Thursday, November 08, 2007

രാമസേതു - 4 - കരുണാനിധിക്കുള്ള മറുപടി

രാമസേതു സംബന്ധിച്ച അഞ്ചു തുടര്‍പോസ്റ്റുകളില്‍ നാലാമത്തേതാണ്‌ ഇത്‌.
ഇതിനു മുമ്പുള്ള ഭാഗങ്ങള്‍ ഇവിടെ:-
1 - 'ചിത്രകാര'നുള്ള മറുപടി.
2 - സോണിയാഗാന്ധിക്കുള്ള മറുപടി.
3 - പ്രകാശ്‌ കാരാട്ടിനുള്ള മറുപടി.

ഈ പോസ്റ്റിലെ തന്നെ വ്യത്യസ്തഭാഗങ്ങളുടെ പട്ടിക ചുവടെ.
വൈകിയെത്തിയ വീണ്ടുവിചാരം
മനപ്പൂര്‍വ്വമുള്ള പ്രകോപനം?
ആശ്ചര്യം അറിവില്ലായ്മയില്‍ നിന്ന്‌
അണികള്‍ ‘പണി‘തരുമ്പോള്‍
‍അതിരുകടക്കുന്ന പ്രാദേശിക/വിഘടനവാദങ്ങള്‍
‘ഇഷ്ട‘വ്യക്തികളോ ‘വിശിഷ്ട‘വ്യക്തികളോ?
ചിന്നചിന്ന ആശൈ
മാനക്കേടും മെനക്കേടും

----------------------------------------
വൈകിയെത്തിയ വീണ്ടുവിചാരം

ശ്രീ കരുണാനിധീ,
ശ്രീരാമനെ സംബന്ധിച്ച താങ്കളുടെ പരാമര്‍ശങ്ങള്‍ക്ക്‌ നേരിട്ടു മറുപടി പറയുന്നതില്‍ നിന്ന്‌ ഞാന്‍ വിട്ടു നില്‍ക്കാനാഗ്രഹിക്കുന്നു. 'ശ്രീരാമസ്വാമി'യെന്ന്‌ "ഗ്യാപ്‌" ഇല്ലാതെ അടുപ്പിച്ചു പറഞ്ഞ്‌ ചീത്തവിളിച്ചാല്‍ എനിക്കും, 'ശ്രീ.--രാമസ്വാമി'(നായ്ക്കര്‍) എന്ന്‌ ഗ്യാപ്‌ ഇട്ടു പറഞ്ഞാല്‍ താങ്കള്‍ക്കും അതു വിഷമമുണ്ടാക്കും. മറ്റുള്ളവരുടെ നേരെ ഭര്‍ത്സനമെറിഞ്ഞുകൊണ്ടുള്ള സംസാരം - താങ്കളേപ്പോലെ രാഷ്ട്രീയപ്രവര്‍ത്തനപാരമ്പര്യമില്ലാത്തതിനാലാവാം - എനിക്കല്‍പം ബുദ്ധിമുട്ടു തന്നെയാണ്‌.

എന്നാല്‍, കഴിഞ്ഞയിടെ താങ്കളെന്താണു പത്രക്കാരോടു പറഞ്ഞത്‌? സേതുസമുദ്രം പദ്ധതിയുടെ പ്ലാന്‍ പുനപ്പരിശോധിക്കുന്നതില്‍ വിരോധമില്ലെന്ന്‌. കോടതിയില്‍ താങ്കളുടെ സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞതും അതു തന്നെ. രാമസേതു തകര്‍ത്തു തരിപ്പണമാക്കിയേ അടങ്ങൂ എന്ന കടുംപിടുത്തത്തില്‍ നിന്ന്‌ ബഹുദൂരം പിന്നാക്കം പോകുന്ന പ്രഖ്യാപനമായി അത്‌. നല്ല കാര്യം. എന്നാലും പറയട്ടെ. ഈയൊരു വീണ്ടു വിചാരം നേരത്തെ ഉണ്ടായിരുന്നെങ്കില്‍ നമുക്ക്‌ എന്തെല്ലാം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു? എത്രയോ പേരുടെ സമയം നഷ്ടപ്പെട്ടത്‌ ഒഴിവാക്കാമായിരുന്നു? എത്രയോ പേരുടെ ഹൃദയങ്ങള്‍ മുറിപ്പെട്ടത്‌ ഒഴിവാക്കാമായിരുന്നു?

ഇല്ല - കരുണാനിധീ.. താങ്കള്‍ക്കു നഷ്ടമില്ല - ലാഭമേ ഉണ്ടായിട്ടുള്ളൂ. മുന്നണി ബന്ധങ്ങള്‍ ഒന്നു കൂടി ഉറച്ചു കിട്ടി. ഹിന്ദുക്കളുടെ വികാരങ്ങളോട്‌ അനുഭാവപൂര്‍വ്വം പ്രതികരിക്കുന്നതിന്റെ പേരില്‍ പതിറ്റാണ്ടുകളായി ഭര്‍ത്സനം മാത്രം ഏറ്റുവാങ്ങിയിട്ടുള്ള പ്രസ്ഥാനങ്ങളുടെ മേല്‍ കുറേ ആരോപണങ്ങള്‍ കൂടി ചാര്‍ത്താന്‍ അവസരവും ലഭിച്ചു. ഹിന്ദുവികാരങ്ങള്‍ക്കു നേരെ ആക്രോശത്തോടെ കുതിച്ചുചാടി വിനോദിക്കാനുള്ള അവസരം സ്വന്തം കക്ഷിക്കും സഖ്യകക്ഷികള്‍ക്കും ഉണ്ടാക്കിക്കൊടുക്കാനും സാധിച്ചു. അനാവശ്യമായി ഹിന്ദുക്കള്‍ പ്രശ്നങ്ങളിലേക്കു വലിച്ചിഴക്കപ്പെട്ട മറ്റെല്ലാ സംഭവങ്ങളിലേയും പോലെ ഇവിടെയും അന്തിമനഷ്ടം അവര്‍ക്കു മാത്രമാണ്‌.

മനപ്പൂര്‍വ്വമുള്ള പ്രകോപനം?

