Sunday, March 25, 2007

മോഡി, മാദ്ധ്യമങ്ങള്‍, പിന്നെ പാകിസ്ഥാന്റെ മിസൈലും

പാക്കിസ്ഥാന്‍ വീണ്ടും മിസൈല്‍ പരീക്ഷിച്ചു എന്ന വാര്‍ത്ത വായിച്ചപ്പോളാണ്‌ അവരുടെ "ഘോറി" മിസൈലിനേക്കുറിച്ചുള്ള ചില പഴയ ചിന്തകള്‍ വീണ്ടും മനസ്സിലേക്കു വന്നത്‌.

പരസ്പരവിശ്വാസമില്ലായ്മയും സംശയത്തോടെയുള്ള സമീപനവും ഇന്തോ-പാക്‌ ബന്ധങ്ങള്‍ ഊഷ്മളമാകുന്നതില്‍ എക്കാലവും ഒരു വിലങ്ങുതടിയായിരുന്നിട്ടുണ്ട്‌. മറുഭാഗത്തുനിന്നുള്ള എന്തെങ്കിലുമൊരു നീക്കം കണ്ടാല്‍ ഉടന്‍ തന്നെ മുന്‍വിധികളോടെ അത്‌ തങ്ങള്‍ക്കെതിരാണെന്നു വിചാരിച്ച്‌ ഉത്‌കണ്ഠപ്പെടുന്നത്‌ ഇരുഭാഗത്തും സാധാരണമാണ്‌. എല്ലാ ആശങ്കകളും അസ്ഥാനത്താണ്‌ എന്നല്ല പറഞ്ഞു വരുന്നത്‌. ചിലതെങ്കിലും അങ്ങനെയാണ്‌ എന്നാണ്‌.

പാക്കിസ്ഥാന്‍ തങ്ങളുടെ മിസൈലിന്‌ "ഘോറി" എന്നു പേരു കൊടുത്തത്‌ മുഹമ്മദ്‌ ഘോറിയെ ഉദ്ദേശിച്ചാണെന്നു പറയപ്പെടുന്നു. ഇന്ത്യയുടെ 'പൃഥ്വി' മിസൈലിനു ബദല്‍ എന്ന നിലയ്ക്കാണ്‌ പാക്കിസ്ഥാന്‍ ഘോറി വികസിപ്പിച്ചത്‌. ഇന്ത്യയുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുമ്പോള്‍ പാകിസ്ഥാന്‍ മാത്രമാണു മനസ്സില്‍ എന്ന തെറ്റിദ്ധാരണയോടെ ചിന്തിക്കുന്ന ഒരു പാകിസ്ഥാന്‍കാരന്‌ ഒരുപക്ഷേ സംശയം തോന്നാം - നാം പൃഥ്വിരാജ്‌ ചൗഹാന്റെ പേരാണ്‌ മിസൈലിനു നല്‍കിയിരിക്കുന്നത്‌ എന്ന്‌. എങ്കില്‍ പിന്നെ അതിനുള്ള ബദല്‍ മുഹമ്മദ്‌ ഘോറി തന്നെ ആയിക്കോട്ടെ എന്നു കരുതിയിട്ടുണ്ടാവണം. മുഗള്‍ അധിനിവേശകാലത്തെ യുദ്ധങ്ങളുടെ ചരിത്രമറിയാവുന്നവര്‍ക്കറിയാം ആ തോന്നലിനു കാരണം.

