Friday, September 21, 2007

സഫ്‌ദര്‍ അന്‍സാരി ക്ഷേത്രം കയ്യേറിയെന്നോ!

ഝാര്‍ഖണ്ടില്‍, സഫ്‌ദര്‍ അന്‍സാരി എന്നൊരു മുസ്ലിം ഒരു ദുര്‍ഗ്ഗാമണ്ഡപത്തിനോടു ചേര്‍ന്നുള്ള സ്ഥലത്ത്‌ കുടുംബസമേതം താമസമാക്കി എന്നു കേട്ടത്‌ വളരെ ജിജ്ഞാസയുണര്‍ത്തിയിരുന്നു.

ദൈവമേ - കയ്യേറ്റമാണോ? ഹിന്ദു സംഘടനകള്‍ ഇടപെടുമോ? എന്തെങ്കിലും പ്രശ്നമാവുമോ? “മതേതര”മാദ്ധ്യമങ്ങള്‍ക്ക്‌ ആഘോഷിക്കാനും സാധാരണക്കാര്‍ക്ക്‌ ദു:ഖിക്കാനുമുള്ള വക തരുന്ന മറ്റൊരു വാര്‍ത്തയായി അതു മാറിയേക്കുമോ? കൂടുതലറിഞ്ഞാലേ പറയാന്‍ പറ്റൂ.

മലയാള പത്രങ്ങളില്‍ ഒന്നും കണ്ടിരുന്നില്ല. ശ്രദ്ധയില്‍പ്പെടാതിരുന്നതാണോ എന്നറിയില്ല.

ഒടുവില്‍, ഒരു ഇംഗ്ലീഷ്‌ പത്രത്തില്‍ വിശദമായൊരു വാര്‍ത്ത കണ്ടപ്പോളാണു കാര്യം മനസ്സിലായത്‌. ഭവനരഹിതനും രോഗബാധിതനുമായിരുന്ന അന്‍സാരി, അദ്ദേഹത്തിന്റെ ഭാര്യ, മൂന്നു കുട്ടികള്‍ എന്നിവരടങ്ങുന്ന മുസ്ലിം കുടുംബത്തിന്റെ സംരക്ഷണമേറ്റെടുത്തുകൊണ്ട്‌ അവിടുത്തെ ഹിന്ദുക്കള്‍ ചേര്‍ന്ന്‌ അവരെ പൊതു സ്ഥലമായി കണക്കാക്കപ്പെടുന്ന ദുര്‍ഗ്ഗാമണ്ഡപത്തിനു സമീപം പാര്‍പ്പിക്കുകയായിരുന്നു! ഉത്സവത്തിന്റെയും മറ്റും സമയത്ത്‌ അവിടെ നിന്ന്‌ മാറേണ്ടി വരുന്ന സമയങ്ങളില്‍ അവരെ സ്വഭവനങ്ങളില്‍ പാര്‍പ്പിക്കാന്‍ പലരും തയ്യാറാകുകയും ചെയ്തിരിക്കുന്നുവത്രേ.

വെറുതെയല്ല - വിവാദങ്ങളിലും കലാപങ്ങളിലും മാത്രം താല്പര്യമുള്ള “മ“(ലയാള) പ്രസിദ്ധീകരണങ്ങളിലൊന്നും ആ വാര്‍ത്ത കാണാതിരുന്നത്‌.

വാര്‍ത്ത ഇവിടെ.

Monday, September 10, 2007

ഗുജറാത്തും ബംഗാളും - ഒരു വെളിപ്പെടുത്തല്‍ കൂടി!

ഒടുവില്‍, ഒരാള്‍ കൂടി അതു സമ്മതിച്ചു!


