Tuesday, September 05, 2006

ഭാഗം 4 - വിചാരണ

ഇതൊരു തുടര്‍ക്കാഴ്ചയാണ്‌. കാണാപ്പുറത്തെ ഈ കാഴ്ചയിലേക്ക്‌ ആദ്യമായി മിഴി തുറക്കുന്ന സഹൃദയര്‍ ദയവായി ഇതിനു തൊട്ടുമുമ്പുള്ള മൂന്നു പുറങ്ങളിലേക്കു കൂടി ഒന്നു കണ്ണോടിച്ചിട്ടു വരിക.
------------------------------------------------------------------------------------------------
ഇവിടെ ആരാണു തെറ്റുകാര്‍? അല്ല - ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ? അതോ ഇതൊക്കെ യാദൃച്ഛികസംഭവം - ഒറ്റപ്പെട്ട ദുരന്തം - എന്നൊക്കെ പറഞ്ഞ്‌ മറവിയിലേക്കു തള്ളാമോ?

ശ്രീ. ജേക്കബ്‌ നടത്തുന്ന ജീവകാരുണ്യസമിതി ഒരു മതപരിവര്‍ത്തനസംഘമാണെന്നും അഗതികളെ പ്രധാനമായും നോട്ടമിട്ടുകൊണ്ടുള്ള അവരുടെ പ്രവര്‍ത്തനപദ്ധതിയില്‍ ഒന്നുമാത്രമാണ്‌ ഇവിടെ വെളിപ്പെട്ടത്‌ എന്നും ആരോപണമുയര്‍ന്നിരുന്നു. അദ്ദേഹം അത്‌ ഉടന്‍ തന്നെ നിഷേധിക്കുകയും ചെയ്തു.

മുഴുവന്‍ അതേപടി വിശ്വസിക്കേണ്ടതില്ലെങ്കിലും, ശ്രീ. ജേക്കബ്‌ പറയുന്നതിലും വളരെ സത്യമുണ്ടാവാനാണ്‌ സാദ്ധ്യത. കാരണം, ഏറ്റവും 'കര്‍മ്മധീര'നായ ഇവാഞ്ചലിസ്റ്റ്‌ പോലും ചെയ്യാന്‍ മടിക്കുന്നൊരു കാര്യമാണ്‌ അദ്ദേഹം ചെയ്തത്‌. ഗുരുവായൂരമ്പലനടയില്‍ നിന്നു പോലും ആള്‍ക്കാരെ സംഘടിപ്പിക്കുക! അമ്പലത്തിന്റെ ഭാഗത്തു നിന്നും ആരുടെയെങ്കിലും പ്രേരണയോ സഹായവാഗ്ദാനമോ ഇല്ലാതെ അദ്ദേഹം അതിനു തുനിയുമെന്നു കരുതാന്‍ പ്രയാസം. അപ്പോള്‍ അദ്ദേഹം പറഞ്ഞ ഫോണ്‍ വിളിയും കുറഞ്ഞ പക്ഷം 'മറ്റു വൃദ്ധന്മാരെയും കൂടി കൊണ്ടുപോകണമെന്ന്‌ സെക്യൂരിറ്റിക്കാര്‍ ആവശ്യപ്പെട്ടു' എന്നതെങ്കിലും ശരിയാവാനാണു സാദ്ധ്യത.

അങ്ങനെയെങ്കില്‍ അടുത്തതായി നാം ആലോചിക്കേണ്ടത്‌ ദേവസ്വം അധികാരികളുടെ പങ്കിനേക്കുറിച്ചാണ്‌. സമിതി പ്രവര്‍ത്തകരുടെ അവകാശവാദം തെറ്റാണ്‌ എന്നു തന്നെ വയ്ക്കുക. അവരെ ആരും വിളിച്ചിരുന്നുമില്ല - എല്ലാവരേയും പിടിച്ചു കയറ്റാന്‍ സെക്യൂരിറ്റിക്കാര്‍ അവരോട്‌ ആവശ്യപ്പെട്ടുമില്ല എന്നിരിക്കട്ടെ. എന്നാല്‍ പോലും ദേവസ്വം അധികാരികള്‍ തെറ്റുകാരാണ്‌. അമ്പലനടയിലെത്തുന്ന ഓരോ ഭക്തന്റേയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത്‌ അവരുടെ ഉത്തരവാദിത്തം തന്നെയാണ്‌. അവര്‍ക്കതില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കാനാവില്ല.

ഇനിയിപ്പോള്‍ അതല്ല - സമിതിക്കാരുടെ അവകാശവാദം ശരിയാണ്‌ - എന്നുണ്ടെങ്കില്‍, പ്രശ്നം വളരെ ഗൗരവമുള്ളതാണ്‌. ഭജനമിരിക്കാന്‍ വരുന്ന വൃദ്ധരെ ശല്യങ്ങളായാണോ കണക്കാക്കേണ്ടത്‌ എന്ന ചോദ്യമാണ്‌ അപ്പോള്‍ ഉയര്‍ന്നുവരിക. ദേവസ്വം ആശുപത്രിയുടെ ധര്‍മ്മമെന്താണ്‌ - അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെന്താണ്‌ - ഭക്തരുടെ ക്ഷേമത്തിനായി ആശുപത്രിക്ക്‌ എന്തെങ്കിലും ചെയ്യാനാവുമോ - ഭജനം ചെയ്തു കഴിയുന്നവരെ (അനാഥരും സനാഥരുമടക്കം എല്ലാവരെയും) എങ്ങനെ അധിവസിപ്പിക്കും - ദേവസ്വം വരുമാനത്തിന്റെ വളരെ നിസ്സാര പങ്കു കൊണ്ടു തന്നെ ചെയ്യാന്‍ കഴിയുന്ന അത്തരം പദ്ധതികളെന്തെങ്കിലും പരിഗണിക്കാവുന്നതാണോ - അങ്ങനെ നൂറുനൂറു ചോദ്യങ്ങള്‍ പുറകെയും.