പാകിസ്ഥാന്‍ അങ്ങനെ സംശയിച്ചു എന്നതു സത്യമാണെങ്കില്‍ (വിക്കിപീഡിയയും മറ്റു ധാരാളം വെബ്‌സൈറ്റുകളും അത്‌ ശരിവയ്ക്കുന്നുണ്ട്‌), അവര്‍ക്കു കടുത്ത അമളിയാണു പറ്റിയതെന്ന്‌ ഉറപ്പ്‌. ഭാരതം പഞ്ചഭൂതങ്ങളുടെ പേരാണ്‌ മിസൈലുകള്‍ക്കു നല്‍കിയിരിക്കുന്നത്‌. പൃഥ്വി, അഗ്നി, ആകാശ്‌ എന്നൊക്കെ. അല്ലാതെ മുഗളന്മാരുടെ ആക്രമണങ്ങളെ ചെറുത്ത ഹിന്ദു രാജാക്കന്മാരുടെ പേരുകളല്ല. 'പൃഥ്വി' എന്ന പേരു കേട്ട ഉടന്‍ തന്നെ 'ഘോറി' എന്നും 'ബാബര്‍' എന്നും 'ഗസ്നവി' എന്നുമൊക്കെ തങ്ങളുടെ മിസൈലുകള്‍ക്കു പേരിട്ട പാകിസ്ഥാന്‍ ഈയിടെയായി ദേശാഭിമാനത്തിന്റെ പേരു പറഞ്ഞ്‌ ആ നാമകരണങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പില്‍ നിന്ന്‌ അമളി പൂര്‍ണ്ണമായി മറച്ചുവയ്ക്കാന്‍ അവര്‍ക്ക്‌ ഇനിയും കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.

സംശയത്തോടെയുള്ള സമീപനം അബദ്ധത്തിലും ചിലപ്പോള്‍ അപകടത്തിലും കൊണ്ടു ചെന്നെത്തിക്കുന്നതിന്റെ ഉദാഹരണമാണ്‌ മേല്‍പറഞ്ഞത്‌. നമുക്കും ചെറിയ അബദ്ധങ്ങള്‍ പറ്റാറുണ്ട്‌. ഇന്ത്യയില്‍ ചിലയിടങ്ങളില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ന്നു കാണുന്നതു(?)മായി ബന്ധപ്പെട്ട സംശയങ്ങള്‍ തന്നെ ഉദാഹരണം. പച്ചനിറവും ചന്ദ്രക്കലയുമൊക്കെയായി ഒരു പതാകയോ മറ്റോ കണ്ടാല്‍ ഉടനെ തന്നെ സംശയങ്ങളും പ്രതിഷേധങ്ങളും ഉയരുകയുമായി. സത്യത്തില്‍ അവയെ ഇസ്ലാമിക ചിഹ്നങ്ങളായി മാത്രമേ കണക്കാക്കേണ്ടതുള്ളൂവെന്നും പാക്കിസ്ഥാന്‍ പതാകയായി സംശയിക്കേണ്ടതില്ലെന്നുമാണ്‌ എനിക്കു തോന്നുന്നത്‌. ഭാരതത്തില്‍ ആര്‍ക്കും സ്വന്തം മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവകാശമുണ്ട്‌. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ അത്തരമൊരു പതാക കണ്ടാല്‍ അതിനെ പാക്കിസ്ഥാന്‍ അനുകൂലമനോഭാവത്തിന്റെ പ്രകടനമായി വ്യാഖ്യാനിക്കേണ്ടതില്ല. മുന്‍വിധികളില്ലാതെ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയാണു വേണ്ടത്‌. അതിനുള്ള ആര്‍ജ്ജവം ഉണ്ടായിരിക്കണം എന്നതു വേറെ കാര്യം.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇത്‌ അന്താരാഷ്ട്ര ബന്ധങ്ങളില്‍ മാത്രം കാണുന്നൊരു പ്രശ്നമല്ല. നിര്‍ഭാഗ്യവശാല്‍, നമുക്കിടയില്‍ത്തന്നെ വിഭിന്ന സമുദായങ്ങള്‍ തമ്മിലും അനാവശ്യമായ അകലം സൃഷ്ടിക്കുന്നത്‌ സംശയത്തോടെയുള്ള ഇത്തരം സമീപനങ്ങളാണ്‌. കലാപങ്ങളുടെയോ മറ്റു സംഘര്‍ഷങ്ങളുടെയോ ഒക്കെ സന്ദര്‍ഭങ്ങളില്‍, ഊഹാപോഹങ്ങള്‍ പ്രചരിക്കുമ്പോള്‍, അവയുടെ വിശ്വസനീയത ചോദ്യംചെയ്യപ്പെടാതെ പോകുന്നതും അവ കൂടുതല്‍ പ്രകോപനങ്ങളിലേയ്ക്കും പ്രതികരണങ്ങളിലേക്കും നയിക്കുന്നതുമൊക്കെ ഈയൊരു സംശയത്തിന്റെ പശ്ചാത്തലത്തിലാണ്‌.

