Friday, September 21, 2007

സഫ്‌ദര്‍ അന്‍സാരി ക്ഷേത്രം കയ്യേറിയെന്നോ!

ഝാര്‍ഖണ്ടില്‍, സഫ്‌ദര്‍ അന്‍സാരി എന്നൊരു മുസ്ലിം ഒരു ദുര്‍ഗ്ഗാമണ്ഡപത്തിനോടു ചേര്‍ന്നുള്ള സ്ഥലത്ത്‌ കുടുംബസമേതം താമസമാക്കി എന്നു കേട്ടത്‌ വളരെ ജിജ്ഞാസയുണര്‍ത്തിയിരുന്നു.

ദൈവമേ - കയ്യേറ്റമാണോ? ഹിന്ദു സംഘടനകള്‍ ഇടപെടുമോ? എന്തെങ്കിലും പ്രശ്നമാവുമോ? “മതേതര”മാദ്ധ്യമങ്ങള്‍ക്ക്‌ ആഘോഷിക്കാനും സാധാരണക്കാര്‍ക്ക്‌ ദു:ഖിക്കാനുമുള്ള വക തരുന്ന മറ്റൊരു വാര്‍ത്തയായി അതു മാറിയേക്കുമോ? കൂടുതലറിഞ്ഞാലേ പറയാന്‍ പറ്റൂ.

മലയാള പത്രങ്ങളില്‍ ഒന്നും കണ്ടിരുന്നില്ല. ശ്രദ്ധയില്‍പ്പെടാതിരുന്നതാണോ എന്നറിയില്ല.

ഒടുവില്‍, ഒരു ഇംഗ്ലീഷ്‌ പത്രത്തില്‍ വിശദമായൊരു വാര്‍ത്ത കണ്ടപ്പോളാണു കാര്യം മനസ്സിലായത്‌. ഭവനരഹിതനും രോഗബാധിതനുമായിരുന്ന അന്‍സാരി, അദ്ദേഹത്തിന്റെ ഭാര്യ, മൂന്നു കുട്ടികള്‍ എന്നിവരടങ്ങുന്ന മുസ്ലിം കുടുംബത്തിന്റെ സംരക്ഷണമേറ്റെടുത്തുകൊണ്ട്‌ അവിടുത്തെ ഹിന്ദുക്കള്‍ ചേര്‍ന്ന്‌ അവരെ പൊതു സ്ഥലമായി കണക്കാക്കപ്പെടുന്ന ദുര്‍ഗ്ഗാമണ്ഡപത്തിനു സമീപം പാര്‍പ്പിക്കുകയായിരുന്നു! ഉത്സവത്തിന്റെയും മറ്റും സമയത്ത്‌ അവിടെ നിന്ന്‌ മാറേണ്ടി വരുന്ന സമയങ്ങളില്‍ അവരെ സ്വഭവനങ്ങളില്‍ പാര്‍പ്പിക്കാന്‍ പലരും തയ്യാറാകുകയും ചെയ്തിരിക്കുന്നുവത്രേ.

വെറുതെയല്ല - വിവാദങ്ങളിലും കലാപങ്ങളിലും മാത്രം താല്പര്യമുള്ള “മ“(ലയാള) പ്രസിദ്ധീകരണങ്ങളിലൊന്നും ആ വാര്‍ത്ത കാണാതിരുന്നത്‌.

വാര്‍ത്ത ഇവിടെ.

8 comments:

കാണാപ്പുറം said...

സഫ്‌ദര്‍ അന്‍സാരി എന്നൊരാള്‍ കുടുംബസമേതം ഒരു ദുര്‍ഗ്ഗാമണ്ഡപത്തിനോടു ചേര്‍ന്നുള്ള സ്ഥലത്തു താമസമാക്കി എന്നു കേട്ടത്‌ വളരെ ജിജ്ഞാസയുണര്‍ത്തിയിരുന്നു.

വക്കാരിമഷ്‌ടാ said...

ഇതൊക്കെ ഒരു വാര്‍ത്തയല്ലാത്ത സാധാരണസംഭവമാകണം നാട്ടില്‍. അതാവാന്‍ മാധ്യമങ്ങളും സഹായിക്കണം. ഒരു രീതി അതാവുന്നതുവരെ ഇതുപോലുള്ള വാര്‍ത്തകള്‍ അതിന്റെ എല്ലാ നന്മയോടും കൂടി അവതരിപ്പിക്കുക എന്നതാണ്.

പക്ഷേ കണ്ടുവന്നിരിക്കുന്ന രീതി വെച്ച് ഇതിനെയും ആരെങ്കിലുമൊക്കെ വിശകലിച്ചേക്കാം.

