Wednesday, October 24, 2007

രാമസേതു - 3 - പ്രകാശ്‌ കാരാട്ടിനുള്ള മറുപടി

രാമസേതു സംബന്ധിച്ച അഞ്ചു തുടര്‍പോസ്റ്റുകളില്‍ മൂന്നാമത്തേതാണ്‌ ഇത്‌.

ഈ പരമ്പരയിലെ ഇതിനു മുമ്പുള്ള ഭാഗങ്ങള്‍ ഇവിടെ:-
1 - 'ചിത്രകാര'നുള്ള മറുപടി.
2 - സോണിയാഗാന്ധിക്കുള്ള മറുപടി.

* * * * * * * * * *
മുഖവുര (Click here to skip this foreword)

സേതുസമുദ്രം പദ്ധതിയുടെ ന്യായാന്യായങ്ങള്‍ മുഴുവന്‍ പരിശോധിച്ച്‌ അത്‌ ലാഭകരമോ അല്ലയോ എന്നു കണ്ടെത്താനുള്ള ഒരു ശ്രമമല്ല ഈ പോസ്റ്റുകളിലൂടെ കാണാനാവുക. രാമസേതു തകര്‍ക്കപ്പെടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുന്നയിച്ചുകൊണ്ട്‌ മാസങ്ങളായി പ്രതിഷേധസമരങ്ങള്‍ നടക്കുകയാണ്‌. അടുത്തകാലത്ത്‌, പ്രശ്നം കോടതിയിലെത്തിയ അവസരത്തിലും അതിനു ശേഷവും, സമരങ്ങളെ എതിര്‍ത്തുകൊണ്ടും പദ്ധതിയെ അന്ധമായി അനുകൂലിച്ചു കൊണ്ടും പലരും രൂക്ഷമായി പ്രതികരിക്കുകയും പ്രസ്താവനകളിറക്കുകയും ഒക്കെ ചെയ്തിരുന്നു. അങ്ങനെ പ്രതികരിച്ച ചിലരോട്‌, പ്രതിഷേധസമരങ്ങള്‍ ന്യായമായിരുന്നു എന്നു കരുതുന്ന ഒരാള്‍ക്കു പറയാനുള്ള മറുപടികളും ചോദിക്കാനുള്ള മറുചോദ്യങ്ങളുമാണ്‌ ഇവ. പദ്ധതിയുടെ സാധുത സംബന്ധിച്ച ചില നിരീക്ഷണങ്ങള്‍ കൂടി സ്വാഭാവികമായും കടന്നു വരുമെന്നേയുള്ളൂ. പ്രധാനലക്ഷ്യം അതല്ല.

ഏതു പരാമര്‍ശങ്ങള്‍ക്കൊക്കെയാണോ മറുപടി കൊടുക്കുന്നത്‌ അവ മിക്കതും അങ്ങേയറ്റം പ്രകോപനപരമായിരുന്നു എന്നതുകൊണ്ട്‌ മറുപടിയിലും അല്‍പം വൈകാരികാംശം കലരാനിടയുണ്ട്‌. പ്രതിഷേധാര്‍ഹമായ നടപടികളും പ്രസ്താവനകളുമൊക്കെ ഭരണാധികാരികളുടെ ഭാഗത്തുനിന്നും മറ്റും ഉണ്ടാകുമ്പോള്‍, മിണ്ടാതിരിക്കുന്നതല്ല - അവ ജനമനസ്സിലുണ്ടാക്കുന്ന അനുരണനങ്ങള്‍ അറിയാന്‍ അവര്‍ക്കവസരം കൊടുക്കുക എന്നതു തന്നെയാണ്‌ പൗരധര്‍മ്മം എന്നു ഞാന്‍ കരുതുന്നു. അത്‌ ഭാവിയിലെങ്കിലും ഒരു തിരുത്തലിനു വഴിവച്ചേക്കും എന്നതു കൊണ്ട്‌ പ്രത്യേകിച്ചും.

പരിസ്ഥിതി-സാമ്പത്തിക മാനദണ്ഡങ്ങള്‍ വച്ചു മാത്രമേ സേതുസമുദ്രം പദ്ധതി വിലയിരുത്തപ്പെടാന്‍ പാടുള്ളൂ എന്നും, അത്തരം ചര്‍ച്ചകള്‍ മാത്രമേ അതുമായി ബന്ധപ്പെട്ടു നടക്കാവൂ എന്നും ശഠിക്കുന്ന ചിലരുണ്ട്‌. തങ്ങളുടെ നിലപാടുകള്‍ മാത്രമാണു ശരി - മറ്റുള്ളവരുടെ വികാരങ്ങള്‍ പരിഗണിക്കപ്പെടേണ്ടതില്ല എന്ന വര്‍ഗ്ഗീയ നിലപാടുള്ളവരാണവര്‍. അത്തരക്കാര്‍ക്ക്‌ ഇതൊരു നല്ലൊരു വായന നല്‍കിയേക്കില്ല. അംഗീകരിക്കാന്‍ ആരൊക്കെ എത്രയൊക്കെ മടിച്ചാലും ശരി - രാമസേതു എന്നത്‌ കോടിക്കണക്കിനു ജനങ്ങളുടെ, നൂറ്റാണ്ടുകള്‍ പിന്നിലേക്കു നീളുന്ന നിര്‍ദ്ദോഷമായ ചില വിശ്വാസപാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്‌. അത്‌ തകര്‍ക്കപ്പെടുന്ന ഒരു അവസ്ഥയേക്കുറിച്ചു സംസാരിക്കുമ്പോള്‍ സ്വാഭാവികമായും അത്‌ ആര്‍ക്കൊക്കെ വിഷമമുണ്ടാക്കുന്നോ അവരുടെ വികാരങ്ങള്‍ കൂടി കണക്കിലെടുത്തു സംസാരിക്കേണ്ടി വരും. അപ്പോള്‍ ചിലപ്പോള്‍ മതവും സംസ്കാരവും അങ്ങനെ പലതും കടന്നു വന്നെന്നിരിക്കും. അവയെല്ലാം കണക്കിലെടുത്ത്‌ - മനുഷ്യരെ മനുഷ്യരായിക്കണ്ട്‌ - തുറന്ന അഭിപ്രായപ്രകടനങ്ങള്‍ക്കു തയ്യാറാകാത്തവര്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്ന ഭീരുക്കളാണെന്നു തന്നെ പറയേണ്ടി വരും. മത - വര്‍ഗ്ഗീയ - വികാരം മൂടിവച്ചു പ്രവര്‍ത്തിക്കുന്ന കൂസിസ്റ്റുകളുമായി തട്ടിച്ചു നോക്കുമ്പോള്‍, പറയാനുള്ളതു തുറന്നു പറയാന്‍ തയ്യാറാകുന്ന പച്ചമനുഷ്യരുമായാണ്‌ ഭയമില്ലാതെ ഇടപെടാന്‍ കഴിയുക എന്നും.

എനിക്ക്‌ പലകാര്യങ്ങളിലും വിയോജിപ്പുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളാണ്‌ ശ്രീ. കാരാട്ട്‌. അതുകൊണ്ടു തന്നെ വിമര്‍ശനത്തിന്റെ ശൈലി അത്ര കണ്ട്‌ സൗഹാര്‍ദ്ദപരമായേക്കില്ല. അപ്രിയപരാമര്‍ശങ്ങള്‍ പലരെയും അലോസരപ്പെടുത്താനിടയുണ്ടെന്നും വികലവും അപക്വവുമായ ചില കമന്റുകളുടെ രൂപത്തില്‍ അസഹിഷ്ണുത പുറത്തുവന്നേക്കാമെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ്‌ ഇവിടെ "അഭിപ്രായസ്വാതന്ത്ര്യം" (കരുണാനിധിക്കുണ്ടെന്ന്‌ കാരാട്ടു പറഞ്ഞ അതേ അവകാശം) വിനിയോഗിക്കപ്പെടാന്‍ പോകുന്നത്‌.

* * * * * * * * * *
കൂസിസം കുഴിച്ച കുഴിയില്‍!

ശ്രീ കാരാട്ട്‌,

താങ്കളുടെ പാര്‍ട്ടിയിലെ ഇപ്പോഴത്തെ നേതാക്കന്മാരിലധികവും പുറമേയ്ക്ക്‌ മതേതരത്വം പ്രസംഗിച്ചു നടക്കുകയും അവസരം വരുമ്പോള്‍ സാമുദായിക സംഘര്‍ഷങ്ങള്‍ മുതലെടുത്ത്‌ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വര്‍ഗ്ഗീയ കൂസിസ്റ്റ്‌ സ്വഭാവം വച്ചു പുലര്‍ത്തുന്നവരാണ്‌ എന്നൊരു ചിന്ത പൊതുവെ വളര്‍ന്നു വന്നിട്ടുണ്ട്‌. ചെറിയ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍, എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളെ മാനിച്ചു കൊണ്ട്‌ സൗഹാര്‍ദ്ദപരമായ ഇടപെടലുകളിലൂടെ പ്രശ്നപരിഹാരത്തിനു വഴിയൊരുക്കുന്നതിനു പകരം, മുറിവുകള്‍ വലുതാക്കി നേട്ടമുണ്ടാക്കാന്‍ നോക്കുന്ന പ്രവൃത്തിയാണ്‌ നിര്‍ഭാഗ്യവശാല്‍ നിങ്ങളില്‍ നിന്നു കാണാന്‍ കഴിയുന്നത്‌. സാമുദായികമായ ചേരിതിരിവുകള്‍ മുതലെടുക്കുക എന്ന നിലയില്‍ നിന്ന്‌ പലപ്പോഴും വര്‍ഗ്ഗീയമായ ധൃവീകരണങ്ങള്‍ക്കു തുടക്കമിടുക എന്ന നിലയിലേക്ക്‌ അടുത്തിടെയായി കാര്യങ്ങള്‍ അധ:പതിച്ചിട്ടുമുണ്ട്‌.

രാമസേതുപ്രശ്നത്തില്‍, ഹിന്ദുക്കളുടെ ആവശ്യം മറ്റേതെങ്കിലുമൊരു വിഭാഗത്തിന്റെ ആവശ്യങ്ങളെ ഹനിക്കുന്നതല്ലാത്തതുകൊണ്ട്‌ ഇവിടെ നിങ്ങളുടെ പതിവു രാഷ്ട്രീയക്കളിക്ക്‌ അവസരമുണ്ടായിരുന്നില്ല. പക്ഷേ എന്നാല്‍പ്പോലും ഹിന്ദുവികാരങ്ങളെ ആക്ഷേപിക്കുന്നതിലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിലും അത്ഭുതകരമായ ഔത്സുക്യം എക്കാലവും പ്രകടിപ്പിച്ചിട്ടുള്ള നിങ്ങള്‍ക്ക്‌ ഇവിടെയും ആവേശമടക്കാന്‍ കഴിഞ്ഞില്ലെന്നു വേണം കരുതാന്‍. അത്യന്തം മുന്‍വിധികളോടെ ഈ പ്രശ്നത്തെ സമീപിച്ച്‌ 'വര്‍ഗ്ഗീയവാദികള്‍ വികസനത്തിനു തടസ്സം നില്‍ക്കുന്നു' എന്നു വരുത്തിത്തീര്‍ക്കാനുള്ള വികലശ്രമമാണു നിങ്ങള്‍ നടത്തിയത്‌.

'ഒരു കൂട്ടം ജനങ്ങളുടെ വികാരങ്ങളെ മറികടന്ന്‌ പദ്ധതി നടപ്പാക്കുന്നതിലൂടെ നിങ്ങള്‍ കൊണ്ടു വരുന്ന വികസനങ്ങള്‍ എന്തെല്ലാം?' എന്ന ചോദ്യം ശക്തമായി ഉന്നയിക്കപ്പെടുകയും, പദ്ധതിയുടെ അപ്രായോഗികത സംബന്ധിച്ച ധാരാളം നിരീക്ഷണങ്ങള്‍ പുറത്തു വരികയും ചെയ്തതോടെ നിങ്ങള്‍ 'വികസനം' എന്ന വാക്ക്‌ ഉപേക്ഷിച്ച്‌ 'വര്‍ഗ്ഗീയത' എന്നു മാത്രമായി ചുരുക്കി! ഒരു വിഭാഗം ജനങ്ങളെ അകാരണമായി ഉപദ്രവിക്കുക എന്നതിലെ വര്‍ഗ്ഗീയതയാണോ കുറ്റകരം അതോ അതില്‍ പ്രതിഷേധിക്കുന്നതിലെ വര്‍ഗ്ഗീയതയാണോ കുറ്റകരം എന്ന ചോദ്യം അവിടെയും നിങ്ങളെ കുഴപ്പിച്ചു. അപ്പോള്‍ ഉടനെ ചുവടു മാറ്റിക്കൊണ്ട്‌ നിങ്ങള്‍ പറയുന്നത്‌ രാമസേതു പ്രശ്നത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും രഹസ്യ അജണ്ടയുണ്ടെന്നാണ്‌!!!! ആണവക്കരാറില്‍ നിന്നു ജനശ്രദ്ധതിരിക്കാനാണത്രേ അത്‌!

കഷ്ടം! മൂക്കത്തു വിരല്‍ വച്ചു പോകുകയാണ്‌.

രാമസേതു വിഷയത്തില്‍, അമിതാവേശം മൂലം ചാടിവീണ നിങ്ങളുടെ പാര്‍ട്ടിയിപ്പോള്‍ എത്രമാത്രം പരിഹാസ്യമായൊരു അവസ്ഥയിലാണ്‌ എന്നത്‌ നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ?

* * * * * * * * * *
ഇത്‌ 'അഭിപ്രായസ്വാതന്ത്ര്യമോ'?

ശ്രീരാമനേക്കുറിച്ച്‌ അത്യന്തം പ്രകോപനപരമായ പ്രസ്താവനകളിറക്കി കോടിക്കണക്കിനു ജനങ്ങളുടെ നെഞ്ചില്‍ ഇടിത്തീ വീഴിച്ച കരുണാനിധിയ്ക്കു പിന്തുണയുമായി ആദ്യം ഓടിയെത്തിയത്‌ നിങ്ങള്‍ തന്നെയായിരുന്നുവെന്നത്‌ ജനം ശ്രദ്ധിക്കാതിരുന്നിട്ടില്ല - കാരാട്ട്‌.

നിങ്ങളതിനു പറയുന്ന ന്യായം രസകരമാണ്‌. വിശ്വാസികളേപ്പോലെ തന്നെ അവിശ്വാസികള്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടത്രേ. "അതു ശരി - അതു പ്രത്യേകിച്ച്‌ എടുത്തു പറയേണ്ട അവസ്ഥയുള്ള ഒരു രാജ്യത്താണു താങ്കളിപ്പോള്‍ ജീവിക്കുന്നതെങ്കില്‍, ഭാരതത്തിലേക്കു വരിക - സ്വാഗതം" എന്നു പറയാന്‍ തോന്നിപ്പോയി ആദ്യം അതു കേട്ടപ്പോള്‍.