നമ്മള്‍ പറഞ്ഞു ചെന്നെത്തുന്നത്‌ അല്‍പം പഴകിയ, എന്നാല്‍ കാതലായ, ഒരു പ്രശ്നത്തിലേക്കാണ്‌. ദേവസ്വത്തിന്റെ വരുമാനം കൊണ്ട്‌ എന്തൊക്കെ ചെയ്യാം അല്ലെങ്കില്‍ ചെയ്യണം? ഭക്തന്മാര്‍ കാണിക്കയായി അര്‍പ്പിക്കുന്ന ആ പണം എങ്ങനെ വിനിയോഗിക്കണം? ഭക്തരുടെ ക്ഷേമം, അമ്പലത്തിന്റെ അഭിവൃദ്ധിയും ദൈനംദിന കാര്യങ്ങളും, ഹൈന്ദവരുടെ മതപരവും സാംസ്ക്കാരികവും സാമൂഹികവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുതകുന്ന കാര്യപരിപാടികള്‍ ഇതിനൊക്കെയല്ലേ ആ പണം വിനിയോഗിക്കേണ്ടത്‌?

'അതെ' എന്നു തന്നെയാണുത്തരം.

'അതെന്താ അങ്ങനെ എടുത്തു ചോദിച്ചത്‌? ഇപ്പോള്‍ പിന്നെ എന്തിനൊക്കെയാ ആ തുക ചിലവിടുന്നത്‌?' എന്നു ചോദിച്ചാല്‍, 'അങ്ങനെ പ്ര്യത്യേകിച്ചൊന്നുമില്ല, നാനാവിധമായ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക്‌' എന്നുത്തരം. ഗുരുവായൂരും ശബരിമലയുമൊക്കെ ഇന്നും സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ പെട്ടതാണ്‌.

'അതെന്താ താങ്കള്‍ക്ക്‌ ഒരു അതൃപ്തി പോലെ? - അമ്പലത്തില്‍ നിന്നുള്ള 'അധിക'വരുമാനം മറ്റു സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും ഉപയോഗിച്ചുകൂടേ ' എന്നുചോദിച്ചാല്‍, 'മേല്‍പറഞ്ഞ കാര്യങ്ങള്‍ ഉറപ്പുവരുത്തിയതിനു ശേഷമുള്ള ബാക്കി തുക എന്നു തന്നെയല്ലേ അധികവരുമാനം എന്നതു കൊണ്ട്‌ ഉദ്ദേശിച്ചത്‌ ? ' എന്ന മറുചോദ്യമാണുത്തരം.

വെറുതെ ആദ്യത്തെ ഇനം മാത്രം ഒന്നെടുത്തു പരിശോധിച്ചു നോക്കാം - ഭക്തരുടെ ക്ഷേമം - അത്‌ ഇപ്പോള്‍ ഉറപ്പു വരുത്തപ്പെടുന്നുണ്ടോ?

അവസാനകാലത്ത് അമ്പലത്തില്‍ തൊഴുത്‌ അവിടുത്തെ പടച്ചോറും കഴിച്ച്‌ ആര്‍ക്കും ഒരു ശല്യവുമില്ലാതെ കഴിയാമെന്നു വിചാരിക്കുന്ന വന്ദ്യവയോധികര്‍ - അവരെയൊക്കെ ആളെ വിട്ട്‌ പിടികൂടുന്ന ഏര്‍പ്പാട്‌! തെരുവുനായ്ക്കളെ പിടികൂടാന്‍ (കൊന്നു കളയാനും!)കരാറുകാരെ ഏല്‍പിക്കുന്ന മട്ടില്‍. എന്തൊരു ഹീനമായ പ്രവൃത്തിയാണത്‌? എന്നിട്ട്‌ ആ പാവം വയസ്സന്മാര്‍ ചക്രശ്വാസം വലിച്ചും വണ്ടിക്കു തലവച്ചും ചാകേണ്ടിവരിക. “അവരെ അങ്ങനെ വെറുതെ അധിവസിപ്പിക്കാനാവില്ല - പ്രശ്നങ്ങളുണ്ട്‌ “- എന്നാണെങ്കില്‍ അതിനേക്കുറിച്ച്‌ ചര്‍ച്ചചെയ്യാനെങ്കിലും അഞ്ചു പൈസ പോലും ചെലവഴിക്കപ്പെടാതിരിക്കുക. ഇങ്ങനെയൊക്കെയുള്ള അവസ്ഥ നിലനില്‍ക്കുമ്പോള്‍, അമ്പലവുമായിട്ടോ ഹിന്ദുക്കളുമായിട്ടോ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കായി കാണിയ്ക്കപ്പണം എടുത്ത്‌ ചിലവഴിക്കുന്നത്‌ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

