Tuesday, September 05, 2006

ഭാഗം 4 - വിചാരണ

ഇതൊരു തുടര്‍ക്കാഴ്ചയാണ്‌. കാണാപ്പുറത്തെ ഈ കാഴ്ചയിലേക്ക്‌ ആദ്യമായി മിഴി തുറക്കുന്ന സഹൃദയര്‍ ദയവായി ഇതിനു തൊട്ടുമുമ്പുള്ള മൂന്നു പുറങ്ങളിലേക്കു കൂടി ഒന്നു കണ്ണോടിച്ചിട്ടു വരിക.
------------------------------------------------------------------------------------------------
ഇവിടെ ആരാണു തെറ്റുകാര്‍? അല്ല - ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ? അതോ ഇതൊക്കെ യാദൃച്ഛികസംഭവം - ഒറ്റപ്പെട്ട ദുരന്തം - എന്നൊക്കെ പറഞ്ഞ്‌ മറവിയിലേക്കു തള്ളാമോ?

ശ്രീ. ജേക്കബ്‌ നടത്തുന്ന ജീവകാരുണ്യസമിതി ഒരു മതപരിവര്‍ത്തനസംഘമാണെന്നും അഗതികളെ പ്രധാനമായും നോട്ടമിട്ടുകൊണ്ടുള്ള അവരുടെ പ്രവര്‍ത്തനപദ്ധതിയില്‍ ഒന്നുമാത്രമാണ്‌ ഇവിടെ വെളിപ്പെട്ടത്‌ എന്നും ആരോപണമുയര്‍ന്നിരുന്നു. അദ്ദേഹം അത്‌ ഉടന്‍ തന്നെ നിഷേധിക്കുകയും ചെയ്തു.

മുഴുവന്‍ അതേപടി വിശ്വസിക്കേണ്ടതില്ലെങ്കിലും, ശ്രീ. ജേക്കബ്‌ പറയുന്നതിലും വളരെ സത്യമുണ്ടാവാനാണ്‌ സാദ്ധ്യത. കാരണം, ഏറ്റവും 'കര്‍മ്മധീര'നായ ഇവാഞ്ചലിസ്റ്റ്‌ പോലും ചെയ്യാന്‍ മടിക്കുന്നൊരു കാര്യമാണ്‌ അദ്ദേഹം ചെയ്തത്‌. ഗുരുവായൂരമ്പലനടയില്‍ നിന്നു പോലും ആള്‍ക്കാരെ സംഘടിപ്പിക്കുക! അമ്പലത്തിന്റെ ഭാഗത്തു നിന്നും ആരുടെയെങ്കിലും പ്രേരണയോ സഹായവാഗ്ദാനമോ ഇല്ലാതെ അദ്ദേഹം അതിനു തുനിയുമെന്നു കരുതാന്‍ പ്രയാസം. അപ്പോള്‍ അദ്ദേഹം പറഞ്ഞ ഫോണ്‍ വിളിയും കുറഞ്ഞ പക്ഷം 'മറ്റു വൃദ്ധന്മാരെയും കൂടി കൊണ്ടുപോകണമെന്ന്‌ സെക്യൂരിറ്റിക്കാര്‍ ആവശ്യപ്പെട്ടു' എന്നതെങ്കിലും ശരിയാവാനാണു സാദ്ധ്യത.

അങ്ങനെയെങ്കില്‍ അടുത്തതായി നാം ആലോചിക്കേണ്ടത്‌ ദേവസ്വം അധികാരികളുടെ പങ്കിനേക്കുറിച്ചാണ്‌. സമിതി പ്രവര്‍ത്തകരുടെ അവകാശവാദം തെറ്റാണ്‌ എന്നു തന്നെ വയ്ക്കുക. അവരെ ആരും വിളിച്ചിരുന്നുമില്ല - എല്ലാവരേയും പിടിച്ചു കയറ്റാന്‍ സെക്യൂരിറ്റിക്കാര്‍ അവരോട്‌ ആവശ്യപ്പെട്ടുമില്ല എന്നിരിക്കട്ടെ. എന്നാല്‍ പോലും ദേവസ്വം അധികാരികള്‍ തെറ്റുകാരാണ്‌. അമ്പലനടയിലെത്തുന്ന ഓരോ ഭക്തന്റേയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത്‌ അവരുടെ ഉത്തരവാദിത്തം തന്നെയാണ്‌. അവര്‍ക്കതില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കാനാവില്ല.

ഇനിയിപ്പോള്‍ അതല്ല - സമിതിക്കാരുടെ അവകാശവാദം ശരിയാണ്‌ - എന്നുണ്ടെങ്കില്‍, പ്രശ്നം വളരെ ഗൗരവമുള്ളതാണ്‌. ഭജനമിരിക്കാന്‍ വരുന്ന വൃദ്ധരെ ശല്യങ്ങളായാണോ കണക്കാക്കേണ്ടത്‌ എന്ന ചോദ്യമാണ്‌ അപ്പോള്‍ ഉയര്‍ന്നുവരിക. ദേവസ്വം ആശുപത്രിയുടെ ധര്‍മ്മമെന്താണ്‌ - അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെന്താണ്‌ - ഭക്തരുടെ ക്ഷേമത്തിനായി ആശുപത്രിക്ക്‌ എന്തെങ്കിലും ചെയ്യാനാവുമോ - ഭജനം ചെയ്തു കഴിയുന്നവരെ (അനാഥരും സനാഥരുമടക്കം എല്ലാവരെയും) എങ്ങനെ അധിവസിപ്പിക്കും - ദേവസ്വം വരുമാനത്തിന്റെ വളരെ നിസ്സാര പങ്കു കൊണ്ടു തന്നെ ചെയ്യാന്‍ കഴിയുന്ന അത്തരം പദ്ധതികളെന്തെങ്കിലും പരിഗണിക്കാവുന്നതാണോ - അങ്ങനെ നൂറുനൂറു ചോദ്യങ്ങള്‍ പുറകെയും.

നമ്മള്‍ പറഞ്ഞു ചെന്നെത്തുന്നത്‌ അല്‍പം പഴകിയ, എന്നാല്‍ കാതലായ, ഒരു പ്രശ്നത്തിലേക്കാണ്‌. ദേവസ്വത്തിന്റെ വരുമാനം കൊണ്ട്‌ എന്തൊക്കെ ചെയ്യാം അല്ലെങ്കില്‍ ചെയ്യണം? ഭക്തന്മാര്‍ കാണിക്കയായി അര്‍പ്പിക്കുന്ന ആ പണം എങ്ങനെ വിനിയോഗിക്കണം? ഭക്തരുടെ ക്ഷേമം, അമ്പലത്തിന്റെ അഭിവൃദ്ധിയും ദൈനംദിന കാര്യങ്ങളും, ഹൈന്ദവരുടെ മതപരവും സാംസ്ക്കാരികവും സാമൂഹികവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുതകുന്ന കാര്യപരിപാടികള്‍ ഇതിനൊക്കെയല്ലേ ആ പണം വിനിയോഗിക്കേണ്ടത്‌?

