Thursday, November 29, 2007

ചുരിദാറിന്റെ 'പുരോഗമനപരത'

ഇക്കഴിഞ്ഞദിവസം, ആര്‍.എസ്‌.പി. നേതാവ്‌ ശ്രീ. ചന്ദ്രചൂഡന്റെ ഒരു പ്രസ്താവന വന്നിരിക്കുന്നു.


ക്ഷേത്രകാര്യങ്ങളിലൊന്നും സര്‍ക്കാര്‍ തലയിടേണ്ടതില്ല - സ്ത്രീകള്‍ ചുരിദാറിടണോ ശബരിമലയ്ക്കു പോകണോ എന്നൊക്കെ ഭക്തര്‍ തീരുമാനിച്ചു കൊള്ളും“ എന്നതാണദ്ദേഹം പറഞ്ഞതിന്റെ സാരാംശം. മറന്നു തുടങ്ങിയിരുന്ന ‘ചുരിദാറി‘നേക്കുറിച്ച്‌ വീണ്ടുമോര്‍ത്തത്‌ അപ്പോഴാണ്. “കമ്മ്യൂണിസം + ഹിന്ദൂയിസം + റവല്യൂഷണറി സോഷ്യലിസം = അട്ടര്‍ ‘കണ്‍ഫ്യൂഷനിസം‘“ എന്നൊരു സമവാക്യമാണ് മനസ്സിലാദ്യം വന്നത്‌.


* * * * * * * * * *

'ചുരിദാര്‍ പ്രശ്ന(?)'ത്തേക്കുറിച്ച്‌ താങ്കളൊന്നും പറയാതിരുന്നതെന്തേ എന്നു പലരും ചോദിച്ചിരുന്നു. ഗൗരവമുള്ള മറ്റനേകം വിഷയങ്ങളുള്ളപ്പോള്‍ ഇതുപോലൊന്നിനു സമയം കളയുന്നത്‌ അപരാധമാവില്ലേ എന്നായിരുന്നു ചിന്ത. ദേവപ്രശ്നം - പൂമൂടല്‍ പ്രശ്നം - പുണ്യാഹപ്രശ്നം - അരവണപ്രശ്നം - അങ്ങനെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്‌ എന്തുണ്ടായാലും തനി 'പ്രശ്ന'മാക്കുന്ന ചിലരുണ്ടോ എന്നും സംശയിച്ചു പോയിരുന്നു. രാഷ്ട്രീയക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു പ്രശ്ന'ലോബി'യോ പ്രശ്ന'മാഫിയ'യോ മറ്റോ?

ഭക്തര്‍ക്കിടയില്‍ത്തന്നെ പരിഹരിക്കപ്പെടേണ്ട ചില ചില്ലറത്തര്‍ക്കങ്ങളിലൊക്കെ ചിലര്‍ പക്ഷം പിടിക്കുകയും 'പ്രശ്ന'മാക്കി ഏറ്റെടുക്കുകയും ചെയ്യുന്നതു കൂടാതെ അനാവശ്യമായി രാഷ്ട്രീയം കലര്‍ത്തുക കൂടി ചെയ്യുന്നത്‌ ഒരു പതിവു കാഴ്ചയായിരിക്കുന്ന സ്ഥിതിക്ക്‌, ചില ചിന്തകള്‍ അവതരിപ്പിക്കാമെന്നു തോന്നുന്നു. ചുരിദാറിനേക്കുറിച്ചു മാത്രമല്ല - പലതിനേക്കുറിച്ചും.

* * * * * * * * * *
വിശ്വാസമുള്ള, ക്ഷേത്രാചാരമര്യാദകള്‍ പാലിക്കാന്‍ തയ്യാറുള്ള, മാന്യമായ വസ്ത്രം ധരിച്ചിരിക്കുന്ന ഏതൊരാള്‍ക്കും ക്ഷേത്രദര്‍ശനത്തിനാഗ്രഹമുണ്ടെങ്കില്‍ അനുവദിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം. ഇവിടെ, എന്തൊക്കെയാണ് ക്ഷേത്രാചാരമര്യാദകള്‍ - അത്‌ ആരു തിരുമാനിക്കും - എന്നുള്ളിടത്താണ് പ്രശ്നം കിടക്കുന്നത്‌. എന്തായാലും, ‘ആര്‍ക്കും ഏതു രീതിയിലും വന്ന്‌ എന്തും ചെയ്തിട്ടു പോകാവുന്നൊരു സ്ഥലമല്ല ക്ഷേത്രം‘ എന്നതില്‍ എനിക്കു സംശയമില്ല തന്നെ.

ചുരിദാര്‍ വിധി എനിക്കു വിഷമമുണ്ടാക്കിയിരുന്നു. ജ്യോതിഷികള്‍ക്കിടയില്‍ത്തന്നെ അതില്‍ തര്‍ക്കമുണ്ട്‌. എന്നു വച്ച്‌ അതിന്റെ പേരില്‍ സകല ഹിന്ദുക്കളേയും ദേവന്മാരേയും പുരോഹിതന്മാരേയുമൊക്കെ അധിക്ഷേപിച്ച്‌ ബഹളം വയ്ക്കുന്ന കമ്മ്യൂണിസ്റ്റു ശൈലിയില്‍ എനിക്കു താല്പര്യമില്ല. മര്യാദാപൂര്‍വ്വം മാറ്റങ്ങള്‍ക്കു പരിശ്രമിക്കാനാണെനിക്കു താല്പര്യം. ഹൈന്ദവാചാരസംസ്കരണം, പരിരക്ഷണം, പരിഷ്ക്കരണം - ഇത്തരം കാര്യങ്ങളിലൊന്നും കമ്മ്യൂണിസ്റ്റുകള്‍ക്കു സദുദ്ദേശത്തോടെയുള്ള യാതൊരു താല്പര്യവുമില്ലെന്നും, അതുമായി ബന്ധപ്പെട്ട അവരുടെ ചില അവകാശവാദങ്ങള്‍ക്കു പിന്നില്‍ (“യഥാര്‍ത്ഥഭക്തരെ“ സഹായിക്കുന്നുവെന്നും മറ്റും!) തികഞ്ഞ കാപട്യമല്ലാതെ മറ്റൊന്നുമില്ല എന്നുമാണെനിക്കു പറയാനുള്ളത്‌.

ഇപ്പറഞ്ഞതിന്റെ ചില വിശദീകരണങ്ങളും അനുബന്ധചിന്തകളുമാണ് ഇനി പറയാന്‍ പോകുന്നത്‌. സംഗ്രഹം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞതുകൊണ്ട്‌ തിരക്കുള്ളവര്‍ക്കു മടങ്ങാവുന്നതാണ്.

* * * * * * * * * *
ശിവക്ഷേത്രങ്ങളില്‍ - രൌദ്രഭാവത്തിലുള്ള മൂര്‍ത്തികള്‍ പ്രതിഷ്ടിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങളില്‍ പൊതുവെ - ആരും നിര്‍ബന്ധിച്ചില്ലെങ്കിലും ഇപ്പോഴും മിക്ക യുവതികളും ചുരിദാര്‍ ഒഴിവാക്കാറാണു പതിവ്‌. എന്നാല്‍ മിക്കവാറും വിഷ്ണു ക്ഷേത്രങ്ങളില്‍ - ഗുരുവായൂര്‍ പോലെയുള്ള ചില പ്രമുഖക്ഷേത്രങ്ങളിലൊഴികെ - ചുരിദാര്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ആരും ഒരു 'ജനാധിപത്യ' വിളംബരമൊന്നും കൊണ്ടുവന്നിട്ടല്ല അതു സംഭവിച്ചത്‌. സാരിക്ക്‌ യാതൊരു തൊട്ടുകൂടായ്മയുമില്ലെങ്കിലും, ചുരിദാര്‍ തന്നെയാണു പുതുതലമുറയിലെ ബഹുഭൂരിപക്ഷത്തിനും സൌകര്യപ്രദമായിത്തോന്നുന്നത്‌. പലരും അതു ധരിച്ച്‌ ക്ഷേത്രത്തിലെത്തിത്തുടങ്ങി - അങ്ങനെയങ്ങനെ പൊതുവെ അതങ്ങ്‌ അംഗീകരിക്കപ്പെട്ടു. ആചാരങ്ങള്‍-ആരാധനാരീതികള്‍ എന്നൊക്കെയുള്ളവ പാലിക്കുന്നതില്‍ ഭക്തജനങ്ങള്‍ സ്വയം ചില നിഷ്കര്‍ഷകള്‍ ഏര്‍പ്പെടുത്താറുണ്ട്‌ എന്നു സൂചിപ്പിക്കാനാണ് ഇതെഴുതിയത്‌.

ഗുരുവായൂരിലും ചുരിദാര്‍ അനുവദിക്കപ്പെട്ടാല്‍ വളരെ സൌകര്യമായിരുന്നു എന്നു തന്നെയാണ് ഇപ്പോളും ഭൂരിപക്ഷം ഭക്തരുടെയും അഭിപ്രായം. അതു നടന്നുകാണണമെന്നാണ് ആഗ്രഹവും. പക്ഷേ അങ്ങനെയായേ തീരൂ എന്നു ശാഠ്യമുള്ളവര്‍ക്കു ഭൂരിപക്ഷമില്ല എന്നതാണു വാസ്തവം. അതു നാം അംഗീകരിക്കാതിരുന്നിട്ടു കാര്യമില്ല. ക്ഷേത്രദര്‍ശനം എന്നത്‌ ചില വിശ്വാസങ്ങളുള്ളവരുടെ ഒരു ഏര്‍പ്പാടാണ്. മിക്കവാറും വിശ്വാസികള്‍, ദേവപ്രശ്നവിധികളെയും വിശ്വസിച്ച്‌ അനുസരിക്കാന്‍ ഒരുക്കമാണെന്നതാണു യാഥാര്‍ത്ഥ്യം. പ്രശ്നവിധികളില്‍ വിശ്വാസമില്ലാത്തവര്‍ക്ക്‌ മറ്റുള്ളവയിലും വിശ്വാസമില്ല താനും.

ഉചിതമായ വിശദീകരണങ്ങളോടെയാണെങ്കില്‍, പ്രശ്നവിധിയായി അവതരിപ്പിക്കപ്പെടുന്ന തീരുമാനങ്ങളെന്തും വിശ്വസിക്കപ്പെടും എന്നൊരവസ്ഥയുണ്ട്‌ എന്നത്‌ സത്യം തന്നെയാണ്. ഇത്തരമൊരവസ്ഥ‌, തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതുമാണ്.

ചുരിദാര്‍ അനുവദിക്കപ്പെട്ടേ തീരൂ എന്നുള്ളവരുണ്ടെങ്കില്‍ അത്‌ ദേവപ്രശ്നത്തില്‍ വിഷയമാകുന്നതു തന്നെ തടയാന്‍ ശ്രമിക്കണമായിരുന്നു. അതു സാദ്ധ്യമാകുന്നൊരു സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്‌. അഹിതമാണെന്നു വിധിക്കപ്പെട്ടുകഴിഞ്ഞ്‌ പിന്നെ 'ഏയ്‌ - ഇത്‌ യഥാര്‍ത്ഥഭഗവാനല്ല' എന്നൊക്കെ പറയുന്നത്‌ നല്ല പ്രവണതയല്ല. അത്‌ സദുദ്ദേശത്തോടെയുള്ളതുമല്ല. ഇത്തരം അനാവശ്യവിവാദങ്ങള്‍ തിര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ് .

എന്തിനെ സംബന്ധിച്ചാണെങ്കിലും ശരി - അപ്രിയമായ വിധികളുണ്ടാകുന്നത്‌ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവരുണ്ടെങ്കില്‍, “ദേവപ്രശ്നം” എന്ന പരിപാടിയെത്തന്നെയാണ് തടയാന്‍ ശ്രമിക്കേണ്ടത്‌. അതിനു പറ്റിയ ഒരു സാഹചര്യമാണോ ഇപ്പോള്‍ നിലവിലുള്ളത്‌? ‘പുരോഹിതവര്‍ഗ്ഗമേധാവിത്വം’ പ്രശ്നം സൃഷ്ടിക്കുന്നുവെന്നാണെങ്കില്‍, അതു തടയാനുള്ള എന്തു ക്രിയാത്മകമായ നടപടികളാണ് നമുക്കു മുന്നോട്ടുവയ്ക്കാനുള്ളത്‌? “ജനാധിപത്യ”മെന്ന പേരു വിളിച്ച്‌ മാറ്റങ്ങള്‍ അടിച്ചേല്പിക്കുന്നത്‌, ഇത്തരം മേഖലകളില്‍ പ്രാവര്‍ത്തികമാണോ? ദേവപ്രശ്നമെന്നതു മാത്രമല്ല - മറ്റു പലതിനോടും വിയോജിപ്പുണ്ടാവില്ലേ? ഏതൊക്കെ - എങ്ങിനെയൊക്കെ - എന്തുകൊണ്ടൊക്കെ മാറണം? ഹൈന്ദവരുടെ വിശ്വാസങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും നന്മ കണക്കാക്കിയുള്ള പരിഷ്കാരങ്ങള്‍ ആഗ്രഹിക്കുകയും ചെയ്തു കൊണ്ട്‌, ഒരു സൌഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ചിന്തിക്കാനും കുറേക്കൂടി സ്ഥായിയായ മാറ്റങ്ങള്‍ക്ക്‌ അടിത്തട്ടില്‍ നിന്നു തന്നെ പരിശ്രമിക്കാനും എത്രപേര്‍ തയ്യാറുണ്ട്‌? അതിനൊന്നും മെനക്കെടാന്‍ തയ്യാറല്ലാതെ, ഉപരിതലത്തില്‍ നിന്നു കൊണ്ട്‌ ആക്ഷേപിക്കുവാനും ആക്രോശമുണ്ടാക്കാനും മാത്രമേ കാണാറുള്ളൂ എന്നിടത്താണ് വിമര്‍ശകരുടെ ഉദ്ദേശശുദ്ധിയേക്കുറിച്ചു സംശയം ജനിക്കുന്നത്‌.

വിമര്‍ശനങ്ങളെന്ന പേരില്‍ ആക്രോശം മുഴക്കുന്ന ചിലരുടെ ഉദ്ദേശശുദ്ധിയേക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ഈ പോസ്റ്റ്‌.

* * * * * * * * * *
പ്രശ്നവിധിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി കടന്നു വന്ന 'ഭക്ത'രുടെ കൂട്ടത്തില്‍ 'വിശ്വഭദ്രാനന്ദ ശക്തിബോധി' എന്നൊരു സ്വാമിയാണ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌. അദ്ദേഹത്തിന്റെ വാചകങ്ങള്‍ ചില ചര്‍ച്ചകള്‍ക്കിടെ പലരും കടമെടുത്തുപയോഗിക്കുന്നതും കണ്ടു.

"ഗുരുവായൂരിലേത്‌ വ്യാസകൃഷ്ണനോ സാമൂതിരിയുടെ കൃഷ്ണനോ?" എന്നു ചോദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ലേഖനം ഞാനും വായിക്കുകയുണ്ടായി. ആദ്യത്തെ ഖണ്ഡികയില്‍ത്തന്നെ സ്വാമി 'പുരോഗമന-ജനാധിപത്യ' മുതലായ പദങ്ങളെടുത്തുപയോഗിച്ച്‌ ഊറ്റം കൊണ്ടിരിക്കുന്നതു കണ്ടപ്പോളേ അദ്ദേഹത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ 'ശക്തി' എന്താണെന്നു 'ബോധി'ച്ചിരുന്നു. മൂന്നാം ഖണ്ഡികയില്‍, ഇടതുപക്ഷസര്‍ക്കാരും DYFI-യുമൊക്കെ “വിശ്വാസത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍“(ഒന്നു കൂടി ഇരുത്തിവായിക്കുക) നടത്തുന്ന ശ്രമങ്ങളെ തുറന്നടിച്ചു പിന്തുണച്ചിരിക്കുന്നതോടെ സകലസംശയവും അവസാനിച്ചു.

സ്വാമി ഏതാശ്രമത്തിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണെന്നു കൂടി അടിയില്‍ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍, ഭാവിയില്‍ ഭക്തജനങ്ങള്‍ക്ക്‌ സംശയങ്ങളുമായി സമീപിക്കാമായിരുന്നു. കാവിക്കു പകരം ചെമ്പട്ടാവണം പുതയ്ക്കുന്നത്‌ - അതു വച്ച്‌ ആളെ തിരിച്ചറിയുക എന്നതാണിനിയൊരു പോംവഴി.

പിന്നീടറിഞ്ഞു - അതു ദേശാഭിമാനിയില്‍ത്തന്നെ വന്ന ലേഖനമാണെന്ന്‌. സ്വാമി, കൃഷ്ണന്റെ (അച്യുത) പക്ഷമാണോ അതോ അര്‍ജ്ജുനന്റെ (വിജയ‍) പക്ഷമാണോ എന്നു മാത്രമേ ഇനി സംശയമുള്ളൂ. ’ജനശക്തി‘യ്ക്കു പകരം ലേഖനം ‘ദേശാഭിമാനി‘യില്‍ വന്നതു കൊണ്ട്‌ അര്‍ജ്ജുനപക്ഷമാവാനാണു സാദ്ധ്യത. അവിടെയാണ് ആളും “അര്‍ത്ഥ“വും കൂടുതല്‍.

* * * * * * * * * *
ചുരിദാര്‍ വിധിയോടുള്ള വിമര്‍ശനങ്ങളുടെ ഒരു പൊതു ശൈലി മേല്‍പ്പറഞ്ഞ ലേഖനത്തില്‍ നിന്നു വ്യക്തമാകുന്നതു തന്നെയാണ്‌. പലരും സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇമേജ്‌ ഇതാണ്‌ - ചുരിദാര്‍ അനുവദിക്കപ്പെടണമെന്ന്‌ ഇടതുപക്ഷം വാദിക്കുന്നു - മറ്റാരൊക്കെയോ ചേര്‍ന്ന്‌ അതിനു തടയിടുന്നു! "യഥാര്‍ത്ഥഭക്ത"രെ സഹായിക്കുന്ന 'പുരോഗമനപര'മായ നിലപാടുകളാണ്‌ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എക്കാലവും സ്വീകരിക്കുന്നത്‌!

ഇത്തരം വാദങ്ങള്‍ക്കു പിന്നിലുള്ള ചില വൈരുദ്ധ്യങ്ങളേക്കുറിച്ചാണ്‌ ഇനി ആദ്യം പറയാനുള്ളത്‌. ഇങ്ങനെയൊക്കെ വാദിക്കാന്‍ ആളുകള്‍ തയ്യാറാകുന്നതിന്റെ യഥാര്‍ത്ഥപ്രേരകഘടകങ്ങളേക്കുറിച്ച്‌ പിന്നീടും.

* * * * * * * * * *
ചുരിദാര്‍ ധരിച്ചുകൊണ്ട്‌ ഗുരുവായൂരമ്പലത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കണമെന്നും തൊഴണമെന്നുമൊക്കെ ആഗ്രഹമുള്ളത്‌ ഹിന്ദുസ്ത്രീകള്‍ക്കാണ്‌. വിപ്ലവവനിതകള്‍ക്കല്ല. കഴിഞ്ഞയിടെ, ദേവസ്വം മന്ത്രി മറ്റൊരാവശ്യത്തിനായി ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ കടക്കാന്‍ തയ്യാറായതു പോലും വലിയ വാര്‍ത്തയായി മാറിയിരുന്നു. അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്നതാണത്രേ കാരണം!

ആഭ്യന്തരമന്ത്രി കൊടിയേരിയുമായി ബന്ധപ്പെട്ട്‌ 'പൂമൂടല്‍' എന്നൊരു അനാവശ്യവിവാദമുണ്ടായിട്ടും അധികം കാലമായില്ല. അത്‌ ഒരു വലിയ ആരോപണമായതും അദ്ദേഹമതിനെ ശക്തമായി പ്രതിരോധിച്ചതുമെല്ലാം സൂചിപ്പിക്കുന്നത്‌, ക്ഷേത്രദര്‍ശനവും വഴിപാടുകളുമെല്ലാം കുറ്റകരമായ ഒന്നായി പാര്‍ട്ടി കരുതുന്നുവെന്നു തന്നെയല്ലേ?

അന്ന്‌, ആരോപണങ്ങളെ ചെറുക്കാനെന്ന മട്ടില്‍ ഒരു മറുചോദ്യവും ഉയര്‍ന്നു കേട്ടിരുന്നു. "അങ്ങനെയാണെങ്കില്‍ (പാര്‍ട്ടിയിലെ മറ്റൊരു ചേരിയില്‍പ്പെട്ട) മറ്റൊരു നേതാവിന്റെ മകന്‍ ശബരിമലയ്ക്കു പോയിട്ടുണ്ട്‌ - അപ്പോഴോ?" എന്ന മട്ടില്‍! തിരിച്ചൊരു കുറ്റാരോപണം എന്ന നിലയ്ക്കു പറഞ്ഞതായ സ്ഥിതിക്ക്‌ ശബരിമലദര്‍ശനത്തെയും ഒരു അപരാധമായി പാര്‍ട്ടി കാണുന്നു എന്നു തന്നെയല്ലേ കരുതേണ്ടത്‌?

ക്ഷേത്രദര്‍ശനവും മറ്റും ഇത്ര കൊടിയ അപരാധമായിക്കരുതുന്നവര്‍ക്കൊക്കെ പൊടുന്നനെയൊരു 'ഭക്തജനവാത്സല്യ'മുണ്ടാകുമ്പോള്‍ ആളുകള്‍ സംശയത്തോടെ നിരീക്ഷിക്കുന്നതിലത്ഭുതമുണ്ടോ?

* * * * * * * * * *
ക്ഷേത്രാചാരങ്ങളെ പുരോഗമനവല്‍ക്കരിച്ചു - ജനാധിപത്യവല്‍ക്കരിച്ചു -എന്നൊക്കെയുള്ള ചില വാചകക്കസര്‍ത്തുകള്‍ - കേട്ടാല്‍ മിടുക്കെന്നു തോന്നുന്നവ - കമ്മ്യൂണിസ്റ്റുകള്‍ എക്കാലവും നടത്തിയിട്ടുണ്ട്‌. പരിഹാസ്യമാണത്‌. ഹിന്ദുനവോത്ഥാനവുമായി ബന്ധപ്പെട്ട്‌ - ആ വാക്കിനു നാം അര്‍ത്ഥവ്യത്യാസം വരുത്തുന്നില്ലെങ്കില്‍ - കമ്മ്യൂണിസ്റ്റുകള്‍ എന്തു സംഭാവന ചെയ്തുവെന്നാണ് ചരിത്രം പറയുന്നത്‌? കേരളസമൂഹത്തെ അങ്ങേയറ്റം അഹിന്ദുവല്‍ക്കരിച്ചു എന്നതു മാത്രമാണ് അവരുടെ നേട്ടം. ഹിന്ദുക്കള്‍ക്കിടയിലുള്ള പല അനാചാരങ്ങളും അവസാനിപ്പിക്കാന്‍ മുന്‍‌കൈയെടുത്തു പ്രവര്‍ത്തിച്ചത്‌ ഹിന്ദുക്കള്‍ തന്നെയായിരുന്നു. പ്രമുഖ ഹിന്ദുനേതാക്കള്‍ - സമുദായനേതാക്കള്‍ - സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ - അങ്ങനെ പലരും. അല്ലാതെ കമ്മ്യൂണിസ്റ്റുകളല്ല.

ഗുരുദേവന്റേയും മറ്റും കാലത്തിനു ശേഷമുള്ള തുടര്‍പരിശ്രമങ്ങളെടുത്താലും ശരി - ജാതിവൈജാത്യങ്ങളും അവ സൃഷ്ടിച്ച അകല്‍ച്ചകളും അതിനോടനുബന്ധിച്ച അനാചാരങ്ങളുമൊക്കെ അവസാനിക്കണമെന്ന്‌ ആഗ്രഹിച്ചതും അതിനായി പ്രവര്‍ത്തിച്ചതുമെല്ലാം ഹിന്ദുക്കള്‍ തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റുകളല്ല. "ഹൈന്ദവര്‍ സോദരര്‍‍ സര്‍വ്വേ", "ന ഹിന്ദു പതിതോ ഭവേത്‌ " മുതലായ വിപ്ലവകരമായ മുദ്രാവചനങ്ങളുയര്‍ത്തിക്കൊണ്ട്‌ ഹിന്ദു ഐക്യത്തിനായി ജീവിതമുഴിഞ്ഞുവച്ചതും അടിത്തട്ടിലുള്ള ഒരു വിശാല പരിവര്‍ത്തനത്തിന് പ്രതിഫലേച്ഛകൂടാതെ പ്രവര്‍ത്തിച്ചതും ഹിന്ദുസംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു. കമ്മ്യൂണിസ്റ്റുകളല്ല.

നേരേമറിച്ച്‌ കമ്മ്യൂണിസ്റ്റുകള്‍ എന്നും ജാതിഭ്രഷ്ടിന്റെയും മറ്റും ഗുണഭോക്താക്കള്‍ മാത്രമായിരുന്നു. ജാതിവിവേചനങ്ങളെ അവര്‍ ഒരിക്കലും അനുകൂലിച്ചിരുന്നില്ലെന്നു മാത്രമല്ല്ല തുറന്നെതിര്‍ക്കുകയും ചെയ്തിരുന്നു എന്നത്‌ അനിഷേദ്ധ്യമായ സത്യമാണ്. എന്നാല്‍, ജാതിവിരോധമുയര്‍ത്തി വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നല്ലാതെ, ഹിന്ദുനവോത്ഥാനരംഗത്ത്‌ യാതൊരു സംഭാവനയും നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെന്നു തന്നെയാണ് ചരിത്രം പറയുന്നത്‌. 'ജാതി തകര്‍ക്കണം' എന്നൊക്കെപ്പറഞ്ഞപ്പോള്‍ ജാതി മാത്രമല്ല - ഒപ്പം ഹൈന്ദവമായ സകലവിശ്വാസങ്ങളും അവസാനിപ്പിച്ച്‌ ഹിന്ദുസമൂഹത്തിനു പുറത്തു വന്ന്‌ തൊഴിലാളിവര്‍ഗ്ഗസര്‍വാധിപത്യത്തിനായി മുന്നണിപ്പോരാളികളാകുക എന്ന അര്‍ത്ഥമാണവര്‍ ഉദ്ദേശിച്ചിരുന്നത്‌. അല്ലാതെ, ഹിന്ദുസമൂഹത്തിനുള്ളില്‍ നിന്നുകൊണ്ടു തന്നെ അനാചാരങ്ങളവസാനിപ്പിക്കുകയും എന്നാല്‍ വിശ്വാസങ്ങള്‍ പരിഷ്കരിച്ചു സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നില്ല.


പാര്‍ട്ടി പ്രവര്‍ത്തകരുടെ - എന്തിന്, മുതിര്‍ന്ന നേതാക്കളുടെ പോലും മനസ്സില്‍ നിന്ന്‌ ജാതിചിന്തയുടെ വേരറുക്കാന്‍ കഴിഞ്ഞിരുന്നതുമില്ല എന്നത് വലിയൊരു പരാജയമായി വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. ഇ.എം.എസ്‌.ന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ഗൌരിയമ്മയെ ജാതിപ്പേരു ചേര്‍ത്തു വിളിച്ചത്‌ - അതു കേട്ടിട്ടും മൌനം പാലിച്ച ഇ.എം.എസ്‌-നെ ഗൌരിയമ്മ തിരിച്ചും ജാതിപ്പേരു വിളിച്ചത്‌ - ഇതൊക്കെ അധികം വായിക്കപ്പെടാത്ത ചരിത്രപാഠങ്ങളാണ്. തന്നെ ജാതിചേര്‍ത്തു വിളിച്ചത്‌ ഒരു അപമാനമായി ഗൌരിയമ്മ കണ്ടതും അത്‌ ഒരു പരാതിയായി കൊണ്ടു നടന്നതുമൊക്കെ കാണിക്കുന്നത്‌ അവരിലൊക്കെ, അടിത്തട്ടിലുണ്ടായ മാനസികപരിവര്‍ത്തനമെന്നത്‌ വട്ടപ്പൂജ്യമായിരുന്നു എന്നു തന്നെയാണ്.