ഇവിടെ മാദ്ധ്യമങ്ങളുടെ സമീപനമെന്തായിരിക്കണം എന്നതിനേപ്പറ്റി അധികം തര്‍ക്കമുണ്ടാകാനിടയില്ല. സംശയങ്ങള്‍ വളര്‍ത്തുന്നതിലല്ല - ദുരീകരിക്കുന്നതിലാണ്‌ - അവര്‍ ശ്രദ്ധവയ്ക്കേണ്ടതെന്നത്‌ സുവ്യക്തം. "കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അഫയേര്‍സ്‌ ആന്റ്‌ ഹ്യൂമന്‍ റൈറ്റ്‌സിന്റെ" ഒരു നിരീക്ഷണം ഇവിടെ അനുസ്മരണീയമാണ്‌. ഗോധ്രകലാപകാലങ്ങളില്‍ ഏതാനും ആഴ്ചകളിലേക്കെങ്കിലും താല്‍ക്കാലികമായി ചില ചാനലുകള്‍ പ്രക്ഷേപണം നിര്‍ത്തിവയ്ക്കുകയും പത്രങ്ങള്‍ പ്രസിദ്ധീകരണം മാറ്റിവയ്ക്കുകയും ചെയ്തിരുന്നെങ്കില്‍ കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത്‌ മുക്കാല്‍ ഭാഗത്തോളം പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ്‌ അവര്‍ കണ്ടെത്തിയത്‌. "The media selected, distorted and added fiction to the news, to prove their respective points of view" എന്ന പരാമര്‍ശം ദു:ഖത്തോടെ മാത്രമേ നമുക്കു വായിക്കാന്‍ കഴിയൂ.


കൂടുതല്‍ പ്രശ്നങ്ങളുണ്ടായേക്കും എന്ന കാരണം പറഞ്ഞ്‌ സത്യങ്ങള്‍ തുറന്നുകാട്ടാന്‍ മടിക്കേണ്ടതുണ്ടോ - അതിവൈകാരികത പ്രശ്നമായേക്കാവുന്ന അവസരങ്ങളില്‍, ചില വാര്‍ത്തകളൊക്കെ തല്‍ക്കാലത്തേയ്ക്കെങ്കിലും മറയ്ക്കുന്നതാണോ അതോ എല്ലാം തുറന്നു കാട്ടുന്നതാണോ നല്ലത്‌ - എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വിശദമായ സംവാദങ്ങള്‍ക്കു വഴി വച്ചേക്കാവുന്നവയാണ്‌. എന്നാല്‍, തങ്ങള്‍ക്ക്‌ എത്ര നേട്ടമുണ്ടായാലും ശരി - അസത്യവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന്‌ മാദ്ധ്യമങ്ങള്‍ വിട്ടു നില്‍ക്കുക തന്നെയാണു വേണ്ടത്‌ എന്നതിനെ ഒരാള്‍ പോലും എതിര്‍ക്കുമെന്നു തോന്നുന്നില്ല.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

നരേന്ദ്ര മോഡി കേരളം സന്ദര്‍ശിച്ചപ്പോള്‍ നമ്മുടെ മാദ്ധ്യമങ്ങളും ഏറെയൊന്നും പക്വതയോടെയല്ല പെരുമാറിയത്‌ എന്ന്‌ എനിക്കഭിപ്രായമുണ്ട്‌. കുറച്ചുകാലമായി സംഘപരിവാറിനെ അകന്നു നിന്നു വിമര്‍ശിക്കുന്നതു നിര്‍ത്തി പകരം ജിജ്ഞാസാപൂര്‍വ്വം അടുത്തു ചെന്നു നിരീക്ഷിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്കത്‌ നിസ്സംശയം പറയാന്‍ പറ്റും. മോഡി വന്നാല്‍ എന്തെല്ലാമോ സംഭവിച്ചുകളയും എന്ന മട്ടില്‍ ഭീതി ജനിപ്പിച്ചതിനെ അവിവേകം എന്നേ ഞാന്‍ വിളിക്കൂ. പരമാവധി അപകീര്‍ത്തിപ്പെടുത്തുക എന്ന പതിവു ലക്ഷ്യം തന്നെയാണുണ്ടായിരുന്നതെങ്കില്‍, അതിന്‌ അവഗണന തന്നെയായിരുന്നു ഏറ്റവും നല്ല മാര്‍ഗ്ഗം. ബഹളമുണ്ടാക്കിയപ്പോള്‍, വേളുക്കാന്‍ തേച്ചത്‌ പാണ്ടാവുകയാണുണ്ടായത്‌.

സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുക എന്ന തികച്ചും വ്യക്തിപരമായ കാര്യത്തിനാണ്‌ മോഡി ഇവിടെ വന്നത്‌. പറയാനുദ്ദേശിച്ചതെല്ലാം പറഞ്ഞ്‌ സംഘപ്രവര്‍ത്തകരുടെ ആവേശമുയര്‍ത്തി മടങ്ങുകയും ചെയ്തു. ഇവിടെ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാകും എന്നും മറ്റുമുള്ള 'പ്രവചനങ്ങ'ളില്‍ ചിലത്‌ അപമാനിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ആരോപണങ്ങളും മറ്റുള്ളവ അറിവില്ലായ്മയില്‍ നിന്നുടലെടുത്ത ഭയത്തിന്റെ ബഹിര്‍സ്ഫുരണങ്ങളുമായിരുന്നു. മോഡി വന്നു പ്രസംഗിച്ചു മടങ്ങിയതിനു ശേഷം എല്ലാവരും സ്വിച്ചിട്ടതുപോലെ നിശ്ശബ്ദരായിപ്പോയതിനും സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒന്നും തുടര്‍ന്നെഴുതാന്‍ കഴിയാതെ പോയതിനും മറ്റനേകം കാരണങ്ങളുമുണ്ട്‌. അത്‌ പ്രസംഗം കേട്ടവര്‍ക്കറിയാം.

'സംഘപരിവാര്‍ വര്‍ഗ്ഗീയസംഘര്‍ഷം സൃഷ്ടിച്ച്‌ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെ'ന്ന(!) ചില നേതാക്കന്മാരുടെ പ്രസ്താവനകള്‍ മാദ്ധ്യമങ്ങള്‍ ഏറ്റു പിടിക്കുകയുണ്ടായി. സത്യത്തില്‍ അത്തരമൊരു തോന്നല്‍ തന്നെ വികലമായൊരു ചിന്താരീതിയെയാണു സൂചിപ്പിക്കുന്നത്‌. എങ്ങനെയാണാവോ അതുകൊണ്ട്‌ "നേട്ട"മുണ്ടാക്കുന്നത്‌? സംഘപ്രവര്‍ത്തകര്‍പോയിട്ട്‌ ഹിന്ദുവായിപ്പോലും ഒരാള്‍ പോലുമില്ലാത്ത കടലോര ഗ്രാമങ്ങളില്‍ മുക്കുവരായ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ തികച്ചും പ്രാദേശികമായ ചില കാരണങ്ങളാല്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍പ്പോലും സംഘത്തിന്റെ പേരു വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്‌. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതുകൊണ്ട്‌ സംഘത്തിന്‌ പ്രയോജനമുള്ളതായി ഞാന്‍ കരുതുന്നില്ല.

മോഡി വരുന്നതിനു മുമ്പ്‌ കേരളത്തില്‍ രണ്ടു സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടായി എന്നതു സത്യമാണ്‌. ബാലരാമപുരത്തും തിരൂരും.

ബാലരാമപുരത്ത്‌ ഹിന്ദുമഹാമേളയുടെ പ്രചാരണബോര്‍ഡുകള്‍ പരക്കെ നശിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ നടത്തിയ പ്രകടനത്തിനു നേരെ ഒരു പള്ളിയില്‍ നിന്ന്‌ കല്ലേറുണ്ടായപ്പോഴാണ്‌ പ്രകടനക്കാര്‍ തിരിച്ചടിച്ചത്‌. നാട്ടുകാര്‍ക്കും അവിടം സന്ദര്‍ശിച്ച നേതാക്കള്‍ക്കും പോലീസുദ്യോഗസ്ഥര്‍ക്കുമെല്ലാം അതറിയാം. പള്ളിയില്‍ നിന്ന്‌ കല്ലേറു നടത്തിയ അക്രമികളെ മുസ്ലിം സമൂഹം ഒറ്റപ്പെടുത്തിയതു കൊണ്ടാവണം കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരുന്നത്‌. സംഭവിച്ച കാര്യങ്ങള്‍ അതേപടി തുറന്നെഴുതാന്‍ ആര്‍ജ്ജവം കാണിച്ച പത്രം 'കേരളകൗമുദി' മാത്രമാണ്‌ - 'ജന്മഭൂമി'യേക്കൂടാതെ.

