Wednesday, November 14, 2007

രാമസേതു - 5 - ഡി.വൈ.എഫ്‌.ഐ. നേതാവിനുള്ള മറുപടി

രാമസേതു സംബന്ധിച്ച അഞ്ചു തുടര്‍പോസ്റ്റുകളില്‍ അഞ്ചാമത്തേതാണ്‌ ഇത്‌.
ഇതിനു മുമ്പുള്ള ഭാഗങ്ങള്‍ ഇവിടെ:-
1 - 'ചിത്രകാര'നുള്ള മറുപടി
2 - സോണിയാഗാന്ധിക്കുള്ള മറുപടി
3 - പ്രകാശ്‌ കാരാട്ടിനുള്ള മറുപടി
4 - കരുണാനിധിക്കുള്ള മറുപടി

* * * * * * * * * * * * * * * * * * * * * * * * * * * * * *
ഡി.വൈ.എഫ്‌.ഐ നേതാവ്‌ ശ്രീ. ശ്രീരാമകൃഷ്ണന്‍,

രാമസേതു വിവാദം കത്തിനിന്ന സമയത്ത്‌ പലയിടത്തു നിന്നുമുണ്ടായ പരാമര്‍ശങ്ങള്‍ വളരെ ദു:ഖിപ്പിക്കുന്നവയായിരുന്നു. എന്നാല്‍, ഇടയ്ക്ക്‌ ആശ്വാസത്തിനു വക നല്‍കിക്കൊണ്ട്‌ ഏറെ ചിരിപ്പിച്ച ചില പ്രസ്താവനകളിറക്കിയത്‌ താങ്കളാണ്‌. അതിന്‌ ആദ്യം തന്നെ നന്ദി പറയട്ടെ.

ഒന്ന്‌

ഒരു പ്രഖ്യാപനം ഇങ്ങനെ പോകുന്നു. "രാമസേതു വിവാദം മറയാക്കി(?) രാജ്യത്തെ സാമുദായികമായി വെട്ടിമുറിക്കാനുള്ള സംഘപരിവാര്‍ നീക്ക(!)ത്തെ ചെറുക്കു"മത്രേ! "സേതുസമുദ്രം പദ്ധതിയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതു തടയുക എന്ന ആവശ്യവും മറ്റുമുന്നയിച്ച്‌ DYFI തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തു"മത്രെ!

ആ വാക്കുകള്‍ക്കു പിന്നിലൊളിച്ചിരിക്കുന്നത്‌ അങ്ങേയറ്റം അപകടകരമായ വര്‍ഗ്ഗീയകൂസിസ്റ്റു രാഷ്ട്രീയമാണ്‌. എങ്കിലും, അവയിലടങ്ങിയിട്ടുള്ള മണ്ടത്തരവും ഭീരുത്വവുമാണ്‌ ചിരിക്കു വക നല്‍കിയത്‌.

രാമസേതു വിവാദം 'മറയാക്കി'യത്രേ! മറയോ? ആരാണിവിടെ - എന്താണിവിടെ മറച്ചു പിടിച്ചിരിക്കുന്നത്‌? എന്താണു താങ്കളുടെ മനസ്സിലിരിപ്പെന്നു തുറന്നു പറയുമോ?

ഇങ്ങനെ ഓരോ വാക്കുകളുപയോഗിച്ച്‌ ഭീതിയും ആശയക്കുഴപ്പവും പരത്താന്‍ വൃഥാ ശ്രമിച്ചു പരിഹാസ്യരാകുന്നത്‌ നിങ്ങളുടെ ശീലമായിക്കഴിഞ്ഞതു പോലുണ്ട്‌. രഹസ്യ അജണ്ട - ഹിഡണ്‍ അജണ്ട - ഫാസിസ്റ്റ്‌ അജണ്ട! കഷ്ടം! വാക്കുകള്‍ കൊണ്ട്‌ മായാജാലം കാണിച്ച്‌ ആശയക്കുഴപ്പമുണ്ടാക്കുന്നതിലൂടെ യഥാര്‍ത്ഥപ്രശ്നങ്ങളില്‍ നിന്നു രക്ഷപെടുക എന്ന നിങ്ങളുടെ പതിവു തന്ത്രം മാത്രമല്ലേ ഇത്‌?

