Tuesday, May 08, 2007

പ്രത്യയശാസ്ത്രാഭിമുഖ്യം പ്രതിക്കൂട്ടില്‍?

നരേന്ദ്രമോഡിയുടെ പ്രസംഗം ആയിരുന്നു ഇതിനു തൊട്ടു മുമ്പത്തെ പോസ്റ്റ്‌. അത്‌ പകര്‍ത്തിയപ്പോള്‍, ചിലതൊക്കെ ഒളിപ്പിക്കാനെന്നോണം ഞാന്‍ മനപൂര്‍വ്വം ചില കൃത്രിമങ്ങള്‍ കാട്ടി എന്ന്‌ പ്രമോദ്‌ എന്നൊരു യുവബ്ലോഗര്‍ ആരോപിച്ചതിനുള്ള മറുപടിയാണിത്‌.

>> പ്രമോദ്‌ :- കൂടുതല്‍ ആരവങ്ങള്‍ കിട്ടിയത്‌ ഏതു വാക്കുകള്‍ക്കാണെന്ന്‌ താങ്കള്‍ കേട്ടതേ ഇല്ല. നന്നായിരിക്കുന്നു നകുലേട്ടാ. നന്നായിരിക്കുന്നു. അങ്ങനെ തന്നെ വേണം. മര്‍മ്മപ്രധാനമായ കാര്യങ്ങള്‍ വിഴുങ്ങണം. അങ്ങനെ മാത്രമേ (ഹിന്ദു വര്‍ഗ്ഗീയതയുടെ) ചൂട്ട്‌ കെടാതെ പിടിക്കാന്‍ പറ്റൂ. <<

അനിയാ,
കുറേക്കൂടി ചെറുപ്പമായിരുന്നപ്പോഴത്തെ എന്റെ അപക്വചിന്തകള്‍ ഓര്‍ക്കാനിടയായതുകൊണ്ട്‌ അങ്ങനെ തന്നെ വിളിച്ച്‌ അഭിസംബോധന ചെയ്ത്‌ സ്നേഹപൂര്‍വ്വം ഉപദേശിക്കാനാണു തോന്നുന്നത്‌. അനിയന്റെ കമ്യൂണിസ്റ്റ്‌ ആഭിമുഖ്യം വ്യക്തമാണിവിടെ. അല്‍പം സമയമെടുത്ത്‌ ക്ഷമാപൂര്‍വ്വം ആലോചിക്കു നോക്കൂ - ഇത്തരം കമന്റുകള്‍ സ്വന്തം പ്രസ്ഥാനത്തെ എത്രമാത്രം അപകീര്‍ത്തിപ്പെടുത്തുകയില്ല എന്ന്‌.

അനിയന്‍ എന്റെ ആത്മാര്‍ത്ഥതയേയും സത്യസന്ധതയേയുമാണ്‌ ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്‌. പരിഭാഷകന്റെ ശബ്ദം അതേപടിയെന്നതുപോലെ, ചെറിയ മൂളലുകളും നിര്‍ത്തലും ശ്വാസവ്യതിയാനങ്ങളുമടക്കം ക്ഷമാപൂര്‍വ്വം പകര്‍ത്തിയെഴുതി വളരെ മര്യാദാപൂര്‍വ്വം ഞാന്‍ അവതരിപ്പിച്ചപ്പോള്‍ ആരോപിക്കുന്നു - ഞാന്‍ ഏതൊക്കെയോ കാതലായ ഭാഗം വിട്ടുകളഞ്ഞു എന്ന്‌! 15MB ഉള്ള ഒരു '.WAV' ഫയല്‍ അയച്ചുതരുവാനുള്ള മാര്‍ഗ്ഗമൊരുക്കിത്തരുകയാണെങ്കില്‍ ഞാന്‍ പ്രസംഗം അയച്ചു തരാം. കേട്ടുനോക്കിയിട്ട്‌ എവിടെയെങ്കിലും ഞാന്‍ പിഴവു വരുത്തിയിട്ടുണ്ടെങ്കില്‍ ലോകത്തോട്‌ അത്‌ വിളിച്ചു പറയുക. എന്റെ എഴുത്ത്‌ അന്നവസാനിപ്പിക്കാമെന്നു ഞാന്‍ വാക്കു തരുന്നു. കേള്‍ക്കാന്‍ പറ്റാതായ ഭാഗം മനസ്സിലായെങ്കില്‍ അതും പറഞ്ഞു തരിക. എനിക്കും അതറിയാന്‍ താല്‍പര്യമുണ്ട്‌. പരമാവധി അഞ്ചോ ആറോ വാക്കുകളേ മുറിഞ്ഞിട്ടുണ്ടാവൂ എങ്കിലും!