'പള്ളി ആക്രമിച്ചു' എന്ന മട്ടില്‍ സെന്‍സേഷണല്‍ ന്യൂസുണ്ടാക്കാന്‍ ശ്രമിച്ചവരാണ്‌ സത്യത്തില്‍ സംഘര്‍ഷമുണ്ടാക്കുകയും വളര്‍ത്തുകയും ചെയ്തത്‌. പള്ളിയോ പാര്‍ട്ടിഓഫീസോ എന്നല്ല ഒരു അമ്പലത്തില്‍ നിന്നു തന്നെയാണെങ്കിലും കല്ലേറുണ്ടായാല്‍ അത്തരമൊരവസരത്തില്‍ പ്രകടനക്കാര്‍ തിരിച്ചടിക്കുമായിരുന്നു എന്നെനിക്കുറപ്പാണ്‌. മോഡി വരുന്നോ ഇല്ലയോ എന്നതുമായൊന്നും അതിനു ബന്ധമുണ്ടെന്നു തോന്നുന്നില്ല. മോഡിയുടെ സന്ദര്‍ശനം തടയാന്‍ ശ്രമിച്ചവര്‍ക്കായിരുന്നു പ്രശ്നങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യം. സംഘത്തിനല്ല.

തിരൂരില്‍ സംഘര്‍ഷമുണ്ടാക്കി ബി.പി. അങ്ങാടി നേര്‍ച്ച മുടക്കുക എന്ന ലക്ഷ്യവുമായാണ്‌ തങ്ങള്‍ നേര്‍ച്ചയുടെ തലേദിവസം ഒരു ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനെ കൊലചെയ്തത്‌ എന്ന്‌ പ്രതികള്‍ സമ്മതിച്ചതായാണ്‌ പത്രങ്ങളില്‍ നിന്നു തന്നെ അറിയുന്നത്‌. മോഡിയുടെ വരവിനോടനുബന്ധിച്ച്‌ പ്രശ്നമുണ്ടാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നിരിക്കാം. അവിടെയും സംഘമാണ്‌ പ്രശ്നമുണ്ടാക്കിയത്‌ എന്നു പറയുന്നവര്‍ ആലോചനാശേഷി തീരെയില്ലാത്തവരാണ്‌ എന്നു പറയേണ്ടിവരും.

ചുരുക്കിപ്പറഞ്ഞാല്‍, എന്റെ നിരീക്ഷണങ്ങള്‍ ഇവയാണ്‌. സംഘത്തിന്റെ കേരളഘടകം മോഡിയെ ഇവിടേക്കു ക്ഷണിച്ചത്‌ എന്തെങ്കിലും പ്രശ്നമുണ്ടാക്കാനല്ല. ഉണ്ടായ രണ്ടു സംഭവങ്ങളിലും സംഘത്തെയല്ല പഴിക്കേണ്ടതും. സത്യം പറയുമ്പോള്‍ അത്‌ സംഘാനുകൂലമായിപ്പോകുന്നെങ്കില്‍, അതിനാരെയും പഴിച്ചിട്ടു കാര്യമില്ല എന്നു കൂടി ചേര്‍ക്കാവുന്നതാണ്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

മോഡിയുടെ സന്ദര്‍ശനം കഴിഞ്ഞതിനു ശേഷം പോലും നമ്മുടെ മാദ്ധ്യമങ്ങള്‍ - പ്രത്യേകിച്ച്‌ ദേശാഭിമാനിയൊക്കെ - പ്രസംഗം റിപ്പോര്‍ട്ടു ചെയ്തതും മറ്റും തികഞ്ഞ തെറ്റിദ്ധാരണയുളവാക്കുന്ന തരത്തിലായിരുന്നു. വാസ്തവവും വാര്‍ത്തകളും തമ്മിലുള്ള ആ പൊരുത്തക്കേടുകളേപ്പറ്റിയൊക്കെ എഴുതണമെന്നു വിചാരിച്ചിരുന്നെങ്കിലും സമയം കിട്ടിയിരുന്നില്ല. ഒടുവില്‍, പ്രസംഗം തന്നെ കാണാപ്പുറത്തില്‍ പകര്‍ത്തിയിടാമെന്നു കരുതി. അതിന്റെ കാരണങ്ങളാണ്‌ താഴെ.

