Sunday, May 25, 2008

ബി.ജെ.പി.യ്ക്ക്‌ 'പുത്തന്‍ ഉണര്‍വ്വ്‌ '? സത്യമോ മിഥ്യയോ?

അടുത്തയിടെ കേട്ടുതുടങ്ങിയൊരു പ്രയോഗമാണ്‌ 'ബി.ജെ.പി.ക്ക്‌ പുത്തനുണര്‍വ്വ്‌ - പുതുജീവന്‍' എന്നൊക്കെയുള്ളത്‌. കര്‍ണ്ണാടകയിലെ ഫലം കൂടി പുറത്തുവന്ന സ്ഥിതിയ്ക്ക്‌ അത്‌ കൂടുതല്‍ പ്രയോഗിക്കപ്പെട്ടു കാണാന്‍ സാദ്ധ്യതയുണ്ട്‌.

സത്യത്തില്‍ അങ്ങനെയൊരു അവസ്ഥാവിശേഷമുണ്ടെന്നു പറയാനാവുമോ എന്നതാണു ചോദ്യം.

ഇല്ല എന്നാണ്‌ എന്റെ പക്ഷം.

ബി.ജെ.പി.ക്ക്‌ അഭിമാനകരമായ പല വാര്‍ത്തകളും ഉണ്ടാകുന്നു എന്നതു ശരിതന്നെ. പക്ഷേ, അതൊന്നും ഒരു "പുതു"ജീവന്‍ എന്നു വിശേഷിപ്പിക്കാനാവില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പി.വിരുദ്ധകക്ഷികളും അവരെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങളും ചേര്‍ന്നു സൃഷ്ടിച്ചുവച്ചിരുന്ന ചില മറകള്‍ പൊളിച്ചുനീക്കാന്‍ ഇപ്പോള്‍ അവര്‍ തന്നെ നിര്‍ബന്ധിതരാകുന്നു എന്നു മാത്രമേയുള്ളൂ.

കഴിഞ്ഞ ലോക്‌സഭാതരെഞ്ഞെടുപ്പോടെ ബി.ജെ.പി.യ്ക്ക്‌ എന്തോ വലിയ തകര്‍ച്ച സംഭവിച്ചു എന്നൊരു മിഥ്യാധാരണ പരത്തുവാനാണ്‌ പല മാദ്ധ്യമങ്ങളും ബോധപൂര്‍വ്വം ശ്രമിച്ചത്‌. എന്നാല്‍, അന്നു മുതല്‍ ഇന്നുവരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ അതു തികച്ചും തെറ്റാണെന്നു കാണാന്‍ കഴിയും.

ബി.ജെ.പി.യ്ക്ക്‌ കാര്യമായ ക്ഷീണം സംഭവിച്ചു എന്ന തോന്നല്‍ തന്നെ തെറ്റായിരുന്നു. 2004-ല്‍ത്തന്നെ ക്ഷീണം സംഭവിച്ചത്‌ സത്യത്തില്‍ ബി.ജെ.പി.ക്കായിരുന്നില്ല. എന്‍.ഡി.എ.യ്ക്കായിരുന്നു. ആന്ധ്രയില്‍ ചന്ദ്രബാബുനായിഡുവും തമിഴ്‌നാട്ടില്‍ ജയലളിതയും അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ തറപറ്റി എന്നതായിരുന്നു സുപ്രധാനമായ കാര്യം. അവര്‍ക്കേറ്റ പരിക്കുകള്‍ പരിമിതമായിരുന്നെങ്കില്‍ത്തന്നെ കഥ തികച്ചും വ്യത്യസ്തമായേനെ.

അതുപോലെതന്നെ ബീഹാറില്‍ ലാലുപ്രസാദ്‌ എന്‍.ഡി.എ.യെ പതിനൊന്നു സീറ്റിലേക്കും ഉത്തര്‍പ്രദേശില്‍ മുലായംസിംഗ്‌ പത്തുസീറ്റിലേയ്ക്കും, ചുരുക്കി. മേല്‍പ്പറഞ്ഞ നാലു സംസ്ഥാനങ്ങളിലുമായി ഏതാണ്ട്‌ 120 സീറ്റുകളിലെ കണക്കുകൂട്ടലുകള്‍ മാറിമറിഞ്ഞുവെന്നതാണ്‌ കോണ്‍ഗ്രസ്‌ അധികാരത്തിലേറാന്‍ കാരണം. ഇതില്‍ ആന്ധ്രയൊഴിച്ച്‌ മറ്റൊരിടത്തും കോണ്‍ഗ്രസിന്‌ അഭിമാനിക്കാന്‍ യാതൊന്നുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. സഖ്യകക്ഷികളുടെ പരാജയം ബി.ജെ.പി.യെ അധികാരത്തില്‍ നിന്ന്‌ അകറ്റിയെങ്കില്‍, സഖ്യകക്ഷികളുടെ വിജയം കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു. ഇക്കാര്യം അന്നു തന്നെ രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്‌.