ഇതിന്റെ ഉത്തരവും ഒരു മറുചോദ്യം തന്നെയാണ്‌. ഹിന്ദു മതാനുയായികളോടോ കുറഞ്ഞപക്ഷം ഹൈന്ദവ ആചാരങ്ങളോടെങ്കിലുമോ എന്തെങ്കിലും അനുഭാവമുള്ളവര്‍ ഇരിക്കുന്ന സ്ഥലമാണ്‌ ഈ പറയുന്ന 'ദേവസ്വങ്ങള്‍' എന്ന്‌ ആരുപറഞ്ഞു? രാഷ്ട്രീയക്കാര്‍ യാതൊരു നാണവുമില്ലാതെ കയറിയിരിക്കുകയും ധാര്‍ഷ്ട്യത്തോടെ ഭരിക്കുകയും ചെയ്യുന്ന ഒരു വേദി മാത്രമല്ലേ അത്‌? 'നിങ്ങളുടെ കാര്യത്തില്‍ എന്താണ്‌ സുഹ്രുത്തേ അവസ്ഥ?' എന്ന്‌ ഇതരമതസ്ഥരായ സുഹൃത്തുക്കളോടു ചോദിച്ചറിയാനും കഴിയില്ല. കാരണം, സര്‍ക്കാരിന്റെ കയ്യിട്ടുവാരല്‍ എന്നത്‌ ഹിന്ദുക്കളുടെ ആരാധനാലയങ്ങളില്‍ മാത്രം അനുവദിച്ചിട്ടുള്ളൊരു പ്രതിഭാസമത്രേ!

'ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു' എന്നു പറഞ്ഞു നടക്കുകയും മതവിരുദ്ധതയുടെ പ്രത്യയശാസ്ത്രം പേറുകയും ചെയ്യുന്ന പാര്‍ട്ടിയില്‍ പെടുന്നവരടക്കം കയറിയിരുന്നു 'ഭരി'ക്കുന്ന ദേവസ്വങ്ങളില്‍ നിന്ന്‌ അനുഭാവപൂര്‍ണ്ണമായ എന്തു പരിഗണനയാണ്‌ അമ്മിണിമാര്‍ പ്രതീക്ഷിക്കേണ്ടത്‌?

'ഒരു ദിവസം ഒന്നില്‍ കൂടുതല്‍ ഉദയാസ്തമനപൂജയാവാം (!??!!) - കൂടുതല്‍ കാശുവരട്ടെ' എന്നും മറ്റുമുള്ള തിരുമണ്ടന്‍ തീരുമാനങ്ങള്‍ എടുക്കുകയും, അതില്‍ പ്രതിഷേധിക്കുന്ന പൂജാരിമാരോട്‌ പുറത്തുപോകാന്‍ ധാര്‍ഷ്ട്യത്തോടെ ആവശ്യപ്പെടുകയും ചെയ്യുന്ന വിചിത്ര ദേവസ്വങ്ങളില്‍ നിന്ന്‌ എന്തു സഹായമാണ്‌ സുന്ദരന്‍ നായരേപ്പോലുള്ളവര്‍ പ്രതീക്ഷിക്കേണ്ടത്‌?

ഭക്തി പോയിട്ട്‌ മതാചാചാരങ്ങളേക്കുറിച്ചുള്ള ജ്ഞാനമോ അവയോട്‌ ബഹുമാനം പോലുമോ ഇല്ലെന്നു തോന്നുന്ന തരത്തില്‍, കച്ചവടക്കണ്ണുകളോടെ രാഷ്ട്രീയ തീരുമാനങ്ങള്‍ മാത്രം എടുക്കുന്നവരോട്‌ എന്തു പരാതിയാണ്‌ പോയി ബോധിപ്പിക്കേണ്ടത്‌?

തങ്ങളുടെ പ്രസ്ഥാനം സ്ത്രീകള്‍ക്ക്‌ തുല്യ നീതി വേണമെന്നു വിശ്വസിക്കുന്നവരുടേതാണെന്നും (?), അതുകൊണ്ട്‌ ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ്‌ തങ്ങളുടെ നിലപാടെന്നും (!!!) മറ്റുമുള്ള വിചിത്ര പ്രസ്താവനകള്‍ മുന്നും പിന്നും നോക്കാതെ പുറപ്പെടുവിക്കുന്ന 'ദേവസ്വം മന്ത്രി'മാരില്‍ നിന്ന്‌ എന്തു നീതിയാണ്‌ അവര്‍ പ്രതീക്ഷിക്കേണ്ടത്‌?

കഷ്ടം!

ആദ്യത്തെ വിഷമം അവസാനിക്കുമ്പോള്‍, സമാധാനമായിരുന്ന്‌ ചിന്തിച്ചുനോക്കുമ്പോള്‍, അറിയാതെ തോന്നിപ്പോകുകയാണ്‌. 'വേണ്ടിയിരുന്നില്ല' എന്നു പറഞ്ഞ വാക്കുകള്‍ തിരിച്ചെടുത്തിരിക്കുന്നു അമ്മിണിയമ്മേ. നിങ്ങളെ തെറ്റു പറയാനാവില്ല. നിങ്ങള്‍ ചെയ്തതു തന്നെയാണു ശരിയെന്നു തോന്നിപ്പോകുന്നു.