ഇത്‌ അന്ധമായ ഒരു വിശ്വാസത്തിന്റെ പ്രശ്നമാണ്‌. അനിയന്‍ വേദിക്കരികിലിരുന്ന്‌ ആ പ്രസംഗം കേട്ടിരുന്നുവെങ്കില്‍കൂടി വിശ്വസിക്കുമായിരുന്നില്ല എന്നു തോന്നുന്നു. മൈക്കു സെറ്റുകാര്‍ എന്തൊക്കെയോ കൃത്രിമം കാണിച്ചതുകൊണ്ട്‌ അവിടെ യഥാര്‍ത്ഥത്തില്‍ പറഞ്ഞതുപോലെയല്ല സ്പീക്കറിലൂടെ പുറത്തുവന്നത്‌ എന്നോ മറ്റോ ശാഠ്യം പിടിച്ചേനെ! ഇത്തരം ദു:ശ്ശാഠ്യങ്ങള്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കു വലിയ നാണക്കേടുണ്ടാക്കാറുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ തിമിരം - വരട്ടുവാദം മുതലായ പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്‌ ഇത്തരം കടുംപിടുത്തങ്ങളില്‍ നിന്നാണ്‌. അനിയന്‍ ഒരു പ്രസ്ഥാനസ്നേഹിയാണെങ്കില്‍, അതില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കുക.

ഏതോ രണ്ടു മൂന്നു വാചകങ്ങളിലായി അഞ്ചോ ആറോ വാക്കുകള്‍ നഷ്ടപ്പെട്ടുവെന്നു വച്ച്‌ ഈ പ്രസംഗത്തില്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അവിടെ, ആ ചുരുങ്ങിയ ഭാഗത്ത്‌ എന്തായിരിക്കും കടന്നു വന്നിട്ടുണ്ടാകുക? എന്താണ്‌ അനിയനവിടെ പ്രതീക്ഷിക്കുന്നത്‌? എന്താവും ഞാനവിടെ ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവുക? കഷ്ടം! എത്രയൊക്കെ തെളിവുകള്‍ അവതരിപ്പിച്ചാലും ശരി തങ്ങളുടെ ചില 'തോന്നലുക'ളില്‍ നിന്നും നിലപാടുകളില്‍ നിന്നും അണുവിട വ്യതിചലിച്ച്‌ ഒരു വിട്ടുവീഴ്ചയ്ക്ക്‌ ഒരുക്കമല്ല എന്ന പതിവു കടുംപിടുത്തം തന്നെയല്ലാതെ മറ്റൊന്നുമല്ല ഇതും.

>> പ്രമോദ്‌ :- തന്ന ലിങ്ക്‌ വായിച്ചു നോക്കി. മുഴുവന്‍ വായിക്കാന്‍ തോന്നിയില്ല. സങ്കല്‍പത്തില്‍ നിന്നും കുറെ ഉണ്ണിപ്പിള്ളകളെ പിടിച്ച്‌ താന്തോന്നിത്തം പറയിക്കുന്ന... <<

നാം ഉണ്ണിപ്പിള്ള'കളെ' പിടിക്കുകയല്ല - ഉണ്ണിപ്പിള്ളമാര്‍ നമ്മെ കടന്നു പിടിച്ച്‌ മനസ്സിനെ ഉലച്ചുകളയുന്ന ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്‌ അനിയാ.