രാമനേക്കുറിച്ചുള്ള താങ്കളുടെ പ്രസ്താവനകള്‍ക്കു പിന്നില്‍ മനപ്പൂര്‍വ്വമുള്ള പ്രകോപനമായിരുന്നോ ലക്ഷ്യം എന്നു സംശയിക്കേണ്ടി വരും. ജീവിച്ചിരുന്നില്ല എന്നു താങ്കള്‍ തന്നെ പറഞ്ഞയാളെയാണ്‌ നിങ്ങള്‍ 'കുടികാരന്‍ (മദ്യപാനി)' എന്നു വിളിച്ചതും. (ഇല്ലാത്ത രാമന്‍ എങ്ങനെ കുടികാരനാകും!!) ഇപ്പോള്‍ ദാ പറയുന്നു 'മഹാനായ ഒരു മനുഷ്യരാജാവ്‌ എന്ന നിലയില്‍ രാമനെ അംഗീകരിക്കുന്നു. പക്ഷേ ദൈവസങ്കല്‍പം അംഗീകരിക്കുന്നില്ല‘ എന്നമട്ടില്‍‌! വൈരുദ്ധ്യങ്ങളുടെ ഈ വേലിയേറ്റമാണ്‌ വാക്കുകളുടെ ഉദ്ദേശശുദ്ധിയേക്കുറിച്ചു സംശയം ജനിപ്പിക്കുന്നത്‌.

പദ്ധതിക്കനുകൂലമായി ജനവികാരമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍, അതു പാളി എന്നു തന്നെ വേണം പറയാന്‍. അന്ധമായ ബി.ജെ.പി. വിരുദ്ധതയുടെ മാത്രം പേരില്‍ പദ്ധതിയെ അനുകൂലിച്ച്‌ ആദ്യകാലങ്ങളില്‍ രംഗത്തു വന്ന പലരും പല യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കിത്തുടങ്ങിയതോടെ പതുക്കെ ശബ്ദം താഴ്ത്തി., പദ്ധതിക്കെതിരെ വലിയ ജനവികാരം രൂപപ്പെടാന്‍ കൂടി താങ്കളുടെ പരാമര്‍ശങ്ങള്‍ കാരണമാകുകയും ചെയ്തു.

എന്നാല്‍, ഇടതുകക്ഷികളെയും കോണ്‍ഗ്രസിനെയുമെല്ലാം ഇക്കാര്യത്തില്‍ തങ്ങള്‍ക്കു പിന്നില്‍ അണിനിരത്താനും, ഭാവിയിലും അവര്‍ക്കിനി പദ്ധതിക്ക്‌ എതിരുപറയാനാവാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കാനുമായിരുന്നു ശ്രമമെങ്കില്‍, ആ തന്ത്രം നൂറു ശതമാനം വിജയിച്ചു എന്നു നിസ്സംശയം പറയാം.

(കുറേ മാസങ്ങള്‍ക്കു മുമ്പ്‌, ബംഗാളിലുള്ള ഒരു സ്ഥാപനം തമിഴ്‌നാട്ടിലേക്കു മാറ്റുവാനായി ശ്രമിച്ചപ്പോള്‍, ബംഗാളില്‍ നിന്നുള്ള സി.പി.എം. എം.പി.മാര്‍, ഡി.എം.കെ. മന്ത്രിയേയും തമിഴ്‌നാട്ടില്‍ നിന്നുള്ള ചില എം.പി.മാരേയും പാര്‍ലമെന്റിനുള്ളില്‍ വച്ച്‌ മര്‍ദ്ദിക്കാനൊരുങ്ങിയത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ട പാര്‍ലമെന്റേറിയന്മാര്‍ സങ്കുചിതമായ പ്രാദേശികവാദം വച്ചു പുലര്‍ത്തുന്നതിലെ അപകടങ്ങളേക്കുറിച്ചു ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നതിനു പകരം, സി.പി.എം. എം.പി.മാര്‍ അപമര്യാദയായി പെരുമാറിയതിനേച്ചൊല്ലി ബഹളമുണ്ടാകുക മാത്രമാണ്‌ അന്നു നടന്നത്‌.)

ശ്രീരാമനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും തുടര്‍ പ്രതികരണങ്ങളുമെല്ലാം കേട്ട്‌ ആവേശപൂര്‍വ്വം ചാടിവീണ കമ്മ്യൂണിസ്റ്റുകളെ താങ്കള്‍ തന്ത്രപൂര്‍വ്വം കെണിയിലകപ്പെടുത്തുകയായിരുന്നു എന്നുണ്ടെങ്കില്‍, താങ്കളുടെ രാഷ്ട്രീയനയതന്ത്രജ്ഞതയെ അഭിനന്ദിക്കാതെ തരമില്ല. ഇനിയിപ്പോള്‍ ഇടതുപാര്‍ട്ടികള്‍ക്ക്‌ താങ്കളെ പിന്തുണയ്ക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലല്ലോ. അവസാനം, വിവാദമായ അലൈന്മെന്റ്‌ ഉപേക്ഷിക്കാമെന്നു തീരുമാനമെടുത്ത്‌ ഒരു സമവായത്തിലെത്താന്‍ കഴിഞ്ഞാലും ഒരു പക്ഷേ താങ്കള്‍ക്ക്‌ ലക്ഷ്യം സാധിച്ചു കിട്ടുമായിരിക്കും. അതു തന്നെയായിരിക്കണം ചിലപ്പോള്‍ താങ്കളുടെ ഗൂഢലക്ഷ്യവും.

