നിങ്ങൾ ചിലപ്പോൾ കണ്ടിട്ടുണ്ടാവും. ഇടതുപക്ഷം ഈയിടെ ഒരു ചെറിയ വീഡിയോ പുറത്തിറക്കിയിരുന്നു. അടിമുടി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന - പാവപ്പെട്ടവരെ പറ്റിക്കാൻ ശ്രമിക്കുന്ന ഒരു വീഡീയോ.
ഗുജറാത്തിലെയും രാജസ്ഥാനിലെയുമൊക്കെ ചില കണക്കുകൾ കാണിച്ച് - അതിനൊപ്പം കേരളത്തിലെ കാര്യവും പറഞ്ഞുകൊണ്ടുള്ള ഒരു വീഡീയോ. ആ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷം കേമമാണെന്നും ബി.ജെ.പി. മോശമാണെന്നും സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടുള്ള - ചിന്താശേഷിയുള്ളവർ പരിഹസിച്ചു ചിരിച്ചു പോകുന്ന ഒരു വീഡിയോ.
ബി.ജെ.പി.യുടെ പരസ്യവാചകമായ "വഴിമുട്ടിയ കേരളം - വഴികാട്ടാൻ ബി.ജെ.പി." എന്നതു വലിയ ഹിറ്റായപ്പോൾ അതിനെ പ്രതിരോധിക്കാനെന്നോണം പടച്ചുവിട്ടതാണു പാവപ്പെട്ടവന്മാർ. പക്ഷേ പറഞ്ഞിരിക്കുന്നതു മുഴുവൻ പരമാബദ്ധങ്ങളാണെന്നു മാത്രം..
പേടി കുടുങ്ങിയവർ ചെയ്യുന്ന പാഴ്‌വേലകൾ എന്നമട്ടിൽ അതിനെയങ്ങു വെറുതെ വിട്ടാലോ എന്നു തോന്നും. പക്ഷേ അതു പാടില്ല. അപ്പോൾപ്പിന്നെ നമ്മൾ മലയാളികളെല്ലാം തികഞ്ഞ മണ്ടന്മാരാണെന്നു വന്നു പോകും. അതനുവദിക്കാൻ പറ്റില്ല. അതിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടിയേ മതിയാകൂ.
ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സ് അഥവാ മാനവവികസന സൂചിക. അതിൽപ്പിടിച്ചാണല്ലോ ഇടതുപക്ഷമേ - നിങ്ങൾ അഭ്യാസം കാണിക്കുന്നത്. സമയമുണ്ടെങ്കിൽ - ചില ചോദ്യങ്ങൾ ചോദിച്ചോട്ടെ?
ഗുജറാത്തിലെയും കേരളത്തിലെയും സാമൂഹ്യാവസ്ഥകളുടെയും പുരോഗതിയുടെയും ചില സൂചകങ്ങൾ എടുത്തിട്ട് അതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷമെന്നാൽ കേമന്മാരും ബി.ജെ.പി.യെന്നാൽ മോശക്കാരും എന്നു പറയുന്നത് എത്ര ഭീകരമായ അബദ്ധമാണ്? നിങ്ങൾ സ്വയം ഈ മണ്ടത്തരം വിശ്വസിച്ചിട്ടു തന്നെ പറയുന്നതാണോ അതോ സത്യമറിയാമെങ്കിലും മറച്ചുപിടിച്ചിട്ട് മറ്റുള്ളവരെ മണ്ടന്മാരാക്കാൻ ശ്രമിക്കുകയാണോ?
ഗുജറാത്തിലെ ആദിവാസി-പട്ടികവർഗ്ഗ-വിഭാഗങ്ങളുടെ ജനസംഖ്യ എത്രയാണെന്നറിയാമോ? അത് തൊണ്ണൂറുലക്ഷത്തിനടുത്താണ്. അതായത് മൊത്തം ജനസംഖ്യയുടെ ആറിലൊന്നോളം! എന്നാൽ കേരളത്തിലോ? അതു കേവലം മൂന്നര ലക്ഷം മാത്രമാണ്. അതായത് മൊത്തം ജനസംഖ്യയുടെ വെറും നൂറിലൊന്നോളം ഭാഗം മാത്രം. അപ്പോൾ സ്വാഭാവികമായും ആവറേജ് ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സ് അഥവാ ശരാശരി മാനവവികസന സൂചിക എന്നത് ഏതു സംസ്ഥാനത്തായിരിക്കും മുന്നിൽ നിൽക്കുക? അധികം ആലോചന വേണ്ടി വരുമോ - അതു മനസ്സിലാക്കാൻ?
ഒരിക്കൽക്കൂടി പറയാം. കേരളത്തിൽ കേവലം ഒരു ശതമാനം മാത്രമാണ് ആദിവാസി സമൂഹമെങ്കിൽ ഗുജറാത്തിലത് പതിനഞ്ചു ശതമാനമാണ്. ശരാശരി മാനവവികസനസൂചികയെ പിടിച്ചു താഴ്ത്തുന്നതിലെ പ്രധാനപ്പെട്ട ഘടകമാണത്.