'അതെ' എന്നു തന്നെയാണുത്തരം.

'അതെന്താ അങ്ങനെ എടുത്തു ചോദിച്ചത്‌? ഇപ്പോള്‍ പിന്നെ എന്തിനൊക്കെയാ ആ തുക ചിലവിടുന്നത്‌?' എന്നു ചോദിച്ചാല്‍, 'അങ്ങനെ പ്ര്യത്യേകിച്ചൊന്നുമില്ല, നാനാവിധമായ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക്‌' എന്നുത്തരം. ഗുരുവായൂരും ശബരിമലയുമൊക്കെ ഇന്നും സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ പെട്ടതാണ്‌.

'അതെന്താ താങ്കള്‍ക്ക്‌ ഒരു അതൃപ്തി പോലെ? - അമ്പലത്തില്‍ നിന്നുള്ള 'അധിക'വരുമാനം മറ്റു സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും ഉപയോഗിച്ചുകൂടേ ' എന്നുചോദിച്ചാല്‍, 'മേല്‍പറഞ്ഞ കാര്യങ്ങള്‍ ഉറപ്പുവരുത്തിയതിനു ശേഷമുള്ള ബാക്കി തുക എന്നു തന്നെയല്ലേ അധികവരുമാനം എന്നതു കൊണ്ട്‌ ഉദ്ദേശിച്ചത്‌ ? ' എന്ന മറുചോദ്യമാണുത്തരം.

വെറുതെ ആദ്യത്തെ ഇനം മാത്രം ഒന്നെടുത്തു പരിശോധിച്ചു നോക്കാം - ഭക്തരുടെ ക്ഷേമം - അത്‌ ഇപ്പോള്‍ ഉറപ്പു വരുത്തപ്പെടുന്നുണ്ടോ?

അവസാനകാലത്ത് അമ്പലത്തില്‍ തൊഴുത്‌ അവിടുത്തെ പടച്ചോറും കഴിച്ച്‌ ആര്‍ക്കും ഒരു ശല്യവുമില്ലാതെ കഴിയാമെന്നു വിചാരിക്കുന്ന വന്ദ്യവയോധികര്‍ - അവരെയൊക്കെ ആളെ വിട്ട്‌ പിടികൂടുന്ന ഏര്‍പ്പാട്‌! തെരുവുനായ്ക്കളെ പിടികൂടാന്‍ (കൊന്നു കളയാനും!)കരാറുകാരെ ഏല്‍പിക്കുന്ന മട്ടില്‍. എന്തൊരു ഹീനമായ പ്രവൃത്തിയാണത്‌? എന്നിട്ട്‌ ആ പാവം വയസ്സന്മാര്‍ ചക്രശ്വാസം വലിച്ചും വണ്ടിക്കു തലവച്ചും ചാകേണ്ടിവരിക. “അവരെ അങ്ങനെ വെറുതെ അധിവസിപ്പിക്കാനാവില്ല - പ്രശ്നങ്ങളുണ്ട്‌ “- എന്നാണെങ്കില്‍ അതിനേക്കുറിച്ച്‌ ചര്‍ച്ചചെയ്യാനെങ്കിലും അഞ്ചു പൈസ പോലും ചെലവഴിക്കപ്പെടാതിരിക്കുക. ഇങ്ങനെയൊക്കെയുള്ള അവസ്ഥ നിലനില്‍ക്കുമ്പോള്‍, അമ്പലവുമായിട്ടോ ഹിന്ദുക്കളുമായിട്ടോ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കായി കാണിയ്ക്കപ്പണം എടുത്ത്‌ ചിലവഴിക്കുന്നത്‌ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

ഇതിന്റെ ഉത്തരവും ഒരു മറുചോദ്യം തന്നെയാണ്‌. ഹിന്ദു മതാനുയായികളോടോ കുറഞ്ഞപക്ഷം ഹൈന്ദവ ആചാരങ്ങളോടെങ്കിലുമോ എന്തെങ്കിലും അനുഭാവമുള്ളവര്‍ ഇരിക്കുന്ന സ്ഥലമാണ്‌ ഈ പറയുന്ന 'ദേവസ്വങ്ങള്‍' എന്ന്‌ ആരുപറഞ്ഞു? രാഷ്ട്രീയക്കാര്‍ യാതൊരു നാണവുമില്ലാതെ കയറിയിരിക്കുകയും ധാര്‍ഷ്ട്യത്തോടെ ഭരിക്കുകയും ചെയ്യുന്ന ഒരു വേദി മാത്രമല്ലേ അത്‌? 'നിങ്ങളുടെ കാര്യത്തില്‍ എന്താണ്‌ സുഹ്രുത്തേ അവസ്ഥ?' എന്ന്‌ ഇതരമതസ്ഥരായ സുഹൃത്തുക്കളോടു ചോദിച്ചറിയാനും കഴിയില്ല. കാരണം, സര്‍ക്കാരിന്റെ കയ്യിട്ടുവാരല്‍ എന്നത്‌ ഹിന്ദുക്കളുടെ ആരാധനാലയങ്ങളില്‍ മാത്രം അനുവദിച്ചിട്ടുള്ളൊരു പ്രതിഭാസമത്രേ!

'ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു' എന്നു പറഞ്ഞു നടക്കുകയും മതവിരുദ്ധതയുടെ പ്രത്യയശാസ്ത്രം പേറുകയും ചെയ്യുന്ന പാര്‍ട്ടിയില്‍ പെടുന്നവരടക്കം കയറിയിരുന്നു 'ഭരി'ക്കുന്ന ദേവസ്വങ്ങളില്‍ നിന്ന്‌ അനുഭാവപൂര്‍ണ്ണമായ എന്തു പരിഗണനയാണ്‌ അമ്മിണിമാര്‍ പ്രതീക്ഷിക്കേണ്ടത്‌?

'ഒരു ദിവസം ഒന്നില്‍ കൂടുതല്‍ ഉദയാസ്തമനപൂജയാവാം (!??!!) - കൂടുതല്‍ കാശുവരട്ടെ' എന്നും മറ്റുമുള്ള തിരുമണ്ടന്‍ തീരുമാനങ്ങള്‍ എടുക്കുകയും, അതില്‍ പ്രതിഷേധിക്കുന്ന പൂജാരിമാരോട്‌ പുറത്തുപോകാന്‍ ധാര്‍ഷ്ട്യത്തോടെ ആവശ്യപ്പെടുകയും ചെയ്യുന്ന വിചിത്ര ദേവസ്വങ്ങളില്‍ നിന്ന്‌ എന്തു സഹായമാണ്‌ സുന്ദരന്‍ നായരേപ്പോലുള്ളവര്‍ പ്രതീക്ഷിക്കേണ്ടത്‌?