ഉണ്ണിപ്പിള്ള ഒരു സാങ്കല്‍പിക കഥാപാത്രമാണ്‌. പക്ഷേ ഇന്നു കേരളത്തില്‍ അത്തരത്തില്‍ ആയിരക്കണക്കിന്‌ ഉണ്ണിപ്പിള്ളമാരുണ്ട്‌. ഇല്ലെന്നാണു വാദമെങ്കില്‍, അനിയന്‌ കണ്ണൂര്‍ ജില്ല വിട്ട്‌ അധികം സ്ഥലങ്ങളില്‍ ജനവികാരങ്ങളറിഞ്ഞ്‌ ഒരു സാധാരണക്കാരനായി ജീവിക്കാനവസരം ലഭിക്കാഞ്ഞതുകൊണ്ടാവും. ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സകല കാര്യങ്ങളും ഇവിടെ കേരളത്തില്‍, ഞങ്ങളുടെ കണ്മുന്നില്‍ ന്മടന്ന കാര്യങ്ങളുമാണ്‌.

"അതൊക്കെ താന്തോന്നിത്തമാണ്‌" എന്ന്‌ അനിയന്‍ ധാര്‍ഷ്ട്യത്തോടെ പറയുന്നത്‌ ഇടതുപക്ഷപ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താറുള്ള മറ്റൊരു ആരോപണത്തിനു ബലം വയ്പ്പിക്കുന്നേയുള്ളൂ. 'കമ്മ്യൂണിസ്റ്റുകാര്‍ പൊതുവേ വിമര്‍ശനങ്ങളോട്‌ കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്നവരാണ്‌' എന്നതാണത്‌. മുമ്പു പറഞ്ഞതുപോലെ, പ്രസ്ഥാനത്തെ സ്നേഹിക്കുന്നുവെങ്കില്‍, ഇത്തരം അപക്വ പ്രയോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുക.

>> പ്രമോദ്‌ :- ഒരു പാര്‍ട്ടി സെക്രട്ടറി അങ്ങനെ പറയുമെന്നു തോന്നുന്നില്ല. ഏതു പത്രത്തില്‍ എന്നു കൂടി പറ. <<

പ്രസംഗിച്ച ആള്‍ - പിണറായി വിജയന്‍
റിപ്പോര്‍ട്ടു വന്ന പത്രം - ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്‌
(മറ്റു പലതിലും വന്നിരിക്കണം. ഞാന്‍ വായിച്ചത്‌ അതിലാണ്‌)

പത്രലേഖകന്‍ വളച്ചൊടിച്ചതായിരിക്കുമോ എന്ന അനിയന്റെ സംശയം സ്വാഭാവികമാണ്‌. അതും ഞാന്‍ ആ പോസ്റ്റില്‍ ഒരു വാചകത്തിലൂടെ പറഞ്ഞിട്ടില്ലേ എന്നു നോക്കുക. കണ്ണുമടച്ച്‌ ഒരു വ്യക്തിഹത്യക്കോ മറ്റോ മുതിരുന്നതിനു പകരം സത്യസന്ധമായി, വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അത്‌ തന്റെ താല്‍പര്യങ്ങള്‍ക്കെതിരാണെന്നു തോന്നുന്നെങ്കില്‍, അതേ സത്യസന്ധതയോടെ അതിനെ നേരിടാനുള്ള കരുത്തും ഹൃദയവിശാലതയും ആര്‍ജ്ജിച്ചെടുക്കാന്‍ അനിയനു കഴിയട്ടെ.

പൊതുവായ രണ്ടുമൂന്നു ഉപദേശം കൂടി തന്നുകൊള്ളട്ടെ. നേതാക്കളെ അന്ധമായി അനുകൂലിക്കുന്ന - അവര്‍ എന്തു ചെയ്താലും പറഞ്ഞാലും ശരിയെന്നു വിശ്വസിക്കുന്ന - അണികളെ സൃഷ്ടിച്ചെടുക്കുന്നത്‌ ഏതൊരു പ്രസ്ഥാനത്തേയും ആദ്യത്തെ കുറച്ചുകാലമേ സഹായിക്കു. കാലാന്തരത്തില്‍ അത്‌ മൂല്യച്യുതിയിലേക്കും അതുവഴി തകര്‍ച്ചയിലേക്കും നയിക്കും. നേതാക്കന്മാര്‍ ചോദ്യം ചെയ്യപ്പെടുകയേയില്ല എന്നു വന്നാല്‍ ഏതൊരു പ്രസ്ഥാനമാണ്‌ തളരാത്തത്‌? വ്യക്തിപരമായി നോക്കിയാലും, ആരെയെങ്കിലും അന്ധമായി വിശ്വസിക്കുന്നത്‌ നമുക്കു നല്ലതല്ല. അതു നമ്മെ അപകടങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കും.

