Tuesday, October 09, 2007

രാമസേതു - 1 - 'ചിത്രകാര'നുള്ള മറുപടി

അതികഠിനമായ സങ്കടമോ ദേഷ്യമോ ഒക്കെ വരുമ്പോള്‍ കുറേ സമയത്തേക്ക്‌ ഒന്നും മിണ്ടാതിരിക്കുക എന്നതാണ്‌ ശീലം. കുറേ കാത്തിരിപ്പിനു ശേഷവും തീക്ഷ്ണവികാരം മങ്ങാതെ നില്‍ക്കുന്നുവെന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ പ്രതികരിക്കാന്‍ തുനിയാറുള്ളൂ.
രാമസേതു പ്രശ്നത്തില്‍ മാസങ്ങള്‍ തന്നെ കഴിഞ്ഞിട്ടും ദു:ഖമടങ്ങുന്നില്ല. ഇനി പ്രതികരിക്കുക തന്നെ!

ഈ വിഷയത്തില്‍ ഇതുവരെ പോസ്റ്റുകളും കമന്റുകളുമൊക്കെ എഴുതിയ ചില ബ്ലോഗര്‍മാര്‍ക്കും പ്രസ്താവനകളിറക്കിയ രാഷ്ട്രീയക്കാര്‍ക്കുമൊക്കെ മറുപടി കൊടുത്തുകൊണ്ട്‌ ചിലതു പ്രസിദ്ധീകരിക്കാമെന്നു കരുതി. അതില്‍ ആദ്യത്തേതാണിത്‌. ഹനുമാന്മാര്‍ വഴിതടയുന്നു എന്ന പോസ്റ്റ്‌ എഴുതിയ ചിത്രകാരനുള്ള മറുപടി.

അല്‍പം വൈകാരികാംശം കൂടുതലുള്ള പോസ്റ്റുകളായിരിക്കും ഇവ. യാതൊരു അടുക്കും ചിട്ടയുമില്ലാതെ മനസ്സില്‍ വരുന്നതെല്ലാം അതേപടി എഴുതുകയാണ്‌. പതിവുള്ള പ്രതിപക്ഷ ബഹുമാനം ഇത്തവണ കണ്ടെന്നു വരില്ല. അതിന്‌ ഒരു മുന്‍കൂര്‍ ക്ഷമാപണത്തിന്‌ ഒരുക്കവുമല്ല. ക്ഷമയും മര്യാദയും ഒരു പരിധി വിട്ടാലും അപകടമാണെന്ന തിരിച്ചറിവില്‍ നിന്നു കൂടിയാണ്‌ വാസ്തവത്തില്‍ ഈ പോസ്റ്റുകള്‍ ഉണ്ടായത്‌.

* * * * * * * * * *

ചെങ്കൊടിയേന്തിയ സമരമുഖങ്ങളുടെ ചിത്രങ്ങള്‍ ആവേശപൂര്‍വ്വം വരച്ചിട്ടുള്ള ചിത്രകാരന്റെ ബ്ലോഗില്‍ നിന്നു കിട്ടുന്ന ചില വിവരങ്ങള്‍ ഇങ്ങനെ:-

രാമായണം = ഒരു നശിച്ച ഗ്രന്ഥം - അത്‌ തിന്മയുടെ പുസ്തകം.
രാമന്‍ = ആണും പെണ്ണും കെട്ടവന്‍ - 'അവന്റെ' ആദര്‍ശം നെറികെട്ടത്‌.
മഹാവിഷ്ണു = രാമന്റെ ജാരബ്രാഹ്മണപിതാവ്‌ - നീലക്കുറുക്കന്‍ - ചതിയന്‍ - കൂലിത്തല്ലുകാരന്‍ - ചെകുത്താന്‍ - മ്ലേച്ഛന്‍ - പിശാച്‌.
സരസ്വതി = ഹിന്ദു മതത്തിന്റെ തേവിടിശ്ശി.
മോഹിനി = ഒരു 'വഴിക്കട' ചരക്ക്‌.

വഴി തടഞ്ഞ്‌ സമരം ചെയ്ത 'രാമസേതു സംരക്ഷണ സമിതി' പ്രവര്‍ത്തകര്‍ = ഹിന്ദുവാനരന്മാര്‍ - മാക്രികള്‍ - മന്ദബുദ്ധികളായ മര്‍ക്കടന്മാര്‍ - ഹൈന്ദവകോമാളികള്‍.

അവിടുത്തെ കമന്റുകളില്‍ നിന്നു കിട്ടുന്ന ചിലത്‌ -
രാമായണത്തെ ചീത്ത പറയേണ്ടായിരുന്നു. എന്നാലും വഴിതടഞ്ഞവര്‍ വിഡ്ഢികളും വര്‍ഗ്ഗീയവാദികളും തന്നെ.
വഴിതടച്ചില്‍ തീര്‍ത്തും അനാവശ്യം - മനുഷ്യരെ ബുദ്ധിമുട്ടിച്ച അത്‌ അപലപനീയം.

* * * * * * * * * *

കൊള്ളാം! അമിതാവേശത്തില്‍ എഴുതിയതു കൊണ്ടോ എന്തോ - പല വാക്കുകളും മറുപടിയര്‍ഹിക്കുന്ന നിലവാരത്തിലും വളരെയധികം താഴെ നില്‍ക്കുന്നതിനാല്‍ അവ ഞാന്‍ അവഗണിക്കുകയാണ്‌. എന്നാല്‍, സമരം ചെയ്തവരെ ഭര്‍ത്സിക്കുന്നതില്‍ ചിത്രകാരനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മറ്റുള്ളവരോട്‌ ചിലതു ചോദിക്കാനുണ്ട്‌.

നിങ്ങളൊക്കെ എന്നു മുതല്‍ക്കാണു സുഹൃത്തുക്കളേ ഈ രാമസേതു പ്രശ്നത്തേക്കുറിച്ചു കേട്ടു തുടങ്ങിയത്‌? അന്നത്തെ വഴി തടച്ചില്‍ സമരം മുതല്‍ക്കോ? അതോ പിന്നെ യു.പി.എ. സര്‍ക്കാറിന്റെ വിവാദമായ സത്യവാങ്മൂലവും കരുണാനിധിയുടെ അപക്വപ്രസ്താവനകളും ഉയര്‍ത്തി വിട്ട പ്രതികരണങ്ങള്‍ കണ്ടപ്പോളോ?

എന്നാല്‍ കേട്ടോളൂ.

പ്രശ്നം തുടങ്ങിയത്‌ അതിനും എത്രയോ മാസങ്ങള്‍ക്കു മുമ്പാണ്‌! രാമസേതു തകര്‍ക്കുന്നതിനെതിരെ പരാതിയും പ്രതിഷേധവുമായി എത്രയോ ദിനങ്ങള്‍! സേതു സംരക്ഷിക്കണമെന്ന അപേക്ഷയുടെ വിശദീകരണവുമായി അനവധി സമ്മേളനങ്ങള്‍. ചര്‍ച്ചകള്‍. വിശദീകരണയോഗങ്ങള്‍. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഉള്‍പ്പെടുന്ന നിരവധി സമിതികളുടെ രൂപവല്‍ക്കരണം. പരിസ്ഥിതിവിദഗ്ദ്ധരേയും മറ്റും ചേര്‍ത്ത്‌ ആഴത്തിലുള്ള പഠനങ്ങള്‍ - തോറിയം നിക്ഷേപത്തിനേക്കുറിച്ച്‌ പ്രത്യേക പഠനം - മത്സ്യസമ്പത്തിന്റെ കാര്യം പഠിക്കുന്ന ചുമതല മറ്റൊരു കൂട്ടര്‍ക്ക്‌. സുനാമി സംബന്ധിച്ച്‌ വേറെ സമിതികള്‍. കണ്ടെത്തലുകളുടെ അവതരണങ്ങള്‍. സാംസ്കാരികപൈതൃകം സംരക്ഷിക്കേണ്ടുന്നതു സംബന്ധിച്ച വിശദീകരണങ്ങള്‍ വേറെ. അധികാരികള്‍ക്കയച്ച കത്തുകള്‍ - ലേഖനങ്ങള്‍ - പരാതി പ്രളയങ്ങള്‍.

നിങ്ങളാരും അതൊന്നും അറിഞ്ഞിരുന്നില്ല - അല്ലേ?

അതെങ്ങനെ - അതൊന്നും ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കാര്‍ക്കും സമയമോ താല്‍പര്യമോ ഇല്ലല്ലോ.
മതേതരമാദ്ധ്യമങ്ങള്‍ക്ക്‌ അതൊന്നും നിങ്ങളെ അറിയിക്കാന്‍ ചുമതലയുമില്ലല്ലോ.
അറിയാതിരുന്നതില്‍ അത്ഭുതമില്ല.

നിരന്തരമായ പരാതികള്‍ക്ക്‌ പുല്ലുവില കല്‍പിക്കപ്പെട്ട്‌ രാമസേതു തകര്‍ത്തെറിഞ്ഞേ അടങ്ങൂ എന്ന വാശിയില്‍ സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍പ്പോലും ആരും ആരുടെയും തലവെട്ടിയൊന്നുമില്ല. എവിടെയും ബോംബും പൊട്ടിച്ചില്ല. അവസാന പ്രതീക്ഷയെന്ന നിലയില്‍ കോടതിയില്‍പ്പോയി നീതിക്കു വേണ്ടി ഇരക്കുകയാണു ചെയ്തത്‌.