ബി.ജെ.പി.ക്കും സീറ്റുകള്‍ കുറഞ്ഞുവെന്നതു യാഥാര്‍ത്ഥ്യമാണ്‌. പക്ഷേ, അവരുടെ വോട്ടിംഗ്‌ ശതമാനത്തില്‍ ഗണ്യമായ കുറവൊന്നും വന്നിരുന്നതേയില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിരലിലെണ്ണാവുന്ന സീറ്റുകളുടെ വ്യത്യാസത്തിലാണ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന സ്ഥാനം നഷ്ടപ്പെട്ടതും.

മാദ്ധ്യമങ്ങള്‍ അവിടെ നിന്ന്‌ ഏറ്റെടുത്ത പ്രചാരണത്തിന്റെ നാള്‍വഴികള്‍ പിന്തുടരുന്നതു കൗതുകകരമായിരിക്കും.

2004-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം ആദ്യം വന്ന നിയമസഭാതെരഞ്ഞെടുപ്പുകളിലൊന്ന്‌ അരുണാചല്‍പ്രദേശിലേതായിരുന്നു. അവിടുത്തെ ഫലം പുറത്തുവന്നപ്പോള്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത രീതി രസാവഹമായിരുന്നു. "ബി.ജെ.പി.ക്കു കനത്ത തിരിച്ചടി തുടരുന്നു - അരുണാചല്‍പ്രദേശിലും കോണ്‍ഗ്രസിന്‌ അധികാരം" എന്നൊക്കെയാണ്‌ പലരും എഴുതിക്കണ്ടത്‌. സത്യത്തില്‍, അവിടെ ബി.ജെ.പി.ക്കു വന്‍മുന്നേറ്റമുണ്ടാവുകയും കോണ്‍ഗ്രസ്‌ തകരുകയുമാണുണ്ടായത്‌ ! ലോക്‌സഭാതെരഞ്ഞെടുപ്പിനുശേഷം വിരലിലെണ്ണാവുന്ന മാസങ്ങളേ കഴിഞ്ഞിരുന്നുള്ളൂവെന്നു കൂടി ഓര്‍ക്കേണ്ടതാണ്‌.

അവിടെ ക്രമമായ വളര്‍ച്ച നേടിക്കൊണ്ടിരുന്നുവെങ്കിലും ഒരു ഗണ്യശക്തിയായി മാറിയിട്ടില്ലാതിരുന്ന ബി.ജെ.പി.ക്ക്‌ അത്തവണ മാത്രമാണ്‌ അക്കൗണ്ടുതുറക്കുവാന്‍ കഴിഞ്ഞത്‌ എന്നതായിരുന്നു സാഹചര്യം. 60 അംഗ നിയമസഭയില്‍ ആദ്യതവണ തന്നെ അവര്‍ക്ക്‌ 9 സീറ്റുകള്‍ നേടുവാനും കഴിഞ്ഞു (മുമ്പ്‌ അരുണാചല്‍കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടി ബി.ജെ.പി.യില്‍ ലയിച്ചിരുന്നെങ്കിലും, അവര്‍ വിട്ടുപോയതിനുശേഷവും ബി.ജെ.പി. സ്വന്തമായി അക്കൗണ്ടു തുറന്നത്‌ അപ്പോള്‍ മാത്രമാണ്‌). .