ഹൈന്ദവവിശ്വാസങ്ങളെ പാടെ എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യുക എന്നതു തന്നെയായിരുന്നു - ഇപ്പോഴുമാണ് - കമ്മ്യൂണിസ്റ്റുകളുടെ നയം. അണികളെ പിടിച്ചു നിര്‍ത്താന്‍ ഇടയ്ക്കിടെ ചില അടവുനയങ്ങള്‍ പുറത്തിറക്കാറുണ്ടെന്നേയുള്ളൂ. 'ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു' എന്നു പറയുന്ന കമ്മ്യൂണിസ്റ്റുകളാണോ ക്ഷേത്രോദ്ധാരണം നടത്തുന്നത്‌? മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു മാര്‍ക്സ്‌ പറഞ്ഞതിനെ മാര്‍ക്സിസ്റ്റുകള്‍ തള്ളിപ്പറയുമോ? ‘ഒരു ദിവസം ഒന്നില്‍ക്കൂടുതല്‍ ഉദയാസ്തമനപൂജയാവാം‘ എന്ന മട്ടിലൊക്കെ അബദ്ധ‍‌തീരുമാനങ്ങളെടുത്തു കൊണ്ടാണോ അവര്‍ പുരോഗമനം എത്തിക്കുന്നത്‌? ആചാരാനുഷ്ഠാനങ്ങളേപ്പറ്റിയും പൂജാവിധികളേപ്പറ്റിയുമുള്ള അജ്ഞതയ്ക്കു പുറമേ, പണത്തിനോടു മാത്രമുള്ള താല്‍പര്യം കൂടിയല്ലേ ഇതു വ്യക്തമാക്കുന്നത്‌? ക്ഷേത്രാചാരങ്ങളേക്കുറിച്ച്‌ അറിവോ വിശ്വാസമോ ബഹുമാനമോ ഇല്ലാതെ, ഭൗതിക കാര്യങ്ങളില്‍ മാത്രം താല്‍പര്യമുള്ളവര്‍ കൊണ്ടുവരുന്ന 'പുരോഗമന'ങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്തായിരിക്കും?

പമ്പയില്‍ ജെമിനി സര്‍ക്കസ്‌ അനുവദിക്കാന്‍ നീക്കമുണ്ടായിരുന്നത്‌ (!!!!) ദൈവാധീനത്താല്‍ ഭക്തര്‍ ഇടപെട്ട്‌ തടഞ്ഞിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രമേ താല്പര്യമുള്ളൂ എന്നും, ക്ഷേത്രാചാരങ്ങളും മറ്റും ഒരു മാതിരി സര്‍ക്കസ്‌ കളി മാത്രമാണ് എന്നും അറിയാത്തവര്‍ ചുരുങ്ങും. താന്‍ ഒരു ഹിന്ദുവാണോ അതോ കമ്മ്യൂണിസ്റ്റാണോ എന്നു തിരിച്ചറിയാനാവാതെ ആശയക്കുഴപ്പത്തിലകപ്പെട്ടു നില്‍ക്കുന്ന ചിലര്‍ക്കു മാത്രമേ "'യഥാര്‍ത്ഥ ഭക്തരെ' സഹായിക്കുന്ന പരിഷ്കാരങ്ങള്‍" എന്നൊക്കെയുള്ള വാചകങ്ങള്‍ ഉപയോഗിച്ച്‌ സര്‍ക്കസ്‌ വേലകളെ പിന്തുണയ്ക്കാന്‍ കഴിയൂ. പിന്നെ സ്വാഭാവികമായും - അഹിന്ദുക്കളായ മറ്റു കമ്മ്യൂണിസ്റ്റുകള്‍ക്കും.

ഈയിടെയായി ശബരിമലയില്‍ "ഇ-ദര്‍ശനം" എന്നൊരു പരിപാടിയേപ്പറ്റിയും പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. എന്താണ്‌ അതുകൊണ്ടുദ്ദേശിക്കുന്നത്‌ എന്നത്‌ ഇപ്പോളും "ഗുപ്ത"മാണ്‌. ചിലര്‍ പറയുന്നതു പോലെ, ക്യാമറ ഉപയോഗിച്ച്‌ ശ്രീകോവിലിനുള്ളിലെ ചടങ്ങുകള്‍ ഷൂട്ടു ചെയ്ത്‌ ഇന്റര്‍നെറ്റു വഴി കാണിക്കാനുള്ള പരിപാടിയാണെങ്കില്‍, അനവധി വിശ്വാസങ്ങള്‍ക്കും ആചാരമര്യാദകള്‍ക്കും വിരുദ്ധമാണത്‌. അത്തരമൊരു കൊടിയ അപരാധം ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകളേക്കാള്‍ വലിയ ഹിന്ദുവിരുദ്ധരാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ പോലും തയ്യാറാകുമെന്നു കരുതുക വയ്യ.

തിരുപ്പതിയിലെ മാതൃകയിലാണ്‌ 'ഇ-ദര്‍ശനം' ആലോചിക്കുന്നത്‌ എന്നു പറയുന്നു. നേരിട്ടു പോയി ക്യൂ നിന്ന്‌ ദര്‍ശനത്തിനുള്ള ടോക്കണ്‍ വാങ്ങുന്നതിനു പകരം മുന്‍കൂട്ടി 'ഓണ്‍ലൈന്‍' ആയി പണമടച്ചു ബുക്കു ചെയ്യുന്നതിനേര്‍പ്പെടുത്തിയിട്ടുള്ള സൗകര്യത്തിനാണ്‌ അവിടെ 'ഇ-ദര്‍ശനം' എന്നു പറയുന്നത്‌. അത്തരത്തില്‍, ശബരിമലയിലെ അരവണ കൗണ്ടറിലോ മറ്റോ മുന്‍കൂട്ടി ബുക്കിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്താനാണ് ഇവിടെയും ശ്രമിക്കുന്നതെങ്കില്‍, അതൊരു നല്ല കാര്യമാണ്‌. "34 വര്‍ഷമായി മല കയറുന്നു - ആദ്യമായിട്ടാണ്‌ അരവണകൂടാതെ മലയിറങ്ങേണ്ടി വരുന്നത്‌" എന്നു പറഞ്ഞ്‌ വികാരാധീനരായിട്ടാണ്‌ കഴിഞ്ഞ ദിവസം ചിലര്‍ മലയിറങ്ങിയത്‌. ഹിന്ദുക്കളുടെ മനസ്സില്‍ ദു:ഖമുണ്ടാക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ "ഇ-ദര്‍ശനം" അഥവാ "അരവണ ബുക്കിംഗ്‌" വഴി നടക്കുമെങ്കില്‍ - അതൊരു നല്ല കാര്യം തന്നെ. കമ്മ്യൂണിസ്റ്റുകള്‍ വരുത്തിയ ദു:ഖം കമ്മ്യൂണിസ്റ്റുകള്‍ തന്നെ തീര്‍ക്കട്ടെ.

* * * * * * * * * *
ചുരിദാര്‍ വിധിയെ വിമര്‍ശിച്ചു സംസാരിച്ച ചിലര്‍, ‘ജനാധിപത്യ മഹിളാ അസ്സോസിയേഷ‘നേപ്പോലുള്ള സംഘടനകള്‍ എവിടെപ്പോയി എന്നൊക്കെയും ചോദിക്കുന്നതു കേട്ടു. അതവരെ അധിക്ഷേപിക്കാന്‍ പറഞ്ഞതാണോ അതോ കാര്യമായിട്ടു പറഞ്ഞതാണോ എന്നു പോലും സംശയിച്ചുപോകുന്നു.

ഇതിനേക്കാളൊക്കെ പ്രാധാന്യമുള്ള ആയിരക്കണക്കിനു പ്രശ്നങ്ങള്‍ നമുക്കു ചുറ്റുമില്ലേ? ഒരു സ്ത്രീയ്ക്ക്‌ സ്വന്തം അവയവങ്ങള്‍ - ഏറ്റവും പ്രധാനപ്പെട്ടതായ കണ്ണു പോലും - സംരക്ഷിക്കാന്‍ സാധിക്കാത്ത മട്ടില്‍ അപകടകരമായൊരു സ്ഥിതിവിശേഷം ഇന്നു കേരളത്തിലില്ലേ? അതിനേക്കാളും പ്രധാന്യം അമ്പലത്തില്‍ തൊഴുന്നതിനുണ്ട്‌ എന്നു വരുമോ? താഴെക്കൊടുത്തിരിക്കുന്ന വാര്‍ത്ത അവര്‍ ഒന്നു വായിച്ചു നോക്കട്ടെ.
ക്യാമ്പസ്‌ ക്രൂരതകളുടെ പര്യായമായ എസ്‌.എഫ്‌.ഐ.ക്കാരാണ്‌ ഇവിടെയും അക്രമമാവര്‍ത്തിച്ച്‌ ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണുകുത്തിപ്പൊട്ടിച്ചത്‌. ഈ കൊടും ക്രൂരതയ്ക്കെതിരെ - സ്ത്രീ(മഹിളാ) പീഢനത്തിനെതിരെ - - ഒരൊറ്റ വരിയെങ്കിലുമെഴുതാന്‍ - ഒരു വാചകമെങ്കിലും പറയാന്‍ - കുറഞ്ഞപക്ഷം 'അതു തെറ്റല്ലേ' എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ ശബ്ദം താഴ്ത്തി ഒന്നു മൂളാനെങ്കിലും ആദ്യം അസ്സോസിയേഷന്‍ തയ്യാറാകട്ടെ. എന്നിട്ടാവാം ചുരിദാറിനേക്കുറിച്ചുള്ള പ്രതിഷേധങ്ങള്‍.

* * * * * * * * * *
സത്യത്തില്‍, സാംസ്കാരികജീര്‍ണ്ണതകളായും അന്ധവിശ്വാസങ്ങളായുമൊക്കെ കരുതപ്പെടുന്ന ചിലതൊക്കെ സമൂഹത്തില്‍ നിന്നു തുടച്ചുനീക്കുക എന്നതാണോ കമ്മ്യൂണിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്‌?

അങ്ങനെയാണെങ്കില്‍, സമൂഹമെന്നു പറഞ്ഞാല്‍ അതില്‍ പല മതക്കാരും പെടുമല്ലോ. കേരളത്തിലെ പ്രബലസാന്നിദ്ധ്യമായ കൃസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും കാര്യത്തില്‍ എന്താണാവോ നിലപാട്‌? അവരെയും നന്നാക്കണം എന്നൊന്നും ആരും ശഠിക്കുമെന്നു തോന്നുന്നില്ല. പക്ഷേ, 'അനാചാരങ്ങളൊഴിവാക്കണം' എന്നൊരു വാദം ഉന്നയിക്കപ്പെടുമ്പോള്‍, ഏതൊക്കെ അനാചാരങ്ങള്‍ എന്നു കൂടി വിശദീകരിക്കുക എന്നതൊരു സാമാന്യ മര്യാദയാണ്‌. 'ഹിന്ദു അനാചാരങ്ങള്‍' എന്ന്‌ എടുത്തു പറയാത്ത സ്ഥിതിക്ക്‌ അവര്‍ക്കു മാത്രമേ തിരുത്തപ്പെടേണ്ട ആചാരങ്ങളുള്ളൂ എന്നുമാവാം ചിലപ്പോള്‍ അര്‍ത്ഥമാക്കുന്നത്‌

കൃസ്തുമതവിശ്വാസികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാന്‍ യാതൊരു തടസ്സവുമില്ല എന്നൊരു മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന വന്നിട്ട്‌ ഒരാഴ്ക്ചപോലുമായില്ല. ക്രിസ്തീയമായ ഒരൊറ്റ ആചാരത്തോടും കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ എതിര്‍പ്പില്ല എന്നു വേണം മനസ്സിലാക്കാന്‍. അതല്ലെങ്കില്‍, ഉള്ളില്‍ എതിര്‍പ്പുണ്ടെങ്കില്‍ത്തന്നെ മറ്റെന്തെങ്കിലും കാരണത്താല്‍ അവയേക്കുറിച്ചു മിണ്ടാന്‍ പോലും താല്‍പര്യമോ ധൈര്യമോ ഇല്ല എന്നും.

മുസ്ലീങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മതമല്ലാതെ മറ്റൊന്നും പരിഗണിക്കാതെ മുസ്ലീങ്ങള്‍ക്കു സംവരണം ലഭിക്കുന്നതുറപ്പാക്കാന്‍ ഭരണഘടന ഒരു തടസ്സമാണെന്നുണ്ടെങ്കില്‍, അതിലെ ‘വര്‍ഗ്ഗീയ‘മായ ഏടുകള്‍ എടുത്തു മാറ്റി കൂടുതല്‍ "മതേതര"മാക്കി തിരുത്തണം എന്നു മാര്‍ക്സിസ്റ്റു നേതാക്കള്‍ വാദിച്ചു എന്നതു സത്യമാണ്‌. പക്ഷേ അനാചാരങ്ങളുണ്ടോ എന്നു പരിശോധിച്ച്‌ തിരുത്തുന്നതിലൂടെ ഒരു 'നവോത്ഥാന'ത്തിനു ശ്രമിക്കുന്നതിന്റെ ഭാഗമായി അതിനെ കാണാനാവില്ല.

ഇ.എം.എസ്‌. ഉണ്ടായിരുന്നപ്പോള്‍ ഒന്നു ശ്രമിച്ചതാണ്‌. 'ഈ ബഹുഭാര്യാത്വം അത്ര നല്ലതൊന്നുമല്ല' എന്നമട്ടില്‍ അദ്ദേഹം മയത്തില്‍ത്തന്നെ ഒന്നു പറഞ്ഞുനോക്കി. കേരളത്തെ പിടിച്ചു കുലുക്കിയ പ്രകടനങ്ങളുടെ പരമ്പരയോടെയാണ്‌ പിറ്റേ ദിവസം പുലര്‍ന്നത്‌. മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഒന്ന്‌ ഇങ്ങനെയായിരുന്നു.

"രണ്ടും കെട്ടും - നാലും കെട്ടും -
നമ്പൂരിശ്ശന്റെ ഓളേം കെട്ടും
"!

അന്ന്‌ അവസാനിച്ചതാണ്‌ "നവോത്ഥാനപരിശ്രമങ്ങള്‍". പിന്നീട്‌ ഇ.എം.എസോ അദ്ദേഹത്തിന്റെ കാലശേഷം മറ്റുള്ളവരോ അത്തരം ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചതായി കണ്ടിട്ടില്ല. (അന്ന്‌ കേരളനേതാക്കള്‍ പേടിച്ചുവെങ്കില്‍, ഇന്ന്‌ ബംഗാള്‍ നേതാക്കള്‍ പേടിച്ചു എന്നതു ചരിത്രം.)

പണ്ടൊക്കെ അനുകൂലിച്ചിരുന്ന "മതേതരവും ഏകീകൃതവുമായ സിവില്‍ കോഡ്‌" എന്ന ആശയം പിന്നീടു വിഴുങ്ങിക്കളഞ്ഞതും, ചില വിഭാഗങ്ങളുടെ കാര്യത്തില്‍ "നവോത്ഥാന"ത്തിനു തീരെ താല്‍പര്യമില്ല എന്നതിന്റെ സൂചന തന്നെയാണ്‌.

ഇതിലൊന്നും ഇവിടെ പരാതിയൊന്നുമില്ല. മറ്റാരെയും തൊടാതെ ഹിന്ദുക്കളെ മാത്രം 'നന്നാക്കാന്‍' ശ്രമിക്കുന്നത്‌ സ്നേഹം കൊണ്ടാണെന്നു കരുതാന്‍ ഒരുക്കമാണ്‌. പക്ഷേ ആ സ്നേഹം ആത്മാര്‍ത്ഥതയോടെയുള്ളതാണെന്നു തോന്നിപ്പിക്കുന്ന തരത്തിലാവണം സമീപനം.

സ്നേഹമുള്ളവരാണെങ്കില്‍, മാറി നിന്ന്‌ ആക്ഷേപിക്കുകയും തരം കിട്ടുമ്പോളൊക്കെ ഉപദ്രവിക്കുകയുമല്ല വേണ്ടത്‌. കൂടെ നിന്ന്‌ തിരുത്താനാണു ശ്രമിക്കേണ്ടത്‌. ഹിന്ദുക്കളുടെ ഏതൊക്കെ വിശ്വാസങ്ങളോടാണ്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ എതിര്‍പ്പ്‌? ഏതൊക്കെ “അനുവദിക്ക“പ്പെടാം? എന്തൊക്കെ, ഏതളവു വരെ തിരുത്തണം? ആക്ഷേപിക്കാനുള്ള അടുത്ത അവസരത്തിനായി കാത്തിരിക്കാതെ ഇപ്പോള്‍ത്തന്നെ പറയാവുന്നതാണ്‌.

ഹിന്ദുക്കളെ സകലരെയും (അവരെല്ലാം തിരുത്തലിന്റെ ഗുണഭോക്താക്കളാണല്ലോ) ഒരുമിച്ചു കൊണ്ടു വരാന്‍ ശ്രമിച്ച്‌ - അവരുടെ പ്രതിനിധികളെയെല്ലാം ഒന്നിച്ചിരുത്തി പൊതു ചര്‍ച്ചകള്‍ക്കുള്ള വേദിയൊരുക്കി - ആചാര്യന്മാരുടെയൊക്കെ സാന്നിദ്ധ്യത്തില്‍ ചില നീക്കങ്ങളായാലോ?

അതോ ഇനി ഹിന്ദുക്കളെ മൊത്തത്തില്‍ സാംസ്കാരികമായി ഉദ്ധരിക്കാനൊന്നും ലക്ഷ്യം വയ്ക്കുന്നില്ല - സവര്‍ണ്ണരെന്നു വിളിക്കപ്പെടുന്നവരില്‍ ചിലര്‍ മാത്രം ചേര്‍ന്ന്‌ ഒരു സമൂഹത്തിന്റെ ജീവിതം ഇപ്പോളും നിയന്ത്രിക്കുന്നു എന്നൊരു തോന്നല്‍ തരുന്ന അസ്വസ്ഥതയാണോ പ്രശ്നം? കാലമിത്ര പുരോഗമിച്ചിട്ടും, എത്ര ശ്രമിച്ചിട്ടും (ശ്രമിച്ചിരുന്നോ?), ബ്രാഹ്മണവിരോധം മനസ്സില്‍ നിന്നു മായ്ക്കാനാവുന്നില്ല എന്നതാണോ നേരിടുന്ന പ്രശ്നം? അവര്‍ മാത്രം തന്ത്രജ്ഞാനത്തിനും ശ്രീകോവില്‍ പ്രവേശനത്തിനുമെല്ലാം അര്‍ഹര്‍ എന്ന വ്യവസ്ഥിതി തന്നെ മാറണമെന്നാണോ പറയുന്നത്‌? അങ്ങനെയെങ്കില്‍ ദാ ഈ വാര്‍ത്ത ശ്രദ്ധിക്കാം.
സാമൂഹ്യവിപ്ലവത്തിന്റെ പരമകോടി എന്നു വേണമെങ്കില്‍ വിളിക്കാവുന്ന ഇതിനോടുള്ള സമീപനമെന്താണ്‌? ഇതും അനുവദിച്ചു കൂടാ - പഠിപ്പിക്കുന്നത്‌ ബ്രാഹ്മണരുടേതായിരുന്ന ആചാരങ്ങളൊക്കെത്തന്നെയാണല്ലോ - അവയെല്ലാം - സകല ഹൈന്ദവാചാരങ്ങളും തകര്‍ക്കപ്പെടണം എന്നാണോ ശാഠ്യം? അതോ ഇതൊരു നവോത്ഥാനത്തിന്റെ ചുവടുവയ്പായി അംഗീകരിക്കുന്നു - പക്ഷേ ചിലര്‍ പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്നു എന്നതിലെയും ഇതൊന്നും കൊട്ടിഘോഷിച്ചു നടക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നതിലെയും മഹത്വത്തോടു മാത്രം യോജിപ്പില്ല എന്നാണോ?

"ഹിന്ദുനവോത്ഥാനത്തിലൂടെ സാമൂഹ്യനവോത്ഥാനം" എന്നതാണു ലക്ഷ്യം വയ്ക്കുന്നതെങ്കില്‍, ഇടയ്ക്കിടയ്ക്കു മാത്രം ഇടപെട്ട്‌ ആക്ഷേപിക്കുക എന്നതവസാനിപ്പിച്ച്‌ മുമ്പു പറഞ്ഞമട്ടൊരു ചുവടുവയ്പിനു തയ്യാറാകേണ്ടതല്ലേ? അതിനൊപ്പം ഹിന്ദുസമൂഹത്തിന്റെ മൊത്തത്തിലുള്ള ജീവിതപുരോഗതിക്കും മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണമായ ഒരു "നവോത്ഥാന"ത്തിനു വേണ്ടി സമഗ്രവും എന്നാല്‍ വിശാലവുമായൊരു കര്‍മ്മപദ്ധതി രൂപകല്‍പന ചെയ്ത്‌ നടപ്പിലാക്കാം. അതിനു തയ്യാറുണ്ടോ ആവോ?

അങ്ങേയറ്റം ദുഷ്ക്കരമായ ഈ കാര്യത്തില്‍ നേരിട്ടു പ്രവര്‍ത്തിച്ചില്ലെങ്കിലും ശരി - പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരെ ആക്രമിക്കാതെ വിടാനും, ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്ഷേപങ്ങളും ദുഷ്‌പ്രചാരണങ്ങളും അവസാനിപ്പിക്കാനുമെങ്കിലും തയ്യാറായാല്‍ അതു തന്നെ ധാരാളമാണെന്നതാണ്‌ സത്യം.

* * * * * * * * * *
കമ്മ്യൂണിസ്റ്റുകള്‍ പൊതുവിലും മാര്‍ക്സിസ്റ്റുകള്‍ പ്രത്യേകിച്ചും പലപ്പോഴും എടുത്തുപയോഗിക്കാറുള്ളൊരു വാക്കാണ്‌ "ജനാധിപത്യം" എന്നത്‌. ആ വാക്കിനെ അവരങ്ങു സ്വന്തമാക്കിയതുപോലുണ്ട്‌. ഒരുതരം ഭീഷണിയുടെ രൂപത്തിലാണ്‌ അത്‌ ഉപയോഗിക്കാറു താനും.

"വിശ്വാസങ്ങളെ 'ജനാധിപത്യ'വല്‍ക്കരിക്കാന്‍ ശ്രമം നടത്തുമ്പോള്‍ തടയാന്‍ വന്നാല്‍ അനുവദിക്കില്ല" - "ജനാധിപത്യപ്രസ്ഥാനങ്ങള്‍ ചെറുക്കും" - എന്നൊക്കെ വീറോടെ ഉരുവിടുന്നതു കാണാം.

ഇവിടെ, 'മറ്റുള്ളവര്‍ ജനാധിപത്യത്തിനെതിരാണ്‌' എന്നുകൂടി ഒരു ധ്വനിയുള്ളതുകൊണ്ട്‌, ഇത്തരം പ്രയോഗങ്ങള്‍ കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌ എന്നു വ്യക്തമല്ലാതാവുന്നു. എന്തിനെയും ഒരു തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണുന്നതായും തോന്നിപ്പോകുന്നു.

ഏതെങ്കിലും ഒന്നിനുമാത്രമേ നിലനില്‍ക്കാനാവൂ എന്നൊരു സ്ഥിതിവിശേഷമുള്ളപ്പോള്‍ മാത്രമേ നാമൊരു തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നിര്‍ണ്ണയിച്ച്‌ മറ്റുള്ളതിനെ ഒഴിവാക്കേണ്ടതുള്ളൂ. ഒരു തെരഞ്ഞെടുപ്പ്‌ അതില്‍ പങ്കെടുക്കുന്നവരുടെ ഭൂരിപക്ഷവികാരം പ്രതിഫലിപ്പിക്കുമെന്നല്ലാതെ, നല്ലതേത്‌ എന്നതിന്റെ സൂചകമാവണമെന്നില്ല താനും. കേരളത്തില്‍ ഒന്നെങ്കില്‍ മില്‍മാബൂത്തുകള്‍ അല്ലെങ്കില്‍ ബിവറേജസ്‌ കോര്‍പറേഷന്റെ ഔട്ട്‌‌ലെറ്റുകള്‍ - ഇതിലേതെങ്കിലും ഒന്നേ അനുവദിക്കുകയുള്ളൂ എന്നൊരു സ്ഥിതിവിശേഷവും തുടര്‍ന്ന്‌ ജനഹിതപരിശോധനയും നടന്നാല്‍ മില്‍മയ്ക്ക്‌ കെട്ടിവച്ച കാശു കിട്ടണമെന്നില്ല. എന്നു വച്ച്‌ പാലു കുടിക്കുന്നതിനേക്കാള്‍ കേരളസമൂഹത്തിനു നല്ലത്‌ മദ്യമാണെന്നര്‍ത്ഥമില്ല. കൂടുതല്‍ പേര്‍ക്ക്‌ താല്‍പര്യം അതാണെന്നേയുള്ളൂ.

ഒരു തീരുമാനം വേണ്ടി വരുന്ന ഘട്ടത്തില്‍, വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുള്ളപ്പോള്‍, വോട്ടെടുപ്പിനേക്കൂടാതെ പല രീതികളും ലോകത്തു നടപ്പിലുണ്ട്‌. എല്ലാ വാദങ്ങളും പരിഗണിച്ച്‌ സമവായത്തിലൂടെ ഒരു പൊതു അഭിപ്രായം രൂപീകരിക്കാന്‍ ശ്രമിക്കുക - ആനുപാതിക പ്രാതിനിധ്യം പരിഗണിക്കുക - അങ്ങനെ പലതും. ഒരു യുദ്ധസമാനസാഹചര്യത്തിലാണെങ്കില്‍, ഇതിനൊന്നും നില്‍ക്കാതെ വിശ്വസനീയനായൊരു നേതാവിന്റെ പെട്ടെന്നുള്ള ഏകപക്ഷീയമായ തീരുമാനം അനുസരിക്കുന്നതാവും ചിലപ്പോള്‍ കൂടുതല്‍ അനുയോജ്യം. തീരുമാനം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം സാഹചര്യത്തിനനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും എന്നു ചുരുക്കം.

'ജനാധിപത്യം' എന്ന്‌ ഭീഷണസ്വരത്തില്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ പല പ്രശ്നങ്ങളിലും തുറന്ന മനസ്സോടെ ഒരു സമവായത്തിനു ശ്രമിക്കാന്‍ തയ്യാറില്ലാത്തവരും "ആധിപത്യം" എന്ന രണ്ടാം പാദത്തിന്‌ ഊന്നല്‍ കൊടുക്കുന്നുവരുമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തങ്ങളാണ്‌ എണ്ണത്തില്‍ക്കൂടുതല്‍ - തങ്ങള്‍ പറയുന്നത്‌ ബാക്കിയുള്ളവരെല്ലാം അംഗീകരിക്കണം - എന്ന ഒരു ധാര്‍ഷ്ട്യത്തിന്‌ അവര്‍ പൊതുവേ പറയുന്നൊരു പേരാണോ "ജനാധിപത്യം" എന്നും.

'അതെ' എന്നാണെങ്കില്‍, അതിന്‌ "ഭൂരിപക്ഷവര്‍ഗ്ഗീയത" എന്നതായിരിക്കും കുറേക്കൂടി യോജിച്ചപേര്‌. ആ പദവും ഇപ്പോള്‍ തെറ്റായ അര്‍ത്ഥത്തിലാണ്‌ ഉപയോഗിക്കപ്പെടാറുള്ളത്‌.

ഞങ്ങള്‍ക്കാണു ഭൂരിപക്ഷം - ഞങ്ങള്‍ പറയുന്നത്‌ എല്ലാവരും കേട്ടേ തീരൂ - ഗുരുവായൂരപ്പന്‍ എന്നൊരാളുണ്ടെങ്കില്‍ അദ്ദേഹമടക്കം - എന്ന കമ്മ്യൂണിസ്റ്റു മനോഭാവത്തില്‍ നിന്നു തന്നെയാണ്‌ ചുരിദാര്‍ തീരുമാനവും ജനാധിപത്യത്തിന്റെ പേരിലുള്ള ന്യായീകരണവുമുണ്ടാകുന്നത്‌. ഭക്തരോടുള്ള ആത്മാര്‍ത്ഥതയായിരുന്നെങ്കില്‍, അത്‌ മര്യാദാപൂര്‍വ്വമായിരുന്നു അവതരിപ്പിക്കപ്പെടുക. ഒരു സമവായമുണ്ടാക്കാനായിരുന്നു ശ്രമിക്കപ്പെടുക.

