Thursday, January 18, 2007

ആര്യാടനു ശേഷം ആന്റണിയും ഫാസിസ്റ്റ്‌ പാളയത്തില്‍?

ബഹുമാനപ്പെട്ട പ്രതിരോധമന്ത്രി ശ്രീ. ഏ. കെ. ആന്റണിസാര്‍,

വളച്ചുകെട്ടില്ലാതെ പറയുകയാണ്‌. ദയവായി സാറിനേപ്പോലുള്ളവരെങ്കിലും ഞങ്ങളെ ഇങ്ങനെ ഭയപ്പെടുത്തരുത്‌. ഇതുവളരെ 'പൈശാചികവും ക്രൂരവു'മായിപ്പോയി. താങ്കളെ ഇപ്പോഴും ഇഷ്ടപ്പെടുന്ന കുറച്ചുപേരെങ്കിലും ഇവിടെയുണ്ട്‌. അക്കൂട്ടത്തില്‍ മിമിക്രിക്കാര്‍ മാത്രമല്ല - സാധാരണക്കാരും പെടും.

കടലോരസുരക്ഷയെ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിനിടെ താങ്കള്‍ നടത്തിയ ചില പ്രസ്താവനകള്‍ അല്പം കടന്നുപോയി.

'നമ്മുടെ തീരദേശമേഖല വിദേശസഹായത്തോടെയുള്ള തീവ്രവാദഭീഷണി നേരിടുന്നു'വത്രെ! ‘രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യവുമായി രാജ്യദ്രോഹശക്തികള്‍ നീങ്ങുന്നു‘വത്രെ.

നടുങ്ങിപ്പോയി അതു വായിച്ചപ്പോള്‍.

തെറ്റിദ്ധരിക്കരുത്‌. തീവ്രവാദം എന്നു കേട്ടു പേടിച്ചതല്ല. അതിവിടെ തൊട്ടടുത്തെത്തി എന്നറിഞ്ഞു പേടിച്ചതുമല്ല. ഞങ്ങളിതൊക്കെ എത്രയോ മുന്‍പേ തന്നെ കേട്ടിരിക്കുന്നു. ഞങ്ങള്‍ക്ക്‌ ആവോളം സൂചനകള്‍ ലഭിച്ചതാണ്‌. പിന്നീട്‌ ആവോളം തെളിവുകളും. ഇതൊക്കെ ഒരു പാടു മുന്‍പു തന്നെ ആളുകള്‍ പറയുന്നത്‌ ഞങ്ങള്‍ കേട്ടിട്ടുമുണ്ട്‌.

പേടിച്ചത്‌ അതു കൊണ്ടൊന്നുമല്ല.

അന്ന്‌ (ഇപ്പോഴും) ഇതേക്കുറിച്ചൊക്കെ പറഞ്ഞുകൊണ്ടിരുന്നവര്‍ വര്‍ഗ്ഗീയഫാസിസ്റ്റുകളാണ്‌ എന്നായിരുന്നല്ലോ ഞങ്ങളെ പഠിപ്പിച്ചിരുന്നത്‌. മാധ്യമങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ, ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും ഞങ്ങളെ പഠിപ്പിച്ചത്‌ അവര്‍ ഫാസിസ്റ്റുകളാണ്‌ - അവര്‍ പറയുന്നതിനു ചെവി കൊടുക്കരുത്‌ - അവര്‍ 'വിദ്വേഷം പ്രചരിപ്പിക്കുക'യാണ്‌(!) എന്നായിരുന്നല്ലോ. ഞങ്ങളില്‍ ചിലര്‍ക്കാണെങ്കില്‍, പ്രത്യേക സ്റ്റഡിക്ലാസുകള്‍ വരെ ഉള്ളതാണ്‌. അവിടങ്ങളില്‍ നിന്നു കിട്ടുന്ന വിവരം അല്‍പം കൂടി കടുത്ത ഒരു ചിത്രമാണ്‌ അവരേക്കുറിച്ചു നല്‍കിയിരുന്നത്‌.

ഇപ്പോള്‍ ദാ സാറും അവര്‍ പറയുന്നത്‌ ശരിവച്ചിരിക്കുന്നു!

സാറും ഒരു ഫാസിസ്റ്റായോ? എങ്ങനെ പേടിക്കാതിരിക്കും സാര്‍? വല്ലാതെ ഭയമാകുന്നു!

അതോ ഇനി ഇത്തരം പ്രസ്താവനകള്‍ അറിയാതെ നാക്കു പിഴച്ചതുകൊണ്ടു വന്നുപോയതാണോ?

മന്ത്രിയൊക്കെയായിപ്പോയി എന്നു വിചാരിച്ച്‌ വന്ന വഴി മറക്കാന്‍ പാടുണ്ടോ സാര്‍? രാഷ്ട്രീയം മറന്ന്‌ എണ്ണ തേല്‍ക്കാമോ? എന്താ ഇനി തെരഞ്ഞെടുപ്പൊന്നും ഇല്ല എന്നാണോ? വോട്ടൊന്നും വേണ്ട എന്നാണോ?