കുതിരവട്ടന്‍ :: kuthiravattan said...

ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് താല്പര്യമില്ല. എവിടെയെങ്കിലും ഒരു കള്ളനെ ആരെങ്കിലും തല്ലിയാല്‍, തല്ലിയവന്റെയും കള്ളന്റെയും പേരുകള്‍ നോക്കി ജാതിയും മതവും ന്യൂനപക്ഷവും ഭൂരിപക്ഷവും തിരിച്ച് അത് ഒരു വന്‍ സംഭവമാക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ മത്സരിക്കും.

പടിപ്പുര said...

നന്മ നിറഞ്ഞവര്‍ ഇനിയുമുണ്ടാവട്ടെ, എല്ലായിടത്തും.

കാണാപ്പുറം said...

വക്കാരി പറഞ്ഞതു സത്യം.

“കഷ്ടപ്പാടിലായ ഒരു മുസ്ലിം കുടുംബത്തെ ഹിന്ദുക്കള്‍ ചേര്‍ന്നു സഹായിച്ചു” എന്നതു മാത്രമെടുത്താല്‍ ഇപ്പോഴും ഇതൊന്നും ഒരു വാര്‍ത്തയേ അല്ല തന്നെ. എന്നാല്‍ അവരെ താമസിപ്പിക്കുന്നതിനായി ദുര്‍ഗ്ഗാമണ്ഡപം തന്നെ തെരഞ്ഞെടുക്കുന്നതിനു തടസ്സമുണ്ടായില്ല എന്നതും, ഒരു ആപല്‍ഘട്ടത്തില്‍ അതു സ്വീകരിക്കുന്നതിന് അന്‍സാരിക്ക്‌ മതപരിഗണനകള്‍ തടസ്സമായില്ല എന്നതും മാത്രമേ അതില്‍ എടുത്തു കാണേണ്ടതുള്ളൂ..

ആയുധസംഭരണത്തിനൊപ്പം ആക്രോശവും നടത്തുന്നവര്‍ക്ക്‌ അലോസരങ്ങളുണ്ടാക്കുന്നതിലേക്കായി
ഇത്തരം വാര്‍ത്തകള്‍ പക്ഷേ പ്രസിദ്ധീകരിക്കപ്പെടേണ്ടതുണ്ട്‌.

-------------

divinity-യും humanity-യും സംബന്ധിച്ച് പൂജാ കമ്മിറ്റിയിലെ ഒരു അംഗം നടത്തിയ പ്രസ്താവനയും, ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകന്റെ ‘വിപ്ലവ്‌‘ എന്ന പേരും വ്യക്തിപരമായി എന്റെ പ്രത്യേക ശ്രദ്ധപിടിച്ചു പറ്റിയ മറ്റു രണ്ടു കാര്യങ്ങള്‍. മതനിഷേധം പറയുന്ന വിപ്ലവകാരികളേക്കാള്‍, ഏതെങ്കിലും മതവിശ്വാസം പേറുന്നവര്‍ക്കാണ് മനുഷ്യത്വവും സഹജാവബോധവും കൂടുതല്‍ എന്നാണ് ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്‌.

കാണാപ്പുറം said...

കുതിരവട്ടന്‍, താങ്കള്‍ പറഞ്ഞതും ശരി.

ഇന്ന്‌ സെപ്റ്റംബര്‍ 23- 2007. മിനിഞ്ഞാന്ന് ഉത്തര്‍പ്രദേശില്‍ ഒരാളെ മോഷ്ടാവെന്നാരോപിച്ച്‌ ജനക്കൂട്ടം തല്ലിക്കൊന്ന വാര്‍ത്ത വന്നു. പിന്നെ അനക്കമില്ല. ഇന്നലെ ഝാര്‍ഖണ്ടില്‍ മൂന്നുപേരെ അതേമട്ടില്‍ കൊന്നു ആര്‍ക്കും അനക്കമില്ല. ഇന്നു വീണ്ടും ബീഹാറില്‍ രണ്ടുപേര്‍. (ഇതാരോ മനപ്പൂര്‍വ്വം ചെയ്യുന്നതു പോലെയുണ്ട്‌)ദാ ബഹളം തുടങ്ങി. കാട്ടു നീതി - കാട്ടു നീതി!