ചെമ്മനം ചാക്കോയുടേതാണെന്നു തോന്നുന്നു - പത്തിരുപതുകൊല്ലം മുമ്പു വായിച്ച ഒരു കവിത ഓര്‍മ്മ വരികയാണ്‌. ഒരാള്‍ മറ്റൊരുവനെ ഇടിച്ച്‌ നിലം പരിശാക്കിയതിനെച്ചൊല്ലിയുള്ള പരാതിയില്‍ ഒരു ന്യായാധിപന്‍ വാദം കേള്‍ക്കുകയാണ്‌. "എനിക്കെന്താ‌ കൈവീശി നടക്കാനുള്ള സ്വാതന്ത്ര്യമില്ലേ?" എന്നാണ്‌ ഇടിച്ചയാളുടെ ചോദ്യം. "നിനക്ക്‌ തീര്‍ച്ചയായും അതിനുള്ള സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ മറ്റൊരാളുടെ മൂക്ക്‌ എവിടെത്തുടങ്ങുന്നോ അവിടെ നിന്റെ സ്വാതന്ത്ര്യം തീരുന്നു" എന്നായിരുന്നു വിധി.

അഭിപ്രായസ്വാതന്ത്ര്യമെന്നാല്‍ ആര്‍ക്കും എന്തും പറയാമെന്നല്ല. അതിനൊരു പരിധിയുണ്ട്‌. പരിധി നിശ്ചയിക്കുന്നതിന്‌ ഒരു പൊതുമാനദണ്ഡം കൊണ്ടുവരാനാവില്ലെന്നതു സത്യം. മറ്റുള്ളവരെ മുറിവേല്‍പ്പിക്കുന്ന ഒരു ഘട്ടമെത്തുമ്പോള്‍ നിര്‍ത്തുകയോ മയപ്പെടുത്തുകയോ ചെയ്യുക എന്നതാണ്‌ ഒരു പൊതു മര്യാദ.

എന്തു പറയുന്നു - എന്തിനേക്കുറിച്ചു പറയുന്നു - എങ്ങനെ പറയുന്നു എന്നതൊക്കെ അനുസരിച്ച്‌ മറ്റുള്ളവരില്‍ അതുണ്ടാക്കുന്ന പ്രകോപനം ഏറിയും കുറഞ്ഞുമിരിക്കും. പ്രകോപനപരതയുടെ ഈ ഏറ്റക്കുറച്ചിലുകളേക്കുറിച്ചൊന്നും അറിയാതെയാണ്‌ താങ്കളൊരു പ്രസ്ഥാനത്തിനു വേണ്ടി സംസാരിക്കാന്‍ തുനിയുന്നതെങ്കില്‍, അത്‌ ആത്മഹത്യാപരമാണെന്നു പറഞ്ഞുകൊള്ളട്ടെ. "മരിക്കുന്നതു വരെ ശ്രേഷ്ഠനായ കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച മത്തായിചാക്കോയെ അപമാനിച്ചപ്പോള്‍ വികാരമുണ്ടായില്ലെങ്കില്‍ കല്‍പ്രതിമയായിരിക്കണ"മെന്നാണ്‌ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്‌. കല്‍പ്രതിമയല്ലാതിരിക്കാനുള്ള - വികാരങ്ങളുണ്ടായിരിക്കാനുള്ള - അവകാശം കമ്മ്യൂണിസ്റ്റുകള്‍ക്കിവിടെയാരും തീറെഴുതിയിട്ടില്ല.

കരുണാനിധിയുടെ അപക്വപ്രസ്താവനകള്‍ക്കു കണ്ണുമടച്ചു പിന്തുണ കൊടുക്കുമ്പോള്‍, 'അഭിപ്രായസ്വാതന്ത്ര്യ'മൊന്നുമല്ല നിങ്ങളുടെ പ്രശ്നമെന്നു പകല്‍ പോലെ വ്യക്തമാണ്‌. 'അര്‍മാദസ്വാതന്ത്ര്യ'മാണു വിഷയം. ഹിന്ദുക്കളുടെ മൃദുലവികാരങ്ങള്‍ക്കു മേല്‍ കുതിരകയറി നിങ്ങള്‍ക്ക്‌ അര്‍മാദിക്കണം. പ്രതികരിക്കാന്‍ തുടങ്ങുന്നവരെ വര്‍ഗ്ഗീയവാദികളെന്നു മുദ്രകുത്തി വീണ്ടും അര്‍മാദിക്കണം. ആ അര്‍മാദസ്വാതന്ത്ര്യത്തിനു മറപിടിക്കാനാണ്‌ നിങ്ങള്‍ കരുണാനിധിയുടെ അഭിപ്രായസ്വാതന്ത്ര്യം, എം.എഫ്‌. ഹുസൈന്റെ ആവിഷ്കാരസ്വാതന്ത്ര്യം എന്നൊക്കെപ്പറഞ്ഞ്‌ സ്വന്തം വില കളയുന്നത്‌.

* * * * * * * * * *
അശ്വത്ഥാമാവ്‌ എന്ന ആന

താങ്കളുടെ മറ്റൊരു പരാമര്‍ശം കൂടി മറുപടിയര്‍ഹിക്കുന്നുണ്ട്‌. "പദ്ധതിക്കു തുടക്കമിട്ടത്‌ ബി.ജെ.പി.യാണ്‌. എന്നിട്ട്‌ അവരിപ്പോള്‍ പ്രതിഷേധിക്കുന്നു" എന്നതായിരുന്നു അത്‌. 'എസ്കോബാ'റിനെ കടത്തിവെട്ടിയ ഒരു സെല്‍ഫ്‌ഗോളായിപ്പോയി അത്‌ എന്ന തിരിച്ചറിവുകൊണ്ടാവണം ഇപ്പോള്‍ ആ പല്ലവി ആവര്‍ത്തിക്കാത്തത്‌ അല്ലേ?

നിങ്ങളുടെ വാദമുഖങ്ങള്‍ എന്തൊക്കെയായിരുന്നോ അവയിലെ 'ക്രെഡിറ്റ്‌' അവകാശപ്പെടാവുന്ന ഭാഗങ്ങള്‍ ഒരു താലത്തില്‍ വച്ച്‌ ബി.ജെ.പി.ക്കു സമര്‍പ്പിക്കുകയും ചെയ്തു - അവരുടെ വാദങ്ങളെല്ലാം പതിന്മടങ്ങു മിഴിവോടെയും സാധുതയോടെയും ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു.

താങ്കളുടെ പരാമര്‍ശം, ഒരു ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്നു വ്യക്തം. പക്ഷേ, അതിനെ ഏറ്റു പിടിച്ച്‌ ആക്രോശിച്ച പാര്‍ട്ടിസഖാക്കള്‍ക്കു മാത്രമാണ്‌ കാരാട്ട്‌ - ആശയക്കുഴപ്പമുണ്ടായത്‌.

1998 - ല്‍ എന്‍.ഡി.എ. ഗവണ്മെന്റ്‌ പദ്ധതിയ്ക്ക്‌ പ്രാഥമികാംഗീകാരം നല്‍കി എന്നതും, 2000-01 - ലെ കേന്ദ്ര ബജറ്റില്‍, സാധുതാപഠനത്തിനായി 5 കോടിയോളം രൂപ വകയിരുത്തി എന്നതും ആരും നിഷേധിച്ചില്ലല്ലോ. പദ്ധതിയെ ബി.ജെ.പി. അന്ധമായി എതിര്‍ക്കുകയല്ല എന്ന അവരുടെ നിലപാട്‌ ശരിയാണെന്നു മാത്രമേ ഇതു തെളിയിക്കുന്നുള്ളൂ.

ഇത്തരമൊരു പദ്ധതിയേപ്പറ്റിയുള്ള ചിന്തകള്‍ 1860 മുതല്‍ തുടങ്ങിയതാണെന്നും എന്നാല്‍ ഇന്നു വരെ രാമസേതുതകര്‍ത്തുകൊണ്ടുള്ള ഒരു അലൈന്മെന്റ്‌ പരിഗണിക്കപ്പെട്ടിരുന്നില്ല എന്നുമുള്ള നിരീക്ഷണം താങ്കളുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതോ അതോ മറച്ചു വച്ചതോ? രണ്ടായാലും തെറ്റു തന്നെയാണ്‌. NEERI നിര്‍ദ്ദേശിച്ചിരുന്ന അലൈന്മെന്റുകളില്‍ അഞ്ചാമത്തേതാണ്‌ എന്‍.ഡി.എ.ഗവണ്മെന്റ്‌ പ്രാഥമികാംഗീകാരത്തിനായി പരിഗണിച്ചത്‌ എന്നതും, എന്നാല്‍ ഇപ്പോഴത്തെ - ആറാമത്തെ - അലൈന്മെന്റില്‍ മാത്രമാണ്‌ സേതു തകര്‍ക്കുവാനുള്ള നീക്കമുള്ളത്‌ എന്നതുമോ?

ഒരു സത്യം പകുതിമാത്രം പറഞ്ഞുവയ്ക്കുക എന്നത്‌ ബോധപൂര്‍വമാണെങ്കില്‍, പലപ്പോഴും അത്‌ നുണപറയുന്നതിനു തുല്യമായിരിക്കും. അശ്വത്ഥാമാവിനെ (എന്ന ആനയെ) കൊന്ന കാര്യം പോലെയായി ഇത്‌. ദേശാഭിമാനി വായിക്കുന്ന ശീലമുള്ളവര്‍ക്ക്‌ ഇത്തരം തന്ത്രങ്ങളൊക്കെ എളുപ്പം മനസ്സിലാകും.


* * * * * * * * * *
'യു.പി.എ.'യോ അതോ 'എ.ബി.എ.'യോ?

ബി.ജെ.പി.യുടെ നിലപാടുകള്‍ അവര്‍ പലപ്പോളായി വ്യക്തമാക്കിയിട്ടുണ്ട്‌.


  • കപ്പല്‍ച്ചാലിന്റെ നിര്‍ദ്ദിഷ്ട 'അലൈന്‍മെ'ന്റിനെ അവര്‍ എതിര്‍ക്കുന്നു.


  • രാമസേതു തകര്‍ക്കുവാന്‍ പാടുള്ളതല്ല. അതിനെ നമ്മുടെ സാംസ്കാരിക പൈതൃകസ്മാരകമായി സംരക്ഷിക്കണം.


  • പ്ലാന്‍ മുഴുവന്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണം. പ്രശ്നങ്ങളോ അപ്രായോഗികതയോ കണ്ടെത്തിയാല്‍ പദ്ധതി അപ്പാടെ ഉപേക്ഷിക്കുവാനും മടിക്കരുത്‌.


  • തോറിയം നിക്ഷേപം, മത്സ്യസമ്പത്ത്‌ എന്നിവയുടെ നാശം - പ്രകൃതിദുരന്തങ്ങളെ തടയുന്നതിലുള്ള പങ്ക്‌ എന്നിവയെ സംബന്ധിച്ച പഠനങ്ങളൊന്നും എങ്ങുമെത്തിയിട്ടില്ല. (അവയില്‍ത്തന്നെ, ഭാവിയിലെ സുനാമിസാദ്ധ്യതകളെയും പദ്ധതിയേയും ബന്ധപ്പെടുത്തി പഠിച്ച്‌ റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ കേവലം ഒരു ദിവസം മാത്രമാണ് അനുവദിക്കപ്പെട്ടത്‌!!!)


  • പദ്ധതിയുടെ പേരു പറഞ്ഞ്‌ ഹൈന്ദവവിശ്വാസമൂല്യങ്ങളെ അനാവശ്യവിവാദങ്ങളിലേക്കു വലിച്ചിഴക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്‌ അവസാനിപ്പിക്കണം.


  • പദ്ധതി നടപ്പാക്കുന്നതിന്‌ അമിതവും അനാവശ്യവുമായ ധൃതി കാണിക്കുന്നത്‌ സംശയമുണര്‍ത്തുന്നു. കരാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട്‌ അഴിമതി നടത്താനുള്ള ശ്രമമുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്‌.


  • ദേശസുരക്ഷയെ സംബന്ധിച്ച പല സുപ്രധാന കാര്യങ്ങളും പരിഗണിച്ചിട്ടില്ല. നമ്മുടെ ജലാതിര്‍ത്തി സംരക്ഷണം ദുഷ്ക്കരമാവും എന്നതടക്കം.


  • നാവികവിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുന്നത്‌ അതീവ ഗൗരവതരമാണ്‌. സാമ്പത്തിക - സമയനേട്ടങ്ങളുടെ പരിമിതികള്‍ കണക്കിലെടുക്കുമ്പോള്‍, ഈ പാത ഉപയോഗിക്കുക മിക്കവാറും ഇന്ത്യന്‍ നാവികസേനയുടെ ചില കപ്പലുകള്‍ മാത്രമാവും എന്നു സംശയം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.


  • ശ്രീലങ്ക എതിര്‍പ്പു പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍, നയതന്ത്രപരമായ തയ്യാറെടുപ്പുകള്‍ നാം നടത്തിയിട്ടില്ല.

അങ്ങനെ പലതും. ഇനിയും ധാരാളമുണ്ട്‌.

കേന്ദ്രത്തില്‍ പരോക്ഷമായ ഭരണപങ്കാളിത്തം പേറുന്നത്‌ നിങ്ങളുടെ കക്ഷിക്ക്‌ ചില ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നുണ്ട്‌ കാരാട്ട്‌. പരാതികളൊഴിവാക്കി, പ്രശ്നങ്ങളെല്ലാം പരമാവധി പരിഹരിച്ച്‌ പദ്ധതി നടപ്പാക്കാന്‍ കരുണാനിധിയെ സഹായിക്കണമെന്നായിരുന്നുവെങ്കില്‍, നിങ്ങള്‍ക്ക്‌ അനവധി സാദ്ധ്യതകളുണ്ടായിരുന്നു. ബി.ജെ.പി. നിരത്തിയ ചോദ്യങ്ങള്‍ക്ക്‌ മറുപടി കൊടുത്തു നേരിടാനും ശ്രമിക്കാമായിരുന്നു. പക്ഷേ അതിനു പകരം, പല സുപ്രധാന പ്രശ്നങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം തടിയൂരിക്കൊണ്ട്‌ വിലകുറഞ്ഞ വര്‍ഗ്ഗീയരാഷ്ട്രീയമാണു നിങ്ങളെല്ലാം കളിച്ചത്‌. എന്നിട്ട്‌ പതിവുപോലെ ആരോപണങ്ങള്‍ ബി.ജെ.പി.യുടെ തലയിലും!

