രീ. മോഡിക്കു പങ്കില്ല" എന്നു ഉറപ്പിച്ചു പറയാന്‍ പറ്റില്ല എന്നാണ്‌ (ഇതു തന്നെയല്ലേ താങ്കളുടെ 99%-1% സിദ്ധാന്തം?) പക്ഷെ, "മറുമൊഴി"യില്‍ താങ്കള്‍ സിദ്ധാന്തിക്കുന്നത്‌ തീവണ്ടിക്കു തീവച്ചത്‌ പുറത്തു തടിച്ചുകൂടിയ "മുസ്ലിങ്ങള്‍" ആണ്‌ എന്നതൊഴിച്ചുള്ള എല്ലാ അനുമാനവും "ശുദ്ധ അസംബന്ധവും" "വിവരമുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ കൊള്ളാത്തും" ആണെന്നാണ്‌.

വ്യക്തമായ യാതൊരു തെളിവുകളുറ്റെയും പിന്‍ബലമില്ലാതെ ഇത്തരം അനുമാനങ്ങളിലെത്തുന്നതിലെ അശാസ്ത്രീയത ഞങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അതിനെക്കുറിച്ച്‌ താങ്കള്‍ ഒന്നും മിണ്ടിക്കണ്ടില്ല.

2. താങ്കള്‍ വലിച്ചുവാരിയും അതിനാടകീയമായും എഴുതുന്നു എന്ന് എനിക്കഭിപ്രായമുണ്ട്‌. പക്ഷേ, പ്രസക്തമായ പല ചോദ്യങ്ങള്‍ക്കും താങ്കള്‍ വ്യക്തമായ ഉത്തരം തരുന്നില്ല എന്ന വാസ്തവം നിലനില്‍ക്കുന്നു. പല്‍പ്പോഴും താങ്കള്‍ വാചാടോപം ചോദ്യങ്ങളെ നേര്‍ക്കുനേരെ അഭിമുഖീകരിക്കാതെ കവച്ചു വയ്ക്കാനുള്ള ഒരു അഭ്യാസക്കളിയായാണ്‌ അനുഭവപ്പെടുന്നത്‌ -- ക്ഷമിക്കുക.

3. കൂടുതല്‍ ഗൗരവകരമായ എന്റെ പോയിന്റുകള്‍ നമ്പ്ര് ഒന്ന് (കലാപത്തില്‍ ഗുജറാത്ത്‌ സര്‍കാരിനുള്ള പങ്കിനെക്കുറിച്ചുള്ള തെളിവ്‌), രണ്ട്‌ (പോലീസ്‌ വെടിവെപ്പില്‍ കലാപകാരികള്‍ മരിക്കാനുണ്ടായ കാരണം) എന്നിവയോട്‌ താങ്കളുടെ പ്രതികരണം കണ്ടില്ല. ലാപുടക്കുള്ള ഒരു മറുപടിയില്‍ "ഇക്കാര്യങ്ങളൊക്കെ നമുക്ക്‌ പണ്ടേ അറിവുള്ളതാണല്ലോ" എന്നൊരു ധ്വനിയുണ്ട്‌. അങ്ങനെയാണെകില്‍ താങ്കള്‍ എന്തുകൊണ്ടാണ്‌ നിങ്ങളുടെ വിമര്‍ശകര്‍ ഇക്കാര്യത്തെപ്പറ്റി "ശക്തിയുക്തമായ തെളിവുകള്‍ ഒന്നും ഉയര്‍ത്തുന്നില്ല" എന്നു നിങ്ങള്‍ ആവലാതിപ്പെട്ടത്‌? ("വൈത്തൊ" എന്ന തലക്കെട്ട്‌ കാണുക)

ഞാന്‍ ഉയര്‍ത്തിയ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു.

നന്ദി, അജിത്‌

കാണാപ്പുറം said...

അജിത്തിനുള്ള മറുപടി.

(1) ajith said: - "മറുമൊഴി"യില്‍ താങ്കള്‍ സിദ്ധാന്തിക്കുന്നത്‌ തീവണ്ടിക്കു തീവച്ചത്‌ പുറത്തു തടിച്ചുകൂടിയ "മുസ്ലിങ്ങള്‍" ആണ്‌ എന്നതൊഴിച്ചുള്ള എല്ലാ അനുമാനവും "ശുദ്ധ അസംബന്ധവും" "വിവരമുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ കൊള്ളാത്തും" ആണെന്നാണ്‌.

നോക്കൂ അജിത്‌ - ഇങ്ങനെ കൈമറിഞ്ഞ്‌ കൈമറിഞ്ഞ്‌ ഓരോ ആവര്‍ത്തനത്തിലും ഓരോ അര്‍ത്ഥവ്യതിയാനം വീതമെങ്കിലും സംഭവിച്ച്‌ ഒടുവില്‍ ആദ്യത്തേതില്‍ നിന്ന്‌ വല്ലാതെ അര്‍ത്ഥം മാറിപ്പോകുന്നില്ലേ പല വാചകങ്ങള്‍ക്കും?