(അതിന്റെ തുടര്‍നടപടികള്‍ക്കിടയിലാണ്‌ വിശ്വാസങ്ങളെ വിചാരണയ്ക്കു വച്ചു വിലപേശിക്കൊണ്ട്‌ യു.പി.എ. സര്‍ക്കാരിന്റെ സത്യവാങ്മൂലവും മറ്റും വന്നത്‌. അത്‌ കേട്ട്‌ നടുങ്ങി ഇരുന്നപ്പോളാണ്‌ ഇടിവേട്ടേറ്റവന്റെ തലയില്‍ തേങ്ങാ വീഴുന്ന മാതിരി "ഏതവനാടേയ്‌ ഈ രാമന്‍?" എന്നു കരുണാനിധി ചോദിച്ചതും സകല 'മതേതര' രാഷ്ട്രീയക്കാരും അത്‌ ഏറ്റു പിടിച്ചതും. അത്രയുമായപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി. ഒന്നു രണ്ട്‌ അനിഷ്ടസംഭവങ്ങളുണ്ടാകുകയും ചെയ്തു. അതേക്കുറിച്ച്‌ പിന്നാലെ പറയുന്നുണ്ട്‌.)

രാമസേതു സംബന്ധിച്ച്‌ ആയിരങ്ങളുടെ പരാതികള്‍ മാസങ്ങളോളം കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തവരേ- നിങ്ങളുടെയൊക്കെ കണ്ണു തുറപ്പിക്കാന്‍ തന്നെയാണു വഴി തടഞ്ഞത്‌. ഗതികെട്ടിട്ടാണ്‌ അതു ചെയ്തത്‌. പ്രശ്നത്തിലേക്ക്‌ കൂടുതല്‍ ജനശ്രദ്ധ കൊണ്ടുവരാന്‍ മറ്റുവഴിയില്ലായിരുന്നു.

അത്രയുമൊക്കെയായപ്പോഴേക്കും സംഭവങ്ങള്‍ക്ക്‌ ഒരു രാഷ്ട്രീയ മാനം കൈവന്നു പോയിരുന്നു. പ്രതിഷേധങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയവര്‍ തന്നെ അതിനു പിന്നിലെ ജനവികാരം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയം കലര്‍ത്തിയാണ്‌ അതിനെ നിരീക്ഷിച്ചത്‌. ഏതെങ്കിലുമൊരു പ്രശ്നത്തില്‍ ഒരു നിലപാടിനോട്‌ ബി.ജെ.പി.യും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ പിന്നീട്‌ ആ വിഷയത്തെ മൊത്തം ബി.ജെ.പി.യുമായി ബന്ധപ്പെടുത്തി മാത്രം ആലോചിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്ന പതിവ്‌ അബദ്ധം തന്നെ ഇത്തവണയും ആവര്‍ത്തിച്ചു. എല്ലാവരിലെയും 'രാഷ്ട്രീയബോധം'(!) ഉണര്‍ന്നു. വിവിധ ഹിന്ദു സംഘടനകളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമൊക്കെ സമരരംഗത്തുള്ളതുകൊണ്ട്‌ അവരില്‍ വര്‍ഗ്ഗീയത ആരോപിക്കാന്‍ വീണ്ടും അവസരം വന്നു. ഫാസിസത്തേക്കുറിച്ച്‌ ആക്രോശിക്കാന്‍ അവസരം വന്നു. 'പുരോഗമന(?)കവിത'കളെഴുതാനുള്ള വെളിപാടുകളുണ്ടായി. അഭിപ്രായങ്ങള്‍ മിന്നല്‍ വേഗതയില്‍ ധൃവീകരിക്കപ്പെട്ടു. സംഘപരിവാര്‍ എതിര്‍ക്കുന്നൊരു പദ്ധതി എന്ന നിലയ്ക്ക്‌ അതിനെ അനുകൂലിക്കേണ്ടത്‌ നിങ്ങള്‍ പലരുടെയും ബാദ്ധ്യതയായിത്തീര്‍ന്നു. പദ്ധതിയ്ക്കെതിരായ പ്രതിഷേധസമരങ്ങള്‍ക്ക്‌ ഒരു 'നെഗറ്റീവ്‌ ഇമേജ്‌' ചാര്‍ത്തിക്കൊടുക്കാന്‍ കൊണ്ടു പിടിച്ചു ശ്രമവും തുടങ്ങി. അതൊക്കെയല്ലേ സംഭവിച്ചത്‌? സത്യസന്ധമായി ആലോചിച്ചു നോക്കുക.

ഞാന്‍ പച്ചയ്ക്കു ചോദിക്കട്ടെ. ഇതേ പദ്ധതി - ഇതേ രീതിയില്‍ - ഇതേ സമയത്ത്‌ നടപ്പാക്കുന്നത്‌ ഒരു ബി.ജെ.പി. സര്‍ക്കാരാണെന്നു കരുതുക. സംഘപരിവാര്‍ സംഘടനകള്‍ ആ നീക്കത്തെ അനുകൂലിക്കുന്നുവെന്നു കരുതുക. സോണിയയും പ്രകാശ്‌ കാരാട്ടും അതിനെ എതിര്‍ക്കുന്നുവെന്നു സങ്കല്‍പ്പിക്കുക. ചുമ്മാ സങ്കല്‍പിക്കുക. എങ്കില്‍, ഇന്നിപ്പോള്‍ വികസനത്തിനു വേണ്ടി മുറവിളി കൂട്ടുന്ന നിങ്ങളോരോരുത്തരും അന്ന്‌ ഈ പദ്ധതിക്കെതിരെ തെരുവിലിറങ്ങി താണ്ഡവമാടില്ലേ? അന്ന്‌ പദ്ധതി നടപ്പാക്കുന്ന ബി.ജെ.പി.ക്കെതിരെ അസഭ്യവര്‍ഷം ചൊരിയില്ലേ?. ഇല്ലെന്നുണ്ടോ? നിന്റെ ചിന്തകളില്‍ വല്ലാതെ രാഷ്ട്രീയം കലര്‍ന്നിരിക്കുന്നു മലയാളീ. രാഷ്ട്രീയാതിപ്രസരത്താല്‍ നിന്റെ ചിന്തകളില്‍ നീ അറിയാതെ ഒരുപാടു കൂച്ചു വിലങ്ങുകള്‍ വീണിട്ടുണ്ട്‌. സമ്മതിക്കാതെ തരമില്ല നിനക്കത്‌.

സെപ്റ്റംബര്‍ 12-ലെ വഴിതടയല്‍ സമരത്തോട്‌ അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ്‌ തന്റെ പോസ്റ്റില്‍ ചിത്രകാരന്‍ പ്രകടിപ്പിച്ചിരിക്കുന്നത്‌. സമരത്തോട്‌ അനുഭാവമില്ലാത്ത കുറേപ്പേര്‍ക്ക്‌ വഴിതടച്ചില്‍ ബുദ്ധിമുട്ടുണ്ടാക്കി എന്നത്‌ അംഗീകരിച്ചു കൊണ്ടു തന്നെ പറയുകയാണ്‌ - അതൊരു 'മിന്നല്‍ സമര'മൊന്നുമായിരുന്നില്ല എന്നു കൂടി പരിഗണിക്കേണ്ടതുണ്ട്‌. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രം - എല്ലാം മുന്‍കൂട്ടി പ്രഖ്യാപിച്ച്‌ - നിര്‍ദ്ദിഷ്ട സമയം - ചുരുങ്ങിയ സമയം മാത്രം നടത്തി - അടിയന്തിര യാത്ര നടത്തുന്നവരെ പരമാവധി ഒഴിവാക്കി - ആരുടെയും നേരെ മെക്കിട്ടു കേറുകയോ ആരെയും പുലഭ്യം വിളിക്കുകയോ ചെയ്യാതെ അന്തസ്സായും സമാധാനപരമായും നടത്തിയ സമരമായിരുന്നു അത്‌. നിഷേധിക്കാമോ? 'പ്ലക്കാര്‍ഡും പിടിച്ച്‌ റോഡില്‍ കുത്തിയിരുന്നു' എന്നു തന്നെയാണല്ലോ ചിത്രകാരന്റെയും കുറ്റാരോപണം.

എന്തിനും ഏതിനും ചാടിയിറങ്ങി തെരുവുയുദ്ധം നടത്തുന്നവരല്ല അന്നു വഴി തടഞ്ഞത്‌.
ഏതെങ്കിലും നേതാക്കന്മാര്‍ പറയുന്നതു മാത്രം കേട്ട്‌ അനുസരിക്കാനായി തലച്ചോര്‍ പണയപ്പെടുത്തിയവരുമല്ല.
മറ്റു ജോലിയൊന്നും ഇല്ലാത്തവരുമല്ല.
വഴിതടഞ്ഞ സമയത്ത്‌ നിങ്ങളൊക്കെ (മിക്കവാറും ശീതീകരിച്ച) വാഹനങ്ങള്‍ക്കുള്ളിലിരുന്നു 'വിഷമിച്ചെ'ങ്കില്‍, നടുറോഡില്‍ കുത്തിയിരുന്നു വെയില്‍ കൊണ്ടു വിയര്‍ത്തവര്‍ അതിലും വിഷമിച്ചിട്ടുണ്ടാവണമല്ലോ ചിത്രകാരന്മാരേ. അവരെ മാനസികമായി ബുദ്ധിമുട്ടിച്ചതും പോരാ- ഒടുവില്‍ അവരുടെയൊക്കെ വിലപ്പെട്ട സമയം മെനക്കെടുത്തുന്നമട്ടില്‍ അവരെ തെരുവിലിറക്കിയതും പോരാ - എന്നിട്ട്‌ അധിക്ഷേപിക്കുക കൂടി ചെയ്യുന്നോ? ക്രൂരതയ്ക്ക്‌ ഒരു പരിധിയില്ലെന്നുണ്ടോ ചിത്രകാരസമൂഹമേ?

ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്നങ്ങളേക്കുറിച്ചു പരാതികളുള്ളവര്‍ക്ക്‌ 'താരതമ്യം ചെയ്തു' സംസാരിക്കാന്‍ പണ്ടു മുതല്‍ക്കേ അവകാശമില്ല. എന്നാലും ധൈര്യപൂര്‍വ്വം ചോദിക്കുകയാണ്‌. ആവശ്യത്തിനും അനാവശ്യത്തിനും അണികളുടെ ചോരത്തിളപ്പു കൂട്ടാനുമൊക്കെയായി ആയിരക്കണക്കിന്‌ അക്രമസമരങ്ങള്‍ നടത്തിയ ചരിത്രമുള്ള ഒരു പ്രസ്ഥാനമുണ്ടല്ലോ ഇവിടെ. അവരുടേതായിരുന്നു കുത്തിയിരുപ്പെങ്കില്‍ (അവരിങ്ങനെ കുത്തിയിരിക്കുമോ അതോ കത്തിച്ചെരിക്കുമോ എന്നതു വേറെ കാര്യം) താങ്കളിങ്ങനെ രോഷം കൊള്ളുമായിരുന്നോ ചിത്രകാരന്‍? ഉവ്വെങ്കില്‍, ഇതു വരെയുള്ള അനുഭവം വച്ചാണെങ്കില്‍, വാനരന്മാരല്ല - രാവണന്മാര്‍ വഴി തടയുന്നു - രാക്ഷസന്മാര്‍ അക്രമം നടത്തുന്നു എന്നൊക്കെ പറയേണ്ടി വരുമായിരുന്നില്ലേ? എന്താ അങ്ങനെ പറയാന്‍ പാടില്ലെന്നുണ്ടോ? അതോ ഹിന്ദുക്കള്‍ക്കു വേണ്ടി ശബ്ദിക്കുന്നവരുടെ മണ്ടയ്ക്കടിക്കുമ്പോള്‍ മാത്രമേ "അഭിപ്രായസ്വാതന്ത്ര്യത്തിനു" വിലയുള്ളോ? അവരെ അധിക്ഷേപിക്കുമ്പോള്‍ മാത്രമേ അത്തരം പദങ്ങളുപയോഗിക്കാന്‍ പാടുള്ളോ?

സദ്ദാം ഹുസൈനെ കഴുവേറ്റിയത്‌ (ഇവിടെ ഇതൊരു അസഭ്യപ്രയോഗമല്ല) ഞാനല്ല . എന്നാല്‍ അതിന്റെ പേരില്‍ കുറെ ഇടതുതീവ്രവാദികളും മതതീവ്രവാദികളും ചേര്‍ന്ന്‌ തോളില്‍ കയ്യിട്ടുകൊണ്ട്‌ കേരളത്തിന്റെ തെരുവുകള്‍ ഒരു ദിവസം വിലയ്ക്കെടുത്തപ്പോള്‍ കൊടിയ യാതനകള്‍ അനുഭവിച്ചവരില്‍ ഞാനുമുള്‍പ്പെടുന്നു. അന്നേ ദിവസം കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ കൊച്ചുകുട്ടികളേയുമെടുത്ത്‌ ജീവന്‍ പണയപ്പെടുത്തി യാത്ര ചെയ്യേണ്ടി വന്നവനാണു ഞാന്‍. അന്നുണ്ടായ ദുരനുഭവങ്ങള്‍ വര്‍ണ്ണനാതീതമാണ്‌. അതെന്താ ചിത്രകാരന്‍ - ചില തെരഞ്ഞെടുക്കപ്പെട്ട പ്രശ്നങ്ങളില്‍ മാത്രമേ ആളുകള്‍ തെരുവിലിറങ്ങാന്‍ പാടുള്ളൂ എന്നാണോ? അങ്ങനെയെങ്കില്‍, ആ പ്രശ്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്‌?

'ഹൈന്ദവ കോമാളി'കളുടെ വഴിതടയലിനോട്‌ ഇപ്പോഴും അമര്‍ഷമുള്ളവര്‍ക്ക്‌ അതു സൃഷ്ടിക്കുന്ന മാനസികപ്രശ്നമൊഴിവാക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്‌. അത്‌ നിങ്ങള്‍ക്കൊരു മാനസിക പരിശീലനമായിരുന്നു എന്നു കരുതുക. ഇറാനെ അണുബോംബുണ്ടാക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുമെന്ന ഭീഷണിയുമായി ഇടതുസംഘടനകള്‍ ഇനിയും പ്രതിഷേധവുമായി തെരുവില്‍ അഴിഞ്ഞാടിയേക്കാം. അല്ലെങ്കില്‍, ലെബനനിലെ പോരാളികളെ ആക്രമിക്കുന്ന ഇസ്രായേലിനെ അടക്കി നിര്‍ത്തണം എന്നതാവാം ആവശ്യം. അതുമല്ലെങ്കില്‍, അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ നിരന്തര പോരാട്ടങ്ങളുടെ പേരില്‍ ഒസാമാ ബിന്‍ ലാദന്‌ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ടായാലും ഞെട്ടേണ്ടതില്ല. ഇടതുകക്ഷികള്‍ എന്തെല്ലാം പോക്രിത്തരം കാണിച്ചാലും ശരി - അപ്പോഴൊന്നും പ്രതികരിക്കാതെ പേടിയോടെ അതൊക്കെ അനുവദിച്ചു കൊടുത്തുകൊണ്ട്‌ തൊഴുതു വളഞ്ഞു നിലത്തു മുട്ടിയങ്ങനെ നില്‍ക്കണമെങ്കില്‍ നമ്മുടെ നട്ടെല്ലിന്‌ നല്ല വഴക്കം കിട്ടുന്ന മട്ടില്‍ നിരന്തര പരിശീലനം ആവശ്യമില്ലേ ചിത്രകാരന്മാരേ? പ്രത്യയശാസ്ത്രശാഠ്യങ്ങളുടെയോ അല്ലെങ്കില്‍ ജാതിചിന്തയിലൂന്നി വളര്‍ന്ന പാര്‍ട്ടി വിശ്വാസങ്ങളുടെയോ പേരില്‍ മരവിച്ചിങ്ങനെ ഇരിക്കണമെങ്കില്‍ നമ്മുടെ മനസ്സാക്ഷിയ്ക്ക്‌ നല്ല പരിശീലനം വേണ്ടി വരില്ലേ? 'ഹൈന്ദവക്കോമാളിക'ളുടെ സമരത്തെ ഒരു പരിശീലനാവസരമായി ഉപയോഗിക്കാന്‍ ശ്രമിക്കൂ. മനസ്സാക്ഷി ശരിക്കു മരവിച്ച്‌ അങ്ങനെ നല്ലൊരു പരുവമാകട്ടെ.

(തുടരും)

അടുത്തത്‌:-
2 - സോണിയാഗാന്ധിക്കു മറുപടി
3 - പ്രകാശ്‌ കാരാട്ടിനു മറുപടി
4 - കരുണാനിധിക്കു മറുപടി
5 - ഡി.വൈ.എഫ്‌.ഐ. നേതാവിനു മറുപടി

13 comments:

Unknown said...

രാമസേതു പ്രശ്നത്തില്‍ ഇതുവരെ പോസ്റ്റുകളും കമന്റുകളുമൊക്കെ എഴുതിയ ചില ബ്ലോഗര്‍മാര്‍ക്കും പ്രസ്താവനകളിറക്കിയ രാഷ്ട്രീയക്കാര്‍ക്കുമൊക്കെ മറുപടി കൊടുത്തുകൊണ്ട്‌ ചിലതു പ്രസിദ്ധീകരിക്കാമെന്നു കരുതി. അതില്‍ ആദ്യത്തേതാണിത്‌. ഹനുമാന്മാര്‍ വഴിതടയുന്നു എന്ന പോസ്റ്റ്‌ എഴുതിയ ചിത്രകാരനുള്ള മറുപടി.

വിന്‍സ് said...
This comment has been removed by the author.
Unknown said...

കാണാപ്പുറം,

താങ്കളെ അനുമോദിക്കാന്‍ എനിക്കു അറിവും പ്രായവും, വാക്കുകളും ഇല്ല.

പൊന്‍‌സ്

chithrakaran ചിത്രകാരന്‍ said...