UPA എന്നതിനു പകരം ABA എന്നൊരു പേരായിരുന്നു കൂടുതല്‍ യോജ്യമെന്ന്‌ വീണ്ടും ഓര്‍മ്മിപ്പിച്ച പ്രവൃത്തികളായിരുന്നു നിങ്ങളുടേത്‌. Anti BJPism എന്ന ഒറ്റ അജണ്ട! പദ്ധതിയോടു ശ്രീലങ്കയ്ക്കു വിയോജിപ്പുള്ളതിന്‌ അല്‍പം ഊന്നല്‍ കൊടുത്ത്‌ ബി.ജെ.പി. സംസാരിച്ചിരുന്നെങ്കില്‍, ശ്രീലങ്കയുമായി യുദ്ധം പ്രഖ്യാപിക്കാന്‍ പോലും നിങ്ങള്‍ മടിച്ചേക്കില്ല എന്നു തോന്നിപ്പോയിരുന്നു ഒരു ഘട്ടത്തില്‍.

* * * * * * * * * *
'മനുഷ്യപ്രകൃതി' നഷ്ടപ്പെടുമ്പോള്‍

സേതു മനുഷ്യനിര്‍മ്മിതമോ അതോ പ്രകൃതി നിര്‍മ്മിതമോ എന്ന തര്‍ക്കത്തിലേക്കു നമുക്കു കടക്കേണ്ട കാരാട്ട്‌. കടന്നാല്‍, പ്രകൃതി എന്നു വാദിച്ച്‌ താങ്കള്‍ കുടുങ്ങും!

മനുഷ്യനിര്‍മ്മിതമെന്നു തെളിഞ്ഞാലാണ്‌ പൊളിക്കാന്‍ മറ്റേതിലും എളുപ്പമെന്നാണ്‌ എന്റെ പക്ഷം.

മനുഷ്യനിര്‍മ്മിതമാണെങ്കില്‍, അതിനെ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്നവരെക്കൂടി വിശ്വസിപ്പിച്ച്‌ അനുനയിപ്പിക്കാന്‍ കഴിഞ്ഞാല്‍ - അവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായാല്‍ - അതു തകര്‍ക്കുന്നതില്‍ തെറ്റില്ല എന്നൊരു ചിന്ത എല്ലാവര്‍ക്കും വന്നാല്‍ - പിന്നെ നമുക്കാരോടും ചോദിക്കേണ്ട കാര്യമില്ല. ധൈര്യമായി അതു പൊളിക്കാം. അത്തരമൊരു സമവായമുണ്ടാകുക എന്നത്‌ ദുസ്സാദ്ധ്യമാവാം. പക്ഷേ അസാദ്ധ്യമല്ലല്ലോ.

പക്ഷേ പ്രകൃതി നിര്‍മ്മിതമാണെങ്കില്‍, അങ്ങനെയാണോ അവസ്ഥ? അവിടെ, ഒരു "നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌" എടുക്കുക എന്നത്‌ അസാദ്ധ്യം തന്നെയല്ലേ? അവിടെ നാം ഒരു സമവായമുണ്ടാക്കേണ്ടത്‌ പ്രകൃതിയുമായല്ലേ - പറഞ്ഞാല്‍ മനസ്സിലാകുന്ന മനുഷ്യരുമായല്ലല്ലോ.

പ്രകൃതിവാദമനുസരിച്ചു ചിന്തിച്ചാല്‍, ആ ചിറ അവിടെ അങ്ങനെ ഉണ്ടായിരിക്കേണ്ട ഒരു ആവശ്യകത ഉളവായതു കൊണ്ടാവില്ലേ അത്‌ അവിടെ രൂപപ്പെട്ടത്‌? അതവിടെ നിലനില്‍ക്കേണ്ട ഒരു കാരണമുള്ളതുകൊണ്ടാവില്ലേ അത്‌ കാലങ്ങളെ അതിജീവിച്ചു നിലകൊള്ളുന്നത്‌? ശാസ്ത്രം എത്ര പുരോഗമിക്കട്ടെ - സാങ്കേതികോപകരണങ്ങള്‍ എത്രത്തോളം ലഭ്യമാകട്ടെ - നമുക്ക്‌ തീര്‍ത്തു പറയാനാവുമോ - ആ ചിറയില്‍ വിള്ളലുണ്ടാക്കുന്നത്‌ പ്രകൃതിയുടെ സന്തുലനാവസ്ഥയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന്‌? ചിലതൊക്കെ അപ്പോഴും നിഗൂഢമായി അവശേഷിക്കില്ല എന്നുണ്ടോ?

നമുക്കു പ്രകൃതിയോടു ചെന്നു പറയാനാവുമോ - ദാ കാലങ്ങളായി ഇവിടെ എന്തോ കാരണത്താല്‍ നീ നിര്‍മ്മിച്ചു സംരക്ഷിച്ചു വച്ചിരുന്ന ഈ സംഗതി ഞങ്ങളൊന്നു മാറ്റി മറിക്കുകയാണ്‌ - കുഴപ്പങ്ങളൊന്നും ഉണ്ടാക്കരുത്‌ എന്ന്‌? ഇന്നു വരെ ഈ ചിറ എന്തു കൊണ്ടു നിലനിന്നോ ആ കാര്യങ്ങളൊക്കെ നീ ഇന്നത്തോടെ മറക്കണം എന്ന്‌? നമ്മള്‍ പറഞ്ഞാല്‍ പ്രകൃതി കേള്‍ക്കുമോ? കൊള്ളാമല്ലോ.

പ്രകൃതിവാദത്തില്‍ പിടിക്കാതിരിക്കുന്നതു തന്നെയാവും പാലം പൊളിക്കണമെന്നുള്ളവര്‍ക്ക്‌ കൂടുതല്‍ നല്ലത്‌. ഇത്തരം ഒരു 'ലോജി'ക്കും ഇപ്പോള്‍ നിങ്ങളുടെയൊന്നും ബുദ്ധിയിലൂടെ ഓടില്ല എന്നു കാണിക്കാന്‍ പറഞ്ഞെന്നേയുള്ളൂ കാരാട്ട്‌. പാലം പൊളിച്ചടുക്കുന്നതു കണ്‍കുളിര്‍ക്കെ കാണാന്‍ അക്ഷമരായി ഇരിക്കുകയാണ്‌ എല്ലാവരും. അത്രയ്ക്കുണ്ട്‌ രാഷ്ട്രീയ വിദ്വേഷവും പകയും നിങ്ങളിലുണര്‍ത്തുന്ന നിഷേധാത്മകചിന്തകളുടെ ശക്തി!

* * * * * * * * * *
'മുക്കുവാന്‍' എന്തെളുപ്പം!

മറ്റെല്ലാ പ്രശ്നങ്ങളിലും കണ്ണടയ്ക്കുന്നതു പോകട്ടെ. എന്നാല്‍ - മത്സ്യസമ്പത്തിന്റെ നാശവും മറ്റും മൂലം പതിനഞ്ചു ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിപ്പോകുമെന്നു പറയപ്പെടുന്നു. അവരേക്കുറിച്ചു പോലും നിങ്ങള്‍ക്കൊരു വ്യാകുലതയുമില്ലെന്നാണോ - കാരാട്ട്‌?

അവര്‍ക്കു വേണ്ടി എന്തു പുനരധിവാസ പദ്ധതിയാണ്‌ താങ്കള്‍ കണ്ടു വച്ചിരിക്കുന്നത്‌?
അവരെന്താ ‘സവര്‍ണ്ണ ബ്രാഹ്മണ‘ മുക്കുവരോ മറ്റോ ആണോ? സവര്‍ണ്ണ - ബ്രാഹ്മണ - വിഭാഗമൊക്കെയാണല്ലോ - സാധാരണയായി - എത്രയൊക്കെ കഷ്ടപ്പാടുകളുണ്ടെങ്കിലും ദയ അര്‍ഹിക്കാത്തവരായി കരുതപ്പെട്ടു വരുന്നത്‌.

'കടലരയന്മാര്‍ക്കിടയില്‍ സംഘപരിവാറിനു നല്ല സ്വാധീനമുണ്ട്‌' എന്നു ധ്വനിപ്പിക്കുന്ന (അതില്‍ അമര്‍ഷം പ്രകടിപ്പിച്ചും ആക്ഷേപിച്ചു കൊണ്ടും) ചില പരാമര്‍ശങ്ങള്‍ ഒരു ബ്ലോഗില്‍ ഇടതു വശം ചേര്‍ന്നു കിടക്കുന്നതു കണ്ടു. അതു തന്നെയാണോ കാരാട്ട്‌ താങ്കളുടെ പാര്‍ട്ടിയുടെയും ഔദ്യോഗിക നിലപാട്‌? അങ്ങനെയാണെങ്കില്‍, 'ഫാസിസ്റ്റു(?)കളെ ഉന്‍മൂലനം ചെയ്യാന്‍ ഏതറ്റം വരെ പോകാനും മടിക്കില്ല' എന്ന മറ്റൊരു ഔദ്യോഗിക നിലപാടുമായി ബന്ധിപ്പിച്ച്‌ 'ആ ഫാസിസ്റ്റ്‌ മുക്കുവന്മാര്‍ ചത്തൊടുങ്ങട്ടെ' എന്നതാണോ നിങ്ങളുടെ തീരുമാനം?


പദ്ധതിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇത്തരം അനേകം പ്രശ്നങ്ങളില്‍ ഒന്നിനേക്കുറിച്ചും പറയാനില്ലാതെ നിങ്ങള്‍ വര്‍ഗ്ഗീയതയെന്നു മാത്രം ഉരുവിട്ടു കൊണ്ടിരിക്കുന്നതില്‍ നിന്നും നിങ്ങള്‍ക്കിതിലൊന്നും പ്രത്യേകിച്ചു നിലപാടുകളൊന്നും ഇല്ല എന്നു തന്നെയാണു തോന്നുന്നത്‌. ബി.ജെ.പി. എതിര്‍ക്കുന്നതു കൊണ്ട്‌ എന്തു വിലകൊടുക്കേണ്ടി വന്നാലും നിങ്ങളിതിനെ അനുകൂലിക്കും. മുക്കുവരെന്നല്ല നമ്മുടെ തീരപ്രദേശം മുഴുവന്‍ തന്നെ സുനാമിയില്‍പ്പെട്ടു തകര്‍ന്നാലും നിങ്ങളപ്പോഴും അത്‌ ഫാസിസ്റ്റുകളുടെ രഹസ്യ അജണ്ടയാണെന്നോ മറ്റോ വാദിക്കാനാണു സാദ്ധ്യത!

* * * * * * * * * *
മതമോ കറുപ്പ്‌ - അതോ ചില മനസ്സുകളോ?


എനിക്കിനി ഒരു കാര്യം കൂടിയേ പറയാനുള്ളൂ - കാരാട്ട്‌. ഇതു പറയുമ്പോള്‍, നമുക്കു സംഘപരിവാറിനെ വിടാം. മാര്‍ക്സിനെയും വിടാം. നേര്‍ക്കു നേര്‍ - രണ്ടു പച്ച മനുഷ്യരായി നില്‍ക്കാം.

മനുഷ്യനെ മനുഷ്യനായിക്കാണുന്നു എന്നൊക്കെ നിങ്ങള്‍ അവകാശപ്പെടാറുള്ളത്‌ വെറും പൊള്ളവാക്കാണെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാനൊരവസരം കൂടിയാണിത്‌.

ധാരാളം ഹിന്ദുക്കള്‍ രാമസേതു സംരക്ഷിക്കപ്പെടണമെന്ന്‌ ആഗ്രഹിക്കുകയും അവരില്‍ കുറേപ്പേര്‍ അത്‌ പരസ്യമായി ആവശ്യപ്പെടാന്‍ തയ്യാറാകുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍, അത്‌ തകര്‍ത്തിട്ട്‌ നമുക്കത്ര അത്യാവശ്യമൊന്നും ഇല്ല എന്നൊരു സാഹചര്യം കൂടി നിലനില്‍ക്കുമ്പോള്‍, അതു തകര്‍ത്തേ പറ്റൂ എന്നു ശഠിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു - കാരാട്ട്‌? മതവികാരം ഉള്‍പ്പെടുന്ന ഒരു പ്രശ്നമുന്നയിക്കപ്പെടുമ്പോള്‍, അതു ഹിന്ദുക്കളുടേതാണെങ്കില്‍ നാമതു പരിഗണിക്കേണ്ടതില്ല എന്ന ചിന്തയുടെ യുക്തിയെന്താണ്‌?

അല്ല - കാരാട്ട്‌ - ഞാന്‍ കൂടുതല്‍ മുഖവുരകളില്ലാതെ പച്ചയ്ക്കു ചോദിക്കട്ടെ - ഹിന്ദുക്കള്‍ക്ക്‌ മതവികാരങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണോ നിങ്ങളുടെ നിലപാട്‌?
ഉണ്ടാവാമെങ്കില്‍ അത്‌ എത്രത്തോളമാവാം? എന്തൊക്കെയാണ്‌ നിങ്ങളുടെ നിബന്ധനകള്‍?


ഏതൊക്കെ ആചാരങ്ങളാണ്‌ - ഏതൊക്കെ വിശ്വാസങ്ങളാണ്‌ അനുവദിച്ചു തരാവുന്നത്‌? ഏതൊക്കെയാണ്‌ എതിര്‍ക്കപ്പെടേണ്ടത്‌?

സകല ഹിന്ദുക്കളും തങ്ങളുടെ വിശ്വാസങ്ങളുടെ അവസാനകണികയും വലിച്ചെറിഞ്ഞ്‌ - മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും, ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചുവെന്നും പറഞ്ഞ്‌ - തൊഴിലാളിവര്‍ഗ്ഗസര്‍വാധിപത്യത്തിനു വേണ്ടി മുഷ്ടി ചുരുട്ടുന്ന മുന്നണിപ്പോരാളികളാകാം എന്നു തീരുമാനിച്ചാല്‍, അന്നെങ്കിലും നിങ്ങള്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമോ? എന്താണു നിങ്ങളുടെ അടിസ്ഥാനപ്രശ്നം? എന്താണു നിങ്ങളുടെ പരമമായ ലക്ഷ്യം?

ഹിന്ദുക്കളുടെ മതവികാരങ്ങള്‍ പരിഗണിക്കപ്പെടാതിരിക്കുക മാത്രമല്ല അവ അധിക്ഷേപിക്കപ്പെടുകയും ചെയ്യുമ്പോള്‍, അതില്‍ പ്രതിഷേധമുള്ളവര്‍ എങ്ങനെ പ്രതികരിക്കണമെന്നാണ്‌ താങ്കളുടെ അഭിപ്രായം? അവര്‍ ആക്ഷേപങ്ങള്‍ സഹിച്ചും ഭര്‍ത്സനങ്ങളെ ഭയന്നും മിണ്ടാതെ കഴിഞ്ഞുകൂടുകയാണോ വേണ്ടത്‌? അക്രമസമരങ്ങള്‍ പാടില്ല എന്നും (നിങ്ങള്‍ തന്നെ അതു പറയണം!) സമാധാനപരമായി പ്രതിഷേധിച്ചോളൂ എന്നുമാണെങ്കില്‍, അതിനുള്ള വേദി എവിടെയാണ്‌? പ്രതിഷേധത്തിന്റെ രീതി എന്തായിരിക്കണം? പ്രതിഷേധിക്കുന്നവരെ നിങ്ങള്‍ വര്‍ഗ്ഗീയവാദികള്‍ എന്നു വിളിക്കില്ല എന്നുണ്ടോ? എന്താണു നിങ്ങള്‍ വര്‍ഗ്ഗീയത എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?