മറ്റുള്ളവരും അങ്ങനെയായിരിക്കും എന്നു കരുതുന്നതും തെറ്റാണ്‌. അനിയന്‍ പിണറായിയേയും മറ്റും അന്ധമായി അനുകൂലിക്കുന്നുണ്ടാവുമെന്നതുപോലെ, ഞാന്‍ എന്തിനും ഏതിനും മോഡിയേയും കണ്ണുമടച്ച്‌ അനുകൂലിച്ചേക്കും എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ്‌ നിങ്ങളില്‍ പലരുടേയും കമന്റുകള്‍ വരുന്നത്‌. മോഡിക്കെതിരേയുള്ള ആരോപണങ്ങളുപയോഗിച്ചുകൊണ്ട്‌, ഞാന്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങളേയും വിമര്‍ശനങ്ങളേയും നേരിടാമെന്ന ചിന്ത! അബദ്ധമാണത്‌. മാനസികാടിമത്തങ്ങളില്‍ നിന്ന്‌ മോചനം നേടിയൊരാള്‍ക്ക്‌ അതൊക്കെ വലിയ തമാശകളായാണ്‌ അനുഭവപ്പെടുക. അതുകൊണ്ടാണ്‌ നിങ്ങളുടെ പലരുടെയും ഭര്‍ത്സനങ്ങളേറ്റ്‌ മാനസികമായി തെല്ലും തളരാതെ എനിക്കു നിങ്ങളോടു വിണ്ടും പുഞ്ചിരിച്ചു കൊണ്ടു സംസാരിക്കാനാവുന്നത്‌.

ഇക്കഴിഞ്ഞ ലക്കം 'ഭാഷാപോഷിണി'യില്‍ സക്കറിയയുടേതായ ഒരു ലേഖനമുണ്ട്‌. ഇടതുപക്ഷത്തിന്റെ അപചയം പല മികച്ച എഴുത്തുകാരെയും സംഘപരിവാര്‍ അനുകൂലികളാക്കി എന്നദ്ദേഹം അതില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അക്കിത്തം ഒരു അഭിമുഖത്തില്‍ താനൊരു ആര്‍. എസ്‌. എസ്‌. കാരനാണെന്നതില്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞതിലും അദ്ദേഹം വല്ലാതെ കുണ്ഠിതപ്പെട്ടു കാണുന്നു. എല്ലാവരുടെയും പൊന്നോമനയായ കുഞ്ഞുണ്ണിയേപ്പോലും പട്ടാപ്പകല്‍ പിടിച്ചെടുത്തു കളഞ്ഞു (!) എന്നുമുണ്ടായിരുന്നു പരാമര്‍ശം. പതിവനുസരിച്ച്‌ ഒ.വി.വിജയനേയും ആനന്ദിനേയുമൊന്നും സ്പര്‍ശിച്ചുകണ്ടില്ല. എന്തായാലും ഇവരെയൊന്നും കൂടാതെ അറിയപ്പെടാതെ കാണാപ്പുറത്തു കിടക്കുന്ന എത്ര എഴുത്തുകാര്‍ ഇത്തരം വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നുണ്ട്‌ എന്ന്‌ സക്കറിയയ്ക്ക്‌ അറിവുണ്ടാകുമെന്നു തോന്നുന്നില്ല.

എന്തുകൊണ്ടാണ്‌ താന്‍ കമ്മ്യൂണിസം ഉപേക്ഷിച്ചത്‌ എന്ന്‌ അക്കിത്തം ഈയിടെ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കിയത്‌ സക്കറിയയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അതേ വ്യാകുലതകള്‍ പങ്കുവയ്ക്കുന്ന ആരെങ്കിലുമോ ശ്രദ്ധിച്ചിരുന്നോ എന്തോ? ഇടതുപക്ഷം വിട്ടിട്ട്‌ പക്ഷരഹിതനായി നില്‍ക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും പക്ഷം സ്വീകരിക്കുകയോ ചെയ്യാതെ ഹിന്ദുത്വ ആദര്‍ശങ്ങളില്‍ ചെന്നു ചേരുന്നെങ്കില്‍ അത്‌ ഒന്നും കാണാതെയാവുമോ എന്നും സക്കറിയയും മറ്റും ആലോചിച്ചിട്ടുണ്ടാവുമോ എന്തോ? എന്തായാലും അനിയന്‌ ഇടതുപക്ഷപ്രസ്ഥാനങ്ങളോട്‌ എന്തെങ്കിലും സ്നേഹമുണ്ടെങ്കില്‍, തിരിച്ച്‌ നാട്ടിലെത്തിയതിനു ശേഷം, തുറന്ന മനസ്സോടെ ഇതിന്റെയെല്ലാം പിന്നില്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക.

വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാന്‍ വളരെയെളുപ്പമാണ്. എന്നാല്‍, ചിന്തിക്കുക - മനസ്സിലാക്കുക - ജനങ്ങള്‍ക്കിടയില്‍ അവരുടെ മനസ്സറിഞ്ഞ്‌ പ്രവര്‍ത്തിക്കുക - ഇതൊക്കെ നമ്മള്‍ കരുതുന്നതിലും അങ്ങേയറ്റം വെല്ലുവിളികള്‍ നിറഞ്ഞതാണ്.

വളരെക്കാലം മുമ്പ്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ജനമനസ്സുകള്‍ വായിക്കാന്‍ നന്നായി കഴിഞ്ഞിരുന്നു. ഇന്നാ കഴിവു നഷ്ടപ്പെട്ടിട്ടുണ്ട്‌. മോഡിയെ പൂര്‍ണ്ണമായി പരാജയപ്പെടുത്തണം എന്നാണെങ്കില്‍, ഇത്രയും ആരോപണങ്ങള്‍ക്കിടയിലും ആളുകള്‍ മുഴുവന്‍ എന്തുകൊണ്ട്‌ അദ്ദേഹത്തെ കണ്ണുമടച്ച്‌ എതിര്‍ക്കുന്നില്ല എന്ന്‌ ആദ്യം കണ്ടെത്തുവാന്‍ ശ്രമിക്കൂ. പ്രസംഗത്തിന്റെ പോസ്റ്റില്‍ കൊടുത്തിരുന്ന ചിത്രം കണ്ടിരുന്നില്ലേ? അവിടെ തടിച്ചു കൂടിയ ജനങ്ങളുടെ വളരെ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ അത്‌. ഏറ്റവും പിറകില്‍ നിന്നിരുന്നെങ്കില്‍, വിശാലമായ വേദി ഒരു വിദൂരക്കാഴ്ച മാത്രമായിരുന്നു. വടിയും കുത്തിപ്പിടിച്ചു വന്ന അമ്മൂമ്മമാരേയും കുഞ്ഞിനെ ഒക്കത്തേന്തിയ അമ്മമാരേയും ഞാനവിടെ കണ്ടു. അവരൊന്നും ന്യൂനപക്ഷങ്ങളേയോ ഭുരിപക്ഷങ്ങളേയോ തല്ലാനോ കൊല്ലാനോ ഒന്നും ലവലേശം താല്‍പര്യമുള്ളവരല്ല. എന്തു വികാരമാണ്‌ അവരെ ആ വേദിയിലേക്കു നയിച്ചതെന്നു കണ്ടെത്തുക. യാഥാര്‍ത്ഥ്യബോധത്തോടെ - കടും‌പിടുത്തങ്ങളും വാശിയുമില്ലാതെ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ശീലിക്കുക. മാദ്ധ്യമ സിന്‍ഡിക്കേറ്റ്‌ - ഫാസിസം - എംബഡഡ്‌ ജേര്‍ണലിസം - തുടങ്ങി നേതാക്കള്‍ പിടിച്ചു നില്‍ക്കാനായി കണ്ടെത്തുന്ന ചില വാക്കുകള്‍ കൊണ്ടുള്ള കളികളില്‍ മാത്രം പൂര്‍ണ്ണമായി വിശ്വാസമര്‍പ്പിക്കാതെ ജനമദ്ധ്യത്തിലേക്കിറങ്ങുക. ആരെയും വെറുക്കാതെ - മനുഷ്യസ്നേഹം എന്നത്‌ പറച്ചിലില്‍ മാത്രം ഒതുക്കാതെ പ്രവൃത്തിയിലേക്കു കൂടി കൊണ്ടു വന്ന്‌ - ആരെയും അകറ്റി നിര്‍ത്താതെ - എല്ലാവരുടേയും വേദനകളും പരിഭവങ്ങളും പരാതികളും ചോദിച്ചറിയുക. സാമ്രാജ്യത്വ വിരുദ്ധ - ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ വഴിയില്‍ തിരിച്ചറിവിന്റെ വെളിച്ചവും നീട്ടി ആ അറിവുകള്‍ നക്ഷത്രങ്ങളേപ്പോലെ തിളങ്ങി നിന്നേക്കും. പരിശ്രമങ്ങള്‍ക്കു തയ്യാറെങ്കില്‍, ആത്മാര്‍ത്ഥമായിത്തന്നെ എല്ലാ ആശംസകളും നേരുന്നു.