ഇനിയിപ്പോള്‍, ഇതൊന്നുമല്ല താങ്കളുടെ നീക്കങ്ങള്‍ക്കു പിന്നിലെങ്കിലും, ഒരു കാര്യത്തില്‍ താങ്കള്‍ (രഹസ്യമായ) അഭിനന്ദനമര്‍ഹിക്കുന്നുണ്ട്‌. ഒരു മുന്നണി സര്‍ക്കാരില്‍ പങ്കാളിയായിരുന്നുകൊണ്ട്‌ നേട്ടമുണ്ടാക്കേണ്ടതെങ്ങനെയെന്നതിന്‌ മാതൃകയാവുന്നതിനാണ്‌ അത്‌ (അതു പക്ഷേ അത്ര നല്ല മാതൃകയല്ല). കേന്ദ്രത്തില്‍ ഒരു മുന്നണി സര്‍ക്കാരായിരിക്കുന്നിടത്തോളം കാലം തമിഴ്‌നാട്ടിലെ എം.പി.മാരുടെ എണ്ണത്തിന്‌ അവിടെ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തേക്കുറിച്ച്‌ നിങ്ങള്‍ക്കു നല്ലവണ്ണം അറിയാം. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും സഖ്യകക്ഷികള്‍ നേരിട്ട പരാജയമാണ്‌ പ്രധാനമായും 2004-ല്‍ എന്‍.ഡി.എ. സര്‍ക്കാരിന്‌ അധികാരത്തില്‍ തുടരാനുള്ള അവസരം നഷ്ടപ്പെടുത്തിയത്‌ എന്ന കാര്യം വ്യക്തമായി അറിയാവുന്നൊരാളാണു താങ്കള്‍. ഉത്തര്‍പ്രദേശിനോളം വരില്ലെങ്കിലും തങ്ങളുടെ വലിപ്പത്തേപ്പറ്റി നിങ്ങള്‍ക്കു നല്ല ബോദ്ധ്യം ഉണ്ട്‌. യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ ഇപ്പോള്‍ പിന്‍വലിക്കും വലിക്കുമെന്ന ദുര്‍ബലഭീഷണി മുഴക്കി നടന്ന (ഇപ്പോളും നടക്കുന്ന) ഇടതുപക്ഷത്തിനെ നാണം കെടുത്തിക്കൊണ്ട്‌ ഒരിക്കല്‍ പിന്തുണ പിന്‍വലിക്കാന്‍ തുനിഞ്ഞ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുത്തവര്‍ കൂടിയാണു നിങ്ങള്‍. ഇപ്പോള്‍ ദാ വീണ്ടും - തമിഴ്‌നാടു സര്‍ക്കാരിനെ പിരിച്ചുവിടാനും മടിക്കരുതെന്നു കോടതി പ്രഖ്യാപിച്ചയുടന്‍ തന്നെ - കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ടു ചെന്നൈയില്‍ വന്ന്‌ തുടര്‍പിന്തുണ ഉറപ്പു നല്‍കുകയല്ലേ ഉണ്ടായത്‌? സ്വന്തം ശക്തി അറിയാവുന്ന - രാഷ്ട്രീയക്കളികള്‍ നന്നായി അറിയാവുന്ന - സീനിയര്‍ നേതാവു തന്നെ തന്നെ താങ്കള്‍.

പക്ഷേ, ഇതൊക്കെയാണെങ്കിലും, നിലവാരം ഒരു പരിധി വിട്ട്‌ താഴാതെ നോക്കണമെന്നു കൂടി പറഞ്ഞുകൊള്ളട്ടെ. മറ്റുള്ളവരുടെ വികാരങ്ങളെ ഭര്‍ത്സിച്ചും ജനങ്ങളുടെ മനസ്സില്‍ മുറിവുകളവശേഷിപ്പിച്ചും പ്രാദേശികവാദമുന്നയിച്ചും രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കുക എന്നതിനെ ഒരു സംസ്ഥാനനേതാവിന്റെ നിലവാരത്തകര്‍ച്ച മാത്രമായല്ല - ഒരു ദേശീയദുരന്തമായിത്തന്നെയാണു കണക്കാക്കേണ്ടത്‌.

ആശ്ചര്യം അറിവില്ലായ്മയില്‍ നിന്ന്‌

രാമന്റെ എഞ്ചിനീയറിംഗ്‌ പാടവത്തേക്കുറിച്ചുള്ള താങ്കളുടെ അത്ഭുതപ്രകടനങ്ങള്‍ തികഞ്ഞ അറിവില്ലായ്മ മാത്രമാണ്‌ വെളിവാക്കിയത്‌. 'നളന്‍' പഠിച്ച എഞ്ചിനീയറിംഗ്‌ കോളേജിനേക്കുറിച്ചു ചോദിച്ചിരുന്നെങ്കില്‍ താങ്കള്‍ക്കിതില്‍ കുറച്ചെങ്കിലും വിവരമുള്ളതായി ജനം കരുതിയേനെ.

സേതുബന്ധനത്തിന്റെ നിശ്ചിതഇടവേളകളില്‍ പണിയുടെ പുരോഗതി വിലയിരുത്തുന്നതും മറ്റും സംബന്ധിച്ച ഭാഗങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഉവ്വെങ്കില്‍, അവര്‍ പഠിച്ച മാനേജ്‌മെന്റ്‌ സ്കൂളിനേക്കുറിച്ചും ഒരു സംശയമെറിയാമായിരുന്നു. ഉത്തരഭാരതം മുതല്‍ തെക്കോട്ടേക്കുള്ള യാത്രയുടെ വിശദാംശങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? മദ്ധ്യഭാരതത്തിലും ആന്ധ്രപ്രദേശത്തുമൊക്കെയായി ഇന്നു നമുക്കറിയാവുന്ന പ്രദേശങ്ങളും നദികളുമൊക്കെ അതേ ക്രമത്തില്‍ കടന്നു കടന്നല്ലേ ഒടുവില്‍ മുനമ്പിലെത്തിച്ചേരുന്നത്‌? കൃത്യമായൊരു ഭൂപടം അന്നേ അവരുടെ കയ്യിലുണ്ടായിരുന്നുവോ? ജി.പി.എസ്‌. സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുമോ? ചില ബ്ലോഗര്‍മാര്‍ പറഞ്ഞതുപോലെ 'നാടോടിക്കഥ' മാത്രമാണെങ്കില്‍, അതുണ്ടാക്കിയവര്‍ ഇക്കണ്ട നാടു മുഴുവന്‍ ഓടി മനസ്സിലാക്കിയവരായിരിക്കുമോ?

വേദേതിഹാസങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ആശ്ചര്യപ്പെടാനും അഭിമാനിക്കാനും വകയുള്ള പലതും കണ്ടെന്നു വരും. അതേക്കുറിച്ചൊക്കെ അത്ഭുതം പ്രകടിപ്പിക്കുന്നതു പോലും ഒരു ഫാസിസ്റ്റ്‌ലക്ഷണമായി ചിത്രീകരിക്കുന്നതാണ്‌ കേരളത്തിലെ ഇന്നത്തെ നാട്ടുനടപ്പ്‌ (ഞങ്ങള്‍ മലയാളികളുടെയൊരു ഗതികേടു നോക്കണം!). അങ്ങനെ നോക്കിയാല്‍ താങ്കളും ഒരു പൊടിക്കു ഫാസിസ്റ്റല്ലേ എന്നു സംശയിക്കേണ്ടി വരും.