'ഹിന്ദുസമ്മേളനം' എന്നു കേട്ടയുടന്‍ തന്നെ അതിനെതിരെ പ്രസ്താവനകള്‍ നടത്താന്‍ നേതാക്കന്മാര്‍ മത്സരിക്കുന്നു - അതിന്റെ പരസ്യങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നു എന്നൊക്കെ കണ്ടപ്പോള്‍ത്തന്നെ തീര്‍ച്ചപ്പെടുത്തിയിരുന്നു - അവിടെയെന്താണു സംഭവിക്കുന്നതെന്ന്‌ മാദ്ധ്യമങ്ങളിലൂടെയല്ലാതെ നേരിട്ടു തന്നെ അറിയണമെന്ന്‌.

കേരളത്തില്‍ ഏതാണ്ട്‌ നൂറ്റി അറുപതോളം സ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ നടന്നതായി പറയപ്പെടുന്നു. അതില്‍ തിരുവനന്തപുരത്തേയ്ക്കു തന്നെ വണ്ടികയറാം എന്നു തീരുമാനിച്ചത്‌ 'പച്ചക്കുതിര' മാസികയില്‍ കെ.എന്‍. പണിക്കരുടേതായി വന്ന ലേഖനം വായിച്ചപ്പോഴാണ്‌. ('മോഡി കേരളത്തില്‍ കടന്നുകൂടാ എന്നു പറയാന്‍ നമുക്കു കഴിയണം'. 'കേരളത്തില്‍ മോഡിയെ പ്രസംഗിക്കാന്‍ അനുവദിക്കരുത്‌' എന്നും മറ്റുമുള്ള ധാര്‍ഷ്ട്യം നിറഞ്ഞ വാചകങ്ങള്‍ ഇതുപോലെ അനേകം പേരെ സമ്മേളനസ്ഥലത്തേക്ക്‌ നയിച്ചിട്ടുണ്ടാവുമെന്നുറപ്പ്‌.)

"മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ പോകുന്നെന്നോ? അതിനവിടെ വരെ പോകേണ്ട കാര്യമുണ്ടോ? എന്താ പറയാന്‍ പോകുന്നതെന്നു നമുക്കറിഞ്ഞുകൂടേ" എന്ന്‌ ഒരു സുഹൃത്തു ചോദിച്ചപ്പോഴാണ്‌, കേള്‍ക്കുന്നത്‌ റെക്കോര്‍ഡ്‌ ചെയ്ത്‌ അവനെത്തന്നെ കേള്‍പ്പിക്കണം എന്നു തോന്നിയത്‌.

പിറ്റേ ദിവസത്തെ പത്രങ്ങളിലൊന്നില്‍ "വര്‍ഗ്ഗീയ വിഷം ചീറ്റി മോഡി പോയി" (!) എന്നൊരു തലക്കെട്ടു കണ്ടപ്പോള്‍, റെക്കോര്‍ഡ്‌ ചെയ്തത്‌ കടലാസ്സിലേക്കു പകര്‍ത്തി മാദ്ധ്യമരംഗത്തു തന്നെ പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കള്‍ക്ക്‌ ഇ-മെയില്‍ ചെയ്താലോ എന്നു വിചാരിച്ചിരുന്നു. നടന്നില്ല.