ശബരിമലയില്‍ സ്ത്രീകളെ "പ്രവേശിപ്പിക്കും" എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളിലും ഈ ജനാധിപത്യധാര്‍ഷ്ട്യം തന്നെയാണു പ്രകടമാവുന്നത്‌. ഇപ്പോള്‍ ദാ ദേവസ്വം ബോര്‍ഡില്‍ സി.പി.എം. അംഗങ്ങള്‍ക്ക്‌ ചോദ്യം ചെയ്യപ്പെടാനാവാത്ത ഭൂരിപക്ഷമുണ്ടാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ ബോര്‍ഡംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു! അതിനു ശേഷം, ധിക്കാരത്തോടെയുള്ള തീരുമാനങ്ങള്‍ എന്തൊക്കെയാണു വരാന്‍ പോകുന്നതെന്ന്‌ കാത്തിരുന്നു കാണുക തന്നെ.

* * * * * * * * * *
വിവാദങ്ങളുണ്ടാക്കി ലേഖനങ്ങളെഴുതുന്നവരും, ഭക്തരോടുള്ള ആത്മാര്‍ത്ഥത കൊണ്ടൊന്നുമല്ല അതിനു മുതിരുന്നത്‌. പാര്‍ട്ടി നയങ്ങളായി അവതരിപ്പിക്കപ്പെടുന്നവയെ എന്തു വന്നാലും പിന്തുണയ്ക്കുക എന്നത്‌ ഒരു കര്‍ത്തവ്യമായിത്തന്നെ കരുതുന്നതു കൊണ്ടാണ്‌.

‘നന്ദിഗ്രാമിലെ മാര്‍ക്സിസ്റ്റുകളെയോര്‍ത്ത്‌ അഭിമാനം കൊള്ളുന്നു‘വെന്നും ‘മേധാപട്കര്‍ കയ്യേറ്റം ചെയ്യപ്പെട്ടുവെങ്കില്‍ അതിശയിക്കാനില്ല‘ എന്നും മറ്റുമുള്ള പിണറായിയുടെ പ്രസ്താവനകളെ എതിര്‍ക്കാനിഷ്ടമുള്ള എത്ര പേരുണ്ടാവും അണികള്‍ക്കിടയില്‍? ഒരു വര്‍ഷത്തോളമായിട്ടും കലാപം അവസാനിപ്പിക്കാന്‍ കഴിയാത്തതു പിടിപ്പുകേടല്ലേ എന്നും, സ്ത്രീകളുടെ കാലില്‍ വെടി വച്ചിട്ടു ബലാത്സംഗം ചെയ്താണോ നാം "പുനരധിവാസം" നടത്തേണ്ടത്‌ - സമാധാനമാര്‍ഗ്ഗങ്ങളുപയോഗിച്ചല്ലേ - ഇതൊക്കെ എങ്ങനെയാണ് നമ്മുടെ “യശസ്സ്‌ വര്‍ദ്ധിപ്പിച്ചത്‌“ എന്നുമൊക്കെ തിരിച്ചു ചോദിക്കാന്‍ ആര്‍ജ്ജവമുള്ള എത്ര പേരുണ്ടാവും?

ചുരിദാര്‍ പിന്തുണയുടെ പിന്നിലും ഈ മനോഗതി തന്നെ. പാര്‍ട്ടി നിലപാട്‌ ഒന്നു പ്രഖ്യാപിച്ചു കിട്ടിയാല്‍ മതി - പിന്തുണ റെഡി!

മറ്റൊരു കാരണം - പഴയകാലമൊക്കെ അയവിറക്കി ജാതിവിരോധമൊക്കെ ഊതിപ്പെരുപ്പിച്ച്‌ ‘സവര്‍ണ്ണവിരോധം” എന്ന പ്രത്യയശാസ്ത്രജാഡ അവതരിപ്പിക്കാനും, ഹിന്ദുസമൂഹത്തെ അധിക്ഷേപിക്കാനുമുള്ള ഒരു അവസരം പരമാവധി ഉപയോഗിക്കുക എന്നതാണ്.

“ചുരിദാര്‍ അനുവദിക്കേണ്ട എന്ന വിധിയിലൂടെ ജ്യോതിഷികള്‍ മനപ്പുര്‍വ്വം മാമൂലുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്‌“ എന്നു പറയുന്ന ചിലര്‍, അതിനുള്ള പ്രേരണയായിപ്പറയുന്നത്‌ “തന്ത്രിമാര്‍ക്ക്‌ ഭക്തകളുടെ നഗ്നത കണ്ട്‌ ആസ്വദിക്കാനാണെ“ന്നൊക്കെയാണ്‌! സാരിയുടുത്തവരെ അശ്ലീലമനോഭാവത്തോടെ കാണുന്ന ചിലരുടെ മനോരോഗവും, നമ്പൂതിരിമാരെ ആക്ഷേപിക്കാനുള്ള അമിതതാല്പര്യവും മാത്രമാണ്‌ ഇത്തരം ആരോപണങ്ങളിലൂടെ വെളിപ്പെടുന്നത്‌. കുറച്ചുകൂടി നല്ലൊരു കാരണം കണ്ടെത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ കൂടുതല്‍ പേര്‍ പിന്തുണച്ചേനെ.

ദേവപ്രശ്നത്തിന്റെ ആദ്യ ദിവസങ്ങളില്‍ ലഭിച്ച സൂചനകളിലൊന്ന്‌ 'ക്ഷേത്രത്തിനു സമീപപ്രദേശങ്ങളില്‍ അസ്വാഭാവികമരണങ്ങളുണ്ടായേക്കാം' എന്നതായിരുന്നു. തുടര്‍ദിവസങ്ങളില്‍, മുമ്പെങ്ങുമുണ്ടാകാത്ത വിധം, നാലോളം അപകടമരണങ്ങള്‍ നടക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍, പ്രശ്നവിമര്‍ശകരുടെ നിലപാട്‌ രസകരമാണ്. അക്കാര്യം റിപ്പോര്‍ട്ടു ചെയ്ത പത്രങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയാണു പലരും ചെയ്തത്‌. “ദേവപ്രശ്നത്തിനു വിശ്വാസ്യതയുണ്ടാക്കിക്കൊടുക്കേണ്ടത്‌ പത്രങ്ങളുടെ ബാദ്ധ്യതയാണോ?” എന്നാണവര്‍ ചോദിക്കുന്നത്‌. 'ജ്യോതിഷികളുടെ പ്രവചനങ്ങളെ സാധൂകരിക്കാനായി ആരെങ്കിലും അവരെയൊക്കെ മനപ്പുര്‍വം കൊന്നുകളഞ്ഞതാ'ണെന്നു പോലും വാദിച്ചുകളഞ്ഞേക്കാം ചിലപ്പോള്‍. ഇതിനെയൊക്കെ എതിര്‍ക്കുക മാത്രമേ ആകാവൂ എന്നൊരു നിലപാടാണതു കാണിക്കുന്നത്‌. ഇതൊക്കെ കൂടുതല്‍ ചെറുത്തു നില്‍പ്പുകള്‍ ക്ഷണിച്ചു വരുത്തുകയേയുള്ളൂ. അന്ധമായ, ഏകപക്ഷീയമായ ചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം, സത്യത്തെ സത്യമായിത്തന്നെ കണ്ട്‌ ഒരു നിഷ്‌പക്ഷനിലപാടില്‍ നിന്നു കൊണ്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കേ സമഗ്രമായൊരു സാമൂഹ്യപരിവര്‍ത്തനത്തിനു വിത്തിടാന്‍ കഴിയൂ.

* * * * * * * * * *
നിര്‍ത്തുകയാണ്‌. ഇവിടെ, പഴഞ്ചനോ പിന്തിരിപ്പനോ ആയ ഏതെങ്കിലും ആശയങ്ങള്‍ക്കു വേണ്ടി വാദിച്ചു എന്നു ഞാന്‍ കരുതുന്നില്ല. ക്ഷേത്രാചാരങ്ങള്‍ കാലോചിതമായി പരിഷ്കരിക്കപ്പെടുന്നതിലും വിശ്വാസികള്‍ക്കു കൂടുതല്‍ സൌകര്യമുണ്ടാകുന്നതിലുമൊക്കെയാണ് എനിക്കും താല്പര്യം. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍, കമ്മ്യൂണിസ്റ്റുകളുടെ അവകാശവാദങ്ങളുടെയും അമിതതാല്‍പര്യങ്ങളുടെയും 'അഭിനയ'ങ്ങളുടെയും പിന്നില്‍ ധാരാളം വൈരുദ്ധ്യങ്ങളും തികഞ്ഞ കാപട്യങ്ങളുമുണ്ടെന്നു തുറന്നു കാണിക്കാന്‍ മാത്രമാണ്‌ ശ്രമിച്ചത്‌.

"ദാ മാമൂലുകളെ കൂട്ടു പിടിച്ച്‌ - സവര്‍ണ്ണ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനു ചൂട്ടു കാണിച്ച്‌ - ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കു തുരങ്കം വയ്ക്കുന്നു" എന്നൊക്കെയുള്ള മട്ടില്‍, അര്‍ത്ഥശൂന്യമായ വരികളുപയോഗിച്ചുകൊണ്ടുള്ള ചില പ്രതികരണങ്ങള്‍ ഇതു ക്ഷണിച്ചു വരുത്തിയേക്കാം. വാക്കുകള്‍ കൊണ്ടു കാണിക്കുന്ന അത്തരം മായാജാലങ്ങളില്‍ എല്ലാവരും ഭ്രമിച്ചു പോകുകയൊന്നുമില്ലെന്നും, ചിന്തിക്കാനിഷ്ടപ്പെടുന്നവരുടെ തലമുറയ്ക്ക്‌ വംശനാശം സംഭവിച്ചിട്ടില്ലെന്നും അവരെ അറിയിക്കുക എന്നൊരു "രഹസ്യ അജണ്ട" കൂടി എനിക്കുണ്ടെന്നു കരുതാവുന്നതാണ്‌.

പണ്ടത്തെ വസ്ത്രമായിരുന്ന താറിന്റെ "പുരോഗമന"മുഖമാണ്‌ ചുരിദാര്‍ എന്നും താറിനെ "ജനാധിപത്യവല്‍ക്കരി"ച്ചപ്പോളാണ്‌ ചുരിദാറുണ്ടായത്‌ എന്നും പോലും ചിലര്‍ വാദിച്ചു കളഞ്ഞേക്കാം. വാക്കുകള്‍ കൊണ്ടുള്ള മാജിക്കില്‍ കുടുങ്ങി ജനം പതിവുപോലെ അതും വിശ്വസിക്കുകയും ചെയ്തേക്കാം. കാത്തിരുന്നു കാണുക തന്നെ.

Wednesday, November 14, 2007

രാമസേതു - 5 - ഡി.വൈ.എഫ്‌.ഐ. നേതാവിനുള്ള മറുപടി

രാമസേതു സംബന്ധിച്ച അഞ്ചു തുടര്‍പോസ്റ്റുകളില്‍ അഞ്ചാമത്തേതാണ്‌ ഇത്‌.
ഇതിനു മുമ്പുള്ള ഭാഗങ്ങള്‍ ഇവിടെ:-
1 - 'ചിത്രകാര'നുള്ള മറുപടി
2 - സോണിയാഗാന്ധിക്കുള്ള മറുപടി
3 - പ്രകാശ്‌ കാരാട്ടിനുള്ള മറുപടി
4 - കരുണാനിധിക്കുള്ള മറുപടി

* * * * * * * * * * * * * * * * * * * * * * * * * * * * * *
ഡി.വൈ.എഫ്‌.ഐ നേതാവ്‌ ശ്രീ. ശ്രീരാമകൃഷ്ണന്‍,

രാമസേതു വിവാദം കത്തിനിന്ന സമയത്ത്‌ പലയിടത്തു നിന്നുമുണ്ടായ പരാമര്‍ശങ്ങള്‍ വളരെ ദു:ഖിപ്പിക്കുന്നവയായിരുന്നു. എന്നാല്‍, ഇടയ്ക്ക്‌ ആശ്വാസത്തിനു വക നല്‍കിക്കൊണ്ട്‌ ഏറെ ചിരിപ്പിച്ച ചില പ്രസ്താവനകളിറക്കിയത്‌ താങ്കളാണ്‌. അതിന്‌ ആദ്യം തന്നെ നന്ദി പറയട്ടെ.

ഒന്ന്‌

ഒരു പ്രഖ്യാപനം ഇങ്ങനെ പോകുന്നു. "രാമസേതു വിവാദം മറയാക്കി(?) രാജ്യത്തെ സാമുദായികമായി വെട്ടിമുറിക്കാനുള്ള സംഘപരിവാര്‍ നീക്ക(!)ത്തെ ചെറുക്കു"മത്രേ! "സേതുസമുദ്രം പദ്ധതിയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതു തടയുക എന്ന ആവശ്യവും മറ്റുമുന്നയിച്ച്‌ DYFI തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തു"മത്രെ!

ആ വാക്കുകള്‍ക്കു പിന്നിലൊളിച്ചിരിക്കുന്നത്‌ അങ്ങേയറ്റം അപകടകരമായ വര്‍ഗ്ഗീയകൂസിസ്റ്റു രാഷ്ട്രീയമാണ്‌. എങ്കിലും, അവയിലടങ്ങിയിട്ടുള്ള മണ്ടത്തരവും ഭീരുത്വവുമാണ്‌ ചിരിക്കു വക നല്‍കിയത്‌.

രാമസേതു വിവാദം 'മറയാക്കി'യത്രേ! മറയോ? ആരാണിവിടെ - എന്താണിവിടെ മറച്ചു പിടിച്ചിരിക്കുന്നത്‌? എന്താണു താങ്കളുടെ മനസ്സിലിരിപ്പെന്നു തുറന്നു പറയുമോ?

ഇങ്ങനെ ഓരോ വാക്കുകളുപയോഗിച്ച്‌ ഭീതിയും ആശയക്കുഴപ്പവും പരത്താന്‍ വൃഥാ ശ്രമിച്ചു പരിഹാസ്യരാകുന്നത്‌ നിങ്ങളുടെ ശീലമായിക്കഴിഞ്ഞതു പോലുണ്ട്‌. രഹസ്യ അജണ്ട - ഹിഡണ്‍ അജണ്ട - ഫാസിസ്റ്റ്‌ അജണ്ട! കഷ്ടം! വാക്കുകള്‍ കൊണ്ട്‌ മായാജാലം കാണിച്ച്‌ ആശയക്കുഴപ്പമുണ്ടാക്കുന്നതിലൂടെ യഥാര്‍ത്ഥപ്രശ്നങ്ങളില്‍ നിന്നു രക്ഷപെടുക എന്ന നിങ്ങളുടെ പതിവു തന്ത്രം മാത്രമല്ലേ ഇത്‌?

ബാക്കിയുള്ളവര്‍ക്കൊക്കെ ഇവിടെ യാതൊരു മറയുമില്ലാതെ കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്‌. താങ്കള്‍ക്കൊന്നും ഇനിയും ഒന്നും മനസ്സിലായില്ലെങ്കില്‍ (കഷ്ടം!) വളരെ ചുരുക്കി ഒന്നുകൂടി പറഞ്ഞുതരാന്‍ ശ്രമിക്കാം.

സേതുസമുദ്രം പദ്ധതിയ്ക്കായി ഇപ്പോള്‍ പരിഗണിച്ചിരിക്കുന്ന അലൈന്മെന്റു പ്രകാരം രാമസേതു എന്നറിയപ്പെടുന്ന ചിറയുടെ ഒരു ഭാഗം തകര്‍ക്കേണ്ടതുണ്ട്‌. ഇന്നാട്ടിലെ കോടിക്കണക്കിനു വരുന്ന ഹിന്ദുസമൂഹത്തിന്‌ - അവരില്‍ ബഹുഭൂരിപക്ഷത്തിനും - പലതുകൊണ്ടും വിഷമമുണ്ടാക്കുന്നൊരു കാര്യമാണത്‌.

(അതിനു വിഷമിക്കുന്നതെന്തിന്‌ എന്നൊരു ചിന്ത താങ്കള്‍ക്കുണ്ടാകാം - പക്ഷേ എന്തു ചെയ്യാം - ധാരാളമാളുകള്‍ക്ക്‌ അതു സംരക്ഷിക്കപ്പെട്ടു കാണാനാണ്‌ ആഗ്രഹം. ആ ആഗ്രഹത്തിനു പിന്നില്‍, കേവലം മതവിശ്വാസത്തിനതീതമായ അനവധി വികാരങ്ങള്‍ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടു താനും.)

ആ വികാരങ്ങള്‍ പേറുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ചിറ തകര്‍ക്കാതെ തന്നെ കപ്പല്‍ച്ചാല്‍ നിര്‍മ്മിക്കാവുന്ന മറ്റു സാദ്ധ്യതകളേക്കുറിച്ച്‌ അറിവുണ്ടു താനും. എല്ലാ സാദ്ധ്യതകളും വിശദമായി പരിഗണിക്കപ്പെട്ടില്ലെന്നും സേതു തകര്‍ത്തുകൊണ്ടുള്ള പ്ലാന്‍ ധൃതിയോടും ധാര്‍ഷ്ട്യത്തോടും കൂടെ അംഗീകരിക്കപ്പെടുകയായിരുന്നു എന്നും പരാതികളുണ്ട്‌.

ഈ വികാരങ്ങള്‍ക്കെല്ലാമൊപ്പം, പദ്ധതിയുടെ അപ്രായോഗികതകള്‍ സംബന്ധിച്ച അനേകം നിരീക്ഷണങ്ങള്‍ കൂടി ചേര്‍ന്നു വന്നു. അതെല്ലാം സ്വാഭാവികമായും പദ്ധതിക്കെതിരായ ജനകീയപ്രതിരോധങ്ങള്‍ക്കു തുടക്കം കുറിച്ചു.

ഇവിടെ, പ്രതിഷേധിച്ചവരുടെ ആവശ്യങ്ങളെന്തൊക്കെയാണെന്നു വളരെ വ്യക്തമായിരുന്നില്ലേ? അവരതു തുടര്‍ച്ചയായി വ്യക്തമാക്കിയിരുന്നില്ലേ? ഇവിടെ എന്താണു സുഹൃത്തേ മറ? ദയവായി ഒന്നു വ്യക്തമാക്കുമോ? നിങ്ങളെന്തിനെയാണു ഭയക്കുന്നത്‌? നിങ്ങളാരെയാണു ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്‌?

ഇവിടെ ചില സംഘപരിവാര്‍ സംഘടനകള്‍ ഇടപെടുന്നതു കണ്ടപ്പോളല്ലേ ശ്രീരാമകൃഷ്ണന്‍ - താങ്കളുടെ കൂട്ടരും അമിതാവേശത്തോടെ ഓടിയെത്തിയത്‌? അതുവരെ നിങ്ങളെവിടെയായിരുന്നു? വിശ്വഹിന്ദു പരിഷത്‌ ഒക്കെ സ്വാഭാവികമായും ഇതില്‍ ഇടപെട്ടു - ചില സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. അതിലൊക്കെ എന്താണ്‌ അത്ഭുതമുള്ളത്‌? അവര്‍ ഇടപെട്ടില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടത്‌? അപ്പോളല്ലേ 'അതെന്തു പറ്റി' എന്നാലോചിച്ച്‌ ഒരു 'മറ'യേപ്പറ്റിയൊക്കെ സംശയിക്കേണ്ടത്‌? ഇപ്പോളത്തെ സാഹചര്യത്തില്‍ നിങ്ങളീപ്പറയുന്ന മറയാക്കലും വെട്ടിമുറിക്കലും ഒക്കെ എവിടെയാണ്‌?

സേതു തകര്‍ത്താലല്ലേ സാമുദായികമായി 'മുറി'യുന്നത്‌? അപ്പോളല്ലേ ജനങ്ങള്‍ക്കു തോന്നുക - തങ്ങളുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വികാരങ്ങള്‍ക്കു വിലകല്‍പിക്കപ്പെട്ടില്ല എന്ന്‌? നേരെ മറിച്ച്‌ അതു തകര്‍ക്കാതിരുന്നാല്‍ ആരുടെ എന്തു വികാരമാണ്‌ വ്രണപ്പെടുക? എങ്ങിനെയാണ്‌ സാമുദായികമായ ഒരു 'മുറി'വുണ്ടാകുക? അപ്രായോഗികമെന്ന്‌ പലവശങ്ങളില്‍ നിന്നും മുന്നറിയിപ്പു ലഭിച്ചിട്ടുള്ള ഒരു പദ്ധതി പുന:പരിഗണിക്കപ്പെടുന്നതോടെ സമുദായഭേദമെന്യേ ഈ രാജ്യത്തെ ജനതയ്ക്കു മുഴുവനല്ലേ പ്രയോജനമുണ്ടാവുക?

ഇവിടെ ഹിന്ദുക്കളോ ഹിന്ദുസംഘടനകളോ ഒന്നും ഒരു പ്രശ്നവും "സൃഷ്ടി"ച്ചിട്ടില്ല. അവരെ അനാവശ്യമായി പ്രശ്നങ്ങളിലേക്കു തള്ളിയിട്ടതും അവരുടെ വികാരങ്ങളെ പരമാവധി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും നിങ്ങളാണ്‌. തുടര്‍ന്ന്‌ ആരെങ്കിലും പ്രതിഷേധിച്ചാല്‍ 'ദാ ഫാസിസ്റ്റുകള്‍(!) ശബ്ദശല്യമുണ്ടാക്കുന്നു. രാജ്യത്തെ സാമുദായികമായി വിഭജിക്കാനുള്ള(!!) രഹസ്യ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു' എന്നൊക്കെപ്പറഞ്ഞ്‌ അടുത്ത ആരോപണം ഇറക്കാം അല്ലേ ശ്രീരാമകൃഷ്ണാ? വാദിയെ പ്രതിയാക്കുന്ന ക്രൂരമായ പരിപാടികളാണിതൊക്കെ എന്നതില്‍ സംശയമുണ്ടോ? സാമുദായികമായി വിഭജിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്രേ! കഷ്ടം! നിങ്ങളൊക്കെത്തന്നെ തുടങ്ങിവച്ച മതപീഠനം ആദ്യം അവസാനിപ്പിച്ചാല്‍ പ്രതിഷേധങ്ങളും "വിഭജനശ്രമ"ങ്ങളും താനേ ഇല്ലാതാവില്ലേ? അപ്പോളെങ്കിലും നിങ്ങള്‍ മനസ്സിലാക്കുമോ ആരാണു യഥാര്‍ത്ഥത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നതെന്ന്‌?

നിങ്ങള്‍ക്കീ വാസ്തവങ്ങളൊന്നും അറിയാഞ്ഞിട്ടല്ല എന്നതാണു സത്യം. ഇതെല്ലാം മനപ്പുര്‍വ്വം മറച്ചുവച്ചുകൊണ്ട്‌ മേല്‍ത്തരം വര്‍ഗ്ഗീയപരാമര്‍ശങ്ങളിലൂടെ നേട്ടമുണ്ടാക്കാനല്ലേ സത്യത്തില്‍ നിങ്ങള്‍ ശ്രമിക്കുന്നത്‌? നിങ്ങളല്ലേ ഇവിടെ വര്‍ഗ്ഗീയത വലിച്ചിഴച്ചുകൊണ്ടു വരുന്നത്‌? ഇതൊക്കെ ചോദ്യം ചെയ്യാന്‍ ആരും മുന്നോട്ടു വരികയില്ല എന്ന അബദ്ധധാരണ അവസാനിപ്പിച്ചേക്കൂ.

രണ്ട്‌

'രാജ്യത്തെ വെട്ടി മുറിക്കാന്‍ ശ്രമിക്കുന്നു' എന്നതുകൊണ്ട്‌ താങ്കളര്‍ത്ഥമാക്കുന്നതെന്താണ്‌? തങ്ങളുടെ "നിയന്ത്രണത്തിലുള്ള" സ്ഥലങ്ങള്‍ എന്നും അല്ലാത്തവ എന്നും സ്ഥലങ്ങളെ വേറിട്ടു കാണുന്ന അധമപ്രവൃത്തി ചെയ്യുന്ന ഒരേയൊരു സമൂഹം ഭാരതത്തില്‍ സി.പി.എം. മാത്രമല്ലേ? 'പാര്‍ട്ടിഗ്രാമങ്ങള്‍' എന്ന പ്രയോഗം തന്നെ നിങ്ങളുടെ സംഭാവനയല്ലേ? 'പിടിച്ചെടുത്ത' അത്തരം സ്ഥലങ്ങളില്‍ കൊടികള്‍ സ്ഥാപിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ദാ പത്രത്താളുകളില്‍ നിറയുന്നതു കാണുന്നില്ലേ? ബംഗാളില്‍ ഇതെന്താണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌ - ആഭ്യന്തരയുദ്ധമോ? അതോ ഏതെങ്കിലും ശതൃരാജ്യത്തിന്റെ ആക്രമണമോ? രാജ്യത്തെ വെട്ടിമുറിക്കുന്നത്രെ! നിങ്ങളുടെ മനസ്സിലുള്ള ദുഷ്‌‌ചിന്തകള്‍ തന്നെയാണു സുഹൃത്തേ ഇത്തരം ദുരാരോപണങ്ങളിലൂടെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ദയവായി ഈ രാജ്യത്തെ മുറിക്കുന്ന പരിപാടികള്‍ അവസാനിപ്പിക്കുക.

പണ്ട്‌ കുറേ അധികാരമോഹികളും മതഭ്രാന്തന്മാരും ചേര്‍ന്ന്‌ ഈ രാജ്യം വെട്ടി മുറിച്ചപ്പോള്‍ അരുതേയെന്നു വിലപിച്ചവരുണ്ടിവിടെ. അതു തടയാന്‍ കഴിയാതിരുന്നതിന്റെ കദനഭാരവും പേറി കഴിയുന്നവരുണ്ടിവിടെ. നമ്മെ ഒരു രാഷ്ട്രമാക്കി നിലനിര്‍ത്തുന്ന പൊതുഘടകങ്ങളെ പരമാവധി ഉജ്വലിപ്പിച്ച്‌, വിഘടനവാദങ്ങളെ പരമാവധി ചെറുത്ത്‌, ദേശീയോദ്ഗ്രഥനത്തിന്റെ മഹത്സന്ദേശം പ്രചരിപ്പിക്കുന്നവരുണ്ടിവിടെ. പലപ്പോഴും അവരേക്കുറിച്ചൊക്കെ ആക്രോശിക്കുമ്പോഴാണ്‌ ഈ വെട്ടിമുറിക്കല്‍ എന്ന പദം നിങ്ങളുപയോഗിക്കുന്നത്‌. എത്രമാത്രം പരിഹാസ്യമായൊരു അവസ്ഥയാണത്‌!

നേരേ മറിച്ച്‌ നിങ്ങളുടെ കാര്യമെടുത്താലോ - തങ്ങളുടെ ആശയപ്രചാരണം സാദ്ധ്യമാകുകയും അധികാരം ലഭ്യമാകുകയും ചെയ്യുമെന്നാണെങ്കില്‍, ഈ രാജ്യത്തെ ആയിരം തുണ്ടമാക്കാനും മടിയില്ലാത്തവര്‍! ഭാരതീയരുടെ നെഞ്ചിലേക്ക്‌ ചൈനീസ്‌ പട ഇരച്ചു കയറിയപ്പോള്‍, പ്രത്യയശാസ്ത്രാഭിമുഖ്യത്തിന്റെ ബീഭത്സമുഖം പേറിക്കൊണ്ട്‌ ആ പടയാളികള്‍ക്കു ജയ്‌ വിളിച്ചവരല്ലേ നിങ്ങള്‍? നമ്മുടെ പടയാളികള്‍ക്കു (അങ്ങനെ പറയാമല്ലോ അല്ലേ?) ഭക്ഷണവും മരുന്നുമൊക്കെ എത്തുന്നതു തടയാനായി ബംഗാള്‍ അതിര്‍ത്തിയില്‍ പണിമുടക്കു പ്രഖ്യാപിച്ചതിന്റെ പാപം കഴുകിക്കളയാനായി ഏതെങ്കിലും പുണ്യനദിയില്‍ പതിനായിരം തവണ മുങ്ങി നിവര്‍ന്നു വരിക നിങ്ങളാദ്യം. ഈയിടെയും ചൈനീസ്‌ പ്രേമം പരസ്യമായി വെളിപ്പെടുത്തിയ ദേശീയനേതാവിനോടും കൂടെ മുങ്ങാന്‍ പറയുക. വെട്ടിമുറിക്കലിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അതിനുശേഷമാവാം.