എന്നാല്‍ മറുവശത്ത്‌ കോണ്‍ഗ്രസിനാകട്ടെ തങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്നോളം സീറ്റുകള്‍ നഷ്ടപ്പെടുകയാണുണ്ടായത്‌! അനവധി മന്ത്രിമാരും സിറ്റിംഗ്‌ എം.എല്‍.എ.മാരും പരാജയപ്പെട്ടു. കേവലഭൂരിപക്ഷത്തിനാവശ്യമായ 31-ല്‍ നിന്ന്‌ ഒരു സീറ്റുകൂടി മാത്രം അധികം നേടി അവര്‍ കഷ്ടിച്ചു കടന്നുകൂടുകയാണുണ്ടായത്‌. പലയിടങ്ങളിലും ബി.ജെ.പി.യുടെ കൂടി പിന്തുണയോടെ സ്വതന്ത്രര്‍ ജയിക്കുകയും ചെയ്തു. പക്ഷേ മാദ്ധ്യമങ്ങള്‍ അവതരിപ്പിച്ചത്‌ അത്‌ ബി.ജെ.പി.യുടെ പരാജയവും കോണ്‍ഗ്രസിന്റെ വിജയവും തുടരുന്നു(?) എന്ന മട്ടിലായിരുന്നു. യാഥാര്‍ത്ഥ്യത്തിന്റെ നേരേ മറുവശം. ബി.ജെ.പി. പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നൊരു ഇമേജ്‌ സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നുവെന്നു വ്യക്തം.

അവിടം മുതലിങ്ങോട്ട്‌ - ഇന്നു വരെ - കോണ്‍ഗ്രസിനു വന്‍മുന്നേറ്റമെന്നോ ബി.ജെ.പി.ക്കു തകര്‍ച്ച എന്നോ ഒക്കെയുള്ള ഒരു തോന്നലുണ്ടായിട്ടുണ്ടെങ്കില്‍, അതു മാദ്ധ്യമങ്ങള്‍ സൃഷ്ടിച്ച ഒരു പുകമറ മാത്രമാണെന്നു കാണാം. യാഥാര്‍ത്ഥ്യം നേരേ തിരിച്ചാണ്‌.

പിന്നീടു പല തെരഞ്ഞെടുപ്പുകളും വന്നു. ബീഹാര്‍ തെരഞ്ഞെടുപ്പുണ്ടായി. യു.പി.എയ്ക്ക്‌ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ രൂപീകരണത്തിനു ശ്രമിച്ചുകൊണ്ട്‌ അനേകം നാളുകള്‍ തള്ളിനീക്കിയെങ്കിലും സാധിച്ചില്ല. ഒടുവില്‍ എന്‍.ഡി.എ. ഗവണ്മെന്റു രൂപീകരണത്തിന്‌ വേദിയൊരുങ്ങിയപ്പോള്‍ ഉടന്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചുകളഞ്ഞു. വിദേശപര്യടനത്തിലായിരുന്ന രാഷ്ട്രപതിയെ അര്‍ദ്ധരാത്രി വിളിച്ചുണര്‍ത്തി ഒപ്പിടുവിച്ചതൊക്കെ കുപ്രസിദ്ധമായ രാഷ്ട്രീയനീക്കങ്ങളില്‍പ്പെടുന്നു. ഒടുവില്‍ വീണ്ടും തെരഞ്ഞെടുപ്പുണ്ടായപ്പോള്‍ എന്‍.ഡി.എ. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. ലാലുപ്രസാദ്‌ യാദവിന്റെ വര്‍ഷങ്ങള്‍ നീണ്ട - ഏകാധിപത്യമെന്നു തന്നെ പറയാമായിരുന്ന - ഭരണത്തിന്‌ അന്ത്യം കുറിച്ചുകൊണ്ട്‌ ഇപ്പോളവിടെ ജനതാദളും ബി.ജെ.പി.യും ചേര്‍ന്നു ഭരിക്കുന്നു. മാദ്ധ്യമങ്ങള്‍ അതൊക്കെ ലഘുവായി ചിത്രീകരിക്കുകയാണുണ്ടായത്‌.