കണ്ടു പഠിക്ക്‌ - കമ്മ്യൂണിസ്റ്റുകാരെ കണ്ടു പഠിക്ക്‌ - അല്ലാതെന്തു പറയാനാ. വോട്ടുപിടിത്തം എന്ന കല അവരില്‍ നിന്നു കൂടുതല്‍ പഠിച്ച്‌ മത്സരിച്ചു മുന്നേറിയില്ലെങ്കില്‍ കട പൂട്ടിപ്പോകുകയേയുള്ളൂ എന്ന മട്ടില്‍ കീഴ്ഘടകത്തില്‍ നിന്നൊരു കുറിമാനം മുകളിലേക്കയച്ചിട്ടുണ്ടെന്നു കേള്‍ക്കുന്നു. മന്ത്രിമാര്‍ക്കു കൂടി അതു ബാധകമാണെന്നൊരു വിചാരമില്ലാത്തതെന്താണ്‌?

പണ്ടൊരു അപ്രിയസത്യം പറഞ്ഞു പോയതിന്റെ പേരിലാണ്‌ താങ്കള്‍ക്ക്‌ മുഖ്യമന്ത്രി പദം നഷ്ടമായത്‌ എന്നത്‌ പരസ്യമായ രഹസ്യമാണ്‌. എന്തു പറ്റി സാര്‍? ഇപ്പോള്‍ പ്രതിരോധമന്ത്രി പദവും മുള്‍ക്കിരീടമായി തോന്നിത്തുടങ്ങിയോ? സ്വമേധയാ ഇറങ്ങിപ്പോകാന്‍ പറ്റില്ല - ആരെങ്കിലുമൊന്ന്‌ ഇറക്കി വിട്ടിരുന്നെങ്കില്‍ എന്നു മനസ്സു പറയുന്നുവോ? അതിനുള്ള കാരണമുണ്ടാക്കാനാണോ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന പരിപാടി വീണ്ടും തുടങ്ങിയത്‌?

അതിനാണെങ്കില്‍ പഴയതുപോലെ വല്ല 'മൃദുഹിന്ദുത്വ'(?!) പ്രയോഗവും നടത്തിയാല്‍ പോരേ? ഇത്ര കടുത്ത ഫാസിസ്റ്റ്‌ ഭാഷ വേണോ? ന്യൂനപക്ഷങ്ങളെ ഇങ്ങനെ പീഢിപ്പിക്കാതിരിക്കൂക - ദയവായി.

ബോംബുകള്‍ പൊട്ടുന്നെങ്കില്‍ പൊട്ടട്ടെ സാര്‍. എന്തിന്‌ കോഴിക്കോട്ടു മാത്രം പൊട്ടുന്നു? കൊച്ചിയിലും കോട്ടയത്തും കൊട്ടാരക്കരയിലും പൊട്ടട്ടെ. ആഘോഷങ്ങള്‍ നടക്കുമ്പോളല്ലേ നാം പടക്കം പൊട്ടിക്കാറ്‌? ദീപാവലിക്കും വിഷുവിനുമൊക്കെ പൊട്ടിക്കുന്നത്‌ സന്തോഷം കൊണ്ടല്ലേ?

(അയ്യോ - മറന്നു. ഇന്നത്തെ സാഹചര്യത്തില്‍, അറിയാതെ ഇവ മാത്രം പറഞ്ഞു നിര്‍ത്തിപ്പോയാല്‍ നെറ്റിയിലൊട്ടിച്ചു തരാന്‍ ലേബലുകളും പശയുമായി ബുദ്ധിജീവികള്‍ ചുറ്റും കാത്തിരിക്കുന്നതു മറന്നു. ക്രിസ്തുമസും റംസാനുമൊക്കെക്കൂടി പറയാന്‍ മറക്കരുതായിരുന്നു. എന്തായാലും പറ്റിയതു പറ്റി. അവകൂടി ഇതാ പരാമര്‍ശിക്കുന്നു. ഇരിക്കട്ടെ അല്‍പം മതേതരത്വം. ഒരു ദുര്‍ബലനിമിഷത്തേയ്ക്ക്‌ ഫാസിസ്റ്റ്‌ ചിന്തയ്ക്കടിപ്പെട്ട്‌ 'സവര്‍ണ്ണ ആചാരങ്ങള്‍(എന്റമ്മേ?) മാത്രം പരാമര്‍ശിച്ചു പോയതിനു മാപ്പ്‌. അല്‍പനേരം വേട്ടക്കാരായ ചെന്നായ്ക്കളുടെ കൂടെ ഓടിപ്പോയി. ഇനി തുടര്‍ന്ന്‌ വീണ്ടും പഴയതുപോലെ ഇരകളായ മുയലുകളുടെ കൂടെ ഓടിക്കൊള്ളാം.)

പടക്കങ്ങള്‍ എത്ര പൊട്ടിയാലും ശരി - എതിര്‍ത്തൊരക്ഷരം ശബ്ദിക്കരുതു സാര്‍. അത്‌ ഫാസിസ്റ്റുകള്‍ക്കു പറഞ്ഞിരിക്കുന്ന പണിയാണ്‌.

കടുത്ത കമ്മ്യൂണിസ്റ്റോ അല്ലെങ്കില്‍ ഇസ്ലാമിസ്റ്റോ അതുമല്ലെങ്കില്‍ രണ്ടുമോ ആയ ഒരു ബ്ലോഗ്ഗര്‍ ഏതോ ഒരു ചര്‍ച്ചയ്ക്കിടെ ഒരല്‍പം ആവേശം കയറിയപ്പോള്‍ മൂവാറ്റുപുഴ എം.പി. ശ്രീ. പി.സി.തോമസിനെക്കുറിച്ചു നടത്തിയ പരാമര്‍ശം ഓര്‍ത്തുപോകുന്നു.