ബാക്കിയുള്ളവര്‍ക്കൊക്കെ ഇവിടെ യാതൊരു മറയുമില്ലാതെ കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്‌. താങ്കള്‍ക്കൊന്നും ഇനിയും ഒന്നും മനസ്സിലായില്ലെങ്കില്‍ (കഷ്ടം!) വളരെ ചുരുക്കി ഒന്നുകൂടി പറഞ്ഞുതരാന്‍ ശ്രമിക്കാം.

സേതുസമുദ്രം പദ്ധതിയ്ക്കായി ഇപ്പോള്‍ പരിഗണിച്ചിരിക്കുന്ന അലൈന്മെന്റു പ്രകാരം രാമസേതു എന്നറിയപ്പെടുന്ന ചിറയുടെ ഒരു ഭാഗം തകര്‍ക്കേണ്ടതുണ്ട്‌. ഇന്നാട്ടിലെ കോടിക്കണക്കിനു വരുന്ന ഹിന്ദുസമൂഹത്തിന്‌ - അവരില്‍ ബഹുഭൂരിപക്ഷത്തിനും - പലതുകൊണ്ടും വിഷമമുണ്ടാക്കുന്നൊരു കാര്യമാണത്‌.

(അതിനു വിഷമിക്കുന്നതെന്തിന്‌ എന്നൊരു ചിന്ത താങ്കള്‍ക്കുണ്ടാകാം - പക്ഷേ എന്തു ചെയ്യാം - ധാരാളമാളുകള്‍ക്ക്‌ അതു സംരക്ഷിക്കപ്പെട്ടു കാണാനാണ്‌ ആഗ്രഹം. ആ ആഗ്രഹത്തിനു പിന്നില്‍, കേവലം മതവിശ്വാസത്തിനതീതമായ അനവധി വികാരങ്ങള്‍ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടു താനും.)

ആ വികാരങ്ങള്‍ പേറുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ചിറ തകര്‍ക്കാതെ തന്നെ കപ്പല്‍ച്ചാല്‍ നിര്‍മ്മിക്കാവുന്ന മറ്റു സാദ്ധ്യതകളേക്കുറിച്ച്‌ അറിവുണ്ടു താനും. എല്ലാ സാദ്ധ്യതകളും വിശദമായി പരിഗണിക്കപ്പെട്ടില്ലെന്നും സേതു തകര്‍ത്തുകൊണ്ടുള്ള പ്ലാന്‍ ധൃതിയോടും ധാര്‍ഷ്ട്യത്തോടും കൂടെ അംഗീകരിക്കപ്പെടുകയായിരുന്നു എന്നും പരാതികളുണ്ട്‌.

ഈ വികാരങ്ങള്‍ക്കെല്ലാമൊപ്പം, പദ്ധതിയുടെ അപ്രായോഗികതകള്‍ സംബന്ധിച്ച അനേകം നിരീക്ഷണങ്ങള്‍ കൂടി ചേര്‍ന്നു വന്നു. അതെല്ലാം സ്വാഭാവികമായും പദ്ധതിക്കെതിരായ ജനകീയപ്രതിരോധങ്ങള്‍ക്കു തുടക്കം കുറിച്ചു.

ഇവിടെ, പ്രതിഷേധിച്ചവരുടെ ആവശ്യങ്ങളെന്തൊക്കെയാണെന്നു വളരെ വ്യക്തമായിരുന്നില്ലേ? അവരതു തുടര്‍ച്ചയായി വ്യക്തമാക്കിയിരുന്നില്ലേ? ഇവിടെ എന്താണു സുഹൃത്തേ മറ? ദയവായി ഒന്നു വ്യക്തമാക്കുമോ? നിങ്ങളെന്തിനെയാണു ഭയക്കുന്നത്‌? നിങ്ങളാരെയാണു ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്‌?