പ്രിയ കാണാപ്പുറം,
രാമസേതു വഴിതടയല്‍ സമരത്തെ ന്യായികരിക്കുന്ന താങ്കളുടെ വീക്ഷണകോണ്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ഹൈന്ദവ തീവ്രവാദികള്‍ ഒരു പുരാണ കെട്ടുകഥയെ മുന്നില്‍നിര്‍ത്തി നടത്തുന്ന കിളച്ചുമറിക്കല്‍ വര്‍ഗ്ഗീയ വിത്തുപാകാനുള്ള തുടക്കമാണെന്ന തിരിച്ചറിവ് ചിത്രകാരനുള്ളതിനാലാണ് ചിത്രകാരന്‍ ആപോസ്റ്റ് ഇട്ടത്. ബാബറി മസ്ജിദ് സംബവത്തിലും രാമനെ പ്രസവിച്ച സ്ഥലമെന്ന വൈകാരികതയെ ഊതിപ്പെരുപ്പിച്ചത് മറന്നുപോകാനാകില്ലല്ലോ.
ഈ രാമന്റേയും ക്രിഷ്ണന്റേയും കള്ളക്കഥകളില്‍ നിന്നും ജനത്തെ രക്ഷിക്കേണ്ടത് നമ്മുടെ നാടിന്റെ വികാസത്തിന് ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
രാമസേതു എന്ന പ്രയോഗം തന്നെ ശരിയല്ലത്രേ. നളസേതു എന്ന പേരിലാണത്രേ പഴയകാലത്ത് ഇവിടത്തെ മണ്‍‌തിട്ട അറിയപ്പെട്ടിരുന്നത്.
ഇത്തരം കാര്യങ്ങള്‍ക്കെതിരെ സമരം ചെയ്യുംബോള്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ മാത്രം ഉന്നയിക്കുക എന്നതാണ് മാന്യത. അതിനുപകരം മതവികാരം ഉണര്‍ത്തുന്നത് അപകടമാണ്. ശാസ്ത്രീയത ഒന്നുമില്ലാതെ രാമന്റെ ബാലിശമായ ഒരു കഥയുമായി പഴയ ഭക്തിപ്രസ്ഥാന സ്റ്റൈലില്‍ സമരത്തിനിറങ്ങിയാല്‍ രാമന്റെ കരണക്കുറ്റിക്ക് അടിക്കാന്‍ ജനം തയ്യാറാകേണ്ടിവരും.
ഒരു മന്ദബുദ്ധി കഥാപാത്രം മാത്രമായ രാമനെ നീല ചായം മുക്കി ബഹുജന സമര മുഖത്തുകോണ്ടു വരുന്നത്‌ ഇത്രയും കാലം വിജയിച്ചിരിക്കാം. എന്തായാലും അത് ആരോഗ്യകരമല്ല. പിന്നെ,ചിത്രകാരന്‍ എന്തുകൊണ്ട് ഇടതുപാര്‍ട്ടികളുടെ സമരങ്ങളെ എതിര്‍ക്കുന്നില്ല എന്നത് ... അപ്രസക്തം.
ഇനി പ്രസക്തമായാല്‍തന്നെ നീര്‍ക്കോലി മാത്രമായ ഇടതുപക്ഷവും,കാളിയനായ ഹിന്തു വര്‍ഗ്ഗീയതയും ഒരുപോലെ കണക്കാക്കിക്കൂടാ.
കാണാപ്പുറം ചിത്രകാരന്റെ മറുപടിയില്‍ തൃപ്തനാകാനിടയില്ല... സമയക്കുറവിനാല്‍ വിശദമായ ചര്‍ച്ചയില്‍ പങ്കെടുക്കാനും വിഷമമുണ്ട്.
താങ്കളോടു വ്യക്തിപരമായുള്ള ആദരവിനു കോട്ടം തട്ടാതെ സ്നേഹാദരങ്ങളോടെ ...
ചിത്രകാരന്‍.

Unknown said...

പ്രിയപ്പെട്ട കാണാപ്പുറം,
പോസ്റ്റിലെ ഉള്ളടക്കത്തെക്കുറിച്ച് ഞാന്‍ ഒന്നും മിണ്ടാന്‍ തയ്യാറല്ല . കാരണം കുറെ യോജിപ്പുകളും അല്പം വിയോജിപ്പും ഉള്ളതിനാല്‍ ഒരു വിവാദത്തിന് ഞാനൊരുക്കമല്ല . എന്നാല്‍ വായിച്ചപ്പോള്‍ ഇതിന്റെ അവതരണ ഭംഗിയില്‍(മനസ്സിലെ അമര്‍ഷം എത്ര കുറിക്ക് കൊള്ളുന്ന തരത്തില്‍ ആവിഷ്കരിച്ചിരിക്കുന്നു)ആകൃഷ്ടനായ എനിക്ക് ഒന്നും ഉരിയാടാതെ പോകാന്‍ കഴിയാതിരുന്നതിനാല്‍ എന്റെ അഭിനന്ദനങ്ങള്‍ മാത്രം ഇവിടെ രേഖപ്പെടുത്തുന്നു !

നന്ദു said...

Hi, Nakulji,
A nice posting on the present Subject. Congrats. You have to keep silent becoz you are one of the Majorities of Indian Cross Section!!!. Others can, but you can never.
Dear I can't express more becoz am in a confinement of many "CHITHRAKARANS" here!!.

Unknown said...

>> [ചിത്രകാ‍രന്‍] ഒരു പുരാണ കെട്ടുകഥയെ മുന്നില്‍നിര്‍ത്തി നടത്തുന്ന കിളച്ചുമറിക്കല്‍ വര്‍ഗ്ഗീയ വിത്തുപാകാനുള്ള തുടക്കമാണെന്ന തിരിച്ചറിവ്...

[നകുലന്‍] ഇത്‌ ഒരു കര്‍ഷകസമരമൊന്നുമല്ലല്ലോ ചിത്രകാരന്‍. ഈ 'വിത്തു പാകല്‍' എന്ന പ്രയോഗമൊക്കെ ഒരു ടിപ്പിക്കല്‍ 'പുരോഗമന' (അര്‍ത്ഥം നശിപ്പിക്കപ്പെട്ട മറ്റൊരു വാക്ക്‌) പ്രയോഗമല്ലേ?. നമുക്ക്‌ കാര്യങ്ങളെ കുറേക്കൂടി ലളിതമായി കാണാന്‍ ശ്രമിച്ചു കൂടേ? രാമസേതു തകര്‍ക്കപ്പെടുക എന്നത്‌ ധാരാളം പേര്‍ക്ക്‌ മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്‌. അവരുടെ കൂട്ടത്തില്‍ പ്രതിഷേധിക്കാനുള്ള സന്നദ്ധതയുള്ള ചിലര്‍ അതു ചെയ്യുന്നു. ഇതില്‍ അസ്വാഭാവികമായി എന്താണുള്ളതെന്നു മനസ്സിലാകുന്നില്ല. നിങ്ങളൊക്കെ എന്തിനെയാണു പേടിക്കുന്നത്‌?

"സേതു സമുദ്രം" എന്നൊരു പദ്ധതിയുമില്ല - സേതു തകര്‍ക്കാനുള്ള നീക്കവുമില്ല - പക്ഷേ അങ്ങനെയുണ്ടെന്ന നുണ പറഞ്ഞു പരത്തിക്കൊണ്ട്‌ - ഒരു വ്യാജപ്രചാരണത്തിലൂടെ പ്രശ്നമുണ്ടാക്കാന്‍ ഇവിടെ ആരെങ്കിലും ശ്രമിക്കുന്നു - ഇങ്ങനെയൊക്കെയായിരുന്നു അവസ്ഥയെങ്കില്‍ അത്‌ എതിര്‍ക്കപ്പെടേണ്ടതു തന്നെ എന്നതില്‍ എതിരഭിപ്രായമില്ല. പക്ഷേ ഇവിടെ അതല്ലല്ലോ അവസ്ഥ. സേതു സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഇവിടെ യാതൊന്നും മറച്ചു വച്ചിട്ടില്ല. അവര്‍ക്കു പറയാനുള്ളത്‌ അവര്‍ വളരെ വ്യക്തമായിത്തന്നെ പറയുന്നുമുണ്ട്‌ - കേള്‍ക്കാന്‍ പലരും തയ്യാറാവാത്ത പ്രശ്നമേയുള്ളൂ. എന്നാല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറാകാതെ വാക്കുകള്‍ കൊണ്ടു പുകമറയുണ്ടാക്കി എന്തൊക്കെയോ സംഭവിക്കുമെന്ന മട്ടില്‍ നാട്ടുകാരെ പേടിപ്പിക്കുന്നത്‌ താങ്കളേപ്പോലെയുള്ളവരാണ്‌. അവിടെയാണ്‌ ഞാന്‍ കാപട്യം കാണുന്നത്‌. അത്തരം പെരുമാറ്റങ്ങളെയാണ്‌ ഞാന്‍ എതിര്‍ക്കാന്‍ താല്‍പര്യപ്പെടുന്നത്‌.

>> [ചിത്രകാ‍രന്‍] ബാബറി മസ്ജിദ് സംബവത്തിലും രാമനെ പ്രസവിച്ച സ്ഥലമെന്ന വൈകാരികതയെ ഊതിപ്പെരുപ്പിച്ചത് ...

[നകുലന്‍] ആരെങ്കിലും ഊതിയാല്‍ വലുതാകുന്നൊരു വൈകാരികത കാലങ്ങളായി നിലനിന്നിരുന്നു എന്ന വസ്തുത അംഗീകരിക്കുന്ന മട്ടുണ്ട്‌ ഈ വാചകത്തില്‍. അത്‌ മനസ്സിലാക്കിക്കൊണ്ട്‌ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കില്‍ പരിഹരിക്കാമായിരുന്ന പ്രശ്നമാണ്‌ എല്ലാവരും ചേര്‍ന്ന്‌ ഇവിടെക്കൊണ്ടെത്തിച്ചത്‌. വലിയൊരു വിഷയമാണ്‌. അതേക്കുറിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ക്ക്‌ ഇവിടം വേദിയാക്കാന്‍ എനിക്കു താല്‍പര്യമില്ല. പിന്നീട്‌ വേണമെങ്കില്‍ മറ്റൊരിടത്താവാം.