ഭക്തി പോയിട്ട്‌ മതാചാചാരങ്ങളേക്കുറിച്ചുള്ള ജ്ഞാനമോ അവയോട്‌ ബഹുമാനം പോലുമോ ഇല്ലെന്നു തോന്നുന്ന തരത്തില്‍, കച്ചവടക്കണ്ണുകളോടെ രാഷ്ട്രീയ തീരുമാനങ്ങള്‍ മാത്രം എടുക്കുന്നവരോട്‌ എന്തു പരാതിയാണ്‌ പോയി ബോധിപ്പിക്കേണ്ടത്‌?

തങ്ങളുടെ പ്രസ്ഥാനം സ്ത്രീകള്‍ക്ക്‌ തുല്യ നീതി വേണമെന്നു വിശ്വസിക്കുന്നവരുടേതാണെന്നും (?), അതുകൊണ്ട്‌ ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ്‌ തങ്ങളുടെ നിലപാടെന്നും (!!!) മറ്റുമുള്ള വിചിത്ര പ്രസ്താവനകള്‍ മുന്നും പിന്നും നോക്കാതെ പുറപ്പെടുവിക്കുന്ന 'ദേവസ്വം മന്ത്രി'മാരില്‍ നിന്ന്‌ എന്തു നീതിയാണ്‌ അവര്‍ പ്രതീക്ഷിക്കേണ്ടത്‌?

കഷ്ടം!

ആദ്യത്തെ വിഷമം അവസാനിക്കുമ്പോള്‍, സമാധാനമായിരുന്ന്‌ ചിന്തിച്ചുനോക്കുമ്പോള്‍, അറിയാതെ തോന്നിപ്പോകുകയാണ്‌. 'വേണ്ടിയിരുന്നില്ല' എന്നു പറഞ്ഞ വാക്കുകള്‍ തിരിച്ചെടുത്തിരിക്കുന്നു അമ്മിണിയമ്മേ. നിങ്ങളെ തെറ്റു പറയാനാവില്ല. നിങ്ങള്‍ ചെയ്തതു തന്നെയാണു ശരിയെന്നു തോന്നിപ്പോകുന്നു.

തന്റെ മതവും സംസ്കാരവും പിറവിയെടുത്ത മണ്ണില്‍, കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി തന്റെ പൂര്‍വികര്‍ സഹിക്കുന്നതു പോലെ അധിക്ഷേപ വാക്കുകള്‍ മാത്രം കേട്ടു കഴിയേണ്ടിവരികയും തന്റെ മതപരമായ, എന്നാല്‍ തികച്ചും നിര്‍ദ്ദോഷമായ മൃദുലവികാരങ്ങള്‍ പോലും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നതോര്‍ക്കുമ്പോള്‍...

അധിക്ഷേപം കേട്ടു മടുത്തുകഴിയുമ്പോള്‍, 'താന്‍ തന്റെ സംസ്കാരത്തിലും ദേശീയതയിലും അഭിമാനിക്കുന്നു' എന്ന്‌ അറിയാതെ തന്നെ വിളിച്ചുപറഞ്ഞുപോകുമ്പോള്‍ അത്‌ തന്റെ സഹോദരര്‍ക്ക്‌ ആപല്‍ക്കരമാണെ(!)ന്ന മട്ടിലുള്ള കള്ള പ്രചാരണം കൊഴുക്കുന്നതു കേള്‍ക്കുമ്പോള്‍...

പല പല ജാതികളും ഉപജാതികളുമായി ചിതറിപ്പോയ - പരസ്പരം വിഘടിച്ചുമാത്രം നില്‍ക്കുന്ന - പതിനായിരക്കണക്കിനു ചെറുന്യൂനപക്ഷങ്ങളുടെ ഒരു കൂട്ടത്തെ ചൂണ്ടിക്കാണിച്ച്‌ 'നിങ്ങള്‍ മറ്റുള്ളവരേക്കാള്‍ എണ്ണത്തില്‍ കുറവല്ല ' എന്നു പറഞ്ഞ്‌ അത്‌ കടുത്ത അവഗണനയ്ക്കും അവകാശനിഷേധത്തിനുമുള്ള ന്യായീകരണമായി വ്യാഖ്യാനിക്കുന്നതു കേള്‍ക്കുമ്പോള്‍...

സാസ്കാരിക, സാമ്പത്തിക അധിനിവേശങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും തനിക്ക്‌ അവകാശമില്ലെന്നു സമര്‍ത്ഥിക്കപ്പെടുമ്പോള്‍...

തങ്ങള്‍ക്കും തങ്ങളുടേതായ പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കണമെന്നും അതേക്കുറിച്ചൊക്കെ കേള്‍ക്കാനെങ്കിലും ദയവുണ്ടാകണമെന്നുമുള്ള അപേക്ഷയുമായി ചെല്ലുന്നവരെ ഭൂരിപക്ഷക്കാര്‍, ഹൈന്ദവ ഫാസിസ്റ്റുകള്‍, വര്‍ഗ്ഗീയവാദികള്‍ തുടങ്ങിയ അസംബന്ധ സംജ്ഞകള്‍ കൊണ്ട്‌ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍...

നിലനില്‍പ്പിനായി പിടയുമ്പോഴും, നാലു ചുറ്റും നിന്ന്‌ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമ്പോഴും 'വേട്ടക്കാര്‍' എന്ന വിളിപ്പേരു കേള്‍ക്കേണ്ടിവരുന്നതിലെ വൈരുദ്ധ്യമോര്‍ക്കുമ്പോള്‍...

അപ്പോഴെല്ലാം അറിയാതെ വിചാരിച്ചു പോകുന്നു. അമ്മിണിയമ്മേ, നിങ്ങള്‍ ചെയ്തതു തന്നെയാണു ശരി - അതു മാത്രം.

'ആര്‍ക്കും യാതൊരു ശല്യവുമുണ്ടാക്കാതെ, ആരോടും പരിഭവവുമില്ലാതെ അവസാനകാലം ദൈവവിചാരത്തില്‍ കഴിച്ചുകൂട്ടേണ്ടിയിരുന്ന അമ്മിണിയമ്മ പെട്ടെന്നൊരു ദിനം 'കഥാവശേഷ'യാകാന്‍ തീരുമാനിച്ചതെന്തുകൊണ്ട്‌? ' എന്നു ചോദിക്കുന്നവരോട്‌ കാലം വിളിച്ചു പറഞ്ഞുകൊള്ളും.
"FOR THE SHAME OF BEING ALIVE!* - ജീവിച്ചിരിക്കുന്നതിലുള്ള നാണക്കേടുകൊണ്ട്‌!" *
* പ്രയോഗത്തിന്‌ ശ്രീ. ടി.വി. ചന്ദ്രനോട്‌ കടപ്പാട്‌
************

9 comments:

vimathan said...

