ഇതൊരു തുടര്‍ക്കാഴ്ചയാണ്. കാണാപ്പുറത്തെ ഈ കാഴ്ചയിലേക്ക് ആദ്യമായി മിഴി തുറക്കുന്ന സഹൃദയര്‍ ദയവായി ഇതിനു തൊട്ടുമുമ്പുള്ള രണ്ടു പുറങ്ങളിലേക്കു കൂടി ഒന്നു കണ്ണോടിച്ചിട്ടു വരിക.
--------------------------------------------------------------------------------------------
"അമ്മിണിയമ്മയേയും സുന്ദരന്‍ നായരേയും പോലുള്ള വൃദ്ധര്‍ എന്തുകൊണ്ട് അവിടെ അങ്ങനെ ഇരിക്കേണ്ടിവന്നു - അതുകൊണ്ടല്ലേ അവര്‍ ചൂഷണം ചെയ്യപ്പെട്ടത് - അവര്‍ അഗതികളാണോ - അവര്‍ താന്താങ്ങളുടെ വീടുകളില്‍ നിന്ന് പുറന്തള്ളപ്പെട്ടവരാണോ എന്നൊക്കെക്കൂടി നാം അന്വേഷിക്കണം" എന്ന് 'വക്കാരിമഷ്ട' അഭിപ്രായപ്പെട്ടിരുന്നു. ശരിയായ നിരീക്ഷണമാണത്. സത്യത്തില്‍ ആ ഒരു ആലോചനയില്‍ നിന്നാണ് ഈ വിഷയത്തേക്കുറിച്ച് എഴുതാനുള്ള പ്രേരണ തന്നെ ഉണ്ടായത്.
'അഗതി' എന്നതുകൊണ്ട് നാം എന്താണുദ്ദേശിക്കുന്നത്? മറ്റു ഗതിയില്ലാത്തവര്‍ - ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ - എന്നാണോ? എങ്കില്‍, അങ്ങനെയുള്ളവര്‍ മാത്രമാണോ 'ഭജനമിരിപ്പ്' എന്നതിലേക്ക് തിരിയുന്നത്? അല്ലെന്നാണ് നകുലനു തോന്നുന്നത്. 'ജീവിത സായാഹ്നത്തില്‍, ശിഷ്ട കാലം ദൈവസന്നിധിയെന്ന് താന്‍ കരുതുന്നിടത്ത് പ്രാര്‍ത്ഥനയും മറ്റുമായി കഴിച്ചുകൂട്ടണം' എന്ന ഒരു ആഗ്രഹമുള്ളവര്‍ - അവരുടെ സാമ്പത്തിക സ്ഥിതി എന്തുമാവട്ടെ - ഭജനമിരിക്കാന്‍ പോകാറുണ്ട്. അത് നൂറ്റാണ്ടുകള്‍ക്കുമുമ്പേ തന്നെ നമ്മുടെ നാട്ടില്‍ നിലവിലുള്ള ഒരു ഏര്‍പ്പാടാണു താനും. (ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണെങ്കിലും സാന്ദര്‍ഭികമായി പറയുകയാണ് - വാനപ്രസ്ഥം, സന്ന്യാസം തുടങ്ങിയ ആശ്രമങ്ങള്‍ ഏതൊരാളുടേയും ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ.)