ഇവിടെ ചില സംഘപരിവാര്‍ സംഘടനകള്‍ ഇടപെടുന്നതു കണ്ടപ്പോളല്ലേ ശ്രീരാമകൃഷ്ണന്‍ - താങ്കളുടെ കൂട്ടരും അമിതാവേശത്തോടെ ഓടിയെത്തിയത്‌? അതുവരെ നിങ്ങളെവിടെയായിരുന്നു? വിശ്വഹിന്ദു പരിഷത്‌ ഒക്കെ സ്വാഭാവികമായും ഇതില്‍ ഇടപെട്ടു - ചില സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. അതിലൊക്കെ എന്താണ്‌ അത്ഭുതമുള്ളത്‌? അവര്‍ ഇടപെട്ടില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടത്‌? അപ്പോളല്ലേ 'അതെന്തു പറ്റി' എന്നാലോചിച്ച്‌ ഒരു 'മറ'യേപ്പറ്റിയൊക്കെ സംശയിക്കേണ്ടത്‌? ഇപ്പോളത്തെ സാഹചര്യത്തില്‍ നിങ്ങളീപ്പറയുന്ന മറയാക്കലും വെട്ടിമുറിക്കലും ഒക്കെ എവിടെയാണ്‌?

സേതു തകര്‍ത്താലല്ലേ സാമുദായികമായി 'മുറി'യുന്നത്‌? അപ്പോളല്ലേ ജനങ്ങള്‍ക്കു തോന്നുക - തങ്ങളുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വികാരങ്ങള്‍ക്കു വിലകല്‍പിക്കപ്പെട്ടില്ല എന്ന്‌? നേരെ മറിച്ച്‌ അതു തകര്‍ക്കാതിരുന്നാല്‍ ആരുടെ എന്തു വികാരമാണ്‌ വ്രണപ്പെടുക? എങ്ങിനെയാണ്‌ സാമുദായികമായ ഒരു 'മുറി'വുണ്ടാകുക? അപ്രായോഗികമെന്ന്‌ പലവശങ്ങളില്‍ നിന്നും മുന്നറിയിപ്പു ലഭിച്ചിട്ടുള്ള ഒരു പദ്ധതി പുന:പരിഗണിക്കപ്പെടുന്നതോടെ സമുദായഭേദമെന്യേ ഈ രാജ്യത്തെ ജനതയ്ക്കു മുഴുവനല്ലേ പ്രയോജനമുണ്ടാവുക?

ഇവിടെ ഹിന്ദുക്കളോ ഹിന്ദുസംഘടനകളോ ഒന്നും ഒരു പ്രശ്നവും "സൃഷ്ടി"ച്ചിട്ടില്ല. അവരെ അനാവശ്യമായി പ്രശ്നങ്ങളിലേക്കു തള്ളിയിട്ടതും അവരുടെ വികാരങ്ങളെ പരമാവധി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും നിങ്ങളാണ്‌. തുടര്‍ന്ന്‌ ആരെങ്കിലും പ്രതിഷേധിച്ചാല്‍ 'ദാ ഫാസിസ്റ്റുകള്‍(!) ശബ്ദശല്യമുണ്ടാക്കുന്നു. രാജ്യത്തെ സാമുദായികമായി വിഭജിക്കാനുള്ള(!!) രഹസ്യ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു' എന്നൊക്കെപ്പറഞ്ഞ്‌ അടുത്ത ആരോപണം ഇറക്കാം അല്ലേ ശ്രീരാമകൃഷ്ണാ? വാദിയെ പ്രതിയാക്കുന്ന ക്രൂരമായ പരിപാടികളാണിതൊക്കെ എന്നതില്‍ സംശയമുണ്ടോ? സാമുദായികമായി വിഭജിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്രേ! കഷ്ടം! നിങ്ങളൊക്കെത്തന്നെ തുടങ്ങിവച്ച മതപീഠനം ആദ്യം അവസാനിപ്പിച്ചാല്‍ പ്രതിഷേധങ്ങളും "വിഭജനശ്രമ"ങ്ങളും താനേ ഇല്ലാതാവില്ലേ? അപ്പോളെങ്കിലും നിങ്ങള്‍ മനസ്സിലാക്കുമോ ആരാണു യഥാര്‍ത്ഥത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നതെന്ന്‌?