തന്റെ മതവും സംസ്കാരവും പിറവിയെടുത്ത മണ്ണില്‍, കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി തന്റെ പൂര്‍വികര്‍ സഹിക്കുന്നതു പോലെ അധിക്ഷേപ വാക്കുകള്‍ മാത്രം കേട്ടു കഴിയേണ്ടിവരികയും തന്റെ മതപരമായ, എന്നാല്‍ തികച്ചും നിര്‍ദ്ദോഷമായ മൃദുലവികാരങ്ങള്‍ പോലും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നതോര്‍ക്കുമ്പോള്‍...

അധിക്ഷേപം കേട്ടു മടുത്തുകഴിയുമ്പോള്‍, 'താന്‍ തന്റെ സംസ്കാരത്തിലും ദേശീയതയിലും അഭിമാനിക്കുന്നു' എന്ന്‌ അറിയാതെ തന്നെ വിളിച്ചുപറഞ്ഞുപോകുമ്പോള്‍ അത്‌ തന്റെ സഹോദരര്‍ക്ക്‌ ആപല്‍ക്കരമാണെ(!)ന്ന മട്ടിലുള്ള കള്ള പ്രചാരണം കൊഴുക്കുന്നതു കേള്‍ക്കുമ്പോള്‍...

പല പല ജാതികളും ഉപജാതികളുമായി ചിതറിപ്പോയ - പരസ്പരം വിഘടിച്ചുമാത്രം നില്‍ക്കുന്ന - പതിനായിരക്കണക്കിനു ചെറുന്യൂനപക്ഷങ്ങളുടെ ഒരു കൂട്ടത്തെ ചൂണ്ടിക്കാണിച്ച്‌ 'നിങ്ങള്‍ മറ്റുള്ളവരേക്കാള്‍ എണ്ണത്തില്‍ കുറവല്ല ' എന്നു പറഞ്ഞ്‌ അത്‌ കടുത്ത അവഗണനയ്ക്കും അവകാശനിഷേധത്തിനുമുള്ള ന്യായീകരണമായി വ്യാഖ്യാനിക്കുന്നതു കേള്‍ക്കുമ്പോള്‍...

സാസ്കാരിക, സാമ്പത്തിക അധിനിവേശങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും തനിക്ക്‌ അവകാശമില്ലെന്നു സമര്‍ത്ഥിക്കപ്പെടുമ്പോള്‍...

തങ്ങള്‍ക്കും തങ്ങളുടേതായ പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കണമെന്നും അതേക്കുറിച്ചൊക്കെ കേള്‍ക്കാനെങ്കിലും ദയവുണ്ടാകണമെന്നുമുള്ള അപേക്ഷയുമായി ചെല്ലുന്നവരെ ഭൂരിപക്ഷക്കാര്‍, ഹൈന്ദവ ഫാസിസ്റ്റുകള്‍, വര്‍ഗ്ഗീയവാദികള്‍ തുടങ്ങിയ അസംബന്ധ സംജ്ഞകള്‍ കൊണ്ട്‌ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍...

നിലനില്‍പ്പിനായി പിടയുമ്പോഴും, നാലു ചുറ്റും നിന്ന്‌ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമ്പോഴും 'വേട്ടക്കാര്‍' എന്ന വിളിപ്പേരു കേള്‍ക്കേണ്ടിവരുന്നതിലെ വൈരുദ്ധ്യമോര്‍ക്കുമ്പോള്‍...

അപ്പോഴെല്ലാം അറിയാതെ വിചാരിച്ചു പോകുന്നു. അമ്മിണിയമ്മേ, നിങ്ങള്‍ ചെയ്തതു തന്നെയാണു ശരി - അതു മാത്രം.

'ആര്‍ക്കും യാതൊരു ശല്യവുമുണ്ടാക്കാതെ, ആരോടും പരിഭവവുമില്ലാതെ അവസാനകാലം ദൈവവിചാരത്തില്‍ കഴിച്ചുകൂട്ടേണ്ടിയിരുന്ന അമ്മിണിയമ്മ പെട്ടെന്നൊരു ദിനം 'കഥാവശേഷ'യാകാന്‍ തീരുമാനിച്ചതെന്തുകൊണ്ട്‌? ' എന്നു ചോദിക്കുന്നവരോട്‌ കാലം വിളിച്ചു പറഞ്ഞുകൊള്ളും.
"FOR THE SHAME OF BEING ALIVE!* - ജീവിച്ചിരിക്കുന്നതിലുള്ള നാണക്കേടുകൊണ്ട്‌!" *
* പ്രയോഗത്തിന്‌ ശ്രീ. ടി.വി. ചന്ദ്രനോട്‌ കടപ്പാട്‌
************

ഭാഗം 3 - അവര്‍ 'അഗതി'കളെന്നോ?