അതുപോലെ തന്നെ, ഗുജറാത്തും രാജസ്ഥാനുമൊക്കെ മൊത്തം വിസ്തൃതിയുടെ വലിയൊരളവോളം മരുഭൂമിയായിട്ടുള്ള സംസ്ഥാനങ്ങളാണ്. നേരേ മറിച്ച് കേരളമാകട്ടെ - നദികളുടെ എണ്ണത്തിലും മഴയുടെ ലഭ്യതയിലുമെല്ലാം തികച്ചും അനുഗൃഹീതമായിട്ടുള്ള ഹരിതദേശമാണ്. ആവാസവ്യവസ്ഥകളും ജനതതിയുടെ മൊത്തത്തിലുള്ള പുരോഗതിയും അതിനനുസരിച്ചു സ്വാഭാവികമായും വ്യത്യാസപ്പെട്ടുമിരിക്കും.
അങ്ങനെ, സാമൂഹ്യപരവും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ അനവധി കാരണങ്ങളാൽ കേരളത്തിലെ മാനവ വികസന സൂചിക മുമ്പേ തന്നെ മുൻപന്തിയിലാണ്. സാമാന്യവിദ്യാഭ്യാസമുള്ള ഏതൊരാൾക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളാണിതൊക്കെ. അതിന്റെയൊക്കെ പേരിൽ നിങ്ങൾ ഇടതുപക്ഷം മേനി നടിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? എന്തൊരു തികഞ്ഞ വിഡ്ഢിത്തമാണത്!
മേൽപ്പറഞ്ഞ അതേ കാരണങ്ങളാൽത്തന്നെ ഗുജറാത്തിലെ മാനവ വികസന സൂചിക പിന്നിലുമാണ്. അതിനു ബി.ജെ.പി.യെ തെറ്റുകാരാക്കുന്നത് എന്തടിസ്ഥാനത്തിലാണ്? എന്തൊരു തികഞ്ഞ വിഡ്ഢിത്തമാണത്!
ആളുകളെ പറ്റിക്കാനായി നിങ്ങൾ അവതരിപ്പിക്കുന്ന ഓരോ കണക്കും അവയുടെ താരതമ്യവും അങ്ങേയറ്റം അർത്ഥശൂന്യമാണ്. കാരണം - ഭരണനേട്ടങ്ങളുടെ താരതമ്യമാണു നടത്തേണ്ടതെങ്കിൽ - ഗുജറാത്തിൽ ബി.ജെ.പി. ഭരണം വന്നതിനു ശേഷം അവിടുത്തെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്താൻ അവർക്കു കഴിഞ്ഞിട്ടുണ്ടോ എന്നല്ലേ പരിശോധിക്കേണ്ടത്? അവർ ഭരണത്തിലെത്തുന്നതിനു മുമ്പും അതിനു ശേഷവുമുള്ള ജീവിതാവസ്ഥകളുടെ സൂചികകളല്ലേ താരതമ്യം ചെയ്യേണ്ടത്? സാമാന്യബുദ്ധിയുള്ളവർ അങ്ങനെയാണു മനസ്സിലാക്കുന്നത്. അല്ലെന്നുണ്ടോ ഇടതുപക്ഷമേ? ആ കണക്കുകൾ ചികഞ്ഞെടുത്ത് ഇതു പോലെ അവതരിപ്പിക്കാൻ തന്റേടമുണ്ടോ നിങ്ങൾക്ക്?
നരേന്ദ്രമോദിയുടെ ഇന്ത്യാഗവണ്മെന്റ് മോശമാണ് - കാരണം ജപ്പാനിലെ ജീവിതനിലവാരം ഇന്ത്യയേക്കാൾ ഭേദമാണ് - എന്നൊക്കെപ്പറയുന്നത് എന്തൊരു ശുദ്ധഭോഷ്ക്കാണ്? നരേന്ദ്രമോദിയുടെ കയ്യിൽ കിട്ടിയതിനു ശേഷം ഇന്ത്യയിലെ ജീവിതാവസ്ഥ മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടോ എന്നാണു പരിശോധിക്കേണ്ടത്. ജപ്പാനിൽ മുമ്പേ തന്നെ ചില മെച്ചപ്പെട്ട അവസ്ഥയുള്ളത് നരേന്ദ്രമോദിയുടെ കുറ്റമല്ല. കാലാന്തരത്തിൽ മറ്റ് അനുകൂലസാഹചര്യങ്ങൾ കൂടി ഉണ്ടായാൽ ഇന്ത്യ ജപ്പാനെ മറികടന്നെന്നും ഇരിക്കും. പക്ഷേ എന്നു വച്ച് അതു വരെയുള്ള കാലയളവിൽ ജപ്പാനെ ചൂണ്ടിക്കാണിച്ച് ഇന്ത്യാഗവണ്മെന്റിനെ കുറച്ചുകാട്ടുന്നത് ശുദ്ധ അസംബന്ധമല്ലെങ്കിൽ മറ്റെന്താണ്?
ഗുജറാത്തിൽ ബി.ജെ.പി. അധികാരത്തിലെത്തിയതിനു ശേഷം അവിടെ എന്തു സംഭവിച്ചു എന്നാണു വിലയിരുത്തി നോക്കേണ്ടത്. അവിടെ നില നിന്നിരുന്ന സംഖ്യകളിൽ എന്തു മാറ്റം വന്നുവെന്നാണു പരിശോധിക്കേണ്ടത്. അവിടെ കാർഷികമേഖലയിൽ വമ്പൻ കുതിച്ചു ചാട്ടമുണ്ടായിട്ടില്ലേ? വ്യാവസായിക മേഖല വലിയ വളർച്ച കൈവരിച്ചിട്ടില്ലേ? തൊഴിൽ മേഖലയിൽ അഭൂതപൂർവ്വമായ പുരോഗതി ഉണ്ടായിട്ടില്ലേ? ഇവയ്ക്കോരോന്നിനും വ്യക്തമായ കണക്കുകളില്ലേ? അവയുടെ അടിസ്ഥാനത്തിലല്ലേ അവിടുത്തെ ഗവണ്മെന്റ് അനവധി അവാർഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയിട്ടുള്ളതും? അതൊന്നും ബി.ജെ.പി.ക്കാർ നൽകിയ അവാർഡുകളല്ലല്ലോ.