നിങ്ങള്‍ക്കീ വാസ്തവങ്ങളൊന്നും അറിയാഞ്ഞിട്ടല്ല എന്നതാണു സത്യം. ഇതെല്ലാം മനപ്പുര്‍വ്വം മറച്ചുവച്ചുകൊണ്ട്‌ മേല്‍ത്തരം വര്‍ഗ്ഗീയപരാമര്‍ശങ്ങളിലൂടെ നേട്ടമുണ്ടാക്കാനല്ലേ സത്യത്തില്‍ നിങ്ങള്‍ ശ്രമിക്കുന്നത്‌? നിങ്ങളല്ലേ ഇവിടെ വര്‍ഗ്ഗീയത വലിച്ചിഴച്ചുകൊണ്ടു വരുന്നത്‌? ഇതൊക്കെ ചോദ്യം ചെയ്യാന്‍ ആരും മുന്നോട്ടു വരികയില്ല എന്ന അബദ്ധധാരണ അവസാനിപ്പിച്ചേക്കൂ.

രണ്ട്‌

'രാജ്യത്തെ വെട്ടി മുറിക്കാന്‍ ശ്രമിക്കുന്നു' എന്നതുകൊണ്ട്‌ താങ്കളര്‍ത്ഥമാക്കുന്നതെന്താണ്‌? തങ്ങളുടെ "നിയന്ത്രണത്തിലുള്ള" സ്ഥലങ്ങള്‍ എന്നും അല്ലാത്തവ എന്നും സ്ഥലങ്ങളെ വേറിട്ടു കാണുന്ന അധമപ്രവൃത്തി ചെയ്യുന്ന ഒരേയൊരു സമൂഹം ഭാരതത്തില്‍ സി.പി.എം. മാത്രമല്ലേ? 'പാര്‍ട്ടിഗ്രാമങ്ങള്‍' എന്ന പ്രയോഗം തന്നെ നിങ്ങളുടെ സംഭാവനയല്ലേ? 'പിടിച്ചെടുത്ത' അത്തരം സ്ഥലങ്ങളില്‍ കൊടികള്‍ സ്ഥാപിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ദാ പത്രത്താളുകളില്‍ നിറയുന്നതു കാണുന്നില്ലേ? ബംഗാളില്‍ ഇതെന്താണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌ - ആഭ്യന്തരയുദ്ധമോ? അതോ ഏതെങ്കിലും ശതൃരാജ്യത്തിന്റെ ആക്രമണമോ? രാജ്യത്തെ വെട്ടിമുറിക്കുന്നത്രെ! നിങ്ങളുടെ മനസ്സിലുള്ള ദുഷ്‌‌ചിന്തകള്‍ തന്നെയാണു സുഹൃത്തേ ഇത്തരം ദുരാരോപണങ്ങളിലൂടെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ദയവായി ഈ രാജ്യത്തെ മുറിക്കുന്ന പരിപാടികള്‍ അവസാനിപ്പിക്കുക.