ബംഗാളില്‍ നിന്നുള്ള പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിയാണ്‌ ഇത്തവണ അതു തുറന്നു സമ്മതിച്ചത്‌. "ഗുജറാത്തിന്റെ വികസന നേട്ടങ്ങള്‍ അത്ഭുതാവഹമാണ്‌. ബംഗാളിന്റെ അവസ്ഥയാവട്ടെ പരിതാപകരവും." ഡി.എസ്‌. ബോര്‍ക്കര്‍ സ്മരണയ്ക്കായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പ്രഭാഷണ പരമ്പരയില്‍, '2047-ലെ ഇന്ത്യ' എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുമ്പോഴാണ്‌ അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

മഹാശ്വേതാദേവിയുടെ വാക്കുകളുടെ ഒരു ദുര്‍ബല പരിഭാഷ ഇങ്ങനെ:-

"ഞാന്‍ ഗുജറാത്ത്‌ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്‌. അവിടുത്തെ ശക്തമായ തൊഴില്‍ സംസ്കാരം എന്നെ അതിശയിപ്പിക്കുകയും സന്തുഷ്ടയാക്കുകയും ചെയ്തിട്ടുണ്ട്‌. അവിടെ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും റോഡുകള്‍ മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. വിദൂരഗ്രാമങ്ങളില്‍പ്പോലും വൈദ്യുതിയും കുടിവെള്ളവും എത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു. അവിടെയാണ്‌ വികസനം ശരിക്കും താഴേത്തട്ടിലേക്ക്‌ - സാധാരണ ജനങ്ങളിലേക്ക്‌ - എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. എന്നെ ഏറ്റവുമധികം സന്തുഷ്ടയാക്കിയത്‌ വിദൂര ഗ്രാമങ്ങളിലും മറ്റുമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍പ്പോലും മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്താന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ്‌.

ബംഗാളിലെ അവസ്ഥയില്‍ നിന്നു കടകവിരുദ്ധമാണ്‌ അവിടുത്തെക്കാര്യങ്ങള്‍. ബംഗാളിലാണെങ്കില്‍ ഇപ്പോഴും വില്ലേജ്‌ - പഞ്ചായത്ത്‌ തലങ്ങളില്‍ പലയിടത്തും വൈദ്യുതിയെത്തിക്കാന്‍ കഴിഞ്ഞിട്ടുപോലുമില്ല. "സ്വാസ്ഥ്യ പരിസേവ" എന്നും മറ്റും പറയുന്ന ആരോഗ്യസംരക്ഷണ പരിപാടികള്‍ നിലവിലുള്ളവയല്ല എന്നു പോലും പറയാം. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി നിലവിലുള്ള ഇടതു സര്‍ക്കാരിന്‌ വളരെ ചുരുങ്ങിയ നേട്ടങ്ങളേ ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളൂ."


പട്ടിണി മരണങ്ങളും ശിശുമരണനിരക്കുമെല്ലാം ബംഗാളില്‍ അപകടകരമാം വിധം ഉയര്‍ന്നതാണെന്നും അവര്‍ തുറന്നു പ്രഖ്യാപിക്കുകയുണ്ടായി.

സത്യത്തില്‍, ഇതൊന്നും വലിയൊരു വാര്‍ത്തയൊന്നുമല്ല. മഹാശ്വേതാദേവിക്കു മാത്രമല്ല - സത്യമറിയാന്‍ അവസരം ലഭിച്ചിട്ടുള്ള ഏതൊരാള്‍ക്കും മുമ്പു തന്നെ അറിയാവുന്നൊരു കാര്യം മാത്രമാണിത്‌. കമ്മ്യൂണിസ്റ്റ്‌ കാപട്യങ്ങള്‍ കണ്ട്‌ മനസ്സു മടുത്തും സത്യം പറഞ്ഞാല്‍ ക്രൂശിക്കപ്പെടുമെന്ന അവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടും ഈയിടെയായി ധാരാളം പൊതു പ്രവര്‍ത്തകരും പ്രമുഖരും ഇതൊക്കെ പൊതു വേദികളില്‍ തുറന്നു സമ്മതിക്കാന്‍ തയ്യാറാവുന്നു എന്നതു മാത്രമാണ്‌ ഇവിടെ ഒരു വാര്‍ത്തയാകുന്നത്‌.