മൂന്ന്

ഈയൊരു വിഷയത്തിലെ ഏറ്റവും വലിയ തമാശ ഗൗരവരൂപേണ വിളിച്ചു പറഞ്ഞതും താങ്കള്‍ തന്നെയാണ്‌. "രാമസേതു വിവാദം കോണ്‍ഗ്രസും ബി.ജെ.പി.യും ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയാണ"ത്രേ!!! "ആണവക്കരാറില്‍ നിന്നു ശ്രദ്ധ തിരിക്കാനാ"ണത്രേ ഇത്‌!

ദാ കിടക്കുന്നു - കഷ്ടം!

(ദൈവമേ - എന്തിനും ഒരു പരിധിയില്ലെന്നുണ്ടോ? ഒരു പ്രസ്ഥാനത്തിന്റെയും മറ്റും അമരത്തിരിക്കുന്നവര്‍ ഇത്ര ബുദ്ധിശൂന്യമായ പരാമര്‍ശങ്ങള്‍ നടത്തും എന്നത്‌ ഇപ്പോഴും അവിശ്വസനീയമായിത്തോന്നുകയാണ്‌)

ആണവക്കരാര്‍ സംബന്ധിച്ച ഇടതുപക്ഷത്തിന്റെ മുറവിളി ജനങ്ങള്‍ മൈന്‍ഡു ചെയ്തില്ലെന്ന ഒരു നിരാശയില്‍ നിന്നുയര്‍ന്നു വന്ന ഒരു വാചകമാണത്‌ എന്നു വ്യക്തം. "ഞങ്ങളും ഇവിടുണ്ടേ - ഞങ്ങള്‍ക്കും ശ്രദ്ധ കിട്ടണം" എന്നു വിളിച്ചു പറഞ്ഞതു പോലെ.

നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ട്‌ എത്രമാത്രം ഉത്തരം നഷ്ടപ്പെട്ടാലും ശരി - ഇത്തരം അബദ്ധപ്രസ്താവങ്ങളിലൂടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച്‌ പരിഹാസ്യരാവാന്‍ മടിക്കാത്തവരോട്‌ കൂടുതലെന്തു പറയാനാണ്‌?

Thursday, November 08, 2007

രാമസേതു - 4 - കരുണാനിധിക്കുള്ള മറുപടി

രാമസേതു സംബന്ധിച്ച അഞ്ചു തുടര്‍പോസ്റ്റുകളില്‍ നാലാമത്തേതാണ്‌ ഇത്‌.
ഇതിനു മുമ്പുള്ള ഭാഗങ്ങള്‍ ഇവിടെ:-
1 - 'ചിത്രകാര'നുള്ള മറുപടി.
2 - സോണിയാഗാന്ധിക്കുള്ള മറുപടി.
3 - പ്രകാശ്‌ കാരാട്ടിനുള്ള മറുപടി.

ഈ പോസ്റ്റിലെ തന്നെ വ്യത്യസ്തഭാഗങ്ങളുടെ പട്ടിക ചുവടെ.
വൈകിയെത്തിയ വീണ്ടുവിചാരം
മനപ്പൂര്‍വ്വമുള്ള പ്രകോപനം?
ആശ്ചര്യം അറിവില്ലായ്മയില്‍ നിന്ന്‌
അണികള്‍ ‘പണി‘തരുമ്പോള്‍
‍അതിരുകടക്കുന്ന പ്രാദേശിക/വിഘടനവാദങ്ങള്‍
‘ഇഷ്ട‘വ്യക്തികളോ ‘വിശിഷ്ട‘വ്യക്തികളോ?
ചിന്നചിന്ന ആശൈ
മാനക്കേടും മെനക്കേടും

----------------------------------------
വൈകിയെത്തിയ വീണ്ടുവിചാരം

ശ്രീ കരുണാനിധീ,
ശ്രീരാമനെ സംബന്ധിച്ച താങ്കളുടെ പരാമര്‍ശങ്ങള്‍ക്ക്‌ നേരിട്ടു മറുപടി പറയുന്നതില്‍ നിന്ന്‌ ഞാന്‍ വിട്ടു നില്‍ക്കാനാഗ്രഹിക്കുന്നു. 'ശ്രീരാമസ്വാമി'യെന്ന്‌ "ഗ്യാപ്‌" ഇല്ലാതെ അടുപ്പിച്ചു പറഞ്ഞ്‌ ചീത്തവിളിച്ചാല്‍ എനിക്കും, 'ശ്രീ.--രാമസ്വാമി'(നായ്ക്കര്‍) എന്ന്‌ ഗ്യാപ്‌ ഇട്ടു പറഞ്ഞാല്‍ താങ്കള്‍ക്കും അതു വിഷമമുണ്ടാക്കും. മറ്റുള്ളവരുടെ നേരെ ഭര്‍ത്സനമെറിഞ്ഞുകൊണ്ടുള്ള സംസാരം - താങ്കളേപ്പോലെ രാഷ്ട്രീയപ്രവര്‍ത്തനപാരമ്പര്യമില്ലാത്തതിനാലാവാം - എനിക്കല്‍പം ബുദ്ധിമുട്ടു തന്നെയാണ്‌.

എന്നാല്‍, കഴിഞ്ഞയിടെ താങ്കളെന്താണു പത്രക്കാരോടു പറഞ്ഞത്‌? സേതുസമുദ്രം പദ്ധതിയുടെ പ്ലാന്‍ പുനപ്പരിശോധിക്കുന്നതില്‍ വിരോധമില്ലെന്ന്‌. കോടതിയില്‍ താങ്കളുടെ സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞതും അതു തന്നെ. രാമസേതു തകര്‍ത്തു തരിപ്പണമാക്കിയേ അടങ്ങൂ എന്ന കടുംപിടുത്തത്തില്‍ നിന്ന്‌ ബഹുദൂരം പിന്നാക്കം പോകുന്ന പ്രഖ്യാപനമായി അത്‌. നല്ല കാര്യം. എന്നാലും പറയട്ടെ. ഈയൊരു വീണ്ടു വിചാരം നേരത്തെ ഉണ്ടായിരുന്നെങ്കില്‍ നമുക്ക്‌ എന്തെല്ലാം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു? എത്രയോ പേരുടെ സമയം നഷ്ടപ്പെട്ടത്‌ ഒഴിവാക്കാമായിരുന്നു? എത്രയോ പേരുടെ ഹൃദയങ്ങള്‍ മുറിപ്പെട്ടത്‌ ഒഴിവാക്കാമായിരുന്നു?

ഇല്ല - കരുണാനിധീ.. താങ്കള്‍ക്കു നഷ്ടമില്ല - ലാഭമേ ഉണ്ടായിട്ടുള്ളൂ. മുന്നണി ബന്ധങ്ങള്‍ ഒന്നു കൂടി ഉറച്ചു കിട്ടി. ഹിന്ദുക്കളുടെ വികാരങ്ങളോട്‌ അനുഭാവപൂര്‍വ്വം പ്രതികരിക്കുന്നതിന്റെ പേരില്‍ പതിറ്റാണ്ടുകളായി ഭര്‍ത്സനം മാത്രം ഏറ്റുവാങ്ങിയിട്ടുള്ള പ്രസ്ഥാനങ്ങളുടെ മേല്‍ കുറേ ആരോപണങ്ങള്‍ കൂടി ചാര്‍ത്താന്‍ അവസരവും ലഭിച്ചു. ഹിന്ദുവികാരങ്ങള്‍ക്കു നേരെ ആക്രോശത്തോടെ കുതിച്ചുചാടി വിനോദിക്കാനുള്ള അവസരം സ്വന്തം കക്ഷിക്കും സഖ്യകക്ഷികള്‍ക്കും ഉണ്ടാക്കിക്കൊടുക്കാനും സാധിച്ചു. അനാവശ്യമായി ഹിന്ദുക്കള്‍ പ്രശ്നങ്ങളിലേക്കു വലിച്ചിഴക്കപ്പെട്ട മറ്റെല്ലാ സംഭവങ്ങളിലേയും പോലെ ഇവിടെയും അന്തിമനഷ്ടം അവര്‍ക്കു മാത്രമാണ്‌.

മനപ്പൂര്‍വ്വമുള്ള പ്രകോപനം?

രാമനേക്കുറിച്ചുള്ള താങ്കളുടെ പ്രസ്താവനകള്‍ക്കു പിന്നില്‍ മനപ്പൂര്‍വ്വമുള്ള പ്രകോപനമായിരുന്നോ ലക്ഷ്യം എന്നു സംശയിക്കേണ്ടി വരും. ജീവിച്ചിരുന്നില്ല എന്നു താങ്കള്‍ തന്നെ പറഞ്ഞയാളെയാണ്‌ നിങ്ങള്‍ 'കുടികാരന്‍ (മദ്യപാനി)' എന്നു വിളിച്ചതും. (ഇല്ലാത്ത രാമന്‍ എങ്ങനെ കുടികാരനാകും!!) ഇപ്പോള്‍ ദാ പറയുന്നു 'മഹാനായ ഒരു മനുഷ്യരാജാവ്‌ എന്ന നിലയില്‍ രാമനെ അംഗീകരിക്കുന്നു. പക്ഷേ ദൈവസങ്കല്‍പം അംഗീകരിക്കുന്നില്ല‘ എന്നമട്ടില്‍‌! വൈരുദ്ധ്യങ്ങളുടെ ഈ വേലിയേറ്റമാണ്‌ വാക്കുകളുടെ ഉദ്ദേശശുദ്ധിയേക്കുറിച്ചു സംശയം ജനിപ്പിക്കുന്നത്‌.

പദ്ധതിക്കനുകൂലമായി ജനവികാരമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍, അതു പാളി എന്നു തന്നെ വേണം പറയാന്‍. അന്ധമായ ബി.ജെ.പി. വിരുദ്ധതയുടെ മാത്രം പേരില്‍ പദ്ധതിയെ അനുകൂലിച്ച്‌ ആദ്യകാലങ്ങളില്‍ രംഗത്തു വന്ന പലരും പല യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കിത്തുടങ്ങിയതോടെ പതുക്കെ ശബ്ദം താഴ്ത്തി., പദ്ധതിക്കെതിരെ വലിയ ജനവികാരം രൂപപ്പെടാന്‍ കൂടി താങ്കളുടെ പരാമര്‍ശങ്ങള്‍ കാരണമാകുകയും ചെയ്തു.

എന്നാല്‍, ഇടതുകക്ഷികളെയും കോണ്‍ഗ്രസിനെയുമെല്ലാം ഇക്കാര്യത്തില്‍ തങ്ങള്‍ക്കു പിന്നില്‍ അണിനിരത്താനും, ഭാവിയിലും അവര്‍ക്കിനി പദ്ധതിക്ക്‌ എതിരുപറയാനാവാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കാനുമായിരുന്നു ശ്രമമെങ്കില്‍, ആ തന്ത്രം നൂറു ശതമാനം വിജയിച്ചു എന്നു നിസ്സംശയം പറയാം.

(കുറേ മാസങ്ങള്‍ക്കു മുമ്പ്‌, ബംഗാളിലുള്ള ഒരു സ്ഥാപനം തമിഴ്‌നാട്ടിലേക്കു മാറ്റുവാനായി ശ്രമിച്ചപ്പോള്‍, ബംഗാളില്‍ നിന്നുള്ള സി.പി.എം. എം.പി.മാര്‍, ഡി.എം.കെ. മന്ത്രിയേയും തമിഴ്‌നാട്ടില്‍ നിന്നുള്ള ചില എം.പി.മാരേയും പാര്‍ലമെന്റിനുള്ളില്‍ വച്ച്‌ മര്‍ദ്ദിക്കാനൊരുങ്ങിയത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ട പാര്‍ലമെന്റേറിയന്മാര്‍ സങ്കുചിതമായ പ്രാദേശികവാദം വച്ചു പുലര്‍ത്തുന്നതിലെ അപകടങ്ങളേക്കുറിച്ചു ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നതിനു പകരം, സി.പി.എം. എം.പി.മാര്‍ അപമര്യാദയായി പെരുമാറിയതിനേച്ചൊല്ലി ബഹളമുണ്ടാകുക മാത്രമാണ്‌ അന്നു നടന്നത്‌.)

ശ്രീരാമനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും തുടര്‍ പ്രതികരണങ്ങളുമെല്ലാം കേട്ട്‌ ആവേശപൂര്‍വ്വം ചാടിവീണ കമ്മ്യൂണിസ്റ്റുകളെ താങ്കള്‍ തന്ത്രപൂര്‍വ്വം കെണിയിലകപ്പെടുത്തുകയായിരുന്നു എന്നുണ്ടെങ്കില്‍, താങ്കളുടെ രാഷ്ട്രീയനയതന്ത്രജ്ഞതയെ അഭിനന്ദിക്കാതെ തരമില്ല. ഇനിയിപ്പോള്‍ ഇടതുപാര്‍ട്ടികള്‍ക്ക്‌ താങ്കളെ പിന്തുണയ്ക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലല്ലോ. അവസാനം, വിവാദമായ അലൈന്മെന്റ്‌ ഉപേക്ഷിക്കാമെന്നു തീരുമാനമെടുത്ത്‌ ഒരു സമവായത്തിലെത്താന്‍ കഴിഞ്ഞാലും ഒരു പക്ഷേ താങ്കള്‍ക്ക്‌ ലക്ഷ്യം സാധിച്ചു കിട്ടുമായിരിക്കും. അതു തന്നെയായിരിക്കണം ചിലപ്പോള്‍ താങ്കളുടെ ഗൂഢലക്ഷ്യവും.

ഇനിയിപ്പോള്‍, ഇതൊന്നുമല്ല താങ്കളുടെ നീക്കങ്ങള്‍ക്കു പിന്നിലെങ്കിലും, ഒരു കാര്യത്തില്‍ താങ്കള്‍ (രഹസ്യമായ) അഭിനന്ദനമര്‍ഹിക്കുന്നുണ്ട്‌. ഒരു മുന്നണി സര്‍ക്കാരില്‍ പങ്കാളിയായിരുന്നുകൊണ്ട്‌ നേട്ടമുണ്ടാക്കേണ്ടതെങ്ങനെയെന്നതിന്‌ മാതൃകയാവുന്നതിനാണ്‌ അത്‌ (അതു പക്ഷേ അത്ര നല്ല മാതൃകയല്ല). കേന്ദ്രത്തില്‍ ഒരു മുന്നണി സര്‍ക്കാരായിരിക്കുന്നിടത്തോളം കാലം തമിഴ്‌നാട്ടിലെ എം.പി.മാരുടെ എണ്ണത്തിന്‌ അവിടെ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തേക്കുറിച്ച്‌ നിങ്ങള്‍ക്കു നല്ലവണ്ണം അറിയാം. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും സഖ്യകക്ഷികള്‍ നേരിട്ട പരാജയമാണ്‌ പ്രധാനമായും 2004-ല്‍ എന്‍.ഡി.എ. സര്‍ക്കാരിന്‌ അധികാരത്തില്‍ തുടരാനുള്ള അവസരം നഷ്ടപ്പെടുത്തിയത്‌ എന്ന കാര്യം വ്യക്തമായി അറിയാവുന്നൊരാളാണു താങ്കള്‍. ഉത്തര്‍പ്രദേശിനോളം വരില്ലെങ്കിലും തങ്ങളുടെ വലിപ്പത്തേപ്പറ്റി നിങ്ങള്‍ക്കു നല്ല ബോദ്ധ്യം ഉണ്ട്‌. യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ ഇപ്പോള്‍ പിന്‍വലിക്കും വലിക്കുമെന്ന ദുര്‍ബലഭീഷണി മുഴക്കി നടന്ന (ഇപ്പോളും നടക്കുന്ന) ഇടതുപക്ഷത്തിനെ നാണം കെടുത്തിക്കൊണ്ട്‌ ഒരിക്കല്‍ പിന്തുണ പിന്‍വലിക്കാന്‍ തുനിഞ്ഞ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുത്തവര്‍ കൂടിയാണു നിങ്ങള്‍. ഇപ്പോള്‍ ദാ വീണ്ടും - തമിഴ്‌നാടു സര്‍ക്കാരിനെ പിരിച്ചുവിടാനും മടിക്കരുതെന്നു കോടതി പ്രഖ്യാപിച്ചയുടന്‍ തന്നെ - കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ടു ചെന്നൈയില്‍ വന്ന്‌ തുടര്‍പിന്തുണ ഉറപ്പു നല്‍കുകയല്ലേ ഉണ്ടായത്‌? സ്വന്തം ശക്തി അറിയാവുന്ന - രാഷ്ട്രീയക്കളികള്‍ നന്നായി അറിയാവുന്ന - സീനിയര്‍ നേതാവു തന്നെ തന്നെ താങ്കള്‍.

പക്ഷേ, ഇതൊക്കെയാണെങ്കിലും, നിലവാരം ഒരു പരിധി വിട്ട്‌ താഴാതെ നോക്കണമെന്നു കൂടി പറഞ്ഞുകൊള്ളട്ടെ. മറ്റുള്ളവരുടെ വികാരങ്ങളെ ഭര്‍ത്സിച്ചും ജനങ്ങളുടെ മനസ്സില്‍ മുറിവുകളവശേഷിപ്പിച്ചും പ്രാദേശികവാദമുന്നയിച്ചും രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കുക എന്നതിനെ ഒരു സംസ്ഥാനനേതാവിന്റെ നിലവാരത്തകര്‍ച്ച മാത്രമായല്ല - ഒരു ദേശീയദുരന്തമായിത്തന്നെയാണു കണക്കാക്കേണ്ടത്‌.

ആശ്ചര്യം അറിവില്ലായ്മയില്‍ നിന്ന്‌

രാമന്റെ എഞ്ചിനീയറിംഗ്‌ പാടവത്തേക്കുറിച്ചുള്ള താങ്കളുടെ അത്ഭുതപ്രകടനങ്ങള്‍ തികഞ്ഞ അറിവില്ലായ്മ മാത്രമാണ്‌ വെളിവാക്കിയത്‌. 'നളന്‍' പഠിച്ച എഞ്ചിനീയറിംഗ്‌ കോളേജിനേക്കുറിച്ചു ചോദിച്ചിരുന്നെങ്കില്‍ താങ്കള്‍ക്കിതില്‍ കുറച്ചെങ്കിലും വിവരമുള്ളതായി ജനം കരുതിയേനെ.

സേതുബന്ധനത്തിന്റെ നിശ്ചിതഇടവേളകളില്‍ പണിയുടെ പുരോഗതി വിലയിരുത്തുന്നതും മറ്റും സംബന്ധിച്ച ഭാഗങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഉവ്വെങ്കില്‍, അവര്‍ പഠിച്ച മാനേജ്‌മെന്റ്‌ സ്കൂളിനേക്കുറിച്ചും ഒരു സംശയമെറിയാമായിരുന്നു. ഉത്തരഭാരതം മുതല്‍ തെക്കോട്ടേക്കുള്ള യാത്രയുടെ വിശദാംശങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? മദ്ധ്യഭാരതത്തിലും ആന്ധ്രപ്രദേശത്തുമൊക്കെയായി ഇന്നു നമുക്കറിയാവുന്ന പ്രദേശങ്ങളും നദികളുമൊക്കെ അതേ ക്രമത്തില്‍ കടന്നു കടന്നല്ലേ ഒടുവില്‍ മുനമ്പിലെത്തിച്ചേരുന്നത്‌? കൃത്യമായൊരു ഭൂപടം അന്നേ അവരുടെ കയ്യിലുണ്ടായിരുന്നുവോ? ജി.പി.എസ്‌. സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുമോ? ചില ബ്ലോഗര്‍മാര്‍ പറഞ്ഞതുപോലെ 'നാടോടിക്കഥ' മാത്രമാണെങ്കില്‍, അതുണ്ടാക്കിയവര്‍ ഇക്കണ്ട നാടു മുഴുവന്‍ ഓടി മനസ്സിലാക്കിയവരായിരിക്കുമോ?

വേദേതിഹാസങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ആശ്ചര്യപ്പെടാനും അഭിമാനിക്കാനും വകയുള്ള പലതും കണ്ടെന്നു വരും. അതേക്കുറിച്ചൊക്കെ അത്ഭുതം പ്രകടിപ്പിക്കുന്നതു പോലും ഒരു ഫാസിസ്റ്റ്‌ലക്ഷണമായി ചിത്രീകരിക്കുന്നതാണ്‌ കേരളത്തിലെ ഇന്നത്തെ നാട്ടുനടപ്പ്‌ (ഞങ്ങള്‍ മലയാളികളുടെയൊരു ഗതികേടു നോക്കണം!). അങ്ങനെ നോക്കിയാല്‍ താങ്കളും ഒരു പൊടിക്കു ഫാസിസ്റ്റല്ലേ എന്നു സംശയിക്കേണ്ടി വരും.

അണികള്‍ ‘പണി‘തരുമ്പോള്‍

ഒരു മുന്‍ എം.പി. പറഞ്ഞതു വളച്ചൊടിച്ച്‌ നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ നാടൊട്ടുക്കും ആക്രമണമഴിച്ചു വിട്ടത്‌ ചില്ലറ നാണക്കേടല്ല നിങ്ങള്‍ക്കു വരുത്തി വച്ചത്‌. ഭീഷണി നേരിടേണ്ടി വന്നവര്‍ക്ക്‌ സമ്പൂര്‍ണ്ണസംയമനം പാലിക്കാന്‍ കഴിഞ്ഞതും നന്നായി. ഗതികെട്ട്‌ കേരളശൈലിയില്‍ തിരിച്ചടികള്‍ക്കു മുതിര്‍ന്നിരുന്നെങ്കില്‍ ആഭ്യന്തരവകുപ്പിനും അത്‌ വലിയ ജോലിഭാരവും നാണക്കേടും കൊടുത്തേനെ.

'തലൈവരെ' പറഞ്ഞപ്പോള്‍ അണികള്‍ക്കു നൊന്തു - അല്ലേ? എന്നാല്‍ അതിന്റെ ശതലക്ഷക്കണക്കിന്‌ ഇരട്ടി നോവാണ്‌ മറ്റു പലര്‍ക്കും നിങ്ങളുടെ നാവ്‌ ഉണ്ടാക്കി വച്ചത്‌ എന്നു കൂടി അറിയുക. അതുകേട്ട്‌ മിണ്ടാതിരുന്നവരുടെ മാന്യതയ്ക്കു മുമ്പില്‍ തലകുനിച്ച്‌ നന്ദി പറയുകയായിരുന്നു അണികള്‍ ചെയ്യേണ്ടിയിരുന്നത്‌. "ഒരു കമ്മ്യൂണിസ്റ്റുകാരനെ അവഹേളിക്കുവാനുള്ള ശ്രമമുണ്ടാകുമ്പോള്‍ പ്രതികരിക്കാതിരിക്കണമെങ്കില്‍ കല്‍പ്രതിമയായിരിക്കണം" എന്നാണ്‌ സി.പി.എം.-ന്റെ മലയാളിയായ ഒരു ദേശീയനേതാവ്‌ പറഞ്ഞത്‌. അങ്ങേയറ്റം പ്രകോപനപരമായിരുന്ന താങ്കളുടെ തുടര്‍ച്ചയായ പരാമര്‍ശങ്ങള്‍ പരമാവധി ക്ഷമിച്ച്‌ കല്‍പ്രതിമകളായിരുന്ന കോടിക്കണക്കിനു ജനങ്ങള്‍ക്ക്‌ നിങ്ങളാദ്യം നന്ദി പറയുക.

നിങ്ങള്‍ക്കെതിരെ കോടതി നടത്തിയ പരാമര്‍ശങ്ങളുമതെ - വലിയൊരു നാണക്കേടായി വര്‍ഷങ്ങളോളം കിടക്കും. ജനങ്ങളുടെ മുഴുവന്‍ മനസ്സിലുമുണ്ടായിരുന്ന ചോദ്യമാണ്‌ അന്നു കോടതിയും ചോദിച്ചത്‌. നിങ്ങള്‍ തന്നെയല്ലേ ഭരിക്കുന്നത്‌? സംസ്ഥാനത്തിലും കേന്ദ്രത്തിലും? നിങ്ങളാര്‍ക്കെതിരെയാണ്‌ അന്നു ബന്ദു നടത്തിയത്‌? അണികളുടെ ആവേശം കൂട്ടാനും ശക്തിപ്രകടനത്തിനു വഴിയൊരുക്കാനും മാത്രമായി ഒരു ബന്ദ്‌. അല്ലേ? കഷ്ടം!

ഒരര്‍ത്ഥത്തില്‍, കോടതി ഇടപെട്ടതു നന്നായെന്നു വേണം നിങ്ങളും കരുതാന്‍. അല്ലെങ്കില്‍, ബന്ദിന്റെ മറവില്‍ മറ്റു പാര്‍ട്ടികളില്‍പ്പെടുന്നവരെ തല്ലിയൊതുക്കാന്‍ ചെല്ലുന്ന അണികളുടെ അക്രമവാസന നിങ്ങള്‍ക്കു കൂടുതല്‍ തലവേദനകള്‍ സൃഷ്ടിച്ചേനെ.

വിശ്വാസി-അവിശ്വാസി വാദമുഖങ്ങളേക്കുറിച്ചും ഒന്നു പറയാനുണ്ട്‌. നിങ്ങളൊരു നിരീശ്വരവാദിയായിരിക്കും. അതിനു മറ്റുള്ളവരെന്തു പിഴച്ചു? ഏതെങ്കിലും വിശ്വാസങ്ങളെ പിന്‍പറ്റണമെന്ന്‌ നിങ്ങളെയാരും നിര്‍ബന്ധിക്കാത്ത സ്ഥിതിക്ക്‌ മറ്റുള്ളവരെ നിങ്ങളും വെറുതെ വിടുകയല്ലേ വേണ്ടത്‌?. കമ്മ്യൂണിസ്റ്റുകളെ കൂട്ടുപിടിച്ച്‌ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കാത്തിടത്തോളം കാലം താങ്കള്‍ക്ക്‌ മതേതരവാദിയെന്ന വാക്ക്‌ ഉച്ചരിക്കാന്‍ പോലുമുള്ള അര്‍ഹതയില്ലെന്നാണെന്റെ പക്ഷം.

അതിരുകടക്കുന്ന പ്രാദേശിക/വിഘടനവാദങ്ങള്‍

നിങ്ങളെന്നും കടുത്ത പ്രാദേശികവാദത്തിന്റെ വക്താക്കള്‍ കൂടി ആയിരുന്നു എന്നതും ഇവിടെ പരാമര്‍ശിക്കാതെ വിടുന്നതു ശരിയല്ല . ഒരു കാവേരിയോ മുല്ലപ്പെരിയാറോ സേലം ഡിവിഷനോ ഒന്നും മാത്രമല്ല നിങ്ങള്‍ അതിവൈകാരികതയോടെ പ്രതികരിച്ച വിഷയങ്ങള്‍. ഹിന്ദിവിരുദ്ധപ്രക്ഷോഭമടക്കം അനേകം ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിരന്നു കിടക്കുന്നു. 'തമിഴ്‌നാടിനെ തൊടാന്‍ ഇന്ത്യയെ(!!) സമ്മതിക്കില്ല' എന്നൊരു അപകടകരമായ വീക്ഷണം പോലെ തോന്നുന്നു പലപ്പോഴും. 'റെസ്റ്റ്‌ ഓഫ്‌ ഇന്ത്യയെ' എന്നു പോലുമല്ല!

പേടിയാകുന്നു.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാന്‍ മടികാണിച്ചപ്പോള്‍ നൈസാമിനെതിരെ ബലം പ്രയോഗിക്കേണ്ടിവന്നതായിക്കേട്ടിട്ടുണ്ട്‌. അതുപോലെ വല്ലതും വേണ്ടിവന്നേക്കുമോ? പറയാന്‍ തന്നെ ദു:ഖവും ഭയവുമാകുന്നു.

