Saturday, April 21, 2007

സംഘപരിവാറും ഗാന്ധിജിയും

ഒരു മലയാളപ്രസിദ്ധീകരണത്തില്‍ ഇങ്ങനെയൊരു തലക്കെട്ട്‌ ഇടതുവശം ചേര്‍ന്നുകിടക്കുന്നതു കണ്ടാല്‍ത്തന്നെ അറിയാം അതിന്റെ ഉള്ളടക്കം എന്തായിരിക്കുമെന്ന്‌. നാം എത്രയോ വായിച്ചിരിക്കുന്നു?

പക്ഷേ അങ്ങനെ എല്ലാവരും കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ മാത്രം പറയാനാണെങ്കില്‍പ്പിന്നെ 'കാണാപ്പുറം' എന്ന പേരെന്തിനാണ്‌? അധികമാരും കേട്ടിട്ടുണ്ടാവില്ലാത്തതു വല്ലതും തന്നെ പറയേണ്ടിയിരിക്കുന്നു.

സംഘശിബിരത്തില്‍ ഗാന്ധിജി
'മറുമൊഴി'യില്‍ ഒരു ചര്‍ച്ചയ്ക്കിടെ, 'സംഘസ്വയസേവകര്‍ക്കിടയില്‍ ജാതിവ്യത്യാസങ്ങളില്ല' എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ചിലരെങ്കിലും അത്ഭുതത്തോടെയാണ്‌ ശ്രവിച്ചത്‌. സത്യത്തിന്റെ ശക്തി മാത്രമല്ല, അതു മറച്ചുപിടിക്കപ്പെടുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന അജ്ഞതയുടെ ശക്തിയും അതിലൂടെ വെളിപ്പെട്ടു. സമകാലിക സംഭവങ്ങള്‍ ഉദാഹരിച്ച്‌ ഞാന്‍ ചിലതൊക്കെ വ്യക്തമാക്കിയപ്പോള്‍ 1930-കളിലേക്ക്‌ ചൂണ്ടിക്കൊണ്ടുള്ള മറുപടികളാണ്‌ ലഭിച്ചത്‌. പഴയകാല സംഭവങ്ങളേക്കുറിച്ചുള്ള ജ്ഞാനം എനിക്കുമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ചില പുസ്തകങ്ങള്‍ പരതുന്നതിനിടയില്‍ ശ്രദ്ധയില്‍പെട്ട ഒരു കാര്യമാണ്‌ താഴെക്കൊടുത്തിരിക്കുന്നത്‌. യാദൃച്ഛികമായാണ്‌ ആ ഭാഗത്ത്‌ ഗാന്ധിജിയും അദ്ദേഹം സ്വയംസേവകരെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുള്ള കാര്യവുമൊക്കെ കടന്നു വന്നത്‌. ഗാന്ധിവധം
സംഘവിരുദ്ധര്‍ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഏറ്റവും വലിയ ആയുധമായിരുന്നു ഗാന്ധിവധം സംബന്ധിച്ച ആരോപണം. പിന്നീട്‌ കുറേക്കൂടി ശക്തമായ - കൂടുതല്‍ പേരെ സ്വാധീനിക്കാന്‍ കഴിയുന്ന ആയുധങ്ങളെത്തിയതോടെ അതുപേക്ഷിച്ചു. ഈപ്പറയുന്ന സംഭവങ്ങളൊന്നും നടന്നിരുന്നില്ലെങ്കില്‍ത്തന്നെയും മറ്റെന്തെങ്കിലും ആരോപണങ്ങളിലൂടെ സംഘം എതിര്‍ക്കപ്പെടുമായിരുന്നുവെന്ന്‌ ഞാന്‍ കരുതുന്നു.

കോടതിവിധികളില്‍ മിക്കവയിലും സംഘത്തേക്കുറിച്ച്‌ പരാമര്‍ശം പോലുമില്ലാത്ത തരത്തില്‍ അരോപണങ്ങളിലെ കഴമ്പില്ലായ്മ പൂര്‍ണ്ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള നിലയ്ക്ക്‌ അതേപ്പറ്റി കൂടുതലെന്തെങ്കിലും പറഞ്ഞ്‌ കോടതിയലക്ഷ്യമുണ്ടാക്കാതിരിക്കുകയാണ്‌ ബുദ്ധിയെന്നു തോന്നുന്നു.

ഗാന്ധിവധത്തെ സംബന്ധിച്ച ആ പഴയ ആരോപണം കഴിഞ്ഞയിടെ വീണ്ടും പൊടിതട്ടിയെടുത്തുകണ്ടത്‌ കോണ്‍ഗ്രസുകാരുടെ മാസികയിലാണ്‌. ഗോഡ്‌സെ ഒരു കോണ്‍ഗ്രസുകാരന്‍ കൂടിയായിരുന്നു എന്നത്‌ - ഇടക്കാലത്തെങ്ങോ അയാള്‍ സംഘവുമായി ബന്ധപ്പെട്ടിരുന്നു എന്ന വിശ്വാസം മാത്രമാണ്‌ ആരോപണത്തിന്റെ കാതല്‍ എന്നത്‌ - ഇതേക്കുറിച്ചൊന്നും ലേഖകന്‌ വലിയ പിടിയുള്ളതായി തോന്നിയില്ല.