നിങ്ങള്‍ക്ക്‌ ഹിന്ദുക്കളോടിത്ര ശതൃതയെന്തിനാണ്‌? ഹൈന്ദവമായ എന്തിനെയും അധിക്ഷേപിക്കുന്നതില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ആനന്ദം കണ്ടെത്താനാവുന്നതെന്തുകൊണ്ടാണ്‌? പ്രത്യയശാസ്ത്രനിഘണ്ടുക്കളുടെ ഏതു താളുകളില്‍ പരതിയാലാണ്‌ ആ രഹസ്യങ്ങള്‍ കണ്ടെത്താനാവുക?

ജനങ്ങളില്‍ ദേശീയബോധവും ഹിന്ദുത്വാഭിമാനവും വളരാനിടയാകുന്നതും ജാതി വൈജാത്യങ്ങള്‍ മറന്ന്‌ അവര്‍ ഒരുമിച്ചു നില്‍ക്കുന്നതും നിങ്ങളുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനു തടസ്സമല്ലേ? അതല്ലേ നിങ്ങള്‍ ഹിന്ദുത്വപ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നതിന്റെ മൂലകാരണം? 'ചെറുത്തുനില്‍പ്പ്‌' എന്നു നിങ്ങള്‍ വിളിക്കുന്ന ആ നിലപാടിനു നിങ്ങള്‍ കണ്ടെത്തുന്ന ന്യായീകരണങ്ങള്‍ക്കൊപ്പം 'ഹൈന്ദവമായ എന്തിനെയും എതിര്‍ക്കുക' എന്ന നിലപാടു കൂടി ചേര്‍ത്തുവച്ചാല്‍ കിട്ടുന്നത്‌ കടുത്ത ഹിന്ദു വിരുദ്ധതയുടെ മുഖം മാത്രമാണ്‌ എന്നു പറഞ്ഞാല്‍ താങ്കള്‍ക്കു നിഷേധിക്കാമോ?

ഇന്നത്തെ സാഹചര്യത്തില്‍, അവഗണന നേരിടുന്നുവെന്നതിന്‌ ഹിന്ദുക്കള്‍ സ്വയം കണ്ടെത്തേണ്ടുന്ന കാരണമെന്താണ്‌? സെമറ്റിക്‌ മതവിശ്വാസങ്ങള്‍ പിന്തുടരാന്‍ ചിലര്‍ തീരുമാനിച്ചപ്പോള്‍ ബാക്കി വന്നവര്‍ - ആയിരക്കണക്കിനു ജാതി - ഉപജാതി - വര്‍ഗ്ഗ - വര്‍ണ്ണ - ആചാര - അനുഷ്ഠാന വൈവിദ്ധ്യങ്ങളുടെ ആകെത്തുക എന്നു പറയാവുന്ന ഒരു കൂട്ടം ജനങ്ങള്‍ - അവരെല്ലാവരെയും കൂട്ടി എണ്ണമെടുത്താല്‍ അവര്‍ മറ്റുള്ളവരേക്കാള്‍ എണ്ണത്തില്‍ കുറവല്ല എന്നതോ? എന്താണവരോടു നിങ്ങള്‍ക്കു താല്‍പര്യമില്ലാത്തതിന്‌ നിങ്ങള്‍ നല്‍കുന്ന വിശദീകരണം? 'ഭൂരിപക്ഷവര്‍ഗ്ഗീയത' എന്നു നിങ്ങള്‍ വിളിക്കുന്നതെന്തിനെയാണ്‌? തങ്ങളുടെ ഏതെങ്കിലും ആവശ്യങ്ങള്‍ക്കു വേണ്ടി അവര്‍ മറ്റുള്ളവരുടെ നിലനില്‍പ്പിനു ഭീഷണിയാകുന്ന എന്തെങ്കിലുമൊരു പ്രവൃത്തിയിലേര്‍പ്പെട്ടു വരുന്നതായി ചൂണ്ടിക്കാണിക്കാമോ?

മതേതരത്വത്തിന്റെ പേരു പറഞ്ഞ്‌ ഹിന്ദു വികാരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍, അതേ പേരു പറഞ്ഞ്‌ മറ്റു വിഭാഗങ്ങള്‍ക്കായി നിലകൊള്ളുന്നതായിക്കാണാറുണ്ട്‌ എന്നു പറഞ്ഞാല്‍ നിഷേധിക്കാമോ? ജാതിവൈരങ്ങള്‍ ഊതിപ്പെരുപ്പിച്ച്‌ ഹിന്ദു വോട്ടുകള്‍ തട്ടിയെടുക്കാമെങ്കിലും, കുറേക്കുടി സംഘടിതരായ ഇതരമതവിഭാഗങ്ങളെ കയ്യിലെടുക്കണമെങ്കില്‍ പ്രീണനനയങ്ങള്‍ അനുവര്‍ത്തിച്ചേ തീരൂ എന്നൊരു നിലപാടാണ്‌ താങ്കളടക്കമുള്ള നേതാക്കള്‍ക്ക്‌ എന്നു പറഞ്ഞാല്‍ നിഷേധിക്കാമോ? രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കാനായി അങ്ങനെ പല നയങ്ങളുമെടുക്കുന്നതിനെ തെറ്റെന്നു പറയാനാവില്ലെന്നും എന്നാല്‍ അതു പലപ്പോഴും നമ്മുടെ കെട്ടുറപ്പിനെ ബാധിക്കുന്ന മട്ടില്‍ അതിരു വിടുന്നു എന്നും ചൂണ്ടിക്കാട്ടിയാല്‍, അതും 'വര്‍ഗ്ഗീയവാദ'മെന്നാണോ വിളിക്കപ്പെടുക? അതൊക്കെ 'യാഥാര്‍ത്ഥ്യവാദ'മല്ലെന്നുണ്ടോ? വര്‍ഗ്ഗീയമായ ഒരു യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിക്കുമ്പോള്‍ അതൊരു വര്‍ഗ്ഗീയപരാമര്‍ശമായിപ്പോകുമെന്നതില്‍ അതിശയമെന്താണുള്ളത്‌? വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ വര്‍ഗ്ഗീയവാദികളാണെങ്കില്‍, ആ വസ്തുതകള്‍ അവിടെ ഉണ്ടാകുവാനിടയാക്കിയ രാഷ്ട്രീയക്കാരെ - താങ്കളടക്കമുള്ളവരെ - നാം എന്തു വിളിക്കണം? വര്‍ഗ്ഗീയ ശില്‍പികളെന്നോ?

* * * * * * * * * *
ഒരിക്കലും പഠിക്കാത്ത 'പാഠ'ങ്ങള്‍

എത്രയൊക്കെ വിശദീകരിച്ചാലും മനസ്സിലാവാതെയും ചിലപ്പോള്‍ മനസ്സിലാകുന്നില്ലെന്നു നടിച്ചും - 'ഞങ്ങള്‍ പുരോഗമന - ജനാധിപത്യ- മതേതരത്വ - വാദികളാണ്‌' എന്നൊക്കെ വാദിക്കുകയും 'എന്താണീ കപടമതേതരത്വ'മെന്നൊക്കെ ചോദിക്കുകയും ചെയ്യുന്ന ചിലരുണ്ട്‌. താങ്കളും അവരേപ്പോലെയാണെങ്കില്‍, ഒരു ഉദാഹരണം കൂടി പറഞ്ഞു നിര്‍ത്തുകയാണ്‌ - കാരാട്ട്‌.

കേരളവും ബംഗാളും പോലെ ചില സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ളൊരു പ്രസ്ഥാനമെന്ന നിലയ്ക്ക്‌ (അത്‌ ആക്ഷേപകരമായിക്കാണേണ്ടതില്ല) അവിടുത്തെ സംസ്ഥാനനേതാക്കളെ നിങ്ങളുടെ ദേശീയനേതാക്കളായിത്തന്നെ കാണേണ്ടി വരും. അല്ലെങ്കിലും പിണറായി വിജയന്‍ പോളിറ്റ്ബ്യൂറൊ അംഗം കൂടിയാണല്ലോ. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ ഒരു പ്രഖ്യാപനം, ദേശീയതലത്തില്‍ പാര്‍ട്ടിയുടെ ഔദ്യാഗികനിലപാടായിത്തന്നെയാണ്‌ ജനം മനസ്സിലാക്കുന്നത്‌.

"മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ എതിര്‍പ്പുണ്ടായപ്പോള്‍ ജീവന്‍ കൊടുത്തും എതിര്‍ത്തവരാണു കമ്മ്യൂണിസ്റ്റുകാര്‍. അത്‌ നാലു വോട്ടിനു വേണ്ടിയല്ല. പ്രതിബദ്ധത കൊണ്ടാണ്‌" എന്നാണദ്ദേഹം പറഞ്ഞത്‌. 'ന്യൂനപക്ഷങ്ങളുമായി ഏറ്റുമുട്ടലിനില്ല' എന്ന സൂചനകള്‍ നല്‍കുകയും ചെയ്തു.

ആ പരാമര്‍ശത്തോടനുബന്ധിച്ച്‌ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഏതു "മതവിശ്വാസ"ത്തെയായിരിക്കും വ്രണപ്പെടുത്തിയിട്ടുണ്ടാവുക എന്ന സംശയം ഉയരാം. അതു ഞാന്‍ ഉപേക്ഷിക്കുകയാണ്‌. ഇനിയാണെങ്കിലും "മതവിശ്വാസം വ്രണപ്പെട്ടാല്‍ ജീവന്‍ കളഞ്ഞും എതിര്‍ക്കും" എന്ന നിലപാടു വ്യക്തമാക്കിയതായിക്കരുതിക്കൊണ്ട്‌ എനിക്കു വേണമെങ്കില്‍ മറ്റു ചില ചോദ്യങ്ങള്‍ ചോദിക്കാം.

ഇങ്ങനെ, ആരുടെയെങ്കിലും മതവികാരങ്ങള്‍ക്കു വേണ്ടി ചാകാന്‍ പോലും തയ്യാറാകുന്നത്ര പ്രതിബദ്ധത മതേതരവാദികളെന്നവകാശപ്പെടുന്നവര്‍ക്കു ഭൂഷണമാണോ എന്നു ചോദിക്കാം.

ഞാനതിനു മുതിരുന്നില്ല.

ഹിന്ദുക്കളെയും ഒരു മതവിഭാഗമായി കണക്കാക്കിക്കൂടേ - അവരുടെ വികാരങ്ങള്‍ വ്രണപ്പെട്ടാലും നിങ്ങളിങ്ങനെ ജീവന്‍ കളയുമോ? എന്നു ചോദിക്കാം.

ഞാനതിനും മുതിരുന്നില്ല.

ഹിന്ദുക്കള്‍ക്കു വേണ്ടി നിങ്ങള്‍ ജീവനൊന്നും കളയണ്ട - അവരുടെ ജീവന്‍ എടുക്കാതിരിക്കുകയെങ്കിലും ചെയ്തു കൂടേ എന്നു ചോദിക്കാം. ഹൈന്ദവരുടെ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അതിനെ ആക്രമിക്കാതിരുന്നു കൂടേ എന്നു ചോദിക്കാം. ഹിന്ദുത്വാഭിമാനം വളരാനിടയാക്കുന്ന സംഘടനകളുമായി ബന്ധമുണ്ടെന്ന ഒറ്റക്കാരണത്താല്‍ നിങ്ങള്‍ നിഷ്ക്കരുണം കൊന്നുതള്ളിയവരുടെ (ഇന്നലെക്കൂടി ഒരാളെ കൊന്നിരിക്കുന്നു!) കുടുംബാംഗങ്ങളേക്കുറിച്ച്‌ നിങ്ങള്‍ക്കോര്‍മ്മയുണ്ടോ എന്നു ചോദിക്കാം.

ഞാനതിനും മുതിരുന്നില്ല.

എനിക്കൊന്നേ ചോദിക്കാനുള്ളൂ - കാരാട്ട്‌. ഹിന്ദുവികാരങ്ങളെ തുടരെ ആക്രമിച്ചൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്കായി മരിക്കാന്‍ തയ്യാറാകുകയും, അതൊക്കെ പരസ്യമായി പ്രഖ്യാപിക്കാന്‍ മടികാണിക്കാതിരിക്കുകയും ചെയ്തിട്ട്‌ 'ഞങ്ങളാണ്‌ മതേതരവാദികള്‍' എന്നു നിങ്ങള്‍ പറയുമ്പോള്‍, മതേതരത്വം എന്ന വാക്കിന്‌ പതിഞ്ഞു കിട്ടുന്ന അര്‍ത്ഥം എത്ര വികലവും ഭീകരവുമാണെന്നാലോചിച്ചിട്ടുണ്ടോ? അങ്ങനെ തന്നെയാണോ നിങ്ങളുടെ പ്രത്യയശാസ്ത്രപുസ്തകങ്ങളില്‍ മതേതരത്വത്തെ നിര്‍വചിച്ചു വച്ചിരിക്കുന്നത്‌?

അതോ എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിച്ചു കൊണ്ടും, എന്നാല്‍ ഏതിനെങ്കിലും അനര്‍ഹമായ പരിഗണനകൊടുക്കാതെയും ഏതിനെയെങ്കിലും അന്യായമായ രീതിയില്‍ തഴയുകയോ ഉപദ്രവിക്കുകയോ ചെയ്യാതെയും - നിഷ്പക്ഷമായ നിലപാടുകള്‍ - സര്‍വ്വ മതപരിഗണനകള്‍ക്കും ഇതരമായ നിലപാടുകള്‍ എടുക്കുക എന്നാണോ? അങ്ങനെയാണെങ്കില്‍, നിങ്ങളുടെയീ നഗ്നമായ കാപട്യങ്ങള്‍ - തികഞ്ഞ ഹിന്ദുവിരുദ്ധതയും കടുത്ത ന്യൂനപക്ഷപ്രേമവും മറ്റുള്ളവര്‍ തിരിച്ചറിയുന്നില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്‌?

കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ നോക്കുന്നതിലും എത്രയോ പരിഹാസ്യമാണെന്നറിയാമോ ഇതൊക്കെ? നിങ്ങള്‍ക്ക്‌ എത്ര പേരുടെ കണ്ണുകളെ എത്ര കാലം മൂടിക്കെട്ടാനാവും? യാഥാര്‍ത്ഥ്യബോധമുള്ളവര്‍ക്ക്‌ ഇതൊക്കെ പകല്‍ പോലെ വ്യക്തമല്ലെന്നുണ്ടോ? ഇതൊക്കെ മനസ്സിലാക്കാന്‍ ഒരു പാഠശാലയിലും പോകേണ്ട കാര്യമില്ല കാരാട്ട്‌- ഒരു പ്രത്യയശാസ്ത്ര പുസ്തകവും പഠിക്കേണ്ടതില്ല. രാഷ്ട്രീയതിമിരം ബാധിക്കാത്ത രണ്ടു കണ്ണുകള്‍ മാത്രം മതി - കൊടിക്കു മുമ്പില്‍ അടിയറ വയ്ക്കാത്ത - ചിന്തകള്‍ക്കു ചിതലരിച്ചിട്ടില്ലാത്ത ഒരു മനസ്സും.

(തുടരും)

അടുത്തത്‌:-
4 - കരുണാനിധിക്കു മറുപടി
5 - ഡി.വൈ.എഫ്‌.ഐ. നേതാവിനു മറുപടി

Friday, October 12, 2007

രാമസേതു - 2 - സോണിയാഗാന്ധിക്കുള്ള മറുപടി

രാമസേതു സംബന്ധിച്ച അഞ്ചു തുടര്‍പോസ്റ്റുകളില്‍ രണ്ടാമത്തേതാണ്‌ ഇത്‌.

ആദ്യത്തേത്‌ ഇവിടെ:-
1 - 'ചിത്രകാര'നുള്ള മറുപടി

* * * * * * * * * * * * * * *
ശ്രീമതി സോണിയാ ഗാന്ധീ,

'ദ്രാവിഡ മുന്നേറ്റ കഴക'വും കോണ്‍ഗ്രസും ഇടതുകക്ഷികളും 'മുസ്ലീം മുന്നേറ്റ കഴക'വുമൊക്കെയടങ്ങുന്ന ഡി.പി.എ. മുന്നണി തമിഴ്‌നാട്ടില്‍. അതിനെ ഉള്‍ച്ചേര്‍ത്ത്‌ കോണ്‍ഗ്രസ്‌ നയിക്കുന്ന യു.പി.എ. മുന്നണി കേന്ദ്രത്തിലും. അപ്പോള്‍, രാമസേതു തകര്‍ക്കുക എന്ന രാഷ്ട്രീയ അക്രമപ്രവര്‍ത്തനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്‌ - കോണ്‍ഗ്രസിന്‌.

പ്രതിഷേധങ്ങള്‍ക്കു നേരെ അവജ്ഞയും പരിഹാസവും എറിയുന്നതിനിടെ അറിയാത്തമട്ടില്‍ ആദ്യകഠാര കുത്തിയിറക്കിയതും നിങ്ങള്‍ തന്നെ - കോണ്‍ഗ്രസ്‌! രാമന്‍ ജീവിച്ചിരുന്നതിനു തെളിവില്ലത്രേ! എന്തൊരു മരമണ്ടന്‍ പരാമര്‍ശമായിപ്പോയി അത്‌! 'അരിയെത്ര' എന്നു ചോദിച്ചപ്പോള്‍ 'പയറഞ്ഞാഴി ' എന്നു പറഞ്ഞതുപോലെയാണ്‌ ആദ്യം തോന്നിയത്‌.

രാമന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനേച്ചൊല്ലി കോടതിയില്‍ ഒരു വാദപ്രതിവാദം നടക്കുന്ന വിവരം, നിങ്ങള്‍ പറയുന്നതു വരെ അറിഞ്ഞിരുന്നില്ല - സോണിയാ! കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന രാമസേതു, സേതുസമുദ്രം പദ്ധതിയുടെ പേരില്‍ തകര്‍ക്കപ്പെടുന്നതു ന്യായമോ - എന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ ചോദ്യം. അതിനു നിങ്ങള്‍ പറയുന്ന മറുപടി 'രാമന്‍ ജീവിച്ചിരുന്നില്ല ' എന്നാണ്‌. അതായത്‌ - 'അതു കൊണ്ട്‌ തകര്‍ക്കുന്നതില്‍ തെറ്റില്ല' എന്ന്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, രാമന്‍ ജീവിച്ചിരുന്നു എന്നതിന്‌ ശാസ്ത്രീയമായ - നിങ്ങള്‍ക്കു വിശ്വസിക്കാവുന്ന - ഒരു തെളിവു നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ രാമസേതുവിനെ വെറുതെ വിടാനൊരുക്കമുള്ളൂ എന്ന്‌.

അല്ല - എനിക്കു മനസ്സിലാകുന്നില്ല - ശ്രീരാമനിര്‍മ്മിതമാണെന്ന്‌ ഉറപ്പു കിട്ടി എന്നു തന്നെ കരുതുക. അങ്ങനെയാണെങ്കില്‍ പാലം തകര്‍ക്കുന്നില്ല എന്നാണല്ലോ നിങ്ങളുടെ വാദത്തിനര്‍ത്ഥം. അതിന്റെ യുക്തിയെന്താണു കോണ്‍ഗ്രസ്‌? പ്രകൃതിയോ രാമനോ ആരു നിര്‍മ്മിച്ചാലും ശരി - അതു തകര്‍ത്താല്‍ കപ്പല്‍ച്ചാല്‍ വഴി നിങ്ങളുദ്ദേശിക്കുന്ന പരിപാടികളൊക്കെ നടക്കേണ്ടതല്ലേ? പിന്നെയെന്താ രാമനിര്‍മ്മിതമെങ്കില്‍ അതൊക്കെ വേണ്ടെന്നു വയ്ക്കാമെന്ന്‌ ഒരു ഔദാര്യം?

അപ്പോള്‍ - ഹിന്ദുക്കള്‍ക്ക്‌ മത-സാംസ്കാരിക-ചരിത്രപരമായി പ്രാധാന്യമുള്ള ഏതൊന്നിനെയും അംഗീകരിക്കുകയോ അനുഭാവപൂര്‍വ്വം പരിഗണിക്കുകയോ ചെയ്യണമെങ്കില്‍, അവയ്ക്ക്‌ 'ശാസ്ത്രീയമായ തെളിവു' സമര്‍പ്പിക്കണം എന്നതാണ്‌ നിങ്ങളുടെ നിലപാടെന്നര്‍ത്ഥം. തെളിവിന്റെ അഭാവത്തില്‍, അവയെ നശിപ്പിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ക്കു മടിക്കില്ല എന്നുള്ള ധാര്‍ഷ്ട്ര്യവും ഭീഷണിയും കൂടെയും.

ഇക്കണക്കിനാണെങ്കില്‍, ഇവിടെ, ഈ ഭാരതത്തില്‍ ഹിന്ദുക്കളായി ജീവിച്ചു മരിക്കണമെന്ന്‌ ആഗ്രഹമുള്ളവര്‍ നാളെ എന്തിനൊക്കെ തെളിവു ഹാജരാക്കേണ്ടി വരും? അവര്‍ ഏതൊക്കെ കോടതികള്‍ക്കു മുന്നില്‍ ഇരക്കേണ്ടി വരില്ലെന്ന്‌ ആരു കണ്ടു? ഏതൊക്കെ വിശ്വാസങ്ങള്‍ക്ക്‌ ശാസ്ത്രീയ അടിത്തറ സമര്‍ത്ഥിച്ചു കൊടുക്കേണ്ടി വരും? ഏതൊക്കെ ആചാരങ്ങള്‍ അല്ലാതെ തന്നെ അനുവദിക്കപ്പെടും?

നേരിട്ടൊരു താരതമ്യം സാദ്ധ്യമല്ല. എന്നാലും ഈ മട്ടും ഭാവവുമൊക്കെക്കണ്ട്‌ പേടിയോടെ ഓര്‍ത്തു പോകുകയാണ്‌. പാപനാശിനിയിലോ പുനര്‍ജ്ജനിയിലോ ആലുവാ മണപ്പുറത്തോ ഒക്കെ ’ഞങ്ങള്‍ വലിയ തടയണകള്‍ നിര്‍മ്മിച്ച്‌ വികസനമെത്തിക്കാന്‍ പോവുകയാണെ‘ന്നും പറഞ്ഞ്‌ ഏതെങ്കിലും സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ സ്വാഭാവികമായും അടുത്ത വര്‍ഷം ഞാന്‍ എവിടെ എന്റെ പിതൃക്കള്‍ക്കു ബലിയിടും എന്നു പലരും ആശങ്കപ്പെട്ടു പോകും. അതേപ്പറ്റി ചോദിക്കാമെന്നു വച്ചാല്‍,മരണാനന്തരജീവിതത്തിന്റെ യുക്തി തെളിയിക്കാതെ ഇത്തരം പരിപാടികളൊന്നും ഇനിയിവിടെ നടപ്പില്ല“ എന്നാണു കിട്ടുന്ന മറുപടിയെങ്കിലോ?

ഇത്‌ തലമുറകള്‍ പിന്നിലേക്കു കിടക്കുന്ന ചില പാരമ്പര്യങ്ങളുടെ പ്രശ്നമാണ്‌ - ഇത്‌ തങ്ങളുടെ വിശ്വാസത്തിന്റെയും സാംസ്കാരിക പാരമ്പര്യസംരക്ഷണത്തിന്റെയും പ്രശ്നമാണ്‌ - ഇവിടെ തങ്ങളുടെ വികാരങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നൊക്കെയുള്ള ആവശ്യവുമായി പ്രതിഷേധസമരങ്ങളും മറ്റും സംഘടിപ്പിക്കുന്നവരെ വര്‍ഗ്ഗീയവാദികള്‍ എന്നു വിളിച്ച്‌ ഒറ്റപ്പെടുത്താന്‍ തുനിഞ്ഞാലോ?

ആക്ഷേപങ്ങള്‍ കണ്ടില്ലെന്നു നടിച്ച്‌ പ്രതിഷേധം തുടരുന്നവരെ മനപൂര്‍വ്വം പ്രകോപിപ്പിക്കാനെന്നമട്ടില്‍ അങ്ങേയറ്റം അപക്വമായ പരാമര്‍ശങ്ങളാണ് തുടര്‍ന്നും രാഷ്ട്രീയനേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നതെങ്കിലോ? കരുണാനിധിശൈലിയില്‍ "നിന്റെയൊക്കെ കാര്‍ന്നോന്മാര്‍ ചത്തു തുലഞ്ഞില്ലേ? അവര്‍ “കുടികാരന്മാര്‍‍ “ (മദ്യപാനികള്‍) അല്ലായിരുന്നോ? അവരൊക്കെ ഏതു ഫ്ലൈറ്റിനാണ് നിന്റെ ഉരുളച്ചോറു വിഴുങ്ങാന്‍ വരുന്നത്‌ ? ഈ നശിച്ച ചോറൂട്ടും വിശ്വാസങ്ങളും കാരണം മനുഷ്യര്‍ക്കിവിടെ വികസനം നടത്താന്‍ സാധിക്കുന്നില്ലല്ലോ" എന്നൊക്കെയുള്ള മട്ടില്‍ തരം താണ ചോദ്യങ്ങളെറിയുന്നവരാണ്‌ പൊതുസമൂഹത്തിന്‌ അഭിമതര്‍ - അവരാണ്‌ പുരോഗമനവാദികള്‍ എന്നു വന്നാലോ? വിശ്വാസങ്ങള്‍ക്കു വിലകല്‍പിക്കുന്നവരും പുതിയ പദ്ധതിയില്‍ എതിര്‍പ്പുള്ളവരുമായവരില്‍ ചിലരെങ്കിലും പ്രതികരിക്കാന്‍ തുനിയുമ്പോള്‍ അവര്‍ “വര്‍ഗ്ഗീയ വിഷവിത്തു പാകി “ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ“(?!!) രഹസ്യ അജണ്ട നടപ്പാക്കുകയാ"ണെന്നു ചിലര്‍ ആക്രോശിച്ചാലോ?

തുറന്നു പറയാമല്ലോ. ഭ്രാന്തു പിടിക്കേണ്ടെങ്കില്‍ അസാമാന്യമായ മനോബലം വേണ്ടി വരും. മറ്റുള്ളവര്‍ക്ക്‌ ആ വേദന‌ ഒരിക്കലും മനസ്സിലാകണമെന്നില്ല. തത്തുല്ല്യമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരാത്തിടത്തോളം കാലം.

അല്ല - ഗാന്ധീ, ഒന്നു ചോദിക്കട്ടെ. 'രാജ്യത്തിന്റെ പുരോഗതി' എന്നതിന്‌ ചില കപ്പലോട്ടങ്ങളിലൂടെ ലഭിക്കുന്ന സാമ്പത്തികനേട്ടങ്ങള്‍ മാത്രമേ സൂചകങ്ങളായുള്ളോ? (സാമ്പത്തികനേട്ടങ്ങളേക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പലതും പൊള്ളയാണെന്ന നിരീക്ഷണങ്ങളിലേക്കു ഞാന്‍ കടക്കുന്നില്ല) അവിടുത്തെ ജനതയ്ക്ക്‌ ആരെയും ഉപദ്രവിക്കാതെയും ആരാലും ഉപദ്രവിക്കപ്പെടാതെയും തങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട്‌ ജീവിക്കാനാവുക എന്നതിന്‌ യാതൊരു പ്രാധാന്യവുമില്ലെന്നുണ്ടോ? അവിശ്വാസികളായ ചില രാഷ്ട്രീയക്കാരെ പേറുന്നു എന്നു വച്ച്‌ ജനങ്ങളും തങ്ങളുടെ വിശ്വാസങ്ങള്‍ ഉപേക്ഷിച്ചേ തീരൂ എന്നുണ്ടോ?

ഇവിടെ, ജനകോടികളുടെ വിശ്വാസപാരമ്പര്യങ്ങളെ പരസ്യമായി വിചാരണയ്ക്കു വച്ചു വിലപേശുക എന്ന നീച പ്രവൃത്തിയാണു നിങ്ങള്‍ ചെയ്തത്‌ - കോണ്‍ഗ്രസ്‌! ഈ സാഹചര്യത്തില്‍ അതൊരു അപരാധം തന്നെയാണ്‌.

(വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടുകൂടേ? - ഉവ്വെങ്കില്‍ അതിനു പരിധികളുണ്ടോ? ഏതറ്റം വരെ ആവാം? ഏതൊക്കെ വിശ്വാസങ്ങള്‍ ഏതൊക്കെ അവസരങ്ങളില്‍ ഏത്‌ അളവു വരെ ചോദ്യം ചെയ്യാം - ചെയ്യണം - ഇവയുടെയൊക്കെ മാനദണ്ഡങ്ങളെന്തൊക്കെയാവണം - എന്നതേപ്പറ്റിയൊക്കെ ഒരു നല്ല ചര്‍ച്ചയ്ക്ക്‌ അവസരമുണ്ടിവിടെ. ഇതേപ്പറ്റി പിന്നാലെ പറയുന്നുണ്ട്‌)

രാമസേതു നശിപ്പിക്കാനുള്ള തീരുമാനത്തിലൂടെയും അതിനെ ന്യായീകരിച്ചു കൊണ്ടു വന്ന സത്യവാങ്മൂലത്തിലൂടെയും യഥാര്‍ത്ഥത്തില്‍ ഇവിടെ നടന്നത്‌ മതപീഢനമാണ്‌. 'അവിശ്വാസികള്‍' എന്ന മത(അഭിപ്രായ)വിഭാഗം, 'വിശ്വാസികള്‍' എന്ന മതവിഭാഗത്തിന്റെ മേല്‍ നടത്തിയ കടന്നാക്രമണമാണിത്‌. ഓരോരുത്തര്‍ക്കും സ്വന്തം മതവിശ്വാസങ്ങള്‍ പുലര്‍ത്താനും അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്‌. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ക്കു മേല്‍ കുതിര കയറിക്കൊണ്ടും അതിനെ പരിഹസിച്ചു കൊണ്ടും ആവാം അത്‌ എന്നൊരു (ദു)സ്വാതന്ത്ര്യം കൂടി ഭരണഘടന ഉറപ്പു വരുത്തുന്നുണ്ടോ എന്തോ? ഇല്ലെന്നുണ്ടെങ്കില്‍ - കോണ്‍ഗ്രസ്‌ സര്‍ക്കാരേ - നിങ്ങളുടെ സത്യവാങ്മൂലം നഗ്നമായ ഭരണഘടനാലംഘനം കൂടിയാണ്‌.

ആയിരക്കണക്കിന്‌ ഉദാഹരണങ്ങളിലൂടെ ആവശ്യത്തിലധികം തവണ ഉത്തരം കിട്ടിക്കഴിഞ്ഞതാണ്‌. എന്നാലും അറിയാതെ ചോദിച്ചു പോകുകയാണ്‌. "ഇതൊക്കെയാണ്‌ നിങ്ങള്‍ 'മതേതരത്വം' എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്നു വരുമോ?"

അങ്ങനെയെങ്കില്‍, മറ്റേതെങ്കിലുമൊരു മതവിഭാഗത്തിന്റെ വിശ്വാസങ്ങളുടെ ഏഴയലത്തു വന്നു നിന്നെങ്കിലും ഒന്നു ചോദ്യം ചെയ്യാന്‍ - എന്തിന്‌, ഒന്നു പുരികം ചുളിക്കാനെങ്കിലും - നിങ്ങള്‍ക്കു ധൈര്യമുണ്ടോ?“ എന്നൊരു ചോദ്യം മനപ്പൂര്‍വ്വം ഞാന്‍ ഒഴിവാക്കുകയാണ്‌. അല്ലെങ്കില്‍, സാമാന്യബുദ്ധിയുള്ളവര്‍ക്ക്‌ തികച്ചും ന്യായമായിത്തോന്നുന്ന ആ സംശയത്തെപ്പോലും 'വര്‍ഗ്ഗീയ വിഷം ചീറ്റ'ലായി വ്യാഖ്യാനിച്ചുകളയും ചില വിഡ്ഢികള്‍!

* * * * * * * * * * * * * * *
സോണിയാഗാന്ധീ,

സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ നിങ്ങളൊരു കൂട്ടുത്തരവാദിത്തം പേറുന്നുവെന്നേയുള്ളൂ. എന്നാല്‍, നിങ്ങള്‍ മാത്രം നടത്തിയ വ്യക്തിപരമായ ഒരു പരാമര്‍ശത്തിനു കൂടി മറുപടി തരേണ്ടതുണ്ട്‌.

സത്യവാങ്മൂലത്തില്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗതനിലപാട്‌ അറിയാതെ പുറത്തുവന്നുപോയതാണ്‌ (നെഹൃവിന്റെ കാലം തൊട്ടേ സംഗതി ഏതാണ്ട്‌ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു). അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍, അതേപ്പറ്റി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടെന്ന ഒരു ഇമേജു വരുത്തി നിങ്ങള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ കരുണാനിധി അലറി വിളിക്കുന്നതും ഇടതുസഖാക്കള്‍ മുദ്രാവാക്യം പോലെ അത്‌ ഏറ്റു വിളിക്കുന്നതും. അങ്ങനെ കാര്യങ്ങള്‍ കൈവിട്ടു പോയതിനു ശേഷവും കുറേക്കാലം നിങ്ങള്‍ മൗനം പാലിച്ചു. പിന്നീടൊരു ദിവസം പെട്ടെന്ന്‌ നിങ്ങള്‍ കരുണാനിധിയുമായി സംഭാഷണം നടത്തി.

"നിങ്ങള്‍ കുറച്ചു കൂടി മര്യാദയും പക്വതയും സമചിത്തതയും പ്രകടിപ്പിക്കൂ മിസ്റ്റര്‍ കരുണാനിധീ. നമ്മുടെ മുന്നണിക്കു മൊത്തമാണ്‌ ചീത്തപ്പേരുണ്ടാകുന്നത്‌" എന്നു നിങ്ങള്‍ പറയുമെന്നാണ്‌ കരുതിയത്‌.

പക്ഷേ നിങ്ങള്‍ പറഞ്ഞതെന്താ - "നമുക്കു വര്‍ഗ്ഗീയശക്തികളെ ചെറുത്തു തോല്‍പ്പിക്കണ"മെന്ന്‌!

നന്നായി!

അപ്പോള്‍ രാമായണം മുഴുവന്‍ വായിച്ചിട്ടും സീത രാമന്റെ ആരാണെന്നു ചോദിച്ചപ്പോള്‍..... (അയ്യോ മറന്നു... ആ ഉദാഹരണമൊക്കെ ഇനി മുതല്‍ ഉപയോഗിക്കാമോ എന്തോ?)

നിങ്ങള്‍ യാതൊന്നും മനസ്സിലാക്കുന്നേയില്ല എന്നു തന്നെയാണതു കാണിക്കുന്നത്‌. അപ്പോള്‍ നിങ്ങളുടെ നിര്‍വചനമനുസരിച്ചാണെങ്കില്‍, രാമസേതു തകര്‍ക്കരുത്‌ എന്നാവശ്യപ്പെടുന്നവര്‍ 'വര്‍ഗ്ഗീയശക്തിക'ളാണല്ലേ? നിങ്ങളാരെയാണ്‌ 'വര്‍ഗ്ഗീയശക്തി' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌? പതിവുമട്ടില്‍, ബി.ജെ.പി.യെയോ? ഇവിടെ നിങ്ങളുടെ ഹിന്ദുവിരുദ്ധനിലപാടില്‍ പ്രതിഷേധമുള്ളവരെല്ലാം ബി.ജെ.പി.ക്കാരാണെന്നാണോ കരുതുന്നത്‌? പ്രശ്നങ്ങളില്‍ അനുഭാവം പ്രകടിപ്പിച്ച്‌ കൂടെ നില്‍ക്കാന്‍ അപൂര്‍വ്വം ചില കക്ഷികളെങ്കിലും കൂടെയുള്ളതാണോ ഹിന്ദുക്കളുടെ ശാപം? ആരുമില്ലാത്ത അവസ്ഥയാണെങ്കില്‍, നിങ്ങള്‍ കുറച്ചു കൂടി ദയകാണിക്കുമോ? രാഷ്ട്രീയമില്ലാത്ത കണ്ണുകള്‍ കൊണ്ട്‌ മനുഷ്യരുടെ പരാതികളും പരിഭവങ്ങളും കാണാന്‍ ഒരിക്കലെങ്കിലും നിങ്ങള്‍ തയ്യാറാകുമോ?

നിങ്ങളെ കുറ്റം പറയാനാവില്ല സോണിയാ. നിങ്ങള്‍ക്ക്‌ ഈയൊരു പ്രശ്നത്തില്‍ ആളുകള്‍ എന്തുകൊണ്ട്‌ പ്രതിഷേധിക്കുന്നു എന്നു മനസ്സിലാക്കാനാവില്ല. ഒരു വനിതയെന്ന നിലയിലും വിധവയെന്ന നിലയിലും പരമാവധി മാന്യതയും ബഹുമാനവും നിങ്ങള്‍ക്കു തന്നു കൊണ്ടു തന്നെയാണിതു പറയുന്നത്‌. എത്ര ഹിന്ദി പഠിച്ചാലും ശരി - കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നതു കേട്ട്‌ ഇന്ത്യയെപ്പറ്റി എത്ര മനസ്സിലാക്കിയാലും ശരി - നിങ്ങള്‍ക്ക്‌ പല പ്രശ്നങ്ങളും മനസ്സിലാക്കാനാവില്ല. പലതും പരമ്പരാഗതമായി രക്തത്തിലൂടെ മാത്രം പകര്‍ന്നു കിട്ടുന്ന വികാരങ്ങളാണ്‌ എന്നതു തന്നെ കാരണം. ആളുകള്‍ക്ക്‌ രാമസേതു എന്താണ്‌ - അതു നശിപ്പിക്കപ്പെടുമ്പോള്‍ കൂടെ നശിപ്പിക്കപ്പെടുന്ന മറ്റു ചിലത്‌ എന്തൊക്കെയാണ്‌ എന്നറിയണമെങ്കില്‍, നിങ്ങള്‍ ഇവിടെ ജനിച്ച്‌ ഇവിടെ വളര്‍ന്ന ഒരു ഇന്ത്യക്കാരിയാവണമായിരുന്നു. ആക്ഷേപകരമായിക്കരുതരുത്‌ എന്ന്‌ ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിച്ചു കൊണ്ടു പറയുകയാണ്‌ - ജന്മം കൊണ്ടോ പ്രത്യയശാസ്ത്രപിന്‍പറ്റല്‍ കൊണ്ടോ ഒക്കെ ഒരു വൈദേശികപശ്ചാത്തലം ഉള്ളവര്‍ക്ക്‌ ആ വികാരങ്ങളൊക്കെ മനസ്സിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടു തന്നെയാണ്‌. പച്ചപ്പരമാര്‍ത്ഥമാണത്‌. പറയാതിരുന്നതുകൊണ്ട്‌ അത്‌ അങ്ങനെയല്ലാതാകുന്നില്ല.

* * * * * * * * * * * * * * *
'അവിശ്വാസിരാഷ്ട്രീയ' കളികളില്‍ കൂട്ടുചേര്‍ന്ന്‌ ഹൈന്ദവമനസ്സുകളിലെ മുറിവിന്‌ ആഴം വര്‍ദ്ധിപ്പിക്കുന്നതിനു പകരം അവരോട്‌ അനുഭാവം പ്രകടിപ്പിക്കാന്‍ ഇതരമതവിഭാഗങ്ങളില്‍പ്പെട്ട ബഹുഭൂരിപക്ഷം പേരും ഇതിനകം തയ്യാറായിക്കഴിഞ്ഞു എന്നത്‌ ആശ്വാസകരമാണ്‌. നമ്മുടെ ബഹുമതസഹവര്‍ത്തിത്വസ്വഭാവത്തിന്‌ മിഴിവേകുന്നൊരു കാഴ്ചയാണത്‌. അതൊന്നും കാണാന്‍ കണ്ണു തുറക്കാതെയും, മതേതരത്വമെന്നാല്‍ മതനിഷേധമല്ല എന്നു തിരിച്ചറിയാതെയും 'രാജ്യത്തിന്റെ പുരോഗതി' എന്ന പേരും പറഞ്ഞ്‌ മുമ്പെങ്ങുമില്ലാത്ത ആത്മാര്‍ത്ഥത കാണിക്കുന്ന രാഷ്ട്രീയക്കാരോടു മൊത്തത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്താം.

(മറ്റുള്ളവരെ ആരെയും ഇതു വേദനിപ്പിക്കാതെയിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു. വേദനിക്കുന്നെങ്കില്‍ ക്ഷമാപണം. എത്ര പറഞ്ഞാലും മനസ്സിലാക്കാത്ത രാഷ്ട്രീയതിമിരമുള്ളവരോടു സംസാരിക്കുമ്പോള്‍ ഇങ്ങനെ ചില ഉദാഹരണങ്ങളില്ലാതെ തരമില്ല)

അല്‍പം കൂടി പുരോഗതി വരുത്തുന്ന ഒരു കാര്യത്തേക്കുറിച്ചുകൂടി നമുക്ക്‌ ആലോചിച്ചാലോ രാഷ്ട്രീയക്കാരേ?

രാജ്യത്തിന്‌ ഒരു അധികപ്രവൃത്തിദിവസം സമ്മാനിച്ചാലോ?

ഡിസംബര്‍ 25-ന്റെ അവധി നമുക്കങ്ങ്‌ എടുത്തു കളയാം.

ആരെങ്കിലും പ്രതിഷേധിച്ചാല്‍ അവരുടെ നേരെ പരിഹാസവര്‍ഷം ചൊരിയാം. "ആരാണ്‌ അന്നു ജനിച്ചത്‌ ? - ഏത്‌ മെഡിക്കല്‍ കോളേജില്‍ പഠിച്ച ഗൈനക്കോളജിസ്റ്റിന്റെ നിരീക്ഷണത്തിലായിരുന്നു? കന്യകയ്ക്ക്‌ എങ്ങനെ ഗര്‍ഭമുണ്ടാകും എന്നതിന്റെ ശാസ്ത്രീയമായ തെളിവോ NASAയുടെ സര്‍ട്ടിഫിക്കറ്റോ കൊണ്ടു വരൂ - അപ്പോള്‍ നോക്കാം" എന്നു പറയാം. എന്തേ?

"ഛീ. വര്‍ഗ്ഗീയത പറയുന്നോ? ന്യൂനപക്ഷ പീഢനം നടത്തുന്നോ? ഫാസിസ്റ്റ്‌ ചിന്തയല്ലേ ഇത്‌?" എന്നൊക്കെ...അല്ലേ?

അപ്പോള്‍ ഹിന്ദുക്കളുടെ മേലല്ലാതെ മറ്റുള്ളവരുടെ മേല്‍ കുതിരകയറിയാല്‍ - കുതിരകയറുന്നവന്‍ വര്‍ഗ്ഗീയ വാദി. ഹിന്ദുക്കളുടെ മേലാണെങ്കില്‍ - കയറുന്നവന്‍ പുരാഗമന-മതേതരത്വ-ജനാധിപത്യവാദി. 'കയറല്ലേ - വേദനിക്കുന്നു' എന്നു കരയുന്നവന്‍ വര്‍ഗ്ഗീയവാദി. അല്ലേ?

എന്താ? അല്ലെന്നുണ്ടോ? അപ്പോള്‍ ഇതൊക്കെയാണോ നിങ്ങളുടെ മതേതരത്വം?