ബാബറിമസ്ജിദുമായി ബന്ധപ്പെട്ട്‌ പല നൂറ്റാണ്ടുകളിലായി വ്യാപരിച്ചു കിടക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്‌. അതിലേതാണ്‌ ബാബറി മസ്ജിദ്‌ സംഭവം എന്നതു കൊണ്ട്‌ ഉദ്ദേശിച്ചത്‌? മന്ദിരം തകര്‍ക്കപ്പെട്ടതോ? അതൊരു സുപ്രധാന സംഭവം തന്നെയായതു കൊണ്ട്‌ അങ്ങനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഇവിടെ അതു പരാമര്‍ശിച്ച്‌ വിഷയത്തില്‍ നിന്നു വ്യതിചലിക്കാന്‍ ഞാനൊരുക്കമല്ല.

അല്ലെങ്കില്‍ത്തന്നെ രാമജന്മഭൂമി പ്രശ്നവും രാമസേതു പ്രശ്നവും തികച്ചും വ്യത്യസ്തമായ - ഇരു ധൃവങ്ങളിലായി നില്‍ക്കുന്നു എന്നു വേണമെങ്കില്‍ പറയാവുന്ന - പ്രശ്നങ്ങളാണെന്നു ഞാന്‍ പറയും. കാരണം ഇനിപ്പറയുന്നു.

രാമജന്മഭൂമിപ്രശ്നത്തില്‍ - മന്ദിരം തകര്‍ക്കപ്പെട്ടതിനു മുമ്പ്‌ - പ്രശ്നപരിഹാരത്തിന്‌ നിങ്ങളേപ്പോലെയുള്ളവരുടെ നിര്‍ദ്ദേശം ഇതായിരുന്നു. തര്‍ക്കപ്രദേശം രാമജന്മഭൂമിയാണെന്നും അവിടെ ക്ഷേത്രം നിലനിന്നിരുന്നുവെന്നും വിശ്വസിക്കുന്നവര്‍ ഒരു വിട്ടുവീഴ്ചയ്ക്കു തയ്യാറാകുക. വിശ്വാസം ശരിയായാലും തെറ്റായാലും - കഴിഞ്ഞതു കഴിഞ്ഞു എന്ന മട്ടില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ അനുവദിക്കുക. "സ്റ്റാറ്റസ്‌കോ മേന്റെയിന്‍" ചെയ്യുക. എങ്കില്‍ പ്രശ്നങ്ങളവസാനിച്ചു.

ഇത്തവണ, രാമസേതു പ്രശ്നത്തില്‍ നിങ്ങളുടെ പരിഹാരമാര്‍ഗം ഇതാണ്‌ - രാമസേതു സംരക്ഷിക്കപ്പെടണമെന്നാഗ്രഹമുള്ളവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകുക. വിശ്വാസം ശരിയായാലും തെറ്റായാലും തല്‍സ്ഥിതി നിലനിര്‍ത്താതിരിക്കുക. "സ്റ്റാറ്റസ്‌കോ മേന്റെയിന്‍" ചെയ്യാതിരിക്കുക. സേതു നശിപ്പിക്കാന്‍ അനുവദിക്കുക.

ഏത്‌? വ്യത്യാസം മനസ്സിലായില്ലെന്നുണ്ടെങ്കില്‍ ഒരിക്കല്‍കൂടി വായിച്ചുനോക്കാം. ആഴത്തില്‍ ചിന്തിക്കുകയുമാവാം.

ദയവായി 'ദാ വീണ്ടും മതവികാരം ഉണര്‍ത്തുന്നു' എന്നു കുറ്റപ്പെടുത്താതിരിക്കുക. താങ്കളെന്നെ അഭിനന്ദിക്കാറുള്ള അതേ ആത്മാര്‍ത്ഥത 'കാണാപ്പുറം' എന്ന പേരിനോടും പുലര്‍ത്തുന്നു എന്നതുകൊണ്ട്‌ നിങ്ങള്‍ ആലോചിച്ചിരിക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു വസ്തുതയിലേക്ക്‌ ഒന്നു ടോര്‍ച്ചടിച്ചു കാണിച്ചെന്നേയുള്ളൂ. ഇതൊന്നും പലരും കാണാതെ പോകുന്നതില്‍ എനിക്കത്ഭുതം തീരെയില്ല ചിത്രകാരന്‍. ജീവിതാനുഭവങ്ങള്‍ കുറച്ചൊന്നുമല്ലല്ലോ നമുക്കു പാഠങ്ങള്‍ പകര്‍ന്നു തരുന്നത്‌.

>> [ചിത്രകാ‍രന്‍] ഈ രാമന്റേയും ക്രിഷ്ണന്റേയും കള്ളക്കഥകളില്‍ നിന്നും ജനത്തെ രക്ഷിക്കേണ്ടത് നമ്മുടെ നാടിന്റെ വികാസത്തിന് ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

[നകുലന്‍] നാടിന്റെ വികസനത്തിന്റെ അളവുകോല്‍ എന്താണെന്നുള്ള കാഴ്ചപ്പാട്‌ ആപേക്ഷികമാണ്‌ ചിത്രകാരന്‍. അവിടെ മാത്രമാണെന്നു തോന്നുന്നു നാം തമ്മില്‍ വ്യത്യസ്തരാകുന്നത്‌.

ഒരു വീട്ടില്‍ എല്ലാവരും നല്ല വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നു എന്നു കരുതുക. പക്ഷേ അവര്‍ ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്തവരാണെങ്കിലോ? അപ്പോള്‍ അവിടെ വികസനമില്ല. പുറം മോടി മാത്രമേയുള്ളൂ (താങ്കളൊരു കമ്മ്യൂണിസ്റ്റാണെങ്കില്‍ എന്റെയീ നിലപാടിനെ എതിര്‍ക്കില്ല). വസ്ത്രം അല്‍പം മുഷിഞ്ഞതായാലും ശരി - ഭക്ഷണവും ആരോഗ്യവും മറ്റു ഭൗതികസാഹചര്യങ്ങളും കൂടി ഒത്തു വന്നാലേ യഥാര്‍ത്ഥ വികസനമാകൂ എന്നു നിങ്ങളും കരുതുന്നു. പക്ഷേ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌ - ആ വീട്ടുകാര്‍ മതനിഷേധികള്‍ കൂടിയായായാലേ നിങ്ങള്‍ക്കു വികസനം പൂര്‍ണ്ണമാകുന്നുള്ളൂ. എനിക്കാണെങ്കില്‍, അവരുടെ ആത്മീയമായ-മതപരമായ ആവശ്യങ്ങള്‍ കൂടി നിറവേറ്റപ്പെടുന്നതില്‍ എതിര്‍പ്പില്ല. അതവര്‍ക്ക്‌ മാനസികാരോഗ്യം നല്‍കുന്നെങ്കില്‍ അത്‌ ആയിക്കൊള്ളട്ടെ എന്നാണെന്റെ പക്ഷം. അവര്‍ തരക്കേടില്ലാത്ത വസ്ത്രവും ധരിച്ച്‌ അത്യാവശ്യത്തിന്‌ ഭക്ഷണവും കഴിച്ച്‌ വല്ലപ്പോഴും അമ്പലത്തിലോ പള്ളിയിലോ ഒക്കെ പോയി ആരുടെയും നേരെ മെക്കിട്ടു കേറാതെയും ആരാലും കേറപ്പെടാതെയും മനസ്സമാധാനമായി ജീവിച്ചു കാണുമ്പോഴാണ്‌ സംഗതി തരക്കേടില്ല എന്നെനിക്കു തോന്നുന്നത്‌. നല്ല ഭക്ഷണവും വസ്ത്രവുമുണ്ട്‌. പക്ഷേ മതം-സംസ്കാരം എന്നൊന്നും മിണ്ടിപ്പോകരുത്‌ - പുരാണങ്ങളെ അധിക്ഷേപിച്ച്‌ പുരോഗമനസാഹിത്യം മാത്രം വായിച്ചു കഴിഞ്ഞുകൊള്ളണം എന്നൊരു ഭീഷണിയുടെ നിഴലിലാണ്‌ അവരെങ്കില്‍ - എന്തോ - പുരോഗമനമല്ല - ശിലായുഗത്തിലേക്കുള്ള തിരിച്ചു പോക്കിനു തുല്യമായ തികഞ്ഞ അധോഗമനമായാണ്‌ എനിക്കു തോന്നുന്നത്‌.

കപ്പല്‍ച്ചാല്‍ (ചിലര്‍ക്ക്‌) കൊണ്ടു വരുന്ന സാമ്പത്തിക നേട്ടങ്ങള്‍ ഒരു വശത്ത്‌. തങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളും സാംസ്കാരികപൈതൃകത്തിന്റെ പ്രതീകങ്ങളുമൊക്കെ നശിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്ന ഭീഷണിയില്ലാതെ ഹിന്ദുക്കള്‍ക്കു ജീവിക്കാവുന്ന അവസ്ഥ മറുവശത്ത്‌. ഇതു രണ്ടും തമ്മിലാണ്‌ ഇവിടെ തുലനം നടക്കുന്നത്‌. ഓരോരുത്തരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ ത്രാസിന്റെ ഏതു തട്ട്‌ താഴ്‌ന്നു നില്‍ക്കുന്നു എന്നതു വ്യത്യാസപ്പെട്ടിരിക്കും. താങ്കള്‍ക്ക്‌ സാമ്പത്തിക-ഭൗതിക നേട്ടങ്ങള്‍ വലുതാണെങ്കില്‍ മറ്റുചിലര്‍ക്ക്‌ മറ്റേതാണ്‌ വലുത്‌. അത്രേയുള്ളൂ.