എന്റെ വാചകമെന്താണ്‌?

"ആകസ്മികതാവാദം വിവരമുള്ളവര്‍ വിശ്വസിക്കില്ലെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ നാം ഉടനെ അടുത്ത വാദം ഉന്നയിക്കുന്നു. ‘തീവയ്പു പോലും സംഘത്തിന്റെ പദ്ധതിയായിരുന്നു‘! ... അങ്ങേയറ്റം അവിശ്വസനീയമായ, ശുദ്ധ അസംബന്ധമാണെന്ന്‌ നമുക്കു തന്നെ ഉറപ്പുള്ള ഈയൊരു വാദമുഖത്തില്‍..."

വിവരമുള്ളവര്‍ വിശ്വസിക്കില്ലെന്ന്‌ ഞാന്‍ എഴുതിയത്‌ 'ആകസ്മികതാവാദ'മാണ്‌ . എന്തോ ചെറിയ അപകടം - വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്ക്യൂട്ടോ - അകത്തുണ്ടായിരുന്ന സ്റ്റൗവോ മറ്റോ മറിഞ്ഞു വീണു കത്തിയതോ മറ്റോ - എന്ന മട്ടില്‍ - തികച്ചും ആകസ്മികമായാണ്‌ തീപിടുത്തമുണ്ടായത്‌ - (കൃത്യം കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന കോച്ചില്‍ത്തന്നെ - അതും തീ ഇത്രയധികം പടരുന്ന തരത്തില്‍!) എന്ന വാദങ്ങളെയാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. അത്‌ ഇപ്പോഴും 'വിവരമുള്ളവര്‍'ക്ക്‌ അവിശ്വസനീയതയുണ്ടാക്കും എന്നു തന്നെയാണു ഞാന്‍ കരുതുന്നത്‌. താങ്കളാ വാചകത്തില്‍ എന്തെല്ലാം കൂട്ടിച്ചേര്‍ത്തു എന്നു നോക്കുക!

'അങ്ങേയറ്റം അവിശ്വസനീയമായ, ശുദ്ധ അസംബന്ധമാണെന്ന്‌ നമുക്കു തന്നെ ഉറപ്പുള്ള ഈയൊരു വാദമുഖം' എന്നു ഞാന്‍ ഉദ്ദേശിച്ചതെന്താണ്‌? 'തീവയ്പു പോലും സംഘത്തിന്റെ പദ്ധതിയായിരുന്നു' എന്നതാണത്‌. 'തടിച്ചുകൂടിയ മുസ്ലീങ്ങളാണെന്നതൊഴിച്ച്‌ എന്തും' അല്ല. അതിനെ ഇത്രയധികം മാറ്റിമറിച്ചതില്‍ എനിക്ക്‌ അതിശക്തമായ പ്രതിഷേധമുണ്ട്‌. പലരും പലയിടത്തും പറഞ്ഞിട്ടുണ്ടാകാവുന്ന ചിലതും, താങ്കളുടെ സ്വന്തം ചിന്തകളും എല്ലാം എന്റെ വാചകങ്ങളോട്‌ ഇടകലര്‍ന്നു വന്നിരിക്കുകയാണ്‌ ഇവിടെ. മറുപടിയില്‍ ഇതൊക്കെ ചുണ്ടിക്കാണിക്കേണ്ടി വരുമ്പോള്‍ അതല്‍പം വാചാടോപം പോലെ അനുഭവപ്പെടുന്നുണ്ടാകാം.