അണികള്‍ ‘പണി‘തരുമ്പോള്‍

ഒരു മുന്‍ എം.പി. പറഞ്ഞതു വളച്ചൊടിച്ച്‌ നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ നാടൊട്ടുക്കും ആക്രമണമഴിച്ചു വിട്ടത്‌ ചില്ലറ നാണക്കേടല്ല നിങ്ങള്‍ക്കു വരുത്തി വച്ചത്‌. ഭീഷണി നേരിടേണ്ടി വന്നവര്‍ക്ക്‌ സമ്പൂര്‍ണ്ണസംയമനം പാലിക്കാന്‍ കഴിഞ്ഞതും നന്നായി. ഗതികെട്ട്‌ കേരളശൈലിയില്‍ തിരിച്ചടികള്‍ക്കു മുതിര്‍ന്നിരുന്നെങ്കില്‍ ആഭ്യന്തരവകുപ്പിനും അത്‌ വലിയ ജോലിഭാരവും നാണക്കേടും കൊടുത്തേനെ.

'തലൈവരെ' പറഞ്ഞപ്പോള്‍ അണികള്‍ക്കു നൊന്തു - അല്ലേ? എന്നാല്‍ അതിന്റെ ശതലക്ഷക്കണക്കിന്‌ ഇരട്ടി നോവാണ്‌ മറ്റു പലര്‍ക്കും നിങ്ങളുടെ നാവ്‌ ഉണ്ടാക്കി വച്ചത്‌ എന്നു കൂടി അറിയുക. അതുകേട്ട്‌ മിണ്ടാതിരുന്നവരുടെ മാന്യതയ്ക്കു മുമ്പില്‍ തലകുനിച്ച്‌ നന്ദി പറയുകയായിരുന്നു അണികള്‍ ചെയ്യേണ്ടിയിരുന്നത്‌. "ഒരു കമ്മ്യൂണിസ്റ്റുകാരനെ അവഹേളിക്കുവാനുള്ള ശ്രമമുണ്ടാകുമ്പോള്‍ പ്രതികരിക്കാതിരിക്കണമെങ്കില്‍ കല്‍പ്രതിമയായിരിക്കണം" എന്നാണ്‌ സി.പി.എം.-ന്റെ മലയാളിയായ ഒരു ദേശീയനേതാവ്‌ പറഞ്ഞത്‌. അങ്ങേയറ്റം പ്രകോപനപരമായിരുന്ന താങ്കളുടെ തുടര്‍ച്ചയായ പരാമര്‍ശങ്ങള്‍ പരമാവധി ക്ഷമിച്ച്‌ കല്‍പ്രതിമകളായിരുന്ന കോടിക്കണക്കിനു ജനങ്ങള്‍ക്ക്‌ നിങ്ങളാദ്യം നന്ദി പറയുക.

നിങ്ങള്‍ക്കെതിരെ കോടതി നടത്തിയ പരാമര്‍ശങ്ങളുമതെ - വലിയൊരു നാണക്കേടായി വര്‍ഷങ്ങളോളം കിടക്കും. ജനങ്ങളുടെ മുഴുവന്‍ മനസ്സിലുമുണ്ടായിരുന്ന ചോദ്യമാണ്‌ അന്നു കോടതിയും ചോദിച്ചത്‌. നിങ്ങള്‍ തന്നെയല്ലേ ഭരിക്കുന്നത്‌? സംസ്ഥാനത്തിലും കേന്ദ്രത്തിലും? നിങ്ങളാര്‍ക്കെതിരെയാണ്‌ അന്നു ബന്ദു നടത്തിയത്‌? അണികളുടെ ആവേശം കൂട്ടാനും ശക്തിപ്രകടനത്തിനു വഴിയൊരുക്കാനും മാത്രമായി ഒരു ബന്ദ്‌. അല്ലേ? കഷ്ടം!

ഒരര്‍ത്ഥത്തില്‍, കോടതി ഇടപെട്ടതു നന്നായെന്നു വേണം നിങ്ങളും കരുതാന്‍. അല്ലെങ്കില്‍, ബന്ദിന്റെ മറവില്‍ മറ്റു പാര്‍ട്ടികളില്‍പ്പെടുന്നവരെ തല്ലിയൊതുക്കാന്‍ ചെല്ലുന്ന അണികളുടെ അക്രമവാസന നിങ്ങള്‍ക്കു കൂടുതല്‍ തലവേദനകള്‍ സൃഷ്ടിച്ചേനെ.

വിശ്വാസി-അവിശ്വാസി വാദമുഖങ്ങളേക്കുറിച്ചും ഒന്നു പറയാനുണ്ട്‌. നിങ്ങളൊരു നിരീശ്വരവാദിയായിരിക്കും. അതിനു മറ്റുള്ളവരെന്തു പിഴച്ചു? ഏതെങ്കിലും വിശ്വാസങ്ങളെ പിന്‍പറ്റണമെന്ന്‌ നിങ്ങളെയാരും നിര്‍ബന്ധിക്കാത്ത സ്ഥിതിക്ക്‌ മറ്റുള്ളവരെ നിങ്ങളും വെറുതെ വിടുകയല്ലേ വേണ്ടത്‌?. കമ്മ്യൂണിസ്റ്റുകളെ കൂട്ടുപിടിച്ച്‌ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കാത്തിടത്തോളം കാലം താങ്കള്‍ക്ക്‌ മതേതരവാദിയെന്ന വാക്ക്‌ ഉച്ചരിക്കാന്‍ പോലുമുള്ള അര്‍ഹതയില്ലെന്നാണെന്റെ പക്ഷം.