ഇതൊരു തുടര്‍ക്കാഴ്ചയാണ്‌. കാണാപ്പുറത്തെ ഈ കാഴ്ചയിലേക്ക്‌ ആദ്യമായി മിഴി തുറക്കുന്ന സഹൃദയര്‍ ദയവായി ഇതിനു തൊട്ടുമുമ്പുള്ള രണ്ടു പുറങ്ങളിലേക്കു കൂടി ഒന്നു കണ്ണോടിച്ചിട്ടു വരിക.
--------------------------------------------------------------------------------------------
"അമ്മിണിയമ്മയേയും സുന്ദരന്‍ നായരേയും പോലുള്ള വൃദ്ധര്‍ എന്തുകൊണ്ട്‌ അവിടെ അങ്ങനെ ഇരിക്കേണ്ടിവന്നു - അതുകൊണ്ടല്ലേ അവര്‍ ചൂഷണം ചെയ്യപ്പെട്ടത്‌ - അവര്‍ അഗതികളാണോ - അവര്‍ താന്താങ്ങളുടെ വീടുകളില്‍ നിന്ന്‌ പുറന്തള്ളപ്പെട്ടവരാണോ എന്നൊക്കെക്കൂടി നാം അന്വേഷിക്കണം" എന്ന്‌ 'വക്കാരിമഷ്ട' അഭിപ്രായപ്പെട്ടിരുന്നു. ശരിയായ നിരീക്ഷണമാണത്‌. സത്യത്തില്‍ ആ ഒരു ആലോചനയില്‍ നിന്നാണ്‌ ഈ വിഷയത്തേക്കുറിച്ച്‌ എഴുതാനുള്ള പ്രേരണ തന്നെ ഉണ്ടായത്‌.

'അഗതി' എന്നതുകൊണ്ട്‌ നാം എന്താണുദ്ദേശിക്കുന്നത്‌? മറ്റു ഗതിയില്ലാത്തവര്‍ - ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ - എന്നാണോ? എങ്കില്‍, അങ്ങനെയുള്ളവര്‍ മാത്രമാണോ 'ഭജനമിരിപ്പ്‌' എന്നതിലേക്ക്‌ തിരിയുന്നത്‌? അല്ലെന്നാണ്‌ നകുലനു തോന്നുന്നത്‌. 'ജീവിത സായാഹ്നത്തില്‍, ശിഷ്ട കാലം ദൈവസന്നിധിയെന്ന്‌ താന്‍ കരുതുന്നിടത്ത്‌ പ്രാര്‍ത്ഥനയും മറ്റുമായി കഴിച്ചുകൂട്ടണം' എന്ന ഒരു ആഗ്രഹമുള്ളവര്‍ - അവരുടെ സാമ്പത്തിക സ്ഥിതി എന്തുമാവട്ടെ - ഭജനമിരിക്കാന്‍ പോകാറുണ്ട്‌. അത്‌ നൂറ്റാണ്ടുകള്‍ക്കുമുമ്പേ തന്നെ നമ്മുടെ നാട്ടില്‍ നിലവിലുള്ള ഒരു ഏര്‍പ്പാടാണു താനും. (ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണെങ്കിലും സാന്ദര്‍ഭികമായി പറയുകയാണ്‌ - വാനപ്രസ്ഥം, സന്ന്യാസം തുടങ്ങിയ ആശ്രമങ്ങള്‍ ഏതൊരാളുടേയും ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ.)

(ചില നെറ്റികള്‍ ഇപ്പോഴേ ചുളിഞ്ഞു തുടങ്ങുന്നത്‌ നകുലന്‍ മനസ്സില്‍ കാണുന്നു. 'ഇതാ ഒരുത്തന്‍ ഭാരതീയ സംസ്കാരത്തേക്കുറിച്ചൊക്കെ പറയുവാന്‍ ആരംഭിച്ചിരിക്കുന്നു. പുരാതന ഹിന്ദുത്വ മാമൂലുകള്‍ സംസാരത്തില്‍ കടന്നു വരുന്നു." എന്നു പറഞ്ഞുകൊണ്ട്‌ കുനിഞ്ഞ്‌ കല്ലെടുക്കുന്നുണ്ട്‌. മേല്‍ പറഞ്ഞതിനെയൊക്കെ ശക്തമായി തള്ളിപ്പറഞ്ഞുകൊണ്ടല്ല തുടര്‍ന്നുള്ള സംസാരമെങ്കില്‍ അധികം താമസിയാതെ ഏറുവരും. അതല്ല മറിച്ചാണെങ്കില്‍, ആക്ഷേപത്തിന്റെ തീവ്രതയ്ക്കനുസരിച്ച്‌, ആ കല്ലുകൊണ്ട്‌ എന്തെങ്കിലും ശില്‍പങ്ങള്‍ തീര്‍ത്ത്‌ ചില അക്കാദമി പുരസ്കാരങ്ങള്‍ സംഘടിപ്പിച്ചും തരും)

അതിനേക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്തുതന്നെയായാലും ശരി. സുന്ദരന്‍ നായര്‍ 'ആരുമില്ലാത്തവന്‍' ആയിരുന്നില്ല എന്നു വ്യക്തമാകുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഹോട്ടല്‍ ബിസിനസ്‌ നടത്തുകയായിരുന്ന അദ്ദേഹം തന്റെ ശിഷ്ടകാലം ഗുരുവയൂരപ്പനെ ഭജിച്ചു കഴിയണമെന്ന ആഗ്രഹത്തോടെ കഴിഞ്ഞ ഒരു വര്‍ഷമായി ഗുരുവായൂരില്‍ കഴിയുകയായിരുന്നു. അദ്ദേഹം വീട്ടിലേക്ക്‌ മടങ്ങണമെന്ന്‌ മക്കള്‍ ആഗ്രഹിച്ചിരുന്നെങ്കിലും ദൃഢനിശ്ചയക്കാരനായിരുന്ന അദ്ദേഹം വഴങ്ങിയിരുന്നില്ല. മക്കള്‍ ഇടക്കിടെ അദ്ദേഹത്തെ വന്നു കണ്ട്‌ പണവും മറ്റും നല്‍കുമായിരുന്നത്രെ.