പരമ പൂജനീയ നകുലന്‍,
“ഇവാഞലിക്കലിസ്റ്റുകള്‍” മതമൌലികവാദികളായ ക്രിസ്ത്യാനികളാണ്. മറ്റ് ഏത് മതമൌലികവാദികളെപ്പൊലെ അവരും ബലപ്രയോഗത്തിലൂടെ കാര്യങള്‍ നടത്താന്‍ ശ്രമിക്കാറുണ്ട്. ഭജനമിരിക്കാന്‍ വന്ന അമ്മിണിയമ്മയും, സുന്ദരേശന്‍ നായരെയും ബലപ്രയോഗത്തിലൂടെ അവരുടെ അഗതി മന്ദിരത്തില്‍ കൊണ്ടുപോയാല്‍ അത് അവസാനം മതപരിവര്‍ത്തനത്തില്‍ കലാശിക്കും എന്ന് തീര്‍ച്ചയാണ്. അതുകൊണ്ട് ശ്രീ ജേക്കബിന്റെ charity വാദം മുഖവിലക്കെടുക്കേണ്ടാ. പിന്നെ മാധ്യമങളുടെ കാര്യം. മതം വിഷയമായ എന്ത് വിവാദം വന്നാലും നമ്മുടെ “സ്വതന്ത്ര” മാധ്യമങള്‍ ഒരു self censorship നടത്താറുണ്ട്. അതില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം, വിവേചനം സാധാരണ കാണാറില്ല. മുസ്ലിം, ക്രിസ്ത്യന്‍ വിവാദങളില്‍ അടുത്ത കാലത്തായി കുറച്ചു കൂടുതല്‍ self censorship കാണാരുണ്ട് എന്നതും ശരിയാണ്. മതം എന്നത് ഒരു “വിശുദ്ധ പശു” ആണ് എന്ന ഒരു പൊതു ധാരണ ഉണ്ടാക്കുന്നതില്‍ ഇവിടുത്തെ പിന്തിരിപ്പന്മാര്‍ വിജയിച്ചു എന്നതിന് ഉദാഹരണമാണ് ഇത്.
പിന്നെ ദേവസ്വം വരുമാനത്തിന്റെ കാര്യം. അത് സര്‍ക്കാരിന് ഇഷ്ടം പോലെ ഉപയോഗിക്കാന്‍ ആവില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശരിയാണൊ എന്നറിയ്യില്ല. അതുകൊണ്ട് അഭിപ്രായം പറയുന്നില്ല.
പക്ഷെ ദേവസ്വം ബോര്‍ഡ് rss കാര്‍ക്ക് വിട്ട് കൊടുക്കുന്നത് ഒരു പരിഹാരമാവില്ല എന്നു തന്നെയാണ് എന്റെ വിനീതമായ അഭിപ്രായം.
പിന്നെ താങ്കള്‍ എഴുതി: “ തന്റെ മതവും സംസ്ക്കാരവും പിറവിയെടുത്ത മണ്ണില്‍ , കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി തന്റെ പൂര്‍വികര്‍ സഹിക്കുന്നത് പോലെ ....”
മേല്‍ പറഞ്ഞ വരികള്‍ പക്ഷെ ഈ ആര്‍ഷ ഭാരത സനാതന ഭൂവില്‍ മരിച്ചു ജീവിച്ച, മരിച്ചു ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണ, ദലിത് ജനവിഭാഗങള്‍ക്കായിരിക്കും കൂടുതല്‍ യോജിക്കുക്ക.
പിന്നെ സവര്‍ണ്ണ ഫാസിസ്റ്റ് എന്ന പ്രയോഗം. എല്ലാ സവര്‍ണ്ണരെയും ആരും ഫാസിസ്റ്റ് എന്ന് വിളിക്കാറില്ല.
പക്ഷെ ഗുജറാത്തില്‍ നടന്നത് പോലെയുള്ളാ കൂട്ടാകുരുതികളെ ന്യായീകരിക്കുന്ന സവര്‍ണനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചാല്‍ തെറ്റില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം.

Anonymous said...

വിമതന്‍, താങ്കള്‍ക്ക് എന്നെങ്കിലും ഒരിക്കല്‍ സമയം കിട്ടിയാല്‍ മുന്‍ വിധികള്‍ ഒക്കെ മാറ്റിവച്ച് ശ്രീ ജേക്കബ്ബ് ചെയ്യുന്ന കാര്യങ്ങള്‍ നീരിട്ടു കണ്ടു മനസിലാക്കണം.

കാണാപ്പുറത്തില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വളരെ ശരിയാണ്. കൂടുതല്‍ വിചാരണകള്‍ പോരട്ടെ.

. said...

ഹിന്ദുവിന്റെ ശത്രുക്കള്‍ മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണെന്ന പഴയ ഗോള്‍വാള്‍ക്കര്‍ ഫലിതത്തെ എങ്ങനെയാ നകുലാന്‍ നോക്കിക്കാണുന്നത്‌?

അറിയാനൊരു താത്പര്യം!

Anonymous said...

നകുലന്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശരിയാണ്. ഇതെല്ലാംവളരെക്കാല‍മായി എന്നെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. എന്തുകൊണ്ട് ഇങ്ങിനെ പ്രതികരിക്കാനവാത്ത ഒരു സമൂഹമായി സവര്‍ണ്ണ ഹിന്ദുക്കള്‍ മാറുന്നു? എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ അതു വര്‍ഗ്‌ഗീയമാവും. വേറൊരു മതത്തിനൊ സമൂഹത്തിനൊ ഇങ്ങിനെ നാണം കെട്ട ജീവിതമുണ്ടൊ? അമ്പലനടയില്‍ പ്പോലും രക്ഷയില്ലെന്നു വന്നാല്‍? കാശുള്ളവര്‍ക്ക് മത്രമാണൊ അമ്പലനടയിലും സംരക്ഷണം? എല്ലാവര്‍ക്കും അവരവരുടെ മതത്തിലും വിശ്വാസത്തിലും കഴിയാന്‍ മൌലികമായ അവകാശമുണ്ടല്ലൊ?ആരെയും ഉപദ്രവിക്കാത്തിടത്തോളം കാലം പാവങ്ങളെ വെറുതെ വിട്ടുകൂടെ.കഴിയുന്ന പോലെ ഇതിനെതിരെ പ്രതികരിക്കുക.മരവിച്ച മന‍സ്സുമായി ഒരുപാട് പേര്‍ നിങ്ങളോടൊപ്പമുണ്ട്.ഗുരുവായൂരപ്പന്‍ രക്ഷിക്കട്ടെ!
ജയശ്രീ.

കാളിയമ്പി said...