ഇവിടെ, 'സംഘത്തിന്റെ പദ്ധതിയായിരുന്നു എന്നു പറയുന്നത്‌ ശുദ്ധ അസംബന്ധമാണെന്ന്‌ നമുക്കു തന്നെ ഉറപ്പുള്ളതാണെ'ന്നു ഞാന്‍ പറയുന്നിടത്ത്‌ ഞാന്‍ കടുംപിടുത്തം പിടിച്ചു എന്നതും, എന്റെ 99%-1% തിയറി ഞാന്‍ തന്നെ തെറ്റിച്ചുവെന്നുമുള്ള താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്‌. 'താങ്കള്‍ക്കുറപ്പല്ലേ' എന്ന വിചാരത്തിന്റെ ചോദ്യത്തിന്‌, 'മറിച്ചാണെന്ന്‌ താങ്കള്‍ക്കുമുറപ്പല്ലേ' എന്ന മറുചോദ്യം ഉയര്‍ത്താന്‍ ശ്രമിച്ചതിനാലാവണം, 'നമുക്ക്‌' എന്നതവിടെ വന്നുപോയത്‌. ഞാനും വിചാരവും തമ്മിലുള്ള ഒരു സ്വകാര്യ സംഭാഷണമെന്ന നിലയ്ക്കാണ്‌ അത്‌ എഴുതപ്പെട്ടതെങ്കിലും, ഒരു പൊതുസമൂഹത്തില്‍ വായിക്കപ്പെടുമ്പോള്‍ 'നമുക്ക്‌' എന്നത്‌ 'പൊതുവില്‍ എല്ലാവര്‍ക്കും' എന്ന അര്‍ത്ഥതലത്തിലേക്കെത്തുന്നു. ചിലയിടങ്ങളില്‍ അത്‌ അങ്ങനെ തന്നെ പ്രയോഗിക്കപ്പെട്ടിട്ടുമുണ്ട്‌. വായിക്കപ്പെടുന്ന സാഹചര്യങ്ങള്‍ കൂടി മനസ്സില്‍ വച്ച്‌, ആ പ്രയോഗത്തില്‍ വേണ്ടത്ര ഗൗരവമെടുക്കാതിരുന്നത്‌ ഞാന്‍ വരുത്തിയ തെറ്റു തന്നെയാണ്‌. എന്റെ തന്നെ നിലപാടുകള്‍ക്കു വിരുദ്ധമായി അനുഭവപ്പെടാനിടയാക്കുന്നു അത്‌. ആ തെറ്റു കാണിച്ചതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. 'സംഘത്തിന്റെ പദ്ധതിയായിരുന്നില്ല' എന്ന്‌ എല്ലാവര്‍ക്കും 100% ഉറപ്പു പറയാനാവില്ല എന്നു തന്നെയാണെന്റെ നിലപാട്‌.

(2) വാചാടോപം ആയിപ്പോകുന്നതിന്റെ ഒരു കാരണം മുകളില്‍പ്പറഞ്ഞിട്ടുണ്ട്‌. അതിനെ എന്റെയൊരു പൊതുദൗര്‍ബല്യമാണോ എന്നു പരിശോധിച്ച്‌ തിരുത്താന്‍ ശ്രമിക്കുന്നതാണ്‌.

(3) ajith said: - ...താങ്കള്‍ എന്തുകൊണ്ടാണ്‌ നിങ്ങളുടെ വിമര്‍ശകര്‍ ഇക്കാര്യത്തെപ്പറ്റി "ശക്തിയുക്തമായ തെളിവുകള്‍ ഒന്നും ഉയര്‍ത്തുന്നില്ല" എന്നു നിങ്ങള്‍ ആവലാതിപ്പെട്ടത്‌?

ഇവിടെയും എന്റെ വാചകം മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്‌, പക്ഷേ അത്‌ എന്റെ കൂടി പിഴവിന്റെ ഫലമാണോ എന്നു ഞാന്‍ സംശയിക്കുന്നു. അല്‍പം കൂടി വ്യക്തമായി എഴുതാമായിരുന്നു.

ഞാന്‍ എഴുതിയത്‌ ഇങ്ങനെയാണ്.
...ആരോപണത്തിന് തെളിവുകളുടെ പിന്‍ബലം നല്‍കി ശക്തിയുക്തം അവതരിപ്പിക്കുവാനായിരുന്നു എല്ലാവരും ശ്രമിക്കേണ്ടിയിരുന്നത്‌. എന്നാല്‍, പലരും കൂടുതല്‍ സമയം ചെലവഴിച്ചത്‌ കലാപത്തിനു വഴിവച്ച ഗോധ്ര ട്രെയിന്‍ തീവയ്പ്‌ മോഡിയുടെ പദ്ധതിയായിരുന്നു എന്നു ശഠിക്കാനായിരുന്നു!

താങ്കളത്‌ 'തെളിവുകളൊന്നും ഉയര്‍ത്തുന്നില്ല' എന്നാക്കി മാറ്റി. പലരും 'കൂടുതല്‍ സമയം ചെലവഴിച്ചത്‌' എന്നു ഞാന്‍ എഴുതണമെങ്കില്‍ ഉറപ്പല്ലേ ആദ്യവശം ഞാന്‍ കാണാതിരുന്നിട്ടില്ല എന്ന്‌? 'തെളിവുകളുയര്‍ത്തി വാദിക്കണമായിരുന്നു. പക്ഷേ അതു ചെയ്യുന്നതിനു പകരം തീവയ്പിനേപറ്റി ശഠിച്ചു' എന്ന മട്ടിലല്ല ഞാന്‍ എഴുതിയത്‌.