സാക്ഷാല്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ തന്നെ ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ഇതു വെട്ടിത്തുറന്നു പറഞ്ഞിരുന്നതാണ്‌. "വികസനകാര്യങ്ങളില്‍ നാം നരേന്ദ്രമോഡിയുടെ ഗുജറാത്തിനെ കണ്ടു പഠിക്കണം" എന്നാണ്‌ അദ്ദേഹം എടുത്തുപറഞ്ഞത്‌.

* * * * * * * * * *

സത്യത്തില്‍, ഗുജറാത്തിനേക്കുറിച്ച്‌ പല മലയാളികള്‍ക്കും വളരെ പരിമിതമായ അറിവുകളേയുള്ളൂ..

മരുപ്രദേശത്തിന്റെ സാമീപ്യം - രൂക്ഷമായ വരള്‍ച്ചക്കെടുതികള്‍ - ചിലയവസരങ്ങളില്‍ വെള്ളപ്പൊക്കക്കെടുതികള്‍ - ഭൂകമ്പ സാദ്ധ്യതാപ്രദേശങ്ങള്‍ - ഇങ്ങനെ വെല്ലുവിളികള്‍ മാത്രം നേരിടുന്നൊരു സംസ്ഥാനമായിട്ടു കൂടി ഗുജറാത്തിന്‌ ഭാരതത്തിലെ ഏറ്റവും സമൃദ്ധമായ സംസ്ഥാനങ്ങളുടെ മുന്‍നിരയിലെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌.

ഗുജറാത്തിന്റെ 'per capita GDP' എന്നത്‌ ഭാരതത്തിന്റെ മൊത്തം സംഖ്യയേക്കാള്‍ മൂന്നിരട്ടിയിലധികമാണ്‌. അവിടം ഒരു രാജ്യമായിരുന്നെങ്കില്‍, അത്‌ പല പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ചൈനയ്ക്കുമെല്ലാം മുകളില്‍ നില്‍ക്കുന്നൊരു സാമ്പത്തിക ശക്തിയായിരിക്കുമത്രേ!

ഇന്ത്യയുടെ മൊത്തത്തിലുള്ള സമൃദ്ധിക്ക്‌ ഗുജറാത്തിന്റെ സംഭാവന എത്ര വിലപ്പെട്ടതാണ്‌ എന്നതാണ്‌ ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്‌.

  • ഭാരതത്തിന്റെ മൊത്തം കയറ്റുമതിയുടെ കാല്‍ ഭാഗം ഗുജറാത്തില്‍ നിന്നാണ്‌.

  • നമ്മുടെ മൊത്തം വസ്ത്രോല്‍പാദനത്തിന്റെ നാലിലൊന്നും അവിടുന്നു തന്നെ.

  • നമ്മുടെ വ്യാവസായികോല്‍പന്നങ്ങളുടെ അഞ്ചിലൊന്ന്‌ അവിടുന്ന്‌.

  • മൊത്തം ഔഷധോല്‍പാദനത്തിന്റെ മൂന്നിലൊന്ന്‌!

  • രാജ്യത്തിന്റെ മൊത്തം "പെട്രോ കെമിക്കല്‍" ഉല്‍പാദനത്തിന്റെ പകുതിയിലധികം!


'വൈബ്രന്റ്‌ ഗുജറാത്ത്‌' പദ്ധതിയോടനുബന്ധിച്ച്‌ ഇക്കഴിഞ്ഞ തവണ സംഘടിപ്പിച്ച ആഗോളനിക്ഷേപകസംഗമത്തില്‍, വിലമതിക്കാനാവാത്ത മറ്റനേകം പദ്ധതികള്‍ കൂടി ഗുജറാത്തിനെത്തേടിയെത്തിയിരിക്കുകയുമാണ്‌. ഗ്രാഫ്‌ മുകളിലേക്കു തന്നെ പോകാനേ വഴിയുള്ളൂ.