'ഫാസിസ്റ്റ്‌ തൊഴുത്തിലെ കാടിവെള്ളം കുടിക്കാന്‍ പോയവന്‍'.

എന്തിനാ ആന്റണിസാര്‍ അങ്ങനെയൊക്കെ ഒരു വിളിപ്പേരു കേള്‍പ്പിക്കാന്‍ നില്‍ക്കുന്നത്‌? 'വിളിക്കുന്നയാളുടെ സാംസ്കാരിക അധ:പതനം മാത്രമല്ലേ അതു സൂചിപ്പിക്കുന്നുള്ളൂ' എന്നു തിരിച്ചു ചോദിച്ചാല്‍ ഉത്തരമില്ല. എന്നാലും വേണ്ട സാര്‍. തങ്ങളുടേതല്ലാത്ത പ്രസ്ഥാനങ്ങളോടും തങ്ങളുടെ കൂടെ നില്‍ക്കാത്തവരോടുമുള്ള അസഹിഷ്ണുതയും വിദ്വേഷവും പ്രതിഫലിപ്പിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ ഇടയാക്കുന്നതു വഴി നമ്മുടെ സാഹിത്യ-സാംസ്കാരിക അന്തരീക്ഷം കൂടുതല്‍ മലീമസമാക്കാന്‍ നാം സഹായിക്കുകയല്ലേ ചെയ്യുന്നത്‌?

നമുക്കു മിണ്ടാതിരിക്കാം.

  • ബേപ്പൂരില്‍ സ്ഫോടനത്തില്‍ വള്ളങ്ങള്‍ തകര്‍ന്നപ്പോള്‍ ചെയ്തതുപോലെ..

  • കോഴിക്കോട്ടും മലപ്പുറത്തുമെല്ലാം നിന്ന്‌ ജെലാറ്റിന്‍ സ്റ്റിക്കുകളടക്കമുള്ള വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടിയപ്പോള്‍ ചെയ്തതുപോലെ..

  • മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കൊച്ചിയില്‍ ബസ്‌ തട്ടിക്കൊണ്ടുപോയി കത്തിച്ചപ്പോള്‍ ചെയ്തതുപോലെ..

  • കോഴിക്കോടു നഗരം സ്ഫോടനങ്ങള്‍ കേട്ട്‌ സ്തംഭിച്ചു നിന്നപ്പോള്‍ ചെയ്തതുപോലെ..

  • വ്യക്തമായ വിദേശതീവ്രവാദബന്ധം ഉള്ളവര്‍ കേരളത്തില്‍ വന്നുപോകുന്നു എന്നും അവര്‍ക്കിവിടെ പലരും ഒത്താശ ചെയ്തു കൊടുക്കുന്നു എന്നും വെളിവായപ്പോള്‍ ചെയ്തതുപോലെ..

  • കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതികളും കൂട്ടാളികളുമായി മുപ്പത്തഞ്ചില്‍ പരം ആളുകള്‍ ശബരിമലയില്‍ കള്ളപ്പേരുകളില്‍ കഴിയുന്നതിനിടെ പിടിയിലായപ്പോള്‍ ചെയ്തതുപോലെ..

  • വിദേശത്തു നിന്നും വന്‍തോതില്‍ പണം കേരളത്തിലേക്ക്‌ എത്തുന്നുവെന്നും തീരപ്രദേശങ്ങളില്‍ ബിനാമി പേരുകളില്‍ പലരും വന്‍തോതില്‍ സ്ഥലം വാങ്ങിക്കൂട്ടുന്നു എന്നുമൊക്കെയുള്ളതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചപ്പോള്‍ ചെയ്തതുപോലെ..

  • കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളുമെല്ലാം സദ്ദാമിനെ വീരനായകനാക്കിയുള്ള മുദ്രാവാക്യം വിളികള്‍ക്കിടയില്‍ മുങ്ങിപ്പോകുന്നതു കണ്ടപ്പോള്‍ ചെയ്തതുപോലെ..

  • ഇക്കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഞെട്ടിപ്പിക്കുന്ന അളവില്‍ ആയുധശേഖരം പിടികൂടിയപ്പോള്‍ ചെയ്തതുപോലെ..

  • അതിനുശേഷം ദാ രണ്ടുദിവസം മുന്‍പ്‌ എരുമേലിയിലും പാലക്കാടും നിന്ന്‌ മാറാട്ട്‌ ഉപയോഗിച്ച മട്ടിലുള്ള മാരകമായ ആയുധങ്ങള്‍ ചാക്കു കണക്കിനു പിടികൂടിയപ്പോള്‍ ചെയ്തതുപോലെ..

അപ്പോളെല്ലാം ചെയ്തതുപോലെ, നമുക്കു തുടര്‍ന്നും മിണ്ടാതിരിക്കാം.

എന്തെങ്കിലും പറഞ്ഞേ തീരൂ എന്നു നിര്‍ബന്ധമാണെങ്കില്‍, അത്‌ ഫാസിസ്റ്റു വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കായി മാത്രം മാറ്റിവയ്ക്കുക.

രാജ്യതാല്‍പര്യങ്ങള്‍ക്കായി സംസാരിക്കുന്നു എന്നു തോന്നുന്ന ഏതൊരുവനേയും വെറുതേ വിടാതെ ഫാസിസ്റ്റ്‌ മുദ്ര കുത്തി വിടുക.