നിങ്ങള്‍ ദ്രാവിഡരാഷ്ട്രവാദമുന്നയിച്ചു നടന്ന കാലമൊന്നും മറക്കാന്‍ സമയമായിട്ടില്ലാത്തതുകൊണ്ടു കൂടിയാണിതു പറയുന്നത്‌. 1962-ല്‍ ചൈനയില്‍ നിന്നു നാം ആക്രമണം നേരിട്ടതിനു ശേഷമാണ്‌ നിങ്ങള്‍ ആ വാദം പൂര്‍ണ്ണമായും ഉപേക്ഷിച്ചത്‌ എന്നാണു കേട്ടിട്ടുള്ളത്‌. അന്ന്‌ മധുരപലഹാരം വിതരണം ചെയ്യുകയും ഇന്ത്യയിലേക്കു സ്വര്‍ഗ്ഗമെത്താന്‍ പോകുന്നുവെന്ന്‌ വിളിച്ചു പറഞ്ഞ്‌ കമ്മ്യൂണിസ്റ്റു ചൈനയ്ക്കു സിന്ദാബാദ്‌ വിളിക്കുകയുമൊക്കെ ചെയ്തവരുമായി കൂട്ടു ചേര്‍ന്നാണല്ലോ താങ്കള്‍ ഇപ്പോളീ വാദങ്ങളൊക്കെ അവതരിപ്പിക്കുന്നത്‌ എന്നതിലെ തമാശയോര്‍ക്കുമ്പോളാണ്‌ സമ്മര്‍ദ്ദം അയയുന്നത്‌.

സേതുസമുദ്രം പദ്ധതിയെ അനുകൂലിച്ചു സംസാരിക്കുമ്പോള്‍ അത്‌ 'രാജ്യത്തിനു ഗുണകരമാണെ'ന്ന മറ്റുള്ളവരുടെ (കപട?)വാദം ആവര്‍ത്തിക്കുകയല്ല നിങ്ങള്‍ ചെയ്യുന്നത്‌ എന്നതു ശ്രദ്ധേയമാണ്‌. "തമിഴ്‌ മക്കളുടെ വര്‍ഷങ്ങളായുള്ള ആശയാണ്‌" എന്നാണു നിങ്ങള്‍ പറഞ്ഞുകൊണ്ടു നടക്കുന്നത്‌. ആ പ്രസ്താവനയിലെ അപകടമെത്രയെന്ന്‌ നിങ്ങള്‍ക്കോ നിങ്ങളെ പിന്താങ്ങുന്നവര്‍ക്കോ മനസ്സിലാവണമെന്നില്ല. കാരണം, ദേശമെന്ത്‌ - ദേശീയതയെന്ത്‌ - ഈ രാഷ്ട്രത്തെ ഒന്നിച്ചു നിര്‍ത്തുന്ന പൊതുവായ ഘടകങ്ങളെന്തൊക്കെയാണ്‌ എന്നൊന്നും യാതൊരു ധാരണയുമില്ലാത്തവരും തങ്ങള്‍ക്കധികാരം ലഭിക്കുമെന്നാണെങ്കില്‍ രാജ്യം ഛിന്നഭിന്നമായാലും തരക്കേടില്ല എന്നു കരുതുന്നവരുമാണ്‌ എല്ലാവരും.

ഇപ്പോള്‍ ദാ എല്‍.ടി.ടി.ഇ. നേതാവ്‌ തമിഴ്‌‌ശെല്‍വന്‍ കൊല്ലപ്പെട്ടപ്പോള്‍ താങ്കളുടെ വകയായി വികാരഭരിതമായ ഒരു കവിതയും! ഇതൊക്കെ നമ്മുടെ രാജ്യാന്തരബന്ധങ്ങളെപ്പോലും ബാധിക്കുന്ന - ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന - പ്രവൃത്തികളാണെന്നതു നിങ്ങള്‍ക്കറിയാഞ്ഞിട്ടാണോ? രാജീവ്ഗാന്ധിയേപ്പോലൊരു ദേശീയനേതാവിനെ മായ്ച്ചുകളഞ്ഞ പെരുമ്പുതൂര്‍ ചെന്നൈയില്‍ നിന്ന്‌ അധികം ദൂരെയല്ല എന്നതു നിങ്ങള്‍ മറന്നുവോ? നിങ്ങളിത്‌ എന്തിനുള്ള പുറപ്പാടാണ്‌? കരുണാനിധീ - തുറന്നു പറയട്ടെ - സോണിയാ ഗാന്ധിയോടോ കാരാട്ടിനോടോ ഒക്കെ സംസാരിക്കുന്നതു പോലെയല്ല - താങ്കളോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഉള്ളിലെവിടെയോ ഒരു ഭയം ഉറഞ്ഞുകൂടുന്നതു പോലെ തോന്നുകയാണ്‌. ഒപ്പം അതിരറ്റ ദു:ഖവും. ഒന്നോര്‍ത്താല്‍ - പാക്കിസ്ഥാനെന്നും "ബാക്കി"സ്ഥാനെനും രണ്ടായി വിഭജിക്കണമെന്നാവശ്യപ്പെട്ടവരെ കടത്തിവെട്ടിക്കൊണ്ട്‌ - അങ്ങനെയല്ല - നാലായിട്ടാണ്‌ വിഭജിക്കേണ്ടത്‌ എന്നു വാദിച്ചവരുടെ ഇന്നത്തെ പ്രതിനിധിയോടു സംസാരിക്കുമ്പോള്‍ ഭയം തോന്നുന്നതില്‍ എന്തത്ഭുതമാണുള്ളത്‌?

‘ഇഷ്ട‘വ്യക്തികളോ ‘വിശിഷ്ട‘വ്യക്തികളോ?

പദ്ധതിസംബന്ധിച്ച്‌ പൊതുജനങ്ങളുടെ നിരീക്ഷണങ്ങള്‍ അറിയാനും മറ്റുമായി 'വിശിഷ്ടവ്യക്തികളുടെ' ഒരു സമിതി ഈയിടെ രൂപവല്‍ക്കരിച്ചിരുന്നല്ലോ. പരാതികളും നിര്‍ദ്ദേശങ്ങളുമൊക്കെ അറിയിക്കാനുള്ള സമയപരിധി അവസാനിച്ച സ്ഥിതിക്ക്‌ സമിതിയുടെ അന്തിമനിരീക്ഷണം എന്തായിരിക്കുമെന്നറിയാന്‍ ആകാംക്ഷയുണ്ട്‌. സമിതിയെ സമീപിച്ചവര്‍ പലരും തങ്ങളുടെ നിരീക്ഷണങ്ങള്‍ പൊതു ജനസമക്ഷം കൂടി വച്ചിരുന്നു എന്നതുകൊണ്ട്‌ സമിതി അവ മൊത്തം തള്ളിക്കളഞ്ഞ്‌ അപഹാസ്യരാവില്ല എന്നു കരുതുന്നു.

എന്നാലും, വലിയ അത്ഭുതമൊന്നും അവരില്‍ നിന്ന്‌ ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണു വാസ്തവം. സമിതിരൂപവല്‍ക്കരണമെന്നത്‌ ജനങ്ങളുടെയും കോടതിയുടെയും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നറിയാന്‍ സമിതിയംഗങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ മാത്രം മതി.

ഒന്നൊഴിയാതെ എല്ലാ അംഗങ്ങളും ഈ പദ്ധതി ഇന്നത്തെ നിലയില്‍ത്തന്നെ നടപ്പാക്കണമെന്ന മുന്‍‌വിധിയോടെ മാത്രമേ പ്രവര്‍ത്തിക്കൂ എന്നു സംശയിക്കാവുന്നവരാണ്. നാലു പേര്‍ മുമ്പേതന്നെ ഷിപ്പിംഗ്‌ മന്ത്രാലയവുമായി ബന്ധമുള്ളവര്‍ - ഒരാള്‍ സംസ്ഥാന ആസൂത്രണകമ്മീഷന്‍ അംഗം - ഒരാള്‍ പദ്ധതിക്കു ക്ലിയറന്‍സ്‌ നല്‍കിയ NEERIയുടെ പ്രതിനിധി - മറ്റൊരാള്‍ ഷിപ്പിംഗ്‌ മന്ത്രാലയത്തിനു കീഴില്‍ത്തന്നെയുള്ള ഇന്ത്യന്‍ പോര്‍ട്ട്‌സ്‌ അസ്സോസിയേഷന്‍ എന്ന സൊസൈറ്റിയുടെ എം.ഡി. ഇതൊക്കെപ്പോരാഞ്ഞ്‌ അക്കൂട്ടത്തില്‍ മൂന്ന്‌ ഇടതുപക്ഷചരിത്രകാരന്മാരുമുണ്ടെന്നു കേള്‍ക്കുന്നു. (അവര്‍ക്കിവിടെയെന്താണു പോലും പ്രസക്തി? - അല്ലെങ്കില്‍ത്തന്നെ അവര്‍ക്കിതിലെന്താവും പറയാനുണ്ടാവുക എന്നത്‌ പകല്‍ പോലെ വ്യക്തമല്ലേ?)

പദ്ധതിപ്രദേശം സന്ദര്‍ശിക്കുകപോലും ചെയ്യാതെ അടച്ചിട്ടമുറിയിലിരുന്നു തീരുമാനമെടുക്കുന്നതെങ്ങനെ എന്ന ചോദ്യം മറക്കാം. എന്നാലും - ഇതില്‍ ഒരു നാവികനെയെങ്കിലും ഉള്‍പ്പെടുത്താമായിരുന്നില്ലേ? പരാതികളുന്നയിച്ചിട്ടുള്ള വിവിധസമൂഹങ്ങളെ പ്രതിനിധീകരിക്കാന്‍ ആരെങ്കിലുമുണ്ടോ?

പരാതിക്കാരുടെ സ്ഥാനം മേശയ്ക്കപ്പുറത്തല്ലേ വരേണ്ടത്‌ എന്ന ന്യായം സമ്മതിക്കുന്നു. പക്ഷേ, ഇത്തരമൊരു സമിതിയില്‍ നിന്ന്‌ ഒരു നിഷ്പക്ഷനിരീക്ഷണമുണ്ടാവുമെന്നു കരുതുന്നതു തികഞ്ഞ മണ്ടത്തരമാവില്ലേ? ഇതിലും ഭേദം ദാ താഴെക്കാണുന്നവരെയെല്ലാം ചേര്‍ത്ത്‌ ഒരു സമിതിയുണ്ടാക്കുന്നതായിരുന്നില്ലേ കരുണാനിധീ?

ഇംഗ്ലീഷിലായിരിക്കണം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്‌ എന്നു തീരുമാനിച്ചത്‌ എന്തടിസ്ഥാനത്തിലാണെന്നു കൂടി പറഞ്ഞു തരുമോ? ഭാഷയുടെ പേരുപറഞ്ഞ്‌ മരിക്കാന്‍ വരെ തയ്യാറുള്ള തമിഴ്‌ മക്കളോട്‌ ഇതു വേണമായിരുന്നോ? അതോ ഇനി തമിഴ്‌നാട്ടുകാര്‍ക്ക്‌ ആര്‍ക്കും പദ്ധതിയോട്‌ എതിര്‍പ്പുണ്ടാവില്ലെന്ന മൂഢവിശ്വാസമാണോ താങ്കളെ നയിക്കുന്നത്‌? അതോ നിര്‍ദ്ദേശങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള തന്ത്രമോ? ഇംഗ്ലീഷ്‌ പോയിട്ട്‌ തമിഴ്‌ തന്നെ എഴുതുവാന്‍ വശമില്ലാത്ത ആയിരക്കണക്കിനു പാവപ്പെട്ട മുക്കുവര്‍ക്കും പരാതികളുണ്ടെന്നു താങ്കള്‍ സമ്മതിക്കുമോ? അവരേപ്പോലുള്ളവരുടെ സങ്കടങ്ങള്‍ ആംഗലേയത്തില്‍ അച്ചടിക്കപ്പെട്ട്‌ ചെന്നൈയിലെ ശീതികരിച്ച മുറിയിലേക്ക്‌ തന്നത്താന്‍ ആനയിക്കപ്പെടുമോ?

ചിന്നചിന്ന ആശൈ


നിങ്ങളുടെ പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ സംബന്ധിച്ച്‌ എന്തൊക്കെ മുരട്ടുന്യായങ്ങള്‍ പറഞ്ഞാലും ശരി - രാമസേതു സംബന്ധിച്ച്‌ നിങ്ങള്‍ ചെയ്തുകൂട്ടുന്ന അക്രമങ്ങള്‍ക്ക്‌ അവയൊന്നും ന്യായീകരണങ്ങളാകുന്നില്ല എന്നതാണു സത്യം - നിങ്ങള്‍ ആര്യനോ ആടുതോമയോ ദ്രാവിഡനോ ഗാംഗുലിയോ ആകട്ടെ - അതിനൊന്നും ഇവിടെ യാതൊരു പ്രസക്തിയുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. ആര്‌ എവിടുന്ന്‌ എങ്ങോട്ടു കുടിയേറിയാലും ശരി ഇല്ലെങ്കിലും ശരി - അത്‌ NASA അംഗീകരിച്ചിട്ടുണ്ടെങ്കിലും ശരി ഇല്ലെങ്കിലും ശരി - രാവണനേയും ആര്യനെന്നു വിളിക്കുന്നുവല്ലോ എന്നതിനു നിങ്ങള്‍ക്കൊരു വിശദീകരണം ഉണ്ടെങ്കിലും ശരി ഇല്ലെങ്കിലും ശരി - നിങ്ങളൊരു ഭാരതീയനാണ്‌. അതിനി 'അല്ല' എന്നു നിങ്ങള്‍ എത്ര വാദിച്ചാലും നടക്കില്ല. നൂറ്റുക്കു നൂറു ശതമാനവും 'ഭാരതീയ'നാണു നിങ്ങള്‍.

ഈ വിശാല ഭാരതഭൂവിനുള്ളില്‍ത്തന്നെയാണ്‌ തമിഴ്‌നാടെന്നു വിളിക്കപ്പെടുന്ന ഭാഗവും കിടക്കുന്നത്‌. ഈ ഭാരതത്തിലെ ജനതയുടെ പൊതുസാംസ്കാരികധാരയായ ഹിന്ദുത്വം തമിഴരും പിന്‍പറ്റുന്നുണ്ട്‌. നല്ല ഒന്നാംതരമായി പിന്‍പറ്റുന്നുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളടക്കം ഹിന്ദുക്കളാണ്‌. ഞാനാവര്‍ത്തിക്കട്ടെ - നിങ്ങളൊരു ഹിന്ദുവാണു കരുണാനിധീ. "ഞാനെന്തുകൊണ്ട്‌ ഹിന്ദുവല്ല" എന്നൊരു പുസ്തകമെഴുതി അതിലെ ഓരോ വരിയിലൂടെയും താനൊരു ഹിന്ദുവാണെന്നു തെളിയിച്ചിരിക്കുന്ന കാഞ്ച ഏലയ്യയേപ്പോലെ ഒരു ഹിന്ദു. ആചാരവൈവിദ്ധ്യങ്ങളുടെ ഒരു അപാരത തന്നെ ഉള്‍ച്ചേര്‍ത്തുവച്ചിരിക്കുന്ന ഹിന്ദുത്വം സിരകളിലോടുന്ന വലിയൊരു ജനസമൂഹത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍, ശ്രീരാമസംബന്ധിയായ വിഷയങ്ങള്‍ പോലുള്ളവയില്‍ നിങ്ങള്‍ക്കു കടുംപിടുത്തം പിടിക്കാന്‍ കഴിഞ്ഞില്ല എന്നു വരും. അതൊരു ശല്യമായി കണക്കാക്കുന്നതിനു പകരം, അതിന്റെ നല്ല വശങ്ങളേക്കുറിച്ചുകൂടി ചിന്തിക്കുന്നതാവും ഉചിതം.

ഭരണപരമായ തലത്തില്‍ ആലോചിച്ചാലുമതെ - ഇതൊരു സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമെന്ന നിലയില്‍ നിങ്ങള്‍ക്കു മുന്നോട്ടു കൊണ്ടു പോകാനാവില്ല. ഭാരതത്തിന്റെ മൊത്തം താല്‍പര്യങ്ങള്‍ പരിഗണിച്ച്‌ - മൊത്തം ജനതയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുമാത്രമേ ഇതു കൈകാര്യം ചെയ്യാനാവൂ.

'പുരോഗമന - ജനാധിപത്യ' മുതലായ ലേബലുകള്‍ സ്വയം ചാര്‍ത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുമായി നിങ്ങള്‍ ചങ്ങാത്തത്തിലാവുമ്പോള്‍, ഒരു ജനാധിപത്യപാഠം കൂടി ഓര്‍ത്തിരിക്കുന്നതു നന്നാവും. കോടിക്കണക്കിനു ഹൈന്ദവരുടെ വികാരങ്ങള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട്‌ ധാര്‍ഷ്ട്യത്തോടെ മുന്നോട്ടു പോവാനാണെങ്കില്‍, ജനാധിപത്യവാദി എന്ന ലേബല്‍ നിങ്ങള്‍ക്കെങ്ങനെ അവകാശപ്പെടാനാവും? പൊതു വികാരം സ്വന്തം താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നുണ്ടെങ്കില്‍, ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ പൊതുവികാരം തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമിക്കുകയല്ലേ ഒരു ജനാധിപത്യവാദി ചെയ്യേണ്ടത്‌? അല്ലാതെ അവരെ ഭര്‍ത്സിച്ചൊതുക്കുകയല്ലല്ലോ.

ശ്രീലങ്കന്‍ തീരം ചുറ്റാതെയുള്ള ഒരു കപ്പല്‍ച്ചാല്‍ എന്നതു മാത്രമാണ്‌ തമിഴ്‌ മക്കളുടെ ആശയെങ്കില്‍ അതു സാദ്ധ്യമാവാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്‌. അതേക്കുറിച്ചെല്ലാം വിശദമായി പഠിക്കുക. നേരേ മറിച്ച്‌ രാമസേതു എത്രയും പെട്ടെന്നു തകര്‍ത്ത്‌ ധൃതിയില്‍ പദ്ധതി നടപ്പാക്കണം എന്നതാണ്‌ ആ ആശ എങ്കില്‍, "എത്തന സുന്ദരമാന - നടക്കാത്ത - ചിന്ന ചിന്ന ആശ" എന്നു കരുതുന്നതാവും നന്ന്‌. ഭീഷണിയല്ല - കേവലം യാഥാര്‍ത്ഥ്യപ്രഖ്യാപനമാണ്‌.

തമിഴ്‌നാട്ടില്‍ മാത്രമല്ല മക്കള്‍ ഉള്ളത്‌. നിങ്ങള്‍ക്കു ചുറ്റും - ഈ ഭാരതത്തിലെമ്പാടും മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ ഉണ്ട്‌ (ജനം എന്ന അര്‍ത്ഥം അറിഞ്ഞുകൊണ്ടുതന്നെയാണു സംസാരിക്കുന്നത്‌. കൊഞ്ചം കൊഞ്ചം തമിഴ്‌ അത്യാവശ്യം ഇവിടെയും പുരിയും.). അവര്‍ക്കെല്ലാം പലവിധ ആശകളും ഉണ്ട്‌. ചില ആശകളൊക്കെ ചിലപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും "കോണ്‍ഫ്ലിക്റ്റിംഗ്‌" ആയിരിക്കും താനും. എല്ലാവരുടെയും എല്ലാവിധ ആശകളും നടപ്പാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഒരു പരസ്പര ധാരണയില്‍ അങ്ങു പോകുക എന്നതേ നടക്കൂ. നാമെല്ലാം ഒരമ്മപെറ്റ 'മക്കള്‍' ആണ്‌ എന്നൊരു ധാരണ വളര്‍ന്നാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ ഇതെല്ലാം. ‘ഇല്ല സമ്മതിക്കില്ല‘ എന്നു പറഞ്ഞ്‌ വിഘടനവാദമുന്നയിക്കുന്നവരെ അനുനയിപ്പിച്ചു കൂടെ നിര്‍ത്താന്‍ താല്‍പര്യവും കഴിവും ദേശീയബോധവുമുള്ള നേതാക്കള്‍ ഉയര്‍ന്നു വരുമെന്നും അവര്‍ക്കു താങ്കളേപ്പോലെയുള്ളവരെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ഞാന്‍ പ്രത്യാശിക്കുകയാണു കരുണാനിധീ.

മാനക്കേടും മെനക്കേടും


കോണ്‍ഗ്രസിനെയും മറ്റു യു.പി.എ. ഘടകകക്ഷികളെയുമൊക്കെപ്പോലും അപകീര്‍ത്തിപ്പെടുത്തുകയും പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്ന മട്ടില്‍ അപക്വമായ പ്രവൃത്തികളുമായി നിങ്ങളിങ്ങനെ മുന്നോട്ടു പോകുന്നതുകാണുമ്പോള്‍ “ഇതെവിടേക്കാണ്‌ “എന്ന്‌ ആരും ചോദിച്ചു പോകും. തമിഴിലെ അറിവാളി (അറിവുള്ളവന്‍) ആകാന്‍ ശ്രമിക്കുന്നതിനു പകരം നിങ്ങള്‍ മലയാളത്തിലെ അരിവാളി (ഹിന്ദുവിരുദ്ധനായ കമ്മ്യൂണിസ്റ്റ്‌) ആകാനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍, അപകടത്തിലേക്കാണു പോക്കെന്ന്‌ ആയിരം വട്ടം ഉറപ്പിച്ചു പറയാം. അതുപോലെ തന്നെ, മുമ്പു പറഞ്ഞ രാഷ്ട്രീയതന്ത്രങ്ങളൊന്നുമല്ല താങ്കളുടെ മനസ്സിലെങ്കില്‍ - ധാര്‍ഷ്ട്യത്തോടെ ഭരിക്കാനുള്ള മനസ്ഥിതി മാത്രമാണ്‌ പുറത്തു വരുന്നത്‌ എങ്കില്‍ - തുറന്നു പറയട്ടെ - തമിഴര്‍ക്കു മാനക്കേടും മറ്റുള്ളവര്‍ക്കു മെനക്കേടും മാത്രമാണ്‌ ഈ വിഷയത്തില്‍ ഇതുവരെ നിങ്ങളുടെ സംഭാവന. പിന്നെ ജനകോടികളുടെ ഹൃദയങ്ങളില്‍ ആഴത്തിലവശേഷിപ്പിച്ച കുറേ മുറിവുകളും. കലാപരിപാടികള്‍ തുടര്‍ന്നുകൊള്ളുക - കലൈഞ്ജരേ. കാലം തരാന്‍ പോകുന്ന തിരിച്ചടികള്‍ക്കായി ഇടയ്ക്കിടെ കാതോര്‍ക്കുന്നതും നന്നാവും.

(തുടരും)

അടുത്തത്‌:-
5 - ഡി.വൈ.എഫ്‌.ഐ. നേതാവിനു മറുപടി

Wednesday, October 24, 2007

രാമസേതു - 3 - പ്രകാശ്‌ കാരാട്ടിനുള്ള മറുപടി

രാമസേതു സംബന്ധിച്ച അഞ്ചു തുടര്‍പോസ്റ്റുകളില്‍ മൂന്നാമത്തേതാണ്‌ ഇത്‌.

ഈ പരമ്പരയിലെ ഇതിനു മുമ്പുള്ള ഭാഗങ്ങള്‍ ഇവിടെ:-
1 - 'ചിത്രകാര'നുള്ള മറുപടി.
2 - സോണിയാഗാന്ധിക്കുള്ള മറുപടി.

* * * * * * * * * *
മുഖവുര (Click here to skip this foreword)

സേതുസമുദ്രം പദ്ധതിയുടെ ന്യായാന്യായങ്ങള്‍ മുഴുവന്‍ പരിശോധിച്ച്‌ അത്‌ ലാഭകരമോ അല്ലയോ എന്നു കണ്ടെത്താനുള്ള ഒരു ശ്രമമല്ല ഈ പോസ്റ്റുകളിലൂടെ കാണാനാവുക. രാമസേതു തകര്‍ക്കപ്പെടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുന്നയിച്ചുകൊണ്ട്‌ മാസങ്ങളായി പ്രതിഷേധസമരങ്ങള്‍ നടക്കുകയാണ്‌. അടുത്തകാലത്ത്‌, പ്രശ്നം കോടതിയിലെത്തിയ അവസരത്തിലും അതിനു ശേഷവും, സമരങ്ങളെ എതിര്‍ത്തുകൊണ്ടും പദ്ധതിയെ അന്ധമായി അനുകൂലിച്ചു കൊണ്ടും പലരും രൂക്ഷമായി പ്രതികരിക്കുകയും പ്രസ്താവനകളിറക്കുകയും ഒക്കെ ചെയ്തിരുന്നു. അങ്ങനെ പ്രതികരിച്ച ചിലരോട്‌, പ്രതിഷേധസമരങ്ങള്‍ ന്യായമായിരുന്നു എന്നു കരുതുന്ന ഒരാള്‍ക്കു പറയാനുള്ള മറുപടികളും ചോദിക്കാനുള്ള മറുചോദ്യങ്ങളുമാണ്‌ ഇവ. പദ്ധതിയുടെ സാധുത സംബന്ധിച്ച ചില നിരീക്ഷണങ്ങള്‍ കൂടി സ്വാഭാവികമായും കടന്നു വരുമെന്നേയുള്ളൂ. പ്രധാനലക്ഷ്യം അതല്ല.

ഏതു പരാമര്‍ശങ്ങള്‍ക്കൊക്കെയാണോ മറുപടി കൊടുക്കുന്നത്‌ അവ മിക്കതും അങ്ങേയറ്റം പ്രകോപനപരമായിരുന്നു എന്നതുകൊണ്ട്‌ മറുപടിയിലും അല്‍പം വൈകാരികാംശം കലരാനിടയുണ്ട്‌. പ്രതിഷേധാര്‍ഹമായ നടപടികളും പ്രസ്താവനകളുമൊക്കെ ഭരണാധികാരികളുടെ ഭാഗത്തുനിന്നും മറ്റും ഉണ്ടാകുമ്പോള്‍, മിണ്ടാതിരിക്കുന്നതല്ല - അവ ജനമനസ്സിലുണ്ടാക്കുന്ന അനുരണനങ്ങള്‍ അറിയാന്‍ അവര്‍ക്കവസരം കൊടുക്കുക എന്നതു തന്നെയാണ്‌ പൗരധര്‍മ്മം എന്നു ഞാന്‍ കരുതുന്നു. അത്‌ ഭാവിയിലെങ്കിലും ഒരു തിരുത്തലിനു വഴിവച്ചേക്കും എന്നതു കൊണ്ട്‌ പ്രത്യേകിച്ചും.

പരിസ്ഥിതി-സാമ്പത്തിക മാനദണ്ഡങ്ങള്‍ വച്ചു മാത്രമേ സേതുസമുദ്രം പദ്ധതി വിലയിരുത്തപ്പെടാന്‍ പാടുള്ളൂ എന്നും, അത്തരം ചര്‍ച്ചകള്‍ മാത്രമേ അതുമായി ബന്ധപ്പെട്ടു നടക്കാവൂ എന്നും ശഠിക്കുന്ന ചിലരുണ്ട്‌. തങ്ങളുടെ നിലപാടുകള്‍ മാത്രമാണു ശരി - മറ്റുള്ളവരുടെ വികാരങ്ങള്‍ പരിഗണിക്കപ്പെടേണ്ടതില്ല എന്ന വര്‍ഗ്ഗീയ നിലപാടുള്ളവരാണവര്‍. അത്തരക്കാര്‍ക്ക്‌ ഇതൊരു നല്ലൊരു വായന നല്‍കിയേക്കില്ല. അംഗീകരിക്കാന്‍ ആരൊക്കെ എത്രയൊക്കെ മടിച്ചാലും ശരി - രാമസേതു എന്നത്‌ കോടിക്കണക്കിനു ജനങ്ങളുടെ, നൂറ്റാണ്ടുകള്‍ പിന്നിലേക്കു നീളുന്ന നിര്‍ദ്ദോഷമായ ചില വിശ്വാസപാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്‌. അത്‌ തകര്‍ക്കപ്പെടുന്ന ഒരു അവസ്ഥയേക്കുറിച്ചു സംസാരിക്കുമ്പോള്‍ സ്വാഭാവികമായും അത്‌ ആര്‍ക്കൊക്കെ വിഷമമുണ്ടാക്കുന്നോ അവരുടെ വികാരങ്ങള്‍ കൂടി കണക്കിലെടുത്തു സംസാരിക്കേണ്ടി വരും. അപ്പോള്‍ ചിലപ്പോള്‍ മതവും സംസ്കാരവും അങ്ങനെ പലതും കടന്നു വന്നെന്നിരിക്കും. അവയെല്ലാം കണക്കിലെടുത്ത്‌ - മനുഷ്യരെ മനുഷ്യരായിക്കണ്ട്‌ - തുറന്ന അഭിപ്രായപ്രകടനങ്ങള്‍ക്കു തയ്യാറാകാത്തവര്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്ന ഭീരുക്കളാണെന്നു തന്നെ പറയേണ്ടി വരും. മത - വര്‍ഗ്ഗീയ - വികാരം മൂടിവച്ചു പ്രവര്‍ത്തിക്കുന്ന കൂസിസ്റ്റുകളുമായി തട്ടിച്ചു നോക്കുമ്പോള്‍, പറയാനുള്ളതു തുറന്നു പറയാന്‍ തയ്യാറാകുന്ന പച്ചമനുഷ്യരുമായാണ്‌ ഭയമില്ലാതെ ഇടപെടാന്‍ കഴിയുക എന്നും.