* * * * * * * *

വൈത്തോ :-
ശാഠ്യങ്ങളേക്കുറിച്ചാണ് ഈ പോസ്റ്റ്‌. സത്യത്തില്‍, ഇത്തരം പിടിവാശികളില്‍ തട്ടി തകര്‍ന്നുപോകുന്നതു കൊണ്ടാണ് മോഡിക്കെതിരായ പല ഇടതു തന്ത്രങ്ങളും പൂര്‍ണ്ണമായി ഫലപ്രദമാ‍വാതെ പോകുന്നത്‌. ‘കലാപം നിയന്ത്രിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ വരുത്തി‘ എന്ന ആരോപണത്തിന് തെളിവുകളുടെ പിന്‍ബലം നല്‍കി ശക്തിയുക്തം അവതരിപ്പിക്കുവാനായിരുന്നു എല്ലാവരും ശ്രമിക്കേണ്ടിയിരുന്നത്‌. എന്നാല്‍, പലരും കൂടുതല്‍ സമയം ചെലവഴിച്ചത്‌ കലാപത്തിനു വഴിവച്ച ഗോധ്ര ട്രെയിന്‍ തീവയ്പ്‌ മോഡിയുടെ പദ്ധതിയായിരുന്നു എന്നു ശഠിക്കാനായിരുന്നു! അതിലെ യുക്തി ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെ സമര്‍ത്ഥിക്കേണ്ടുന്നതിനു പകരം, ഇപ്പോഴും അങ്ങനെ ശഠിക്കുന്ന ചില ബ്ലോഗര്‍മാരുടെ നിലപാട്‌ ‘ഞങ്ങള്‍ ആരോപിക്കാറേയുള്ളൂ - തെളിയിക്കേണ്ടത്‌ അന്വേഷണ ഏജന്‍സികളാണ് ‘ എന്നാണ് !

കലാപ സമയത്ത്‌ മോഡി “കയ്യും കെട്ടി ഇരുന്നതല്ലാതെ അനങ്ങിയിട്ടേയില്ല“ എന്നായിരുന്നു മറ്റൊരാരോപണം. എന്നാല്‍ കലാപത്തിനിടെ പോലീസ്‌ വെടിവയ്പുകളില്‍ മരിച്ചു വീണ കുറേ കലാപകാരികളേക്കുറിച്ചെങ്കിലും (സിഖ്‌ വിരുദ്ധ കലാപത്തില്‍ അങ്ങനെയൊന്ന്‌ ഉണ്ടാകാഞ്ഞതിനേക്കുറിച്ചും) തിരിച്ചു ചോദിക്കുമ്പോള്‍ ‍ശഠിക്കുന്നത്‌ ‘അത്‌ എന്തൊക്കെയോ ചെയ്തെന്നു വരുത്തിത്തീര്‍ക്കാന്‍ മോഡി ചില ഹിന്ദുക്കളെ ബലികൊടുക്കുകയായിരുന്നു’ എന്നാണ് ! ഇത്തരം ശാഠ്യങ്ങള്‍, ഏതൊരു വാദത്തിനായാലും ശരി, ശക്തിപകരുകയല്ല - അതിനെ ദുര്‍ബലപ്പെടുത്തുകയാണു ചെയ്യുന്നത്‌. ഉറപ്പുള്ള കാര്യങ്ങള്‍ അംഗീകരിക്കുക. അല്ലാത്തവയില്‍ ഒരു ചെറിയ സന്ദേഹമെങ്കിലും കരുതി വയ്ക്കുക എന്നതാണ് ശരിയായ സമീപനം.