* * * * * * * * * *

ഇതൊക്കെപ്പറയുമ്പോള്‍ ഉയര്‍ന്നു വന്നേക്കാവുന്ന ഒരു അഭിപ്രായമുണ്ട്‌. "കൂട്ടക്കൊലയ്ക്ക്‌ നേതൃത്വം കൊടുത്തയാളെ ദാ വികസനനേതാവായി വാഴ്‌ത്താന്‍ ശ്രമിക്കുന്നു" എന്ന്‌. അങ്ങനെ അഭിപ്രായപ്പെട്ടേക്കാവുന്നവരോട്‌:-


തെറ്റാണു നിങ്ങള്‍ പറയുന്നത്‌. സത്യത്തില്‍, അത്തരം കാഴ്ചപ്പാടുകളോടുള്ള സ്വാഭാവിക പ്രതികരണമെന്ന നിലയ്ക്കാണ്‌ ഇമ്മട്ടിലുള്ള വിശദീകരണങ്ങളുണ്ടാകുന്നത്‌. കലാപത്തേക്കുറിച്ചു മാത്രമേ പറയാവൂ - മോഡിയെ കുറ്റപ്പെടുത്തുക മാത്രമേ ആകാവൂ എന്നൊക്കെയുള്ള നിലപാടുകള്‍ക്ക്‌ പ്രതികരണശേഷിയുള്ളവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി എന്ന നിലയിലാണ്‌ ഇവയുണ്ടാകുന്നത്‌.

ഗുജറാത്തിനേക്കുറിച്ച്‌ എന്തു കേട്ടാലും പലര്‍ക്കും 'മോഡി കേന്ദ്രീകൃത'മായ ഒരു ചിന്തയാണ്‌. ഇപ്പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ നേട്ടമെന്ന നിലയ്ക്കല്ല അവതരിപ്പിച്ചത്‌. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷം കൊണ്ട്‌ ഒരു അത്ഭുതമെന്നതുപോലെ കുതിച്ചല്ല ഗുജറാത്ത്‌ ഈ നിലയിലെത്തിയതും. പക്ഷേ ബി.ജെ.പി.യുടെ ഭരണം വരുത്തിയ മാറ്റം വളരെ വലുതാണ്‌. എന്നാല്‍, അക്കാലമത്രയും മോഡിയായിരുന്നില്ല താനും മുഖ്യമന്ത്രി.

മോഡിക്ക്‌ വ്യക്തമായ വികസന കാഴ്ചപ്പാടും ആര്‍ജ്ജവവും നേതൃത്വ പാടവവുമുണ്ട്‌. പക്ഷേ അവിടുത്തേത്‌ ഒരു 'ടീം വര്‍'ക്കാണ്‌. മറ്റു മന്ത്രി സഭാംഗങ്ങളും ഉദ്യോഗസ്ഥരും പൊതു ജനങ്ങളുമെല്ലാം ചേര്‍ന്നാണ്‌ അവിടെ പലതും സാദ്ധ്യമാക്കുന്നത്‌.

കലാപത്തേക്കുറിച്ചു പറയുമ്പോഴുമതെ - എല്ലാവര്‍ക്കും മോഡിയുടെ രക്തം മതി. 'മോഡി മോഡി' എന്നു മാത്രം ആര്‍ത്തു വിളിക്കുന്നതു കാണുമ്പോള്‍ത്തന്നെ വ്യക്തമാണ്‌ അതൊരു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ വിളി മാത്രമാണെന്ന്‌. അങ്ങനെ വിളിക്കുന്നതില്‍ എത്ര പേര്‍ക്ക്‌ താല്‍പര്യമുണ്ട്‌ - കലാപത്തേക്കുറിച്ച്‌ ഗൗരവമായി അല്‍പം ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും? കലാപത്തേക്കുറിച്ചു പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടി വരും എന്ന അപകടമുണ്ട്‌.