എനിക്ക്‌ പലകാര്യങ്ങളിലും വിയോജിപ്പുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളാണ്‌ ശ്രീ. കാരാട്ട്‌. അതുകൊണ്ടു തന്നെ വിമര്‍ശനത്തിന്റെ ശൈലി അത്ര കണ്ട്‌ സൗഹാര്‍ദ്ദപരമായേക്കില്ല. അപ്രിയപരാമര്‍ശങ്ങള്‍ പലരെയും അലോസരപ്പെടുത്താനിടയുണ്ടെന്നും വികലവും അപക്വവുമായ ചില കമന്റുകളുടെ രൂപത്തില്‍ അസഹിഷ്ണുത പുറത്തുവന്നേക്കാമെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ്‌ ഇവിടെ "അഭിപ്രായസ്വാതന്ത്ര്യം" (കരുണാനിധിക്കുണ്ടെന്ന്‌ കാരാട്ടു പറഞ്ഞ അതേ അവകാശം) വിനിയോഗിക്കപ്പെടാന്‍ പോകുന്നത്‌.

* * * * * * * * * *
കൂസിസം കുഴിച്ച കുഴിയില്‍!

ശ്രീ കാരാട്ട്‌,

താങ്കളുടെ പാര്‍ട്ടിയിലെ ഇപ്പോഴത്തെ നേതാക്കന്മാരിലധികവും പുറമേയ്ക്ക്‌ മതേതരത്വം പ്രസംഗിച്ചു നടക്കുകയും അവസരം വരുമ്പോള്‍ സാമുദായിക സംഘര്‍ഷങ്ങള്‍ മുതലെടുത്ത്‌ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വര്‍ഗ്ഗീയ കൂസിസ്റ്റ്‌ സ്വഭാവം വച്ചു പുലര്‍ത്തുന്നവരാണ്‌ എന്നൊരു ചിന്ത പൊതുവെ വളര്‍ന്നു വന്നിട്ടുണ്ട്‌. ചെറിയ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍, എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളെ മാനിച്ചു കൊണ്ട്‌ സൗഹാര്‍ദ്ദപരമായ ഇടപെടലുകളിലൂടെ പ്രശ്നപരിഹാരത്തിനു വഴിയൊരുക്കുന്നതിനു പകരം, മുറിവുകള്‍ വലുതാക്കി നേട്ടമുണ്ടാക്കാന്‍ നോക്കുന്ന പ്രവൃത്തിയാണ്‌ നിര്‍ഭാഗ്യവശാല്‍ നിങ്ങളില്‍ നിന്നു കാണാന്‍ കഴിയുന്നത്‌. സാമുദായികമായ ചേരിതിരിവുകള്‍ മുതലെടുക്കുക എന്ന നിലയില്‍ നിന്ന്‌ പലപ്പോഴും വര്‍ഗ്ഗീയമായ ധൃവീകരണങ്ങള്‍ക്കു തുടക്കമിടുക എന്ന നിലയിലേക്ക്‌ അടുത്തിടെയായി കാര്യങ്ങള്‍ അധ:പതിച്ചിട്ടുമുണ്ട്‌.

രാമസേതുപ്രശ്നത്തില്‍, ഹിന്ദുക്കളുടെ ആവശ്യം മറ്റേതെങ്കിലുമൊരു വിഭാഗത്തിന്റെ ആവശ്യങ്ങളെ ഹനിക്കുന്നതല്ലാത്തതുകൊണ്ട്‌ ഇവിടെ നിങ്ങളുടെ പതിവു രാഷ്ട്രീയക്കളിക്ക്‌ അവസരമുണ്ടായിരുന്നില്ല. പക്ഷേ എന്നാല്‍പ്പോലും ഹിന്ദുവികാരങ്ങളെ ആക്ഷേപിക്കുന്നതിലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിലും അത്ഭുതകരമായ ഔത്സുക്യം എക്കാലവും പ്രകടിപ്പിച്ചിട്ടുള്ള നിങ്ങള്‍ക്ക്‌ ഇവിടെയും ആവേശമടക്കാന്‍ കഴിഞ്ഞില്ലെന്നു വേണം കരുതാന്‍. അത്യന്തം മുന്‍വിധികളോടെ ഈ പ്രശ്നത്തെ സമീപിച്ച്‌ 'വര്‍ഗ്ഗീയവാദികള്‍ വികസനത്തിനു തടസ്സം നില്‍ക്കുന്നു' എന്നു വരുത്തിത്തീര്‍ക്കാനുള്ള വികലശ്രമമാണു നിങ്ങള്‍ നടത്തിയത്‌.

'ഒരു കൂട്ടം ജനങ്ങളുടെ വികാരങ്ങളെ മറികടന്ന്‌ പദ്ധതി നടപ്പാക്കുന്നതിലൂടെ നിങ്ങള്‍ കൊണ്ടു വരുന്ന വികസനങ്ങള്‍ എന്തെല്ലാം?' എന്ന ചോദ്യം ശക്തമായി ഉന്നയിക്കപ്പെടുകയും, പദ്ധതിയുടെ അപ്രായോഗികത സംബന്ധിച്ച ധാരാളം നിരീക്ഷണങ്ങള്‍ പുറത്തു വരികയും ചെയ്തതോടെ നിങ്ങള്‍ 'വികസനം' എന്ന വാക്ക്‌ ഉപേക്ഷിച്ച്‌ 'വര്‍ഗ്ഗീയത' എന്നു മാത്രമായി ചുരുക്കി! ഒരു വിഭാഗം ജനങ്ങളെ അകാരണമായി ഉപദ്രവിക്കുക എന്നതിലെ വര്‍ഗ്ഗീയതയാണോ കുറ്റകരം അതോ അതില്‍ പ്രതിഷേധിക്കുന്നതിലെ വര്‍ഗ്ഗീയതയാണോ കുറ്റകരം എന്ന ചോദ്യം അവിടെയും നിങ്ങളെ കുഴപ്പിച്ചു. അപ്പോള്‍ ഉടനെ ചുവടു മാറ്റിക്കൊണ്ട്‌ നിങ്ങള്‍ പറയുന്നത്‌ രാമസേതു പ്രശ്നത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും രഹസ്യ അജണ്ടയുണ്ടെന്നാണ്‌!!!! ആണവക്കരാറില്‍ നിന്നു ജനശ്രദ്ധതിരിക്കാനാണത്രേ അത്‌!

കഷ്ടം! മൂക്കത്തു വിരല്‍ വച്ചു പോകുകയാണ്‌.

രാമസേതു വിഷയത്തില്‍, അമിതാവേശം മൂലം ചാടിവീണ നിങ്ങളുടെ പാര്‍ട്ടിയിപ്പോള്‍ എത്രമാത്രം പരിഹാസ്യമായൊരു അവസ്ഥയിലാണ്‌ എന്നത്‌ നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ?

* * * * * * * * * *
ഇത്‌ 'അഭിപ്രായസ്വാതന്ത്ര്യമോ'?

ശ്രീരാമനേക്കുറിച്ച്‌ അത്യന്തം പ്രകോപനപരമായ പ്രസ്താവനകളിറക്കി കോടിക്കണക്കിനു ജനങ്ങളുടെ നെഞ്ചില്‍ ഇടിത്തീ വീഴിച്ച കരുണാനിധിയ്ക്കു പിന്തുണയുമായി ആദ്യം ഓടിയെത്തിയത്‌ നിങ്ങള്‍ തന്നെയായിരുന്നുവെന്നത്‌ ജനം ശ്രദ്ധിക്കാതിരുന്നിട്ടില്ല - കാരാട്ട്‌.

നിങ്ങളതിനു പറയുന്ന ന്യായം രസകരമാണ്‌. വിശ്വാസികളേപ്പോലെ തന്നെ അവിശ്വാസികള്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടത്രേ. "അതു ശരി - അതു പ്രത്യേകിച്ച്‌ എടുത്തു പറയേണ്ട അവസ്ഥയുള്ള ഒരു രാജ്യത്താണു താങ്കളിപ്പോള്‍ ജീവിക്കുന്നതെങ്കില്‍, ഭാരതത്തിലേക്കു വരിക - സ്വാഗതം" എന്നു പറയാന്‍ തോന്നിപ്പോയി ആദ്യം അതു കേട്ടപ്പോള്‍.

ചെമ്മനം ചാക്കോയുടേതാണെന്നു തോന്നുന്നു - പത്തിരുപതുകൊല്ലം മുമ്പു വായിച്ച ഒരു കവിത ഓര്‍മ്മ വരികയാണ്‌. ഒരാള്‍ മറ്റൊരുവനെ ഇടിച്ച്‌ നിലം പരിശാക്കിയതിനെച്ചൊല്ലിയുള്ള പരാതിയില്‍ ഒരു ന്യായാധിപന്‍ വാദം കേള്‍ക്കുകയാണ്‌. "എനിക്കെന്താ‌ കൈവീശി നടക്കാനുള്ള സ്വാതന്ത്ര്യമില്ലേ?" എന്നാണ്‌ ഇടിച്ചയാളുടെ ചോദ്യം. "നിനക്ക്‌ തീര്‍ച്ചയായും അതിനുള്ള സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ മറ്റൊരാളുടെ മൂക്ക്‌ എവിടെത്തുടങ്ങുന്നോ അവിടെ നിന്റെ സ്വാതന്ത്ര്യം തീരുന്നു" എന്നായിരുന്നു വിധി.

അഭിപ്രായസ്വാതന്ത്ര്യമെന്നാല്‍ ആര്‍ക്കും എന്തും പറയാമെന്നല്ല. അതിനൊരു പരിധിയുണ്ട്‌. പരിധി നിശ്ചയിക്കുന്നതിന്‌ ഒരു പൊതുമാനദണ്ഡം കൊണ്ടുവരാനാവില്ലെന്നതു സത്യം. മറ്റുള്ളവരെ മുറിവേല്‍പ്പിക്കുന്ന ഒരു ഘട്ടമെത്തുമ്പോള്‍ നിര്‍ത്തുകയോ മയപ്പെടുത്തുകയോ ചെയ്യുക എന്നതാണ്‌ ഒരു പൊതു മര്യാദ.

എന്തു പറയുന്നു - എന്തിനേക്കുറിച്ചു പറയുന്നു - എങ്ങനെ പറയുന്നു എന്നതൊക്കെ അനുസരിച്ച്‌ മറ്റുള്ളവരില്‍ അതുണ്ടാക്കുന്ന പ്രകോപനം ഏറിയും കുറഞ്ഞുമിരിക്കും. പ്രകോപനപരതയുടെ ഈ ഏറ്റക്കുറച്ചിലുകളേക്കുറിച്ചൊന്നും അറിയാതെയാണ്‌ താങ്കളൊരു പ്രസ്ഥാനത്തിനു വേണ്ടി സംസാരിക്കാന്‍ തുനിയുന്നതെങ്കില്‍, അത്‌ ആത്മഹത്യാപരമാണെന്നു പറഞ്ഞുകൊള്ളട്ടെ. "മരിക്കുന്നതു വരെ ശ്രേഷ്ഠനായ കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച മത്തായിചാക്കോയെ അപമാനിച്ചപ്പോള്‍ വികാരമുണ്ടായില്ലെങ്കില്‍ കല്‍പ്രതിമയായിരിക്കണ"മെന്നാണ്‌ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്‌. കല്‍പ്രതിമയല്ലാതിരിക്കാനുള്ള - വികാരങ്ങളുണ്ടായിരിക്കാനുള്ള - അവകാശം കമ്മ്യൂണിസ്റ്റുകള്‍ക്കിവിടെയാരും തീറെഴുതിയിട്ടില്ല.

കരുണാനിധിയുടെ അപക്വപ്രസ്താവനകള്‍ക്കു കണ്ണുമടച്ചു പിന്തുണ കൊടുക്കുമ്പോള്‍, 'അഭിപ്രായസ്വാതന്ത്ര്യ'മൊന്നുമല്ല നിങ്ങളുടെ പ്രശ്നമെന്നു പകല്‍ പോലെ വ്യക്തമാണ്‌. 'അര്‍മാദസ്വാതന്ത്ര്യ'മാണു വിഷയം. ഹിന്ദുക്കളുടെ മൃദുലവികാരങ്ങള്‍ക്കു മേല്‍ കുതിരകയറി നിങ്ങള്‍ക്ക്‌ അര്‍മാദിക്കണം. പ്രതികരിക്കാന്‍ തുടങ്ങുന്നവരെ വര്‍ഗ്ഗീയവാദികളെന്നു മുദ്രകുത്തി വീണ്ടും അര്‍മാദിക്കണം. ആ അര്‍മാദസ്വാതന്ത്ര്യത്തിനു മറപിടിക്കാനാണ്‌ നിങ്ങള്‍ കരുണാനിധിയുടെ അഭിപ്രായസ്വാതന്ത്ര്യം, എം.എഫ്‌. ഹുസൈന്റെ ആവിഷ്കാരസ്വാതന്ത്ര്യം എന്നൊക്കെപ്പറഞ്ഞ്‌ സ്വന്തം വില കളയുന്നത്‌.

* * * * * * * * * *
അശ്വത്ഥാമാവ്‌ എന്ന ആന

താങ്കളുടെ മറ്റൊരു പരാമര്‍ശം കൂടി മറുപടിയര്‍ഹിക്കുന്നുണ്ട്‌. "പദ്ധതിക്കു തുടക്കമിട്ടത്‌ ബി.ജെ.പി.യാണ്‌. എന്നിട്ട്‌ അവരിപ്പോള്‍ പ്രതിഷേധിക്കുന്നു" എന്നതായിരുന്നു അത്‌. 'എസ്കോബാ'റിനെ കടത്തിവെട്ടിയ ഒരു സെല്‍ഫ്‌ഗോളായിപ്പോയി അത്‌ എന്ന തിരിച്ചറിവുകൊണ്ടാവണം ഇപ്പോള്‍ ആ പല്ലവി ആവര്‍ത്തിക്കാത്തത്‌ അല്ലേ?

നിങ്ങളുടെ വാദമുഖങ്ങള്‍ എന്തൊക്കെയായിരുന്നോ അവയിലെ 'ക്രെഡിറ്റ്‌' അവകാശപ്പെടാവുന്ന ഭാഗങ്ങള്‍ ഒരു താലത്തില്‍ വച്ച്‌ ബി.ജെ.പി.ക്കു സമര്‍പ്പിക്കുകയും ചെയ്തു - അവരുടെ വാദങ്ങളെല്ലാം പതിന്മടങ്ങു മിഴിവോടെയും സാധുതയോടെയും ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു.

താങ്കളുടെ പരാമര്‍ശം, ഒരു ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്നു വ്യക്തം. പക്ഷേ, അതിനെ ഏറ്റു പിടിച്ച്‌ ആക്രോശിച്ച പാര്‍ട്ടിസഖാക്കള്‍ക്കു മാത്രമാണ്‌ കാരാട്ട്‌ - ആശയക്കുഴപ്പമുണ്ടായത്‌.

1998 - ല്‍ എന്‍.ഡി.എ. ഗവണ്മെന്റ്‌ പദ്ധതിയ്ക്ക്‌ പ്രാഥമികാംഗീകാരം നല്‍കി എന്നതും, 2000-01 - ലെ കേന്ദ്ര ബജറ്റില്‍, സാധുതാപഠനത്തിനായി 5 കോടിയോളം രൂപ വകയിരുത്തി എന്നതും ആരും നിഷേധിച്ചില്ലല്ലോ. പദ്ധതിയെ ബി.ജെ.പി. അന്ധമായി എതിര്‍ക്കുകയല്ല എന്ന അവരുടെ നിലപാട്‌ ശരിയാണെന്നു മാത്രമേ ഇതു തെളിയിക്കുന്നുള്ളൂ.

ഇത്തരമൊരു പദ്ധതിയേപ്പറ്റിയുള്ള ചിന്തകള്‍ 1860 മുതല്‍ തുടങ്ങിയതാണെന്നും എന്നാല്‍ ഇന്നു വരെ രാമസേതുതകര്‍ത്തുകൊണ്ടുള്ള ഒരു അലൈന്മെന്റ്‌ പരിഗണിക്കപ്പെട്ടിരുന്നില്ല എന്നുമുള്ള നിരീക്ഷണം താങ്കളുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതോ അതോ മറച്ചു വച്ചതോ? രണ്ടായാലും തെറ്റു തന്നെയാണ്‌. NEERI നിര്‍ദ്ദേശിച്ചിരുന്ന അലൈന്മെന്റുകളില്‍ അഞ്ചാമത്തേതാണ്‌ എന്‍.ഡി.എ.ഗവണ്മെന്റ്‌ പ്രാഥമികാംഗീകാരത്തിനായി പരിഗണിച്ചത്‌ എന്നതും, എന്നാല്‍ ഇപ്പോഴത്തെ - ആറാമത്തെ - അലൈന്മെന്റില്‍ മാത്രമാണ്‌ സേതു തകര്‍ക്കുവാനുള്ള നീക്കമുള്ളത്‌ എന്നതുമോ?

ഒരു സത്യം പകുതിമാത്രം പറഞ്ഞുവയ്ക്കുക എന്നത്‌ ബോധപൂര്‍വമാണെങ്കില്‍, പലപ്പോഴും അത്‌ നുണപറയുന്നതിനു തുല്യമായിരിക്കും. അശ്വത്ഥാമാവിനെ (എന്ന ആനയെ) കൊന്ന കാര്യം പോലെയായി ഇത്‌. ദേശാഭിമാനി വായിക്കുന്ന ശീലമുള്ളവര്‍ക്ക്‌ ഇത്തരം തന്ത്രങ്ങളൊക്കെ എളുപ്പം മനസ്സിലാകും.


* * * * * * * * * *
'യു.പി.എ.'യോ അതോ 'എ.ബി.എ.'യോ?

ബി.ജെ.പി.യുടെ നിലപാടുകള്‍ അവര്‍ പലപ്പോളായി വ്യക്തമാക്കിയിട്ടുണ്ട്‌.


  • കപ്പല്‍ച്ചാലിന്റെ നിര്‍ദ്ദിഷ്ട 'അലൈന്‍മെ'ന്റിനെ അവര്‍ എതിര്‍ക്കുന്നു.


  • രാമസേതു തകര്‍ക്കുവാന്‍ പാടുള്ളതല്ല. അതിനെ നമ്മുടെ സാംസ്കാരിക പൈതൃകസ്മാരകമായി സംരക്ഷിക്കണം.


  • പ്ലാന്‍ മുഴുവന്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണം. പ്രശ്നങ്ങളോ അപ്രായോഗികതയോ കണ്ടെത്തിയാല്‍ പദ്ധതി അപ്പാടെ ഉപേക്ഷിക്കുവാനും മടിക്കരുത്‌.


  • തോറിയം നിക്ഷേപം, മത്സ്യസമ്പത്ത്‌ എന്നിവയുടെ നാശം - പ്രകൃതിദുരന്തങ്ങളെ തടയുന്നതിലുള്ള പങ്ക്‌ എന്നിവയെ സംബന്ധിച്ച പഠനങ്ങളൊന്നും എങ്ങുമെത്തിയിട്ടില്ല. (അവയില്‍ത്തന്നെ, ഭാവിയിലെ സുനാമിസാദ്ധ്യതകളെയും പദ്ധതിയേയും ബന്ധപ്പെടുത്തി പഠിച്ച്‌ റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ കേവലം ഒരു ദിവസം മാത്രമാണ് അനുവദിക്കപ്പെട്ടത്‌!!!)


  • പദ്ധതിയുടെ പേരു പറഞ്ഞ്‌ ഹൈന്ദവവിശ്വാസമൂല്യങ്ങളെ അനാവശ്യവിവാദങ്ങളിലേക്കു വലിച്ചിഴക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്‌ അവസാനിപ്പിക്കണം.


  • പദ്ധതി നടപ്പാക്കുന്നതിന്‌ അമിതവും അനാവശ്യവുമായ ധൃതി കാണിക്കുന്നത്‌ സംശയമുണര്‍ത്തുന്നു. കരാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട്‌ അഴിമതി നടത്താനുള്ള ശ്രമമുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്‌.


  • ദേശസുരക്ഷയെ സംബന്ധിച്ച പല സുപ്രധാന കാര്യങ്ങളും പരിഗണിച്ചിട്ടില്ല. നമ്മുടെ ജലാതിര്‍ത്തി സംരക്ഷണം ദുഷ്ക്കരമാവും എന്നതടക്കം.


  • നാവികവിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുന്നത്‌ അതീവ ഗൗരവതരമാണ്‌. സാമ്പത്തിക - സമയനേട്ടങ്ങളുടെ പരിമിതികള്‍ കണക്കിലെടുക്കുമ്പോള്‍, ഈ പാത ഉപയോഗിക്കുക മിക്കവാറും ഇന്ത്യന്‍ നാവികസേനയുടെ ചില കപ്പലുകള്‍ മാത്രമാവും എന്നു സംശയം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.


  • ശ്രീലങ്ക എതിര്‍പ്പു പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍, നയതന്ത്രപരമായ തയ്യാറെടുപ്പുകള്‍ നാം നടത്തിയിട്ടില്ല.

അങ്ങനെ പലതും. ഇനിയും ധാരാളമുണ്ട്‌.

കേന്ദ്രത്തില്‍ പരോക്ഷമായ ഭരണപങ്കാളിത്തം പേറുന്നത്‌ നിങ്ങളുടെ കക്ഷിക്ക്‌ ചില ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നുണ്ട്‌ കാരാട്ട്‌. പരാതികളൊഴിവാക്കി, പ്രശ്നങ്ങളെല്ലാം പരമാവധി പരിഹരിച്ച്‌ പദ്ധതി നടപ്പാക്കാന്‍ കരുണാനിധിയെ സഹായിക്കണമെന്നായിരുന്നുവെങ്കില്‍, നിങ്ങള്‍ക്ക്‌ അനവധി സാദ്ധ്യതകളുണ്ടായിരുന്നു. ബി.ജെ.പി. നിരത്തിയ ചോദ്യങ്ങള്‍ക്ക്‌ മറുപടി കൊടുത്തു നേരിടാനും ശ്രമിക്കാമായിരുന്നു. പക്ഷേ അതിനു പകരം, പല സുപ്രധാന പ്രശ്നങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം തടിയൂരിക്കൊണ്ട്‌ വിലകുറഞ്ഞ വര്‍ഗ്ഗീയരാഷ്ട്രീയമാണു നിങ്ങളെല്ലാം കളിച്ചത്‌. എന്നിട്ട്‌ പതിവുപോലെ ആരോപണങ്ങള്‍ ബി.ജെ.പി.യുടെ തലയിലും!

UPA എന്നതിനു പകരം ABA എന്നൊരു പേരായിരുന്നു കൂടുതല്‍ യോജ്യമെന്ന്‌ വീണ്ടും ഓര്‍മ്മിപ്പിച്ച പ്രവൃത്തികളായിരുന്നു നിങ്ങളുടേത്‌. Anti BJPism എന്ന ഒറ്റ അജണ്ട! പദ്ധതിയോടു ശ്രീലങ്കയ്ക്കു വിയോജിപ്പുള്ളതിന്‌ അല്‍പം ഊന്നല്‍ കൊടുത്ത്‌ ബി.ജെ.പി. സംസാരിച്ചിരുന്നെങ്കില്‍, ശ്രീലങ്കയുമായി യുദ്ധം പ്രഖ്യാപിക്കാന്‍ പോലും നിങ്ങള്‍ മടിച്ചേക്കില്ല എന്നു തോന്നിപ്പോയിരുന്നു ഒരു ഘട്ടത്തില്‍.

* * * * * * * * * *
'മനുഷ്യപ്രകൃതി' നഷ്ടപ്പെടുമ്പോള്‍

സേതു മനുഷ്യനിര്‍മ്മിതമോ അതോ പ്രകൃതി നിര്‍മ്മിതമോ എന്ന തര്‍ക്കത്തിലേക്കു നമുക്കു കടക്കേണ്ട കാരാട്ട്‌. കടന്നാല്‍, പ്രകൃതി എന്നു വാദിച്ച്‌ താങ്കള്‍ കുടുങ്ങും!

മനുഷ്യനിര്‍മ്മിതമെന്നു തെളിഞ്ഞാലാണ്‌ പൊളിക്കാന്‍ മറ്റേതിലും എളുപ്പമെന്നാണ്‌ എന്റെ പക്ഷം.

മനുഷ്യനിര്‍മ്മിതമാണെങ്കില്‍, അതിനെ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്നവരെക്കൂടി വിശ്വസിപ്പിച്ച്‌ അനുനയിപ്പിക്കാന്‍ കഴിഞ്ഞാല്‍ - അവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായാല്‍ - അതു തകര്‍ക്കുന്നതില്‍ തെറ്റില്ല എന്നൊരു ചിന്ത എല്ലാവര്‍ക്കും വന്നാല്‍ - പിന്നെ നമുക്കാരോടും ചോദിക്കേണ്ട കാര്യമില്ല. ധൈര്യമായി അതു പൊളിക്കാം. അത്തരമൊരു സമവായമുണ്ടാകുക എന്നത്‌ ദുസ്സാദ്ധ്യമാവാം. പക്ഷേ അസാദ്ധ്യമല്ലല്ലോ.

പക്ഷേ പ്രകൃതി നിര്‍മ്മിതമാണെങ്കില്‍, അങ്ങനെയാണോ അവസ്ഥ? അവിടെ, ഒരു "നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌" എടുക്കുക എന്നത്‌ അസാദ്ധ്യം തന്നെയല്ലേ? അവിടെ നാം ഒരു സമവായമുണ്ടാക്കേണ്ടത്‌ പ്രകൃതിയുമായല്ലേ - പറഞ്ഞാല്‍ മനസ്സിലാകുന്ന മനുഷ്യരുമായല്ലല്ലോ.

പ്രകൃതിവാദമനുസരിച്ചു ചിന്തിച്ചാല്‍, ആ ചിറ അവിടെ അങ്ങനെ ഉണ്ടായിരിക്കേണ്ട ഒരു ആവശ്യകത ഉളവായതു കൊണ്ടാവില്ലേ അത്‌ അവിടെ രൂപപ്പെട്ടത്‌? അതവിടെ നിലനില്‍ക്കേണ്ട ഒരു കാരണമുള്ളതുകൊണ്ടാവില്ലേ അത്‌ കാലങ്ങളെ അതിജീവിച്ചു നിലകൊള്ളുന്നത്‌? ശാസ്ത്രം എത്ര പുരോഗമിക്കട്ടെ - സാങ്കേതികോപകരണങ്ങള്‍ എത്രത്തോളം ലഭ്യമാകട്ടെ - നമുക്ക്‌ തീര്‍ത്തു പറയാനാവുമോ - ആ ചിറയില്‍ വിള്ളലുണ്ടാക്കുന്നത്‌ പ്രകൃതിയുടെ സന്തുലനാവസ്ഥയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന്‌? ചിലതൊക്കെ അപ്പോഴും നിഗൂഢമായി അവശേഷിക്കില്ല എന്നുണ്ടോ?

നമുക്കു പ്രകൃതിയോടു ചെന്നു പറയാനാവുമോ - ദാ കാലങ്ങളായി ഇവിടെ എന്തോ കാരണത്താല്‍ നീ നിര്‍മ്മിച്ചു സംരക്ഷിച്ചു വച്ചിരുന്ന ഈ സംഗതി ഞങ്ങളൊന്നു മാറ്റി മറിക്കുകയാണ്‌ - കുഴപ്പങ്ങളൊന്നും ഉണ്ടാക്കരുത്‌ എന്ന്‌? ഇന്നു വരെ ഈ ചിറ എന്തു കൊണ്ടു നിലനിന്നോ ആ കാര്യങ്ങളൊക്കെ നീ ഇന്നത്തോടെ മറക്കണം എന്ന്‌? നമ്മള്‍ പറഞ്ഞാല്‍ പ്രകൃതി കേള്‍ക്കുമോ? കൊള്ളാമല്ലോ.