ബി.ജെ.പി.യുടെ ഭരണമികവ് വ്യക്തമാകുന്ന അത്തരം കണക്കുകളും താരതമ്യങ്ങളും ആളുകളിൽ നിന്നു മറച്ചു വച്ചിട്ട് നിങ്ങൾ മറ്റൊരു സംസ്ഥാനമായ കേരളത്തിലെ കണക്കുകളുമായി വരുന്നത് ശുദ്ധ തട്ടിപ്പല്ലേ? പെട്ടെന്ന് ആലോചിക്കാൻ മുതിരാത്ത ചില ആളുകളെ പറ്റിക്കുക എന്നതല്ലേ നിങ്ങൾ ഉദ്ദേശിക്കുന്നത്?
അല്ലെങ്കിൽത്തന്നെ - ഒന്നു ചോദിക്കട്ടെ ഇടതുപക്ഷമേ - കേരളം എന്നു മുതൽക്കാണു നിങ്ങളുടെ സ്വന്തം സംസ്ഥാനമായത്? നിങ്ങളിവിടെ തുടർച്ചയായി ഭരിച്ചിട്ടൊന്നുമില്ലല്ലോ? ഇടതുപക്ഷത്തിന്റെ ഭരണമികവ് - ആവർത്തിക്കട്ടെ - "മികവ്" - ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള താരതമ്യമാണു ചെയ്യേണ്ടതെങ്കിൽ - നിങ്ങൾ മുപ്പത്തഞ്ചു വർഷത്തോളം ഭരിച്ചിരുന്ന ബംഗാളിനെയല്ലേ ഉദാഹരണമായി എടുക്കേണ്ടത്? ബി.ജെ.പി. പോലും ഗുജറാത്തിൽ അത്രയും കാലം ഭരിച്ചിട്ടില്ലല്ലോ. തുടർച്ചയായി ഒരേ പാർട്ടി ഭരിക്കുമ്പോളല്ലേ ഭരണത്തിന്റെ മികവ് അവിടെ പ്രതിഫലിക്കുക? അപ്പോൾ - നിങ്ങളുടെ അതേ ലോജിക്കു വച്ചിട്ട് താരതമ്യം ചെയ്യണമെങ്കിൽ, സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യമാണു വേണ്ടതെങ്കിൽ - ഗുജറാത്തിനെയും ബംഗാളിനെയുമല്ലേ താരതമ്യം ചെയ്യേണ്ടത്?
ഹാ കഷ്ടം - ഇന്റർനെറ്റിലൊന്നു പരതി നോക്കുമ്പോൾ - ബംഗാളിലെ മാനവ വികസന സൂചിക ഗുജറാത്തിനേക്കാളും മൂന്നു സ്ഥാനം താഴെയായിട്ടാണല്ലോ കാണുന്നത് - ഇടതുപക്ഷമേ? മനസ്സിലായോ? ബംഗാളിലെ മാനവവികസനസൂചിക ഗുജറാത്തിനേക്കാൾ താഴെയാണെന്ന്. ബി.ജെ.പി.യേക്കാൾ കൂടുതൽ ഭരണത്തുടർച്ചയുടെ ആനുകൂല്യം ലഭിച്ച സ്ഥലവുമാണ് ബംഗാൾ. അപ്പോൾ - നിങ്ങളുടെ അതേ ലോജിക് അനുസരിച്ചാണെങ്കിൽ ഇടതുപക്ഷം ബി.ജെ.പി.യേക്കാൾ വളരെ വളരെ മോശമാണെന്നു വരുന്നല്ലോ.
ഇനി സാക്ഷരതയുടെ കാര്യമെടുക്കാം. രാജസ്ഥാനിലും ഗുജറാത്തിലുമൊന്നും ഒന്നൊഴിയാതെ ഓരോരുത്തർക്കും സാക്ഷരത നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതു ബി.ജെ.പി.യുടെ വലിയ അപരാധമായി നിങ്ങൾ പറഞ്ഞു വയ്ക്കുന്നുണ്ടല്ലോ. പക്ഷേ ബംഗാളിലെ സാക്ഷരതാ നിലവാരം ഗുജറാത്തിനേക്കാളും മൂന്നു സ്ഥാനം താഴെയാണല്ലോ കാണുന്നത്? ഇടതുഭരണം വളരെ മോശമാണെന്നല്ലേ അതിനർത്ഥം? മുപ്പത്തഞ്ചു കൊല്ലം ഭരിച്ചപ്പോൾ നിങ്ങളവിടെ എന്തെടുക്കുകയായിരുന്നു? അക്ഷരാഭ്യാസം ഉണ്ടായാൽ അണികൾ കൊഴിയുമെന്ന ആധിയോ മറ്റോ ഉണ്ടായിരുന്നോ?
ഗുജറാത്തിൽ കുറവാണെന്നും പറഞ്ഞ് ആളെപ്പറ്റിക്കാനായി പറഞ്ഞുകൂട്ടിയ സംഗതികൾ ഏത് എടുത്തു നോക്കുമ്പോളും ബംഗാൾ ഗുജറാത്തിനേക്കാൾ പിന്നിലായിട്ടാണല്ലോ കാണുന്നത് - ഇടതുപക്ഷമേ?