അതിരുകടക്കുന്ന പ്രാദേശിക/വിഘടനവാദങ്ങള്‍

നിങ്ങളെന്നും കടുത്ത പ്രാദേശികവാദത്തിന്റെ വക്താക്കള്‍ കൂടി ആയിരുന്നു എന്നതും ഇവിടെ പരാമര്‍ശിക്കാതെ വിടുന്നതു ശരിയല്ല . ഒരു കാവേരിയോ മുല്ലപ്പെരിയാറോ സേലം ഡിവിഷനോ ഒന്നും മാത്രമല്ല നിങ്ങള്‍ അതിവൈകാരികതയോടെ പ്രതികരിച്ച വിഷയങ്ങള്‍. ഹിന്ദിവിരുദ്ധപ്രക്ഷോഭമടക്കം അനേകം ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിരന്നു കിടക്കുന്നു. 'തമിഴ്‌നാടിനെ തൊടാന്‍ ഇന്ത്യയെ(!!) സമ്മതിക്കില്ല' എന്നൊരു അപകടകരമായ വീക്ഷണം പോലെ തോന്നുന്നു പലപ്പോഴും. 'റെസ്റ്റ്‌ ഓഫ്‌ ഇന്ത്യയെ' എന്നു പോലുമല്ല!

പേടിയാകുന്നു.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാന്‍ മടികാണിച്ചപ്പോള്‍ നൈസാമിനെതിരെ ബലം പ്രയോഗിക്കേണ്ടിവന്നതായിക്കേട്ടിട്ടുണ്ട്‌. അതുപോലെ വല്ലതും വേണ്ടിവന്നേക്കുമോ? പറയാന്‍ തന്നെ ദു:ഖവും ഭയവുമാകുന്നു.

നിങ്ങള്‍ ദ്രാവിഡരാഷ്ട്രവാദമുന്നയിച്ചു നടന്ന കാലമൊന്നും മറക്കാന്‍ സമയമായിട്ടില്ലാത്തതുകൊണ്ടു കൂടിയാണിതു പറയുന്നത്‌. 1962-ല്‍ ചൈനയില്‍ നിന്നു നാം ആക്രമണം നേരിട്ടതിനു ശേഷമാണ്‌ നിങ്ങള്‍ ആ വാദം പൂര്‍ണ്ണമായും ഉപേക്ഷിച്ചത്‌ എന്നാണു കേട്ടിട്ടുള്ളത്‌. അന്ന്‌ മധുരപലഹാരം വിതരണം ചെയ്യുകയും ഇന്ത്യയിലേക്കു സ്വര്‍ഗ്ഗമെത്താന്‍ പോകുന്നുവെന്ന്‌ വിളിച്ചു പറഞ്ഞ്‌ കമ്മ്യൂണിസ്റ്റു ചൈനയ്ക്കു സിന്ദാബാദ്‌ വിളിക്കുകയുമൊക്കെ ചെയ്തവരുമായി കൂട്ടു ചേര്‍ന്നാണല്ലോ താങ്കള്‍ ഇപ്പോളീ വാദങ്ങളൊക്കെ അവതരിപ്പിക്കുന്നത്‌ എന്നതിലെ തമാശയോര്‍ക്കുമ്പോളാണ്‌ സമ്മര്‍ദ്ദം അയയുന്നത്‌.

സേതുസമുദ്രം പദ്ധതിയെ അനുകൂലിച്ചു സംസാരിക്കുമ്പോള്‍ അത്‌ 'രാജ്യത്തിനു ഗുണകരമാണെ'ന്ന മറ്റുള്ളവരുടെ (കപട?)വാദം ആവര്‍ത്തിക്കുകയല്ല നിങ്ങള്‍ ചെയ്യുന്നത്‌ എന്നതു ശ്രദ്ധേയമാണ്‌. "തമിഴ്‌ മക്കളുടെ വര്‍ഷങ്ങളായുള്ള ആശയാണ്‌" എന്നാണു നിങ്ങള്‍ പറഞ്ഞുകൊണ്ടു നടക്കുന്നത്‌. ആ പ്രസ്താവനയിലെ അപകടമെത്രയെന്ന്‌ നിങ്ങള്‍ക്കോ നിങ്ങളെ പിന്താങ്ങുന്നവര്‍ക്കോ മനസ്സിലാവണമെന്നില്ല. കാരണം, ദേശമെന്ത്‌ - ദേശീയതയെന്ത്‌ - ഈ രാഷ്ട്രത്തെ ഒന്നിച്ചു നിര്‍ത്തുന്ന പൊതുവായ ഘടകങ്ങളെന്തൊക്കെയാണ്‌ എന്നൊന്നും യാതൊരു ധാരണയുമില്ലാത്തവരും തങ്ങള്‍ക്കധികാരം ലഭിക്കുമെന്നാണെങ്കില്‍ രാജ്യം ഛിന്നഭിന്നമായാലും തരക്കേടില്ല എന്നു കരുതുന്നവരുമാണ്‌ എല്ലാവരും.

ഇപ്പോള്‍ ദാ എല്‍.ടി.ടി.ഇ. നേതാവ്‌ തമിഴ്‌‌ശെല്‍വന്‍ കൊല്ലപ്പെട്ടപ്പോള്‍ താങ്കളുടെ വകയായി വികാരഭരിതമായ ഒരു കവിതയും! ഇതൊക്കെ നമ്മുടെ രാജ്യാന്തരബന്ധങ്ങളെപ്പോലും ബാധിക്കുന്ന - ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന - പ്രവൃത്തികളാണെന്നതു നിങ്ങള്‍ക്കറിയാഞ്ഞിട്ടാണോ? രാജീവ്ഗാന്ധിയേപ്പോലൊരു ദേശീയനേതാവിനെ മായ്ച്ചുകളഞ്ഞ പെരുമ്പുതൂര്‍ ചെന്നൈയില്‍ നിന്ന്‌ അധികം ദൂരെയല്ല എന്നതു നിങ്ങള്‍ മറന്നുവോ? നിങ്ങളിത്‌ എന്തിനുള്ള പുറപ്പാടാണ്‌? കരുണാനിധീ - തുറന്നു പറയട്ടെ - സോണിയാ ഗാന്ധിയോടോ കാരാട്ടിനോടോ ഒക്കെ സംസാരിക്കുന്നതു പോലെയല്ല - താങ്കളോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഉള്ളിലെവിടെയോ ഒരു ഭയം ഉറഞ്ഞുകൂടുന്നതു പോലെ തോന്നുകയാണ്‌. ഒപ്പം അതിരറ്റ ദു:ഖവും. ഒന്നോര്‍ത്താല്‍ - പാക്കിസ്ഥാനെന്നും "ബാക്കി"സ്ഥാനെനും രണ്ടായി വിഭജിക്കണമെന്നാവശ്യപ്പെട്ടവരെ കടത്തിവെട്ടിക്കൊണ്ട്‌ - അങ്ങനെയല്ല - നാലായിട്ടാണ്‌ വിഭജിക്കേണ്ടത്‌ എന്നു വാദിച്ചവരുടെ ഇന്നത്തെ പ്രതിനിധിയോടു സംസാരിക്കുമ്പോള്‍ ഭയം തോന്നുന്നതില്‍ എന്തത്ഭുതമാണുള്ളത്‌?