“ഇവാഞലിക്കലിസ്റ്റുകളേ “കുറ്റം പറയേണ്ട കാര്യമില്ല എന്നു പറയുന്നതില്‍ ശരിയൊന്നുമില്ല.കുറേപ്പേരെ ബലം പ്രയോഗിച്ച് കൊണ്ട് പോകാന്‍ അവറ്ക്കെന്താണ് അധുകാരം? അവരെ മതം മാറ്റാനല്ലെങ്കിലും..ആരു വിളിച്ചു പറഞ്ഞു എന്നാണവര്‍ പറയുന്നത്..അങ്ങനെ ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അവര്‍ എല്ലായിടത്തുനിന്നും ബലം പ്രയോഗിച്ച് ആളെക്കൊണ്ട് പോകുമോ?നാളെയവര്‍ നമ്മുടെ കുടുംബത്ത് വന്ന് ഇതുപോലെ ബലം പ്രയോഗിയ്ക്കില്ല എന്നെന്താണുറപ്പ്?
കുറേ മനുഷ്യരെ ബലം പ്രയോഗിച്ച് കോണ്ട് പോകാന്‍ തുടാങ്ങിയപ്പോള്‍ അതു നോക്കി നിന്ന സുരക്ഷിതത്വ ജീവനക്കാരെ എന്തു ചെയ്യണം?
മതപരിവര്‍ത്തനമല്ല ഇവിടുത്തെ ആദ്യ വിഷയം....
ഞാന്‍ ഒരു പൊതുസ്ഥലത്ത് കുറച്ച് നാള്‍ തറായില്‍ കിടക്കണമെന്ന് തീരുമാനിയ്ക്കുന്നു....അവിടെ അതിനുള്ള പ്രാഥമിക സൊവ്കര്യങ്ങളുമുണ്ട് എന്നു വച്ചോളൂ..
ഗവണ്മെന്റോ അതു നിയോഗിയ്ക്കുന്ന ഒരേജന്‍സിയോ അല്ലാതെ കുറേപ്പേര്‍ എന്നെ അവിടുന്നു ബലമായി പിടിച്ചു കൊണ്ട് പോകുക എന്നു പറഞ്ഞാല്‍?....
തട്ടിക്കൊണ്ട് പോകലാണത്....
ജാമ്യം പോലും കിട്ടാത്ത ക്രമിനല്‍ കുറ്റം....
“പ്രതികരിയ്ക്കാന്‍ പോലുമാകാത്ത വര്‍ഗ്ഗമായി സവര്‍ണ്ണ ഹിന്ദുക്കള്‍???? എന്തുകൊണ്ട് മാറുന്നു “എന്നു ജയശ്രീ ചോദിച്ചില്ലേ..അതു തന്നെയാണ് ചോദ്യം...സവര്‍ണ്ണ ഹിന്ദുക്കള്‍..നല്ല വാക്ക്..നാണമില്ലല്ലോ...
ഈ സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നുമൊക്കെയുള്ള ആ പറച്ചിലാണ് ജയശ്രീയമ്മേ ഈ അധപതനത്തിന് കാരണം..
ഇനിയും ഇതു തുടര്‍ന്നു പോകുന്ന ഇത്തരം സമൂഹമാണ് നമ്മുടേതെങ്കില്‍...ഇനിയും പുലയനും പറയനും , നായാടിയ്ക്കുമൊന്നും സവര്‍ണ്ണനാകാന്‍ പറ്റിയില്ലേല്‍...
നല്ലത് നാമെല്ലാം മറ്റു മതക്കാരാകുന്നതാണ്..
എന്തു കൊണ്ട് ഇവിടെ ഇത്രയും മതപരിവര്‍ത്തനം നടന്നു?
ജാതി വ്യവസ്ഥ...അതു മാത്രമാണിതിനു കാരണം..
പറയട്ടേ..ഹിന്ദു അനുഭവിയ്ക്കുന്ന ഏറ്റവും..ഏറ്റവും വലിയ പ്രശ്നം ജാതിവ്യവസ്ഥയാണ്..ഇന്നും..
അല്ലാതെ മതപരിവര്‍ത്തനമൊന്നുമല്ല.....
ആദ്യം സ്വയം നന്നാവാം...
നമുക്കെന്തു കൊണ്ട് കാണിയ്ക്കയിടുന്നതിനു പകരം അമ്പലങ്ങളിലെല്ലാം വാനപ്രസ്ഥ, സന്യാസാശ്രമികള്‍ക്കായി സത്രങ്ങള്‍ പണിഞ്ഞൂടാ...
ഒത്തിരി ഉദയാസ്തമന പൂജയുടെ പൈസയൊന്നും വേണ്ടല്ലോ അതിന്...അങ്ങനൊന്ന് തുടങ്ങുക...
സ്വന്തം മക്കളെയെങ്കിലും ജാതിയ്ക്കതീതമായി ചിന്തിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുക..(മതത്തിനതീതമായും)...
സത് ഗ്രന്ഥങ്ങള്‍ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക..
സത് സന്മ്ഗം ശീലമാക്കുക...
(ഏതെങ്കിലും വേദാന്ത പുസ്തകങ്ങള്‍ , സ്വാമിമാരുടെ പുസ്ത്കങ്ങളൊക്കെ ഒളിച്ചു വച്ചു വായിക്കേണ്ടി വരുന്നു താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക്...മക്കള്‍ സ്വാമിയായിപ്പോകുമോ എന്നു പേടിച്ച് അവരെ അതു വായിക്കാനനുവദിയ്ക്കാത്ത എത്ര അമ്പലം വിഴുങ്ങി മാതാപിതാക്കളെ ഞാന്‍ കണ്ടിരിയ്ക്കുന്നു..അവനെയതൊന്നും വായിയ്ക്കനനുവദിയ്ക്കരുത്..അവന്‍ സന്യാസിയായിപ്പോകും എന്നു പറായുന്ന എത്ര ഉത്സാഹക്കമ്മറ്റിക്കരും..അനുഭവമാണ്)

ഭാരതത്തിലുണ്ടായിരുന്ന ആ ഒരു നൂലുണ്ടല്ലോ....
അതിനു നിലനില്‍ക്കാന്‍ നമ്മുടെയാരുടേയും വരിപ്പണം വേണ്ടാ..

അങ്ങനെ വന്നാലാരും മതപരിവര്‍ത്തനമൊന്നും ചെയ്യില്ല...ആരേയും തിരിച്ച് പരിവര്‍ത്തനമൊന്നെ ചെയ്യിയ്ക്കുകയും വേണ്ടാ...

അവിടെയിരിയ്ക്കുന്നവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍...
അതിന്റെ ഫലം അവരവരനുഭവിയ്ക്കും
അതിനല്ലേ പുള്ളി അവിടിരിയ്ക്കുന്നത്...
തമാശയല്ല...അങ്ങേര്‍ക്കെന്തെങ്കിലും ഉദ്ദേശം കാണും..
നമ്മുടെ കണ്ണു തുറപ്പിയ്ക്കുക എന്നെങ്കിലും...

Anonymous said...

അല്ലെങ്കില് തന്നെ അവര് 'ഭൂരിപക്ഷ'സമുദായം ആയതുകൊണ്ട് ആരും പ്രത്യേകം അവരെ സഹായിക്കുകയോ അവര്‍ക്കും പ്രശ്നങ്ങളുണ്ടെന്നു സമ്മതിക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. അവരുടെ കാര്യങ്ങളെല്ലാം 'ഭൂരിപക്ഷം' ആയതു കൊണ്ട് സ്വയം അങ്ങു നടന്നുകൊള്ളും. പ്രശ്നങ്ങളെല്ലാം തനിയെ പരിഹരിക്കപ്പെട്ടുകൊള്ളും. പോരാത്തതിന് മരിച്ചവരാണെങ്കില് സവര്‍ണ്ണരും! അവരോടൊക്കെ അനുഭാവം പ്രകടിപ്പിച്ച് വെറുതെയെന്തിനാണ് നമ്മുടെയൊക്കെ 'പുരോഗമന - ജനാധിപത്യ - മതേതര' പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുന്നത്?