വിഘടനവാദത്തിനും തീവ്രവാദത്തിനുമെതിരെ ചങ്കുറപ്പോടെ സംസാരിക്കാന്‍ മടിക്കാത്ത ഏതൊരുവനേയും 'വേട്ടക്കാരാ' എന്നു വിളിച്ച്‌ അകറ്റാന്‍ ശ്രമിക്കുക.

'അവര്‍ എതിര്‍ക്കുന്നത്‌ വിഘടന-വിധ്വംസക-പ്രവര്‍ത്തനങ്ങളേയും മതതീവ്രവാദത്തെയുമൊക്കെയല്ലേ അല്ലാതെ ഏതെങ്കിലും മതവിഭാഗത്തെ ഒന്നടങ്കമല്ലല്ലോ' എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍, 'അല്ല അല്ല അല്ല - അവര്‍ ചില മതവിഭാഗങ്ങളില്‍ പെട്ട എല്ലാവര്‍ക്കും എതിരാണ്‌ ' എന്ന്‌ അതിഭീകര നുണ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞു വിശ്വസിപ്പിക്കുക.

അല്‍പം കൂടി ബുദ്ധിയും ചിന്താശേഷിയും പ്രതികരണശേഷിയുമുള്ളവര്‍ ചിലപ്പോള്‍ ഇങ്ങനെ ചോദിച്ചെന്നു വരും. "ഇപ്പോള്‍ ദാ വളരെ വ്യക്തമല്ലേ - ‘മതം സമം തീവ്രവാദം‘ എന്ന ഇമേജുകള്‍ നിങ്ങളാണ് - അവരല്ലല്ലോ പ്രചരിപ്പിക്കുന്നത്‌. ‘തീവ്രവാദത്തിനെ എതിര്‍ക്കുന്നവര്‍ മതത്തെയാണ്‌ എതിര്‍ക്കുന്നത്‌ ‘ എന്നു പ്രചരിപ്പിക്കുന്നതുവഴി നിങ്ങളല്ലേ അത്തരം സമവാക്യങ്ങള്‍ സൃഷ്ടിക്കുന്നത്‌ ?" എന്ന്‌. അങ്ങനെ ചോദിച്ചു വരുന്നവരെ, ഇനിയാരും അങ്ങനെ ചോദിക്കാന്‍ മുതിരാത്ത വിധം തല്ലിയൊതുക്കുക. മാധ്യമങ്ങളിലൂടെയും നേരിട്ടും. എന്നിട്ട്‌ ഭീഷണിയുടെ അക്ഷരങ്ങളില്‍, അവരുടെ നെറ്റിയില്‍ ഫാസിസ്റ്റ്‌ ലേബല്‍ ഒട്ടിക്കുക. 'നിങ്ങളീക്കാണിക്കുന്നതൊക്കെയല്ലേ യഥാര്‍ത്ഥ ഫാസിസം' എന്നു ചോദിച്ചേക്കാവുന്നവര്‍ക്കായി 'വര്‍ഗ്ഗീയവാദി' തുടങ്ങിയ മറ്റു ചില ലേബലുകളെങ്കിലും മാറ്റി വയ്ക്കുക കൂടി ചെയ്യുക.

അവസാനം, രാജ്യം ഛിന്നഭിന്നമായതിനുശേഷം, തീയുണ്ടകള്‍ സ്വന്തം നേര്‍ക്കു പാഞ്ഞു വരുന്നതു കാണുമ്പോള്‍ പോലും, സ്വയംകൃതാനര്‍ത്ഥങ്ങളില്‍ തെല്ലും പശ്ചാത്താപമില്ലാതെ, ഇപ്പോള്‍ അടിത്തറ തന്നെ ഇളകിയെങ്കിലും, ഇത്രയും നാള്‍ അധികാരം പിടിച്ചു നിര്‍ത്തിയതില്‍ അന്തസ്സോടെ നമുക്കു മരിക്കാന്‍ തയ്യാറെടുക്കാം. എന്നിട്ട്‌, അവസാനശ്വാസം വരെയും ഫാസിസ്റ്റുവിരോധികളായിരുന്നു എന്ന അഭിമാനത്തോടെ മരിക്കാം. അതല്ലേ നല്ലത്‌? അര്‍ത്ഥം നഷ്ടപ്പെടുന്ന വാക്കുകളേക്കുറിച്ചോര്‍ത്തു വിഷമിക്കാന്‍ നമ്മളാരും ഭാഷാസ്നേഹികളല്ലാത്തതു കൊണ്ട്‌ തീര്‍ച്ചയായും സന്തോഷത്തോടെ തന്നെയാവും നാം മരിക്കുക. അതുറപ്പ്‌.

Monday, January 08, 2007

നാട്ടുകാര്‍ക്ക്‌ പണിയുണ്ടാക്കലിസം

ഓരോ ദിവസത്തെയും പത്രവായന കഴിയുമ്പോള്‍ പലചോദ്യങ്ങളും മനസ്സില്‍ അവശേഷിക്കാറുണ്ട്‌. ഇന്നത്തെ ചോദ്യങ്ങളില്‍ ഒന്ന്‌ ഇതായിരുന്നു.

കെ.പി.എസ്‌.സി. യും കെ.പി.എ.സി.യും തമ്മിലുള്ള വ്യത്യാസമെന്ത്‌?