ഇക്കാലയളവില്‍ നടന്ന പല തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി. മികച്ച വിജയം കൊയ്തിരുന്നു. അവയെല്ലാം മാദ്ധ്യമതമസ്ക്കരണം നേരിടുകയാണുണ്ടായത്‌. ഉത്തര്‍പ്രദേശ്‌, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നിവിടങ്ങളിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. ചരിത്രവിജയം നേടിയിരുന്നു. വലിയ സംസ്ഥാനങ്ങളിലെ നിര്‍ണ്ണായകമായ പ്രദേശങ്ങള്‍ എന്ന നിലയില്‍ ആ തെരഞ്ഞെടുപ്പുകള്‍ക്കു വലിയ പ്രാധാന്യമുണ്ട്‌. സുപ്രധാനമായ കോര്‍പ്പറേഷനുകളായ ഡല്‍ഹിയിലും മുംബൈയിലും ഏതാണ്ട്‌ ഏകപക്ഷീയമായ വിജയമാണു നേടിയത്‌. ഭരണതലസ്ഥാനമെന്ന നിലയില്‍ പ്രാധാന്യമുള്ള ദല്‍ഹിയില്‍ പൊതുവേയുള്ള വാര്‍ഡുകളേക്കൂടാതെയുള്ള കന്റോണ്മെന്റ്‌ വാര്‍ഡുകളിലേയ്ക്ക്‌ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലും നല്ല ഭൂരിപക്ഷം നേടി. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ പ്രകടനം വളരെ താഴ്‌ന്നുപോകുകയാണുണ്ടായത്‌.

നിയമസഭാതെരഞ്ഞെടുപ്പുകളിലും സ്ഥിതിവ്യത്യസ്തമായിരുന്നില്ല. ഉത്തര്‍ഖണ്ടില്‍ ബി.ജെ.പി. ഭൂരിപക്ഷം നേടി. ഉത്തര്‍പ്രദേശില്‍നിന്ന്‌ അടര്‍ത്തിമാറ്റപ്പെട്ട പ്രദേശം എന്ന നിലയില്‍ അവിടുത്തെ ട്രെന്‍ഡ്‌ പ്രാധാന്യമര്‍ഹിച്ചിരുന്നു.

പഞ്ചാബില്‍ എന്‍.ഡി.എ. അസൂയാവഹമായ പ്രകടനം നടത്തി അധികാരത്തില്‍ വന്നു. സഖ്യത്തിനുള്ളില്‍ത്തന്നെ ബിജെ.പി. തങ്ങളുടെ നില മെച്ചപ്പെടുത്തുകയും ചെയ്തു.

അപ്പോളൊക്കെയും മാദ്ധ്യമങ്ങള്‍ക്കു മടിയായിരുന്നു. ബി.ജെ.പി.യുടെ ശക്തമായ നിലയും കോണ്‍ഗ്രസിന്റെ തകര്‍ച്ചയും അംഗീകരിക്കാന്‍ അങ്ങേയറ്റത്തെ വിമുഖതയായിരുന്നു മിക്കപേര്‍ക്കും.

പിന്നീടു ഗുജറാത്ത്‌. അവിടെയും മാദ്ധ്യമങ്ങള്‍ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ എന്തെങ്കിലും പ്രതീക്ഷ നല്‍കിയത്‌.

അതിനു ശേഷം ഹിമാചല്‍പ്രദേശ്‌ - അവിടെയും ബി.ജെ.പി. ഒറ്റയ്ക്ക്‌ അധികാരത്തില്‍ വന്നു.

ഇപ്പോളിതാ കര്‍ണാടകയും! 2004-ല്‍ത്തന്നെ പകുതിയിലധികം സീറ്റുകളില്‍ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും നിയമസഭയിലേക്ക്‌ വ്യക്തമായ വിധി നല്‍കാന്‍ മടിച്ചിരുന്ന ജനങ്ങള്‍ ഇത്തവണ അവിടെയും വ്യക്തമായ അംഗീകാരം നല്‍കിയിരിക്കുന്നു.

ഇനിയെങ്കിലും അംഗീകരിക്കാതെ തരമില്ല എന്ന അവസ്ഥ വന്നതോടെയാണ്‌ മാദ്ധ്യമങ്ങള്‍ 'പുതു'ജീവന്‍ എന്നെങ്കിലും പറയാന്‍ തയ്യാറാകുന്നത്‌. സത്യത്തില്‍, ബി.ജെ.പി.യ്ക്ക്‌ ജീവന്‍ അത്ര "പുതിയ"തൊന്നുമല്ല, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവര്‍ ഭാരതമാസകലം സ്വാധീനമുറപ്പിക്കുന്ന കാഴ്ചകളുടെ നൈരന്തര്യം മാത്രമാണിത്‌. ഇടയ്ക്ക്‌ സംഭവിക്കുന്ന ചില ഉയര്‍ച്ചതാഴ്ചകള്‍ തികച്ചും സ്വാഭാവികം മാത്രമാണ്‌. ഒരു തെരഞ്ഞെടുപ്പില്‍, വൈരുദ്ധ്യങ്ങളുടെ ആകെത്തുകയായ ഒരു മുന്നണി സൃഷ്ടിച്ചതിലൂടെ അവരെ അധികാരത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തുവാന്‍ സാധിച്ചു എന്നുവച്ച്‌ ഉടന്‍തന്നെ 'ബി.ജെ.പി. അവസാനിച്ചു' എന്ന്‌ എഴുതിത്തള്ളാന്‍ മാദ്ധ്യമങ്ങള്‍ കാണിച്ച വ്യഗ്രതതന്നെ തെളിയിക്കുന്നത്‌ - ബി.ജെ.പി.യുടെ സാന്നിദ്ധ്യം അനിവാര്യമാക്കുന്ന ചില ഘടകങ്ങള്‍ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നു എന്നാണ്‌.