അദ്ദേഹത്തിന്റെ മരണവിവരം പത്രത്തിലൂടെ അറിഞ്ഞ്‌ മക്കള്‍ എത്തിയപ്പോഴേക്കും അനാഥമെന്ന്‌ കരുതി മൃതദേഹം മറവു ചെയ്തിരുന്നു. മരണാനന്തരക്രിയകള്‍ക്ക്‌ മൃതശരീരം കൊണ്ടുപോകാനാവാതെ മക്കള്‍ക്ക്‌ കണ്ണീരോടെ മടങ്ങേണ്ടി വന്നു.

അനാഥമെന്നു കരുതുന്ന മൃതദേഹങ്ങള്‍, അവകാശികള്‍ ആരെങ്കിലും വരുമോ എന്ന്‌ കാത്ത്‌ സാധാരണ മൂന്നു ദിവസം വയ്ക്കാറുള്ളതാണ്‌. സുന്ദരന്‍ നായരുടെ ജഡം മരണ ദിവസം തന്നെ മറവു ചെയ്തു. അതിനെ ചോദ്യം ചെയ്തവരോടു പറഞ്ഞത്‌ 'അസ്വാഭാവിക മരണമാണെങ്കിലേ മൃതദേഹം കാത്തുവയ്ക്കാറുള്ളൂ' എന്നാണത്രേ. പോലീസിന്‌ ആ മരണത്തില്‍ യാതൊരു അസ്വാഭാവികതയും തോന്നിക്കാണില്ല. രോഗിയായ ഒരാള്‍ മരിച്ചു - അത്ര തന്നെ!

അതോ ഇനി അസ്വാഭാവികത ഉള്ളതുകൊണ്ടു തന്നെയാണോ ധൃതി കൂട്ടിയത്‌ എന്ന്‌ ആര്‍ക്കറിയാം? അതിന്റെ കാണാപ്പുറങ്ങള്‍ തുറന്നു തരുവാന്‍ കഴിവുള്ള ആരെങ്കിലും മുമ്പോട്ടു വന്നെങ്കില്‍?

എന്തായാലും രണ്ടുപേരുടേയും മരണങ്ങള്‍ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ പലരുടേയും ഭാഗത്തുനിന്ന്‌ (മാദ്ധ്യമങ്ങളുടേതടക്കം) ഉണ്ടായി എന്നത്‌ നിസ്തര്‍ക്കമാണ്‌. ആരെ രക്ഷിക്കാനുള്ള ത്വരയായിരുന്നു എന്നത്‌ കുറ്റക്കാര്‍ ആര്‌ എന്നു തീരുമാനിച്ചതിനു ശേഷമേ പറയാന്‍ പറ്റൂ. "പ്രശ്നമൊന്നുമില്ല - എല്ലാം നിസ്സാരം" എന്നു പറയാന്‍ എല്ലാവരും കാണിച്ച ആ വ്യഗ്രത ശ്രദ്ധിച്ചപ്പോഴാണ്‌ ഈ സംഭവത്തിന്‌ 'കാണാപ്പുറ'ത്തില്‍ ഒരു പുറം നീക്കിവയ്ക്കണമെന്നു തീരുമാനിച്ചതു തന്നെ.

അമ്മിണിയമ്മയുടെ രണ്ടു സഹോദരിമാര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ്‌ താഴെക്കൊടുത്തിരിക്കുന്ന വാര്‍ത്തയില്‍ നിന്നു മനസ്സിലാകുന്നത്‌. അതേസമയം തന്നെ അവരെ 'അനാഥ' എന്നു വിളിച്ചിട്ടുമുണ്ട്‌. ആണുങ്ങളായ ബന്ധുക്കള്‍ ഇല്ല എന്നുകരുതി അനാഥയാകുമോ? ഫെമിനിസ്റ്റുകള്‍ക്ക്‌ വേണമെങ്കില്‍ ഒരു ചോദ്യം ഉന്നയിക്കാവുന്നതാണ്‌.
രണ്ടു പാവം വൃദ്ധരെ പച്ചയ്ക്ക്‌ കൊന്നുകളഞ്ഞിട്ടും 'മനുഷ്യാവകാശ പ്രവര്‍ത്തക'രെയൊന്നും അവിടെ കണ്ടില്ല. അവര്‍ മനുഷ്യരല്ലാത്തതോ അവര്‍ക്ക്‌ ജീവിക്കാനുള്ള അവകാശം ഇല്ലാത്തതോ അല്ല കാരണം. പരേതന്മാര്‍ക്ക്‌ വോട്ടില്ലല്ലോ. 'അനാഥര്‍' ആയതു കൊണ്ട്‌ ബന്ധുക്കളുടെ വോട്ടും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അല്ലെങ്കില്‍ തന്നെ അവര്‍ 'ഭൂരിപക്ഷ'സമുദായം ആയതുകൊണ്ട്‌ ആരും പ്രത്യേകം അവരെ സഹായിക്കുകയോ അവര്‍ക്കും പ്രശ്നങ്ങളുണ്ടെന്നു സമ്മതിക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. അവരുടെ കാര്യങ്ങളെല്ലാം 'ഭൂരിപക്ഷം' ആയതു കൊണ്ട്‌ സ്വയം അങ്ങു നടന്നുകൊള്ളും. പ്രശ്നങ്ങളെല്ലാം തനിയെ പരിഹരിക്കപ്പെട്ടുകൊള്ളും. പോരാത്തതിന്‌ മരിച്ചവരാണെങ്കില്‍ സവര്‍ണ്ണരും! അവരോടൊക്കെ അനുഭാവം പ്രകടിപ്പിച്ച്‌ വെറുതെയെന്തിനാണ്‌ നമ്മുടെയൊക്കെ 'പുരോഗമന - ജനാധിപത്യ - മതേതര' പ്രതിച്ഛായക്ക്‌ മങ്ങലേല്‍പിക്കുന്നത്‌?