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനുമായി ബന്ധപ്പെട്ട്‌ കണ്ടു കൊണ്ടിരിക്കുന്ന നാടകങ്ങള്‍ അവസാനിക്കും വരെ ആ ചോദ്യം നിലനില്‍ക്കുമെന്നു തോന്നുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇതിനു മുന്‍പു കണ്ട മികച്ച നാടകങ്ങളിലൊന്ന്‌ നിയമനത്തിനു മുന്‍പുള്ള അഭിമുഖവുമായി ബന്ധപ്പെട്ടായിരുന്നു.

ഒരു വര്‍ഷത്തിനു മുന്‍പോ മറ്റോ, പല തസ്തികകള്‍ക്കും (അപ്രധാനമായവയ്ക്കു പോലും) എഴുത്തു പരീക്ഷയ്ക്കുശേഷം അഭിമുഖവും കൂടി കഴിഞ്ഞാലേ നിയമനം ഉറപ്പിക്കാനാവൂ എന്ന അവസ്ഥ കൊണ്ടുവരാന്‍ ശ്രമം നടക്കുകയും അത്‌ എതിര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇത്‌ നിര്‍ബന്ധമാക്കുന്നത്‌ സ്വന്തം ആള്‍ക്കാരെ കുത്തിനിറയ്ക്കാന്‍ ഉപകരിക്കില്ലേ, ഇതില്‍ അഴിമതിയും സ്വജനപക്ഷപാതവും നടക്കില്ല എന്ന്‌ എങ്ങനെ ഉറപ്പുവരുത്താനാവും എന്നൊക്കെ ചോദിച്ചപ്പോള്‍ മറുപടിയില്‍ ധാര്‍ഷ്ട്യം കലര്‍ന്നിരുന്നു. പ്രധാന രാഷ്ട്രീയ കക്ഷികള്‍ക്കു മിക്കതിനും തീരുമാനത്തിന്‌ എതിര്‍പ്പില്ല പിന്നെയെന്താ എന്നൊരു മട്ട്‌. അതുകൊണ്ടു നേട്ടമുണ്ടാവുമായിരുന്ന കക്ഷികളുടെ യൂണിയന്‍കാര്‍ ‘ഇടത്തും വലത്തും‘ നിന്നുകൊണ്ട്‌ മര്‍ദ്ദിച്ച്‌ സമരം ചെയ്തവരെ ഒതുക്കാനും ശ്രമം നടത്തി. അത്‌ കൂടുതല്‍ സമരങ്ങള്‍ക്കു വഴി വച്ചപ്പോഴാണ്‌ ഒതുങ്ങിയത്‌.

ഒടുവില്‍ തീരുമാനം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ വീണ്ടും ചോദ്യങ്ങളുയര്‍ന്നു.
ആരോപണങ്ങള്‍ ശരിയായിരുന്നെന്നല്ലേ ഇതു കാണിക്കുന്നത്‌?

മറുപടി ഡയലോഗ്‌ പച്ചയ്ക്ക്‌ - "ഇതിനെതിരെ സമരം നയിച്ച്‌ ബി.ജെ.പി. കൂടുതല്‍ മുതലെടുക്കുന്നത്‌ തടയിടേണ്ടതുണ്ട്‌"

(ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തമസ്കരിച്ചുകൊണ്ടും നിസ്സാരവല്‍ക്കരിച്ചുകൊണ്ടും പത്രങ്ങള്‍ മാതൃക കാട്ടുന്നുമുണ്ടായിരുന്നു.)

കൊള്ളാം പി.എസ്‌.സീ.. നിങ്ങള്‍ക്കപ്പോള്‍ വിഷയം ഇവിടെ അര്‍ഹിക്കുന്നവര്‍ക്കു പണിയുണ്ടാക്കിക്കൊടുക്കലല്ല. വെറും രാഷ്ട്രീയതാല്‍പര്യങ്ങളാണ്‌ നിങ്ങളെ ഭരിക്കുന്നത്‌ അല്ലേ?

നാടകം കലക്കി. ഇക്കണക്കിനാണെങ്കില്‍ നിങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്കു 'പണിയുണ്ടാക്കുക' തന്നെ ചെയ്യും.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

അടുത്ത നാടകം അരങ്ങേറിയത്‌ ഇന്നലെ (6 ജനുവരി 2007) ഉച്ചയ്ക്ക്‌.

വൈദ്യുതി വകുപ്പില്‍ മസ്ദൂര്‍ തസ്തികയിലേക്ക്‌ നടന്ന പൊതു പരീക്ഷ.

നൂറു ചോദ്യങ്ങളില്‍ അന്‍പതാമത്തേത്‌ ഇങ്ങനെ.
“കേരളത്തിലെ മീന്‍പിടുത്തകേന്ദ്രങ്ങളിലാണ് സാമുദായികലഹളകള്‍ കൂടുതലും ഉണ്ടാകുന്നത്‌. അതിനുള്ള കാരണം?“

ഉത്തരങ്ങളില്‍ ഒന്ന്‌ ഇങ്ങനെ.
"ആര്‍.എസ്സ്‌.എസ്സ്‌ പോലുള്ള സംഘടനകളുടെ കുത്സിതപ്രവര്‍ത്തനം."!

കയ്യടിച്ചുപോകുന്നു. സുന്ദരമായ നാടകം. നാണക്കേടേ നിന്റെ പേരോ പി.എസ്‌.സി.?

ഇത്‌ ഏതെങ്കിലുമൊരു പാര്‍ട്ടി പ്രസിദ്ധീകരണത്തിലെ വാചകമല്ല. വര്‍ഗ്ഗീയവിഷം വമിപ്പിക്കുന്ന പതിവു തെരഞ്ഞെടുപ്പു പോസ്റ്ററുകളിലൊന്നില്‍ കണ്ടതുമല്ല. പി. എസ്‌. സി. പരീക്ഷയ്ക്കു ചോദിച്ചത്‌.