‘ഇഷ്ട‘വ്യക്തികളോ ‘വിശിഷ്ട‘വ്യക്തികളോ?

പദ്ധതിസംബന്ധിച്ച്‌ പൊതുജനങ്ങളുടെ നിരീക്ഷണങ്ങള്‍ അറിയാനും മറ്റുമായി 'വിശിഷ്ടവ്യക്തികളുടെ' ഒരു സമിതി ഈയിടെ രൂപവല്‍ക്കരിച്ചിരുന്നല്ലോ. പരാതികളും നിര്‍ദ്ദേശങ്ങളുമൊക്കെ അറിയിക്കാനുള്ള സമയപരിധി അവസാനിച്ച സ്ഥിതിക്ക്‌ സമിതിയുടെ അന്തിമനിരീക്ഷണം എന്തായിരിക്കുമെന്നറിയാന്‍ ആകാംക്ഷയുണ്ട്‌. സമിതിയെ സമീപിച്ചവര്‍ പലരും തങ്ങളുടെ നിരീക്ഷണങ്ങള്‍ പൊതു ജനസമക്ഷം കൂടി വച്ചിരുന്നു എന്നതുകൊണ്ട്‌ സമിതി അവ മൊത്തം തള്ളിക്കളഞ്ഞ്‌ അപഹാസ്യരാവില്ല എന്നു കരുതുന്നു.

എന്നാലും, വലിയ അത്ഭുതമൊന്നും അവരില്‍ നിന്ന്‌ ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണു വാസ്തവം. സമിതിരൂപവല്‍ക്കരണമെന്നത്‌ ജനങ്ങളുടെയും കോടതിയുടെയും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നറിയാന്‍ സമിതിയംഗങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ മാത്രം മതി.

ഒന്നൊഴിയാതെ എല്ലാ അംഗങ്ങളും ഈ പദ്ധതി ഇന്നത്തെ നിലയില്‍ത്തന്നെ നടപ്പാക്കണമെന്ന മുന്‍‌വിധിയോടെ മാത്രമേ പ്രവര്‍ത്തിക്കൂ എന്നു സംശയിക്കാവുന്നവരാണ്. നാലു പേര്‍ മുമ്പേതന്നെ ഷിപ്പിംഗ്‌ മന്ത്രാലയവുമായി ബന്ധമുള്ളവര്‍ - ഒരാള്‍ സംസ്ഥാന ആസൂത്രണകമ്മീഷന്‍ അംഗം - ഒരാള്‍ പദ്ധതിക്കു ക്ലിയറന്‍സ്‌ നല്‍കിയ NEERIയുടെ പ്രതിനിധി - മറ്റൊരാള്‍ ഷിപ്പിംഗ്‌ മന്ത്രാലയത്തിനു കീഴില്‍ത്തന്നെയുള്ള ഇന്ത്യന്‍ പോര്‍ട്ട്‌സ്‌ അസ്സോസിയേഷന്‍ എന്ന സൊസൈറ്റിയുടെ എം.ഡി. ഇതൊക്കെപ്പോരാഞ്ഞ്‌ അക്കൂട്ടത്തില്‍ മൂന്ന്‌ ഇടതുപക്ഷചരിത്രകാരന്മാരുമുണ്ടെന്നു കേള്‍ക്കുന്നു. (അവര്‍ക്കിവിടെയെന്താണു പോലും പ്രസക്തി? - അല്ലെങ്കില്‍ത്തന്നെ അവര്‍ക്കിതിലെന്താവും പറയാനുണ്ടാവുക എന്നത്‌ പകല്‍ പോലെ വ്യക്തമല്ലേ?)

പദ്ധതിപ്രദേശം സന്ദര്‍ശിക്കുകപോലും ചെയ്യാതെ അടച്ചിട്ടമുറിയിലിരുന്നു തീരുമാനമെടുക്കുന്നതെങ്ങനെ എന്ന ചോദ്യം മറക്കാം. എന്നാലും - ഇതില്‍ ഒരു നാവികനെയെങ്കിലും ഉള്‍പ്പെടുത്താമായിരുന്നില്ലേ? പരാതികളുന്നയിച്ചിട്ടുള്ള വിവിധസമൂഹങ്ങളെ പ്രതിനിധീകരിക്കാന്‍ ആരെങ്കിലുമുണ്ടോ?

പരാതിക്കാരുടെ സ്ഥാനം മേശയ്ക്കപ്പുറത്തല്ലേ വരേണ്ടത്‌ എന്ന ന്യായം സമ്മതിക്കുന്നു. പക്ഷേ, ഇത്തരമൊരു സമിതിയില്‍ നിന്ന്‌ ഒരു നിഷ്പക്ഷനിരീക്ഷണമുണ്ടാവുമെന്നു കരുതുന്നതു തികഞ്ഞ മണ്ടത്തരമാവില്ലേ? ഇതിലും ഭേദം ദാ താഴെക്കാണുന്നവരെയെല്ലാം ചേര്‍ത്ത്‌ ഒരു സമിതിയുണ്ടാക്കുന്നതായിരുന്നില്ലേ കരുണാനിധീ?