>> [ചിത്രകാ‍രന്‍] രാമസേതു എന്ന പ്രയോഗം തന്നെ ശരിയല്ലത്രേ. നളസേതു എന്ന പേരിലാണത്രേ പഴയകാലത്ത് ഇവിടത്തെ മണ്‍‌തിട്ട അറിയപ്പെട്ടിരുന്നത്.

[നകുലന്‍] താങ്കളുടെ ആ അറിവ്‌ ഭാഗികമായി ശരിയാണ്‌. നളസേതു എന്നും അത്‌ അറിയപ്പെടുന്നുണ്ട്‌. എന്നാല്‍, സേതുവിന്‌ രാമനുമായോ രാമായണവുമായോ ബന്ധമില്ലെന്നോ മറ്റോ സ്ഥാപിക്കാനാണിതു പറഞ്ഞു വരുന്നതെങ്കില്‍ തെറ്റി. രാമനു വേണ്ടി നിര്‍മ്മിക്കപ്പെട്ടത്‌ എന്ന അര്‍ത്ഥത്തിലാണ്‌ രാമസേതു എന്ന പേര്‌. നളനാല്‍ നിര്‍മ്മിക്കപ്പെട്ടത്‌ എന്ന അര്‍ത്ഥത്തില്‍ നളസേതുവും. നളന്‍ നിര്‍മ്മിച്ചത്‌ രാമനുവേണ്ടിയാണ്‌. നളനായിരുന്നു മുഖ്യ ശില്‍പി. നളനാരെന്നു പറയുമ്പോള്‍ വിശ്വകര്‍മ്മാവ്‌ ആര്‌ എന്നു കൂടിപ്പറയേണ്ടി വരും. ഏത്‌ എഞ്ചിനീയറിംഗ്‌ കോളേജിലാണ്‌ പഠിച്ചത്‌ എന്ന്‌ കരുണാനിധി ചോദിക്കേണ്ടിയിരുന്നത്‌ സത്യത്തില്‍ നളനേപ്പറ്റിയായിരുന്നു. നമുക്കതു വിടാം എന്നു തോന്നുന്നു.

>> [ചിത്രകാ‍രന്‍] ഇത്തരം കാര്യങ്ങള്‍ക്കെതിരെ സമരം ചെയ്യുംബോള്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ മാത്രം ഉന്നയിക്കുക എന്നതാണ് മാന്യത.

[നകുലന്‍] തികച്ചും തെറ്റാണ്‌ ഈ വാചകം. മാത്രമല്ല അത്‌ വര്‍ഗ്ഗീയം കൂടിയാണ്‌.

സുഹൃത്തേ...ഇത്‌ കര്‍ഷകസമരമല്ല എന്നതുപോലെ തന്നെ ശാസ്ത്രജ്ഞന്മാരുടെ സമരവുമല്ല. രാമര്‍ പെട്രോളിനെ അനുകൂലിച്ചുകൊണ്ടും അതിന്റെ വില്‍പന വ്യാപകമാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുമുള്ള ഒരു സമരമായിരുന്നെങ്കില്‍ താങ്കളുടെ വാദം ശരിയായേനേ. ഇവിടെ സേതുവാണ്‌. പെട്രോളല്ല വിഷയം. അതിന്റെ ശാസ്ത്രീയതയും മറ്റും താങ്കളേപ്പോലെയുള്ളവരുടെ മാത്രം പ്രശ്നങ്ങളാണ്‌. സമരം ചെയ്യുന്നവരുടെയല്ല. അവരുടെ പ്രശ്നം വ്യത്യസ്തമായിരിക്കേ, ശാസ്ത്രീയതമാത്രമേ സംസാരിക്കാവൂ എന്നു നാം ശഠിക്കുന്നതെങ്ങനെ?

ഇവിടെ വ്രണപ്പെടുന്ന വികാരങ്ങള്‍ കേവലം മതപരം മാത്രമല്ല. അതെന്തൊക്കെയാണെന്നതു മുഴുവന്‍ മറ്റൊരാളിലേക്കു പറഞ്ഞെത്തിക്കാനുള്ള ഭാഷാസ്വാധീനം എനിക്കുണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല 'ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ' എന്ന വരിയും ഇവിടെ തികച്ചും അര്‍ത്ഥവത്താകുന്നു. താങ്കള്‍ക്ക്‌ ’ശാസ്ത്രീയത തെളിയിക്കപ്പെട്ടിട്ടില്ല - കെട്ടുകഥയാണ്‌ - കള്ളക്കഥയാണ്‌’ - മുതലായ കാരണങ്ങള്‍ പറഞ്ഞ്‌ പുച്ഛിക്കാവുന്നതുപോലെ എല്ലാവര്‍ക്കുമാവില്ല എന്നു മാത്രമെങ്കിലും മനസ്സിലാക്കാന്‍ ശ്രമിക്കുക.

താങ്കളുടെ ഈ വരികളില്‍ തനി വര്‍ഗ്ഗീയതയാണുള്ളതെന്നു ഞാന്‍ പറയാന്‍ കാരണമുണ്ട്‌. രാമനില്‍ വിശ്വസിക്കാത്ത - എന്തിനും ശാസ്ത്രീയത വേണമെന്ന മത(അഭിപ്രായ)മുള്ള ഒരു വിഭാഗത്തെ - വര്‍ഗ്ഗത്തെ - ആണു താങ്കള്‍ പ്രതിനിധാനം ചെയ്യുന്നത്‌. സമരം ചെയ്യുന്നവരാകട്ടെ, മറ്റൊരു രീതിയില്‍ ചിന്തിക്കുന്ന മറ്റൊരു വിഭാഗ(വര്‍ഗ്ഗ)വും. ഇവിടെ താങ്കളുടെ മതം മാത്രമാണ്‌ ശരി എന്നു താങ്കള്‍ അതിതീവ്രമായി വാദിക്കുകയാണ്‌ ('ശാസ്ത്രീയമായ കാര്യങ്ങള്‍ മാത്രം ഉന്നയിക്കുക എന്നതാണ്‌ മാന്യത' എന്ന പ്രയോഗം ഒരു ഉദാഹരണം). മറ്റുള്ളവരോട്‌ സ്വന്തം വിശ്വാസങ്ങള്‍ ബലികഴിച്ച്‌ താങ്കളുടെ മതവിശ്വാസത്തില്‍ പങ്കു ചേരാന്‍ താങ്കള്‍ നിര്‍ബന്ധിക്കുകയാണ്‌. അതിനു തയ്യാറില്ലാത്തവരെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുമുണ്ട്‌. ഇതൊക്കെയല്ല തികഞ്ഞ മതമൗലികവാദം എന്നുണ്ടോ? ഇതൊക്കെയല്ല മതതീവ്രവാദം എന്നൊന്നുണ്ടോ? ഇതൊക്കെയല്ല യഥാര്‍ത്ഥ വര്‍ഗ്ഗീയത എന്നുണ്ടോ?

മതനിഷേധം പറഞ്ഞു നടന്നാല്‍ മതേതരത്വമാകും എന്നു തെറ്റിദ്ധരിക്കരുത്‌. മതനിഷേധികള്‍ എന്നാല്‍ മറ്റൊരു മതമാണ്‌ - വര്‍ഗ്ഗമാണ്‌. അവര്‍ മറ്റു മതവിശ്വാസികളുടെ നേരെ മെക്കിട്ടു കേറിയാല്‍ അത്‌ തികഞ്ഞ വര്‍ഗ്ഗീയതെമ്മാടിത്തമാണ്‌. കമ്മ്യൂണിസ്റ്റായാല്‍ 'by default' മതേതരനായി എന്നൊന്നും ആരും ധരിച്ചുപോകണ്ട എന്നും ഇതിനെ വായിക്കാം.

ക്രിസ്ത്യാനികള്‍ക്കു മൃഗീയഭൂരിപക്ഷമുള്ള ഒരു പ്രദേശത്താണ്‌ ഞാന്‍ ജനിച്ചു വളര്‍ന്നത്‌. എന്നാല്‍ ഒരു ക്രിസ്ത്യാനിയല്ലാത്തത്‌ എനിക്കിന്നു വരെ പാരയായിത്തോന്നിയിട്ടില്ല. മുസ്ലീങ്ങളല്ലാതെ മറ്റൊരാളെ കാണണമെങ്കില്‍ മഷിയിട്ടുനോക്കണമെന്ന അവസ്ഥയുള്ള ചില വടക്കന്‍ പ്രദേശങ്ങളില്‍ ഞാന്‍ കഴിയാനിടയായിട്ടുണ്ട്‌. അന്നാരും എന്റെ കോളറിനു കുത്തിപ്പിടിച്ചിട്ടില്ല. എന്നാല്‍, കുട്ടി സഖാക്കന്മാര്‍ക്കു ചെറുതായെങ്കിലും മുന്‍തൂക്കമുള്ള ചില സാഹചര്യങ്ങളില്‍, 'ഇവന്റെ കമ്മ്യൂണിസ്റ്റ്‌ ആഭിമുഖ്യത്തിന്‌ ആക്കം പോരെന്നു തോന്നുന്നു' എന്നും 'സമരങ്ങളില്‍ വേണ്ടത്ര സജീവമല്ല' എന്നും മറ്റുമുള്ള മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ എനിക്കു ഭീഷണികളുണ്ടായിട്ടുണ്ട്‌. ഇതെന്റെ ജീവിതാനുഭവങ്ങളാണ്‌. ദയവായി ഇവിടെ തര്‍ക്കിക്കരുത്‌. മറ്റു വിഭാഗങ്ങളോട്‌ ഇത്ര അസഹിഷ്ണുത പുലര്‍ത്തുന്ന ഒരു സമൂഹത്തെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അവര്‍ വര്‍ഗ്ഗീയതേക്കുറിച്ചു പറയുമ്പോള്‍ എനിക്കത്‌ ചിരിയടങ്ങാത്ത തമാശയാണ്‌.