സോണിയാജീ... നിങ്ങളെയും നിങ്ങളെ പിന്താങ്ങുന്ന കൂട്ടരെയുമൊക്കെ കാലം ഓര്‍ത്തു വയ്ക്കുമെങ്കില്‍ അത്‌ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്തതിന്റെ പേരിലാവുമെന്നു തോന്നുന്നില്ല. കപടമതേതരത്വമെന്നും കൂസിസമെന്നുമൊക്കെയുള്ള പദങ്ങള്‍ ലോകഭാഷകള്‍ക്കു സംഭാവന ചെയ്തതിന്റെ പേരിലാവും. തീര്‍ച്ച!

* * * * * * * * * * * * * * *
വൈത്തോ:-
ആ ഉദാഹരണം സോണിയയോടു വേണ്ടായിരുന്നു നകുലാ. "ദാ ഒരുവന്‍ സോണിയ ക്രിസ്ത്യാനിയാണെന്നതു ചൂണ്ടിക്കാട്ടി വര്‍ഗ്ഗീയത പറയുന്നു" എന്ന്‌ ആരോപിച്ചു കളയും!

ശരിയാണ്‌. അല്ലെങ്കിലും ഞാനെന്തിനാണ്‌ സോണിയാഗാന്ധിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്‌? നമുക്കൊരു പ്രധാനമന്ത്രിയുണ്ടല്ലോ - മന്‍മോഹന്‍സിംഗ്‌ - പരാതി ബോധിപ്പിക്കേണ്ടത്‌ യഥാര്‍ത്ഥത്തില്‍ അവിടെയാണല്ലോ. അദ്ദേഹമെവിടെ?

ഉറങ്ങുകയാവണം.

കഴിഞ്ഞയിടെയായി അദ്ദേഹത്തിന്‌ ടി.വി.യില്‍ വാര്‍ത്തകള്‍ കണ്ട്‌ 'ഉറക്കം നഷ്ടപ്പെടുക' പതിവായിരുന്നു. ഇനിയെങ്കിലും കുറച്ചു നാള്‍ സമാധാനമായി ഉറങ്ങട്ടെ. പാവം. കുംഭകര്‍ണ്ണന്‍ ജീവിച്ചിരുന്നു എന്നതിനു ശാസ്ത്രീയമായ തെളിവു കൊണ്ടു വരാന്‍ ബുദ്ധിമുട്ടായതു കൊണ്ട്‌ ആരും ആ പേരു വിളിച്ചു കളിയാക്കുമെന്നു ഭയപ്പെടുകയും വേണ്ട.

ഏതൊക്കെ വിഷയങ്ങളില്‍ ഉറക്കം നഷ്ടപ്പെടണം - ഏതൊക്കെ വിഷയങ്ങളില്‍ കണ്ണും പൂട്ടിയുറങ്ങണം - എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം. ഉറക്കമുണരുമ്പോളും കട്ടിലില്‍ത്തന്നെയായിരിക്കണോ അതോ സ്നേഹപൂര്‍വ്വം താഴെയിറക്കിക്കിടത്തണോ എന്നതു ജനങ്ങളുടെയും.

സുഖമായി ഉറങ്ങട്ടെ.

ങുര്‍.. ^^ ങുര്‍.. ^^

(തുടരും)

അടുത്തത്‌:-
3 - പ്രകാശ്‌ കാരാട്ടിനു മറുപടി
4 - കരുണാനിധിക്കു മറുപടി
5 - ഡി.വൈ.എഫ്‌.ഐ. നേതാവിനു മറുപടി

Tuesday, October 09, 2007

രാമസേതു - 1 - 'ചിത്രകാര'നുള്ള മറുപടി

അതികഠിനമായ സങ്കടമോ ദേഷ്യമോ ഒക്കെ വരുമ്പോള്‍ കുറേ സമയത്തേക്ക്‌ ഒന്നും മിണ്ടാതിരിക്കുക എന്നതാണ്‌ ശീലം. കുറേ കാത്തിരിപ്പിനു ശേഷവും തീക്ഷ്ണവികാരം മങ്ങാതെ നില്‍ക്കുന്നുവെന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ പ്രതികരിക്കാന്‍ തുനിയാറുള്ളൂ.
രാമസേതു പ്രശ്നത്തില്‍ മാസങ്ങള്‍ തന്നെ കഴിഞ്ഞിട്ടും ദു:ഖമടങ്ങുന്നില്ല. ഇനി പ്രതികരിക്കുക തന്നെ!

ഈ വിഷയത്തില്‍ ഇതുവരെ പോസ്റ്റുകളും കമന്റുകളുമൊക്കെ എഴുതിയ ചില ബ്ലോഗര്‍മാര്‍ക്കും പ്രസ്താവനകളിറക്കിയ രാഷ്ട്രീയക്കാര്‍ക്കുമൊക്കെ മറുപടി കൊടുത്തുകൊണ്ട്‌ ചിലതു പ്രസിദ്ധീകരിക്കാമെന്നു കരുതി. അതില്‍ ആദ്യത്തേതാണിത്‌. ഹനുമാന്മാര്‍ വഴിതടയുന്നു എന്ന പോസ്റ്റ്‌ എഴുതിയ ചിത്രകാരനുള്ള മറുപടി.

അല്‍പം വൈകാരികാംശം കൂടുതലുള്ള പോസ്റ്റുകളായിരിക്കും ഇവ. യാതൊരു അടുക്കും ചിട്ടയുമില്ലാതെ മനസ്സില്‍ വരുന്നതെല്ലാം അതേപടി എഴുതുകയാണ്‌. പതിവുള്ള പ്രതിപക്ഷ ബഹുമാനം ഇത്തവണ കണ്ടെന്നു വരില്ല. അതിന്‌ ഒരു മുന്‍കൂര്‍ ക്ഷമാപണത്തിന്‌ ഒരുക്കവുമല്ല. ക്ഷമയും മര്യാദയും ഒരു പരിധി വിട്ടാലും അപകടമാണെന്ന തിരിച്ചറിവില്‍ നിന്നു കൂടിയാണ്‌ വാസ്തവത്തില്‍ ഈ പോസ്റ്റുകള്‍ ഉണ്ടായത്‌.

* * * * * * * * * *

ചെങ്കൊടിയേന്തിയ സമരമുഖങ്ങളുടെ ചിത്രങ്ങള്‍ ആവേശപൂര്‍വ്വം വരച്ചിട്ടുള്ള ചിത്രകാരന്റെ ബ്ലോഗില്‍ നിന്നു കിട്ടുന്ന ചില വിവരങ്ങള്‍ ഇങ്ങനെ:-

രാമായണം = ഒരു നശിച്ച ഗ്രന്ഥം - അത്‌ തിന്മയുടെ പുസ്തകം.
രാമന്‍ = ആണും പെണ്ണും കെട്ടവന്‍ - 'അവന്റെ' ആദര്‍ശം നെറികെട്ടത്‌.
മഹാവിഷ്ണു = രാമന്റെ ജാരബ്രാഹ്മണപിതാവ്‌ - നീലക്കുറുക്കന്‍ - ചതിയന്‍ - കൂലിത്തല്ലുകാരന്‍ - ചെകുത്താന്‍ - മ്ലേച്ഛന്‍ - പിശാച്‌.
സരസ്വതി = ഹിന്ദു മതത്തിന്റെ തേവിടിശ്ശി.
മോഹിനി = ഒരു 'വഴിക്കട' ചരക്ക്‌.

വഴി തടഞ്ഞ്‌ സമരം ചെയ്ത 'രാമസേതു സംരക്ഷണ സമിതി' പ്രവര്‍ത്തകര്‍ = ഹിന്ദുവാനരന്മാര്‍ - മാക്രികള്‍ - മന്ദബുദ്ധികളായ മര്‍ക്കടന്മാര്‍ - ഹൈന്ദവകോമാളികള്‍.

അവിടുത്തെ കമന്റുകളില്‍ നിന്നു കിട്ടുന്ന ചിലത്‌ -
രാമായണത്തെ ചീത്ത പറയേണ്ടായിരുന്നു. എന്നാലും വഴിതടഞ്ഞവര്‍ വിഡ്ഢികളും വര്‍ഗ്ഗീയവാദികളും തന്നെ.
വഴിതടച്ചില്‍ തീര്‍ത്തും അനാവശ്യം - മനുഷ്യരെ ബുദ്ധിമുട്ടിച്ച അത്‌ അപലപനീയം.

* * * * * * * * * *

കൊള്ളാം! അമിതാവേശത്തില്‍ എഴുതിയതു കൊണ്ടോ എന്തോ - പല വാക്കുകളും മറുപടിയര്‍ഹിക്കുന്ന നിലവാരത്തിലും വളരെയധികം താഴെ നില്‍ക്കുന്നതിനാല്‍ അവ ഞാന്‍ അവഗണിക്കുകയാണ്‌. എന്നാല്‍, സമരം ചെയ്തവരെ ഭര്‍ത്സിക്കുന്നതില്‍ ചിത്രകാരനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മറ്റുള്ളവരോട്‌ ചിലതു ചോദിക്കാനുണ്ട്‌.

നിങ്ങളൊക്കെ എന്നു മുതല്‍ക്കാണു സുഹൃത്തുക്കളേ ഈ രാമസേതു പ്രശ്നത്തേക്കുറിച്ചു കേട്ടു തുടങ്ങിയത്‌? അന്നത്തെ വഴി തടച്ചില്‍ സമരം മുതല്‍ക്കോ? അതോ പിന്നെ യു.പി.എ. സര്‍ക്കാറിന്റെ വിവാദമായ സത്യവാങ്മൂലവും കരുണാനിധിയുടെ അപക്വപ്രസ്താവനകളും ഉയര്‍ത്തി വിട്ട പ്രതികരണങ്ങള്‍ കണ്ടപ്പോളോ?

എന്നാല്‍ കേട്ടോളൂ.

പ്രശ്നം തുടങ്ങിയത്‌ അതിനും എത്രയോ മാസങ്ങള്‍ക്കു മുമ്പാണ്‌! രാമസേതു തകര്‍ക്കുന്നതിനെതിരെ പരാതിയും പ്രതിഷേധവുമായി എത്രയോ ദിനങ്ങള്‍! സേതു സംരക്ഷിക്കണമെന്ന അപേക്ഷയുടെ വിശദീകരണവുമായി അനവധി സമ്മേളനങ്ങള്‍. ചര്‍ച്ചകള്‍. വിശദീകരണയോഗങ്ങള്‍. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഉള്‍പ്പെടുന്ന നിരവധി സമിതികളുടെ രൂപവല്‍ക്കരണം. പരിസ്ഥിതിവിദഗ്ദ്ധരേയും മറ്റും ചേര്‍ത്ത്‌ ആഴത്തിലുള്ള പഠനങ്ങള്‍ - തോറിയം നിക്ഷേപത്തിനേക്കുറിച്ച്‌ പ്രത്യേക പഠനം - മത്സ്യസമ്പത്തിന്റെ കാര്യം പഠിക്കുന്ന ചുമതല മറ്റൊരു കൂട്ടര്‍ക്ക്‌. സുനാമി സംബന്ധിച്ച്‌ വേറെ സമിതികള്‍. കണ്ടെത്തലുകളുടെ അവതരണങ്ങള്‍. സാംസ്കാരികപൈതൃകം സംരക്ഷിക്കേണ്ടുന്നതു സംബന്ധിച്ച വിശദീകരണങ്ങള്‍ വേറെ. അധികാരികള്‍ക്കയച്ച കത്തുകള്‍ - ലേഖനങ്ങള്‍ - പരാതി പ്രളയങ്ങള്‍.

നിങ്ങളാരും അതൊന്നും അറിഞ്ഞിരുന്നില്ല - അല്ലേ?

അതെങ്ങനെ - അതൊന്നും ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കാര്‍ക്കും സമയമോ താല്‍പര്യമോ ഇല്ലല്ലോ.
മതേതരമാദ്ധ്യമങ്ങള്‍ക്ക്‌ അതൊന്നും നിങ്ങളെ അറിയിക്കാന്‍ ചുമതലയുമില്ലല്ലോ.
അറിയാതിരുന്നതില്‍ അത്ഭുതമില്ല.

നിരന്തരമായ പരാതികള്‍ക്ക്‌ പുല്ലുവില കല്‍പിക്കപ്പെട്ട്‌ രാമസേതു തകര്‍ത്തെറിഞ്ഞേ അടങ്ങൂ എന്ന വാശിയില്‍ സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍പ്പോലും ആരും ആരുടെയും തലവെട്ടിയൊന്നുമില്ല. എവിടെയും ബോംബും പൊട്ടിച്ചില്ല. അവസാന പ്രതീക്ഷയെന്ന നിലയില്‍ കോടതിയില്‍പ്പോയി നീതിക്കു വേണ്ടി ഇരക്കുകയാണു ചെയ്തത്‌.

(അതിന്റെ തുടര്‍നടപടികള്‍ക്കിടയിലാണ്‌ വിശ്വാസങ്ങളെ വിചാരണയ്ക്കു വച്ചു വിലപേശിക്കൊണ്ട്‌ യു.പി.എ. സര്‍ക്കാരിന്റെ സത്യവാങ്മൂലവും മറ്റും വന്നത്‌. അത്‌ കേട്ട്‌ നടുങ്ങി ഇരുന്നപ്പോളാണ്‌ ഇടിവേട്ടേറ്റവന്റെ തലയില്‍ തേങ്ങാ വീഴുന്ന മാതിരി "ഏതവനാടേയ്‌ ഈ രാമന്‍?" എന്നു കരുണാനിധി ചോദിച്ചതും സകല 'മതേതര' രാഷ്ട്രീയക്കാരും അത്‌ ഏറ്റു പിടിച്ചതും. അത്രയുമായപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി. ഒന്നു രണ്ട്‌ അനിഷ്ടസംഭവങ്ങളുണ്ടാകുകയും ചെയ്തു. അതേക്കുറിച്ച്‌ പിന്നാലെ പറയുന്നുണ്ട്‌.)

രാമസേതു സംബന്ധിച്ച്‌ ആയിരങ്ങളുടെ പരാതികള്‍ മാസങ്ങളോളം കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തവരേ- നിങ്ങളുടെയൊക്കെ കണ്ണു തുറപ്പിക്കാന്‍ തന്നെയാണു വഴി തടഞ്ഞത്‌. ഗതികെട്ടിട്ടാണ്‌ അതു ചെയ്തത്‌. പ്രശ്നത്തിലേക്ക്‌ കൂടുതല്‍ ജനശ്രദ്ധ കൊണ്ടുവരാന്‍ മറ്റുവഴിയില്ലായിരുന്നു.