(ചില നെറ്റികള്‍ ഇപ്പോഴേ ചുളിഞ്ഞു തുടങ്ങുന്നത് നകുലന്‍ മനസ്സില്‍ കാണുന്നു. 'ഇതാ ഒരുത്തന്‍ ഭാരതീയ സംസ്കാരത്തേക്കുറിച്ചൊക്കെ പറയുവാന്‍ ആരംഭിച്ചിരിക്കുന്നു. പുരാതന ഹിന്ദുത്വ മാമൂലുകള്‍ സംസാരത്തില്‍ കടന്നു വരുന്നു." എന്നു പറഞ്ഞുകൊണ്ട് കുനിഞ്ഞ് കല്ലെടുക്കുന്നുണ്ട്. മേല്‍ പറഞ്ഞതിനെയൊക്കെ ശക്തമായി തള്ളിപ്പറഞ്ഞുകൊണ്ടല്ല തുടര്‍ന്നുള്ള സംസാരമെങ്കില്‍ അധികം താമസിയാതെ ഏറുവരും. അതല്ല മറിച്ചാണെങ്കില്‍, ആക്ഷേപത്തിന്റെ തീവ്രതയ്ക്കനുസരിച്ച്, ആ കല്ലുകൊണ്ട് എന്തെങ്കിലും ശില്‍പങ്ങള്‍ തീര്‍ത്ത് ചില അക്കാദമി പുരസ്കാരങ്ങള്‍ സംഘടിപ്പിച്ചും തരും)
അതിനേക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്തുതന്നെയായാലും ശരി. സുന്ദരന്‍ നായര്‍ 'ആരുമില്ലാത്തവന്‍' ആയിരുന്നില്ല എന്നു വ്യക്തമാകുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്ന അദ്ദേഹം തന്റെ ശിഷ്ടകാലം ഗുരുവയൂരപ്പനെ ഭജിച്ചു കഴിയണമെന്ന ആഗ്രഹത്തോടെ കഴിഞ്ഞ ഒരു വര്‍ഷമായി ഗുരുവായൂരില്‍ കഴിയുകയായിരുന്നു. അദ്ദേഹം വീട്ടിലേക്ക് മടങ്ങണമെന്ന് മക്കള്‍ ആഗ്രഹിച്ചിരുന്നെങ്കിലും ദൃഢനിശ്ചയക്കാരനായിരുന്ന അദ്ദേഹം വഴങ്ങിയിരുന്നില്ല. മക്കള്‍ ഇടക്കിടെ അദ്ദേഹത്തെ വന്നു കണ്ട് പണവും മറ്റും നല്‍കുമായിരുന്നത്രെ.
അദ്ദേഹത്തിന്റെ മരണവിവരം പത്രത്തിലൂടെ അറിഞ്ഞ് മക്കള്‍ എത്തിയപ്പോഴേക്കും അനാഥമെന്ന് കരുതി മൃതദേഹം മറവു ചെയ്തിരുന്നു. മരണാനന്തരക്രിയകള്‍ക്ക് മൃതശരീരം കൊണ്ടുപോകാനാവാതെ മക്കള്‍ക്ക് കണ്ണീരോടെ മടങ്ങേണ്ടി വന്നു.
അനാഥമെന്നു കരുതുന്ന മൃതദേഹങ്ങള്‍, അവകാശികള്‍ ആരെങ്കിലും വരുമോ എന്ന് കാത്ത് സാധാരണ മൂന്നു ദിവസം വയ്ക്കാറുള്ളതാണ്. സുന്ദരന്‍ നായരുടെ ജഡം മരണ ദിവസം തന്നെ മറവു ചെയ്തു. അതിനെ ചോദ്യം ചെയ്തവരോടു പറഞ്ഞത് 'അസ്വാഭാവിക മരണമാണെങ്കിലേ മൃതദേഹം കാത്തുവയ്ക്കാറുള്ളൂ' എന്നാണത്രേ. പോലീസിന് ആ മരണത്തില്‍ യാതൊരു അസ്വാഭാവികതയും തോന്നിക്കാണില്ല. രോഗിയായ ഒരാള്‍ മരിച്ചു - അത്ര തന്നെ!
അതോ ഇനി അസ്വാഭാവികത ഉള്ളതുകൊണ്ടു തന്നെയാണോ ധൃതി കൂട്ടിയത് എന്ന് ആര്‍ക്കറിയാം? അതിന്റെ കാണാപ്പുറങ്ങള്‍ തുറന്നു തരുവാന്‍ കഴിവുള്ള ആരെങ്കിലും മുമ്പോട്ടു വന്നെങ്കില്‍?
എന്തായാലും രണ്ടുപേരുടേയും മരണങ്ങള്‍ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ പലരുടേയും ഭാഗത്തുനിന്ന് (മാദ്ധ്യമങ്ങളുടേതടക്കം) ഉണ്ടായി എന്നത് നിസ്തര്‍ക്കമാണ്. ആരെ രക്ഷിക്കാനുള്ള ത്വരയായിരുന്നു എന്നത് കുറ്റക്കാര്‍ ആര് എന്നു തീരുമാനിച്ചതിനു ശേഷമേ പറയാന്‍ പറ്റൂ. "പ്രശ്നമൊന്നുമില്ല - എല്ലാം നിസ്സാരം" എന്നു പറയാന്‍ എല്ലാവരും കാണിച്ച ആ വ്യഗ്രത ശ്രദ്ധിച്ചപ്പോഴാണ് ഈ സംഭവത്തിന് 'കാണാപ്പുറ'ത്തില്‍ ഒരു പുറം നീക്കിവയ്ക്കണമെന്നു തീരുമാനിച്ചതു തന്നെ.