ഇത് താങ്കള്‍ കഴിഞ്ഞ പോസ്റ്റില്‍ എഴുതിയതാണ്? ഇതിനര്‍ത്ഥം എന്താണ്? ഞാന്‍ ഈ ചിന്ത എന്നെയും അലട്ടുന്നു എന്നു മാത്രമെ പറഞ്ഞിട്ടുള്ളു. എഴുതാത്തത് വായിക്കണൊ മാഷെ?
ഒ.ടോ:ഞാന്‍ കല്യാണം കഴിഞ്ഞ് കൊച്ചൊക്കെ ആവുമ്പോള്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങളെ പറ്റി ചിന്തിക്കുന്നതാണ്. അതു പോരെ? എന്റെ പേരില്‍ സവര്‍ണ്ണനൊളിച്ചിരിപ്പുണ്ടോ? ജാതിയില്‍ ഇപ്പോഴും അവര്‍ണ്ണന്‍ തന്നെ. താങ്കള്‍ ശരിക്കും ജാതി വ്യവസ്ഥയ്ക്കെതിരെങ്കില്‍ ആദ്യം സ്ക്കൂളുകളിലെ ജാതി കോളം ഒഴിവാക്കാന്‍ ശ്രമിക്കുക.ഒരു പക്ഷെ താങ്കള്‍ ശ്രമിക്കുന്നുണ്ടാവാം.എന്റെ കൂട്ടുകാരില്‍ പലരും നല്ല മാര്‍ക്ക് കിട്ടിയിട്ടും സവര്‍ണ്ണനെന്ന പേരില്‍ പല കാര്യങ്ങളിലും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ജയശ്രീ
qw-er-ty

Unknown said...

ജയശ്രീ,
എവിടെയോ എന്തോ ഒരു ആശയക്കുഴപ്പം ഉള്ളതു പോലെ തോന്നുന്നുണ്ടല്ലോ. കഴിഞ്ഞ 'കമന്റി'ല്‍ ജയശ്രീ ഉദ്ധരിച്ചിരിക്കുന്ന വരികള്‍ ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ എഴുതിയിരുന്നവയാണ്‌. 'താങ്കളുടെ പോസ്റ്റില്‍ പറഞ്ഞവ' എന്നു ജയശ്രീ പറഞ്ഞിരിക്കുന്നതു കൂടി കാണുമ്പോള്‍ എന്നെയാണു സംബോധന ചെയ്യുന്നത്‌ എന്നു തോന്നുന്നു. എന്നാല്‍ അതിനു ശേഷം ജയശ്രീ പറഞ്ഞിരിക്കുന്നത്‌ ആര്‍ക്കുള്ള, എന്തിനുള്ള മറുപടിയാണെന്നു മനസ്സിലാകുന്നില്ല! എന്തായാലും എനിക്കുള്ളതല്ലെന്നു വ്യക്തം. അതിനു തൊട്ടു മുമ്പ്‌ കമന്റ്‌ എഴുതിയ ശ്രീ. നരനുള്ള മറുപടി ആണോ ജയശ്രീ ഉദ്ദേശിച്ചത്‌? സത്യം പറഞ്ഞാല്‍ എനിക്കു ഒന്നും തമ്മില്‍ ബന്ധപ്പെടുത്തി എടുക്കാന്‍ കഴിഞ്ഞില്ല. അനോണിമസ്‌ കമന്റ്‌ ആയതു കൊണ്ട്‌ ആദ്യം ജയശ്രീ എന്ന പേരില്‍ എഴുതിയ ആള്‍ തന്നെയല്ലായിരിക്കുമോ ഇത്‌ എന്നുപോലും വിചാരിച്ചു പോയി. അടുത്ത തവണയെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ.

കാണാപ്പുറത്തെ കാഴ്ചകള്‍ക്കായി മിഴിതുറക്കാന്‍ ദയ കാണിച്ചതിനു നന്ദി.
സ്നേഹപൂര്‍വ്വം, നകുലന്‍.

കാളിയമ്പി said...