പ്രകൃതിവാദത്തില്‍ പിടിക്കാതിരിക്കുന്നതു തന്നെയാവും പാലം പൊളിക്കണമെന്നുള്ളവര്‍ക്ക്‌ കൂടുതല്‍ നല്ലത്‌. ഇത്തരം ഒരു 'ലോജി'ക്കും ഇപ്പോള്‍ നിങ്ങളുടെയൊന്നും ബുദ്ധിയിലൂടെ ഓടില്ല എന്നു കാണിക്കാന്‍ പറഞ്ഞെന്നേയുള്ളൂ കാരാട്ട്‌. പാലം പൊളിച്ചടുക്കുന്നതു കണ്‍കുളിര്‍ക്കെ കാണാന്‍ അക്ഷമരായി ഇരിക്കുകയാണ്‌ എല്ലാവരും. അത്രയ്ക്കുണ്ട്‌ രാഷ്ട്രീയ വിദ്വേഷവും പകയും നിങ്ങളിലുണര്‍ത്തുന്ന നിഷേധാത്മകചിന്തകളുടെ ശക്തി!

* * * * * * * * * *
'മുക്കുവാന്‍' എന്തെളുപ്പം!

മറ്റെല്ലാ പ്രശ്നങ്ങളിലും കണ്ണടയ്ക്കുന്നതു പോകട്ടെ. എന്നാല്‍ - മത്സ്യസമ്പത്തിന്റെ നാശവും മറ്റും മൂലം പതിനഞ്ചു ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിപ്പോകുമെന്നു പറയപ്പെടുന്നു. അവരേക്കുറിച്ചു പോലും നിങ്ങള്‍ക്കൊരു വ്യാകുലതയുമില്ലെന്നാണോ - കാരാട്ട്‌?

അവര്‍ക്കു വേണ്ടി എന്തു പുനരധിവാസ പദ്ധതിയാണ്‌ താങ്കള്‍ കണ്ടു വച്ചിരിക്കുന്നത്‌?
അവരെന്താ ‘സവര്‍ണ്ണ ബ്രാഹ്മണ‘ മുക്കുവരോ മറ്റോ ആണോ? സവര്‍ണ്ണ - ബ്രാഹ്മണ - വിഭാഗമൊക്കെയാണല്ലോ - സാധാരണയായി - എത്രയൊക്കെ കഷ്ടപ്പാടുകളുണ്ടെങ്കിലും ദയ അര്‍ഹിക്കാത്തവരായി കരുതപ്പെട്ടു വരുന്നത്‌.

'കടലരയന്മാര്‍ക്കിടയില്‍ സംഘപരിവാറിനു നല്ല സ്വാധീനമുണ്ട്‌' എന്നു ധ്വനിപ്പിക്കുന്ന (അതില്‍ അമര്‍ഷം പ്രകടിപ്പിച്ചും ആക്ഷേപിച്ചു കൊണ്ടും) ചില പരാമര്‍ശങ്ങള്‍ ഒരു ബ്ലോഗില്‍ ഇടതു വശം ചേര്‍ന്നു കിടക്കുന്നതു കണ്ടു. അതു തന്നെയാണോ കാരാട്ട്‌ താങ്കളുടെ പാര്‍ട്ടിയുടെയും ഔദ്യോഗിക നിലപാട്‌? അങ്ങനെയാണെങ്കില്‍, 'ഫാസിസ്റ്റു(?)കളെ ഉന്‍മൂലനം ചെയ്യാന്‍ ഏതറ്റം വരെ പോകാനും മടിക്കില്ല' എന്ന മറ്റൊരു ഔദ്യോഗിക നിലപാടുമായി ബന്ധിപ്പിച്ച്‌ 'ആ ഫാസിസ്റ്റ്‌ മുക്കുവന്മാര്‍ ചത്തൊടുങ്ങട്ടെ' എന്നതാണോ നിങ്ങളുടെ തീരുമാനം?


പദ്ധതിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇത്തരം അനേകം പ്രശ്നങ്ങളില്‍ ഒന്നിനേക്കുറിച്ചും പറയാനില്ലാതെ നിങ്ങള്‍ വര്‍ഗ്ഗീയതയെന്നു മാത്രം ഉരുവിട്ടു കൊണ്ടിരിക്കുന്നതില്‍ നിന്നും നിങ്ങള്‍ക്കിതിലൊന്നും പ്രത്യേകിച്ചു നിലപാടുകളൊന്നും ഇല്ല എന്നു തന്നെയാണു തോന്നുന്നത്‌. ബി.ജെ.പി. എതിര്‍ക്കുന്നതു കൊണ്ട്‌ എന്തു വിലകൊടുക്കേണ്ടി വന്നാലും നിങ്ങളിതിനെ അനുകൂലിക്കും. മുക്കുവരെന്നല്ല നമ്മുടെ തീരപ്രദേശം മുഴുവന്‍ തന്നെ സുനാമിയില്‍പ്പെട്ടു തകര്‍ന്നാലും നിങ്ങളപ്പോഴും അത്‌ ഫാസിസ്റ്റുകളുടെ രഹസ്യ അജണ്ടയാണെന്നോ മറ്റോ വാദിക്കാനാണു സാദ്ധ്യത!

* * * * * * * * * *
മതമോ കറുപ്പ്‌ - അതോ ചില മനസ്സുകളോ?


എനിക്കിനി ഒരു കാര്യം കൂടിയേ പറയാനുള്ളൂ - കാരാട്ട്‌. ഇതു പറയുമ്പോള്‍, നമുക്കു സംഘപരിവാറിനെ വിടാം. മാര്‍ക്സിനെയും വിടാം. നേര്‍ക്കു നേര്‍ - രണ്ടു പച്ച മനുഷ്യരായി നില്‍ക്കാം.

മനുഷ്യനെ മനുഷ്യനായിക്കാണുന്നു എന്നൊക്കെ നിങ്ങള്‍ അവകാശപ്പെടാറുള്ളത്‌ വെറും പൊള്ളവാക്കാണെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാനൊരവസരം കൂടിയാണിത്‌.

ധാരാളം ഹിന്ദുക്കള്‍ രാമസേതു സംരക്ഷിക്കപ്പെടണമെന്ന്‌ ആഗ്രഹിക്കുകയും അവരില്‍ കുറേപ്പേര്‍ അത്‌ പരസ്യമായി ആവശ്യപ്പെടാന്‍ തയ്യാറാകുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍, അത്‌ തകര്‍ത്തിട്ട്‌ നമുക്കത്ര അത്യാവശ്യമൊന്നും ഇല്ല എന്നൊരു സാഹചര്യം കൂടി നിലനില്‍ക്കുമ്പോള്‍, അതു തകര്‍ത്തേ പറ്റൂ എന്നു ശഠിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു - കാരാട്ട്‌? മതവികാരം ഉള്‍പ്പെടുന്ന ഒരു പ്രശ്നമുന്നയിക്കപ്പെടുമ്പോള്‍, അതു ഹിന്ദുക്കളുടേതാണെങ്കില്‍ നാമതു പരിഗണിക്കേണ്ടതില്ല എന്ന ചിന്തയുടെ യുക്തിയെന്താണ്‌?

അല്ല - കാരാട്ട്‌ - ഞാന്‍ കൂടുതല്‍ മുഖവുരകളില്ലാതെ പച്ചയ്ക്കു ചോദിക്കട്ടെ - ഹിന്ദുക്കള്‍ക്ക്‌ മതവികാരങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണോ നിങ്ങളുടെ നിലപാട്‌?
ഉണ്ടാവാമെങ്കില്‍ അത്‌ എത്രത്തോളമാവാം? എന്തൊക്കെയാണ്‌ നിങ്ങളുടെ നിബന്ധനകള്‍?


ഏതൊക്കെ ആചാരങ്ങളാണ്‌ - ഏതൊക്കെ വിശ്വാസങ്ങളാണ്‌ അനുവദിച്ചു തരാവുന്നത്‌? ഏതൊക്കെയാണ്‌ എതിര്‍ക്കപ്പെടേണ്ടത്‌?

സകല ഹിന്ദുക്കളും തങ്ങളുടെ വിശ്വാസങ്ങളുടെ അവസാനകണികയും വലിച്ചെറിഞ്ഞ്‌ - മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും, ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചുവെന്നും പറഞ്ഞ്‌ - തൊഴിലാളിവര്‍ഗ്ഗസര്‍വാധിപത്യത്തിനു വേണ്ടി മുഷ്ടി ചുരുട്ടുന്ന മുന്നണിപ്പോരാളികളാകാം എന്നു തീരുമാനിച്ചാല്‍, അന്നെങ്കിലും നിങ്ങള്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമോ? എന്താണു നിങ്ങളുടെ അടിസ്ഥാനപ്രശ്നം? എന്താണു നിങ്ങളുടെ പരമമായ ലക്ഷ്യം?

ഹിന്ദുക്കളുടെ മതവികാരങ്ങള്‍ പരിഗണിക്കപ്പെടാതിരിക്കുക മാത്രമല്ല അവ അധിക്ഷേപിക്കപ്പെടുകയും ചെയ്യുമ്പോള്‍, അതില്‍ പ്രതിഷേധമുള്ളവര്‍ എങ്ങനെ പ്രതികരിക്കണമെന്നാണ്‌ താങ്കളുടെ അഭിപ്രായം? അവര്‍ ആക്ഷേപങ്ങള്‍ സഹിച്ചും ഭര്‍ത്സനങ്ങളെ ഭയന്നും മിണ്ടാതെ കഴിഞ്ഞുകൂടുകയാണോ വേണ്ടത്‌? അക്രമസമരങ്ങള്‍ പാടില്ല എന്നും (നിങ്ങള്‍ തന്നെ അതു പറയണം!) സമാധാനപരമായി പ്രതിഷേധിച്ചോളൂ എന്നുമാണെങ്കില്‍, അതിനുള്ള വേദി എവിടെയാണ്‌? പ്രതിഷേധത്തിന്റെ രീതി എന്തായിരിക്കണം? പ്രതിഷേധിക്കുന്നവരെ നിങ്ങള്‍ വര്‍ഗ്ഗീയവാദികള്‍ എന്നു വിളിക്കില്ല എന്നുണ്ടോ? എന്താണു നിങ്ങള്‍ വര്‍ഗ്ഗീയത എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?

നിങ്ങള്‍ക്ക്‌ ഹിന്ദുക്കളോടിത്ര ശതൃതയെന്തിനാണ്‌? ഹൈന്ദവമായ എന്തിനെയും അധിക്ഷേപിക്കുന്നതില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ആനന്ദം കണ്ടെത്താനാവുന്നതെന്തുകൊണ്ടാണ്‌? പ്രത്യയശാസ്ത്രനിഘണ്ടുക്കളുടെ ഏതു താളുകളില്‍ പരതിയാലാണ്‌ ആ രഹസ്യങ്ങള്‍ കണ്ടെത്താനാവുക?

ജനങ്ങളില്‍ ദേശീയബോധവും ഹിന്ദുത്വാഭിമാനവും വളരാനിടയാകുന്നതും ജാതി വൈജാത്യങ്ങള്‍ മറന്ന്‌ അവര്‍ ഒരുമിച്ചു നില്‍ക്കുന്നതും നിങ്ങളുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനു തടസ്സമല്ലേ? അതല്ലേ നിങ്ങള്‍ ഹിന്ദുത്വപ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നതിന്റെ മൂലകാരണം? 'ചെറുത്തുനില്‍പ്പ്‌' എന്നു നിങ്ങള്‍ വിളിക്കുന്ന ആ നിലപാടിനു നിങ്ങള്‍ കണ്ടെത്തുന്ന ന്യായീകരണങ്ങള്‍ക്കൊപ്പം 'ഹൈന്ദവമായ എന്തിനെയും എതിര്‍ക്കുക' എന്ന നിലപാടു കൂടി ചേര്‍ത്തുവച്ചാല്‍ കിട്ടുന്നത്‌ കടുത്ത ഹിന്ദു വിരുദ്ധതയുടെ മുഖം മാത്രമാണ്‌ എന്നു പറഞ്ഞാല്‍ താങ്കള്‍ക്കു നിഷേധിക്കാമോ?

ഇന്നത്തെ സാഹചര്യത്തില്‍, അവഗണന നേരിടുന്നുവെന്നതിന്‌ ഹിന്ദുക്കള്‍ സ്വയം കണ്ടെത്തേണ്ടുന്ന കാരണമെന്താണ്‌? സെമറ്റിക്‌ മതവിശ്വാസങ്ങള്‍ പിന്തുടരാന്‍ ചിലര്‍ തീരുമാനിച്ചപ്പോള്‍ ബാക്കി വന്നവര്‍ - ആയിരക്കണക്കിനു ജാതി - ഉപജാതി - വര്‍ഗ്ഗ - വര്‍ണ്ണ - ആചാര - അനുഷ്ഠാന വൈവിദ്ധ്യങ്ങളുടെ ആകെത്തുക എന്നു പറയാവുന്ന ഒരു കൂട്ടം ജനങ്ങള്‍ - അവരെല്ലാവരെയും കൂട്ടി എണ്ണമെടുത്താല്‍ അവര്‍ മറ്റുള്ളവരേക്കാള്‍ എണ്ണത്തില്‍ കുറവല്ല എന്നതോ? എന്താണവരോടു നിങ്ങള്‍ക്കു താല്‍പര്യമില്ലാത്തതിന്‌ നിങ്ങള്‍ നല്‍കുന്ന വിശദീകരണം? 'ഭൂരിപക്ഷവര്‍ഗ്ഗീയത' എന്നു നിങ്ങള്‍ വിളിക്കുന്നതെന്തിനെയാണ്‌? തങ്ങളുടെ ഏതെങ്കിലും ആവശ്യങ്ങള്‍ക്കു വേണ്ടി അവര്‍ മറ്റുള്ളവരുടെ നിലനില്‍പ്പിനു ഭീഷണിയാകുന്ന എന്തെങ്കിലുമൊരു പ്രവൃത്തിയിലേര്‍പ്പെട്ടു വരുന്നതായി ചൂണ്ടിക്കാണിക്കാമോ?

മതേതരത്വത്തിന്റെ പേരു പറഞ്ഞ്‌ ഹിന്ദു വികാരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍, അതേ പേരു പറഞ്ഞ്‌ മറ്റു വിഭാഗങ്ങള്‍ക്കായി നിലകൊള്ളുന്നതായിക്കാണാറുണ്ട്‌ എന്നു പറഞ്ഞാല്‍ നിഷേധിക്കാമോ? ജാതിവൈരങ്ങള്‍ ഊതിപ്പെരുപ്പിച്ച്‌ ഹിന്ദു വോട്ടുകള്‍ തട്ടിയെടുക്കാമെങ്കിലും, കുറേക്കുടി സംഘടിതരായ ഇതരമതവിഭാഗങ്ങളെ കയ്യിലെടുക്കണമെങ്കില്‍ പ്രീണനനയങ്ങള്‍ അനുവര്‍ത്തിച്ചേ തീരൂ എന്നൊരു നിലപാടാണ്‌ താങ്കളടക്കമുള്ള നേതാക്കള്‍ക്ക്‌ എന്നു പറഞ്ഞാല്‍ നിഷേധിക്കാമോ? രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കാനായി അങ്ങനെ പല നയങ്ങളുമെടുക്കുന്നതിനെ തെറ്റെന്നു പറയാനാവില്ലെന്നും എന്നാല്‍ അതു പലപ്പോഴും നമ്മുടെ കെട്ടുറപ്പിനെ ബാധിക്കുന്ന മട്ടില്‍ അതിരു വിടുന്നു എന്നും ചൂണ്ടിക്കാട്ടിയാല്‍, അതും 'വര്‍ഗ്ഗീയവാദ'മെന്നാണോ വിളിക്കപ്പെടുക? അതൊക്കെ 'യാഥാര്‍ത്ഥ്യവാദ'മല്ലെന്നുണ്ടോ? വര്‍ഗ്ഗീയമായ ഒരു യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിക്കുമ്പോള്‍ അതൊരു വര്‍ഗ്ഗീയപരാമര്‍ശമായിപ്പോകുമെന്നതില്‍ അതിശയമെന്താണുള്ളത്‌? വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ വര്‍ഗ്ഗീയവാദികളാണെങ്കില്‍, ആ വസ്തുതകള്‍ അവിടെ ഉണ്ടാകുവാനിടയാക്കിയ രാഷ്ട്രീയക്കാരെ - താങ്കളടക്കമുള്ളവരെ - നാം എന്തു വിളിക്കണം? വര്‍ഗ്ഗീയ ശില്‍പികളെന്നോ?

* * * * * * * * * *
ഒരിക്കലും പഠിക്കാത്ത 'പാഠ'ങ്ങള്‍

എത്രയൊക്കെ വിശദീകരിച്ചാലും മനസ്സിലാവാതെയും ചിലപ്പോള്‍ മനസ്സിലാകുന്നില്ലെന്നു നടിച്ചും - 'ഞങ്ങള്‍ പുരോഗമന - ജനാധിപത്യ- മതേതരത്വ - വാദികളാണ്‌' എന്നൊക്കെ വാദിക്കുകയും 'എന്താണീ കപടമതേതരത്വ'മെന്നൊക്കെ ചോദിക്കുകയും ചെയ്യുന്ന ചിലരുണ്ട്‌. താങ്കളും അവരേപ്പോലെയാണെങ്കില്‍, ഒരു ഉദാഹരണം കൂടി പറഞ്ഞു നിര്‍ത്തുകയാണ്‌ - കാരാട്ട്‌.

കേരളവും ബംഗാളും പോലെ ചില സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ളൊരു പ്രസ്ഥാനമെന്ന നിലയ്ക്ക്‌ (അത്‌ ആക്ഷേപകരമായിക്കാണേണ്ടതില്ല) അവിടുത്തെ സംസ്ഥാനനേതാക്കളെ നിങ്ങളുടെ ദേശീയനേതാക്കളായിത്തന്നെ കാണേണ്ടി വരും. അല്ലെങ്കിലും പിണറായി വിജയന്‍ പോളിറ്റ്ബ്യൂറൊ അംഗം കൂടിയാണല്ലോ. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ ഒരു പ്രഖ്യാപനം, ദേശീയതലത്തില്‍ പാര്‍ട്ടിയുടെ ഔദ്യാഗികനിലപാടായിത്തന്നെയാണ്‌ ജനം മനസ്സിലാക്കുന്നത്‌.

"മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ എതിര്‍പ്പുണ്ടായപ്പോള്‍ ജീവന്‍ കൊടുത്തും എതിര്‍ത്തവരാണു കമ്മ്യൂണിസ്റ്റുകാര്‍. അത്‌ നാലു വോട്ടിനു വേണ്ടിയല്ല. പ്രതിബദ്ധത കൊണ്ടാണ്‌" എന്നാണദ്ദേഹം പറഞ്ഞത്‌. 'ന്യൂനപക്ഷങ്ങളുമായി ഏറ്റുമുട്ടലിനില്ല' എന്ന സൂചനകള്‍ നല്‍കുകയും ചെയ്തു.

ആ പരാമര്‍ശത്തോടനുബന്ധിച്ച്‌ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഏതു "മതവിശ്വാസ"ത്തെയായിരിക്കും വ്രണപ്പെടുത്തിയിട്ടുണ്ടാവുക എന്ന സംശയം ഉയരാം. അതു ഞാന്‍ ഉപേക്ഷിക്കുകയാണ്‌. ഇനിയാണെങ്കിലും "മതവിശ്വാസം വ്രണപ്പെട്ടാല്‍ ജീവന്‍ കളഞ്ഞും എതിര്‍ക്കും" എന്ന നിലപാടു വ്യക്തമാക്കിയതായിക്കരുതിക്കൊണ്ട്‌ എനിക്കു വേണമെങ്കില്‍ മറ്റു ചില ചോദ്യങ്ങള്‍ ചോദിക്കാം.

ഇങ്ങനെ, ആരുടെയെങ്കിലും മതവികാരങ്ങള്‍ക്കു വേണ്ടി ചാകാന്‍ പോലും തയ്യാറാകുന്നത്ര പ്രതിബദ്ധത മതേതരവാദികളെന്നവകാശപ്പെടുന്നവര്‍ക്കു ഭൂഷണമാണോ എന്നു ചോദിക്കാം.

ഞാനതിനു മുതിരുന്നില്ല.

ഹിന്ദുക്കളെയും ഒരു മതവിഭാഗമായി കണക്കാക്കിക്കൂടേ - അവരുടെ വികാരങ്ങള്‍ വ്രണപ്പെട്ടാലും നിങ്ങളിങ്ങനെ ജീവന്‍ കളയുമോ? എന്നു ചോദിക്കാം.

ഞാനതിനും മുതിരുന്നില്ല.

ഹിന്ദുക്കള്‍ക്കു വേണ്ടി നിങ്ങള്‍ ജീവനൊന്നും കളയണ്ട - അവരുടെ ജീവന്‍ എടുക്കാതിരിക്കുകയെങ്കിലും ചെയ്തു കൂടേ എന്നു ചോദിക്കാം. ഹൈന്ദവരുടെ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അതിനെ ആക്രമിക്കാതിരുന്നു കൂടേ എന്നു ചോദിക്കാം. ഹിന്ദുത്വാഭിമാനം വളരാനിടയാക്കുന്ന സംഘടനകളുമായി ബന്ധമുണ്ടെന്ന ഒറ്റക്കാരണത്താല്‍ നിങ്ങള്‍ നിഷ്ക്കരുണം കൊന്നുതള്ളിയവരുടെ (ഇന്നലെക്കൂടി ഒരാളെ കൊന്നിരിക്കുന്നു!) കുടുംബാംഗങ്ങളേക്കുറിച്ച്‌ നിങ്ങള്‍ക്കോര്‍മ്മയുണ്ടോ എന്നു ചോദിക്കാം.

ഞാനതിനും മുതിരുന്നില്ല.

എനിക്കൊന്നേ ചോദിക്കാനുള്ളൂ - കാരാട്ട്‌. ഹിന്ദുവികാരങ്ങളെ തുടരെ ആക്രമിച്ചൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്കായി മരിക്കാന്‍ തയ്യാറാകുകയും, അതൊക്കെ പരസ്യമായി പ്രഖ്യാപിക്കാന്‍ മടികാണിക്കാതിരിക്കുകയും ചെയ്തിട്ട്‌ 'ഞങ്ങളാണ്‌ മതേതരവാദികള്‍' എന്നു നിങ്ങള്‍ പറയുമ്പോള്‍, മതേതരത്വം എന്ന വാക്കിന്‌ പതിഞ്ഞു കിട്ടുന്ന അര്‍ത്ഥം എത്ര വികലവും ഭീകരവുമാണെന്നാലോചിച്ചിട്ടുണ്ടോ? അങ്ങനെ തന്നെയാണോ നിങ്ങളുടെ പ്രത്യയശാസ്ത്രപുസ്തകങ്ങളില്‍ മതേതരത്വത്തെ നിര്‍വചിച്ചു വച്ചിരിക്കുന്നത്‌?

അതോ എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിച്ചു കൊണ്ടും, എന്നാല്‍ ഏതിനെങ്കിലും അനര്‍ഹമായ പരിഗണനകൊടുക്കാതെയും ഏതിനെയെങ്കിലും അന്യായമായ രീതിയില്‍ തഴയുകയോ ഉപദ്രവിക്കുകയോ ചെയ്യാതെയും - നിഷ്പക്ഷമായ നിലപാടുകള്‍ - സര്‍വ്വ മതപരിഗണനകള്‍ക്കും ഇതരമായ നിലപാടുകള്‍ എടുക്കുക എന്നാണോ? അങ്ങനെയാണെങ്കില്‍, നിങ്ങളുടെയീ നഗ്നമായ കാപട്യങ്ങള്‍ - തികഞ്ഞ ഹിന്ദുവിരുദ്ധതയും കടുത്ത ന്യൂനപക്ഷപ്രേമവും മറ്റുള്ളവര്‍ തിരിച്ചറിയുന്നില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്‌?

കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ നോക്കുന്നതിലും എത്രയോ പരിഹാസ്യമാണെന്നറിയാമോ ഇതൊക്കെ? നിങ്ങള്‍ക്ക്‌ എത്ര പേരുടെ കണ്ണുകളെ എത്ര കാലം മൂടിക്കെട്ടാനാവും? യാഥാര്‍ത്ഥ്യബോധമുള്ളവര്‍ക്ക്‌ ഇതൊക്കെ പകല്‍ പോലെ വ്യക്തമല്ലെന്നുണ്ടോ? ഇതൊക്കെ മനസ്സിലാക്കാന്‍ ഒരു പാഠശാലയിലും പോകേണ്ട കാര്യമില്ല കാരാട്ട്‌- ഒരു പ്രത്യയശാസ്ത്ര പുസ്തകവും പഠിക്കേണ്ടതില്ല. രാഷ്ട്രീയതിമിരം ബാധിക്കാത്ത രണ്ടു കണ്ണുകള്‍ മാത്രം മതി - കൊടിക്കു മുമ്പില്‍ അടിയറ വയ്ക്കാത്ത - ചിന്തകള്‍ക്കു ചിതലരിച്ചിട്ടില്ലാത്ത ഒരു മനസ്സും.

(തുടരും)

അടുത്തത്‌:-
4 - കരുണാനിധിക്കു മറുപടി
5 - ഡി.വൈ.എഫ്‌.ഐ. നേതാവിനു മറുപടി

Friday, October 12, 2007

രാമസേതു - 2 - സോണിയാഗാന്ധിക്കുള്ള മറുപടി

രാമസേതു സംബന്ധിച്ച അഞ്ചു തുടര്‍പോസ്റ്റുകളില്‍ രണ്ടാമത്തേതാണ്‌ ഇത്‌.

ആദ്യത്തേത്‌ ഇവിടെ:-
1 - 'ചിത്രകാര'നുള്ള മറുപടി

* * * * * * * * * * * * * * *
ശ്രീമതി സോണിയാ ഗാന്ധീ,

'ദ്രാവിഡ മുന്നേറ്റ കഴക'വും കോണ്‍ഗ്രസും ഇടതുകക്ഷികളും 'മുസ്ലീം മുന്നേറ്റ കഴക'വുമൊക്കെയടങ്ങുന്ന ഡി.പി.എ. മുന്നണി തമിഴ്‌നാട്ടില്‍. അതിനെ ഉള്‍ച്ചേര്‍ത്ത്‌ കോണ്‍ഗ്രസ്‌ നയിക്കുന്ന യു.പി.എ. മുന്നണി കേന്ദ്രത്തിലും. അപ്പോള്‍, രാമസേതു തകര്‍ക്കുക എന്ന രാഷ്ട്രീയ അക്രമപ്രവര്‍ത്തനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്‌ - കോണ്‍ഗ്രസിന്‌.

പ്രതിഷേധങ്ങള്‍ക്കു നേരെ അവജ്ഞയും പരിഹാസവും എറിയുന്നതിനിടെ അറിയാത്തമട്ടില്‍ ആദ്യകഠാര കുത്തിയിറക്കിയതും നിങ്ങള്‍ തന്നെ - കോണ്‍ഗ്രസ്‌! രാമന്‍ ജീവിച്ചിരുന്നതിനു തെളിവില്ലത്രേ! എന്തൊരു മരമണ്ടന്‍ പരാമര്‍ശമായിപ്പോയി അത്‌! 'അരിയെത്ര' എന്നു ചോദിച്ചപ്പോള്‍ 'പയറഞ്ഞാഴി ' എന്നു പറഞ്ഞതുപോലെയാണ്‌ ആദ്യം തോന്നിയത്‌.

രാമന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനേച്ചൊല്ലി കോടതിയില്‍ ഒരു വാദപ്രതിവാദം നടക്കുന്ന വിവരം, നിങ്ങള്‍ പറയുന്നതു വരെ അറിഞ്ഞിരുന്നില്ല - സോണിയാ! കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന രാമസേതു, സേതുസമുദ്രം പദ്ധതിയുടെ പേരില്‍ തകര്‍ക്കപ്പെടുന്നതു ന്യായമോ - എന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ ചോദ്യം. അതിനു നിങ്ങള്‍ പറയുന്ന മറുപടി 'രാമന്‍ ജീവിച്ചിരുന്നില്ല ' എന്നാണ്‌. അതായത്‌ - 'അതു കൊണ്ട്‌ തകര്‍ക്കുന്നതില്‍ തെറ്റില്ല' എന്ന്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, രാമന്‍ ജീവിച്ചിരുന്നു എന്നതിന്‌ ശാസ്ത്രീയമായ - നിങ്ങള്‍ക്കു വിശ്വസിക്കാവുന്ന - ഒരു തെളിവു നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ രാമസേതുവിനെ വെറുതെ വിടാനൊരുക്കമുള്ളൂ എന്ന്‌.