പാവപ്പെട്ട ജനങ്ങളെ പറഞ്ഞുപറ്റിക്കുന്ന ഇടതുപക്ഷമേ?
നാണമില്ലാത്ത ഇടതുപക്ഷമേ?
അല്ലെങ്കിൽത്തന്നെ ഇനിയിപ്പോൾ ഏതെങ്കിലും ഒരു സംഗതി കഷ്ടപ്പെട്ടു കണ്ടുപിടിച്ച് ദാ ഇക്കാര്യത്തിൽ ബംഗാൾ ദാ മുന്നിലാണു കേട്ടോ - എന്നും പറഞ്ഞ് നിങ്ങളിനി വന്നിട്ടെന്തു കാര്യം? അല്പമെങ്കിലും വലുപ്പമുള്ള സംസ്ഥാനങ്ങളിൽ നിങ്ങൾക്ക് ആകെപ്പാടെ അധികാരമുണ്ടായിരുന്ന ഏകസംസ്ഥാനമായ ബംഗാളിൽ നിന്ന് അവിടുത്തെ ജനങ്ങൾ നിങ്ങളെ ആട്ടിയോടിച്ചില്ലേ ഇടതുപക്ഷമേ? എന്നിട്ടിപ്പോൾ രക്ഷിക്കണമേ എന്നും പറഞ്ഞ് കോൺഗ്രസിന്റെ പോലും കാലു പിടിച്ച് അവരുമായി ഒരുമിച്ചു പ്രവർത്തിക്കുകയല്ലേ? ഭരണനേട്ടത്തിന്റെ കാര്യവും പറഞ്ഞ് ബി.ജെ.പി.യുടെ നേരെ മെക്കിട്ടു കയറാൻ ചെല്ലുന്നു! അല്പമെങ്കിലും ഉളുപ്പുള്ളവർ ചെയ്യാവുന്ന കാര്യമാണോ ഇതൊക്കെ? അല്പമെങ്കിലും ലജ്ജയുണ്ടോ നിങ്ങൾക്ക്?
പിന്നെ, ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങളുടെ കൂട്ടത്തിൽ, ആയുർദൈർഘ്യത്തിന്റെ കാര്യം സംബന്ധിച്ച് അങ്ങേയറ്റത്തെ ഒരു കോമഡിയും പറഞ്ഞു കാണുന്നുണ്ടല്ലോ. ഗുജറാത്തിനു പകരം കേരളത്തിൽ ജനിച്ചതു കൊണ്ടു മാത്രം പത്തു വർഷം അധികം ജീവിക്കാമത്രേ. ആഹാ - അതു കൊള്ളാമല്ലോ..
ഒന്നു ചോദിച്ചോട്ടെ. കേരളത്തിൽ ജനിച്ചതുകൊണ്ടു മാത്രമായോ? അതോ ഇവിടുത്തെ ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടാകാതെ സൂക്ഷിക്കണം എന്ന നിബന്ധന കൂടിയുണ്ടോ - ആയുർദൈർഘ്യമുണ്ടാവാൻ?
ടി.പി.ചന്ദ്രശേഖരനും കെ.ടി.ജയകൃഷ്ണമാസ്റ്ററുമടക്കമുള്ള എത്രയോ എത്രയോ ആളുകൾ - എണ്ണമറ്റ മനുഷ്യർ - ഇടതുപക്ഷത്തിനു സുഖിക്കാത്ത രാഷ്ട്രീയം മനസ്സിൽ സൂക്ഷിച്ചുവെന്ന ഒറ്റക്കാരണത്താൽ ആയുസ്സു കുറഞ്ഞു പോയവർ - അവരൊക്കെ ജനിച്ചത് ഉഗാണ്ടയിലോ മറ്റോ ആയിരുന്നിരിക്കണം. അല്ലേ?
കഷ്ടമായിപ്പോയി. കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ ഇടതുപക്ഷം കനിഞ്ഞു നൽകിയേനേ കുറച്ചുകൂടി വർഷങ്ങൾ. ഏകദേശം എത്ര വർഷം കൂടി കൊടുക്കുമായിരുന്നു? വൺ-ടൂ-ത്രീ?
ആളെക്കൊല്ലാനുള്ള ആയുധവും അരയിൽ സൂക്ഷിച്ചുകൊണ്ട് ആയുർദൈർഘ്യത്തിന്റെ കാര്യവും പറഞ്ഞു കൊണ്ടു വരുന്നോ - ഉളുപ്പില്ലാത്ത ഇടതുപക്ഷമേ?
പറയിപ്പിക്കരുത്. ആളുകളേക്കൊണ്ട് പറയിപ്പിക്കരുത്..
കേരളത്തിന്റെ കാര്യം പറഞ്ഞ് കേമത്തരം കാണിക്കാൻ നിങ്ങൾക്കു ലവലേശം പോലും അവകാശമില്ല. കേരളത്തിൽ കേമത്തരം പറയാവുന്ന യാതൊന്നും നിങ്ങൾ കൊണ്ടുവന്നിട്ടില്ല
ദയവായി ഇവിടെ നല്ല മഴ കിട്ടാറുണ്ടായിരുന്നത് ഇടതുപക്ഷം മൂലമാണെന്നൊന്നും വാദിച്ചു കളയരുത്. ഇടവപ്പാതി കൊണ്ടു വന്നത് ഇടതുപക്ഷമാണെന്നു പറഞ്ഞുകളയരുത്. പലപ്പോഴും തികച്ചും ലജ്ജാകരമായ അവകാശവാദങ്ങളാണു നിങ്ങളുടേത് - ആളുകളെ പറ്റിക്കുന്ന ഇടതുപക്ഷമേ. അതുകൊണ്ടാണു പറയുന്നത്.