ഗാന്ധിചിത്രങ്ങള്‍
പള്ളിക്കൂടങ്ങളില്‍ മഹദ്‌വ്യക്തികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ (പ്രാര്‍ത്ഥനാഗീതമാലപിക്കുന്നതും അസ്സംബ്ലി കൂടുന്നതുമൊക്കെ) നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന്‌ കേള്‍ക്കുന്നു. ഗാന്ധി ചിത്രങ്ങള്‍ പുറത്തായതു തന്നെ! അടുത്ത തലമുറ മഹാത്മാഗാന്ധിയുടെ ഒരു ചിത്രം കണ്ടാല്‍ തിരിച്ചറിഞ്ഞെന്നു വരില്ല എന്നത്‌ ഉള്ളിലെവിടെയോ ചെറിയൊരു വ്യസനം സൃഷ്ടിക്കുന്നുണ്ട്‌.

ഗാന്ധി സ്മരണ
പണ്ടൊക്കെ ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ പള്ളിക്കൂടങ്ങളില്‍ 'സേവനവാരം' ആചരിച്ചിരുന്നത്‌ ഇപ്പോള്‍ 'സേവനദിന'മായി ചുരുക്കിയിട്ടുണ്ട്‌. അതുകൂടി ഒരുപക്ഷേ ഇല്ലാതായേക്കുമെന്ന മട്ടില്‍, മതാചാരങ്ങളെ അടിസ്ഥാനമാക്കി പൊതു അവധികള്‍ പുനര്‍നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുകയുമാണ്‌. വര്‍ഷത്തില്‍ ആ ഒരു ദിവസമെങ്കിലും ഗാന്ധിസ്മരണയ്ക്ക്‌ അവസരമൊരുങ്ങിയിരുന്നതുകൂടി നഷ്ടപ്പെട്ടേക്കും എന്നതും ദു:ഖകരം തന്നെ.

അതേപ്പറ്റിയുള്ള ചില ചിന്തകള്‍ക്കിടയിലാണ്‌ പണ്ട്‌ മാതൃഭൂമിയില്‍ വന്ന ഒരു കത്തിനേപ്പറ്റി ഓര്‍മ്മ വന്നത്‌. സംഘസ്വയംസേവകര്‍ നിത്യേന നടത്തുന്ന ഏതോ പ്രാര്‍ത്ഥനയ്ക്കിടയില്‍ - ദേശവന്ദനഗീതമോ മറ്റോ - ഗാന്ധിജിയെ സ്മരിക്കുന്നതിനേക്കുറിച്ച്‌ സൂചനയുണ്ടായിരുന്നു അതില്‍. സംശയത്തെ മാത്രം അടിസ്ഥാനമാക്കി എഴുതുന്നത്‌ ഉചിതമാവില്ലെന്നറിയാവുന്നതുകൊണ്ട്‌ മുതിര്‍ന്ന ഒരു സ്വയംസേവകനെ സമീപിച്ചു. അദ്ദേഹവും പറഞ്ഞു സംഗതി ശരിയാണെന്ന്‌. പ്രാതസ്മരണയോ (അതോ 'ഭാരതസ്മരണ'യോ 'പ്രഭാതസ്മരണ'യോ എന്തോ) മറ്റോ നടത്തുന്നതിലൂടെ ഗാന്ധിജിയേയും ദേശത്തിനു വേണ്ടി പ്രവര്‍ത്തിച്ച മറ്റു മഹദ്‌വ്യക്തികളേയും നിത്യവും സ്മരിക്കാറുണ്ടത്രെ.

ചുരുക്കിപ്പറഞ്ഞാല്‍, കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരുമൊക്കെ വല്ലപ്പോഴും ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍, സംഘസ്വയംസേവകര്‍ എല്ലാ ദിവസവും ഓര്‍ക്കുന്നു. പലര്‍ക്കും അത്ര സുഖകരമായ അറിവല്ല അത്‌ എന്നതുകൊണ്ട്‌, നിശ്ചയമായും കാണാപ്പുറത്തു തന്നെയാണ്‌ അതിന്റെ സ്ഥാനം.

1 comment:

Unknown said...

ഗാന്ധിജിയ്ക്ക്‌ നൂറുകണക്കിന് RSS പ്രവര്‍ത്തകര്‍ക്കു നടുവില്‍ നില്‍ക്കേണ്ടിവന്നിട്ടുണ്ട്‌! ഒറ്റയ്ക്കെന്നോണം! അതും പലതവണ!
ആരും കേട്ടിട്ടുണ്ടാവില്ലാത്ത അതിലേക്ക്‌ ഒരു എത്തിനോട്ടം.