എന്നാല്‍, അത്‌ ബ്ലോഗില്‍ പോസ്റ്റു ചെയ്യേണ്ടതുണ്ട്‌ എന്നു തോന്നിയത്‌ പിന്നെയും രണ്ടു മാസങ്ങളോളം കഴിഞ്ഞ്‌ ഇപ്പോള്‍ മാത്രമാണ്‌. കഴിഞ്ഞയിടെ സംസ്ഥാനത്തെത്തിയ മല്ലികാ സാരാഭായ്‌, 'മോഡിയെ സ്വാഗതം ചെയ്തത്‌ കേരളത്തിന്‌ അപമാനമായി ' എന്ന്‌ പ്രസ്താവിച്ചതായുള്ള വാര്‍ത്ത കണ്ടപ്പോഴാണ്‌ പ്രസംഗം ഒരു പോസ്റ്റായിത്തന്നെ മാറ്റണം എന്ന്‌ ആദ്യം തോന്നിയത്‌. പിന്നീട്‌, ആ പരാമര്‍ശത്തില്‍ കാപട്യമുണ്ട്‌ എന്നു മനസ്സിലാക്കിയപ്പോള്‍ അവഗണിക്കാം എന്നു തോന്നി. അഭിപ്രായവോട്ടെടുപ്പില്‍ 75% വോട്ടുനല്‍കി ജനപ്രിയമുഖ്യമന്ത്രിമാരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്‌ മോഡിയെ എത്തിക്കാന്‍ മടിയില്ലാത്ത ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത്‌ മല്ലികയ്ക്ക്‌ അപമാനമായിത്തോന്നുന്നില്ലെങ്കില്‍, മോഡി ഇവിടം സന്ദര്‍ശിച്ചതിന്റെ പേരില്‍ കേരളീയരെ അപമാനിക്കാന്‍ അവര്‍ക്കെന്തവകാശം എന്നോര്‍ത്ത്‌ ഞാനവരെ അവഗണിച്ചു. എന്നാല്‍, ഈയിടെ ഇ-മെയിലുകള്‍ വഴിയുള്ള ചില സുഹൃദ്‌സംവാദങ്ങള്‍ക്കിടയില്‍ ഒരാള്‍ "ഇവിടെയും വന്ന്‌ അയാള്‍ വിഷം ഛര്‍ദ്ദിച്ചില്ലേ?" എന്നൊരു ചോദ്യമുന്നയിക്കുകയുണ്ടായി. 'താങ്കള്‍ വല്ലതും കേട്ടുവോ' എന്ന എന്റെ മറുചോദ്യത്തിന്‌ 'താങ്കള്‍ പത്രമൊന്നും വായിക്കാറില്ലേ' എന്ന മറ്റൊരു ചോദ്യമായിരുന്നു മറുപടി. ആ സുഹൃത്തിനു വേണ്ടി, മോഡിയുടെ പ്രസംഗം ഞാന്‍ വരമൊഴിയിലേക്കു പകര്‍ത്തിക്കൊണ്ടിരിക്കുകയാണ്‌. അധികം വൈകാതെ അത്‌ ബ്ലോഗില്‍ പോസ്റ്റു ചെയ്യുന്നതാണ്‌.

മോഡിയുടെ സന്ദര്‍ശനത്തിന്റെ പിറ്റേന്ന്‌ കേരളത്തിലെ മാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ മനപൂര്‍വ്വമോ അല്ലാതെയോ വന്ന ചില പിഴവുകളും മറ്റു ചില പരാമര്‍ശങ്ങളേക്കുറിച്ചുള്ള എന്റെ ചിന്തകളും മറ്റും - മറുമൊഴിയില്‍ - മറ്റൊരു പോസ്റ്റായി എഴുതുന്നതാണ്‌.

ഭൂരിഭാഗവും ഹിന്ദിയിലായിരുന്ന പ്രസംഗത്തിന്റെ പരിഭാഷ സ്വന്തനിലയില്‍ നടത്താന്‍ മാത്രം ഭാഷാപരിജ്ഞാനമില്ലാത്തതു കൊണ്ട്‌ അവിടെ വേദിയില്‍ നിന്നു തന്നെ കേട്ട മലയാളപരിഭാഷയാണ്‌ പകര്‍ത്തിക്കൊണ്ടിരിക്കുന്നത്‌. റെക്കോര്‍ഡ്‌ ചെയ്തതിനുശേഷം വീണ്ടും കേട്ട്‌ എഴുതുന്നത്‌. പരിഭാഷകനു വന്ന ചില്ലറ പിഴവുകള്‍- ആവര്‍ത്തനങ്ങള്‍ - നിര്‍ത്തലുകള്‍ - പകുതിവച്ചു മുറിഞ്ഞുപോയ വാക്കുകള്‍ എന്നിവ പോലും യാതൊരു കലര്‍പ്പുമില്ലാതെ അതേപടി പകര്‍ത്തുന്നുണ്ട്‌. സത്യം എന്നാല്‍ അത്‌ പൂര്‍ണ്ണവും കൂടി ആയിരിക്കേണ്ടതുണ്ട്‌.