ഇവിടുത്തെ കാർഷിക, വ്യാവസായിക, തൊഴിൽ മേഖലകളെ സമൂലം നശിപ്പിക്കുകയാണു സത്യത്തിൽ നിങ്ങൾ ചെയ്തിട്ടുള്ളത്.
ഇവിടുത്തെ കാർഷികസംസ്കൃതിയുടെ തകർച്ചയിൽ നിങ്ങൾക്കു വ്യക്തമായ പങ്കുണ്ട്. ഇവിടെ കൃഷി ലാഭകരമല്ലാതായതിൽ നിങ്ങളും തെറ്റുകാരാണ്.
ഇവിടുത്തെ വ്യവസായികരംഗത്തെ മുരടിപ്പിനു നിങ്ങൾക്കു വ്യക്തമായ പങ്കുണ്ട്. നിങ്ങളുടെ തണലിൽ ഇവിടെ കൊടി വ്യവസായം മാത്രമേ വളർന്നിട്ടൂ. പിന്നെ ബോംബു വ്യവസായവും
തൊഴിൽ രംഗം വലിയ തകർച്ച നേരിട്ടതിനു പൂർണ്ണ ഉത്തരവാദികൾ നിങ്ങളാണ്.
നിങ്ങൾ നശിപ്പിച്ചിട്ട കേരളമണ്ണിൽ ജീവിക്കാൻ ഗത്യന്തരമില്ലാതെ ഇവിടെ നിന്നു രക്ഷപെട്ടു ഗൾഫിലും മറ്റു പുറംനാടുകളിലും പോയി കഷ്ടപ്പെട്ടു പണിയെടുക്കുന്ന പ്രവാസികളുടെ വിയർപ്പിന്റെ തണലിലാണ് ഇവിടുത്തെ സമൃദ്ധി അത്രയും.
ഗൾഫിൽ നിതാഖാത് വന്നാൽ നിത്യമായ ആഘാതമുണ്ടാകുന്നത് ഇവിടെയായിരിക്കും.
നാം സ്വന്തമായി ഒന്നും ഉണ്ടാക്കുന്നില്ല. കഴിക്കാനുള്ള അരിയോ അരയ്ക്കാനുള്ള തേങ്ങയോ പോലും.
അഥവാ എന്തെങ്കിലും ഉണ്ടാക്കണമെങ്കിൽ അതിനുള്ള ആളുകൾ ബംഗാളിൽ നിന്നു വരണം. നിങ്ങളുടെ ഭരണമികവു മൂലം ആളുകൾ ഗതിമുട്ടിപ്പോയ ബംഗാളിൽ നിന്ന്.
നിങ്ങളുടെ നേട്ടമെന്നത് വട്ടപ്പൂജ്യമാണ്. കേരളത്തിലും ബംഗാളിലും.
ഭൂപരിഷ്ക്കരണം കൊണ്ടുവന്നുവെന്നു നിങ്ങൾ മേനി നടിക്കുന്നത് ശുദ്ധഭോഷ്ക്കാണ്. അത് നിങ്ങൾ കൊണ്ടു വന്നതല്ല. ഭൂവിനിയോഗത്തിൽ സമത്വമെത്തിക്കുന്നതിനുള്ള ശ്രമങ്ങളെ നിങ്ങൾ എന്നും തുരങ്കം വച്ചിട്ടേയുള്ളൂ. ആദിവാസികൾക്കും മറ്റു പിന്നോക്കവിഭാഗങ്ങൾക്കുമെല്ലാം മിച്ചഭൂമി വിതരണം ചെയ്യപ്പെട്ടുകിട്ടുമായിരുന്ന ഓരോ അവസരവും മനപ്പൂർവ്വം തുലച്ചത് നിങ്ങൾ കൂടി ചേർന്നാണ്.
കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങൾ മെച്ചപ്പെട്ടതാണെങ്കിൽ, അതിനു നാം കടപ്പെട്ടിരിക്കുന്നത് നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നാടിനെ നയിച്ച വിവിധ സാമൂഹ്യപരിഷ്കർത്താക്കൾക്കും അവർ നയിച്ച പ്രക്ഷോഭങ്ങൾക്കും രാജഭരണകാലത്തു തന്നെ നിലവിൽ വന്ന അവകാശനിയമങ്ങൾക്കുമാണ്.
ഇടതുപക്ഷം ഉണ്ടാക്കിത്തന്നത് ഒരു ഉണ്ടയാണ്. ഇമ്മിണി വലിയ ഒരു ഉണ്ട.
ഇന്നത്തെക്കാലത്ത് നിങ്ങളെ ഇവിടെ ആർക്കും വേണ്ട ഇടതുപക്ഷമേ. പരമ്പരാഗത കമ്മ്യൂണിസ്റ്റുകുടുംബങ്ങളിൽ നിന്നു വരുന്നവരുടെ സ്വാഭാവികമായ പിന്തുണയല്ലാതെ പുതുതായി ആരെയെങ്കിലും ആകർഷിക്കാനുള്ള യാതൊന്നും നിങ്ങളുടെ കയ്യിലില്ല. രാഷ്ട്രീയമായ കാരണങ്ങളാൽ ഏതെങ്കിലുമൊരു ജനസമൂഹത്തിന്റെ പിന്തുണ നിങ്ങൾക്കില്ല.