ജയശ്രിയമ്മ എനിയ്ക്കായിത്തന്നെയാണ് പറഞ്ഞിരിയ്ക്കുന്നത് നകുലാ..
ഞാന്‍ കാണാനിത്തിരി താമസിച്ചു എന്നു മാത്രം..
ശ്രീമതി ജയശ്രീ.ഒന്നാമത് നരനേയും നകുലനേയും ഒന്നായി കാണാതിരിയ്ക്കുക..
രണ്ടാമതായി താങ്കള്‍ പറഞ്ഞ
“എന്തുകൊണ്ട് ഇങ്ങിനെ പ്രതികരിക്കാനവാത്ത ഒരു സമൂഹമായി “സവര്‍ണ്ണ“ ഹിന്ദുക്കള്‍ മാറുന്നു? “
എന്ന വാചകത്തിനെതിരേയാണ് ഞാന്‍ എഴുതിയത്..
ആ വാചകത്തിനുള്ളിലെ സവര്‍ണ്ണ എന്ന വാക്ക് അറിയാതെ വന്നതൊന്നുമല്ലല്ലോ?
സവര്‍ണ്ണരെന്നും അവര്‍ണ്ണരെന്നും ഉള്ള ചേരിതിരിവ് ഹിന്ദു എന്നു പറയപ്പെടുന്ന സമൂഹത്തിലുണ്ട്...
“എന്റെ കൂട്ടുകാരില്‍ പലരും നല്ല മാര്‍ക്ക് കിട്ടിയിട്ടും സവര്‍ണ്ണനെന്ന പേരില്‍ പല കാര്യങ്ങളിലും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. “
എന്ന തങ്കളുടെ അഭിപ്രായവും ചിരിപ്പിയ്ക്കുന്നതാണ്...
സവര്‍ണ്ണനെന്ന പേരുണ്ടായിട്ട് എന്റെ കൂട്ടുകാര്‍ക്കല്ല എനിയ്ക്കാണ് പലപ്പോഴും അവസരങ്ങള്‍ നിഷേധിയ്ക്കപ്പെട്ടിട്ടുള്ളത് (ആ അവസരങ്ങള്‍ എന്റേതല്ല എന്നു വിചാരിയ്ക്കാനാണ് എനിയ്ക്കിഷ്ടം)..പക്ഷേ അത് ഏതോ ചില തുഗ്ലക്കിയന്‍ ഭരണാധികാരികളുടേ കുഴപ്പങ്ങളാണ്.
അതും ഹൈന്ദവ സമൂഹത്തിലെ ജാതിവ്യവസ്ഥയില്ലാതാക്കുന്നതും തമ്മിലൊരുപാട് വ്യത്യാസങ്ങളുണ്ട്.
ദളിതര്‍ക്ക് സംവരണാം ഉണ്ടായിരിയ്ക്കുന്നതിനൊരു വലിയ കാഴ്ച്ചപ്പാടുണ്ട്..
പുലയനോ, പറയനോ ആയി ജനിച്ചു പോയതിനാല്‍ എന്റെ സഹോദരിയേയോ, മകളേയോ ഒരാള്‍ക്ക് വിവാ‍ഹം നടത്തിക്കൊടുക്കാന്‍ ഇന്നും ഞാന്‍ മടിയ്ക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം എന്റെയുള്ളില്‍ ജാതിയുണ്ട് എന്നതാണ്..അതിനു കല്യാണം കഴിയ്ക്കുകയോ മക്കളുണ്ടാകുകയോ ഒന്നും വേണ്ടാ..അത്തരം സന്ദര്‍ഭം ആലോചിച്ചാല്‍ മാത്രം മതി.
മറ്റൊരു മതത്തില്‍പ്പെട്ടയാളുടേ കാര്യമവിടെ നില്‍ക്കട്ടെ....ചില സാമൂഹികമായ വിശ്വാസങ്ങളുടെ സംഘട്ടനം ഉണ്ടാകും എന്ന് വിചാരിയ്ക്കുകയെങ്കിലും ചെയ്യാം..എന്നാലും ഒരേ ഗുരുവായൂരപ്പനെ വിശ്വസിയ്ക്കുന്ന,ഒരേ ശബരിമലയിലേയ്ക്ക് മാലയിടുന്ന..ഒരേപോലെ ശവസംസ്കാരം ചെയ്യുന്ന, ഒരേ പോലെ വിവാഹ ചടങ്ങുകള്‍ നടത്തുന്ന..ഒരാളെ സാമൂഹികമായി നമ്മളെന്തിന് മാറ്റിനിര്‍ത്തുന്നു?
എന്തു കൊണ്ട് മറ്റൊരു ജാതിയില്‍പ്പെട്ടവനെ നമ്മളേക്കാള്‍ പലപ്പോഴും കുറച്ചു കാണുന്നു..കുറച്ചു കാണുന്നില്ല എന്നു പറയരുത്..അത് കണ്ണടച്ചിരുട്ടാക്കലാകും.
അത്തരം സാമൂഹിക്മായ ഒറ്റപ്പെടുത്തലുകളില്‍ നിന്ന് ഉയര്‍ന്നു വരാനാണ് സംവരണം.അല്ലാതെ അവര്‍ക്ക് സാമ്പത്തികമായ ഉയര്‍ച്ച്യ്ക്കായല്ല..
(പലപ്പോഴും എല്ലാവരും പറയുന്നത് കേള്‍ക്കാറുണ്ട്..ഒത്തിരി പണമുള്ള ഗള്‍ഫ്കാരന്റ്റെ മോന് എന്റ്രന്‍സില് കിട്ടി...നമ്മള്‍ നായരായിപ്പോയില്ലേ എന്നൊക്കെ)
ഗല്‍ഫുകാരന്‍ പുലയന് പണമുണ്ടെങ്കിലും നായരുടെ പെണ്ണിനെ ഇന്നും മോഹിയ്ക്കാന്‍ പറ്റുന്നില്ലല്ലോ...
നമ്മുടെ അവസാനത്തെ പിടിവള്ളി വിവാഹമാണ്..

പേരില്‍ ഞാനിന്നും സവര്‍ണ്ണന്‍ തന്നെ..അച്ഛ്നുമന്മ്മയും, സഹോദരങ്ങളും രക്തബന്ധങ്ങളിലുള്ളവരും സവര്‍ണ്ണരെന്നഭിമാനിയ്ക്കുന്നവരാണ്..
അവരെയൊക്കെയാണ് ഞാനാലോചിച്ചെഴുതിയത്..അവരൊക്കെ ഹിന്ദുക്കളാണ്..
പിന്നെ..അവരു മാത്രമേ ഈ കാല്ത്ത് ഇങ്ങനൊക്കെ വിചാരിയ്ക്കൂ..ഞങ്ങളെല്ലാം എല്ലാരേയും ഒരുപോലെ കാണുന്നവരാണ്..എന്നൊക്കെ പറഞ്ഞാല്‍ മുട്ടിപ്പോവുകറ്യേയുള്ളൂ...

പിന്നെ
“എന്തുകൊണ്ട് ഇങ്ങിനെ പ്രതികരിക്കാനവാത്ത ഒരു സമൂഹമായി...ഹിന്ദുക്കള്‍ മാറുന്നു? “
എന്നാണ് താങ്കള്‍ ചോദിച്ചതെങ്കില്‍ ശരി...ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തു.

സ്കൂളുകളിലെ ജാതിക്കോളങ്ങള്‍ മാത്രമല്ല മതവും വരുമാനവുമടക്കം കുറേ കോളങ്ങള്‍ മാറ്റാനുണ്ട്..
അത് മനസ്സില്‍ നിന്നാണാദ്യം മാറ്റേണ്ടത്

Unknown said...

മൗലികവാദീ,
'ഹിന്ദുവിന്റെ ശത്രുക്കളേക്കുറിച്ചുള്ള ഗോള്‍വള്‍ക്കര്‍ ഫലിതം' സംബന്ധിച്ച്‌ താങ്കള്‍ ചോദിച്ചിരുന്ന ചോദ്യം കാണാതെയിരുന്നതല്ല. അമ്മിണിയമ്മയുടെ ചിത അടങ്ങുന്നതിനു മുന്‍പ്‌ അത്തരമൊരു ചര്‍ച്ച വേണ്ടെന്നു വച്ചു തന്നെയാണ്‌ കുറച്ചുനാള്‍ മൗനം പാലിച്ചത്‌. ക്ഷമിക്കുമല്ലോ.

ആദ്യമേ തന്നെ പറയട്ടെ. അതൊരു ഫലിതമാണോ എന്നത്‌ ആപേക്ഷികമായ കാര്യമാണെന്നു താങ്കളും സമ്മതിക്കുമെന്നു കരുതുന്നു. വലിയ ഗമയില്‍ സൈക്കിളില്‍ പോകുന്ന ഒരാള്‍ ഗട്ടറില്‍ ചാടി ഉരുണ്ടു വീഴാനിടയായാല്‍ കണ്ടുനില്‍ക്കുന്നവര്‍ ചിരിച്ചുപോയി എന്നു വരും. എന്നാല്‍ ആ വീഴ്ചയില്‍ അയാളുടെ നടുവൊടിഞ്ഞു എന്നു മനസ്സിലാകുമ്പോള്‍ അത്‌ അനുകമ്പയുണ്ടാക്കും. അയാളുടെ ഭാര്യയ്ക്കോ അമ്മയ്ക്കോ ഒക്കെ ആണെങ്കില്‍ ആദ്യത്തെ വീഴ്ച പോലും ചിരിയുണര്‍ത്തില്ല താനും.