സ്വന്തം മതമായ ശാസ്ത്രീയതാവാദമതമല്ലാത്ത മറ്റേതും അപകടകരവും നിന്ദ്യവുമാണെന്ന വാദത്തോടെ താങ്കള്‍ ഒരു തികഞ്ഞ കൂസിസ്റ്റായി മാറിയതു തിരിച്ചറിയുക.

>> [ചിത്രകാ‍രന്‍] രാമന്റെ ബാലിശമായ ഒരു കഥയുമായി പഴയ ഭക്തിപ്രസ്ഥാന സ്റ്റൈലില്‍ സമരത്തിനിറങ്ങിയാല്‍ രാമന്റെ കരണക്കുറ്റിക്ക് അടിക്കാന്‍ ജനം തയ്യാറാകേണ്ടിവരും.

[നകുലന്‍] 'ബാലിശം' എന്ന പ്രയോഗത്തിന്‌ നിരോധനം വരുന്നത്‌ എന്നാണെന്നു പറയാനാവില്ല. 'ബാലി'യും ഒരു പുരാണകഥാപാത്രമാണല്ലോ. 'കെട്ടുകഥ'കളിലെ കഥാപാത്രങ്ങളുടെ പേരുകള്‍ ഭാഷയില്‍ കലര്‍ത്തി വിട്ട്‌ രഹസ്യ അജണ്ട(!) നടപ്പാക്കുകയാണെന്നെങ്ങാനും വാദിച്ചു കളഞ്ഞാലോ?

പിന്നെ, കരണക്കുറ്റിയ്ക്ക്‌ അടിയും അത്ര എളുപ്പമാവില്ല. 'രാമനാണ്‌ - അടിച്ചോളീ' എന്നും പറഞ്ഞ്‌ ഒരാള്‍ മുന്നില്‍ വന്നു നിന്നു തന്നാലും അടിക്കാനാവില്ല. താങ്കള്‍ രാമനാണെന്നു തെളിയിക്കുന്ന അമേരിക്കന്‍ സര്‍ട്ടിഫിക്കറ്റ്‌ NASA-യില്‍ നിന്നോ മറ്റോ സംഘടിപ്പിച്ചുകൊണ്ടുവരാന്‍ പറയണം. എന്നിട്ടല്ലേ അടി? ശാസ്ത്രീയമായ തെളിവില്ലാത്തതു നാം വിശ്വസിക്കുകയോ അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ പാടില്ല.

പിന്നെ, ‘ജനം‘ എന്നാല്‍ ‘കമ്മ്യൂണിസ്റ്റുകാര്‍‘ എന്നല്ല അര്‍ത്ഥം എന്നു കൂടി ഓര്‍ക്കുക. രാമനെ ബഹുമാനിക്കുന്ന ചിലരും, ബഹുമാനിച്ചില്ലെങ്കില്‍ത്തന്നെയും ‘കരണക്കുറ്റിയ്ക്ക്‌ അടിക്കണം’ എന്ന അധമവികാരം പേറാന്‍ ഒരുക്കമല്ലാത്തവരും ഒക്കെച്ചേര്‍ന്ന ഒരു ബഹുമതസമൂഹമാണ് ജനം.

>> [ചിത്രകാ‍രന്‍] ഒരു മന്ദബുദ്ധി കഥാപാത്രം മാത്രമായ രാമനെ .....

[നകുലന്‍] 'രാമന്‍ ഒരു മന്ദബുദ്ധി കഥാപാത്രം മാത്രമാ'ണെന്നു പറഞ്ഞത്‌ ആക്ഷേപകരമായ എന്തെങ്കിലും ഒരു വാക്കിനായി തപ്പിയപ്പോള്‍ ആദ്യം കിട്ടിയതു പ്രയോഗിച്ചതാവാം എന്നും അല്ലാതെ അര്‍ത്ഥമറിഞ്ഞു ബോധപൂര്‍വ്വം എഴുതിയതായിരിക്കില്ല എന്നും കരുതുന്നു.

എന്തു കൊണ്ടാണ്‌ അങ്ങനെ പറഞ്ഞത്‌? - രാമന്‍ ബ്ലോഗു തുടങ്ങി ഏതെങ്കിലും ജാതിയില്‍പ്പെട്ടവരെ തെരഞ്ഞുപിടിച്ച്‌ അധിക്ഷേപിക്കുകയും എന്നിട്ട്‌ ജാതിചിന്താരാഹിത്യം അവകാശപ്പെടുകയും ചെയ്യുന്നുണ്ടോ? എന്നു ചോദിച്ചാലോ എന്നു കരുതിയതാണ്‌. അതു താങ്കള്‍ക്ക്‌ വിഷമമുണ്ടാക്കിയാലോ എന്നു കരുതി വേണ്ടെന്നു വച്ചു. എന്തു കൊണ്ടോ - ആരെയും അധിക്ഷേപിക്കാതിരിക്കുന്നതാണ്‌ നല്ലത്‌ എന്നൊരു തോന്നല്‍. മനുഷ്യരായാലും പുരാണകഥാപാത്രങ്ങളായാലും.

>> [ചിത്രകാ‍രന്‍] രാമനെ നീല ചായം മുക്കി ബഹുജന സമര മുഖത്തുകോണ്ടു വരുന്നത്‌ ഇത്രയും കാലം വിജയിച്ചിരിക്കാം. എന്തായാലും അത് ആരോഗ്യകരമല്ല.

[നകുലന്‍] ആര്‍ക്ക്‌?

>> [ചിത്രകാ‍രന്‍] ചിത്രകാരന്‍ എന്തുകൊണ്ട് ഇടതുപാര്‍ട്ടികളുടെ സമരങ്ങളെ എതിര്‍ക്കുന്നില്ല എന്നത് ... അപ്രസക്തം.

[നകുലന്‍] നമ്മുടെ പക്ഷചിന്തകള്‍ക്കനുസരിച്ച്‌ പ്രതികരിക്കാനും മൌനം പാലിക്കാനുമൊക്കെ നമുക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. പ്രതികരണങ്ങളുടെ സ്വഭാവത്തിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുക എന്നതു മാത്രമായിരുന്നു ആ വരികളുടെ ധര്‍മ്മം.

>> [ചിത്രകാ‍രന്‍] നീര്‍ക്കോലി മാത്രമായ ഇടതുപക്ഷവും,കാളിയനായ ഹിന്തു വര്‍ഗ്ഗീയതയും ഒരുപോലെ കണക്കാക്കിക്കൂടാ.

[നകുലന്‍] അതിര്‍ത്തിയില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനേപ്പറ്റിയോ മറ്റോ ഒരു ചര്‍ച്ച നടക്കുന്നതിനിടയില്‍ ഒരു ഇടതുപക്ഷവാദിയുടെ കമന്റു വന്നത്‌ ഓര്‍ത്തുപോകുകയാണ്‌. "ന്യൂനപക്ഷഭീകരതയ്ക്ക്‌ (! ഭാഷ പോകുന്ന പോക്ക്‌!) ഒരിക്കലും ഫാസിസത്തിന്റെ രൂപം പ്രാപിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ട്‌ അതിനെ 'ഭൂരിപക്ഷവര്‍ഗീയത'യുടെ അടിയില്‍ പ്രതിഷ്ഠിക്കുന്നതാണ്‌ ശരി" എന്നോ മറ്റോ ആയിരുന്നു അത്‌. ‘അടിയില്‍‘ പ്രതിഷ്ഠിക്കപ്പെടുന്നതു മറ്റൊന്നുമല്ല നല്ല ഉഗ്രശക്തിയുള്ള ബോംബാണെന്നു തിരിച്ചറിയുന്നതിനു മുമ്പേ പൊട്ടിത്തെറിച്ച്‌ 'വിലപ്പെട്ടതെല്ലാം' നഷ്ടപ്പെട്ട്‌ ആശുപത്രിയില്‍ കിടന്നാലും സഖാവ്‌ ആ പല്ലവി തന്നെ ആവര്‍ത്തിക്കുമെന്നുറപ്പുള്ളതു കൊണ്ട്‌ ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. നീര്‍ക്കോലി - കാളിയന്‍ താരതമ്യത്തേക്കുറിച്ചും കൂടുതലൊന്നും പറയാനില്ല.

ഒരു ചോദ്യം മാത്രം. കൃഷ്ണന്റെ കെട്ടുകഥയിലെ ഒരു കഥാപാത്രം മാത്രമായ - ജീവിച്ചിരുന്നു എന്നതിനു തെളിവില്ലാത്ത -കാളിയനുമായി ഉപമിച്ചതില്‍ നിന്ന്‌ 'ഹിന്ദു വര്‍ഗ്ഗീയത' എന്നൊന്നില്ല എന്നാണു താങ്കള്‍ അര്‍ത്ഥമാക്കുന്നത്‌ എന്നു ഞാന്‍ കരുതട്ടെ?

>> [ചിത്രകാ‍രന്‍] കാണാപ്പുറം ചിത്രകാരന്റെ മറുപടിയില്‍ തൃപ്തനാകാനിടയില്ല...

[നകുലന്‍] എനിക്കു തൃപ്തിക്കുറവില്ല.