പിന്നെ, ഞാനതെഴുതുമ്പോള്‍ പ്രധാനമായും മനസ്സില്‍ വച്ചത്‌ ബ്ലോഗിലും മെയിലിലും ഒക്കെയായി ചില ബ്ലോഗര്‍മാരുമായി നടത്തിയ ചര്‍ച്ചകളെയാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. അതിന്റെ തൊട്ടടുത്ത വരിയില്‍, ബ്ലോഗര്‍മാരേക്കുറിച്ചു പരാമര്‍ശിക്കുന്നതിലൂടെ അതു വ്യക്തമാവുന്നുമുണ്ട്‌.

പൊതുസമൂഹത്തില്‍ ഉണ്ടായ ചര്‍ച്ചകളേയും വിമര്‍ശനങ്ങളേയും പറ്റിയാണെങ്കില്‍, അവിടെ തെളിവുകളൊക്കെ നല്ല രീതിയില്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അവിടെയും, തീവയ്പിനേപ്പറ്റിയും കൂടി ശഠിച്ചത്‌ അതിനു ശേഷമുണ്ടായ കാര്യങ്ങളുടെ ഗൗരവം അല്‍പമെങ്കിലും കുറച്ചു കാണിക്കപ്പെടാനിടയാക്കി എന്ന്‌ പിന്നീട്‌ പലരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്‌. പലതും പഴയ പത്ര വാര്‍ത്തകളുടെയും കമന്റിന്റെയുമൊക്കെ രൂപത്തിലായതുകൊണ്ട്‌ ലിങ്കുകള്‍ തപ്പിയെടുക്കുന്നത്‌ ശ്രമകരമാവാനിടയുണ്ട്‌.

അജിത്‌ ഇവിടെ ഉയര്‍ത്തിയ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി തന്നുവെന്നു കരുതുന്നു. മറുമൊഴിയിലും മറ്റും എഴുതിയതിന്‌ ഇനി സമയം കിട്ടുമ്പോള്‍ മറുപടി തരാം. ഇവിടെ ക്രമനമ്പര്‍ ഇട്ട്‌ വ്യക്തമായി ചോദിച്ചതു സൗകര്യമായി. ചോദ്യരൂപത്തിലല്ലാതെ വരുന്ന ചിലത്‌ മറുപടിയില്‍ പരാമര്‍ശിക്കപ്പെടാതെ പോകുമ്പോള്‍, ഞാന്‍ തന്ത്രപൂര്‍വ്വം 'ചിലതില്‍' നിന്നു മാത്രം ഒഴിഞ്ഞുമാറുന്നു എന്ന മട്ടില്‍ ദു:ഖകരമായ ആരോപണം വരാറുണ്ട്‌. പിന്നെ, സത്യത്തില്‍ എനിക്കും സമയപരിമിതി വല്ലാതെയുണ്ട്‌. സാധാരണ ചില കമന്റുകള്‍ വരാറുള്ളത്‌ 'എനിക്കു വേറെ പണിയുണ്ട്‌ - താങ്കളുടെ രചനകള്‍ എന്റെ സമയം അപഹരിക്കുന്നു' എന്ന മട്ടിലൊക്കെയാണെന്നതുകൊണ്ട്‌, തിരക്കിനേകുറിച്ച്‌ എന്തെങ്കിലുമെഴുതിയാല്‍ അതില്‍ അഹങ്കാരത്തിന്റെ ഒരു നേര്‍ത്തസ്ഫുരണമെങ്കിലും അറിയാതെ വന്നുപോയെങ്കിലോ എന്നു ഭയന്നാണ്‌ അതിനു മുതിരാഞ്ഞത്‌.

എന്റെ കുറിപ്പുകള്‍ വായിക്കുന്നതിനും അഭിപ്രായമറിയിക്കുന്നതിനും നന്ദി.

വൈത്തോ:-
'വൈകിത്തോന്നിയത്‌' എന്നതിന്റെ ചുരുക്കെഴുത്താണ്‌ വൈത്തോ. 'പി.എസ്‌.' എന്നതിന്റെ മലയാളരൂപം.
qw_er_ty

Pramod.KM said...

ഹായ് നകുലേട്ടാ..സുഖം തന്നെ എന്ന് കരുതട്ടെ. ഇപ്പോള്‍ ഇറങ്ങിയ തെഹല്‍ക്ക ടേപ്പിനെ പറ്റി വല്ലതുമൊക്കെ പറയാനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
പ്രമോദ്.

Rowdy said...

Mr. Ajith,
You've mentioned that Gujarat riots started on Feb 27, 2002. Godhra happened on that and riots started on 28th. And here is the biggest catch. The pseudo-seculars bark that till March 1st Modi government didn't battle an eyelid for three days. even your comment endorse that view. My friend, remember feb doesn't have 29, 30 or 31 days :). The army had the first flag march on March Ist, that is right after the riots broke out and many rioters were shot down on that day itself. So the point that government was inactive doesn't stand a chance. As old timers say a little bit of discretion will be better before making such comments.