'ഹിന്ദുവിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണെ'ന്ന ഒരു പരാമര്‍ശം വിചാരധാര മുഴുവന്‍ പരതിയിട്ടും കണ്ടെത്തിയില്ല. ആന്തരികഭീഷണികളേപ്പറ്റി പ്രതിപാദിക്കുന്ന സ്ഥലത്ത്‌ ഈ മൂന്നു കൂട്ടരും നമ്മുടെ ദേശീയതാല്‍പര്യങ്ങള്‍ക്കു ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനേപ്പറ്റി പറയുന്നുണ്ട്‌. അതൊക്കെ ശരിയാണോ, അന്നു സംഭവിച്ചിരുന്നതിനൊക്കെ ഇന്നും സാംഗത്യമുണ്ടോ, ഇപ്പോള്‍ നില മെച്ചപ്പെട്ടുവോ അതോ കൂടുതല്‍ മോശമായോ എന്നൊക്കെ അറിയാന്‍, നമുക്കുചുറ്റുമുള്ള സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളിലേക്കു വെറുതെയൊന്നു കണ്ണോടിച്ചാല്‍ മതി.

യഥാര്‍ത്ഥപ്രശ്നം എന്നത്‌ ഇത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന 'സാമാന്യവല്‍ക്കരണ'മാണ്‌. സാമാന്യവല്‍ക്കരണം രണ്ടു ഭാഗത്തു നിന്നും വരാം. ആരോപിക്കുന്നയാളിന്റെ ഭാഗത്തു നിന്നും ആരോപിക്കപ്പെട്ടയാളുടെ ഭാഗത്തു നിന്നും. മുസ്ലീങ്ങളുടെ കാര്യത്തില്‍, കുറഞ്ഞ പക്ഷം ഇന്ത്യയിലെങ്കിലും, ആദ്യത്തേതിനേക്കാള്‍ രണ്ടാമത്തേത്‌ വളരെ തീക്ഷ്ണമാണെന്നൊരഭിപ്രായമെനിക്കുണ്ട്‌. ഉദാഹരണത്തിന്‌ - എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണെന്നൊന്നും ഇവിടെ ഒരൊറ്റയാളും ഇതുവരെ പറഞ്ഞിട്ടുമില്ല ഇനി പറയുകയുമില്ല. പക്ഷേ മുസ്ലീങ്ങളായ ആരെങ്കിലും ചെയ്ത തെറ്റുകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അത്‌ തനിക്കെതിരേ കൂടിയുള്ള ഒരു പറച്ചിലാണെന്നു സ്വയം ധരിച്ച്‌ വികാരം കൊള്ളാറുള്ള എത്രയോ മുസ്ലീങ്ങളുണ്ട്‌? അഫ്സല്‍ ഗുരുവിന്റെ, ഇസ്രത്തിന്റെ, മദനിയുടെ അങ്ങനെ പലരുടേയും കാര്യങ്ങള്‍ ഉദാഹരണങ്ങളായി നമ്മുടെ മുന്‍പിലുണ്ട്‌. ഈയൊരു 'സ്വയം സാമാന്യവല്‍ക്കരണ സ്വഭാവം' ഒഴിവാക്കാന്‍ പറ്റാത്തതാണ്‌ ഇന്നു മുസ്ലിം സമൂഹം നേരിടുന്ന സുപ്രധാന വെല്ലുവിളി. പുറമേ മതേതരമേനി നടിക്കുകയും ഉള്ളില്‍ അതിഭീകരമായ കൂസിസ്റ്റ്‌ അജണ്ടകള്‍ ഒളിപ്പിക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതും സമുദായത്തിന്റെ ഈ ബലഹീനതയെയാണ്‌. വളരെ വിശദമായി പറയേണ്ടുന്ന വിഷയമാണ്‌. പിന്നീടെഴുതാന്‍ ശ്രമിക്കാം.

താങ്കള്‍ പറഞ്ഞ വാചകം അങ്ങനെ തന്നെ പ്രചരിപ്പിക്കപ്പെട്ടാലേ അത്‌ കൂടുതല്‍ ഭീതി ജനിപ്പിക്കുകയും രക്ഷക വേഷം കെട്ടാന്‍ അവസരമുണ്ടാക്കുകയും അങ്ങനെ കൂടുതല്‍ വോട്ടു നേടിത്തരാനിടയാക്കുകയും ചെയ്യുകയുള്ള്ലൂ. അതുകൊണ്ട്‌ ആ ഫലിതം ഇനിയും അങ്ങനെ തന്നെ അറിയപ്പെടാനാണു സാദ്ധ്യത.

താങ്കള്‍ കേട്ടിരിക്കാന്‍ സാദ്ധ്യതയില്ലാത്ത മറ്റൊരു ഗോള്‍വള്‍ക്കര്‍ വചനം പറഞ്ഞു നിര്‍ത്താം. ഓര്‍മ്മയില്‍ നിന്നെടുത്തെഴുതുന്നതാണ്‌. വാക്കുകള്‍ കൃത്യമായിരിക്കില്ല.
"ഒരാള്‍ എന്നോടു ചോദിച്ചു - 'മുസ്ലീങ്ങളുടെ അതിക്രമങ്ങള്‍ക്കെതിരെ ആളെ സംഘടിപ്പിക്കുകയാണോ നിങ്ങളുടെ ഉദ്ദേശം' എന്ന്‌. എന്റെ മറുപടി ഇങ്ങനെയായിരുന്നു. മുഹമ്മദ്‌ നബി ജനിച്ചിരുന്നില്ലെങ്കില്‍ത്തന്നെ, ഇസ്ലാം മതം സ്ഥാപിക്കപ്പെട്ടിരുന്നില്ലെങ്കില്‍ തന്നെ, ഹൈന്ദവജനതയെ ഈയൊരു ദയനീയ പരിതസ്ഥിതിയില്‍ കണ്ടിരുന്നു എങ്കില്‍ ഡോക്ടര്‍ജി സംഘം ആരംഭിക്കുമായിരുന്നു - നാം അതു വളര്‍ത്തുമായിരുന്നു."

സംഘത്തേക്കുറിച്ചുള്ള ഒരുപാടു ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമെല്ലാം ഇത്‌ ഉത്തരം നല്‍കുന്നുണ്ട്‌. സംഘവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാവര്‍ക്കും ഇതും ഇതുപോലെയുള്ള മറ്റനേകം യാഥാര്‍ത്ഥ്യങ്ങളും അറിയുകയും ചെയ്യാം. അതു പൊക്കിപ്പിടിച്ച്‌ വോട്ടു വാങ്ങാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്തതുകൊണ്ടാണ്‌ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ താങ്കളേപ്പോലെ പലരുടെയും 'കാണാപ്പുറ'ത്തു മാത്രം കിടക്കുന്നത്‌.