അമ്മിണിയമ്മയുടെ രണ്ടു സഹോദരിമാര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് താഴെക്കൊടുത്തിരിക്കുന്ന വാര്‍ത്തയില്‍ നിന്നു മനസ്സിലാകുന്നത്. അതേസമയം തന്നെ അവരെ 'അനാഥ' എന്നു വിളിച്ചിട്ടുമുണ്ട്. ആണുങ്ങളായ ബന്ധുക്കള്‍ ഇല്ല എന്നുകരുതി അനാഥയാകുമോ? ഫെമിനിസ്റ്റുകള്‍ക്ക് വേണമെങ്കില്‍ ഒരു ചോദ്യം ഉന്നയിക്കാവുന്നതാണ്.
രണ്ടു പാവം വൃദ്ധരെ പച്ചയ്ക്ക് കൊന്നുകളഞ്ഞിട്ടും 'മനുഷ്യാവകാശ പ്രവര്‍ത്തക'രെയൊന്നും അവിടെ കണ്ടില്ല. അവര്‍ മനുഷ്യരല്ലാത്തതോ അവര്‍ക്ക് ജീവിക്കാനുള്ള അവകാശം ഇല്ലാത്തതോ അല്ല കാരണം. പരേതന്മാര്‍ക്ക് വോട്ടില്ലല്ലോ. 'അനാഥര്‍' ആയതു കൊണ്ട് ബന്ധുക്കളുടെ വോട്ടും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അല്ലെങ്കില്‍ തന്നെ അവര്‍ 'ഭൂരിപക്ഷ'സമുദായം ആയതുകൊണ്ട് ആരും പ്രത്യേകം അവരെ സഹായിക്കുകയോ അവര്‍ക്കും പ്രശ്നങ്ങളുണ്ടെന്നു സമ്മതിക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. അവരുടെ കാര്യങ്ങളെല്ലാം 'ഭൂരിപക്ഷം' ആയതു കൊണ്ട് സ്വയം അങ്ങു നടന്നുകൊള്ളും. പ്രശ്നങ്ങളെല്ലാം തനിയെ പരിഹരിക്കപ്പെട്ടുകൊള്ളും. പോരാത്തതിന് മരിച്ചവരാണെങ്കില്‍ സവര്‍ണ്ണരും! അവരോടൊക്കെ അനുഭാവം പ്രകടിപ്പിച്ച് വെറുതെയെന്തിനാണ് നമ്മുടെയൊക്കെ 'പുരോഗമന - ജനാധിപത്യ - മതേതര' പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുന്നത്?
Tuesday, September 05, 2006
Subscribe to:
Post Comments (Atom)
2 comments:
അവര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം അമ്പലനടയില്‍ ഭജനമിരിക്കാന്‍ വന്നവരാണെങ്കില്‍, അതായിരുന്നു അവരുടെ ആഗ്രഹമെങ്കില്‍, അതിന് നിയമതടസ്സങ്ങള്‍ ഒന്നുമില്ലായിരുന്നുവെങ്കില്‍, അവരെ അവിടെനിന്നും പിടിച്ച് കൊണ്ടുപോവുക എന്നത് തികഞ്ഞ മനുഷ്യാവകാശലംഘനം തന്നെ. പക്ഷേ എന്തുകൊണ്ട് ഇതാരും ആരേയും തന്നെ ചൂണ്ടിക്കാണിച്ചില്ല (താങ്കള്‍ ഇവിടെ ചെയ്‌തു, പക്ഷേ എന്തുകൊണ്ട് ഇതൊരു “ഇഷ്യു” ആയില്ല? ആരുടെ കുഴപ്പംകൊണ്ടാണ്?)