ഭാഗം 2 - ഒരു 'സുന്ദരമരണ'ത്തേക്കുറിച്ചുകൂടി

ഇതൊരു തുടര്‍ക്കാഴ്ചയാണ്‌. കാണാപ്പുറത്തെ ഈ കാഴ്ചയിലേക്ക്‌ ആദ്യമായി മിഴി തുറക്കുന്ന സഹൃദയര്‍ ദയവായി ഇതിനു തൊട്ടുമുമ്പുള്ള പുറത്തേക്കു കൂടി ഒന്നു കണ്ണോടിച്ചിട്ടു വരിക.

ഈ പുതിയ ചിത്രത്തില്‍ എടുത്തു കാണിച്ചിരിക്കുന്നത്‌ ഒരു വൃദ്ധനെ. കണ്ണുകളില്‍ ദയനീയ ഭാവം ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ പേര്‌ 'സുന്ദരന്‍'.
(വെറും സുന്ദരനല്ല - സുന്ദരന്‍ നായര്‍. അത്‌ എടുത്തു പറയേണ്ടതുണ്ട്‌. ഫാസിസ്റ്റുകളില്‍തന്നെ 'സവര്‍ണ്ണഫാസിസ്റ്റ്‌' എന്ന ഉപവിഭാഗം സൃഷ്ടിച്ച്‌ നമുക്ക്‌ കൂടുതല്‍ ആക്രമിക്കാവുന്ന വിഭാഗങ്ങളിലൊന്നില്‍ പെടുന്നു അദ്ദേഹവും)

2006 ആഗസ്ത്‌ പതിമൂന്നാം തീയതിയിലെ പത്രത്തിലൂടെ നകുലന്‍ ഈ ചിത്രം കാണുമ്പോഴേയ്ക്കും ആ പാവം വൃദ്ധന്‍ മരിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഒരു വിങ്ങലായി ആ ചിത്രം മനസ്സിലലിഞ്ഞു. അന്നേദിവസം ഉച്ചയോടെ അടുത്തയാളും മരിച്ചുവെന്നാണ്‌ പിറ്റേന്ന്‌ അറിഞ്ഞത്‌. ഇക്കുറി മരിച്ചത്‌ ചിത്രത്തില്‍ കാണുന്ന വൃദ്ധ.

ഒന്നു കൂടി സൂക്ഷിച്ചുനോക്കിയോ?

അതെ. നിങ്ങളുടെ സംശയം ശരി തന്നെ. ആ നില്‍ക്കുന്നത്‌ നാം മുമ്പു പറഞ്ഞ അമ്മിണിയമ്മ തന്നെ.

സംഭവിച്ചത്‌ ഇങ്ങനെയൊക്കെയാണ്‌. ഗുരുവായൂര്‍ അമ്പലനടയില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഭജനമിരുന്നവരായിരുന്നു മറ്റനേകം പേരെയും പോലെ അവര്‍ രണ്ടുപേരും. ഒരു ദിവസം രാവിലെയുണ്ട്‌ പാലയൂര്‍ 'ഇമ്മാനുവേല്‍ ജീവകാരുണ്യ സമിതി'യുടെ ഒരു ആംബുലന്‍സ്‌ അമ്പലനടയില്‍ വന്നു നില്‍ക്കുന്നു. ആ വണ്ടി മുമ്പു കണ്ടുപരിചയമുള്ള ചില വൃദ്ധര്‍ പെട്ടെന്ന്‌ എഴുന്നേറ്റ്‌ ദൂരെ മാറി നിന്നതായി പറയപ്പെടുന്നു. എന്താണു സംഭവമെന്നറിയാതെ നിന്ന മറ്റുള്ളവരെ, സുന്ദരന്‍ നായരേയും അമ്മിണിയമ്മയേയുമടക്കം, ആരൊക്കെയോ ചേര്‍ന്ന്‌ പിടിച്ച്‌ ആ വാനില്‍ കയറ്റി. അപ്രതീക്ഷിതമായിരുന്നതു കൊണ്ട്‌ സ്വാഭാവികമായും അല്‍പം ബലപ്രയോഗമൊക്കെ വേണ്ടി വരികയും ചെയ്തു. വണ്ടിനിറഞ്ഞപ്പോള്‍ എല്ലാവരേയും ചേര്‍ത്ത്‌ അമ്പലമുറ്റത്തുവച്ചുതന്നെ കുറച്ചു ഫോട്ടോയും എടുത്ത്‌ 'എങ്ങോട്ടോ' കൊണ്ടുപോകാന്‍ ശ്രമിച്ചുവത്രേ.