2002-ലെ തെരഞ്ഞെടുപ്പില്‍ മോഡിയോടു മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ഒരു അഭിമുഖത്തില്‍ പറഞ്ഞൊരു വാചകത്തേക്കുറിച്ചു തന്നെ ഒരാഴ്ചയോളമെങ്കിലും ചര്‍ച്ച ചെയ്യാനുണ്ട്‌. "മോഡി സത്യത്തില്‍ (കലാപത്തെ അനുകൂലിച്ചുകൊണ്ട്‌) കാര്യമായൊന്നും ചെയ്തില്ല. (അങ്ങനെ ചിത്രീകരിച്ച്‌ അന്ധമായി എതിര്‍ക്കുന്നതു വഴി) മാദ്ധ്യമങ്ങള്‍ അദ്ദേഹത്തെ "ഹീറോ"(!!)യാക്കിയതുകൊണ്ടാണ്‌ താന്‍ തോറ്റത്‌" എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്തുകൊണ്ട്‌ അത്തരം വാചകങ്ങളുണ്ടാകുന്നു എന്നു പരിശോധിക്കേണ്ടിവരും. എന്തുകൊണ്ടാണ്‌ കുറച്ചുപേരുടെ ഇടയിലെങ്കിലും കലാപം ന്യായീകരിക്കപ്പെട്ടത്‌ എന്നു ചിന്തിക്കേണ്ടി വരും. അതിന്റെ ചരിത്രപരമായ, സാമൂഹ്യപരമായ കാരണങ്ങളുമെല്ലാം പരിശോധിക്കേണ്ടി വരും. ചര്‍ച്ചയ്ക്കിടയില്‍ സ്വാഭാവികമായും ഗോധ്ര കടന്നു വരും. അവിടുന്ന്‌ അയോദ്ധ്യയിലേക്കു പോകേണ്ടി വരും. അഞ്ചു നൂറ്റാണ്ടുകള്‍ക്കിടയില്‍ അവിടെ നടന്നിട്ടുള്ള യുദ്ധങ്ങളേക്കുറിച്ചു പറയേണ്ടി വരും. വിഭജനത്തേക്കുറിച്ചു പറയേണ്ടി വരും. അധിനിവേശകാലത്തും അതിനു ശേഷവും ഒഴുകിയ രക്തപ്പുഴകളേക്കുറിച്ചു പറയേണ്ടി വരും.


ഹിന്ദുക്കള്‍ക്ക്‌ മതപരമായ വികാരങ്ങളില്ലെന്നും ഉണ്ടായിക്കൂടെന്നുമുള്ള മുന്‍വിധിയോടെയും, സ്വാതന്ത്ര്യപൂര്‍വ്വ ഭാരതചരിത്രം കണക്കിലെടുക്കാതെയുമാണ്‌ പല ചര്‍ച്ചകളും ആരംഭിക്കുന്നതു തന്നെ! സകല കുഴപ്പത്തിനും പിന്നില്‍ സംഘപരിവാറാണ്‌ - അവരുടെ പ്രചാരണമാണ്‌ - അവര്‍ ഉന്‍മൂലനവാദികളാണ്‌(!) - അവര്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാണിതൊക്കെ എന്നൊക്കെയുള്ള അസംബന്ധ വാദങ്ങളിലും ആരോപണങ്ങളിലും തപ്പിത്തടയാമെന്നല്ലാതെ കലാപം എന്തുകൊണ്ടുണ്ടായി - അതു തടയാന്‍ എന്തു ചെയ്യാം എന്നൊന്നും ആത്മാര്‍ത്ഥതയോടെ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമോ ആര്‍ജ്ജവമോ ഉള്ള ഒരു 'പുരോഗമനവാദി'യേയും ഇതുവരെ കണ്ടിട്ടില്ല. നരേന്ദ്രമോഡിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കുറ്റപ്പെടുത്താനുള്ള അവസരം എപ്പോള്‍ തീരുന്നോ അപ്പോള്‍ അവസാനിക്കും എല്ലാ കലാപ ചര്‍ച്ചയും.