സംശയമുണ്ടെന്നാണെങ്കിൽ - നമുക്ക് കുട്ടനാടു വരെയൊന്നു പോയി നോക്കാമോ? അവിടെ എൻ.ഡി.എ. സ്ഥാനാർത്ഥി ശ്രീ. സുഭാഷ് വാസു ഉണ്ടാകും. എസ്.എൻ.ഡി.പി.യോഗത്തിന്റെ സംസ്ഥാനതല നേതാവ്. അദ്ദേഹത്തോട് നമുക്കല്പമൊന്നു സംസാരിക്കാമോ? എന്തുകൊണ്ടാണ് അഭിമാനപൂർവ്വം എൻ.ഡി.എ.യുടെ ഭാഗമായിരിക്കുന്നത് എന്നതൊന്നു ചോദിച്ചു മനസ്സിലാക്കാമോ? ഉത്തരത്തിനൊപ്പം അദ്ദേഹമുയർത്തിയേക്കാവുന്ന കുഴപ്പിക്കുന്ന ചോദ്യങ്ങൾക്കു മുന്നിൽ അഞ്ചുമിനുട്ടു വേണ്ട - അര മിനുട്ടെങ്കിലും നിങ്ങൾക്കൊന്നു പിടിച്ചു നിൽക്കാമോ? പിന്നോക്കജനവിഭാഗങ്ങളെ ഇത്രയും കാലം അടിമകളായി മാത്രം കണ്ടുപോന്നിട്ടുള്ള - ഇടതുപക്ഷമേ?
അതല്ലെങ്കിൽ നമുക്ക് അല്പം വടക്ക് നാട്ടിക വരെയൊന്നു പോയി നോക്കാമോ? അവിടെ എൻ.ഡി.എ. സ്ഥാനാർത്ഥി ശ്രീ. ടി.വി.ബാബു ഉണ്ടാകും. കേരള പുലയർ മഹാസഭയുടെ സംസ്ഥാനനേതാവ്. അദ്ദേഹത്തോട് നമുക്കല്പമൊന്നു സംസാരിക്കാമോ? എന്തുകൊണ്ടാണ് അഭിമാനപൂർവ്വം എൻ.ഡി.എ.യുടെ ഭാഗമായിരിക്കുന്നത് എന്നതൊന്നു ചോദിച്ചു മനസ്സിലാക്കാമോ? ഉത്തരത്തിനൊപ്പം അദ്ദേഹമുയർത്തിയേക്കാവുന്ന കരൾ പറിക്കുന്ന ചോദ്യങ്ങൾക്കു മുന്നിൽ അഞ്ചുമിനുട്ടു വേണ്ട - അര മിനുട്ടെങ്കിലും നിങ്ങൾക്കൊന്നു പിടിച്ചു നിൽക്കാമോ? അടിസ്ഥാനജനവിഭാഗങ്ങളെ ഇത്രയും കാലം അടിമകളായി മാത്രം കണ്ടുപോന്നിട്ടുള്ള - ഇടതുപക്ഷമേ?
അതുമല്ലെങ്കിൽ അല്പം കൂടി വടക്കു കിഴക്ക് - ബത്തേരി വരെയൊന്നു സഞ്ചരിക്കാമോ? അവിടെ എൻ.ഡി.എ. സ്ഥാനാർത്ഥി ശ്രീമതി സി.കെ.ജാനു ഉണ്ടാകും. ആദിവാസി ഗോത്ര മഹാസഭയുടെ സംസ്ഥാനനേതാവ്. അവരോട് നമുക്കല്പമൊന്നു സംസാരിക്കാമോ? എന്തുകൊണ്ടാണ് അഭിമാനപൂർവ്വം എൻ.ഡി.എ.യുടെ ഭാഗമായിരിക്കുന്നത് എന്നതൊന്നു ചോദിച്ചു നോക്കിയാലോ? ഉത്തരത്തിനൊപ്പം അവരുയർത്തിയേക്കാവുന്ന കദനം മുറ്റിയ ചോദ്യങ്ങൾക്കു മുന്നിൽ അഞ്ചുമിനുട്ടു വേണ്ട - അര മിനുട്ടെങ്കിലും നിങ്ങൾക്കൊന്നു പിടിച്ചു നിൽക്കാമോ? ആദിവാസി ജനസമൂഹത്തെ ഇത്രയും കാലം അടിമകളായി മാത്രം കരുതിപ്പോന്നിട്ടുള്ള - ഇടതുപക്ഷമേ?
അധികാരം ലഭിക്കുമ്പോൾ മന്ത്രിമാരുടെ രൂപത്തിലും അല്ലാത്തപ്പോൾ എം.എൽ.എ.മാരുടെ മാത്രം രൂപത്തിലും അറുപതു വർഷക്കാലം നിയമസഭയിൽ നിരങ്ങിയവരല്ലേ നിങ്ങൾ - ഇടതുപക്ഷമേ? അടുത്തിടെ അട്ടപ്പാടി ആദിവാസി കോളനിയിൽ മാലിന്യത്തിൽ നിന്നു ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളുടെ കരളലിയിക്കുന്ന ചിത്രം കാണുമ്പോൾ - നിങ്ങളുടെ ശിരസ്സുകൾ കുറ്റബോധം കൊണ്ടു കുനിയാത്തതെന്താണ് ഇടതു പക്ഷമേ?