പണ്ട്‌ കുറേ അധികാരമോഹികളും മതഭ്രാന്തന്മാരും ചേര്‍ന്ന്‌ ഈ രാജ്യം വെട്ടി മുറിച്ചപ്പോള്‍ അരുതേയെന്നു വിലപിച്ചവരുണ്ടിവിടെ. അതു തടയാന്‍ കഴിയാതിരുന്നതിന്റെ കദനഭാരവും പേറി കഴിയുന്നവരുണ്ടിവിടെ. നമ്മെ ഒരു രാഷ്ട്രമാക്കി നിലനിര്‍ത്തുന്ന പൊതുഘടകങ്ങളെ പരമാവധി ഉജ്വലിപ്പിച്ച്‌, വിഘടനവാദങ്ങളെ പരമാവധി ചെറുത്ത്‌, ദേശീയോദ്ഗ്രഥനത്തിന്റെ മഹത്സന്ദേശം പ്രചരിപ്പിക്കുന്നവരുണ്ടിവിടെ. പലപ്പോഴും അവരേക്കുറിച്ചൊക്കെ ആക്രോശിക്കുമ്പോഴാണ്‌ ഈ വെട്ടിമുറിക്കല്‍ എന്ന പദം നിങ്ങളുപയോഗിക്കുന്നത്‌. എത്രമാത്രം പരിഹാസ്യമായൊരു അവസ്ഥയാണത്‌!

നേരേ മറിച്ച്‌ നിങ്ങളുടെ കാര്യമെടുത്താലോ - തങ്ങളുടെ ആശയപ്രചാരണം സാദ്ധ്യമാകുകയും അധികാരം ലഭ്യമാകുകയും ചെയ്യുമെന്നാണെങ്കില്‍, ഈ രാജ്യത്തെ ആയിരം തുണ്ടമാക്കാനും മടിയില്ലാത്തവര്‍! ഭാരതീയരുടെ നെഞ്ചിലേക്ക്‌ ചൈനീസ്‌ പട ഇരച്ചു കയറിയപ്പോള്‍, പ്രത്യയശാസ്ത്രാഭിമുഖ്യത്തിന്റെ ബീഭത്സമുഖം പേറിക്കൊണ്ട്‌ ആ പടയാളികള്‍ക്കു ജയ്‌ വിളിച്ചവരല്ലേ നിങ്ങള്‍? നമ്മുടെ പടയാളികള്‍ക്കു (അങ്ങനെ പറയാമല്ലോ അല്ലേ?) ഭക്ഷണവും മരുന്നുമൊക്കെ എത്തുന്നതു തടയാനായി ബംഗാള്‍ അതിര്‍ത്തിയില്‍ പണിമുടക്കു പ്രഖ്യാപിച്ചതിന്റെ പാപം കഴുകിക്കളയാനായി ഏതെങ്കിലും പുണ്യനദിയില്‍ പതിനായിരം തവണ മുങ്ങി നിവര്‍ന്നു വരിക നിങ്ങളാദ്യം. ഈയിടെയും ചൈനീസ്‌ പ്രേമം പരസ്യമായി വെളിപ്പെടുത്തിയ ദേശീയനേതാവിനോടും കൂടെ മുങ്ങാന്‍ പറയുക. വെട്ടിമുറിക്കലിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അതിനുശേഷമാവാം.

മൂന്ന്

ഈയൊരു വിഷയത്തിലെ ഏറ്റവും വലിയ തമാശ ഗൗരവരൂപേണ വിളിച്ചു പറഞ്ഞതും താങ്കള്‍ തന്നെയാണ്‌. "രാമസേതു വിവാദം കോണ്‍ഗ്രസും ബി.ജെ.പി.യും ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയാണ"ത്രേ!!! "ആണവക്കരാറില്‍ നിന്നു ശ്രദ്ധ തിരിക്കാനാ"ണത്രേ ഇത്‌!

ദാ കിടക്കുന്നു - കഷ്ടം!

(ദൈവമേ - എന്തിനും ഒരു പരിധിയില്ലെന്നുണ്ടോ? ഒരു പ്രസ്ഥാനത്തിന്റെയും മറ്റും അമരത്തിരിക്കുന്നവര്‍ ഇത്ര ബുദ്ധിശൂന്യമായ പരാമര്‍ശങ്ങള്‍ നടത്തും എന്നത്‌ ഇപ്പോഴും അവിശ്വസനീയമായിത്തോന്നുകയാണ്‌)

ആണവക്കരാര്‍ സംബന്ധിച്ച ഇടതുപക്ഷത്തിന്റെ മുറവിളി ജനങ്ങള്‍ മൈന്‍ഡു ചെയ്തില്ലെന്ന ഒരു നിരാശയില്‍ നിന്നുയര്‍ന്നു വന്ന ഒരു വാചകമാണത്‌ എന്നു വ്യക്തം. "ഞങ്ങളും ഇവിടുണ്ടേ - ഞങ്ങള്‍ക്കും ശ്രദ്ധ കിട്ടണം" എന്നു വിളിച്ചു പറഞ്ഞതു പോലെ.

നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ട്‌ എത്രമാത്രം ഉത്തരം നഷ്ടപ്പെട്ടാലും ശരി - ഇത്തരം അബദ്ധപ്രസ്താവങ്ങളിലൂടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച്‌ പരിഹാസ്യരാവാന്‍ മടിക്കാത്തവരോട്‌ കൂടുതലെന്തു പറയാനാണ്‌?

3 comments:

കാണാപ്പുറം said...

രാമസേതു സംബന്ധിച്ച ഏഴു തുടര്‍പോസ്റ്റുകളില്‍ അഞ്ചാമത്തേതാണ്‌ ഇത്‌. ഡി.വൈ.എഫ്‌.ഐ. നേതാവിനുള്ള മറുപടി.

കുതിരവട്ടന്‍ :: kuthiravattan said...

ഞാന്‍ ഗൂഗിള്‍ എര്‍ത്തില്‍ നോക്കുകയായിരുന്നു. 9 മണിക്കൂര്‍ ലാഭിക്കാം എന്നൊക്കെ പലരും പറഞ്ഞു കണ്ടു. എവിടെ നിന്ന് എവിടേക്കു പോകാനാണ് ഈ ലാഭം എന്നു മനസ്സിലായില്ല. ചെന്നൈയില്‍ നിന്നും തൂത്തുക്കുടിക്കു പോകാനാണെങ്കില്‍ ശരിയാണ്. സേലം ആയാലും തൂത്തുക്കുടിയായാലും മുല്ലപ്പെരിയാറായാലും എന്തെങ്കിലും കുത്തിത്തിരിപ്പുണ്ടാക്കി കാര്യങ്ങള്‍ നേടിയെടുക്കാന്‍ തമിഴന്മാര്‍ മിടുക്കന്മാരാണ്. ഒന്നുമറിയാതെ അയാള്‍ക്കും ജയ് വിളിക്കാന്‍ കുറെ പോങ്ങന്മാര്‍ കേരളത്തിലും ഉണ്ട്. അടുത്തത് അയാള്‍ പറയാന്‍ പോകുന്നത് തമിഴ്നാട് ഒരു രാജ്യമായി പ്രഖ്യാപിക്കണമെന്നായിരിക്കും. ഹിന്ദിക്ക് പണ്ടു മുതലേ അയിത്തമാണല്ലോ. ചൈനീസ് സെക്കണ്ട് ലാംഗ്വേജ് ആക്കിയാല്‍ ജയ് വിളിക്കാന്‍ കേരളത്തില്‍ നിന്നും കല്‍ക്കട്ടേന്നും വരെ ആളെക്കിട്ടും.

കാണാപ്പുറം said...

കുതിരവട്ടന്‍,
സേതുസമുദ്രം കപ്പല്‍ച്ചാല്‍ ഉപയോഗിച്ചുള്ള യാത്രയുടെ ലാഭനഷ്ടങ്ങളേക്കുറിച്ച്‌ പലയിടങ്ങളില്‍ വായിച്ചിരുന്നു. എണ്ണിപ്പെറുക്കി കണക്കു പറഞ്ഞിരിക്കുന്നതായിക്കണ്ട ഒരിടം ഓര്‍ത്തു വച്ചത്‌ ഇതാ.

സമയലാഭ/നഷ്ടക്കണക്കുകള്‍ ഇവിടെ
ധനലാഭ/നഷ്ടക്കണക്കുകള്‍ ഇവിടെ