വിപ്പ്ലവകാരി സുഹൃത്തുക്കളേ, നിങ്ങള്‍ സ്വന്തം മുഖത്താണ് താറടിച്ചിരിക്കുന്നത്‌.
തങ്ങളുടേതല്ലാത്ത പ്രസ്ഥാനങ്ങളെ താറടിക്കാനും അവര്‍ക്കെതിരെ കുപ്രചരണം അഴിച്ചുവിട്ട്‌ നേട്ടം കൊയ്യാനുമുള്ള വിലകുറഞ്ഞ അതേ തന്ത്രം തന്നെയല്ലേ ഇതും‌? ഇതൊക്കെ അവരുടെ പ്രസക്തിയും സ്വാധീനവും കൂട്ടാനാണോ കുറയ്ക്കാനാണോ ഉപകരിക്കുക എന്ന്‌ ആലോചിച്ചിട്ടുണ്ടോ? ഭരണത്തിലേറുമ്പോള്‍ എല്ലാ സംവിധാനങ്ങളും സ്വന്തം പ്രസ്ഥാനം വിപുലപ്പെടുത്താനും മറ്റുള്ളവരെ ഉന്മൂലനം ചെയ്യാനും ദുരുപയോഗം ചെയ്യുന്നവര്‍ എന്ന വിശേഷണത്തിന്റെ തൊപ്പി നിങ്ങളുടെ തലയില്‍ ഒന്നു കൂടി ഉറയ്ക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ? നിങ്ങള്‍ക്ക്‌ ആരോടാണു പ്രതിബദ്ധത? പാര്‍ട്ടിയോടോ അതോ ഇവിടുത്തെ ജനങ്ങളോടോ?

മസ്ദൂര്‍ തസ്തികയിലേക്കുള്ള പരീക്ഷയ്ക്കു തന്നെ ഇതു ചോദിച്ചതു കൊള്ളാം. ആ പേരു തന്നെ നിങ്ങള്‍ക്കലര്‍ജിയാണല്ലോ.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ കൊച്ചിന്‍പോര്‍ട്ട്‌ ട്രസ്റ്റില്‍ തൊഴിലാളി പ്രശ്നമുണ്ടായപ്പോള്‍ ഇടതിന്റെയും വലതിന്റെയും യൂണിയനുകള്‍ക്ക്‌ തൊഴിലാളി വിരുദ്ധനിലപാടെടുക്കേണ്ടി വന്നതും തുടര്‍ന്ന്‌ തൊഴിലാളികള്‍ ഭാരതീയ മസ്ദൂര്‍ സംഘ്‌ നയിച്ച സമരത്തില്‍ പങ്കെടുത്ത്‌ വിജയിപ്പിച്ചതുമൊക്കെ നിങ്ങളുടെ ഉറക്കം കെടുത്തിയതാണല്ലോ. ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ബി.എം.എസിന്റെ സ്വാധീനം ഇവിടെ കേരളത്തിലും വളരെ പ്രകടമാവുന്നു എന്നത്‌ നിങ്ങള്‍ക്കൊരിക്കലും കണ്ടുനില്‍ക്കാനാവില്ലല്ലോ. കൊച്ചിയില്‍ ഭാരതീയ തൊഴിലാളി പഠനകേന്ദ്രം ഉയരാന്‍ പോകുന്നുവെന്നതില്‍ നിങ്ങള്‍ അസ്വസ്ഥരാണല്ലോ.

നിങ്ങള്‍ ഒരു പക്ഷേ മസ്ദൂര്‍ എന്ന വാക്കിനെത്തന്നെ വെറുക്കുന്നുണ്ടാവണം.
അതുകൊണ്ടൊക്കെയാവണം പുതുവര്‍ഷസമ്മാനമായി നിങ്ങള്‍ ആലപ്പുഴയില്‍ ബി.എം.എസ്‌. പ്രവര്‍ത്തകരുടെ വീടാക്രമിച്ച്‌ ഒരു വൃദ്ധയെ ഹൃദയം പൊട്ടിച്ചു കൊന്നത്‌.

ഇന്നലെ ദാ വീണ്ടും മറ്റൊരിടത്ത്‌ - ചേര്‍ത്തലയില്‍ ബി.എം.എസുകാരെ വെട്ടിവീഴ്ത്താന്‍ നോക്കിയിരിക്കുന്നു. സ്ത്രീകള്‍ക്കും കൊച്ചുകുട്ടികള്‍ക്കുമെല്ലാം വെട്ടുകിട്ടിയിട്ടുണ്ട്‌. മിണ്ടാപ്രാണിയായ വളര്‍ത്തുനായയെപ്പോലും വെറുതെ വിട്ടില്ലല്ലോ.

കൊള്ളാം. വിപ്പ്ലവം തുടരട്ടെ. വെട്ടിവെട്ടി മുന്നേറുക. അടുത്ത മസ്ദൂര്‍ പരീക്ഷയ്ക്കു വേണമെങ്കില്‍ ചോദിക്കാനായി നിങ്ങള്‍ക്കൊരു ചോദ്യമിതാ.