അത്രയുമൊക്കെയായപ്പോഴേക്കും സംഭവങ്ങള്‍ക്ക്‌ ഒരു രാഷ്ട്രീയ മാനം കൈവന്നു പോയിരുന്നു. പ്രതിഷേധങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയവര്‍ തന്നെ അതിനു പിന്നിലെ ജനവികാരം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയം കലര്‍ത്തിയാണ്‌ അതിനെ നിരീക്ഷിച്ചത്‌. ഏതെങ്കിലുമൊരു പ്രശ്നത്തില്‍ ഒരു നിലപാടിനോട്‌ ബി.ജെ.പി.യും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ പിന്നീട്‌ ആ വിഷയത്തെ മൊത്തം ബി.ജെ.പി.യുമായി ബന്ധപ്പെടുത്തി മാത്രം ആലോചിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്ന പതിവ്‌ അബദ്ധം തന്നെ ഇത്തവണയും ആവര്‍ത്തിച്ചു. എല്ലാവരിലെയും 'രാഷ്ട്രീയബോധം'(!) ഉണര്‍ന്നു. വിവിധ ഹിന്ദു സംഘടനകളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമൊക്കെ സമരരംഗത്തുള്ളതുകൊണ്ട്‌ അവരില്‍ വര്‍ഗ്ഗീയത ആരോപിക്കാന്‍ വീണ്ടും അവസരം വന്നു. ഫാസിസത്തേക്കുറിച്ച്‌ ആക്രോശിക്കാന്‍ അവസരം വന്നു. 'പുരോഗമന(?)കവിത'കളെഴുതാനുള്ള വെളിപാടുകളുണ്ടായി. അഭിപ്രായങ്ങള്‍ മിന്നല്‍ വേഗതയില്‍ ധൃവീകരിക്കപ്പെട്ടു. സംഘപരിവാര്‍ എതിര്‍ക്കുന്നൊരു പദ്ധതി എന്ന നിലയ്ക്ക്‌ അതിനെ അനുകൂലിക്കേണ്ടത്‌ നിങ്ങള്‍ പലരുടെയും ബാദ്ധ്യതയായിത്തീര്‍ന്നു. പദ്ധതിയ്ക്കെതിരായ പ്രതിഷേധസമരങ്ങള്‍ക്ക്‌ ഒരു 'നെഗറ്റീവ്‌ ഇമേജ്‌' ചാര്‍ത്തിക്കൊടുക്കാന്‍ കൊണ്ടു പിടിച്ചു ശ്രമവും തുടങ്ങി. അതൊക്കെയല്ലേ സംഭവിച്ചത്‌? സത്യസന്ധമായി ആലോചിച്ചു നോക്കുക.

ഞാന്‍ പച്ചയ്ക്കു ചോദിക്കട്ടെ. ഇതേ പദ്ധതി - ഇതേ രീതിയില്‍ - ഇതേ സമയത്ത്‌ നടപ്പാക്കുന്നത്‌ ഒരു ബി.ജെ.പി. സര്‍ക്കാരാണെന്നു കരുതുക. സംഘപരിവാര്‍ സംഘടനകള്‍ ആ നീക്കത്തെ അനുകൂലിക്കുന്നുവെന്നു കരുതുക. സോണിയയും പ്രകാശ്‌ കാരാട്ടും അതിനെ എതിര്‍ക്കുന്നുവെന്നു സങ്കല്‍പ്പിക്കുക. ചുമ്മാ സങ്കല്‍പിക്കുക. എങ്കില്‍, ഇന്നിപ്പോള്‍ വികസനത്തിനു വേണ്ടി മുറവിളി കൂട്ടുന്ന നിങ്ങളോരോരുത്തരും അന്ന്‌ ഈ പദ്ധതിക്കെതിരെ തെരുവിലിറങ്ങി താണ്ഡവമാടില്ലേ? അന്ന്‌ പദ്ധതി നടപ്പാക്കുന്ന ബി.ജെ.പി.ക്കെതിരെ അസഭ്യവര്‍ഷം ചൊരിയില്ലേ?. ഇല്ലെന്നുണ്ടോ? നിന്റെ ചിന്തകളില്‍ വല്ലാതെ രാഷ്ട്രീയം കലര്‍ന്നിരിക്കുന്നു മലയാളീ. രാഷ്ട്രീയാതിപ്രസരത്താല്‍ നിന്റെ ചിന്തകളില്‍ നീ അറിയാതെ ഒരുപാടു കൂച്ചു വിലങ്ങുകള്‍ വീണിട്ടുണ്ട്‌. സമ്മതിക്കാതെ തരമില്ല നിനക്കത്‌.

സെപ്റ്റംബര്‍ 12-ലെ വഴിതടയല്‍ സമരത്തോട്‌ അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ്‌ തന്റെ പോസ്റ്റില്‍ ചിത്രകാരന്‍ പ്രകടിപ്പിച്ചിരിക്കുന്നത്‌. സമരത്തോട്‌ അനുഭാവമില്ലാത്ത കുറേപ്പേര്‍ക്ക്‌ വഴിതടച്ചില്‍ ബുദ്ധിമുട്ടുണ്ടാക്കി എന്നത്‌ അംഗീകരിച്ചു കൊണ്ടു തന്നെ പറയുകയാണ്‌ - അതൊരു 'മിന്നല്‍ സമര'മൊന്നുമായിരുന്നില്ല എന്നു കൂടി പരിഗണിക്കേണ്ടതുണ്ട്‌. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രം - എല്ലാം മുന്‍കൂട്ടി പ്രഖ്യാപിച്ച്‌ - നിര്‍ദ്ദിഷ്ട സമയം - ചുരുങ്ങിയ സമയം മാത്രം നടത്തി - അടിയന്തിര യാത്ര നടത്തുന്നവരെ പരമാവധി ഒഴിവാക്കി - ആരുടെയും നേരെ മെക്കിട്ടു കേറുകയോ ആരെയും പുലഭ്യം വിളിക്കുകയോ ചെയ്യാതെ അന്തസ്സായും സമാധാനപരമായും നടത്തിയ സമരമായിരുന്നു അത്‌. നിഷേധിക്കാമോ? 'പ്ലക്കാര്‍ഡും പിടിച്ച്‌ റോഡില്‍ കുത്തിയിരുന്നു' എന്നു തന്നെയാണല്ലോ ചിത്രകാരന്റെയും കുറ്റാരോപണം.

എന്തിനും ഏതിനും ചാടിയിറങ്ങി തെരുവുയുദ്ധം നടത്തുന്നവരല്ല അന്നു വഴി തടഞ്ഞത്‌.
ഏതെങ്കിലും നേതാക്കന്മാര്‍ പറയുന്നതു മാത്രം കേട്ട്‌ അനുസരിക്കാനായി തലച്ചോര്‍ പണയപ്പെടുത്തിയവരുമല്ല.
മറ്റു ജോലിയൊന്നും ഇല്ലാത്തവരുമല്ല.
വഴിതടഞ്ഞ സമയത്ത്‌ നിങ്ങളൊക്കെ (മിക്കവാറും ശീതീകരിച്ച) വാഹനങ്ങള്‍ക്കുള്ളിലിരുന്നു 'വിഷമിച്ചെ'ങ്കില്‍, നടുറോഡില്‍ കുത്തിയിരുന്നു വെയില്‍ കൊണ്ടു വിയര്‍ത്തവര്‍ അതിലും വിഷമിച്ചിട്ടുണ്ടാവണമല്ലോ ചിത്രകാരന്മാരേ. അവരെ മാനസികമായി ബുദ്ധിമുട്ടിച്ചതും പോരാ- ഒടുവില്‍ അവരുടെയൊക്കെ വിലപ്പെട്ട സമയം മെനക്കെടുത്തുന്നമട്ടില്‍ അവരെ തെരുവിലിറക്കിയതും പോരാ - എന്നിട്ട്‌ അധിക്ഷേപിക്കുക കൂടി ചെയ്യുന്നോ? ക്രൂരതയ്ക്ക്‌ ഒരു പരിധിയില്ലെന്നുണ്ടോ ചിത്രകാരസമൂഹമേ?

ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്നങ്ങളേക്കുറിച്ചു പരാതികളുള്ളവര്‍ക്ക്‌ 'താരതമ്യം ചെയ്തു' സംസാരിക്കാന്‍ പണ്ടു മുതല്‍ക്കേ അവകാശമില്ല. എന്നാലും ധൈര്യപൂര്‍വ്വം ചോദിക്കുകയാണ്‌. ആവശ്യത്തിനും അനാവശ്യത്തിനും അണികളുടെ ചോരത്തിളപ്പു കൂട്ടാനുമൊക്കെയായി ആയിരക്കണക്കിന്‌ അക്രമസമരങ്ങള്‍ നടത്തിയ ചരിത്രമുള്ള ഒരു പ്രസ്ഥാനമുണ്ടല്ലോ ഇവിടെ. അവരുടേതായിരുന്നു കുത്തിയിരുപ്പെങ്കില്‍ (അവരിങ്ങനെ കുത്തിയിരിക്കുമോ അതോ കത്തിച്ചെരിക്കുമോ എന്നതു വേറെ കാര്യം) താങ്കളിങ്ങനെ രോഷം കൊള്ളുമായിരുന്നോ ചിത്രകാരന്‍? ഉവ്വെങ്കില്‍, ഇതു വരെയുള്ള അനുഭവം വച്ചാണെങ്കില്‍, വാനരന്മാരല്ല - രാവണന്മാര്‍ വഴി തടയുന്നു - രാക്ഷസന്മാര്‍ അക്രമം നടത്തുന്നു എന്നൊക്കെ പറയേണ്ടി വരുമായിരുന്നില്ലേ? എന്താ അങ്ങനെ പറയാന്‍ പാടില്ലെന്നുണ്ടോ? അതോ ഹിന്ദുക്കള്‍ക്കു വേണ്ടി ശബ്ദിക്കുന്നവരുടെ മണ്ടയ്ക്കടിക്കുമ്പോള്‍ മാത്രമേ "അഭിപ്രായസ്വാതന്ത്ര്യത്തിനു" വിലയുള്ളോ? അവരെ അധിക്ഷേപിക്കുമ്പോള്‍ മാത്രമേ അത്തരം പദങ്ങളുപയോഗിക്കാന്‍ പാടുള്ളോ?

സദ്ദാം ഹുസൈനെ കഴുവേറ്റിയത്‌ (ഇവിടെ ഇതൊരു അസഭ്യപ്രയോഗമല്ല) ഞാനല്ല . എന്നാല്‍ അതിന്റെ പേരില്‍ കുറെ ഇടതുതീവ്രവാദികളും മതതീവ്രവാദികളും ചേര്‍ന്ന്‌ തോളില്‍ കയ്യിട്ടുകൊണ്ട്‌ കേരളത്തിന്റെ തെരുവുകള്‍ ഒരു ദിവസം വിലയ്ക്കെടുത്തപ്പോള്‍ കൊടിയ യാതനകള്‍ അനുഭവിച്ചവരില്‍ ഞാനുമുള്‍പ്പെടുന്നു. അന്നേ ദിവസം കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ കൊച്ചുകുട്ടികളേയുമെടുത്ത്‌ ജീവന്‍ പണയപ്പെടുത്തി യാത്ര ചെയ്യേണ്ടി വന്നവനാണു ഞാന്‍. അന്നുണ്ടായ ദുരനുഭവങ്ങള്‍ വര്‍ണ്ണനാതീതമാണ്‌. അതെന്താ ചിത്രകാരന്‍ - ചില തെരഞ്ഞെടുക്കപ്പെട്ട പ്രശ്നങ്ങളില്‍ മാത്രമേ ആളുകള്‍ തെരുവിലിറങ്ങാന്‍ പാടുള്ളൂ എന്നാണോ? അങ്ങനെയെങ്കില്‍, ആ പ്രശ്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്‌?

'ഹൈന്ദവ കോമാളി'കളുടെ വഴിതടയലിനോട്‌ ഇപ്പോഴും അമര്‍ഷമുള്ളവര്‍ക്ക്‌ അതു സൃഷ്ടിക്കുന്ന മാനസികപ്രശ്നമൊഴിവാക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്‌. അത്‌ നിങ്ങള്‍ക്കൊരു മാനസിക പരിശീലനമായിരുന്നു എന്നു കരുതുക. ഇറാനെ അണുബോംബുണ്ടാക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുമെന്ന ഭീഷണിയുമായി ഇടതുസംഘടനകള്‍ ഇനിയും പ്രതിഷേധവുമായി തെരുവില്‍ അഴിഞ്ഞാടിയേക്കാം. അല്ലെങ്കില്‍, ലെബനനിലെ പോരാളികളെ ആക്രമിക്കുന്ന ഇസ്രായേലിനെ അടക്കി നിര്‍ത്തണം എന്നതാവാം ആവശ്യം. അതുമല്ലെങ്കില്‍, അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ നിരന്തര പോരാട്ടങ്ങളുടെ പേരില്‍ ഒസാമാ ബിന്‍ ലാദന്‌ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ടായാലും ഞെട്ടേണ്ടതില്ല. ഇടതുകക്ഷികള്‍ എന്തെല്ലാം പോക്രിത്തരം കാണിച്ചാലും ശരി - അപ്പോഴൊന്നും പ്രതികരിക്കാതെ പേടിയോടെ അതൊക്കെ അനുവദിച്ചു കൊടുത്തുകൊണ്ട്‌ തൊഴുതു വളഞ്ഞു നിലത്തു മുട്ടിയങ്ങനെ നില്‍ക്കണമെങ്കില്‍ നമ്മുടെ നട്ടെല്ലിന്‌ നല്ല വഴക്കം കിട്ടുന്ന മട്ടില്‍ നിരന്തര പരിശീലനം ആവശ്യമില്ലേ ചിത്രകാരന്മാരേ? പ്രത്യയശാസ്ത്രശാഠ്യങ്ങളുടെയോ അല്ലെങ്കില്‍ ജാതിചിന്തയിലൂന്നി വളര്‍ന്ന പാര്‍ട്ടി വിശ്വാസങ്ങളുടെയോ പേരില്‍ മരവിച്ചിങ്ങനെ ഇരിക്കണമെങ്കില്‍ നമ്മുടെ മനസ്സാക്ഷിയ്ക്ക്‌ നല്ല പരിശീലനം വേണ്ടി വരില്ലേ? 'ഹൈന്ദവക്കോമാളിക'ളുടെ സമരത്തെ ഒരു പരിശീലനാവസരമായി ഉപയോഗിക്കാന്‍ ശ്രമിക്കൂ. മനസ്സാക്ഷി ശരിക്കു മരവിച്ച്‌ അങ്ങനെ നല്ലൊരു പരുവമാകട്ടെ.

(തുടരും)

അടുത്തത്‌:-
2 - സോണിയാഗാന്ധിക്കു മറുപടി
3 - പ്രകാശ്‌ കാരാട്ടിനു മറുപടി
4 - കരുണാനിധിക്കു മറുപടി
5 - ഡി.വൈ.എഫ്‌.ഐ. നേതാവിനു മറുപടി