ഇത്രയുമായപ്പോഴേക്കും ആകെ ബഹളമായി. അമ്മിണിയമ്മയടക്കമുള്ളവര്‍ കരച്ചിലും തുടങ്ങി. പോലീസും നാട്ടുകാരും ഒക്കെ ഇടപെട്ടു. വണ്ടി തടഞ്ഞു. ആകെ അവശനായിപ്പോയ സുന്ദരന്‍ നായരെ ദേവസ്വം ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെ "നിരുപാധികം" വിട്ടയക്കുകയും ചെയ്തു.

സംഗതി വിവാദമായി. ഭക്തജനങ്ങളുടെ വക പ്രതിഷേധമാര്‍ച്ചും മറ്റും നടന്നു. ദേവസ്വത്തിന്റെ വക അന്വേഷണവും.

ഇമ്മാനുവേല്‍ ജീവകാരുണ്യ സമിതി ഡയറക്ടര്‍ ശ്രീ. ജേക്കബിന്‌ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി തന്റെ നിലപാട്‌ വ്യക്തമാക്കേണ്ടതായി വന്നു. അദ്ദേഹം പറയുന്നത്‌ തന്റേത്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സ്ഥാപനമാണെന്നും നിരാലംബരും അഗതികളുമായ ഇരുനൂറോളം പേരെ തങ്ങള്‍ ഇതിനകം തന്നെ പല അനാഥമന്ദിരങ്ങളിലും ആശുപത്രികളിലുമൊക്കെയായി എത്തിച്ചിട്ടുണ്ടെന്നുമാണ്‌. ഇതിന്റെയെല്ലാം വിശദവിവരം അതാതു പോലീസ്‌ സ്റ്റേഷനുകളില്‍ നല്‍കിയിട്ടുമുണ്ടത്രെ. രോഗിയായ ഒരാള്‍ക്ക്‌ ആതുരശുശ്രൂഷ ആവശ്യമാണെന്നറിയിച്ചുകൊണ്ടുള്ള ഒരു ഫോണ്‍ വിളിയേത്തുടര്‍ന്നാണ്‌ താനും തന്റെ രണ്ടു പ്രവര്‍ത്തകരും കൂടി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തിയതെന്നും, ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ മറ്റുള്ളവരേക്കൂടി പിടിച്ചു കയറ്റിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

വാദങ്ങളും പ്രതിവാദങ്ങളുമൊക്കെ മുറയ്ക്കു നടക്കുന്നതിനിടയില്‍ അങ്ങേയറ്റം ദു:ഖകരമായ രണ്ടു കാര്യങ്ങള്‍ സംഭവിച്ചു.

ഒന്ന്‌ - പിടിയും വലിയുമെല്ലാം നടക്കുന്നതിനിടെ ആകെ ക്ഷീണിതനായ സുന്ദരന്‍ നായര്‍ക്ക്‌ രോഗം മൂര്‍ച്ഛിക്കുകയും അദ്ദേഹം ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. (പിടിവലി നടന്നിരുന്നില്ലെങ്കിലും അദ്ദേഹം അന്നു തന്നെ മരിക്കുമായിരുന്നുവെന്നും, സത്യത്തില്‍ അതൊഴിവാക്കാനാണ്‌ അദ്ദേഹത്തെ ബലമായി വാനില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍ നോക്കിയതെന്നും ഒരു മറുവാദത്തിന്‌ ഇടമുണ്ട്‌.)

രണ്ട്‌ - ആകെ അപമാനിതയാകുകയും സംഭവദിവസം വണ്ടിയിലിരുന്ന്‌ മനം നൊന്ത്‌ വിലപിക്കുകയും ചെയ്ത അമ്മിണിയമ്മ പിറ്റേദിവസം തീവണ്ടിക്കു മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. (ഇവിടെയും ചില മറുവാദങ്ങള്‍ക്ക്‌ ഇടമുണ്ട്‌. അവര്‍ക്ക്‌ കേള്‍വിക്കുറവുണ്ടായിരുന്നുവെന്നും, അത്‌ ആത്മഹത്യയല്ല - മറിച്ച്‌ ഒരു അപകടമരണമായിരുന്നുവെന്നും, ഗുരുവായൂരിലെ ബലപ്രയോഗവും നാണം കെടലും മറ്റും നടന്നതിനു ശേഷം ഉടനെ അങ്ങനെയൊരു അപകടം നടന്നത്‌ തികച്ചും യാദൃച്ഛികമാണെന്നും (!!!) അങ്ങനെയങ്ങനെ.

ബാലിശമെന്നു തോന്നിപ്പോകുന്ന അത്തരം ചില വാദങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന പത്രവാര്‍ത്തകളിലൊന്ന്‌ 'കാണാപ്പുറ'ത്തില്‍ കൊടുക്കാന്‍ ശ്രമിക്കാം.)