ഇംഗ്ലീഷിലായിരിക്കണം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്‌ എന്നു തീരുമാനിച്ചത്‌ എന്തടിസ്ഥാനത്തിലാണെന്നു കൂടി പറഞ്ഞു തരുമോ? ഭാഷയുടെ പേരുപറഞ്ഞ്‌ മരിക്കാന്‍ വരെ തയ്യാറുള്ള തമിഴ്‌ മക്കളോട്‌ ഇതു വേണമായിരുന്നോ? അതോ ഇനി തമിഴ്‌നാട്ടുകാര്‍ക്ക്‌ ആര്‍ക്കും പദ്ധതിയോട്‌ എതിര്‍പ്പുണ്ടാവില്ലെന്ന മൂഢവിശ്വാസമാണോ താങ്കളെ നയിക്കുന്നത്‌? അതോ നിര്‍ദ്ദേശങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള തന്ത്രമോ? ഇംഗ്ലീഷ്‌ പോയിട്ട്‌ തമിഴ്‌ തന്നെ എഴുതുവാന്‍ വശമില്ലാത്ത ആയിരക്കണക്കിനു പാവപ്പെട്ട മുക്കുവര്‍ക്കും പരാതികളുണ്ടെന്നു താങ്കള്‍ സമ്മതിക്കുമോ? അവരേപ്പോലുള്ളവരുടെ സങ്കടങ്ങള്‍ ആംഗലേയത്തില്‍ അച്ചടിക്കപ്പെട്ട്‌ ചെന്നൈയിലെ ശീതികരിച്ച മുറിയിലേക്ക്‌ തന്നത്താന്‍ ആനയിക്കപ്പെടുമോ?

ചിന്നചിന്ന ആശൈ


നിങ്ങളുടെ പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ സംബന്ധിച്ച്‌ എന്തൊക്കെ മുരട്ടുന്യായങ്ങള്‍ പറഞ്ഞാലും ശരി - രാമസേതു സംബന്ധിച്ച്‌ നിങ്ങള്‍ ചെയ്തുകൂട്ടുന്ന അക്രമങ്ങള്‍ക്ക്‌ അവയൊന്നും ന്യായീകരണങ്ങളാകുന്നില്ല എന്നതാണു സത്യം - നിങ്ങള്‍ ആര്യനോ ആടുതോമയോ ദ്രാവിഡനോ ഗാംഗുലിയോ ആകട്ടെ - അതിനൊന്നും ഇവിടെ യാതൊരു പ്രസക്തിയുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. ആര്‌ എവിടുന്ന്‌ എങ്ങോട്ടു കുടിയേറിയാലും ശരി ഇല്ലെങ്കിലും ശരി - അത്‌ NASA അംഗീകരിച്ചിട്ടുണ്ടെങ്കിലും ശരി ഇല്ലെങ്കിലും ശരി - രാവണനേയും ആര്യനെന്നു വിളിക്കുന്നുവല്ലോ എന്നതിനു നിങ്ങള്‍ക്കൊരു വിശദീകരണം ഉണ്ടെങ്കിലും ശരി ഇല്ലെങ്കിലും ശരി - നിങ്ങളൊരു ഭാരതീയനാണ്‌. അതിനി 'അല്ല' എന്നു നിങ്ങള്‍ എത്ര വാദിച്ചാലും നടക്കില്ല. നൂറ്റുക്കു നൂറു ശതമാനവും 'ഭാരതീയ'നാണു നിങ്ങള്‍.

ഈ വിശാല ഭാരതഭൂവിനുള്ളില്‍ത്തന്നെയാണ്‌ തമിഴ്‌നാടെന്നു വിളിക്കപ്പെടുന്ന ഭാഗവും കിടക്കുന്നത്‌. ഈ ഭാരതത്തിലെ ജനതയുടെ പൊതുസാംസ്കാരികധാരയായ ഹിന്ദുത്വം തമിഴരും പിന്‍പറ്റുന്നുണ്ട്‌. നല്ല ഒന്നാംതരമായി പിന്‍പറ്റുന്നുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളടക്കം ഹിന്ദുക്കളാണ്‌. ഞാനാവര്‍ത്തിക്കട്ടെ - നിങ്ങളൊരു ഹിന്ദുവാണു കരുണാനിധീ. "ഞാനെന്തുകൊണ്ട്‌ ഹിന്ദുവല്ല" എന്നൊരു പുസ്തകമെഴുതി അതിലെ ഓരോ വരിയിലൂടെയും താനൊരു ഹിന്ദുവാണെന്നു തെളിയിച്ചിരിക്കുന്ന കാഞ്ച ഏലയ്യയേപ്പോലെ ഒരു ഹിന്ദു. ആചാരവൈവിദ്ധ്യങ്ങളുടെ ഒരു അപാരത തന്നെ ഉള്‍ച്ചേര്‍ത്തുവച്ചിരിക്കുന്ന ഹിന്ദുത്വം സിരകളിലോടുന്ന വലിയൊരു ജനസമൂഹത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍, ശ്രീരാമസംബന്ധിയായ വിഷയങ്ങള്‍ പോലുള്ളവയില്‍ നിങ്ങള്‍ക്കു കടുംപിടുത്തം പിടിക്കാന്‍ കഴിഞ്ഞില്ല എന്നു വരും. അതൊരു ശല്യമായി കണക്കാക്കുന്നതിനു പകരം, അതിന്റെ നല്ല വശങ്ങളേക്കുറിച്ചുകൂടി ചിന്തിക്കുന്നതാവും ഉചിതം.

ഭരണപരമായ തലത്തില്‍ ആലോചിച്ചാലുമതെ - ഇതൊരു സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമെന്ന നിലയില്‍ നിങ്ങള്‍ക്കു മുന്നോട്ടു കൊണ്ടു പോകാനാവില്ല. ഭാരതത്തിന്റെ മൊത്തം താല്‍പര്യങ്ങള്‍ പരിഗണിച്ച്‌ - മൊത്തം ജനതയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുമാത്രമേ ഇതു കൈകാര്യം ചെയ്യാനാവൂ.

'പുരോഗമന - ജനാധിപത്യ' മുതലായ ലേബലുകള്‍ സ്വയം ചാര്‍ത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുമായി നിങ്ങള്‍ ചങ്ങാത്തത്തിലാവുമ്പോള്‍, ഒരു ജനാധിപത്യപാഠം കൂടി ഓര്‍ത്തിരിക്കുന്നതു നന്നാവും. കോടിക്കണക്കിനു ഹൈന്ദവരുടെ വികാരങ്ങള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട്‌ ധാര്‍ഷ്ട്യത്തോടെ മുന്നോട്ടു പോവാനാണെങ്കില്‍, ജനാധിപത്യവാദി എന്ന ലേബല്‍ നിങ്ങള്‍ക്കെങ്ങനെ അവകാശപ്പെടാനാവും? പൊതു വികാരം സ്വന്തം താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നുണ്ടെങ്കില്‍, ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ പൊതുവികാരം തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമിക്കുകയല്ലേ ഒരു ജനാധിപത്യവാദി ചെയ്യേണ്ടത്‌? അല്ലാതെ അവരെ ഭര്‍ത്സിച്ചൊതുക്കുകയല്ലല്ലോ.