ചിലര്‍ ചേര്‍ന്ന്‌ 'മോഡി- കലാപം - മോഡി - കലാപം' എന്നിങ്ങനെ മാത്രയ്ക്കു നൂറു വട്ടം ഉരുവിടുകയും അതിനിടയിലൂടെ പച്ചക്കള്ളമടക്കമുള്ള പലതും തിരുകി വിടുകയും ചെയ്യുമ്പോള്‍, വല്ലപ്പോഴും ഇടയിലൂടെ ചില സത്യങ്ങളും തിരുകിക്കയറ്റി വിടാം എന്ന്‌ മറ്റു ചിലരും തീരുമാനിച്ചെന്നിരിക്കും. മോഡിയുടെ പ്രസംഗത്തേക്കുറിച്ച്‌ പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ച്‌ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതു പോലും 'ഒരു ജനപക്ഷജാഗ്രതയായിക്കണ്ടാല്‍ മതി' എന്ന്‌ ഉപദേശിക്കുന്നവരുള്ള നാട്ടില്‍, ഇങ്ങനെയും ചിലരൊക്കെ ജാഗരൂകരാകേണ്ടതുണ്ട്‌ എന്നത്‌ കാലഘട്ടത്തിന്റെ ഒരു ആവശ്യമാണ്‌.

* * * * * * * * * *
മുകളില്‍പ്പറഞ്ഞ മട്ടില്‍ ചിന്തിക്കുന്ന - കലാപത്തേക്കുറിച്ചു പറയാതെ വികസനത്തേക്കുറിച്ചു പറയുന്നോ എന്നു ചോദിക്കാനൊരുങ്ങുന്ന - മുസ്ലീങ്ങളോട്‌ പ്രത്യേകിച്ചും:-

ഇത്തരം പോസ്റ്റുകളും മറ്റും ഉണ്ടാകുന്നത്‌ പ്രധാനമായും നിങ്ങളെ ഉദ്ദേശിച്ചാണ്‌. ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയോട്‌ എന്തു നിലപാടെടുക്കണമെന്നത്‌ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം. പക്ഷേ ഗുജറാത്തെന്നാല്‍, ഇടതുപക്ഷമാദ്ധ്യമങ്ങള്‍ ആക്രോശിക്കുന്ന മട്ടൊരു സംസ്ഥാനമല്ലെന്ന സത്യം നിങ്ങള്‍ തിരിച്ചറിയണം. മോഡിയ്ക്കു ജനപിന്തുണയുണ്ടെങ്കില്‍, അതു മുസ്ലിം വിരോധം കൊണ്ടല്ല എന്നതു നിങ്ങള്‍ തിരിച്ചറിയണം. ഗുജറാത്തെന്നാല്‍ കലാപമല്ല - അതു മറ്റു പലതുമാണ്‌ - എന്ന തിരിച്ചറിവ്‌ ഒരു പക്ഷേ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിച്ചേക്കും. മറച്ചുപിടിക്കപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ - പ്രത്യേകിച്ചു മുസ്ലിം സമൂഹത്തിനു മുന്നില്‍ തുറന്നു വയ്ക്കുക എന്നത്‌ കാലഘട്ടം ചുമലിലേല്‍പ്പിച്ച ഒരു ഉത്തരവാദിത്തമായി മാറുകയാണിവിടെ.


ഈ വര്‍ഷാവസാനം ഗുജറാത്തില്‍ തെരഞ്ഞെടുപ്പു നടക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍, ബി.ജെ.പി. അവിടെ ഭരണം നിലനിര്‍ത്തും. അന്ന്‌ സകല ബി.ജെ.പി. വിരുദ്ധരും നിങ്ങളുടെ മുന്നില്‍ അലമുറയിട്ടേക്കും. "അയ്യോ ദാ.. വംശ വിരുദ്ധ(!) പ്രത്യയശാസ്ത്രം ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ വേരോടിപ്പിക്കുന്നതില്‍ ചില 'ശക്തികള്‍' വിജയിച്ചിരിക്കുന്നു. പുരോഗമന, മതേതര, ജനാധിപത്യ മൂല്യങ്ങള്‍ നശിക്കുന്നു" എന്നൊക്കെ. അതൊക്കെ അവരുടെ രാഷ്ട്രീയ താല്‍പര്യ സംരക്ഷണത്തിനുള്ള വാചകക്കസര്‍ത്തുകള്‍ മാത്രമാണെന്ന സത്യം നിങ്ങള്‍ തിരിച്ചറിയണം.