നമ്മുടെ രാഷ്ട്രീയ എതിരാളിയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ നാം നിര്‍ദ്ദാക്ഷിണ്യം കൊന്നുകളയാന്‍ തീരുമാനിച്ചിരിക്കുന്ന അടുത്ത നേതാവിനെ കൊല്ലുമ്പോള്‍, എത്ര മാത്രം പൈശാചികമായിട്ടുവേണം അതു ചെയ്യാന്‍?

(a) യുവമോര്‍ച്ച നേതാവിനെ കൊന്നതു പോലെ തന്റെ ശിഷ്യരായ കൊച്ചുകുട്ടികളുടെ മുന്‍പിലിട്ടു തലയരിയാം.
(b) ബി.ജെ.പി. നേതാവ്‌ പന്ന്യന്നൂര്‍ ചന്ദ്രനെ കൊന്നതുപോലെ ഭാര്യയുടെയും കുട്ടിയുടെയും മുന്‍പിലിട്ടു കൊല്ലാം.
(c) പരുമലയില്‍ എ.ബി.വി.പി. വിദ്യാര്‍ഥികളെ കൊന്നതുപോലെ പുഴയില്‍ മുക്കിയും ശ്വാസം മുട്ടിച്ചും ചുടുകട്ട കൊണ്ട്‌ തലയ്ക്കെറിഞ്ഞും കൊല്ലാം.
(d) നേരിട്ടു കൊല്ലുന്നതിനു പകരം, ആലപ്പുഴയില്‍ ചെയ്തതുപോലെ വെട്ടിയരിഞ്ഞ്‌, അമ്മയെ അതു കാണിച്ചുകൊടുക്കുകയും ചവിട്ടുകയും ചെയ്ത്‌‌ ഹൃദയം പൊട്ടിച്ചുകൊല്ലാം.
(e) മുകളില്‍ പറഞ്ഞ ഏതു മാര്‍ഗ്ഗവും സ്വീകാര്യമാണ്. കൊല ഉറപ്പാക്കണമെന്നും അത്‌ പൈശാചികമായിരിക്കണമെന്നുമേ നിര്‍ബന്ധമുള്ളൂ.

അസഹിഷ്ണുതയുടെയും പകയുടെയുമെല്ലാം ഫലമായുണ്ടാകുന്ന ഈ ഭ്രാന്തന്‍ കൊലവിളിയ്ക്കും ഉന്മാദത്തിനും എന്തു പേരു വിളിക്കണമെന്നു മാത്രം ചോദിക്കരുത്‌.
ഫാസിസം? മാര്‍ക്സിസം? കണ്‍ഫ്യൂഷനിസം? കൂസിസം?
ചോദിക്കരുത്‌ - അതിന് ഉത്തരമില്ല.

Wednesday, January 03, 2007

കണ്ണുപൊത്തുക - കാതും.

ഈ ചിത്രം ഇട്ടതിനു ശേഷം എന്തെഴുതണമെന്നറിയാതെ ഏതാണ്ട്‌ അര മണിക്കൂറോളം വെറുതെ ഇരുന്നു. ഇതിനെപ്പറ്റിയൊക്കെ എന്തെഴുതാനാണ്‌?


അല്ലാ - ഈ പോസ്റ്റു തന്നെ എന്തിനാണ്‌? നകുലന്റെ ബ്ലോഗെന്താ ഫാസിസ്റ്റ്‌ അമ്മൂമ്മമാരുടെ ശവപ്പറമ്പോ? ആദ്യം അമ്മിണിയമ്മ പിന്നെ നന്ദിനിയമ്മ.. ഇതെന്താ പരിപാടി? ചരമകോളങ്ങളെഴുതാനാണെങ്കില്‍ ഇപ്പോള്‍ത്തന്നെ ഇവിടെ ആവശ്യത്തിലധികം പത്രങ്ങളില്ലേ?


"വേട്ടക്കാരി അമ്മൂമ്മമാര്‍" പല രീതിയിലും ചാവും. ചിലര്‍ ട്രെയിനിനു തലവയ്ക്കും. ചിലര്‍ ഹൃദയം പൊട്ടി മരിക്കും. അതിന്റെയൊക്കെ പിന്നാലെ പോയിട്ട്‌ നിനക്കെന്തു കിട്ടാനാണ്‌? വര്‍ഗ്ഗീയവാദി എന്ന വിളിപ്പേരല്ലാതെ?


അല്ല നകുലന്‍..സത്യമായിട്ടും....നിനക്കു വേറെ യാതൊരു പണിയും ഇല്ലേ?


ഉണ്ടെന്റെ പൊന്നേ. ഞാന്‍ പത്രങ്ങള്‍ വായിക്കുകയാണ്‌. ദാ കണ്ടില്ലേ അടുത്ത വാര്‍ത്ത. ഈ സംഭവവുമായി ബന്ധപ്പെട്ട് എന്‍.ഡി.എഫ്. പ്രവര്‍ത്തകരായ ആറു പേരെ അറസ്റ്റു ചെയ്തതിനെതിരേ നൂറോളം പേര്‍ ചേര്‍ന്ന്‌ എസ്.പി. ഓഫീസ്‌ മാര്‍ച്ച്‌ നടത്തിയത്രെ. 'ചോറിന്റെ കൂറ്‌' എന്നൊക്കെപ്പറയുമ്പോലെ പ്രാസമുള്ള പ്രയോഗം.'ഇരകളു'മായി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ഒരു മുദ്രാവാക്യം വിളിച്ചു കൊടുത്തു സഹായിക്കാനെങ്കിലും കഴിയാതിരുന്നതില്‍ ദു:ഖം തോന്നുന്നു.