ശ്രീലങ്കന്‍ തീരം ചുറ്റാതെയുള്ള ഒരു കപ്പല്‍ച്ചാല്‍ എന്നതു മാത്രമാണ്‌ തമിഴ്‌ മക്കളുടെ ആശയെങ്കില്‍ അതു സാദ്ധ്യമാവാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്‌. അതേക്കുറിച്ചെല്ലാം വിശദമായി പഠിക്കുക. നേരേ മറിച്ച്‌ രാമസേതു എത്രയും പെട്ടെന്നു തകര്‍ത്ത്‌ ധൃതിയില്‍ പദ്ധതി നടപ്പാക്കണം എന്നതാണ്‌ ആ ആശ എങ്കില്‍, "എത്തന സുന്ദരമാന - നടക്കാത്ത - ചിന്ന ചിന്ന ആശ" എന്നു കരുതുന്നതാവും നന്ന്‌. ഭീഷണിയല്ല - കേവലം യാഥാര്‍ത്ഥ്യപ്രഖ്യാപനമാണ്‌.

തമിഴ്‌നാട്ടില്‍ മാത്രമല്ല മക്കള്‍ ഉള്ളത്‌. നിങ്ങള്‍ക്കു ചുറ്റും - ഈ ഭാരതത്തിലെമ്പാടും മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ ഉണ്ട്‌ (ജനം എന്ന അര്‍ത്ഥം അറിഞ്ഞുകൊണ്ടുതന്നെയാണു സംസാരിക്കുന്നത്‌. കൊഞ്ചം കൊഞ്ചം തമിഴ്‌ അത്യാവശ്യം ഇവിടെയും പുരിയും.). അവര്‍ക്കെല്ലാം പലവിധ ആശകളും ഉണ്ട്‌. ചില ആശകളൊക്കെ ചിലപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും "കോണ്‍ഫ്ലിക്റ്റിംഗ്‌" ആയിരിക്കും താനും. എല്ലാവരുടെയും എല്ലാവിധ ആശകളും നടപ്പാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഒരു പരസ്പര ധാരണയില്‍ അങ്ങു പോകുക എന്നതേ നടക്കൂ. നാമെല്ലാം ഒരമ്മപെറ്റ 'മക്കള്‍' ആണ്‌ എന്നൊരു ധാരണ വളര്‍ന്നാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ ഇതെല്ലാം. ‘ഇല്ല സമ്മതിക്കില്ല‘ എന്നു പറഞ്ഞ്‌ വിഘടനവാദമുന്നയിക്കുന്നവരെ അനുനയിപ്പിച്ചു കൂടെ നിര്‍ത്താന്‍ താല്‍പര്യവും കഴിവും ദേശീയബോധവുമുള്ള നേതാക്കള്‍ ഉയര്‍ന്നു വരുമെന്നും അവര്‍ക്കു താങ്കളേപ്പോലെയുള്ളവരെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ഞാന്‍ പ്രത്യാശിക്കുകയാണു കരുണാനിധീ.

മാനക്കേടും മെനക്കേടും


കോണ്‍ഗ്രസിനെയും മറ്റു യു.പി.എ. ഘടകകക്ഷികളെയുമൊക്കെപ്പോലും അപകീര്‍ത്തിപ്പെടുത്തുകയും പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്ന മട്ടില്‍ അപക്വമായ പ്രവൃത്തികളുമായി നിങ്ങളിങ്ങനെ മുന്നോട്ടു പോകുന്നതുകാണുമ്പോള്‍ “ഇതെവിടേക്കാണ്‌ “എന്ന്‌ ആരും ചോദിച്ചു പോകും. തമിഴിലെ അറിവാളി (അറിവുള്ളവന്‍) ആകാന്‍ ശ്രമിക്കുന്നതിനു പകരം നിങ്ങള്‍ മലയാളത്തിലെ അരിവാളി (ഹിന്ദുവിരുദ്ധനായ കമ്മ്യൂണിസ്റ്റ്‌) ആകാനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍, അപകടത്തിലേക്കാണു പോക്കെന്ന്‌ ആയിരം വട്ടം ഉറപ്പിച്ചു പറയാം. അതുപോലെ തന്നെ, മുമ്പു പറഞ്ഞ രാഷ്ട്രീയതന്ത്രങ്ങളൊന്നുമല്ല താങ്കളുടെ മനസ്സിലെങ്കില്‍ - ധാര്‍ഷ്ട്യത്തോടെ ഭരിക്കാനുള്ള മനസ്ഥിതി മാത്രമാണ്‌ പുറത്തു വരുന്നത്‌ എങ്കില്‍ - തുറന്നു പറയട്ടെ - തമിഴര്‍ക്കു മാനക്കേടും മറ്റുള്ളവര്‍ക്കു മെനക്കേടും മാത്രമാണ്‌ ഈ വിഷയത്തില്‍ ഇതുവരെ നിങ്ങളുടെ സംഭാവന. പിന്നെ ജനകോടികളുടെ ഹൃദയങ്ങളില്‍ ആഴത്തിലവശേഷിപ്പിച്ച കുറേ മുറിവുകളും. കലാപരിപാടികള്‍ തുടര്‍ന്നുകൊള്ളുക - കലൈഞ്ജരേ. കാലം തരാന്‍ പോകുന്ന തിരിച്ചടികള്‍ക്കായി ഇടയ്ക്കിടെ കാതോര്‍ക്കുന്നതും നന്നാവും.

(തുടരും)

അടുത്തത്‌:-
5 - ഡി.വൈ.എഫ്‌.ഐ. നേതാവിനു മറുപടി

1 comment:

കാണാപ്പുറം said...

രാമസേതു സംബന്ധിച്ച ഏഴു തുടര്‍പോസ്റ്റുകളില്‍ നാലാമത്തേതാണ്‌ ഇത്‌. കരുണാനിധിക്കുള്ള മറുപടി.