തങ്ങളുടെ കൂട്ടുകാരന്‍ ലാലു പ്രസാദ്‌ യാദവിന്റെ ഭരണമല്ല ഇപ്പോളവിടെ എന്നോര്‍മ്മിപ്പിക്കാനായി ദേശാഭിമാനി “എന്‍.ഡി.എ. സര്‍ക്കാരി”ന്റെ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്‌. അപ്പോള്‍ അടികിട്ടുന്നവന്റെ ജാതിയോ കിട്ടുന്നവരുടെ എണ്ണമോ മാത്രമല്ല പ്രശ്നം - ഏതു സംസ്ഥാനത്തു നടക്കുന്നു എന്നതും പ്രശ്നമാണ് എന്നു ചുരുക്കം. ബീഹാറിലാണെങ്കില്‍ കാട്ടു നീതി. അല്ലെങ്കില്‍ ആര്‍ക്കു ചേതം? മോഷ്ടാവ്‌ (എന്നു സംശയിക്കപ്പെടുന്നവന്‍?) എന്ന കക്ഷിയുടെ പേരില്‍ ‘ന്യൂനപക്ഷ”സ്വഭാവവും കൂടിയാണെങ്കില്‍, പാലും പഴവും ചേര്‍ന്ന പ്രതീതി!

ഏതാണ്ട്‌ ഒരു വര്‍ഷം മുമ്പ്‌, ബീഹാറില്‍ നിന്നുള്ള ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിനിടെ, അവരുടെ ഗ്രാമത്തില്‍ പണ്ട്‌ മൂന്നു മോഷ്ടാക്കളെ നാട്ടുകാര്‍ ചേര്‍ന്നു കൊലപ്പെടുത്തിയിരുന്ന കാര്യം കടന്നു വന്നിരുന്നു. “അവര്‍ കൊള്ള മുതല്‍ പങ്കു വയ്ക്കുകയായിരുന്നു. നാട്ടുകാര്‍ ആദ്യം കണ്ടില്ലെന്നു നടിച്ചതാണ്. ഒടുവില്‍ അവര്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പരസ്പരം ആയുധമെടുത്തു പോരടിക്കുകയും ചെയ്തപ്പോള്‍ പിന്നെ എല്ലാവരും ഇടപെട്ടു. മിനുട്ടുകള്‍ക്കകം മൂന്നാളും മരിച്ചു വീണു“ എന്ന വാക്കുകള്‍ ഭീതിയോടെ കേട്ടിരുന്നത്‌ ഇപ്പോഴുമോര്‍ക്കുന്നു. പറഞ്ഞപ്പോള്‍ ആംഗലേയം പിഴച്ചതല്ല എന്നുറപ്പു വരുത്താന്‍ എടുത്തു ചോദിക്കേണ്ടി വന്നു. ബീഹാറുകാരുടെ ചരിത്രപരമായ സാമൂഹ്യ പിന്നോക്കാവസ്ഥയും തുടര്‍ച്ചയായ ലാലുഭരണവും മറ്റുമേല്പിച്ച ജഢാവസ്ഥയുമെല്ലാം മറികടന്ന്‌ ഒരു വമ്പന്‍ സാമൂഹ്യപരിവര്‍ത്തനം നടത്താനും ഒരു സമ്പൂര്‍ണ്ണ കുറ്റകൃത്യവിമുക്ത സംസ്ഥാനമായി ബീഹാറിനെ മാറ്റാനുമൊക്കെ കേവലം രണ്ടു വര്‍ഷത്തെ ഭരണം കൊണ്ട്‌ നിതീഷ്‌ കുമാറിനു കഴിയുന്നെങ്കില്‍ ശ്രീ.മുതുകാട്‌ അടക്കമുള്ളവര്‍ അവിടെപ്പോയി ശിഷ്യപ്പെടുകയേ തരമുള്ളൂ. എന്തായാലും പുതിയ സംഭവവികാസങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കയ്യുംകെട്ടി കണ്ടു രസിക്കുകയല്ല എന്നു തന്നെയാണു കേള്‍ക്കുന്നത്‌. എന്നാല്‍, എന്തൊക്കെ നടപടികളെടുത്താലും ശരി - ഇതൊക്കെ മുന്‍‌കൂട്ടി തടയിടാന്‍ കഴിയുന്ന തരത്തിലേക്കു കാര്യങ്ങള്‍ വളരുന്നതു വരെ പഴികേള്‍ക്കേണ്ടിവരും. അത്‌ ജനാധിപത്യത്തിന്റെ ശക്തി തന്നെയാണു കാണിക്കുന്നത്‌.