സമരം ചെയ്തവരെ ആക്ഷേപിക്കുകയല്ല. പ്രതികള്‍ മാര്‍ക്സിസ്റ്റുകാരാണെങ്കില്‍ തെളിവുകള്‍ കോടതിയിലെത്താതെ നശിപ്പിച്ചു കളഞ്ഞു കൂറു കാണിക്കാന്‍ (ജീവന്‍ രക്ഷിക്കാനും) എന്നും അസാമാന്യ വൈഭവം കാണിച്ചിട്ടുള്ള അതേ പോലീസ്‌ തന്നെയാണ്‌ ഇപ്പോഴും കേരളത്തിലുള്ളത്‌. അതേ പോലീസ്‌ തന്നെ ആറേഴു മുസ്ലിം പയ്യന്മാരെ പിടിച്ച്‌ ഇവരാണ്‌ പ്രതികള്‍ എന്നു പറഞ്ഞാല്‍ പെട്ടെന്നു വിശ്വസിക്കുന്നത്‌ ബുദ്ധിയാവില്ല. ഈ സംഭവത്തിലും മാര്‍ക്സിസ്റ്റുകാരാണ്‌ പ്രതികളെന്ന്‌ ബി.ജെ.പി.യും എന്‍.ഡി.എഫും ഒരു പോലെ പ്രസ്താവിച്ചിട്ടുമുണ്ട്‌. സി.പി.എം. അതു നിഷേധിച്ചിട്ടുമുണ്ട്‌. (പിന്നീടുള്ള വാര്‍ത്തകള്‍) ഇതു വരെ കണ്ടിട്ടുള്ള അഴകൊഴമ്പന്‍ ശൈലിയാണെങ്കില്‍ ഇതും ഒരിക്കലും തെളിയിക്കപ്പെടാതെ പോകാനേ തരമുള്ളൂ..


ഇത്തരം കാര്യങ്ങളില്‍ എനിക്കിപ്പോള്‍ വലിയ അത്ഭുതമോ വിഷമമോ ഒന്നുമില്ല. ഞാന്‍ കാര്യങ്ങളുമായി ഏതാണ്ടു പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്താണിപ്പോള്‍ ചെയ്യേണ്ടത്‌ എന്നെനിക്കു വ്യക്തമായറിയാം.


മിണ്ടാതെ കാത്തിരിക്കുക!


കിളിമാനൂരില്‍, സേവാപ്രമുഖ്‌ കുമാറിനെ റോഡിലിട്ടു കൊന്നവരെ അറസ്റ്റു ചെയ്യണമെന്നും പറഞ്ഞ്‌ ഇന്നലെ സ്ത്രീകളും കുട്ടികളുമടക്കം വെയിലത്ത്‌ കുത്തിയിരുന്നതുപോലെയല്ല. ഗീതാപ്രഭാഷകന്‍ അശ്വിനികുമാറിനെ ബസ്സിലിരുത്തി കൊന്നവരെ പിടികൂടണമെന്നും പറഞ്ഞ്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവസിച്ചതു പോലെയല്ല. സംഘബന്ധമുള്ള അനേകം പ്രവര്‍ത്തകരുടെ ജീവനേക്കുറിച്ച്‌ ചോദിച്ചുകൊണ്ട്‌ സമാധാനപരമായ നിയമനടപടികള്‍ക്കു ശ്രമിക്കുന്നതുപോലെയല്ല - അള മുട്ടുമ്പോള്‍ എപ്പോഴെങ്കിലും ഒരു കടി തിരിച്ചു കടിക്കാതിരിക്കില്ല. അപ്പോള്‍ നമുക്ക്‌ ചാടിയിറങ്ങി പ്രതികരിക്കാം. വേട്ടക്കാരുടെ വിധ്വംസകപ്രവര്‍ത്തനങ്ങളേപ്പറ്റി വാചാലരാവാം. ന്യൂനപക്ഷ പീഡനം ഉയര്‍ത്തിപ്പിടിച്ച്‌ ലേഖനങ്ങളും കഥകളും കവിതകളും എഴുതാം. വെട്ടേറ്റു വീണു മണ്ണടിഞ്ഞവരുടെ കുഴിമാടത്തില്‍ കയറിനിന്നുകൊണ്ട്‌ ഫാസിസ്റ്റുകള്‍ എന്നു വിളിച്ച്‌ ആക്ഷേപിക്കാം.


ഒരു അവസരം ഉണ്ടാകുന്നതു വരെ, ക്ഷമയോടെ കാത്തിരിക്കുക.


ഒരു അമ്മയെ ഹൃദയം പൊട്ടിച്ചുകൊന്നത്‌ തരക്കേടില്ലാത്ത ഒരു പ്രകോപനം തന്നെയാണ്‌. പ്രതീക്ഷയ്ക്കു വകയുണ്ട്‌. നാളത്തെ പത്രങ്ങള്‍ക്കായി കാത്തിരിക്കാം. ഇന്ന്‌ ഹര്‍ത്താലിനിടെ എന്തെങ്കിലും സംഭവിച്ചു കാണാതിരിക്കില്ല.


പേനയില്‍ അല്‍പം വിഷം നിറച്ചു വച്ചേക്കാന്‍..സോറി..മഷി നിറച്ചുവച്ചേക്കാന്‍ മറക്കണ്ട. ചിലപ്പോള്‍ നാളെത്തന്നെ എഴുതേണ്ടിവരും.