ഹാ - കഷ്ടം - നിങ്ങൾക്കു ലവലേശമെങ്കിലും നാണമുണ്ടോ ഇടതുപക്ഷമേ?
വഴിമുട്ടിയ കേരളം എന്ന പ്രയോഗം മനസ്സിലായില്ലെന്നു നിങ്ങൾ നടിക്കുകയൊന്നും വേണ്ട. ഇനിയഥവാ മനസ്സിലാകാഞ്ഞിട്ടു തന്നെയാണെങ്കിൽ - ഞങ്ങൾ ജനങ്ങൾക്കെന്താണു മനസ്സിലായതെന്നു വളരെ വ്യക്തമായി ഒന്നു കൂടി പറഞ്ഞു തരാം.
കഴിഞ്ഞയിടെ നിങ്ങളുടെയൊരു നേതാവ് കേരളത്തിലെമ്പാടും ഒരു മാർച്ചു നടത്തിയല്ലോ - എന്തായിരുന്നു അതിന്റെ പേര്? നവകേരള മാർച്ച് അല്ലേ? നവകേരളം എന്നു വച്ചാൽ പുതിയ കേരളം. അതായത് ഇത്രയും കാലം കൊണ്ട് നിങ്ങൾ ഉരുട്ടിയുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന കേരളം ഒരു തികഞ്ഞ പരാജയമായിരുന്നുവെന്ന് നിങ്ങൾക്കു തന്നെ തോന്നുന്നുവെന്നർത്ഥം.
അതുപോലെ തന്നെ മറുവശത്ത് എന്തായിരുന്നു യാത്രയുടെ പേര്? ജനരക്ഷായാത്ര. അല്ലേ? അതായത് ഇത്രയും കാലമായിട്ടും - ഇപ്പോൾ ഭരണം കയ്യിലുണ്ടായിട്ടും - ജനങ്ങളെ രക്ഷിക്കണമെന്ന് അവർക്കും തോന്നുന്നു എന്നർത്ഥം.
ഇതു തന്നെയല്ലേ മുന്നണികളേ നിങ്ങൾ എല്ലാ തെരഞ്ഞെടുപ്പിലും പറഞ്ഞുകൊണ്ടിരിക്കുന്നത്? ഇപ്പ ശരിയാക്കി തരാം - ഇപ്പ ശരിയാക്കിത്തരാം എന്ന്? എന്തു പറ്റി - സ്പാനർ ഇതുവരെ കിട്ടിയില്ലെന്നു വരുമോ? കൊല്ലം അറുപതു കഴിഞ്ഞല്ലോ. ഇനിയും കിട്ടിയില്ലേ സ്പാനർ? ഇല്ല എന്നാണെങ്കിൽ - അതു തന്നെയാണു ബി.ജെ.പി.ക്കാർ പറയുന്നത് കേരളത്തിനു വഴിമുട്ടിപ്പോയെന്ന്. അതെന്താ ശരി തന്നെയല്ലേ?
ഇത്രയും കാലത്തിനിടയിൽ നിങ്ങൾ ഉണ്ടാക്കിത്തന്ന ഉപകാരങ്ങളൊക്കെ ജനത്തിനു മതിയായി. ഇനിയും അതേ കാരണങ്ങളും പറഞ്ഞുകൊണ്ട് പറ്റിക്കാമെന്നു കരുതേണ്ട. ഇനിയവർക്ക് ആശ്രയിക്കാൻ മൂന്നാമതൊരു ബദൽ ഉണ്ട്. അതു ചൂണ്ടിക്കാണിക്കുകയാണു ബി.ജെ.പി. അവരുടെ പരസ്യത്തിലൂടെ ചെയ്യുന്നത്. അതു ചിലപ്പോൾ ജനങ്ങൾ നെഞ്ചേറ്റി എന്നു വരും. അതിൽ അസഹിഷ്ണുതപ്പെട്ടിട്ട് എന്തു കാര്യം?
അനിവാര്യമായ തകർച്ചയാണ് ഇടതുവലതു മുന്നണികളേ നിങ്ങളെ കാത്തിരിക്കുന്നത്. ആറുപതിറ്റാണ്ടുകാലം - അനവധി തലമുറകളെ - കബളിപ്പിച്ചു കഴിഞ്ഞതിനു ജനങ്ങൾ തരുന്ന ശിക്ഷ. അത് ഏറ്റുവാങ്ങാൻ തയ്യാറായിക്കൊള്ളുക.
- കാണാപ്പുറം നകുലൻ.
- ക്ലാരിറ്റി ഇൻ തോട്ട്സ്.