വൈത്തോ:-
ബീഹാറില്‍ നിന്നുള്ള ഇത്തരം വാര്‍ത്തകള്‍ മാത്രമല്ല നമ്മളെ ഞെട്ടിക്കുന്നത്‌. IAS റാങ്കുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍, അതില്‍ ബീഹാറില്‍ നിന്നുള്ളവരുടെ എണ്ണവും ഞെട്ടിപ്പിക്കുന്ന വിധം ഉയര്‍ന്നതാണ് പലപ്പോഴും. ബീഹാറുകാരുടെ വിദ്യാഭ്യാസപരമാ‍യ പിന്നോക്കാവസ്ഥയേക്കുറിച്ച്‌ നാം ഒരുപാട്‌ മുന്‍‌വിധികളോടെ സംസാരിക്കുന്നതു ശരിയായേക്കില്ല. ആര്‍ക്കറിയാം - മോഷ്ടാക്കളെ മാത്രമാണോ തല്ലിയോടിക്കുന്നതെന്ന്‌. എന്തു സംഭവം നടന്നാലും അതിന് വര്‍ഗ്ഗീയ നിറം നല്‍കി മുതലെടുക്കാന്‍ ശ്രമിക്കുകയും പുറമേയ്ക്ക്‌ വര്‍ഗ്ഗീയതാവിരുദ്ധവാചകക്കസര്‍ത്തു നടത്തുകയും ചെയ്യുന്ന കപട രാഷ്ട്രീയസദാചാരക്കാരേയും അവര്‍ക്കു വേണ്ടി കണ്ണുമടച്ചു രചന നടത്തുന്ന മാദ്ധ്യമപ്രവര്‍ത്തകരേയുമൊക്കെക്കൂടിയാവും ചിലപ്പോള്‍ തല്ലിയോടിക്കുന്നത്‌. എന്തായാലും അതും തെറ്റു തന്നെയാണെന്നും, അടിക്കുന്നവന്റെയും അതു കൊള്ളുന്നവന്റെയും ജാതിയോ മതമോ സ്ഥലമോ തൊഴിലോ രാഷ്ട്രീയമോ എന്തു തന്നെയായാലും ശരി - അനീതി ഒരുപോലെ അനീതി തന്നെയാണെന്നും പറയുവാന്‍ കഴിയുന്നില്ലെങ്കില്‍, മിണ്ടാതിരിക്കുന്നതു തന്നെയാവും ഉചിതം.

കടവന്‍ said...

ഈ ബീഹാരിനെക്കുറിച്ച് എഴുതിയ ദേശാഭിമാനി(എന്തരഭിമാനമ്) തലശെരിയിലെ, കതിരൂരിലെ, കൂത്തുപരമ്പിലെ, മലപ്പട്ടത്തെ മൊത്തം കണുരിലെ പാര്‍ടി ഗ്രാമങ്ങളില്‍ നടമാടുന്ന കാറ്റ്നീതികള്‍ കാണാത്തതെന്തെ..? ക്ലാസ്മുറിയില്വെച്ച് അദ്ധ്യാപനെ വെട്ടിക്കൊന്നവര്ക്ക് വീരോചിത സ്വീകരണം കൊടുത്തപ്പോള്‍ എവിടെയായിരുന്നു ..? കുറെ കോമാളികള്‍ ഈ പത്ത്രം വായിക്കുന്നുണ്ട്(പലരെയും വായിപ്പിക്കുകയാണ്)മസില്‍ പവര്‍ കാണാന്ബീഹാരിലൊന്നും പോണ്ട കണ്ണൂരില്‍ സി പി എമ്മിന്‍ ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ പോയാ മതി

കടവന്‍ said...

ഈ ബീഹാരിനെക്കുറിച്ച് എഴുതിയ ദേശാഭിമാനി(എന്തരഭിമാനമ്) തലശെരിയിലെ, കതിരൂരിലെ, കൂത്തുപരമ്പിലെ, മലപ്പട്ടത്തെ മൊത്തം കണുരിലെ പാര്‍ടി ഗ്രാമങ്ങളില്‍ നടമാടുന്ന കാറ്റ്നീതികള്‍ കാണാത്തതെന്തെ..? ക്ലാസ്മുറിയില്വെച്ച് അദ്ധ്യാപനെ വെട്ടിക്കൊന്നവര്ക്ക് വീരോചിത സ്വീകരണം കൊടുത്തപ്പോള്‍ എവിടെയായിരുന്നു ..? കുറെ കോമാളികള്‍ ഈ പത്ത്രം വായിക്കുന്നുണ്ട്(പലരെയും വായിപ്പിക്കുകയാണ്)മസില്‍ പവര്‍ കാണാന്ബീഹാരിലൊന്നും പോണ്ട കണ്ണൂരില്‍ സി പി എമ്മിന്‍ ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ പോയാ മതി