ബി.ജെ.പി. തങ്ങള്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളില്‍ അത്‌ ഉറപ്പിച്ചുകൊണ്ടു തന്നെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കുകയും വിജയങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍, കോണ്‍ഗ്രസിന്‌ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. അവര്‍ക്കു വിജയിക്കാന്‍ കഴിഞ്ഞത്‌ ബി.ജെ.പി.യ്ക്കു കാര്യമായ സാന്നിദ്ധ്യമില്ലാത്ത ചില ചെറിയ സംസ്ഥാനങ്ങളില്‍ മാത്രമാണ്‌. അതുപോലെതന്നെ, ഇടതുപാര്‍ട്ടികള്‍ക്കു ശക്തിയുള്ള ബംഗാളിലോ ത്രിപുരയിലോ ഒരു മാറ്റമുണ്ടാക്കാനോ കേരളത്തില്‍ അധികാരം നിലനിര്‍ത്താനോ കഴിഞ്ഞതുമില്ല.

ബി.ജെ.പി.യ്ക്ക്‌ ഒറ്റയ്ക്കു ഭരണം ലഭിക്കാന്‍ സാദ്ധ്യതയുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ നഷ്ടപ്പെട്ടത്‌ ചെറിയ സംസ്ഥാനമായ ഗോവ മാത്രമാണ്‌. അവിടെത്തന്നെയും കോണ്‍ഗ്രസിന്റെ തൊട്ടുപിന്നിലെത്താന്‍ കഴിയുകയും ചെയ്തു.

നല്ല പ്രകടനം കാഴ്ചവയ്ക്കേണ്ടിയിരുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്കു പ്രതീക്ഷയ്ക്കൊത്തുയരാന്‍ കഴിയാതിരുന്നത്‌ ആകെ ഉത്തര്‍പ്രദേശില്‍ മാത്രമാണ്‌. അവിടെയാണെങ്കില്‍ കോണ്‍ഗ്രസ്‌ തകര്‍ന്നടിയുകയും ചെയ്തു. ചിലയിടങ്ങളില്‍ ഭൂരിപക്ഷം ലക്ഷം കടന്ന മട്ടില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ ചരിത്രപരമായ വിജയശതമാനം - സമീപസംസ്ഥാനമായ ഉത്തര്‍ഖണ്ടിലെ വിജയം - മായാവതിയുടെ വിജയസാഹചര്യങ്ങള്‍ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബാധകമാവണമെന്നില്ല - എന്നീ ഘടകങ്ങള്‍ പരിഗണിച്ച്‌ അവിടെയും ബി.ജെ.പി. തികഞ്ഞ ആത്മവിശ്വാസത്തില്‍ത്തന്നെയാണു താനും.

സത്യത്തില്‍, ഇക്കാലയളവിനുള്ളില്‍ ബി.ജെ.പി.ക്കു സംഭവിച്ച നഷ്ടം എന്നത്‌ ചില നേതാക്കളുടെ അകാലത്തിലുള്ള വേര്‍പാടു മാത്രമാണ്‌. പ്രമോദ്‌ മഹാജന്‍, സാഹിബ്‌ സിംഗ്‌ വര്‍മ്മ എന്നിവരുടേതാണു പ്രധാനം. മുതിര്‍ന്ന നേതാവായിരുന്ന ജനകൃഷ്ണമൂര്‍ത്തിയും വിടപറഞ്ഞു. എന്നാല്‍, ഉമാഭാരതിയേപ്പോലുള്ള ചിലര്‍ പാര്‍ട്ടിവിട്ടത്‌ കാര്യമായ പരിക്കൊന്നുമുണ്ടാക്കിയില്ല.