Sunday, May 01, 2016
Subscribe to:
Post Comments (Atom)
8 comments:
ഹ്യൂമൻ ഇന്റെക്സിൽ മുന്തിയ സ്ഥാനം അലങ്കരിക്കുന്ന കേരളം നിത്യോപയോഗസാധനങ്ങൾക്കെല്ലാം ഇന്റക്സിൽ തങ്ങളേക്കാൾ പിന്നാക്കം നിൽക്കുന്ന അയൽസസ്ഥാനങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. ഒരു ലോറിസമരമോ അയ സംസ്ഥാനങ്ങളിൽ പ്രകൃതിദുരന്തമോ ഉണ്ടായാൽ കേരളത്തിലേയ്ക്കുള്ള പച്ചക്കറിയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെ വരവും നിലയ്ക്കും. പല അന്തർസംസ്ഥാന തർക്കങ്ങളിലും കേരളത്തിനു വ്യക്തമായ നിലപാടെടുക്കാൻ സാധിക്കാതെ പോകുന്നതും ഈ ആശ്രയത്വം കൊണ്ടാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് കടുപ്പിച്ചപ്പോൾ തമിഴ്നാട്ടിൽ നിന്നുണ്ടായ പ്രതികരണം എല്ലാവരും കണ്ടതാണ്. ഫലമോ പച്ചക്കറിയുടേയും മറ്റും വില കുതിച്ചുയർന്നു, പാൽ കിട്ടാതായി. ഉടനെ കർണ്ണാടകയെ അഭയം പ്രാപിച്ചു. ഇപ്പോൾ സംസ്ഥാനത്ത് ആകെ ആവശ്യമുള്ളതിന്റെ 21% മാത്രമാണ് വൈദ്യുത ഉല്പാദനം. ബാക്കി കേന്ദ്രപൂളിൽ നിന്നുമാണ് ലഭിക്കുന്നത്. തൊഴിലിന്റെ കാര്യത്തിൽ അഭ്യസ്തവിദ്യരായ അനേകം മലയാളികൾ ഉപജീവനത്തിനായി ആശ്രയിക്കുന്നത് അന്യസംസ്ഥാനങ്ങളേയും അന്യരാജ്യങ്ങളേയും ആണ്. കേരളത്തിൽ ഉള്ള വ്യവസായങ്ങൾ അടച്ചു പൂട്ടിപ്പോകുന്നതല്ലാതെ വലിയ മാറ്റം കാണുന്നില്ല. അല്പമെങ്കിലും പിടിച്ചു നിൽക്കുന്നത് വിവര സാങ്കേതികരംഗം ആണ്. അതും ഒരു സോപ്പുകുമിളപോലെ ഏതെങ്കിലും ഒരു സാമ്പത്തികമാന്ദ്യത്തെ പേടിച്ച അവസ്ഥയിലും. കേരളത്തിന്റെ സാമ്പത്തിരംഗത്തെ തങ്ങി നിറുത്തുന്നത് വിദേശമലയാളികൾ അയക്കുന്ന പണം ഒരു വലിയ ഘടകമാണ്. നമ്മുടെ നാണ്യവിളകൾ ആയ് ഏലം, കുരുമുളക് എല്ലാം ഇന്ന് തകർച്ച നേരിടുന്നു. റബ്ബറിന്റെ കാര്യത്തിൽ എക്കാലത്തേയും വലിയ തകർച്ചയിലൂടെയാണ് കടന്നുപോയ്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ കേമത്തത്തെ കുറിച്ച് പലരും പറയുന്നത് കാണുമ്പോൾ ഓർമ്മവരുന്നത് കടത്തുകാരന്റെ അജ്ഞാനത്തെ പരിഹസിച്ച പണ്ഡിതനായ നമ്പൂതിരിയുടെ കഥയാണ്. കടത്തുവള്ളത്തിൽ യാത്രചെയ്യുന്നതിനിടെ കടത്തുകാരന്റെ അജ്ഞാനത്തെ നമ്പൂതിരി പരിഹസിച്ചുകൊണ്ടിരുന്നു. ഒടുവിൽ പുഴയുടെ നടുക്കെത്തിയപ്പോൽ വെള്ളം കയറി കടത്തുവള്ളം മുങ്ങി. നീന്തൽ അറിയാമായിരുന്ന കടത്തുകാരൻ നീന്തി രക്ഷപെട്ടു, എന്നാൽ എല്ലാ അറിവും ഉണ്ടായിട്ടും നീന്തൽ വശമില്ലാതിരുന്ന നമ്പൂതിരി മുങ്ങി മരിക്കുകയും ചെയ്തു, ജീവിക്കാൻ ആവശ്യമുള്ള ഘടകങ്ങൾ ഇല്ലാതെ മറ്റെന്തുണ്ടെന്ന് മേനിപറഞ്ഞിട്ടും കാര്യമില്ല.
ജനങ്ങൾ നൽകുന്ന ശിക്ഷ അതുകാണാൻ ഞാനും കാത്തിരിക്കുന്നു.
ജനങ്ങൾ നൽകുന്ന ശിക്ഷ അതുകാണാൻ ഞാനും കാത്തിരിക്കുന്നു.
Good one
ഒരേ ഒരു ചോദ്യം മാത്രം..... എവിടായിരുന്നു ഇത്ര നാളും....
രണ്ട് വർഷം ബൂലോഗത്ത് കിടന്ന് കറങ്ങിയിട്ടും നിങ്ങളെ കണ്ടില്ലല്ലൊർ.
തകർപ്പൻ വാദമുഖങ്ങൾ.ഇതെവിടെയെങ്കിലും പ്രയോഗിക്കാനെടുക്കും.
ഫോളോ ചെയ്യുന്നു.ഇനിയുമെഴുതണേ.ലിങ്ക് അയച്ച് തരാം കേട്ടോ!!!
ഗുജറാത്തിലെ ചക്ക - കലക്കി
വെൽക്കം ബാക്ക്. നമ്മൾ ഒരേ കാലഘട്ടത്തിൽ ബ്ലോഗ് എഴുതിയിരുന്നു. താങ്കൾ തിരിച്ചെത്തി. ഞാൻ ഉള്ള ബ്ലോഗ് കത്തിച്ചു കളഞ്ഞു.
തിരിച്ചുവരവ് ഗംഭീരമായി നകുലാ. (നന്ദു )
Post a Comment