ഗുജറാത്തെന്നാല്‍ നിങ്ങളറിയാത്ത പലതുമാണ്‌. അവിടുത്തെ ജനങ്ങള്‍ വിവേകശൂന്യരായിപ്പോയിട്ടൊന്നുമില്ല. 2002-ല്‍ കലാപത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍പ്പോലും ആകെ ഗുജറാത്തി മുസ്ലീങ്ങളില്‍ ആറിലൊന്നു പേരും ബി.ജെ.പി.യെ ആണു പിന്തുണച്ചത്‌. അതിനു ശേഷം ഇപ്പോള്‍ രണ്ടു വര്‍ഷം മുമ്പു നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍, മുസ്ലീങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഫലം നിര്‍ണ്ണയിക്കാന്‍ കഴിയുമായിരുന്ന പ്രദേശങ്ങളില്‍ പലതിലും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെയാണ്‌ മികച്ച ഭൂരിപക്ഷത്തോടെ അവര്‍ ജയിപ്പിച്ചു വിട്ടത്‌. 'അത്‌ ഭീഷണികള്‍ കൊണ്ടാവാം' എന്ന വാദം തികച്ചും ബാലിശമാണ്‌. അവിടുത്തെ മുസ്ലീങ്ങളുടെ ജനാധിപത്യബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണത്‌. നമുക്കു കാണാന്‍ കഴിയാത്ത പലതും അവര്‍ക്കവിടെ നേരിട്ടു കാണാന്‍ കഴിയുന്നതുകൊണ്ടാവും എന്നു കരുതിയാല്‍ മതി. നമുക്കു സമുദായപരിഗണനകളും രാഷ്ട്രീയ നേട്ടങ്ങളും മാത്രം നോക്കിയാല്‍ മതി - അവര്‍ക്കവരുടെ പൊതു ജീവിതനിലവാരം ഉയര്‍ത്തുന്നതിനെ സംബന്ധിച്ച പലതും കണക്കിലെടുക്കേണ്ടി വരും എന്നും.


ബി.ജെ.പി.യില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുതിര്‍ന്ന മുസ്ലിം നേതാക്കളുണ്ട്‌. അനേകം പ്രവര്‍ത്തകരുണ്ട്‌. എന്തിന്‌ കേരളത്തില്‍ത്തന്നെ പാര്‍ട്ടിയുടെ വനിതാവിഭാഗം ഉപാദ്ധ്യക്ഷ ഒരു മുസ്ലിം വനിതയാണ്‌. ഇവരെല്ലാം സമുദായ വിരോധികളോ വിവേകശൂന്യരോ ആണെന്നു പറയണമെങ്കില്‍, നമ്മള്‍ വിവേകശൂന്യരായിത്തീരേണ്ടിവരും.


ബി.ജെ.പി.യേക്കുറിച്ച്‌ അവരുടെ രാഷ്ട്രീയ എതിരാളികള്‍ ചേര്‍ന്ന്‌ നമ്മള്‍ മലയാളികള്‍ക്കിടയില്‍ സൃഷ്ടിച്ചു തരാന്‍ നിരന്തരം ശ്രമിക്കുന്ന ഇമേജ്‌ സത്യമായിരുന്നുവെങ്കില്‍ അവര്‍ക്ക്‌ ഇന്ത്യന്‍ മണ്ണില്‍ വേരോടിക്കുവാന്‍ കഴിയുമായിരുന്നില്ല എന്ന അനിഷേധ്യമായ യാഥാര്‍ത്ഥ്യം ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും മനസ്സിലാക്കിയേ തീരൂ. ഹിന്ദുത്വം എന്നാല്‍ അതിനര്‍ത്ഥം തങ്ങളോടുള്ള വിരോധമാണ്‌ എന്ന മുന്‍വിധിയുമായി സമീപിച്ചാല്‍ എല്ലാം കുഴപ്പമായിട്ടേ അനുഭവപ്പെടുകയുള്ളൂ. "ബി.ജെ.പി. വരുന്നേ" എന്ന വിളികേട്ട്‌ ടെന്‍ഷനാകാതെ, അവര്‍ക്കെന്തുകൊണ്ടാണ്‌ ജനപിന്തുണയുള്ളത്‌ എന്നു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മാനസിക സമ്മര്‍ദ്ദം പാടേ ഒഴിവാക്കാം. അങ്ങനെ വിളിച്ചാല്‍ ടെന്‍ഷനാകും എന്നറിയാവുന്നതു കൊണ്ടാണ്‌ ആ വിളി തന്നെ പലരും നീട്ടി വിളിക്കുന്നത്‌.