ഇനി മുമ്പോട്ടുനോക്കിയാലും കോണ്‍ഗ്രസിന്‌ ആശ്വസിക്കാന്‍ വകയുണ്ടെന്നു തോന്നുന്നില്ല. വലിപ്പത്തില്‍ ചെറുതെങ്കിലും തലസ്ഥാനമുള്‍ക്കൊള്ളുന്ന സംസ്ഥാനമെന്ന നിലയില്‍ രാഷ്ട്രീയപ്രാധാന്യമുള്ള ദല്‍ഹിയില്‍ കോണ്‍ഗ്രസിന്‌ അധികാരം നഷ്ടപ്പെടുമെന്നും ബി.ജെ.പി. അധികാരത്തിലേറുമെന്നും ഏതാണ്‌ ഉറപ്പിക്കുന്നതാണ്‌ നിലവിലുള്ള രാഷ്ട്രീയാന്തരീക്ഷം. രാജസ്ഥാനിലും വലിയ പ്രതീക്ഷയ്ക്കു വകയില്ല. മദ്ധ്യപ്രദേശില്‍ ഭരണവിരുദ്ധവികാരമുണ്ടാകുമെന്നും അതു തങ്ങള്‍ക്കനുകൂലമാക്കാമെന്നുമാണ്‌ കോണ്‍ഗ്രസിന്റെ പ്രതീക്ഷയെന്നു പറയപ്പെടുന്നു. പക്ഷേ അവിടെ കോണ്‍ഗ്രസ്‌ നേതൃത്വം എക്കാലത്തെയും വലിയ ആഭ്യന്തരക്കുഴപ്പങ്ങളില്‍പ്പെട്ടുകിടക്കുകയുമാണ്‌. ഛത്തീസ്‌‌‌ഗഡിലും കോണ്‍ഗ്രസ്‌ വിജയം ഉറപ്പിക്കാവുന്ന ഘടകങ്ങളൊന്നും നിലവിലില്ല.

വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലെ സാദ്ധ്യതകള്‍ പരിഗണിച്ചാലും ശരി - കോണ്‍ഗ്രസ്‌ തീര്‍ച്ചയായും വളരെ ദുര്‍ബലമായ അവസ്ഥയിലാണിപ്പോള്‍. ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള മറ്റുകക്ഷികളുടെ പിന്തുണയില്ലാതെ അവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല. ശക്തമായൊരു നേതൃത്വം ഉയര്‍ത്തിക്കാട്ടാനില്ലാത്തതും അവര്‍ക്കൊരു വലിയ വെല്ലുവിളി തന്നെയാണ്‌. രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനിറങ്ങിയേക്കും എന്ന്‌ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍, അതവര്‍ക്ക്‌ കൂടുതല്‍ പരിക്കുകള്‍ ഉണ്ടാക്കാന്‍ മാത്രമാണു സാദ്ധ്യത. ശക്തനായൊരു ജനനേതാവിന്റെ നിലയിലേയ്ക്ക്‌ ഉയരണമെങ്കില്‍ അദ്ദേഹത്തിന്‌ ഇനിയും വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാരമ്പര്യം ആര്‍ജ്ജിക്കേണ്ടതുണ്ട്‌.

മറുവശത്ത്‌ ബി.ജെ.പി.യാണെങ്കില്‍ ശക്തമായ നിലയിലാണ്‌. അവരുടെ മുന്നണി ബന്ധങ്ങള്‍ ഇപ്പോള്‍ മറുപക്ഷത്തെ അപേക്ഷിച്ച്‌ ശക്തവുമാണ്‌. കൂടുതല്‍ കക്ഷികള്‍ ദേശീയജനാധിപത്യസഖ്യത്തിലേക്കു വരുവാനുള്ള സാദ്ധ്യതയുമുണ്ട്‌.