ഓരോ പ്രാവശ്യവും ഇങ്ങിനെയെന്തെങ്കിലുമൊക്കെ സംഭവിക്കുമ്പോള്‍ അടുത്ത പ്രാവശ്യമെങ്കിലും ഇങ്ങിനെയൊക്കെ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്നുകൂടി ആലോചിക്കണമെന്ന് തോന്നുന്നു. പക്ഷേ അത് ആത്മാര്‍ത്ഥമായ ശ്രമമായിരിക്കണം. അമ്പലനടയില്‍ ഭജനമിരിക്കാന്‍ വരുന്നവരുടെ സുരക്ഷിതത്വമാണ് ലക്ഷ്യമെങ്കില്‍ അതില്‍ തന്നെ ഊന്നിയുള്ള പ്രവര്‍ത്തനമായിരിക്കണം. ചിലപ്പോഴെങ്കിലും അതില്‍ നിന്നൊക്കെ വ്യതിചലിച്ച പ്രവര്‍ത്തനങ്ങളും മറ്റും കാണുമ്പോളാണ് പലര്‍ക്കും മനസ്സ് മടുക്കുന്നത്. മറ്റുള്ളവരും അങ്ങിനെയൊക്കെ കാണിക്കുന്നില്ലേ എന്ന ചോദ്യം വരാം. പക്ഷേ അങ്ങിനെ മറ്റുള്ളവരെ അനുകരിക്കേണ്ട കാര്യമില്ലല്ലോ. നമ്മള്‍ ചെയ്യാനുള്ളത് നേരാംവണ്ണം ചെയ്യുക.
ഇത് ചൂണ്ടിക്കാണിച്ചതിന് നന്ദി. ആ അപ്പൂപ്പനും അമ്മൂമ്മയും ഒരു വേദനയായി മനസ്സില്‍ നില്‍ക്കുന്നു.
താങ്കള്‍ ഇവിടെ പറഞ്ഞിരിക്കുന്നതുപോലെയൊക്കെ, താത്പര്യമുണ്ടെങ്കില്‍, ചെയ്തുകാണുമെന്ന് വിശ്വസിക്കുന്നു.
വക്കാരീ,
അരിഗാതോ ഗോസായിമാസ്! (നന്ദി) - രണ്ടു കാര്യങ്ങള്‍ക്ക്. ഒന്നാമതായി ‘ബ്ലോഗ് സെറ്റിങ്സിന്‍റെ‘ ലിങ്കു തന്നതിന്. അവിടെക്കണ്ട നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. പിന്നെ, കാണാപ്പുറത്തെ സജീവസാന്നിദ്ധ്യത്തിനും.
താങ്കള്‍ ഉന്നയിച്ച ഒരു ചോദ്യം സത്യത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. “എന്തു കൊണ്ട് അതൊരു ‘ഇഷ്യൂ’ ആയില്ല“ എന്നത്. അതിനേക്കുറിച്ചു മാത്രം ഒരു പോസ്റ്റ് ഇടാമെന്നു വിചാരിക്കുന്നു. ഈ വാര്‍ത്ത എന്തുകൊണ്ടു കാണാപ്പുറത്തേക്കു ‘തള്ളപ്പെട്ടു’ എന്നു പറയുമ്പോള്‍ സ്വാഭാവികമായും മറ്റു ചില കാണാക്കാഴ്ചകളിലേക്കും വെളിച്ചം വീശാന്‍ പറ്റിയേക്കും. നോക്കട്ടെ.
പിന്നെ, ‘അരിഗാതോ’ കേട്ടു ഞെട്ടിയോ? നകുലന്‍റെ കഞ്ഞികുടി മിക്കവാറും വിശ്വസാഹിത്യകാരന്മാരേയും പ്രസാധകരേയും ഒക്കെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഒരല്പം പരന്ന വായനയും, പരമാവധി ഭാഷാജ്ഞാനസമ്പാദനവും കുറച്ചു യാത്രകളും ഒക്കെ ഉണ്ടെങ്കിലേ രണ്ടറ്റവും കൂട്ടിമുട്ടൂ എന്നു ചുരുക്കം. ജാപ്പനീസും പണ്ട് ഒരല്പം പഠി(ക്കാന്‍ ശ്രമി)ച്ചിരുന്നു. :)
നിഹോംഗോ ചൊത്തൊ ബെന്‍ക്യോ ഷിമാഷിത !
Post a Comment