ഗുജറാത്തിലെ മോഡി ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങളേക്കുറിച്ചു വര്‍ണ്ണിക്കാനുദ്ദേശിച്ചു ചിത്രീകരിച്ച ഈ ഡോക്യുമെന്ററി കൂടി സമയവും താല്‍പര്യവുമുള്ളവര്‍ ഒന്നു കണ്ടു നോക്കുക. അവയുടെയെല്ലാം ഗുണഫലമനുഭവിക്കുന്നത്‌ ഏതെങ്കിലും മതത്തില്‍പ്പെട്ടവരല്ല (എന്തൊരു വര്‍ഗ്ഗീയ ചിന്തയാണത്‌!) മറിച്ച്‌ മുഴുവന്‍ ഗുജറാത്തികളുമാണെന്നോര്‍ക്കുക. 'കണ്ടോ ദാ ഇതിലും കലാപത്തേക്കുറിച്ചൊന്നും പറയുന്നില്ലല്ലോ' എന്നൊരു ചോദ്യം ഉള്ളിലുയരുന്നുണ്ടെങ്കില്‍, ദയവായി - സമചിത്തതയോടെ ആലോചിച്ചു നോക്കുക - അത്‌ ഉള്‍പ്പെടുത്താത്തതു നല്ല കാര്യമല്ലേ എന്ന്‌. കലാപം ആഘോഷിക്കപ്പെടേണ്ട ഒന്നല്ല എന്നതില്‍ ആശ്വസിക്കുക. കലാപം ജാതിമതഭേദമെന്യേ ഗുജറാത്തിന്റെ മുഴുവന്‍ ദു:ഖമാണ്‌. അതു സംഭവിച്ചു പോയതില്‍ അവര്‍ വ്യസനിക്കുന്നുണ്ട്‌. അതു മറക്കുവാനും മറയ്ക്കുവാനും അവര്‍ക്കെല്ലാം ആഗ്രഹമുണ്ട്‌. അവര്‍ക്കതിനു കഴിയുന്നുമുണ്ട്‌. നാമതിനൊരുക്കമില്ലെങ്കില്‍, ഉള്ളിന്റെയുള്ളിലെങ്കിലും, ആ ഓര്‍മ്മകള്‍ നമുക്കൊരു സ്വകാര്യസുഖം തരുന്നുണ്ടോ എന്നു പരിശോധിക്കേണ്ടിവരും. ശരിയല്ലേ എന്ന്‌ ആലോചിച്ചു നോക്കുക. നമ്മുടെ ചിന്തകള്‍ ചിതലരിക്കാതിരിക്കട്ടെ. വിസ്ഫോടനങ്ങള്‍ നടക്കേണ്ടത്‌ നമ്മുടെ ബൗദ്ധികവ്യാപാരമണ്ഡലങ്ങളിലാണ്‌. പാവപ്പെട്ടവന്‍ വിശപ്പു മാറ്റാനായി വിയര്‍ത്തു പണിയെടുക്കുന്ന തെരുവുകളിലും വ്യാപാരകേന്ദ്രങ്ങളിലുമല്ല.