*-*-*-*-*-*-*-*

വാല്‍ക്കഷണം ഇതാണ്‌ :-


തങ്ങള്‍ക്കനുകൂലമായ മാദ്ധ്യമങ്ങള്‍ സൃഷ്ടിച്ചുതരുന്ന മായക്കാഴ്ചകളില്‍ സ്വയം കുടുങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കിക്കൊണ്ട്‌ - യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്‌ - പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറാകുന്നില്ലെങ്കില്‍, അവര്‍ കൂടുതല്‍ പിന്നോട്ടുപോകുകയേയുള്ളൂ. കഴിഞ്ഞ ഒന്നൊന്നരദശകമായി ഭാരതീയ ജനതാ പാര്‍ട്ടി ഒരു അനിഷേദ്ധ്യശക്തിയായിത്തന്നെ ഇവിടെ നിലകൊള്ളുകയാണെന്നും ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുസഖ്യങ്ങള്‍ കൊണ്ടോ ഫലങ്ങള്‍ കൊണ്ടോ അവരെ തളര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ലെന്നും തിരിച്ചറിയുന്നത്‌ അവരെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും - കോണ്‍ഗ്രസിനു മാത്രമല്ല - മറ്റുള്ളവര്‍ക്കും - നന്നായിരിക്കും. ഒരുവശത്ത്‌ അവരില്‍ വര്‍ഗ്ഗീയതയാരോപിച്ചുകൊണ്ടും മറുവശത്തു കഠിനമായ വര്‍ഗ്ഗീയപ്രീണനനയങ്ങളും കൂസിസ്റ്റുനിലപാടുകളും പുലര്‍ത്തിക്കൊണ്ടുമുള്ള പ്രതിരോധം തീരെ ഫലപ്രദമല്ലെന്നും, അവരെ ഒരു രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ വിലയിരുത്തി - രാഷ്ട്രീയബദലുകള്‍ അവതരിപ്പിച്ചു ജനവിശ്വാസമാര്‍ജ്ജിക്കുകയുമാണു വേണ്ടതെന്നും കൂടി തിരിച്ചറിഞ്ഞാല്‍ ഏറെ നന്ന്‌. എന്നെങ്കിലും അത്തരം തിരിച്ചറിവുകള്‍ ഉണ്ടാവുകയും ഫലപ്രദമായ ബദലുകള്‍ ഉണ്ടാവുകയും ചെയ്യുന്നെങ്കില്‍ അന്നുവരെ ബി.ജെ.പി. വളര്‍ന്നുകൊണ്ടു തന്നെയിരിക്കും.

________________
അനുബന്ധപോസ്റ്റുകള്‍ :-
(1) കര്‍ണ്ണാടക തെരഞ്ഞെടുപ്പുഫലം - ശിഥിലചിന്തകള്‍
(2) കര്‍ണ്ണാടക - കടമ്പകള്‍ ഇനിയുമേറെ

5 comments:

Unknown said...

അടുത്തയിടെ കേട്ടുതുടങ്ങിയൊരു പ്രയോഗമാണ്‌ 'ബി.ജെ.പി.ക്ക്‌ പുത്തനുണര്‍വ്വ്‌ - പുതുജീവന്‍' എന്നൊക്കെയുള്ളത്‌. കര്‍ണ്ണാടകയിലെ ഫലം കൂടി പുറത്തുവന്ന സ്ഥിതിയ്ക്ക്‌ അത്‌ കൂടുതല്‍ പ്രയോഗിക്കപ്പെട്ടു കാണാന്‍ സാദ്ധ്യതയുണ്ട്‌.

സത്യത്തില്‍ അങ്ങനെയൊരു അവസ്ഥാവിശേഷമുണ്ടെന്നു പറയാനാവുമോ എന്നതാണു ചോദ്യം.

അഹങ്കാരി... said...

കൊള്ളാം ഭായി...

കൃത്യവും നിഷ്പക്ഷവുമായ നിരീക്ഷണം...

കപടമതേതരവാദികള്‍ ഇതില്‍ നിന്നും ഒന്നൂം പഠിക്കാന്‍ പോകുന്നില്ല...

എങ്കിലും രണ്ടു മുന്നണികളേ മാറിമാറി ചുമന്നു സ്വയം നാറുന്ന ഈ ന്നാട്ടിലെ ജനങ്ങള്‍ക്ക് വൈകിയെങ്ക്കിലും കര്‍ണാടകത്ത്തിലെ ജനങ്ങളെപ്പോലെ ബുദ്ധി വരും എന്നു നമുക്ക് പ്രത്യാശിക്കാം...
എല്ലാ ആശംസകളും...

മറുപക്ഷം said...
This comment has been removed by the author.
ജഗ്ഗുദാദ said...

Very good blog and post. keep posting...

Anonymous said...

Please help the hindus. A muslim unit has started in CET , TRivandrum . These people are trying their best to convert hindus. Please help RSS enter cet. it is vital