
ഇത് ഒരു അമ്മ. ഈ അമ്മയുടെ പേര് അമ്മിണിയമ്മ.
യാദൃച്ഛികമാവാം. നകുലന്‍റെ അമ്മയുടെ പേരും അതു തന്നെ. പക്ഷേ തീര്‍ച്ചയായും അതുകൊണ്ടല്ല - ഈ അമ്മ കരയുന്നതു കണ്ടപ്പോള്‍ നകുലനും സങ്കടം വന്നത്. അവരുടെ ദുര്‍ഗതിയോര്‍ത്തിട്ടു തന്നെയാണ്. സത്യം.
നകുലന്‍ ആരോടും മിണ്ടാതെ സങ്കടപ്പെട്ട് ഇരിക്കുക മാത്രം ചെയ്തേനെ. പക്ഷേ ഈ പടം കണ്ടതിന്‍റെ പിറ്റേ ദിവസം അതാ കേള്‍ക്കുന്നു ഈ അമ്മ മരിച്ചു എന്ന്. ആത്മഹത്യ എന്ന് ഏതു കൊച്ചുകുട്ടിയും പറഞ്ഞുപോകുന്ന മട്ടിലുള്ള ഒരു മരണം. റെയില്‍ പാളത്തില്‍ മരിച്ചു കിടക്കുന്നു. ആത്മഹത്യയാണെങ്കിലും ശരി അല്ലെങ്കിലും ശരി.. മരണസമയത്ത് അവര്‍ ശരിക്കും ദു:ഖിതയായിരുന്നു എന്നു വ്യക്തം. അല്ലെങ്കില്‍ പിന്നെ രണ്ടു ദിവസം മുമ്പ് ഇങ്ങനെ കരയില്ലല്ലോ.
നകുലന്‍റെ ദു:ഖം കൂടിവന്നത് പത്രവാര്‍ത്തകളിലെ പ്ര്യത്യേകശൈലി ശ്രദ്ധിച്ചപ്പോഴാണ്. ഈ അമ്മയ്ക്ക് ചെവി കേള്‍ക്കില്ലായിരുന്നു എന്ന് ഇവരെ അറിയാവുന്ന ആരോ പറഞ്ഞുവത്രെ. എന്തിനാണ് അങ്ങനെ ഒരു വരി ചേര്‍ത്തത് എന്നു വ്യക്തം. സ്വാഭാവികമരണമാണ് എന്നു വാദിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായിക്കോട്ടെ എന്ന നിലപാട്. അല്ലാതെന്താ? തീവണ്ടി വരുന്നത് അവര്‍ കണ്ടിട്ടുണ്ടാവില്ല. ചൂളം വിളി കേട്ടിട്ടുണ്ടാവില്ല. ശരി. അപ്പോള്‍ ഇക്കണ്ട കാലമൊന്നും ഇങ്ങനെയൊരു അപകടം പറ്റാതിരുന്നത് തികച്ചും യാദൃച്ഛികം മാത്രമായിരിക്കണം അല്ലേ? ഭേഷ്!
നകുലന്‍റെ സങ്കടം അതിരു കവിഞ്ഞത് ഇപ്പോഴൊന്നുമല്ല. ഈ വൃദ്ധയുടെ മരണം ആത്മഹത്യയാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അതിനിടയാക്കിയ കാരണങ്ങള്‍ ദു:ഖകരമാണെന്നും സുഹൃദ്‍വേദികളില്‍ പറഞ്ഞപ്പോള്‍ ചിലര്‍ പറയുന്നു നകുലന്‍ വര്‍ഗ്ഗീയവാദിയാണെന്ന്! ആ വൃദ്ധ ഹിന്ദുവായതു കൊണ്ടും അവരെ ആ ചിത്രത്തില്‍ കാണുന്നതുപോലെ വാനില്‍ പിടിച്ചുകയറ്റിയത് ‘ഇമ്മാനുവല്‍ മിഷന്‍‘കാരായതുകൊണ്ടും മാത്രമാണത്രേ നകുലനു സങ്കടം! സഹിക്കാന്‍ പറ്റിയില്ല. താന്‍ വിമര്‍ശിക്കുന്നത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനേക്കൂടിയാണല്ലോ എന്നു സംശയം പ്രകടിപ്പിച്ചപ്പോള്‍ പറയുന്നു ഇതൊക്കെ ഫാസിസ്റ്റ് അജണ്ടക്കാരുടെ തന്ത്രമാണെന്ന്!
പത്രത്താളുകളിലെ അതേ തമസ്കരണസ്വഭാവം തന്നെ സുഹൃത്തുക്കളുടെ നാവിലും ദര്‍ശിച്ചപ്പോള്‍ നകുലനു തോന്നി എഴുതണമെന്ന്. ഹൃദയം തുറന്ന് എഴുതണം. വായിക്കാന്‍ സന്മനസ്സുള്ളവര്‍ വായിക്കട്ടെ. വിശ്വസിക്കുന്നവര്‍ വിശ്വസിക്കുകയും വിയോജിക്കുന്നവര്‍ അങ്ങനെയും ചെയ്യട്ടെ. നമ്മുടെ സങ്കടം എത്ര നാളെന്നു വച്ച് ഇങ്ങനെ ഉള്ളിലൊളിപ്പിക്കും? പറയാന്‍ വേദിയില്ലാത്ത പാവങ്ങള്‍ക്കായി ബൂലോകവേദി കാത്തിരിക്കുന്നുണ്ടല്ലോ.
വാമൂടപ്പെട്ട പാവങ്ങള്‍ക്കായി ഇങ്ങനെയൊരു വേദി ഒരുക്കിത്തന്ന നല്ലവരായ എല്ലാവരുടെയും മുമ്പില്‍ ഒരു നിമിഷം ശിരസ്സു നമിച്ചുകൊണ്ട് നകുലന്‍ തല്‍കാലം വിടവാങ്ങുകയാണ്. വരും. വീണ്ടും വരും. അമ്മിണിയമ്മയുടെ നാവ് ഇനി ചലിക്കില്ല. അതുപോലെ മരണം കാത്തു കഴിയുന്ന മറ്റനവധി അമ്മിണിയമ്മമാരും നാവനക്കാന്‍ പോകുന്നില്ല. അവര്‍ക്കെല്ലാം വേണ്ടി, അവരുടെയെല്ലാം മകനായി നിന്നുകൊണ്ട് നകുലനു സംസാരിക്കേണ്ടതുണ്ട്. എന്തിന് അമ്മ കരഞ്ഞുവെന്നും എന്തിന് ജീവിതം അവസാനിപ്പിച്ചു എന്നും വിളിച്ചുപറയേണ്ടതുണ്ട്. കാണാപ്പുറത്തെ കാഴ്ചകള്‍ പലതും തുറന്നുവയ്ക്കേണ്ടതുണ്ട്. വരും.
കാത്തിരിക്കില്ലേ?