>> [ചിത്രകാ‍രന്‍] സമയക്കുറവിനാല്‍ വിശദമായ ചര്‍ച്ചയില്‍ പങ്കെടുക്കാനും വിഷമമുണ്ട്.

[നകുലന്‍] എനിക്കും.
'ഇമ്മിണി ബല്യ' ചില കക്ഷികളോടു പറയാനുള്ളത്‌ എഴുതിക്കൊണ്ടിരിക്കുകയാണ്‌ എന്നതുകൊണ്ടു പ്രത്യേകിച്ചും.

>> [ചിത്രകാ‍രന്‍] താങ്കളോടു വ്യക്തിപരമായുള്ള ആദരവിനു കോട്ടം തട്ടാതെ സ്നേഹാദരങ്ങളോടെ ...

[നകുലന്‍] 'കൊടുത്താല്‍ കൊല്ലത്തും കിട്ടും' എന്നത്‌ അടിക്കു മാത്രമല്ല - ആദരവിനും സ്നേഹത്തിനുമൊക്കെ ബാധകമാണ്‌. എനിക്കും താങ്കളോടു യാതൊരു സ്നേഹക്കുറവുമില്ല. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ക്കു വേദി തരുന്ന ബ്ലോഗുകളുടെ ശക്തി ചോരരുത്‌ എന്നാണെങ്കില്‍, ബ്ലോഗര്‍മാര്‍ക്കിടയില്‍ ഒരു പരിധിയില്‍ക്കവിഞ്ഞ്‌ വ്യക്തിപരമായ അകല്‍ച്ചയോ അടുപ്പമോ ഉണ്ടാകാതിരിക്കുന്നതാണു നല്ലത്‌ എന്നാണെനിക്കു തോന്നാറ്‌.

qw_er_ty

Mr. K# said...

നല്ല മറുപടി. ആ കമന്റില്‍ qwerty ഇടേണ്ടായിരുന്നു.

prasad said...

ഒരു ഹിന്ദുവായി ജനിച്ചു എന്നതില്‍ വളരെയധികം അഭിമാനിക്കുന്ന ഒരാളാണു ഞാന്‍ കാരണം ഇത്രയും അഭിപ്രായസ്വാതന്ത്ര്യവും സഹിഷ്ണുതയുമുള്ള ഒരു മതവും ഇന്നു ലോകത്തില്‍ കാണാന്‍ വളരെ പ്രയാസമാണ്‌. മറ്റുള്ള മതങ്ങളെ ഹൃദയപൂര്‍വം സ്വീകരിച്ച്‌ അവര്‍ക്ക്‌ വെണ്ടതെല്ലാം നല്‍കി ഇത്രയേറെ ആദരിച്ച ഒരു സമൂഹം വേറെ എവിടെയാണുള്ളത്‌?. അത്തരം ഒരു മതത്തിന്റെ സംസ്കാരം സൃഷ്ടിക്കപ്പെട്ടത്‌ രാമായണം, മഹാഭാരതം എന്നീ വിശുദ്ധ ഗ്രന്ഥങ്ങളുടെ മൂല്യസത്ത ഉള്‍ക്കൊണ്ടുകൊണ്ടാണെന്നത്‌ തര്‍ക്കമറ്റ ഒന്നാണ്‌.അത്തരത്തില്‍പ്പെട്ട ഒരു മഹത്‌ ഗ്രന്ഥത്തെ ഇത്രയും നീചമായി ചിത്രീകരിച്ച വൃത്തികെട്ട ചിന്താഗതി മൃഗങ്ങളുടെതിനെക്കാളും താഴെയാണ്‌. ഇത്തരം അധമന്മാര്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്‌ അവരുടെ വിലയില്ലാത്ത ജല്‍പനങ്ങള്‍ക്ക്‌ മറുപടി നല്‍കി താങ്കളെപ്പോലെ അല്‍പം ചിന്താശേഷിയുള്ളവര്‍ സമയം കളയരുത്‌. താങ്കള്‍ എത്രതന്നെ സമര്‍ഥിച്ചാലും ഇത്തരക്കാര്‍ ഇതു തന്നെ തുടര്‍ന്ന് കൊണ്ടേയിരിക്കും പണ്ടുള്ളവര്‍ പട്ടിയുടെ വാലിന്റെ കഥ പറഞ്ഞ പോലെ...

Anonymous said...

plz dont try to white wash RSS and vishwa hindu parishat.

Those peoples killed Mahatma Gandi..

They killed thousands of poor peoples in gujrat, they fired a pregnant women, shoolam kondu vayar kuthi polichu kunjine puratheduthu (edappal incedent is simple in this)..

They demolished babri masjid..

sivasena behind all the problems in bombay 1991...

these all u ppls are doing on the basis of religion.. u have no historic evidance...

shame on u man...

Unknown said...

കുതിരവട്ടന്‍,
ചിത്രകാരനു വീണ്ടും മറുപടി കൊടുത്തുകൊണ്ടുള്ള ആ കമന്റ്‌ അല്പം നീണ്ടു പോയതുകൊണ്ടാണ് മറുമൊഴിയിലേക്കു വിടാതിരുന്നത്‌. താല്പര്യമില്ലാത്തവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി. അക്കാര്യത്തില്‍ തനി ഹിന്ദുസ്വഭാവം തന്നെയാണ് എനിക്ക്‌. ഗതികെട്ടാല്‍ മാത്രമേ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ ഒരുങ്ങൂ. അല്ലാത്തിടത്തോളം കാലം സ്വന്തം കാര്യം മാത്രം നോക്കി സ്വന്തം സ്ഥലത്ത് പരിഭവവും പറഞ്ഞ്‌ കഴിഞ്ഞുകൂടും.

പ്രസാദ്,
എനിക്കും താങ്കളുടെ നിലപാടായിരുന്നു ആദ്യം. പക്ഷേ, എന്റെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നതുപോലെ, മിണ്ടാതിരിക്കുന്നതു പാപമാകുമെന്ന ഒരു തോന്നല്‍. നമ്മളൊക്കെ മനുഷ്യരല്ലേ? നമ്മുടെ ക്ഷമയ്ക്കൊക്കെ ഒരു പരിധിയില്ലേ? എത്രനാളെന്നു വച്ചാണ്?

രാജന്‍,
"u have no historic evidence." എന്നെഴുതിയത്‌ ഞെട്ടിപ്പിച്ചു കളഞ്ഞല്ലോ. വന്നു വന്ന്‌ ഇപ്പോള്‍ സാധാരണക്കാരോടും തെളിവു ചോദിച്ചു തുടങ്ങിയോ? അമ്മച്ചിയാണെ - എന്റെ കയ്യിലില്ല!
"shame on me :( "

ഇവിടെ ആരും ആരെയും വെള്ളയോ നീലയോ പൂശുന്നൊന്നുമില്ല. ഇവിടെ രാമസേതുവിനെ സംബന്ധിച്ച ചില അഭിപ്രായങ്ങളാണു പറഞ്ഞു വച്ചിരിക്കുന്നത്‌. പ്രശ്നങ്ങളേക്കുറിച്ചു ചിന്തിക്കാതെ ആളുകളേക്കുറിച്ചു ചിന്തിക്കുന്നതുകൊണ്ടാണ് താങ്കള്‍ക്കൊക്കെ ഈ ആശയക്കുഴപ്പമുണ്ടാകുന്നത്‌.

പിന്നെ, സംഘം ഗാന്ധിജിയെ വധിച്ചു എന്നതൊക്കെ ഒരുപാടു പഴകിത്തേഞ്ഞ, ഫലിക്കാതെ പോയ ഒരു ആയുധമാണ്. എല്ലാക്കാര്യത്തിലും ഹിസ്റ്റോറിക്കല്‍ എവിഡന്‍സ് കയ്യിലുള്ളവര്‍ അക്കാര്യത്തില്‍ കുറച്ചു കൊടുത്തിരുന്നെങ്കില്‍ അന്ന്‌ ഇക്കണ്ട കോടതികളൊന്നും ഇത്ര ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. ഈയൊരു വിഷയത്തിന് ഇവിടെപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതുകൊണ്ട്‌ അതേപ്പറ്റി കൂടുതല്‍ ഇപ്പോള്‍ പറയാന്‍ താല്പര്യമില്ല.

സുകുമാരന്‍ മാഷ്‌, നന്ദു, പൊന്നമ്പലം,
വായിക്കാനും അഭിപ്രായമറിയിക്കാനും സന്മനസ്സു കാണിച്ചതിനു നന്ദി.

കയ്യെഴുത്ത് said...

കാണാപ്പുറം,
ഒത്തിരി വൈകിയാണ് വായിക്കുന്നത്
നല്ലപോസ്റ്റും, അഭിപ്രായങ്ങളും.

നന്ദി

സസ്നേഹം
മിനീഷ്

പാക്കരൻ said...

പോസ്റ്റിഷ്ടമായി...

ഇതിനെതിരെ സംസാരിക്കുന്ന ഈ മഹദ് വ്യക്തികളുടെ ലക്ഷ്യം അവര് പറയുന്ന കാര്യങ്ങള്‍ എന്ത് പൊട്ടത്തരം വിളിച്ച് പറഞ്ഞിട്ടാണെങ്കിലും സംരക്ഷിക്കുക എന്നത് മാത്രമാണ്.
അതുകൊണ്ട് കൂടുതല്‍ എഴുതി എന്റെ ചോരവറ്റിക്കാന്‍ ഞാന്‍ തല്പര്യപ്പെടുന്നില്ല