സ്വന്തം താല്‍പര്യങ്ങള്‍ക്കു തടസ്സമാകുമെന്നു കാണുന്ന വാര്‍ത്തകള്‍ തമസ്ക്കരിക്കുന്നതു മനസ്സിലാക്കാം. എന്നാല്‍ അവ വളച്ചൊടിച്ച്‌ വികലമാക്കി അവതരിപ്പിക്കുകയും പലപ്പോഴും അസത്യം തന്നെ എഴുതി തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്യുന്ന മാദ്ധ്യമസംസ്കാരത്തിനെതിരെ അതിശക്തവും തകര്‍ക്കാനാവാത്തതുമായ ഇത്തരം ചെറുത്തുനില്‍പ്പുകള്‍ നടത്താനാവുന്നില്ലെങ്കില്‍, പിന്നെ ബ്ലോഗ്‌ എന്ന മാദ്ധ്യമത്തിന്റെ ശക്തിയെന്താണ്‌?

സത്യം അറിയണമെന്നുള്ളവര്‍ക്ക്‌ അത്‌ എത്തിച്ചുകൊടുക്കുന്നില്ലെങ്കില്‍, ഏതൊരു മാദ്ധ്യമവും 'ജനകീയ'മാവുന്നതെങ്ങനെയാണ്‌?

'മുഖ്യധാരാ' ലേബലുകളില്‍ അറിയപ്പെടുന്ന പത്രമുത്തശ്ശിമാരും ചാനലുകളും മനപൂര്‍വ്വം മറച്ചുപിടിക്കുന്ന ചിലതെങ്കിലും തുറന്നുകാട്ടാനാവുന്നില്ലെങ്കില്‍, കാണാപ്പുറം എന്ന പേരെന്തിനാണ്‌?

പച്ചക്കള്ളങ്ങളും ദുരാരോപണങ്ങളും എഴുതാത്തിടത്തോളം കാലം - പ്രതിപാദ്യവിഷയമെന്തുമാവട്ടെ - ഏതൊരു തൂലികയ്ക്കും തലയുയര്‍ത്തിത്തന്നെ നില്‍ക്കാനാകും. എത്ര ആക്ഷേപം സഹിക്കേണ്ടിവന്നാലും.

'സത്യമേവ ജയതേ' എന്നതിനോട്‌ വിയോജിപ്പു തോന്നിപ്പോകുന്നു. സത്യം മാത്രമല്ല - അതുമായി ബന്ധപ്പെട്ട പലതും വിജയിക്കട്ടെ.
- സംശുദ്ധ പത്രപ്രവര്‍ത്തനം വിജയിക്കട്ടെ
- സത്യം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം വിജയിക്കട്ടെ
- വിവരാവകാശ സംരക്ഷണ നിയമം വിജയിക്കട്ടെ!

1 comment:

prasad said...

താങ്കളെപ്പോലെയുള്ള സത്യാന്വേഷികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലമായിരിക്കുന്നു.മാധ്യമങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കിടയില്‍ സത്യമേത്‌ നുണയേത്‌ എന്നറിയാതെ കഴുതകളെപ്പോലെ കഴിയുന്ന ഞാനടക്കമുള്ള പൊതുജനങ്ങള്‍ക്കു സത്യത്തിന്റെ മുഖം അല്‍പമെങ്കിലും അറിയാന്‍ കഴിയുന്നത്‌ ഇത്തരം ബ്ലൊഗുകളിലൂടെയാണ്‌. നെറികെട്ട മാധ്യമ സാംസ്കാരത്തിന്റെ നിലനില്‍പിന്‌ അധികം ആയുസ്സില്ല. പുതിയതലമുറയുടെ പുതിയ മാധ്യമം ഇനി ഇത്തരം ബ്ലോഗുകള്‍ ആകട്ടെ..താങ്കള്‍ക്ക്‌ എന്റെ എല്ലാവിധ ആസംസകളും അറിയിക്കുന്നു.

'സത്യമേവ ജയതേ'