അല്ല - എനിക്കു മനസ്സിലാകുന്നില്ല - ശ്രീരാമനിര്‍മ്മിതമാണെന്ന്‌ ഉറപ്പു കിട്ടി എന്നു തന്നെ കരുതുക. അങ്ങനെയാണെങ്കില്‍ പാലം തകര്‍ക്കുന്നില്ല എന്നാണല്ലോ നിങ്ങളുടെ വാദത്തിനര്‍ത്ഥം. അതിന്റെ യുക്തിയെന്താണു കോണ്‍ഗ്രസ്‌? പ്രകൃതിയോ രാമനോ ആരു നിര്‍മ്മിച്ചാലും ശരി - അതു തകര്‍ത്താല്‍ കപ്പല്‍ച്ചാല്‍ വഴി നിങ്ങളുദ്ദേശിക്കുന്ന പരിപാടികളൊക്കെ നടക്കേണ്ടതല്ലേ? പിന്നെയെന്താ രാമനിര്‍മ്മിതമെങ്കില്‍ അതൊക്കെ വേണ്ടെന്നു വയ്ക്കാമെന്ന്‌ ഒരു ഔദാര്യം?

അപ്പോള്‍ - ഹിന്ദുക്കള്‍ക്ക്‌ മത-സാംസ്കാരിക-ചരിത്രപരമായി പ്രാധാന്യമുള്ള ഏതൊന്നിനെയും അംഗീകരിക്കുകയോ അനുഭാവപൂര്‍വ്വം പരിഗണിക്കുകയോ ചെയ്യണമെങ്കില്‍, അവയ്ക്ക്‌ 'ശാസ്ത്രീയമായ തെളിവു' സമര്‍പ്പിക്കണം എന്നതാണ്‌ നിങ്ങളുടെ നിലപാടെന്നര്‍ത്ഥം. തെളിവിന്റെ അഭാവത്തില്‍, അവയെ നശിപ്പിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ക്കു മടിക്കില്ല എന്നുള്ള ധാര്‍ഷ്ട്ര്യവും ഭീഷണിയും കൂടെയും.

ഇക്കണക്കിനാണെങ്കില്‍, ഇവിടെ, ഈ ഭാരതത്തില്‍ ഹിന്ദുക്കളായി ജീവിച്ചു മരിക്കണമെന്ന്‌ ആഗ്രഹമുള്ളവര്‍ നാളെ എന്തിനൊക്കെ തെളിവു ഹാജരാക്കേണ്ടി വരും? അവര്‍ ഏതൊക്കെ കോടതികള്‍ക്കു മുന്നില്‍ ഇരക്കേണ്ടി വരില്ലെന്ന്‌ ആരു കണ്ടു? ഏതൊക്കെ വിശ്വാസങ്ങള്‍ക്ക്‌ ശാസ്ത്രീയ അടിത്തറ സമര്‍ത്ഥിച്ചു കൊടുക്കേണ്ടി വരും? ഏതൊക്കെ ആചാരങ്ങള്‍ അല്ലാതെ തന്നെ അനുവദിക്കപ്പെടും?

നേരിട്ടൊരു താരതമ്യം സാദ്ധ്യമല്ല. എന്നാലും ഈ മട്ടും ഭാവവുമൊക്കെക്കണ്ട്‌ പേടിയോടെ ഓര്‍ത്തു പോകുകയാണ്‌. പാപനാശിനിയിലോ പുനര്‍ജ്ജനിയിലോ ആലുവാ മണപ്പുറത്തോ ഒക്കെ ’ഞങ്ങള്‍ വലിയ തടയണകള്‍ നിര്‍മ്മിച്ച്‌ വികസനമെത്തിക്കാന്‍ പോവുകയാണെ‘ന്നും പറഞ്ഞ്‌ ഏതെങ്കിലും സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ സ്വാഭാവികമായും അടുത്ത വര്‍ഷം ഞാന്‍ എവിടെ എന്റെ പിതൃക്കള്‍ക്കു ബലിയിടും എന്നു പലരും ആശങ്കപ്പെട്ടു പോകും. അതേപ്പറ്റി ചോദിക്കാമെന്നു വച്ചാല്‍,മരണാനന്തരജീവിതത്തിന്റെ യുക്തി തെളിയിക്കാതെ ഇത്തരം പരിപാടികളൊന്നും ഇനിയിവിടെ നടപ്പില്ല“ എന്നാണു കിട്ടുന്ന മറുപടിയെങ്കിലോ?

ഇത്‌ തലമുറകള്‍ പിന്നിലേക്കു കിടക്കുന്ന ചില പാരമ്പര്യങ്ങളുടെ പ്രശ്നമാണ്‌ - ഇത്‌ തങ്ങളുടെ വിശ്വാസത്തിന്റെയും സാംസ്കാരിക പാരമ്പര്യസംരക്ഷണത്തിന്റെയും പ്രശ്നമാണ്‌ - ഇവിടെ തങ്ങളുടെ വികാരങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നൊക്കെയുള്ള ആവശ്യവുമായി പ്രതിഷേധസമരങ്ങളും മറ്റും സംഘടിപ്പിക്കുന്നവരെ വര്‍ഗ്ഗീയവാദികള്‍ എന്നു വിളിച്ച്‌ ഒറ്റപ്പെടുത്താന്‍ തുനിഞ്ഞാലോ?

ആക്ഷേപങ്ങള്‍ കണ്ടില്ലെന്നു നടിച്ച്‌ പ്രതിഷേധം തുടരുന്നവരെ മനപൂര്‍വ്വം പ്രകോപിപ്പിക്കാനെന്നമട്ടില്‍ അങ്ങേയറ്റം അപക്വമായ പരാമര്‍ശങ്ങളാണ് തുടര്‍ന്നും രാഷ്ട്രീയനേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നതെങ്കിലോ? കരുണാനിധിശൈലിയില്‍ "നിന്റെയൊക്കെ കാര്‍ന്നോന്മാര്‍ ചത്തു തുലഞ്ഞില്ലേ? അവര്‍ “കുടികാരന്മാര്‍‍ “ (മദ്യപാനികള്‍) അല്ലായിരുന്നോ? അവരൊക്കെ ഏതു ഫ്ലൈറ്റിനാണ് നിന്റെ ഉരുളച്ചോറു വിഴുങ്ങാന്‍ വരുന്നത്‌ ? ഈ നശിച്ച ചോറൂട്ടും വിശ്വാസങ്ങളും കാരണം മനുഷ്യര്‍ക്കിവിടെ വികസനം നടത്താന്‍ സാധിക്കുന്നില്ലല്ലോ" എന്നൊക്കെയുള്ള മട്ടില്‍ തരം താണ ചോദ്യങ്ങളെറിയുന്നവരാണ്‌ പൊതുസമൂഹത്തിന്‌ അഭിമതര്‍ - അവരാണ്‌ പുരോഗമനവാദികള്‍ എന്നു വന്നാലോ? വിശ്വാസങ്ങള്‍ക്കു വിലകല്‍പിക്കുന്നവരും പുതിയ പദ്ധതിയില്‍ എതിര്‍പ്പുള്ളവരുമായവരില്‍ ചിലരെങ്കിലും പ്രതികരിക്കാന്‍ തുനിയുമ്പോള്‍ അവര്‍ “വര്‍ഗ്ഗീയ വിഷവിത്തു പാകി “ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ“(?!!) രഹസ്യ അജണ്ട നടപ്പാക്കുകയാ"ണെന്നു ചിലര്‍ ആക്രോശിച്ചാലോ?

തുറന്നു പറയാമല്ലോ. ഭ്രാന്തു പിടിക്കേണ്ടെങ്കില്‍ അസാമാന്യമായ മനോബലം വേണ്ടി വരും. മറ്റുള്ളവര്‍ക്ക്‌ ആ വേദന‌ ഒരിക്കലും മനസ്സിലാകണമെന്നില്ല. തത്തുല്ല്യമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരാത്തിടത്തോളം കാലം.

അല്ല - ഗാന്ധീ, ഒന്നു ചോദിക്കട്ടെ. 'രാജ്യത്തിന്റെ പുരോഗതി' എന്നതിന്‌ ചില കപ്പലോട്ടങ്ങളിലൂടെ ലഭിക്കുന്ന സാമ്പത്തികനേട്ടങ്ങള്‍ മാത്രമേ സൂചകങ്ങളായുള്ളോ? (സാമ്പത്തികനേട്ടങ്ങളേക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പലതും പൊള്ളയാണെന്ന നിരീക്ഷണങ്ങളിലേക്കു ഞാന്‍ കടക്കുന്നില്ല) അവിടുത്തെ ജനതയ്ക്ക്‌ ആരെയും ഉപദ്രവിക്കാതെയും ആരാലും ഉപദ്രവിക്കപ്പെടാതെയും തങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട്‌ ജീവിക്കാനാവുക എന്നതിന്‌ യാതൊരു പ്രാധാന്യവുമില്ലെന്നുണ്ടോ? അവിശ്വാസികളായ ചില രാഷ്ട്രീയക്കാരെ പേറുന്നു എന്നു വച്ച്‌ ജനങ്ങളും തങ്ങളുടെ വിശ്വാസങ്ങള്‍ ഉപേക്ഷിച്ചേ തീരൂ എന്നുണ്ടോ?

ഇവിടെ, ജനകോടികളുടെ വിശ്വാസപാരമ്പര്യങ്ങളെ പരസ്യമായി വിചാരണയ്ക്കു വച്ചു വിലപേശുക എന്ന നീച പ്രവൃത്തിയാണു നിങ്ങള്‍ ചെയ്തത്‌ - കോണ്‍ഗ്രസ്‌! ഈ സാഹചര്യത്തില്‍ അതൊരു അപരാധം തന്നെയാണ്‌.

(വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടുകൂടേ? - ഉവ്വെങ്കില്‍ അതിനു പരിധികളുണ്ടോ? ഏതറ്റം വരെ ആവാം? ഏതൊക്കെ വിശ്വാസങ്ങള്‍ ഏതൊക്കെ അവസരങ്ങളില്‍ ഏത്‌ അളവു വരെ ചോദ്യം ചെയ്യാം - ചെയ്യണം - ഇവയുടെയൊക്കെ മാനദണ്ഡങ്ങളെന്തൊക്കെയാവണം - എന്നതേപ്പറ്റിയൊക്കെ ഒരു നല്ല ചര്‍ച്ചയ്ക്ക്‌ അവസരമുണ്ടിവിടെ. ഇതേപ്പറ്റി പിന്നാലെ പറയുന്നുണ്ട്‌)

രാമസേതു നശിപ്പിക്കാനുള്ള തീരുമാനത്തിലൂടെയും അതിനെ ന്യായീകരിച്ചു കൊണ്ടു വന്ന സത്യവാങ്മൂലത്തിലൂടെയും യഥാര്‍ത്ഥത്തില്‍ ഇവിടെ നടന്നത്‌ മതപീഢനമാണ്‌. 'അവിശ്വാസികള്‍' എന്ന മത(അഭിപ്രായ)വിഭാഗം, 'വിശ്വാസികള്‍' എന്ന മതവിഭാഗത്തിന്റെ മേല്‍ നടത്തിയ കടന്നാക്രമണമാണിത്‌. ഓരോരുത്തര്‍ക്കും സ്വന്തം മതവിശ്വാസങ്ങള്‍ പുലര്‍ത്താനും അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്‌. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ക്കു മേല്‍ കുതിര കയറിക്കൊണ്ടും അതിനെ പരിഹസിച്ചു കൊണ്ടും ആവാം അത്‌ എന്നൊരു (ദു)സ്വാതന്ത്ര്യം കൂടി ഭരണഘടന ഉറപ്പു വരുത്തുന്നുണ്ടോ എന്തോ? ഇല്ലെന്നുണ്ടെങ്കില്‍ - കോണ്‍ഗ്രസ്‌ സര്‍ക്കാരേ - നിങ്ങളുടെ സത്യവാങ്മൂലം നഗ്നമായ ഭരണഘടനാലംഘനം കൂടിയാണ്‌.

ആയിരക്കണക്കിന്‌ ഉദാഹരണങ്ങളിലൂടെ ആവശ്യത്തിലധികം തവണ ഉത്തരം കിട്ടിക്കഴിഞ്ഞതാണ്‌. എന്നാലും അറിയാതെ ചോദിച്ചു പോകുകയാണ്‌. "ഇതൊക്കെയാണ്‌ നിങ്ങള്‍ 'മതേതരത്വം' എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്നു വരുമോ?"

അങ്ങനെയെങ്കില്‍, മറ്റേതെങ്കിലുമൊരു മതവിഭാഗത്തിന്റെ വിശ്വാസങ്ങളുടെ ഏഴയലത്തു വന്നു നിന്നെങ്കിലും ഒന്നു ചോദ്യം ചെയ്യാന്‍ - എന്തിന്‌, ഒന്നു പുരികം ചുളിക്കാനെങ്കിലും - നിങ്ങള്‍ക്കു ധൈര്യമുണ്ടോ?“ എന്നൊരു ചോദ്യം മനപ്പൂര്‍വ്വം ഞാന്‍ ഒഴിവാക്കുകയാണ്‌. അല്ലെങ്കില്‍, സാമാന്യബുദ്ധിയുള്ളവര്‍ക്ക്‌ തികച്ചും ന്യായമായിത്തോന്നുന്ന ആ സംശയത്തെപ്പോലും 'വര്‍ഗ്ഗീയ വിഷം ചീറ്റ'ലായി വ്യാഖ്യാനിച്ചുകളയും ചില വിഡ്ഢികള്‍!

* * * * * * * * * * * * * * *
സോണിയാഗാന്ധീ,

സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ നിങ്ങളൊരു കൂട്ടുത്തരവാദിത്തം പേറുന്നുവെന്നേയുള്ളൂ. എന്നാല്‍, നിങ്ങള്‍ മാത്രം നടത്തിയ വ്യക്തിപരമായ ഒരു പരാമര്‍ശത്തിനു കൂടി മറുപടി തരേണ്ടതുണ്ട്‌.

സത്യവാങ്മൂലത്തില്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗതനിലപാട്‌ അറിയാതെ പുറത്തുവന്നുപോയതാണ്‌ (നെഹൃവിന്റെ കാലം തൊട്ടേ സംഗതി ഏതാണ്ട്‌ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു). അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍, അതേപ്പറ്റി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടെന്ന ഒരു ഇമേജു വരുത്തി നിങ്ങള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ കരുണാനിധി അലറി വിളിക്കുന്നതും ഇടതുസഖാക്കള്‍ മുദ്രാവാക്യം പോലെ അത്‌ ഏറ്റു വിളിക്കുന്നതും. അങ്ങനെ കാര്യങ്ങള്‍ കൈവിട്ടു പോയതിനു ശേഷവും കുറേക്കാലം നിങ്ങള്‍ മൗനം പാലിച്ചു. പിന്നീടൊരു ദിവസം പെട്ടെന്ന്‌ നിങ്ങള്‍ കരുണാനിധിയുമായി സംഭാഷണം നടത്തി.

"നിങ്ങള്‍ കുറച്ചു കൂടി മര്യാദയും പക്വതയും സമചിത്തതയും പ്രകടിപ്പിക്കൂ മിസ്റ്റര്‍ കരുണാനിധീ. നമ്മുടെ മുന്നണിക്കു മൊത്തമാണ്‌ ചീത്തപ്പേരുണ്ടാകുന്നത്‌" എന്നു നിങ്ങള്‍ പറയുമെന്നാണ്‌ കരുതിയത്‌.

പക്ഷേ നിങ്ങള്‍ പറഞ്ഞതെന്താ - "നമുക്കു വര്‍ഗ്ഗീയശക്തികളെ ചെറുത്തു തോല്‍പ്പിക്കണ"മെന്ന്‌!

നന്നായി!

അപ്പോള്‍ രാമായണം മുഴുവന്‍ വായിച്ചിട്ടും സീത രാമന്റെ ആരാണെന്നു ചോദിച്ചപ്പോള്‍..... (അയ്യോ മറന്നു... ആ ഉദാഹരണമൊക്കെ ഇനി മുതല്‍ ഉപയോഗിക്കാമോ എന്തോ?)

നിങ്ങള്‍ യാതൊന്നും മനസ്സിലാക്കുന്നേയില്ല എന്നു തന്നെയാണതു കാണിക്കുന്നത്‌. അപ്പോള്‍ നിങ്ങളുടെ നിര്‍വചനമനുസരിച്ചാണെങ്കില്‍, രാമസേതു തകര്‍ക്കരുത്‌ എന്നാവശ്യപ്പെടുന്നവര്‍ 'വര്‍ഗ്ഗീയശക്തിക'ളാണല്ലേ? നിങ്ങളാരെയാണ്‌ 'വര്‍ഗ്ഗീയശക്തി' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌? പതിവുമട്ടില്‍, ബി.ജെ.പി.യെയോ? ഇവിടെ നിങ്ങളുടെ ഹിന്ദുവിരുദ്ധനിലപാടില്‍ പ്രതിഷേധമുള്ളവരെല്ലാം ബി.ജെ.പി.ക്കാരാണെന്നാണോ കരുതുന്നത്‌? പ്രശ്നങ്ങളില്‍ അനുഭാവം പ്രകടിപ്പിച്ച്‌ കൂടെ നില്‍ക്കാന്‍ അപൂര്‍വ്വം ചില കക്ഷികളെങ്കിലും കൂടെയുള്ളതാണോ ഹിന്ദുക്കളുടെ ശാപം? ആരുമില്ലാത്ത അവസ്ഥയാണെങ്കില്‍, നിങ്ങള്‍ കുറച്ചു കൂടി ദയകാണിക്കുമോ? രാഷ്ട്രീയമില്ലാത്ത കണ്ണുകള്‍ കൊണ്ട്‌ മനുഷ്യരുടെ പരാതികളും പരിഭവങ്ങളും കാണാന്‍ ഒരിക്കലെങ്കിലും നിങ്ങള്‍ തയ്യാറാകുമോ?

നിങ്ങളെ കുറ്റം പറയാനാവില്ല സോണിയാ. നിങ്ങള്‍ക്ക്‌ ഈയൊരു പ്രശ്നത്തില്‍ ആളുകള്‍ എന്തുകൊണ്ട്‌ പ്രതിഷേധിക്കുന്നു എന്നു മനസ്സിലാക്കാനാവില്ല. ഒരു വനിതയെന്ന നിലയിലും വിധവയെന്ന നിലയിലും പരമാവധി മാന്യതയും ബഹുമാനവും നിങ്ങള്‍ക്കു തന്നു കൊണ്ടു തന്നെയാണിതു പറയുന്നത്‌. എത്ര ഹിന്ദി പഠിച്ചാലും ശരി - കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നതു കേട്ട്‌ ഇന്ത്യയെപ്പറ്റി എത്ര മനസ്സിലാക്കിയാലും ശരി - നിങ്ങള്‍ക്ക്‌ പല പ്രശ്നങ്ങളും മനസ്സിലാക്കാനാവില്ല. പലതും പരമ്പരാഗതമായി രക്തത്തിലൂടെ മാത്രം പകര്‍ന്നു കിട്ടുന്ന വികാരങ്ങളാണ്‌ എന്നതു തന്നെ കാരണം. ആളുകള്‍ക്ക്‌ രാമസേതു എന്താണ്‌ - അതു നശിപ്പിക്കപ്പെടുമ്പോള്‍ കൂടെ നശിപ്പിക്കപ്പെടുന്ന മറ്റു ചിലത്‌ എന്തൊക്കെയാണ്‌ എന്നറിയണമെങ്കില്‍, നിങ്ങള്‍ ഇവിടെ ജനിച്ച്‌ ഇവിടെ വളര്‍ന്ന ഒരു ഇന്ത്യക്കാരിയാവണമായിരുന്നു. ആക്ഷേപകരമായിക്കരുതരുത്‌ എന്ന്‌ ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിച്ചു കൊണ്ടു പറയുകയാണ്‌ - ജന്മം കൊണ്ടോ പ്രത്യയശാസ്ത്രപിന്‍പറ്റല്‍ കൊണ്ടോ ഒക്കെ ഒരു വൈദേശികപശ്ചാത്തലം ഉള്ളവര്‍ക്ക്‌ ആ വികാരങ്ങളൊക്കെ മനസ്സിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടു തന്നെയാണ്‌. പച്ചപ്പരമാര്‍ത്ഥമാണത്‌. പറയാതിരുന്നതുകൊണ്ട്‌ അത്‌ അങ്ങനെയല്ലാതാകുന്നില്ല.

* * * * * * * * * * * * * * *
'അവിശ്വാസിരാഷ്ട്രീയ' കളികളില്‍ കൂട്ടുചേര്‍ന്ന്‌ ഹൈന്ദവമനസ്സുകളിലെ മുറിവിന്‌ ആഴം വര്‍ദ്ധിപ്പിക്കുന്നതിനു പകരം അവരോട്‌ അനുഭാവം പ്രകടിപ്പിക്കാന്‍ ഇതരമതവിഭാഗങ്ങളില്‍പ്പെട്ട ബഹുഭൂരിപക്ഷം പേരും ഇതിനകം തയ്യാറായിക്കഴിഞ്ഞു എന്നത്‌ ആശ്വാസകരമാണ്‌. നമ്മുടെ ബഹുമതസഹവര്‍ത്തിത്വസ്വഭാവത്തിന്‌ മിഴിവേകുന്നൊരു കാഴ്ചയാണത്‌. അതൊന്നും കാണാന്‍ കണ്ണു തുറക്കാതെയും, മതേതരത്വമെന്നാല്‍ മതനിഷേധമല്ല എന്നു തിരിച്ചറിയാതെയും 'രാജ്യത്തിന്റെ പുരോഗതി' എന്ന പേരും പറഞ്ഞ്‌ മുമ്പെങ്ങുമില്ലാത്ത ആത്മാര്‍ത്ഥത കാണിക്കുന്ന രാഷ്ട്രീയക്കാരോടു മൊത്തത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്താം.

(മറ്റുള്ളവരെ ആരെയും ഇതു വേദനിപ്പിക്കാതെയിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു. വേദനിക്കുന്നെങ്കില്‍ ക്ഷമാപണം. എത്ര പറഞ്ഞാലും മനസ്സിലാക്കാത്ത രാഷ്ട്രീയതിമിരമുള്ളവരോടു സംസാരിക്കുമ്പോള്‍ ഇങ്ങനെ ചില ഉദാഹരണങ്ങളില്ലാതെ തരമില്ല)

അല്‍പം കൂടി പുരോഗതി വരുത്തുന്ന ഒരു കാര്യത്തേക്കുറിച്ചുകൂടി നമുക്ക്‌ ആലോചിച്ചാലോ രാഷ്ട്രീയക്കാരേ?

രാജ്യത്തിന്‌ ഒരു അധികപ്രവൃത്തിദിവസം സമ്മാനിച്ചാലോ?

ഡിസംബര്‍ 25-ന്റെ അവധി നമുക്കങ്ങ്‌ എടുത്തു കളയാം.

ആരെങ്കിലും പ്രതിഷേധിച്ചാല്‍ അവരുടെ നേരെ പരിഹാസവര്‍ഷം ചൊരിയാം. "ആരാണ്‌ അന്നു ജനിച്ചത്‌ ? - ഏത്‌ മെഡിക്കല്‍ കോളേജില്‍ പഠിച്ച ഗൈനക്കോളജിസ്റ്റിന്റെ നിരീക്ഷണത്തിലായിരുന്നു? കന്യകയ്ക്ക്‌ എങ്ങനെ ഗര്‍ഭമുണ്ടാകും എന്നതിന്റെ ശാസ്ത്രീയമായ തെളിവോ NASAയുടെ സര്‍ട്ടിഫിക്കറ്റോ കൊണ്ടു വരൂ - അപ്പോള്‍ നോക്കാം" എന്നു പറയാം. എന്തേ?

"ഛീ. വര്‍ഗ്ഗീയത പറയുന്നോ? ന്യൂനപക്ഷ പീഢനം നടത്തുന്നോ? ഫാസിസ്റ്റ്‌ ചിന്തയല്ലേ ഇത്‌?" എന്നൊക്കെ...അല്ലേ?

അപ്പോള്‍ ഹിന്ദുക്കളുടെ മേലല്ലാതെ മറ്റുള്ളവരുടെ മേല്‍ കുതിരകയറിയാല്‍ - കുതിരകയറുന്നവന്‍ വര്‍ഗ്ഗീയ വാദി. ഹിന്ദുക്കളുടെ മേലാണെങ്കില്‍ - കയറുന്നവന്‍ പുരാഗമന-മതേതരത്വ-ജനാധിപത്യവാദി. 'കയറല്ലേ - വേദനിക്കുന്നു' എന്നു കരയുന്നവന്‍ വര്‍ഗ്ഗീയവാദി. അല്ലേ?

എന്താ? അല്ലെന്നുണ്ടോ? അപ്പോള്‍ ഇതൊക്കെയാണോ നിങ്ങളുടെ മതേതരത്വം?

സോണിയാജീ... നിങ്ങളെയും നിങ്ങളെ പിന്താങ്ങുന്ന കൂട്ടരെയുമൊക്കെ കാലം ഓര്‍ത്തു വയ്ക്കുമെങ്കില്‍ അത്‌ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്തതിന്റെ പേരിലാവുമെന്നു തോന്നുന്നില്ല. കപടമതേതരത്വമെന്നും കൂസിസമെന്നുമൊക്കെയുള്ള പദങ്ങള്‍ ലോകഭാഷകള്‍ക്കു സംഭാവന ചെയ്തതിന്റെ പേരിലാവും. തീര്‍ച്ച!

* * * * * * * * * * * * * * *
വൈത്തോ:-
ആ ഉദാഹരണം സോണിയയോടു വേണ്ടായിരുന്നു നകുലാ. "ദാ ഒരുവന്‍ സോണിയ ക്രിസ്ത്യാനിയാണെന്നതു ചൂണ്ടിക്കാട്ടി വര്‍ഗ്ഗീയത പറയുന്നു" എന്ന്‌ ആരോപിച്ചു കളയും!

ശരിയാണ്‌. അല്ലെങ്കിലും ഞാനെന്തിനാണ്‌ സോണിയാഗാന്ധിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്‌? നമുക്കൊരു പ്രധാനമന്ത്രിയുണ്ടല്ലോ - മന്‍മോഹന്‍സിംഗ്‌ - പരാതി ബോധിപ്പിക്കേണ്ടത്‌ യഥാര്‍ത്ഥത്തില്‍ അവിടെയാണല്ലോ. അദ്ദേഹമെവിടെ?

ഉറങ്ങുകയാവണം.

കഴിഞ്ഞയിടെയായി അദ്ദേഹത്തിന്‌ ടി.വി.യില്‍ വാര്‍ത്തകള്‍ കണ്ട്‌ 'ഉറക്കം നഷ്ടപ്പെടുക' പതിവായിരുന്നു. ഇനിയെങ്കിലും കുറച്ചു നാള്‍ സമാധാനമായി ഉറങ്ങട്ടെ. പാവം. കുംഭകര്‍ണ്ണന്‍ ജീവിച്ചിരുന്നു എന്നതിനു ശാസ്ത്രീയമായ തെളിവു കൊണ്ടു വരാന്‍ ബുദ്ധിമുട്ടായതു കൊണ്ട്‌ ആരും ആ പേരു വിളിച്ചു കളിയാക്കുമെന്നു ഭയപ്പെടുകയും വേണ്ട.

ഏതൊക്കെ വിഷയങ്ങളില്‍ ഉറക്കം നഷ്ടപ്പെടണം - ഏതൊക്കെ വിഷയങ്ങളില്‍ കണ്ണും പൂട്ടിയുറങ്ങണം - എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം. ഉറക്കമുണരുമ്പോളും കട്ടിലില്‍ത്തന്നെയായിരിക്കണോ അതോ സ്നേഹപൂര്‍വ്വം താഴെയിറക്കിക്കിടത്തണോ എന്നതു ജനങ്ങളുടെയും.

സുഖമായി ഉറങ്ങട്ടെ.

ങുര്‍.. ^^ ങുര്‍.. ^^

(തുടരും)

അടുത്തത്‌:-
3 - പ്രകാശ്‌ കാരാട്ടിനു മറുപടി
4 - കരുണാനിധിക്കു മറുപടി
5 - ഡി.വൈ.എഫ്‌.ഐ. നേതാവിനു മറുപടി